Monday, April 04, 2011

പാപവും പുണ്യവും

അറിഞ്ഞുചെയ്തുള്ളൊരു പാപസഞ്ചയം
തിരിഞ്ഞുകുത്തും പശുവായ് വരുന്നിതാ
വരിഞ്ഞു മൂക്കില്‍ക്കയറിട്ടു കെട്ടി, ഞാന്‍
പറിച്ചുപുല്ലേകുകിലെന്തതിന്‍ ഫലം?

Tuesday, March 15, 2011

ഒരു ടിക്കറ്റുണ്ടോ സഖാവേ ....

.... ആരും തിരക്കു കൂട്ടരുത്, ക്യൂ പാലിക്കുക. ബീഡിയല്ല, ഒരു ശ്ലോകം തരാം....



വരിനിന്നരിയും പലസാധനവും
വരമഞ്ഞളുമുപ്പുപഴക്കുലയും
തരമാക്കുവതെങ്ങനെയായതുപോല്‍
നരനായകര്‍ ചീടിക*തേടുകയായ്


*ചീടിക = ചീട്ട്, ചിട്ട്, ടിക്കറ്റ്

[ജപ്പാനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു... വയ്യ.. മനസ്സു നില്‍ക്കുന്നില്ല, ചിത്രങ്ങള്‍ കാണാന്‍ പോലും. ജപ്പാന്‍ കാരുടെ അച്ചടക്കവും മനോധൈര്യവും അത്യന്തം ആദരണീയം തന്നെ]

Tuesday, February 15, 2011

തൊടിയിലെ തോടകം

മലര്‍വാടിയിലേറിയ പൈങ്കിളിയൊ-
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ

Monday, January 17, 2011

മഞ്ഞും വെയിലും

മകരമാസമണഞ്ഞു, ഹിമാംബരം
സകലസോമനിളയ്ക്കരുളുന്നിതാ
ദിനകരന്‍ കനകാംബരവും, തദാ
ഹരിതകാന്തി പരന്നിതു ഭൂമിയില്‍

രാത്രിയിലെ ചന്ദ്രികയും മഞ്ഞും, പകലത്തെ വെളിച്ചവും വെയിലും ഓഷധികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നാണറിവു്.

Saturday, January 08, 2011

ഭുജംഗം

ഭുജംഗപ്രയാതവൃത്തത്തില്‍ ഒരു ശ്ലോകം

സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?

Tuesday, December 07, 2010

ശ്ലോകക്കമ്മല്‍

ഇന്ദുവദന വൃത്തത്തില്‍ ഒരു ശ്ലോകം

ഏതുനിറ, മേതുതര, മേതൊരുവലിപ്പം

കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം

*മോഡേണ്‍ ഗേള്‍

Tuesday, September 14, 2010

കരിയരങ്ങ്

അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍ക്കുള്ള സമര്‍പ്പണം

കരി, പുക, വിറകും പഴഞ്ചനായി-
പ്പുരകളില്‍നിന്നു പുറംകടത്തി നമ്മള്‍
അരിവില, പലവേല, വേവലാതി-
ക്കരിപടരുന്നതു കാണ്‍ക പെണ്മനസ്സില്‍

Saturday, August 14, 2010

ഉണര്‍ന്നപ്പോള്‍...

വിത്തിനുള്ളിലുണര്‍ന്നപ്പോള്‍
രണ്ടല്ലോ വഴികണ്ടത്
അമ്മതന്നുള്ളിലേക്കാകും
അമ്മിഞ്ഞ വഴിയെത്തുക

ആകാശത്തുള്ളൊരാള്‍ മാടി
വിളിപ്പൂ വഴികാട്ടിയായ്
അച്ഛനാണേ കണ്ടിടാനായ്
തലയൊട്ടു നിവര്‍ത്തിടാം

വീഴാതിരിക്കുവാനമ്മ
ചേര്‍ത്തു വീണ്ടും പിടിച്ചതും
അമ്മതന്നുള്ളു കാണാനാ-
യാവഴിക്കായിഴഞ്ഞതും

ചെടിയായ് മരമായ് ഞാനി
ന്നഹങ്കാരമുണര്‍ത്തിടാ
പുഷ്പം ഫലം വിത്തുവീണ്ടും
കാലചക്രനിയാമകം

തലതാഴ്ത്തി നമിക്കട്ടേ
ധരയാമമ്മയെസ്സദാ
വെളിച്ചമാം കരം നീട്ടി
കൂടെക്കൂട്ടിയ താതനെ.

ഭൂമിയെ സൂര്യനെ വിട്ടു
വിത്തെന്തു മരമായിടും
തുടക്കം വിട്ടൊടുക്കം വി-
ട്ടഹം- കാരമലിഞ്ഞുപോയ്!


