Wednesday, February 06, 2008

വരമൊഴിയ്ക്കെന്തിനാ വ്യാകരണം?

“സംശയം ഇനിയാണ് - ഇത്രയും പ്രാചീനമായ വ്യാകരണം, ഭാഷ അപഗ്രഥിക്കേണ്ടത് വാക്യം വച്ചാണെന്നും ഭാഷണത്തെ ഒഴിവാക്കാനാവില്ലെന്നും തിരിച്ചറിഞ്ഞിട്ടും നമ്മുടെ പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“

വെള്ളെഴുത്ത് എന്ന, സ്വല്‍പ്പം ചിന്തിച്ചാലെന്തെന്നു ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗര്‍ എഴുതിച്ചോദിച്ചതാണിത്. എന്റെ ചിന്താ ഡൌട്ട് കോമാ പറയുന്ന മറുപടി-

വ്യാകരണമല്ല ഭാഷ. വ്യാകരണത്തിന്റേതുമല്ല ഭാഷ. ഭാഷയുടേതാണു് വ്യാകരണം. ഭാഷയെ വിശകലനം ചെയ്യാനും അപഗ്രഥിച്ചുപഠിയ്ക്കാനുമുള്ള പഠനശാഖയാണു് വ്യാകരണം. നിലവിലുള്ള ഒരു ഭാഷയെ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ അപഗ്രഥിച്ചുപഠിയ്ക്കാന്‍ അതിന്റെവ്യാകരണം പഠിച്ചാല്‍ എളുപ്പമാവും. വിശാലമായ ഒന്നിനെ മനസ്സില്‍‌വെച്ചുകൊണ്ട് അതിലെ ഘടകങ്ങളെ നിരീക്ഷിക്കുക എന്നതാണ് അറിവിനെ ഉള്‍ക്കൊള്ളാനുള്ള - മനസ്സിലാക്കാനുള്ള നല്ലരീതി എന്നാണെന്റെ പക്ഷം. സമഷ്ടിയുടെ ഭാഗമായി വ്യഷ്ടിയെ കണ്ടു് ആകപ്പാടെ ഒരാശയം തെളിഞ്ഞതിനുശേഷം, വ്യഷ്ടിയുടെ വിശകലനത്തിലെയ്ക്കും സൂക്ഷ്മമായ കാര്യങ്ങലിലേയ്ക്കും ഇറങ്ങിച്ചെല്ലുക എന്ന രീതി.


ഉദാഹരണം പറയാം-

നാം ഒരു സിനിമ കാണുകയാണെന്നു കരുതുക. ഒന്നാമത്തെ സീനില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സീനാണെന്നിരിയ്ക്കട്ടെ രണ്ടാം സീന്‍. സിനിമ കണ്ടുപരിചയമില്ലാത്തവരാണെങ്കില്‍ അപ്പോഴേ അടുത്തിരിയ്ക്കുന്നവരോടു ചോദ്യങ്ങള്‍ ചോദിയ്ക്കാ‍ന്‍ തുടങ്ങും. എന്നാല്‍ സിനിമകണ്ടു പരിചയമുള്ളവരാണെങ്കില്‍, മൊത്തമായ ഒരു ‘ഒന്നിന്റെ’ ഭാഗമായി സീനുകളെകാണുകയും, ഓരോ ഭാഗത്തേയും വെവ്വേറെകാണാതിരിയ്ക്കുകയും ചെയ്യും. അപ്പോള്‍ ഒന്നാം സീനിന്റെ തുടര്‍ച്ച നാലാം സീനിലാണെങ്കില്‍പ്പോലും അര്‍ഥം മനസ്സിലാക്കുകതന്നെചെയ്യും. മൊത്തമായ ഒരൊന്നിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് അര്‍ഥം കൂടുതല്‍ വ്യക്തമായി മനസ്സിലാവുക. ഓരോ സീനിനേയും പ്രത്യേകം പ്രത്യേകം ഒറ്റയൊറ്റയായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ കഥയെ മുഴുവനായി മനസ്സിലാവാന്‍ കൂടുതല്‍ പ്രയാസം നേരിടും. മൊത്തമായ ഒരു കാഴ്ചയ്ക്കും മനസ്സിലാക്കലിനും ശേഷം ഓരോ ഘടകത്തേയും കീറിമുറിച്ച് വിശകലനം ചെയ്യാം. അപ്പോള്‍ ഓരോ ഘടകത്തിന്റേയും പ്രാധാന്യവും പ്രത്യേകതയും കൂടുതല്‍ മനസ്സിലാക്കാനും സാധിയ്ക്കും.

