“സംശയം ഇനിയാണ് - ഇത്രയും പ്രാചീനമായ വ്യാകരണം, ഭാഷ അപഗ്രഥിക്കേണ്ടത് വാക്യം വച്ചാണെന്നും ഭാഷണത്തെ ഒഴിവാക്കാനാവില്ലെന്നും തിരിച്ചറിഞ്ഞിട്ടും നമ്മുടെ പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“
വെള്ളെഴുത്ത് എന്ന, സ്വല്പ്പം ചിന്തിച്ചാലെന്തെന്നു ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗര്‍ എഴുതിച്ചോദിച്ചതാണിത്. എന്റെ ചിന്താ ഡൌട്ട് കോമാ പറയുന്ന മറുപടി-
വ്യാകരണമല്ല ഭാഷ. വ്യാകരണത്തിന്റേതുമല്ല ഭാഷ. ഭാഷയുടേതാണു് വ്യാകരണം. ഭാഷയെ വിശകലനം ചെയ്യാനും അപഗ്രഥിച്ചുപഠിയ്ക്കാനുമുള്ള പഠനശാഖയാണു് വ്യാകരണം. നിലവിലുള്ള ഒരു ഭാഷയെ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ അപഗ്രഥിച്ചുപഠിയ്ക്കാന്‍ അതിന്റെവ്യാകരണം പഠിച്ചാല്‍ എളുപ്പമാവും. വിശാലമായ ഒന്നിനെ മനസ്സില്‍വെച്ചുകൊണ്ട് അതിലെ ഘടകങ്ങളെ നിരീക്ഷിക്കുക എന്നതാണ് അറിവിനെ ഉള്‍ക്കൊള്ളാനുള്ള - മനസ്സിലാക്കാനുള്ള നല്ലരീതി എന്നാണെന്റെ പക്ഷം. സമഷ്ടിയുടെ ഭാഗമായി വ്യഷ്ടിയെ കണ്ടു് ആകപ്പാടെ ഒരാശയം തെളിഞ്ഞതിനുശേഷം, വ്യഷ്ടിയുടെ വിശകലനത്തിലെയ്ക്കും സൂക്ഷ്മമായ കാര്യങ്ങലിലേയ്ക്കും ഇറങ്ങിച്ചെല്ലുക എന്ന രീതി.
ഉദാഹരണം പറയാം-
നാം ഒരു സിനിമ കാണുകയാണെന്നു കരുതുക. ഒന്നാമത്തെ സീനില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സീനാണെന്നിരിയ്ക്കട്ടെ രണ്ടാം സീന്‍. സിനിമ കണ്ടുപരിചയമില്ലാത്തവരാണെങ്കില്‍ അപ്പോഴേ അടുത്തിരിയ്ക്കുന്നവരോടു ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങും. എന്നാല്‍ സിനിമകണ്ടു പരിചയമുള്ളവരാണെങ്കില്‍, മൊത്തമായ ഒരു ‘ഒന്നിന്റെ’ ഭാഗമായി സീനുകളെകാണുകയും, ഓരോ ഭാഗത്തേയും വെവ്വേറെകാണാതിരിയ്ക്കുകയും ചെയ്യും. അപ്പോള്‍ ഒന്നാം സീനിന്റെ തുടര്‍ച്ച നാലാം സീനിലാണെങ്കില്‍പ്പോലും അര്‍ഥം മനസ്സിലാക്കുകതന്നെചെയ്യും. മൊത്തമായ ഒരൊന്നിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് അര്‍ഥം കൂടുതല്‍ വ്യക്തമായി മനസ്സിലാവുക. ഓരോ സീനിനേയും പ്രത്യേകം പ്രത്യേകം ഒറ്റയൊറ്റയായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ കഥയെ മുഴുവനായി മനസ്സിലാവാന്‍ കൂടുതല്‍ പ്രയാസം നേരിടും. മൊത്തമായ ഒരു കാഴ്ചയ്ക്കും മനസ്സിലാക്കലിനും ശേഷം ഓരോ ഘടകത്തേയും കീറിമുറിച്ച് വിശകലനം ചെയ്യാം. അപ്പോള്‍ ഓരോ ഘടകത്തിന്റേയും പ്രാധാന്യവും പ്രത്യേകതയും കൂടുതല്‍ മനസ്സിലാക്കാനും സാധിയ്ക്കും.
