Saturday, August 14, 2010

ഉണര്‍ന്നപ്പോള്‍...

വിത്തിനുള്ളിലുണര്‍ന്നപ്പോള്‍
രണ്ടല്ലോ വഴികണ്ടത്
അമ്മതന്നുള്ളിലേക്കാകും
അമ്മിഞ്ഞ വഴിയെത്തുക

ആകാശത്തുള്ളൊരാള്‍ മാടി
വിളിപ്പൂ വഴികാട്ടിയായ്
അച്ഛനാണേ കണ്ടിടാനായ്
തലയൊട്ടു നിവര്‍ത്തിടാം

വീഴാതിരിക്കുവാനമ്മ
ചേര്‍ത്തു വീണ്ടും പിടിച്ചതും
അമ്മതന്നുള്ളു കാണാനാ-
യാവഴിക്കായിഴഞ്ഞതും

ചെടിയായ് മരമായ് ഞാനി
ന്നഹങ്കാരമുണര്‍ത്തിടാ
പുഷ്പം ഫലം വിത്തുവീണ്ടും
കാലചക്രനിയാമകം

തലതാഴ്ത്തി നമിക്കട്ടേ
ധരയാമമ്മയെസ്സദാ
വെളിച്ചമാം കരം നീട്ടി
കൂടെക്കൂട്ടിയ താതനെ.

ഭൂമിയെ സൂര്യനെ വിട്ടു
വിത്തെന്തു മരമായിടും
തുടക്കം വിട്ടൊടുക്കം വി-
ട്ടഹം- കാരമലിഞ്ഞുപോയ്!


Wednesday, August 11, 2010

സഹൃദയസുഹൃത്തിനോട്

പനിമതിചിരിതൂകീ വെണ്‍‌നിലാവള്ളിപൂത്തൂ
കവനവനികതന്നില്‍ പോരു നീയൂയലാടാന്‍
വിരിയുമിനിയുമെന്നാല്‍ നമ്മള്‍ തന്‍ ഹൃത്തടത്തില്‍
പുതിയകവിതപോലേ ഭാവനാഹൃദ്യപുഷ്പം

Tuesday, August 10, 2010

കരിമുഖം - ചിരിമുഖം

കര്‍ക്കിടകം കറുത്ത സുന്ദരി
കരഞ്ഞും പിഴിഞ്ഞും ആവലാതി പറഞ്ഞുകൊണ്ടേയിരുന്നു
അവളെ കരിമ്പടം പുതപ്പിച്ച്
സുഖചികിത്സക്കു കിടത്തി

പ്രതീക്ഷയുടെ ഇളവെയില്‍
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ക്ക്
മഴവില്ലുണ്ടാക്കിക്കൊടുത്തു
കുഞ്ഞുമുഖങ്ങളില്‍ ചിരി പരന്നു
ഓണനിലാവിന്‍ തെളിമയോടെ
ചിങ്ങപ്പെണ്ണൊരുങ്ങിവരുന്നു
വരവേല്‍ക്കാന്‍ പൂത്തുമ്പത്താലമുണ്ട്
പൂവിളിക്കുരവയുണ്ട്
നിലാവള്ളികൊണ്ടൊരൂഞ്ഞാലും...

“ഊഞ്ഞാലേ പാണ്ട്യമ്മേ
പാട്ടുണ്ടേ കളിയുണ്ടേ“
കൂട്ടാമോ കുട്ടികളെ
നക്ഷത്രപ്പൂ പറിക്കാന്‍?