ഇനി പ്രകൃതത്തിലേയ്ക്കുവരാം- ഭാഷയെ സമഗ്രമായിനിരീക്ഷിച്ച്, ആ വിശാലമായ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് പാണിനിയെപ്പോലുള്ള മഹാവൈയാകരണന്മാര്‍ ഘടകങ്ങളെ അപഗ്രഥിച്ചതും വിശകലനം ചെയ്തതും. പിന്നീടുവരുന്നവര്‍ക്കായി ആ കണ്ടെത്തലുകളെല്ലാം ക്രോഡീകരിച്ചതും ഓര്‍മ്മിയ്ക്കാന്‍ പാകത്തില്‍ സൂത്രങ്ങളാക്കിയതും ഭാഷാപഠനത്തെ സഹായിക്കാനാണു്. ഭാഷാപ്രയോഗത്തില്‍ അസ്വതന്ത്രത വരുത്താനല്ല. എഴുത്ത് എന്നാല്‍ ലിപികളാല്‍ ഭാഷയെ രേഖപ്പെടുത്തുന്ന രീതി. ലിപിയ്ക്കല്ല വ്യാകരണം. ഭാഷണഭാഷയ്ക്കുതന്നെയാണ്, എന്നാണു് എന്റെ മനസ്സിലാക്കല്‍.

അതോ “പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് വാമൊഴിവഴക്കമില്ലാത്ത വരമൊഴിഭാഷയ്ക്കെന്തിനാ ഇത്രയും നിബന്ധനകള്‍ എന്നാണോ? അതിനും അഭിപ്രായം പറയാന്‍ ശ്രമിയ്ക്കട്ടേ-

വാമൊഴി എന്നാല്‍ പറയുന്നഭാഷ (പറയപ്പെടുന്ന ഭാഷ). നമ്മള്‍ സാധാരണയായി എന്തെങ്കിലും പറയുന്നതു് എപ്പോഴാണു്? ആരെങ്കിലും കേള്‍ക്കാനുള്ളപ്പോള്‍. അതായത് വക്താവും ശ്രോതാവും പറഞ്ഞാല്‍കേള്‍ക്കാന്‍ പാകത്തില്‍ അടുത്തുനില്‍ക്കുമ്പോള്‍. ശരിയല്ലേ? ആ അവസ്ഥയില്‍ വക്താവും ശ്രോതാവും പൊതുവില്‍ ഒരേ സമയം- ഒരേ സ്ഥലം, ഒരേ പരിതസ്ഥിതി എന്നീ കണ്ടീഷനുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. മിക്കവാറും ഭാഷണത്തിന്റെ പശ്ചാത്തലം ഒന്നുതന്നെയാവാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ഥം തന്നെ കേള്‍ക്കുന്നവനിലേയ്ക്കു വിനിമയം ചെയ്യപ്പെടും. അതായത് വാമൊഴിയ്ക്ക് ഒരു ഏകീകരണത്തിന്റേയോ(സ്റ്റാന്‍ഡേഡൈസേഷന്റേയോ) വ്യവസ്ഥയുടേയോ അധികം ആവശ്യം നേരിടുന്നില്ല.

എന്നാല്‍ വരമൊഴിയുടെ സ്ഥിതിയോ?