ഇനി പ്രകൃതത്തിലേയ്ക്കുവരാം- ഭാഷയെ സമഗ്രമായിനിരീക്ഷിച്ച്, ആ വിശാലമായ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് പാണിനിയെപ്പോലുള്ള മഹാവൈയാകരണന്മാര്‍ ഘടകങ്ങളെ അപഗ്രഥിച്ചതും വിശകലനം ചെയ്തതും. പിന്നീടുവരുന്നവര്‍ക്കായി ആ കണ്ടെത്തലുകളെല്ലാം ക്രോഡീകരിച്ചതും ഓര്‍മ്മിയ്ക്കാന്‍ പാകത്തില്‍ സൂത്രങ്ങളാക്കിയതും ഭാഷാപഠനത്തെ സഹായിക്കാനാണു്. ഭാഷാപ്രയോഗത്തില്‍ അസ്വതന്ത്രത വരുത്താനല്ല. എഴുത്ത് എന്നാല്‍ ലിപികളാല്‍ ഭാഷയെ രേഖപ്പെടുത്തുന്ന രീതി. ലിപിയ്ക്കല്ല വ്യാകരണം. ഭാഷണഭാഷയ്ക്കുതന്നെയാണ്, എന്നാണു് എന്റെ മനസ്സിലാക്കല്‍.
അതോ “പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് വാമൊഴിവഴക്കമില്ലാത്ത വരമൊഴിഭാഷയ്ക്കെന്തിനാ ഇത്രയും നിബന്ധനകള്‍ എന്നാണോ? അതിനും അഭിപ്രായം പറയാന്‍ ശ്രമിയ്ക്കട്ടേ-
വാമൊഴി എന്നാല്‍ പറയുന്നഭാഷ (പറയപ്പെടുന്ന ഭാഷ). നമ്മള് സാധാരണയായി എന്തെങ്കിലും പറയുന്നതു് എപ്പോഴാണു്? ആരെങ്കിലും കേള്‍ക്കാനുള്ളപ്പോള്‍. അതായത് വക്താവും ശ്രോതാവും പറഞ്ഞാല്‍കേള്‍ക്കാന്‍ പാകത്തില്‍ അടുത്തുനില്ക്കുമ്പോള്. ശരിയല്ലേ? ആ അവസ്ഥയില്‍ വക്താവും ശ്രോതാവും പൊതുവില്‍ ഒരേ സമയം- ഒരേ സ്ഥലം, ഒരേ പരിതസ്ഥിതി എന്നീ കണ്ടീഷനുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. മിക്കവാറും ഭാഷണത്തിന്റെ പശ്ചാത്തലം ഒന്നുതന്നെയാവാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ഥം തന്നെ കേള്‍ക്കുന്നവനിലേയ്ക്കു വിനിമയം ചെയ്യപ്പെടും. അതായത് വാമൊഴിയ്ക്ക് ഒരു ഏകീകരണത്തിന്റേയോ(സ്റ്റാന്‍ഡേഡൈസേഷന്റേയോ) വ്യവസ്ഥയുടേയോ അധികം ആവശ്യം നേരിടുന്നില്ല.
എന്നാല്‍ വരമൊഴിയുടെ സ്ഥിതിയോ?
എഴുത്തുകാരി എഴുതുന്നത്, പുസ്തകത്തിലോ ബ്ലോഗിലോ ആവട്ടേ, അവള് എന്തെല്ലാം ആശയങ്ങളുടെ പശ്ചാത്തലത്തിലാണു് പറയുന്നതെന്നോ ആധികാരികമായി പറയാന്‍ കഴിയുന്നവളാണെന്നോ, വിദ്യാര്‍ഥിനിയാണെന്നോ, അല്പജ്ഞാനം കൊട്ടിഗ്ഘോഷിയ്ക്കുന്നവളാണെന്നോ ഒന്നും അറിയാത്ത ഒരു വായനക്കാരനിലേയ്ക്ക് (ആ വ്യക്തിയുടെ അറിവിന്റെ പശ്ചാത്തലം എഴുതുന്നവ്യക്തിയ്ക്കും ഉണ്ടാവില്ല) വിനിമയം ചെയ്യാന്‍ ഒട്ടൊക്കെ ഏകീകൃതമായ (സ്റ്റാന്‍ഡേര്‍ഡ് ആയ ജനറലൈസ്ഡ് ആയ), വ്യവസ്ഥാപിതമായ നിയന്ത്രിതമായ ഭാഷ അത്യന്താപേക്ഷിതമാണു്. ഇവിടെയാണു് വ്യാകരണത്തിന്റെ പ്രസക്തി.
