"ഉദ്ധരേദാത്മനാത്മാനം" - ഇതായിരുന്നു ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച കോളേജിന്റെ ‘മുദ്രാവാക്യം‘. അവനവനെ ഉയര്‍ത്താന്‍ അവനവന്‍ തന്നെ വേണം എന്നു ഇതിന്റെ സാമാന്യ അര്‍ഥം. താഴ്ത്തുന്നതും അവനവന്‍ തന്നെ.
ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറയുന്നതാണ്-
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ" എന്ന ശ്ലോകം.
അവനവന്റെ ബന്ധുവും ശത്രുവും വാസ്തവത്തില്‍ അവനവന്‍ തന്നെയാണ്. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെ ഇരിയ്ക്കണം. സ്വയം അധഃപതിയ്ക്കാതെ അവനവനെ ഉയരത്തിലേയ്ക്കു നയിക്കാനുള്ള ചുമതല അവനവനു തന്നെ. സ്വയം നിസ്സഹായതയിലേയ്ക്കു കൂപ്പുകുത്താതെ, ആത്മബലത്തെ തിരിച്ചറിഞ്ഞ് , ആ അനന്തശക്തിയിലേയ്ക്ക് - ആനന്ദത്തിന്റെ നിറവിലേയ്ക്ക് - പൂര്‍ണ്ണതയിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഹ്വാനം ഇതില്‍ കാണാം. അതെ, ആത്മബലത്തെ തിരിച്ചറിയലാണ് പ്രധാനം.
ഒരു വ്യക്തി, മറ്റുള്ളവരുടേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പെട്ടിട്ടെന്നപോലെ നിസ്സഹായയാവണോ അതോ തന്റെ തന്നെ ഉള്ളിലുള്ള അനന്തശക്തിയെ തിരിച്ചറിഞ്ഞ് സാഹചര്യങ്ങളുടെ അടിമയാകാതെ, ഊര്‍ജ്ജ്വസ്വലയാവണോ എന്നത് തീരുമാനിയ്ക്കുന്നത്, ഒരു പരിധിവരെ ആ വ്യക്തിതന്നെ ആണ്.
എന്നിട്ടുമെന്തേ എല്ലാവരും വിധിയെ പഴിക്കുന്നത്? പാവം വിധി!
(വിധിയെപ്പറ്റി അടുത്തപോസ്റ്റില്‍)