എഴുത്തുകാരി എഴുതുന്നത്, പുസ്തകത്തിലോ ബ്ലോഗിലോ ആവട്ടേ, അവള്‍ എന്തെല്ലാം ആശയങ്ങളുടെ പശ്ചാത്തലത്തിലാണു് പറയുന്നതെന്നോ ആധികാരികമായി പറയാന്‍ കഴിയുന്നവളാണെന്നോ, വിദ്യാര്‍ഥിനിയാണെന്നോ, അല്പജ്ഞാനം കൊട്ടിഗ്ഘോഷിയ്ക്കുന്നവളാണെന്നോ ഒന്നും അറിയാത്ത ഒരു വായനക്കാരനിലേയ്ക്ക് (ആ വ്യക്തിയുടെ അറിവിന്റെ പശ്ചാത്തലം എഴുതുന്നവ്യക്തിയ്ക്കും ഉണ്ടാവില്ല) വിനിമയം ചെയ്യാന്‍ ഒട്ടൊക്കെ ഏകീകൃതമായ (സ്റ്റാന്‍ഡേര്‍ഡ് ആയ ജനറലൈസ്ഡ് ആയ), വ്യവസ്ഥാപിതമായ നിയന്ത്രിതമായ ഭാഷ അത്യന്താപേക്ഷിതമാണു്. ഇവിടെയാണു് വ്യാകരണത്തിന്റെ പ്രസക്തി.

Monday, February 04, 2008

സംസ്കൃതവ്യാകരണചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം

[ ‘ഭാഷയെ അപഗ്രഥിയ്ക്കാനുള്ള ഒരു പദ്ധതി (വ്യാകരണം)‘ എങ്ങനെ രൂപം കൊണ്ടു? അതിലേക്കു നയിച്ച കാരണങ്ങള്‍ എന്താവാം...എന്നൊക്കെ പറയാന്‍ ശ്രമിക്കുകയാണിവിടെ. കാലഗണന ഒഴിവാക്കിയുള്ള ഒരു ചരിത്രം പറച്ചില്‍]

വേദങ്ങളാണ് മനുഷ്യസമൂഹത്തിന്റെ ആദ്യത്തെ സാഹിത്യം എന്നാണു കരുതപ്പെടുന്നത്. വേദങ്ങള്‍ പരമ്പരയാ അതീവശ്രദ്ധയോടെ ഗുരുമുഖത്തുനിന്നും കേട്ടുകേട്ടു പഠിച്ച് മനനം ചെയ്ത്, ബോധ്യപ്പെട്ട്, ‘വിവരം‘ എന്നത് ‘അറിവ് ‘എന്ന അവസ്ഥയിലേയ്ക്കെത്തണം... അതായിരുന്നു വിദ്യാഭ്യാസരീതി. വേദങ്ങള്‍ “ശ്രുതികള്‍” എന്നും അറിയപ്പെടുന്നു (കേട്ടുകേട്ട് കിട്ടുന്നത്! എന്നു പറയാം അല്ലേ?)വേദകാലത്തുതന്നെ ഋഷിമാരും മറ്റും ഭാഷയുടെ കാര്യത്തില്‍ ദത്തശ്രദ്ധരായിരുന്നു. ഋക് പ്രാതിശാഖ്യം, വാജസനേയപ്രാതിശാഖ്യം തുടങ്ങിയവ ‘ശിക്ഷ’ എന്ന ഉച്ചാരണശാസ്ത്രത്തിന് അടിത്തറപാകി. നിരുക്തകാരനായ യാസ്കാചാര്യര്‍ പദങ്ങളെ വേര്‍തിരിച്ച്, അടുക്കി ‘നിഘണ്ടു” തയ്യാറാക്കിയിരുന്നു. ഭാരതത്തില്‍ വ്യാകരണക്കാര്‍ മാത്രമായിരുന്നില്ല ഭാഷയെക്കുറിച്ചു പഠിച്ചത്. മീമാംസകരും നൈയായികരും ഒക്കെ ഭാഷയുടെ പ്രത്യേകതകളെ കൂലംകഷമായി അപഗ്രഥിച്ചിരുന്നു. സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പല സിദ്ധാന്തങ്ങളും കണ്ടെത്തി ആവിഷ്കരിച്ചിട്ടുണ്ട്.

