Sunday, March 23, 2008

ഭാഷയിലെ തെറ്റും ശരിയും

കുറച്ചുദിവസം മുന്‍‌പ് ‘ദിനപ്പത്ര’മോ ‘ദിനപത്രമോ’ ശരി എന്നതിനെപ്പറ്റി ചര്‍ച്ച നടന്നിരുന്നു. അവിടെ ഞാന്‍ രേഖപ്പെടുത്തിയ അഭിപ്രായം വാഗ്‌ജ്യോതിയില്‍ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട്, ഒരു ലേഖനമൊന്നും ആക്കാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടി ഇവിടെ ഒരു പോസ്റ്റ് ആയി വെയ്ക്കുന്നു.

ചന്ദ്രകലയും ദിനപത്രവും ശരിയാണു്, സംസ്കൃതനിയമം അങ്ങനെയായതുകൊണ്ടു്.
ചന്ദ്രക്കലയും ദിനപ്പത്രവും മലയാളത്തില്‍ ശരിയാണു്, അങ്ങനെ ധാരാളമായി പ്രയോഗം നിലവിലുള്ളതുകൊണ്ടു്-
ഇങ്ങനെപറയാനാണെനിയ്ക്കിഷ്ടം. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തോന്നുന്നില്ല.
‘ദിനം‘ എന്നതും ‘പത്രം‘ എന്നതും മലയാളം സ്വാംശീകരിച്ചപദങ്ങളാണല്ലോ, അതുകൊണ്ടു്,തനിമലയാള‘പ്പ’ദങ്ങളേപ്പോലെ, ദിനപ്പത്രം എന്നു സന്ധിചേരട്ടെ, എന്നു നിയമപരിഷ്കാരം വരുത്തണോ? എന്നു ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു പ്രധാന ചോദ്യമായിരുന്നു. നിയമപരിഷ്കാരം വേണ്ട എന്നാണെനിയ്ക്കു തോന്നുന്നത്.
നിയമം ഇളവുചെയ്താല്‍,
വീരപ്പുരുഷന്‍, ദീര്‍ഘക്കായന്‍, ദീര്‍ഘബ്ബാഹു താരസ്സുന്ദരി, വീരഗ്ഗജം പരമപ്പാവനം ഗഹനക്കാനനം ഉന്നതത്തലം ഗഗനത്തലം ഹരിതപ്പത്രം ജീര്‍ണ്ണപ്പത്രം ബാലക്കൃഷ്ണന്‍, ദ്രുതക്കവിത, സുന്ദരഗ്ഗാനം, ചിത്രക്കല, ലവണജ്ജലം, ജലജ്ജീവി, കാലബ്ബോധം, സാമാന്യബ്ബുദ്ധി, സാധാരണപ്പക്ഷം, പ്രതിപ്പക്ഷം, ന്യൂനപ്പക്ഷം, ഭൂരിപ്പക്ഷം…..…..……ഇവരെല്ലാം കൂടി ഒരുമിച്ചാക്രമിച്ചാലോ? ആലോചിച്ചിട്ടു പേടിയാകുന്നു.

ഭാഷാ അദ്ധ്യാപകരും ഭാഷയെ ഒരു വിഷയമായി കൊണ്ടുനടക്കുന്ന എഴുത്തുകാരും ഭാഷാനിയമങ്ങള്‍ കഴിയുന്നതും ശ്രദ്ധിച്ചുപാലിയ്ക്കണം എന്നാണു് എനിയ്ക്കു പറയാനുള്ളത്. പക്ഷേ ഈ വകുപ്പില്‍ പെടാത്തവര്‍ക്കും ഭാഷ ഉപയോഗിക്കണമല്ലോ. ഭാഷകൊണ്ടു ആശയവിനിമയം നടക്കണം എന്ന ‘പരിമിതമായ’ ലക്ഷ്‌യം സാധിക്കുന്നുവെങ്കില്‍ ഏതുപ്രയോഗവും ശരിതന്നെ.പ്രാദേശികഭേദങ്ങളും വ്യക്തിഗത ഭേദങ്ങളും ആ ഒരു തലത്തില്‍നിന്നുനോക്കിയാല്‍ തികച്ചും ശരിയാണ്.
“ജ്ജ് ന്റെ ബുക്ക് കണ്ടിന്യോ?” , “ണ്ണി വ്‌ടെ വരി, നിയ്ക്കൊരൂട്ടം പറയാണ്ട്‌….“ഇതൊക്കെ ശരിതന്നെ…
എന്നാല്‍ പൊതുജനത്തോടു ആശയവിനിമയം ചെയ്യാന്‍ ഈ ഭാഷ അംഗീകൃതരൂപമായി കല്‍പ്പിക്കാറില്ല. ആ ഭാഷാരൂപങ്ങളൊന്നും തെറ്റായതുകൊണ്ടല്ല. അവ ഒരു ‘ചെറിയ വട്ടത്തിനുള്ളിലെ ശരി‘ ആണെന്നതുകൊണ്ടാണ്, ‘പൊതുഅംഗീകാരം’ കിട്ടാത്തത്.
ഭാഷാ അദ്ധ്യാപകരും എഴുത്തുകാരും ഭാഷയെ ‘ഗൌരവമായി’ സമീപിയ്ക്കണം. വ്യാകരണനിയമങ്ങളില്‍ ഇളവുവരുത്താം എന്നു ഭാഷാപണ്ഡിതര്‍ തന്നെ തീരുമാനിച്ചാല്‍, മേല്‍പ്പറഞ്ഞ പദക്കൂട്ടങ്ങള്‍ മുഴച്ചിരിയ്ക്കും.

ദിനപ്പത്രവും ചന്ദ്രക്കലയും ധാരാളമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതുകൊണ്ട്‌ അവ മലയാളഭാഷയില്‍ ശരിയായ പ്രയോഗമാണു്. ഈ പദങ്ങളെപ്പോലെ (മലയാളപദം/മലയാളപ്പദം?) മറ്റുപദങ്ങള്‍ ജനസമൂഹത്തില്‍ പ്രചുരപ്രചാരം നേടുന്നമുറയ്ക്ക്, കാലം കുറച്ചുകൂടിക്കഴിഞ്ഞാല്‍ അവയെ ഓരോന്നിനെയായി, ‘ശരിയാക്കാം’.അതാവും നല്ലത്.ഭാഷാപണ്ഡിതര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും എടുക്കുന്ന തീരുമാനങ്ങളും ഭാഷയില്‍ ‘അവ്യവസ്ഥ- അരാജകത്വം’ഉണ്ടാക്കാന്‍ കാരണമാവരുത്‌.

No comments: