നല്ല മിത്രം
നമ്മിലോരോരുത്തരിലും നന്മകളുമുണ്ട്, തിന്മകളുമുണ്ട്.
എന്നിലെ തിന്മയെ അവഗണിച്ച്, നന്മയെ കൂടുതല്‍ വെളിച്ചത്തുകൊണ്ടുവരാനും പിന്നീട്, ക്രമത്തില്‍ തിന്മയെ കണ്ടെത്തി, അതില്‍നിന്നും പുറത്തുവരാനും സഹായിക്കുന്നതരത്തില്‍ എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാണ് എന്റെ കാഴ്ചപ്പാടില്‍ നല്ല മിത്രം. എനിയ്ക്കയാളുടേയും നല്ലമിത്രമാവാം. അഥവാ, എനിയ്ക്കും എന്റെ മിത്രത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സ്വാധീനം ഉണ്ടായിരിക്കണം. അതിനുതക്ക ശക്തിയാര്‍ന്ന വ്യക്തിത്വം ഞാനും ഉണ്ടാക്കണം.
നല്ല അദ്ധ്യാപകന്‍
എല്ലാവിദ്യാര്‍ഥികളിലും നന്മകളും തിന്മകളും ഉണ്ടാകാമെന്നിരിയ്ക്കെ, ഓരോരുത്തരിലേയും ഓരോ നന്മയ്ക്കും വളരാനും വികസിക്കാനും ഉള്ള സാഹചര്യം സൃഷ്ടിക്കുന്ന അദ്ധ്യാപകന്‍, നല്ല അധ്യാപകനാണ്.
നല്ല വിമര്‍ശകന്‍ / നല്ല കമന്റര്‍
എഴുത്തുകാരന് കൂടുതല്‍ നല്ല എഴുത്തിലേയ്ക്ക്‍ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍, അഥവാ ബൂലോഗത്താണെങ്കില്‍ അത്തരം കമന്റര്‍, നല്ല കമന്റര്‍ ആണ്. കുഞ്ഞുകുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാഠം പഠിപ്പിച്ചും.... അങ്ങനെയങ്ങനെ ഏതു തരത്തിലും ഒരു കമന്റര്‍ക്ക് തന്റെ പ്രതികരണത്തെ നന്നാക്കാം
ഇപ്പോള്‍ ഒരു ന്യായമായ ഒരു സംശയം വരാം.
തിന്മകളെ ഉള്ളിലടക്കിയാല്‍ മതിയോ?
പോരാ എന്നാണെനിയ്ക്കു തോന്നുന്നത്. പക്ഷേ, ആദ്യമാദ്യം നന്മകളെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരിക. പിന്നെ ഉള്ളിലൊളിഞ്ഞിരിയ്ക്കുന്ന തിന്മയെ കണ്ടെത്തിയാലും അത് കണ്ടുപിടിയ്ക്കപ്പെടുന്നതോടുകൂടിത്തന്നെ ഇല്ലാതായിക്കോളും (എന്നൊരു ശുഭാപ്തിവിശ്വാസം:-))