ആശയവിനിമയത്തിനുള്ള ഒരു ഉപാധി(ടൂള്‍) മാത്രമല്ല ഭാഷ. ആശയവിനിമയം ഭാഷയുടെ ഒരു ഭാവം മാത്രമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. ഭാഷണഭാഷയെ നിരീക്ഷിച്ചതില്‍നിന്നും വാക്യമാണ് ഭാഷയുടെ അടിസ്ഥാന ഘടകം എന്നു മനസ്സിലാക്കി. വാക്യത്തെ അപഗ്രഥിച്ച് “നാമങ്ങള്‍, ക്രിയകള്‍ എന്നു പദങ്ങളെ വേര്‍തിരിക്കാമെന്നു കണ്ടെത്തി. ഒരു വാക്യത്തില്‍ ക്രിയയാണേറ്റവും പ്രധാനമെന്നും (വാക്യത്തെ പൂര്‍ണ്ണമാക്കാന്‍ ക്രിയ കൂടിയേ തീരൂ എന്ന അര്‍ഥത്തില്‍) ക്രിയയോടു പൊരുത്തപ്പെടുന്ന തരത്തില്‍ നാമപദങ്ങള്‍ക്കു മാറ്റം വരുന്നുണ്ടെന്നും നിരീക്ഷിച്ചു. കാരകങ്ങളെയും അവയ്ക്കനുസൃതമായി വിഭക്തികളേയും കണ്ടെത്തി, പദത്തെ ധാതുവും പ്രത്യയവും എന്നു രണ്ടാക്കിപ്പിരിക്കാമെന്നു കണ്ടു. ക്രിയാധാതുവിനോടു ചേര്‍ക്കുന്ന പ്രത്യയങ്ങള്‍ക്ക്‌ ‘കാലം,ഭാവം...തുടങ്ങിയ അര്‍ഥങ്ങള്‍ കല്‍പ്പിക്കപ്പെട്ടു, അങ്ങനെ അങ്ങനെ... ഈ അസംഖ്യം കാര്യങ്ങള്‍ മനസ്സില്‍ ഓര്‍മ്മിക്കാന്‍ പാകത്തില്‍ അടുക്കിയടുക്കി സൂത്രങ്ങളാക്കിവെച്ചു, വൈയാകരണന്മാര്‍. പാണിനിയ്ക്കുമുന്‍പ്, ശാകടായനവ്യാകരണം, സാരസ്വതവ്യാകരണം തുടങ്ങി എട്ടോ ഒമ്പതോ വ്യാകരണപദ്ധതികള്‍ ഉണ്ടായിരുന്നു. സ്ഫോടായനന്‍, ആപിശലി, ശാകല്യന്‍, ഗാലവന്‍, ഗാര്‍ഗ്യന്‍ തുടങ്ങി പത്തോളം വ്യാകരണാചാര്യന്മാര്‍ പാണിനിയ്ക്കുമുന്‍പേ ഉണ്ടായിരുന്ന വൈയാകരണന്മാരാണ്.

പാണിനി, എട്ടദ്ധ്യായങ്ങളിലായി നാലായിരത്തോളം സൂത്രങ്ങള്‍ കൊണ്ട് ഭാഷയിലെ അന്തര്‍ലീനങ്ങളായ സവിശേഷതകളെ അഷ്ടാധ്യായി എന്ന ഗ്രന്ഥത്തില്‍ സമഗ്രമായി പ്രതിപാദിച്ചു. അഷ്ടാധ്യായിയുടെ - പാണിനീയത്തിന്റെ- സൂക്ഷ്മതയും സമഗ്രതയും സൂത്രശൈലിയും അത്യന്തം ശ്ലാഘനീയമായതിനാല്‍ പാണിനീയവ്യാകരണപദ്ധതിയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഭാഷാപഗ്രഥനത്തില്‍ കാണിച്ച സമഗ്രതയും സൂക്ഷ്മതയും, പാണിനീയവ്യാകരണമാണ് സംസ്കൃതവ്യാകരണം എന്നു ഭാഷാകുതുകികള്‍ തീരുമാനിയ്ക്കാന്‍ സാഹചര്യമൊരുക്കി.

വ്യാഡിയുടെ ‘സംഗ്രഹം’ അഷ്ടാധ്യായിയ്ക്കുള്ള വിശദമായ ഒരു വ്യാഖ്യാനമായിരുന്നു. ലക്ഷത്തിലധികം ശ്ലോകങ്ങളടങ്ങുന്ന ‘സംഗ്രഹ‘ത്തില്‍ ഭാഷയുടെ തത്വശാസ്ത്രങ്ങളെപ്പറ്റിയും വിസ്തരിച്ചു പ്രതിപാദിയ്ക്കുന്നുണ്ടത്രേ. എന്നാല്‍ ഈ കൃതി ഇപ്പോള്‍ ലഭ്യമല്ല. പാണിനിയ്ക്കുശേഷം കാത്യായനന്‍(വരരുചി എന്നു പേരു പറയാറുണ്ട്) വാര്‍ത്തികമെഴുതി. പാണിനി പറഞ്ഞ ചില കാര്യങ്ങളില്‍ പൂര്‍ണ്ണതപോരാ എന്നു തോന്നിയ ഇടങ്ങളില്‍ പൂര്‍ണ്ണതവരുത്താനുള്ള ശ്രമമായിരുന്നു, കാത്യായനന്റേത്. പാണിനിയ്ക്കു ശേഷം ഭാഷാപ്രയോഗത്തില്‍ വന്ന മാറ്റങ്ങളും കാത്യായനന്‍ കണക്കിലെടുത്ത് ഉള്‍ക്കൊള്ളിച്ചതാവാനും സാധ്യതയുണ്ട്. പതഞ്ജലിയാണ് ഈ നിരയിലെ അടുത്ത മഹാശയന്‍. മഹാഭാഷ്യം എന്ന കൃതിയിലൂടെ പാണിനിയുടെ സൂത്രങ്ങളേയും ഭാഷയുടെ പ്രത്യേകതകളേയും ഒരുചര്‍ച്ചയുടെ രൂപത്തില്‍ ലളിതമായ ഭാഷയിലൂടെ ഊട്ടിയുറപ്പിക്കുകയാണ് പതഞ്ജലി ചെയ്തത്.

പാണിനി (സൂത്രകാരന്‍); കാത്യായനന്‍(വാര്‍ത്തികകാരന്‍); പതഞ്ജലി(ഭാഷ്യകാരന്‍) ഇവര്‍ വ്യാകരണശാസ്ത്രത്തില്‍ “മുനിത്രയം” എന്നറിയപ്പെടുന്നു.

മഹാഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി, ഭര്‍തൃഹരി, കൈയടന്‍ , നാഗേശഭട്ടന്‍ തുടങ്ങിയവര്‍ വ്യാഖ്യാനങ്ങള്‍ രചിച്ചു. ചില ഭാഷാസങ്കേതങ്ങളെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ വ്യാഖ്യാനങ്ങള്‍ വഴിതുറന്നു.

അഷ്ടാധ്യായിയെ വ്യാഖ്യാനിച്ചവരില്‍ ഇനിയുള്ള പ്രമുഖര്‍ ജയാദിത്യ വാമനന്മാരാണ്. “കാശികാ” എന്നാണ് അവര്‍ രണ്ടുപേരും ചേര്‍ന്നെഴുതിയ കൃതി. ഈ കാശികയെ ഒന്നുകൂടി പ്രകാശിപ്പിച്ചുകൊണ്ട്, രാമചന്ദ്രാചാര്യര്‍ ‘പ്രക്രിയാകൌമുദി’ രചിച്ചു. കാശികയിലെ അപാകതകള്‍ തീര്‍ത്ത് പരിഷ്കരിക്കാനായി ഭട്ടോജി ദീക്ഷിതര്‍ “വൈയാകരണസിദ്ധാന്തകൌമുദി” രചിച്ചു. ഇതാണ് ഇപ്പോള്‍ വ്യാകരണം പഠിക്കുന്നവര്‍ പ്രാഥമികമായി പഠിക്കുന്നത്. വൈയാകരണസിദ്ധാന്തകൌമുദിയുടെ വ്യാഖ്യാനമാണ് , വാസുദേവദീക്ഷിതരുടെ “ബാലമനോരമാ”.

[ഇതൊരു ഉപരിപ്ലവമായ എത്തിനോട്ടമേ ആകുന്നുള്ളൂ.]

**************************************************

ഞാന്‍ പ്രതീക്ഷിയ്ക്കുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും-

1. വ്യാകരണം ആണോ ആദ്യം ഉണ്ടായത്? വ്യാകരണത്തില്‍നിന്നല്ലേ ഭാഷയുണ്ടായത്?
അല്ല. നിലവിലുള്ള ഭാഷയെ നിരന്തരം നിരീക്ഷിച്ച് ഭാഷാപ്രയോഗങ്ങള്‍ക്കു പിന്നിലെ നിയമങ്ങള്‍ കണ്ടെത്തിയ ഭാഷാകുതുകികള്‍, ഇനിവരുന്നവര്‍ക്കു ഭാഷാപഠനം എളുപ്പമാക്കാനും ഭാഷയ്ക്ക് കാലംചെല്ലുന്തോറും അപചയം നേരിടാതിരിക്കാനും വേണ്ടി ചിട്ടപ്പെടുത്തിക്രമീകരിയ്ക്കുന്നതാണ് വ്യാകരണം.

2. പാണിനിയുടെ കണിശമായ നിലപാടുകള്‍ കാരണം ഭാഷയുടെ പിന്നീടുള്ള വളര്‍ച്ച മുരടിച്ചുവോ?
പാണിനി അന്നു നിലവിലുള്ള ഭാഷയെ സമഗ്രമായിത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. മാറ്റങ്ങളെയും പ്രാദേശികഭേദങ്ങളേയും ഒക്കെ കുറേയൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനുവേണ്ടി, ഓപ്ഷണല്‍ നിയമങ്ങള്‍ അവിടവിടെ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, പ്ണ്ഡിതരായ ആചാര്യന്മാര്‍ (അറിവിനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍) പ്രയോഗിക്കുന്നവാക്കുകള്‍ സാധുവായിത്തന്നെ കണക്കാക്കണം, എഴുതിവെച്ച വ്യാകരണനിയമത്തെ അതിവര്‍ത്തിക്കുന്നുവെങ്കില്‍പ്പോലും, എന്നായിരുന്നു അന്നത്തെ നിലപാട്. പിന്നീടുള്ള കാലഘട്ടത്തില്‍ സംസ്കൃതജ്ഞര്‍ക്കു വളരെ നിര്‍ബന്ധമുണ്ടായിരുന്നു, പാണിനീയവ്യാകരണാനുസാരം തന്നെ വേണം ഭാഷാപ്രയോഗം എന്നത്. അതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിയ്ക്കാം. മറ്റുഭാഷകളുടെ കുത്തൊഴുക്കിലും, സംസ്കൃതത്തിന്റെ തനതുരൂപം നശിക്കാതിരുന്നതിന് ആ നിര്‍ബന്ധബുദ്ധി സഹായിച്ചു എന്നുവേണം കരുതാന്‍.3. പാണിനീയവ്യാകരണത്തെ അവലംബിച്ചു പില്‍ക്കാലവാര്‍ത്തികങ്ങളും ഭാഷ്യവുമല്ലാതെ പുതിയ ഒരു വ്യാകരണപദ്ധതി ഉണ്ടായിട്ടുണ്ടോ?ചന്ദ്രഗൌമിന്‍ എന്ന പണ്ഡിതന്‍ പാണിനീയത്തില്‍, താഴെപ്പറയുന്ന പരിഷ്കാരങ്ങള്‍ വരുത്തി, പുതിയ കെട്ടും മട്ടും കൊടുക്കാന്‍-൧. വൈദികസംസ്കൃതവുമായി ബന്ധപ്പെട്ട മുന്നൂറോളം സൂത്രങ്ങള്‍ എടുത്തുമാറ്റി.൨. കാത്യായനനും പതഞ്ജലിയും വ്യാഖ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ച ചില കാര്യങ്ങള്‍ കൂടി സൂത്രങ്ങളാക്കി കൂട്ടിച്ചേര്‍ത്തു.(ഇതു പക്ഷേ പാണിനീയത്തിന്റെ (അഷ്ടാധ്യായിയുടെ മാറ്റുകുറച്ചില്ല)

4. പാണിനിയില്‍നിന്നും സംസ്കൃതം പുരോഗമിയ്ക്കാത്തതെന്തുകൊണ്ട്?
പുരോഗമനം എന്നാല്‍ അഭിവൃദ്ധി എന്നാണു പൊതുവേ അര്‍ഥം ധരിക്കുക പതിവ്. ആദ്യം ഉണ്ടായതു പ്രിമിറ്റീവ് ആണെങ്കില്‍ കാലം കഴിയുന്തോറും അതു കൂടുതല്‍ വികസിക്കുകയോ അല്ലെങ്കില്‍ സാഹചര്യങ്ങളെ അതിവര്‍ത്തിക്കാനാവാതെ നശിക്കുകയോ ചെയ്യും. എന്നാല്‍ പാണിനിയുടെ വ്യാകരണപദ്ധതി സമഗ്രവും സൂക്ഷ്മവും സുഘടിതവുമാണ്. പൂര്‍ണ്ണമായതിനെ മനസ്സില്‍ കണ്ടുകൊണ്ടാണ് പാണിനി ഘടകങ്ങളെ നിരീക്ഷിക്കുന്നത് എന്നു വേണം പറയാന്‍.(ഒരു കവിതയോ കഥയോ എഴുതുമ്പോള്‍ എന്തോ ഒരാശയം മനസ്സിലുള്ളത്, പലപലവാക്കുകളിലൂടെ ഉരുത്തിരിഞ്ഞ് ഒരു കൃതിയായി രൂപപ്പെടുന്നില്ലേ? അതുപോലെ പൂര്‍ണ്ണതയുടെ പശ്ചാത്തലത്തിലാണ് ഘടകങ്ങള്‍ പ്രകാശിച്ചത്. അല്ലാതെ, ഒരാശയവുമില്ലാതെ, വെറുതേ കുറേ പദങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയ കവിതയോ കഥയോ അത്രത്തോളം നന്നാവാനിടയില്ല. പറഞ്ഞുവന്നത്, പാണിനിയുടെ വ്യാകരണം വാക്കുകളെ ഒറ്റയ്ക്കൊറ്റയ്ക്കല്ല വിശകലനം ചെയ്യുന്നത്, പൂര്‍ണ്ണമായ ഒന്നിന്റെ ഘടകം എന്ന നിലയ്ക്കാണ്. ആ ഹോളിസ്റ്റിക് അപ്പ്രോച് ആയിരിക്കാം അതിന്റെ മേന്മയ്ക്കു നിദാനം. (എന്റെ അഭിപ്രായമാണ്)