Wednesday, May 29, 2013
Friday, September 09, 2011
ഭര്‍ത്താവും ഭാര്യയും
എന്തുപറഞ്ഞാലും അതിന്റെ വിപരീതം പറയാന്‍ ഒരു രസമുണ്ടായിരുന്ന കാലം. ഏട്ടന്മാരുടെയെല്ലാം മലയാളപാഠപുസ്തകത്തിലെ ‘വിപരീതം’ എഴുതുക എന്ന അഭ്യാസം രണ്ടാംക്ലാസുകാരിയുടെ വിനോദമായിരുന്നു.
ഇരുട്ട് - വെളിച്ചം
സത്യം - അസത്യം
സുഖം - ദുഃഖം
ശീതം - ഉഷ്ണം
ഉച്ചം - നീചം
പുരാതനം - നവീനം ഈ ഘട്ടമെല്ലാം കടന്ന്,
പണ്ഡിതന്‍ - പാമരന്‍
യാഥാസ്ഥിതികന്‍ - ഉത്പതിഷ്ണു എന്നഘട്ടത്തിലേയ്ക്കു പുരോഗമിച്ചകാലം.
അങ്ങനെയിരിക്കെ ഒരുദിവസം നാലാം ക്ലാസുകാരന്‍ ചെറിയഏട്ടന്‍ ചോദിച്ചു. “എളുപ്പമുള്ള കുറച്ചുവാക്കുകള്‍ ഞാന്‍ പറഞ്ഞാല്‍ അതിന്റെ വിപരീതം പറയാമോ” എന്ന്.
അഭിമാനവും അഹങ്കാരവും നിറഞ്ഞ സ്വരത്തോടെ ഞാന്‍ ഞെളിഞ്ഞുനിന്നു.
ഏട്ടന്‍ ക്വിസ് മാസ്റ്ററുടെ ഭാവത്തോടെ ചോദ്യം തുടങ്ങി-
രാത്രി
രാവിലെ (എന്തുകൊണ്ട് ഉച്ച ആയിക്കൂടാ?)
ഗുരു
ശിഷ്യന്‍
അമ്മ
അച്ഛന്‍ (എന്തുകൊണ്ട് മകന്‍ ആയിക്കൂടാ?)
കുന്ന്
കുഴി (എന്തുകൊണ്ട് സമനിലം ആയിക്കൂടാ?)
സ്ലേറ്റ്
സ്ലേറ്റ്പെന്‍സില്‍
അമ്മാവന്‍
അമ്മായി
ഒന്നുരണ്ടുതവണ വല്യേട്ടന്‍ ഞങ്ങളുടെ കളി തടസ്സപ്പെടുത്താന്‍ശ്രമിച്ചു. ഒന്നു മിണ്ടാണ്ടിരിക്ക്ണുണ്ടോ? ഇതു വിപരീതമൊന്നുമല്ല. എല്ലാത്തിനും വിപരീതം ഉണ്ടാവില്ല. അമ്മ എന്നതിന്റെ വിപരീതം അല്ല അച്ഛന്‍. അമ്മാമന്‍ എന്നതിന്റെ വിപരീതമല്ല അമ്മായി. കള്ളന്‍ - എന്നതിന്റെ വിപരീതം കള്ളത്തി എന്നല്ലല്ലോ? കള്ളന്റെ എതിര്‍ലിംഗ പദമാണു കള്ളത്തി എന്നു പറഞ്ഞു. കള്ളന്റെ കാര്യം കേട്ടപ്പോള്‍ ഏതാണ്ടു കാര്യം മനസ്സിലായി.
അപ്പൊ മടിയന്‍ - മടിച്ചി
ചിത്രകാരന്‍ - ചിത്രകാരി
തൂപ്പുകാരന്‍ - തൂപ്പുകാരി എന്നിങ്ങനെ എതിര്‍ലിംഗപദങ്ങളുടെ ലിസ്റ്റും അടുക്കിക്കൂട്ടുക എന്നതൊരു ഹരമായിത്തുടങ്ങി.
എന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നത് എന്നല്ലേ?
അന്ന്, ഉണ്ടായിരുന്ന ഒരു ചെറിയ സംശയം ഇപ്പോഴും മാറിയില്ല. അറിവുള്ളവരുടെ അഭിപ്രായം അറിയാമല്ലോ എന്നുകരുതി ബ്ലോഗിലിടുന്നു-
ഭര്‍ത്താവ് എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യ എന്നാവുന്നതെങ്ങനെ?