Wednesday, August 11, 2010

സഹൃദയസുഹൃത്തിനോട്

പനിമതിചിരിതൂകീ വെണ്‍‌നിലാവള്ളിപൂത്തൂ
കവനവനികതന്നില്‍ പോരു നീയൂയലാടാന്‍
വിരിയുമിനിയുമെന്നാല്‍ നമ്മള്‍ തന്‍ ഹൃത്തടത്തില്‍
പുതിയകവിതപോലേ ഭാവനാഹൃദ്യപുഷ്പം

Tuesday, August 10, 2010

കരിമുഖം - ചിരിമുഖം

കര്‍ക്കിടകം കറുത്ത സുന്ദരി
കരഞ്ഞും പിഴിഞ്ഞും ആവലാതി പറഞ്ഞുകൊണ്ടേയിരുന്നു
അവളെ കരിമ്പടം പുതപ്പിച്ച്
സുഖചികിത്സക്കു കിടത്തി

പ്രതീക്ഷയുടെ ഇളവെയില്‍
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ക്ക്
മഴവില്ലുണ്ടാക്കിക്കൊടുത്തു
കുഞ്ഞുമുഖങ്ങളില്‍ ചിരി പരന്നു
ഓണനിലാവിന്‍ തെളിമയോടെ
ചിങ്ങപ്പെണ്ണൊരുങ്ങിവരുന്നു
വരവേല്‍ക്കാന്‍ പൂത്തുമ്പത്താലമുണ്ട്
പൂവിളിക്കുരവയുണ്ട്
നിലാവള്ളികൊണ്ടൊരൂഞ്ഞാലും...

“ഊഞ്ഞാലേ പാണ്ട്യമ്മേ
പാട്ടുണ്ടേ കളിയുണ്ടേ“
കൂട്ടാമോ കുട്ടികളെ
നക്ഷത്രപ്പൂ പറിക്കാന്‍?

Tuesday, June 29, 2010

സ്വപ്നം ചിലര്‍ക്ക് ചിലകാലം..

കിടക്കയിലാരോ!
സൂക്ഷിച്ചുനോക്കി
തെറ്റിയില്ല...ഞാന്‍ തന്നെ
മരണക്കിടക്ക എന്നു ചുറ്റുമുള്ളവര്‍ പറയുന്നു

“ഇനിയും ഇങ്ങനെ മെനക്കെടുത്തണോ
എന്താണസുഖം
ഒന്നുമില്ല... പ്രായാധിക്യം”
മിണ്ടാതെ അനങ്ങാതെ കിടക്കുക
കാര്യസ്ഥ ചമയാതിരിക്കുക
കാര്യത്തിനു കൊള്ളാതായാല്‍
മിണ്ടുന്നതെല്ലാം അധികപ്രസംഗം
മൌനമേ വരം

എണീറ്റുനടന്നാല്‍ വീഴുമത്രേ
അനങ്ങരുത്
മയങ്ങിക്കിടക്കാം
ഹോസ്പിറ്റല്‍ ബില്‍
അവധിയെടുത്തവക
ശമ്പളക്കമ്മി
കൂട്ടിക്കിഴിച്ചാല്‍ നഷ്ടക്കണക്ക്
“ഇപ്പോഴെങ്ങനെ....?”
ചോദ്യം ചെവിയില്‍
ഭേദമാകേണ്ടായിരുന്നു....
ഉത്തരം തൊണ്ടയില്‍ കുരുങ്ങി
പ്രാണന്‍ പോയാല്‍ മതിയായിരുന്നു...

ഉണരണോ ഉറങ്ങണോ

Monday, June 28, 2010

വാക്കും പൊരുളും

വാക്ക്
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍‌വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.

Tuesday, June 15, 2010

വളര്‍ച്ച

ഇലകളധികമായീശാഖയില്‍, വേറെയൊന്നില്‍-
ക്കുലകളമിതമായീയെന്നുമേയില്ല തര്‍ക്കം
നിലയിലിരുളുനീളും രാവിലും, ചുട്ടുപൊള്ളും-
പകലിലുമൊരുപോലേ സസ്യലോകം വളര്‍ന്നൂ

Wednesday, June 09, 2010

ആരണ്യകം അഥവാ കാട്ടിലെ മുത്തശ്ശി

കിളിപ്പാട്ടുകളിലുണര്‍വ്വ്
അമ്പലക്കുളത്തില്‍ക്കുളി
കഞ്ഞുണ്ണിയും വെള്ളിലയും തലോടാന്‍
മുക്കുറ്റിച്ചാന്ത്
പൂവാംകുരുന്നിലക്കണ്മഷി

ഹരിതകം
ഓരോ ശ്വാസത്തിലും
മുത്തശ്ശി ശ്വസിച്ചു
ജീവന്റെ പച്ച.


കുക്കറിന്റെ വിസിലില്‍ ഇപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു
എണ്ണ തേച്ചില്ലെങ്കിലും വഴുക്കുന്ന
കുളിമുറിട്ടൈല്‍‌സില്‍
സര്‍ക്കസ്സാണു കുളി
വീഴാതെ പിടിച്ചുനടക്കാന്‍
ചുമരുകള്‍ നാലുണ്ട്...
നാലും അടുത്തടുത്ത്
പേടി വേണ്ട.

“മാധവാ വൈശാഖക്കഞ്ഞിക്ക്
ചക്കേം തേങ്ങേം കൊണ്ടുക്കൊടുക്കണേ”

“ഈ മുത്തശ്ശിക്കൊന്നു മിണ്ടാതെ നാമം ജപിച്ചിരുന്നൂടെ...
മനുഷ്യനിവിടെ ഒന്ന് ഓര്‍ക്കൂട്ടാന്‍ പോലും നേരല്ല്യാണ്ടിരിക്കുമ്പൊഴാ... ഒരു...”

മിണ്ടാതെ നാമം ജപിക്കാമായിരുന്നു.. പണ്ടും

“ഈ അമ്മക്കെപ്പോഴും ഒരു നാമജപം...
ഒന്നിങ്ങട്ടു വരുന്നുണ്ടോ.. വിശന്നിട്ടുവയ്യ”

ചട്ടുകം പിടിച്ചു ദേവീമാഹാത്മ്യം
ചൊല്ലിത്തീര്‍ത്തതിന്‍ പുണ്യം
നന്നായി ഉപദേശിക്കുന്ന
പേരക്കുട്ടികളെ കിട്ടിയല്ലൊ
അമ്മേ നാരാ‍യണ!

Tuesday, June 08, 2010

കവിച്ചെടി

നാറുന്നതിനെ വളമാക്കും
കൂടുതല്‍ കരുത്തോടെ വളരാന്‍

തളിരു വിടരും
പൂ വിരിയും
പൂമണം പടരും
നാറ്റം വഴിതെറ്റിപ്പോലും പൂവിലെത്താറില്ല


വേരു ചെളിയില്‍
പൂവു വെളിയില്‍
പൂച്ചെടിയുടെ തപസ്സിദ്ധി


പൂവിനും കവിതയ്ക്കും
തൂമണം സ്വഭാവം
ജീവിതത്തിന്‍ നേര്‍ക്കാഴ്ചയില്‍പ്പോലും
നാറ്റം പൂവില്‍ കുത്തിവെയ്ക്കരുത്!

Monday, May 31, 2010

ചതി

“വരൂ”
വിളിച്ചിരുത്തും.
നാക്കിലയില്‍
കാളനോലനെരിശ്ശേരി
പപ്പടം പായസവും
ചോറ്റൂട്ടാന്‍ വിളമ്പുമല്ലോ
കൊതി നാവിലൂറി.

കവിതാ വാര്‍ഷികം
‘ചെലവു’ണ്ടു്.
കവിയുടെ വക
ഒരു കാപ്സ്യൂള്‍.
ഫുഡ് സപ്ലിമെന്റ്!

ചതിച്ചതാരേ?
കാലമാണത്രേ

Saturday, May 29, 2010

എഴുത്തുകാരി

എഴുതിയതെത്ര
കണക്കില്ല
ചിലരക്ഷരങ്ങള്‍ കണ്ടു
ചിലര്‍ വാക്കും
അതിനപ്പുറം ആരും ഒന്നും കണ്ടില്ല
ഒരു പുരസ്കാരവും തേടിവന്നില്ല

നിറം‌പിടിപ്പിച്ചെഴുതി
നീട്ടിയും കുറുക്കിയും എഴുതി
രാപകല്‍, ചോരനീരാക്കി എഴുതി
എന്നിട്ടുമെന്തേ.....
പാവം..... പാവം.....
പേന.

Friday, May 28, 2010

കുറുക്കുവഴി

വായ
വയറിനുമേലായാല്‍
വഴിയെത്രലാഭം!
പണിയും!
പണവും!

വിരോധാഭാസം

അഭിനയം
അതെത്ര സുന്ദരം
ജീവിക്കുന്നതുപോലെ ആവണം


ജീവിതം
അതെത്ര സുന്ദരം
അഭിനയം പോലെ തോന്നണം

Thursday, May 27, 2010

ഡിസൈനര്‍ കവിത

ഡിസൈനര്‍ കവിത

രണ്ടേവേണ്ടൂ
വാക്കുകളന്തിമവരിയില്‍
തുടക്കവുമതേമട്ട്
ഇടയ്ക്ക് വര്‍ണ്ണം -
തട്ടിത്തെറിപ്പിച്ചാലും മതി.

ചോദ്യമൊന്നെങ്കിലും വേണം
ഹൃദയത്തില്‍ കൊളുത്താന്‍
കണ്ണില്‍നിന്നും ഊര്‍ന്നൊഴുകി
ത്തുളുമ്പാന്‍ വെമ്പുന്നൊരമ്പരപ്പില്‍
ദുഃഖം ചാലിക്കാതെ ആശ്ചര്യചിഹ്നവും

വെളുപ്പിനേക്കാള്‍ കറുപ്പായാല്‍
പരഭാഗശോഭ തെളിയും
കണ്ടതിനേക്കാള്‍ ഭംഗി
കാണാത്തതിനു
ന്യായം തുണയാവും