Monday, October 14, 2013

യാ ദേവീ സർവ്വഭൂതേഷു
അമ്മയാണാദിപരാശക്തി”- നിത്യവും
നിർമ്മലാനന്ദം തരുന്നതീ ഭാവന
ആദ്യാക്ഷരം കുറിച്ചപ്പൊഴേ നാവിലെ-
ന്നോംകാരമന്ത്രത്തൊടൊപ്പം ഹരിഃശ്രീയും
സ്വർണ്ണവർണ്ണങ്ങളിൽക്കുത്തിക്കുറിക്കവേ
യച്ഛൻ പഠിപ്പിച്ചതെന്തായിരിയ്ക്കണം?
ഗീർവ്വാണകൈരളീഭേദങ്ങളൊക്കെയും
വാഗ്ദേവിതന്നുടയാടകളെന്നതോ
മിന്നുമുടയാടയേതേതു വർണ്ണമോ
വർണ്ണിപ്പതിന്നായസാധ്യമാണെന്നതോ
ഉണ്മയിൽ ചേരേണമേതൊരു വാണിയും
തത്പ്രാണമന്ത്രപ്രണവനാദം പോലെ
പ്രാണപ്രയാണസമേതമാണേവനും
വാക്കുരിയാടുവാൻ ശക്തനാവുന്നതും
മദ്ധ്യമാവൈഖരീഭേദങ്ങൾ ഭൌതികം
ലക്ഷ്യമാകുന്നതനാദിപ്പരമ്പൊരുൾ;
എന്നതുമാട്ടേ- “നിനക്കമ്മ തന്നിടും
മാധുര്യമിപ്പോൾ നുണഞ്ഞുവെച്ചേക്കുക
എന്നതുമാത്രമാണന്നത്തെപ്പൈതലിൻ
നാവിൽക്കുറിച്ചതിൻസ്വാദെന്നതോർപ്പു ഞാൻ
എന്തതിന്നർഥമെന്നോർത്തതേയില്ല ഞാ-
നമ്മതന്നങ്കത്തിലാവുകകാരണം
യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ|“
അച്ഛന്റെയിച്ഛപോലമ്മ മലയാള
ഭാഷ, ഗൈർവാണിയോ യെന്നൊരു ഭേദവും
തോന്നിയതില്ലതുമെന്നല്ല, യമ്മതൻ
പ്രാണനായ്ക്കണ്ടമന്ത്രാക്ഷരസംസ്കൃതം
അമ്മതന്നങ്കത്തിലാത്മാനുഭൂതിപോ-
ലെന്തോ നുണഞ്ഞുനുണഞ്ഞിരിക്കുമ്പൊഴും
തേനിറ്റിനിയമലയാളഭാഷയും
വാസനാസമ്പുഷ്ടമായഗൈർവ്വാണിയും
വാസന്തസമ്പത്സമൃദ്ധിയിലെന്നപോ-
ലമ്മപകർന്നു, നുകർന്നുനിന്നേനിവൾ
അമ്മയാണാദിപരാശക്തി” – നിത്യവും
നിർമ്മലാനന്ദം തരുന്നതീഭാവന!
 ---
ഇന്നു വിജയദശമി 

Wednesday, May 29, 2013

Friday, September 09, 2011

ഭര്‍ത്താവും ഭാര്യയും

എന്തുപറഞ്ഞാലും അതിന്റെ വിപരീതം പറയാന്‍ ഒരു രസമുണ്ടായിരുന്ന കാലം. ഏട്ടന്മാരുടെയെല്ലാം മലയാളപാഠപുസ്തകത്തിലെ ‘വിപരീതം’ എഴുതുക എന്ന അഭ്യാസം രണ്ടാംക്ലാസുകാരിയുടെ വിനോദമായിരുന്നു.


ഇരുട്ട് - വെളിച്ചം

സത്യം - അസത്യം

സുഖം - ദുഃഖം

ശീതം - ഉഷ്ണം

ഉച്ചം - നീചം

പുരാതനം - നവീനം ഈ ഘട്ടമെല്ലാം കടന്ന്,

പണ്ഡിതന്‍ - പാ‍മരന്‍

യാഥാസ്ഥിതികന്‍ - ഉത്പതിഷ്ണു എന്നഘട്ടത്തിലേയ്ക്കു പുരോഗമിച്ചകാലം.

അങ്ങനെയിരിക്കെ ഒരുദിവസം നാലാം ക്ലാസുകാരന്‍ ചെറിയഏട്ടന്‍ ചോദിച്ചു. “എളുപ്പമുള്ള കുറച്ചുവാക്കുകള്‍ ഞാന്‍ പറഞ്ഞാല്‍ അതിന്റെ വിപരീതം പറയാമോ” എന്ന്.