ഭര്‍ത്താവ് - ഭരിക്കുന്നവന്‍
ഭര്‍ത്രീ - ഭരിക്കുന്നവള്‍
കര്‍ത്താവ് - കര്‍ത്രീ
Saturday, August 20, 2011
ആവണിപ്പൂക്കളം
Tuesday, August 16, 2011
Thursday, April 28, 2011
കണ്ണിന്റെ വലിപ്പം
വരദൃശ്യജാലമിരുള്‍നീക്കി, നേത്രമാം
ചെറുതായൊരിന്ദ്രിയമതില്‍പ്പതിയ്ക്കവേ
കരിയെന്നുമല്ല ഗിരി സൂര്യഗോളവും
പരിചോടൊതുങ്ങു, മിഹ ദൃഷ്ടി ശിഷ്ടമാം.
ചെറുതായൊരിന്ദ്രിയമതില്‍പ്പതിയ്ക്കവേ
കരിയെന്നുമല്ല ഗിരി സൂര്യഗോളവും
പരിചോടൊതുങ്ങു, മിഹ ദൃഷ്ടി ശിഷ്ടമാം.
Tuesday, April 26, 2011
ഓര്‍മ്മപ്പൂക്കള്‍
നനഞ്ഞുപോയെന്നുടെകണ്ണുനീരിനാല്‍
പിറന്നവീടിന്നണിമുറ്റമൊക്കെയും
ഉണര്‍ന്നപുല്‍നാമ്പുകളില്‍ വിടര്‍ന്നതാ
നനുത്ത ബാല്യസ്മൃതിതന്‍ സുമങ്ങളും
പിറന്നവീടിന്നണിമുറ്റമൊക്കെയും
ഉണര്‍ന്നപുല്‍നാമ്പുകളില്‍ വിടര്‍ന്നതാ
നനുത്ത ബാല്യസ്മൃതിതന്‍ സുമങ്ങളും
Monday, April 04, 2011
പാപവും പുണ്യവും
അറിഞ്ഞുചെയ്തുള്ളൊരു പാപസഞ്ചയം
തിരിഞ്ഞുകുത്തും പശുവായ് വരുന്നിതാ
വരിഞ്ഞു മൂക്കില്‍ക്കയറിട്ടു കെട്ടി, ഞാന്‍
പറിച്ചുപുല്ലേകുകിലെന്തതിന്‍ ഫലം?
തിരിഞ്ഞുകുത്തും പശുവായ് വരുന്നിതാ
വരിഞ്ഞു മൂക്കില്‍ക്കയറിട്ടു കെട്ടി, ഞാന്‍
പറിച്ചുപുല്ലേകുകിലെന്തതിന്‍ ഫലം?
Tuesday, March 15, 2011
ഒരു ടിക്കറ്റുണ്ടോ സഖാവേ ....
.... ആരും തിരക്കു കൂട്ടരുത്, ക്യൂ പാലിക്കുക. ബീഡിയല്ല, ഒരു ശ്ലോകം തരാം....
വരിനിന്നരിയും പലസാധനവും
വരമഞ്ഞളുമുപ്പുപഴക്കുലയും
തരമാക്കുവതെങ്ങനെയായതുപോല്‍
നരനായകര്‍ ചീടിക*തേടുകയായ്
*ചീടിക = ചീട്ട്, ചിട്ട്, ടിക്കറ്റ്
[ജപ്പാനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു... വയ്യ.. മനസ്സു നില്‍ക്കുന്നില്ല, ചിത്രങ്ങള്‍ കാണാന്‍ പോലും. ജപ്പാന്‍ കാരുടെ അച്ചടക്കവും മനോധൈര്യവും അത്യന്തം ആദരണീയം തന്നെ]
വരിനിന്നരിയും പലസാധനവും
വരമഞ്ഞളുമുപ്പുപഴക്കുലയും
തരമാക്കുവതെങ്ങനെയായതുപോല്‍
നരനായകര്‍ ചീടിക*തേടുകയായ്
*ചീടിക = ചീട്ട്, ചിട്ട്, ടിക്കറ്റ്
[ജപ്പാനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു... വയ്യ.. മനസ്സു നില്‍ക്കുന്നില്ല, ചിത്രങ്ങള്‍ കാണാന്‍ പോലും. ജപ്പാന്‍ കാരുടെ അച്ചടക്കവും മനോധൈര്യവും അത്യന്തം ആദരണീയം തന്നെ]
Tuesday, February 15, 2011
തൊടിയിലെ തോടകം
മലര്‍വാടിയിലേറിയ പൈങ്കിളിയൊ-
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ
Monday, January 17, 2011
മഞ്ഞും വെയിലും
മകരമാസമണഞ്ഞു, ഹിമാംബരം
സകലസോമനിളയ്ക്കരുളുന്നിതാ
ദിനകരന്‍ കനകാംബരവും, തദാ
ഹരിതകാന്തി പരന്നിതു ഭൂമിയില്‍
രാത്രിയിലെ ചന്ദ്രികയും മഞ്ഞും, പകലത്തെ വെളിച്ചവും വെയിലും ഓഷധികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നാണറിവു്.
സകലസോമനിളയ്ക്കരുളുന്നിതാ
ദിനകരന്‍ കനകാംബരവും, തദാ
ഹരിതകാന്തി പരന്നിതു ഭൂമിയില്‍
രാത്രിയിലെ ചന്ദ്രികയും മഞ്ഞും, പകലത്തെ വെളിച്ചവും വെയിലും ഓഷധികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നാണറിവു്.
Saturday, January 08, 2011
ഭുജംഗം
ഭുജംഗപ്രയാതവൃത്തത്തില്‍ ഒരു ശ്ലോകം
സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?
സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?
Tuesday, December 07, 2010
ശ്ലോകക്കമ്മല്‍
ഇന്ദുവദന വൃത്തത്തില്‍ ഒരു ശ്ലോകം
ഏതുനിറ, മേതുതര, മേതൊരുവലിപ്പം
കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം
*മോഡേണ്‍ ഗേള്‍
ഏതുനിറ, മേതുതര, മേതൊരുവലിപ്പം
കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം
*മോഡേണ്‍ ഗേള്‍
Tuesday, September 14, 2010
കരിയരങ്ങ്
അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍ക്കുള്ള സമര്‍പ്പണം
കരി, പുക, വിറകും പഴഞ്ചനായി-
പ്പുരകളില്‍നിന്നു പുറംകടത്തി നമ്മള്‍
അരിവില, പലവേല, വേവലാതി-
ക്കരിപടരുന്നതു കാണ്‍ക പെണ്മനസ്സില്‍
കരി, പുക, വിറകും പഴഞ്ചനായി-
പ്പുരകളില്‍നിന്നു പുറംകടത്തി നമ്മള്‍
അരിവില, പലവേല, വേവലാതി-
ക്കരിപടരുന്നതു കാണ്‍ക പെണ്മനസ്സില്‍
Saturday, August 14, 2010
ഉണര്‍ന്നപ്പോള്‍...
വിത്തിനുള്ളിലുണര്‍ന്നപ്പോള്‍
രണ്ടല്ലോ വഴികണ്ടത്
അമ്മതന്നുള്ളിലേക്കാകും
അമ്മിഞ്ഞ വഴിയെത്തുക
ആകാശത്തുള്ളൊരാള്‍ മാടി
വിളിപ്പൂ വഴികാട്ടിയായ്
അച്ഛനാണേ കണ്ടിടാനായ്
തലയൊട്ടു നിവര്‍ത്തിടാം
വീഴാതിരിക്കുവാനമ്മ
ചേര്‍ത്തു വീണ്ടും പിടിച്ചതും
അമ്മതന്നുള്ളു കാണാനാ-
യാവഴിക്കായിഴഞ്ഞതും
ചെടിയായ് മരമായ് ഞാനി
ന്നഹങ്കാരമുണര്‍ത്തിടാ
പുഷ്പം ഫലം വിത്തുവീണ്ടും
കാലചക്രനിയാമകം
തലതാഴ്ത്തി നമിക്കട്ടേ
ധരയാമമ്മയെസ്സദാ
വെളിച്ചമാം കരം നീട്ടി
കൂടെക്കൂട്ടിയ താതനെ.
ഭൂമിയെ സൂര്യനെ വിട്ടു
വിത്തെന്തു മരമായിടും
തുടക്കം വിട്ടൊടുക്കം വി-
ട്ടഹം- കാരമലിഞ്ഞുപോയ്!
രണ്ടല്ലോ വഴികണ്ടത്
അമ്മതന്നുള്ളിലേക്കാകും
അമ്മിഞ്ഞ വഴിയെത്തുക
ആകാശത്തുള്ളൊരാള്‍ മാടി
വിളിപ്പൂ വഴികാട്ടിയായ്
അച്ഛനാണേ കണ്ടിടാനായ്
തലയൊട്ടു നിവര്‍ത്തിടാം
വീഴാതിരിക്കുവാനമ്മ
ചേര്‍ത്തു വീണ്ടും പിടിച്ചതും
അമ്മതന്നുള്ളു കാണാനാ-
യാവഴിക്കായിഴഞ്ഞതും
ചെടിയായ് മരമായ് ഞാനി
ന്നഹങ്കാരമുണര്‍ത്തിടാ
പുഷ്പം ഫലം വിത്തുവീണ്ടും
കാലചക്രനിയാമകം
തലതാഴ്ത്തി നമിക്കട്ടേ
ധരയാമമ്മയെസ്സദാ
വെളിച്ചമാം കരം നീട്ടി
കൂടെക്കൂട്ടിയ താതനെ.
ഭൂമിയെ സൂര്യനെ വിട്ടു
വിത്തെന്തു മരമായിടും
തുടക്കം വിട്ടൊടുക്കം വി-
ട്ടഹം- കാരമലിഞ്ഞുപോയ്!
Wednesday, August 11, 2010
സഹൃദയസുഹൃത്തിനോട്
പനിമതിചിരിതൂകീ വെണ്‍നിലാവള്ളിപൂത്തൂ
കവനവനികതന്നില്‍ പോരു നീയൂയലാടാന്‍
വിരിയുമിനിയുമെന്നാല്‍ നമ്മള്‍ തന്‍ ഹൃത്തടത്തില്‍
പുതിയകവിതപോലേ ഭാവനാഹൃദ്യപുഷ്പം
കവനവനികതന്നില്‍ പോരു നീയൂയലാടാന്‍
വിരിയുമിനിയുമെന്നാല്‍ നമ്മള്‍ തന്‍ ഹൃത്തടത്തില്‍
പുതിയകവിതപോലേ ഭാവനാഹൃദ്യപുഷ്പം
Tuesday, August 10, 2010
കരിമുഖം - ചിരിമുഖം
കര്‍ക്കിടകം കറുത്ത സുന്ദരി
കരഞ്ഞും പിഴിഞ്ഞും ആവലാതി പറഞ്ഞുകൊണ്ടേയിരുന്നു
അവളെ കരിമ്പടം പുതപ്പിച്ച്
സുഖചികിത്സക്കു കിടത്തി
പ്രതീക്ഷയുടെ ഇളവെയില്‍
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ക്ക്
മഴവില്ലുണ്ടാക്കിക്കൊടുത്തു
കുഞ്ഞുമുഖങ്ങളില്‍ ചിരി പരന്നു
ഓണനിലാവിന്‍ തെളിമയോടെ
ചിങ്ങപ്പെണ്ണൊരുങ്ങിവരുന്നു
വരവേല്‍ക്കാന്‍ പൂത്തുമ്പത്താലമുണ്ട്
പൂവിളിക്കുരവയുണ്ട്
നിലാവള്ളികൊണ്ടൊരൂഞ്ഞാലും...
“ഊഞ്ഞാലേ പാണ്ട്യമ്മേ
പാട്ടുണ്ടേ കളിയുണ്ടേ“
കൂട്ടാമോ കുട്ടികളെ
നക്ഷത്രപ്പൂ പറിക്കാന്‍?
കരഞ്ഞും പിഴിഞ്ഞും ആവലാതി പറഞ്ഞുകൊണ്ടേയിരുന്നു
അവളെ കരിമ്പടം പുതപ്പിച്ച്
സുഖചികിത്സക്കു കിടത്തി
പ്രതീക്ഷയുടെ ഇളവെയില്‍
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ക്ക്
മഴവില്ലുണ്ടാക്കിക്കൊടുത്തു
കുഞ്ഞുമുഖങ്ങളില്‍ ചിരി പരന്നു
ഓണനിലാവിന്‍ തെളിമയോടെ
ചിങ്ങപ്പെണ്ണൊരുങ്ങിവരുന്നു
വരവേല്‍ക്കാന്‍ പൂത്തുമ്പത്താലമുണ്ട്
പൂവിളിക്കുരവയുണ്ട്
നിലാവള്ളികൊണ്ടൊരൂഞ്ഞാലും...
“ഊഞ്ഞാലേ പാണ്ട്യമ്മേ
പാട്ടുണ്ടേ കളിയുണ്ടേ“
കൂട്ടാമോ കുട്ടികളെ
നക്ഷത്രപ്പൂ പറിക്കാന്‍?
Tuesday, June 29, 2010
സ്വപ്നം ചിലര്‍ക്ക് ചിലകാലം..
കിടക്കയിലാരോ!
സൂക്ഷിച്ചുനോക്കി
തെറ്റിയില്ല...ഞാന്‍ തന്നെ
മരണക്കിടക്ക എന്നു ചുറ്റുമുള്ളവര്‍ പറയുന്നു
“ഇനിയും ഇങ്ങനെ മെനക്കെടുത്തണോ
എന്താണസുഖം
ഒന്നുമില്ല... പ്രായാധിക്യം”
മിണ്ടാതെ അനങ്ങാതെ കിടക്കുക
കാര്യസ്ഥ ചമയാതിരിക്കുക
കാര്യത്തിനു കൊള്ളാതായാല്‍
മിണ്ടുന്നതെല്ലാം അധികപ്രസംഗം
മൌനമേ വരം
എണീറ്റുനടന്നാല്‍ വീഴുമത്രേ
അനങ്ങരുത്
മയങ്ങിക്കിടക്കാം
ഹോസ്പിറ്റല്‍ ബില്‍
അവധിയെടുത്തവക
ശമ്പളക്കമ്മി
കൂട്ടിക്കിഴിച്ചാല്‍ നഷ്ടക്കണക്ക്
“ഇപ്പോഴെങ്ങനെ....?”
ചോദ്യം ചെവിയില്‍
ഭേദമാകേണ്ടായിരുന്നു....
ഉത്തരം തൊണ്ടയില്‍ കുരുങ്ങി
പ്രാണന്‍ പോയാല്‍ മതിയായിരുന്നു...
ഉണരണോ ഉറങ്ങണോ
സൂക്ഷിച്ചുനോക്കി
തെറ്റിയില്ല...ഞാന്‍ തന്നെ
മരണക്കിടക്ക എന്നു ചുറ്റുമുള്ളവര്‍ പറയുന്നു
“ഇനിയും ഇങ്ങനെ മെനക്കെടുത്തണോ
എന്താണസുഖം
ഒന്നുമില്ല... പ്രായാധിക്യം”
മിണ്ടാതെ അനങ്ങാതെ കിടക്കുക
കാര്യസ്ഥ ചമയാതിരിക്കുക
കാര്യത്തിനു കൊള്ളാതായാല്‍
മിണ്ടുന്നതെല്ലാം അധികപ്രസംഗം
മൌനമേ വരം
എണീറ്റുനടന്നാല്‍ വീഴുമത്രേ
അനങ്ങരുത്
മയങ്ങിക്കിടക്കാം
ഹോസ്പിറ്റല്‍ ബില്‍
അവധിയെടുത്തവക
ശമ്പളക്കമ്മി
കൂട്ടിക്കിഴിച്ചാല്‍ നഷ്ടക്കണക്ക്
“ഇപ്പോഴെങ്ങനെ....?”
ചോദ്യം ചെവിയില്‍
ഭേദമാകേണ്ടായിരുന്നു....
ഉത്തരം തൊണ്ടയില്‍ കുരുങ്ങി
പ്രാണന്‍ പോയാല്‍ മതിയായിരുന്നു...
ഉണരണോ ഉറങ്ങണോ
Monday, June 28, 2010
വാക്കും പൊരുളും
വാക്ക്
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.
Tuesday, June 15, 2010
വളര്‍ച്ച
ഇലകളധികമായീശാഖയില്‍, വേറെയൊന്നില്‍-
ക്കുലകളമിതമായീയെന്നുമേയില്ല തര്‍ക്കം
നിലയിലിരുളുനീളും രാവിലും, ചുട്ടുപൊള്ളും-
പകലിലുമൊരുപോലേ സസ്യലോകം വളര്‍ന്നൂ
ക്കുലകളമിതമായീയെന്നുമേയില്ല തര്‍ക്കം
നിലയിലിരുളുനീളും രാവിലും, ചുട്ടുപൊള്ളും-
പകലിലുമൊരുപോലേ സസ്യലോകം വളര്‍ന്നൂ
Wednesday, June 09, 2010
ആരണ്യകം അഥവാ കാട്ടിലെ മുത്തശ്ശി
കിളിപ്പാട്ടുകളിലുണര്‍വ്വ്
അമ്പലക്കുളത്തില്‍ക്കുളി
കഞ്ഞുണ്ണിയും വെള്ളിലയും തലോടാന്‍
മുക്കുറ്റിച്ചാന്ത്
പൂവാംകുരുന്നിലക്കണ്മഷി
ഹരിതകം
ഓരോ ശ്വാസത്തിലും
മുത്തശ്ശി ശ്വസിച്ചു
ജീവന്റെ പച്ച.
കുക്കറിന്റെ വിസിലില്‍ ഇപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു
എണ്ണ തേച്ചില്ലെങ്കിലും വഴുക്കുന്ന
കുളിമുറിട്ടൈല്‍സില്‍
സര്‍ക്കസ്സാണു കുളി
വീഴാതെ പിടിച്ചുനടക്കാന്‍
ചുമരുകള്‍ നാലുണ്ട്...
നാലും അടുത്തടുത്ത്
പേടി വേണ്ട.
“മാധവാ വൈശാഖക്കഞ്ഞിക്ക്
ചക്കേം തേങ്ങേം കൊണ്ടുക്കൊടുക്കണേ”
“ഈ മുത്തശ്ശിക്കൊന്നു മിണ്ടാതെ നാമം ജപിച്ചിരുന്നൂടെ...
മനുഷ്യനിവിടെ ഒന്ന് ഓര്‍ക്കൂട്ടാന്‍ പോലും നേരല്ല്യാണ്ടിരിക്കുമ്പൊഴാ... ഒരു...”
മിണ്ടാതെ നാമം ജപിക്കാമായിരുന്നു.. പണ്ടും
“ഈ അമ്മക്കെപ്പോഴും ഒരു നാമജപം...
ഒന്നിങ്ങട്ടു വരുന്നുണ്ടോ.. വിശന്നിട്ടുവയ്യ”
ചട്ടുകം പിടിച്ചു ദേവീമാഹാത്മ്യം
ചൊല്ലിത്തീര്‍ത്തതിന്‍ പുണ്യം
നന്നായി ഉപദേശിക്കുന്ന
പേരക്കുട്ടികളെ കിട്ടിയല്ലൊ
അമ്മേ നാരായണ!
അമ്പലക്കുളത്തില്‍ക്കുളി
കഞ്ഞുണ്ണിയും വെള്ളിലയും തലോടാന്‍
മുക്കുറ്റിച്ചാന്ത്
പൂവാംകുരുന്നിലക്കണ്മഷി
ഹരിതകം
ഓരോ ശ്വാസത്തിലും
മുത്തശ്ശി ശ്വസിച്ചു
ജീവന്റെ പച്ച.
കുക്കറിന്റെ വിസിലില്‍ ഇപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു
എണ്ണ തേച്ചില്ലെങ്കിലും വഴുക്കുന്ന
കുളിമുറിട്ടൈല്‍സില്‍
സര്‍ക്കസ്സാണു കുളി
വീഴാതെ പിടിച്ചുനടക്കാന്‍
ചുമരുകള്‍ നാലുണ്ട്...
നാലും അടുത്തടുത്ത്
പേടി വേണ്ട.
“മാധവാ വൈശാഖക്കഞ്ഞിക്ക്
ചക്കേം തേങ്ങേം കൊണ്ടുക്കൊടുക്കണേ”
“ഈ മുത്തശ്ശിക്കൊന്നു മിണ്ടാതെ നാമം ജപിച്ചിരുന്നൂടെ...
മനുഷ്യനിവിടെ ഒന്ന് ഓര്‍ക്കൂട്ടാന്‍ പോലും നേരല്ല്യാണ്ടിരിക്കുമ്പൊഴാ... ഒരു...”
മിണ്ടാതെ നാമം ജപിക്കാമായിരുന്നു.. പണ്ടും
“ഈ അമ്മക്കെപ്പോഴും ഒരു നാമജപം...
ഒന്നിങ്ങട്ടു വരുന്നുണ്ടോ.. വിശന്നിട്ടുവയ്യ”
ചട്ടുകം പിടിച്ചു ദേവീമാഹാത്മ്യം
ചൊല്ലിത്തീര്‍ത്തതിന്‍ പുണ്യം
നന്നായി ഉപദേശിക്കുന്ന
പേരക്കുട്ടികളെ കിട്ടിയല്ലൊ
അമ്മേ നാരായണ!
Subscribe to:
Posts (Atom)










