Saturday, April 04, 2009

കൊന്നപ്പൂമൊഴി!

മുറ്റത്തൊരുമരമുണ്ടു്
പഴമില്ല, കായില്ല, പൂവില്ല
ഒരിലപോലുമില്ല
അസ്ഥികൂടം പോലൊരു മരം
ഒരു ഉണക്കക്കൊന്നമരം!

ശിശിരം വേദനയത്രേ, ശരീരത്തിനും
ഇലയെല്ലാം കൊഴിഞ്ഞേപോയ്
ആരും തന്നെക്കാണരുതേ എന്ന്
കൊന്ന തന്റെ ഉള്ളിന്റെയുള്ളില്‍ ഒളിച്ചിരുന്നു
ആരും തന്നെ കാണേണ്ട
തനിയ്ക്കുമാരേം കാണേണ്ട
ഉള്ളിലേയ്ക്കൊതുങ്ങിയൊതുങ്ങി
നീലാകാശത്തെമനസ്സില്‍‌വിരിച്ച്
സുഷുപ്തിയിലാണ്ടൂ കൊന്ന.
..................................

ഇലയില്ല, കലപിലയില്ല
പുറത്തെചൂടില്ല, തണുപ്പില്ല
ഹായ്! കാറ്റുവിളിച്ചു ചിറകിലിരുത്തി
വാനോളം പൊങ്ങിയുയര്‍ന്നു
നീലാകാശപ്പരപ്പില്‍
ശരീരഭാരമില്ല്ലാതെ ഒഴുകിപ്പരന്നു
ആകാശഗംഗയായി, അമൃതായി
അലിഞ്ഞലിഞ്ഞുനിറഞ്ഞു!

......................................................

ചിത്രപ്പാവാടനീര്‍ത്തിപ്പറന്ന പാപ്പാത്തി
ഒരുവേളവിശ്രമിക്കാനായി ഇറങ്ങിവന്നിരുന്നു
കൊന്നമരക്കൊമ്പില്‍.
ശിശിരം കഴിഞ്ഞത്രേ
ആദ്യം പറഞ്ഞതു പാപ്പാത്തി
വസന്തം വന്നെന്നു പൂങ്കുയിലുകള്‍.

ഉണക്കക്കൊന്നയ്കു ചിരിയ്ക്കണം
ആര്‍ത്തുല്ലസിയ്ക്കണം
താനൊരു ഉണക്കക്കൊന്നയല്ലത്രേ!
ഉള്ളിലൊളിച്ചിരുന്ന കൊന്ന
ചിരിച്ചൊലിച്ചിറങ്ങാനൊരുങ്ങി
ഓരോ ചര്‍മ്മകൂപത്തിലൂടേയും.
ഓരോ സൂര്യകിരണത്തിലും
കൊന്നകണ്ടതു വര്‍ണ്ണപ്രപഞ്ചം
മഴവില്‍ക്കാവടിയാട്ടം
കൊന്ന കോരിത്തരിച്ചു
കൊഞ്ചിച്ചിരിച്ചു
പൊന്നിന്‍പൂപ്പുഞ്ചിരിയായി
മഞ്ഞപ്പൂങ്കുലകള്‍ ഒഴുകിപ്പരന്നു!
കിങ്ങിണിമണിനാദം പോലെ
കൊന്നപ്പൂമൊഴി ഞാന്‍ കേട്ടൂ...
ഇലക്കനംപോണം, തലക്കനം പോയാല്‍
മറന്നിടാം സ്വയം, സുഷുപ്തി സുന്ദരം!
ഉണര്‍വുമൂര്‍ജ്ജവും നിറച്ചുകൊണ്ടപ്പോള്‍
ചിരിച്ചുപൂങ്കുലവിരിച്ചുനിന്നിടാം,
ഉണങ്ങരുതാരും” ചിരിച്ചുണരുവാന്‍
കണിക്കൊന്നയെന്നെ വിളിച്ചുണര്‍ത്തിയോ
വിഷുവന്നെത്തിപോല്‍ കണിക്കൊന്ന ചൊല്‍‌വൂ
ഉറങ്ങിയോരെല്ലാം ചിരിച്ചുണരട്ടേ!