അഭിമാനവും അഹങ്കാരവും നിറഞ്ഞ സ്വരത്തോടെ ഞാന്‍ ഞെളിഞ്ഞുനിന്നു.

ഏട്ടന്‍ ക്വിസ് മാസ്റ്ററുടെ ഭാവത്തോടെ ചോദ്യം തുടങ്ങി-

രാത്രി

രാവിലെ (എന്തുകൊണ്ട് ഉച്ച ആയിക്കൂടാ?)

ഗുരു

ശിഷ്യന്‍

അമ്മ

അച്ഛന്‍ (എന്തുകൊണ്ട് മകന്‍ ആയിക്കൂടാ?)

കുന്ന്

കുഴി (എന്തുകൊണ്ട് സമനിലം ആയിക്കൂടാ?)

സ്ലേറ്റ്

സ്ലേറ്റ്പെന്‍സില്‍

അമ്മാവന്‍

അമ്മായി

ഒന്നുരണ്ടുതവണ വല്യേട്ടന്‍ ഞങ്ങളുടെ കളി തടസ്സപ്പെടുത്താന്‍ശ്രമിച്ചു. ഒന്നു മിണ്ടാണ്ടിരിക്ക്ണുണ്ടോ? ഇതു വിപരീതമൊന്നുമല്ല. എല്ലാത്തിനും വിപരീതം ഉണ്ടാവില്ല. അമ്മ എന്നതിന്റെ വിപരീതം അല്ല അച്ഛന്‍. അമ്മാമന്‍ എന്നതിന്റെ വിപരീതമല്ല അമ്മായി. കള്ളന്‍ - എന്നതിന്റെ വിപരീതം കള്ളത്തി എന്നല്ലല്ലോ? കള്ളന്റെ എതിര്‍ലിംഗ പദമാണു കള്ളത്തി എന്നു പറഞ്ഞു. കള്ളന്റെ കാര്യം കേട്ടപ്പോള്‍ ഏതാണ്ടു കാര്യം മനസ്സിലായി.

അപ്പൊ മടിയന്‍ - മടിച്ചി

ചിത്രകാരന്‍ - ചിത്രകാരി

തൂപ്പുകാരന്‍ - തൂപ്പുകാരി എന്നിങ്ങനെ എതിര്‍ലിംഗപദങ്ങളുടെ ലിസ്റ്റും അടുക്കിക്കൂട്ടുക എന്നതൊരു ഹരമായിത്തുടങ്ങി.

എന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നത് എന്നല്ലേ?

അന്ന്, ഉണ്ടായിരുന്ന ഒരു ചെറിയ സംശയം ഇപ്പോഴും മാറിയില്ല. അറിവുള്ളവരുടെ അഭിപ്രായം അറിയാമല്ലോ എന്നുകരുതി ബ്ലോഗിലിടുന്നു-

ഭര്‍ത്താവ് എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യ എന്നാവുന്നതെങ്ങനെ?

ഭര്‍ത്താവ് - ഭരിക്കുന്നവന്‍

ഭര്‍ത്രീ - ഭരിക്കുന്നവള്‍

കര്‍ത്താവ് - കര്‍ത്രീ

കൂട്ടിവായിക്കാന്‍ : ഭാര്യ എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യന്‍.

Saturday, August 20, 2011

ആവണിപ്പൂക്കളം

മുക്കുറ്റി. പണ്ട് താളിലക്കുമ്പിളില്‍ എത്രയെത്ര മുക്കുറ്റിപ്പൂ പറിച്ചിരുന്നെന്നോ!

തെച്ചിപ്പൂങ്കുല

ഇതു കൃഷ്ണകിരീടം.
ഇതു ഇപ്പോഴത്തെ വീട്ടുമുറ്റത്തെ തെച്ചി
ഈ പൂവിനു പേരുണ്ടോ?
ഒരു പൂ വിടരുന്നു. പറിച്ചുകാണിച്ചാല്‍ ഹൃദയമാണെന്നു പറയില്ല.. വെണ്‍ചെമ്പരുത്തി.

Tuesday, August 16, 2011

നിശാഗന്ധി

പരിമളം പൊഴിച്ചിന്ദുസമ്മുഖം
ചിരിവിടര്‍ന്നപോലങ്കണാന്തികം
സുരസുമം നിശാഗന്ധി, കാണുവാന്‍
വരിക മത്സഖേ വന്നിതാവണി!

Thursday, April 28, 2011

കണ്ണിന്റെ വലിപ്പം

വരദൃശ്യജാലമിരുള്‍നീക്കി, നേത്രമാം
ചെറുതായൊരിന്ദ്രിയമതില്‍പ്പതിയ്ക്കവേ
കരിയെന്നുമല്ല ഗിരി സൂര്യഗോളവും
പരിചോടൊതുങ്ങു, മിഹ ദൃഷ്ടി ശിഷ്ടമാം.