8 comments:
This is a good post, but I am not intereted in grammar....so I am leaving...
ജ്യോതി ടീചറിന്റെ ബ്ളോഗില്‍ വന്നിട്ടു ഒത്തിരി നാളായി
വ്യാകരണമേ ഇല്ലാതെ ഭാഷയിലെ സുല്‍ താനായ ആളുടെ ജന്മശതബ്ദി സമയത്തു ഇതു കണ്ടപ്പൊള്‍ ....
എഴുതുമ്പോള്‍, വ്യാകരണത്തിന്റെ പാതയിലൂടെ പോയാല്‍ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ആശയവിനിമയം വേഗം സാദ്ധ്യമാവും, കൂടുതല്‍ എളുപ്പമാവും എന്നാണോ?
ശിവകുമാറേ, ആത്മാര്‍ഥമായി എല്ലാ ബ്ലോഗും നടന്നുവായിക്കുന്നണ്ടല്ലേ? പൊയ്ക്കോളൂ, വൈകണ്ട :)
അനാഗതന്‍ :) സൂ ജി :)
വ്യാകരണം എന്നാലെന്താ?
“എന്റെ ചോറൂണു കഴിഞ്ഞു” എന്നു വാചകത്തില്‍ വ്യാകരണമുണ്ടോ ഇല്യോ?
ഞാന്‍ ചോറുണ്ടു - എന്നു പറയാന്‍
“ഞാന്‍ കര്‍ത്താവ് ചോറ്കര്മ്മം ഉണ്ടു ക്രിയ (ഭൂതം)“ എന്നു പറയുന്നതാണോ വ്യാകരണം ഉള്ള പ്രയോഗം എന്നതുകൊണ്ട് നിങ്ങള്‍ ഉദ്ദേശിച്ചത് :)
ഞാനുദ്ദേശിച്ചത് അതല്ല. എഴുത്തുഭാഷയില്‍ വരുത്തുന്ന വ്യാകരണപ്പിശകുകള്‍ വാമൊഴിയില്‍ വരുന്ന പിശകുകളേക്കാള് പ്രശ്നം സൃഷ്ടിയ്ക്കും എന്നാണ്. അതായത്, വരമൊഴിയ്ക്ക് ഒരു ചിട്ട കൂടിയേ തീരൂ എന്ന്. വാമൊഴിയേക്കാള്‍ ചിട്ട വേണമെന്ന്.
കണ്ടതില്‍ സന്തോഷം :) മിണ്ടിയതിനും.
ഈ ക്ലാസ് ശരിയ്ക്കാസ്വദിച്ചു..
ഭംഗിയായി വിവരിച്ചു
നദി ജ്യോതി
സത്യത്തില്‍ മറുപടി അര്‍ഹിക്കാത്ത ഒരു കമന്റിനു വലിയൊരുത്തരമാണ് ഈ പോസ്റ്റ്. വളരെ നന്ദിയുണ്ട്..
ചോംസ്കിയന്‍ വ്യാകരണത്തെക്കുറിച്ച് അടുത്തകാലത്ത് വായിച്ചപ്പോഴാണ് പാണിനീയവും നമ്മുടെ വ്യാകരണങ്ങളും(അതില്‍ ഇംഗ്ലീഷും പെടും)തമ്മില്‍ ശ്രദ്ധേയമായ വ്യത്യാസമുണ്ടെന്നു മനസ്സിലായത്. പലപ്പോഴും നമ്മള് പാണിനീയത്തെക്കുറിച്ച് സംസാരിക്കുന്നത് പാരമ്പര്യ വ്യാകരണത്തിന്റെ ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടല്ലേ എന്നായിരുന്നു എന്റെ സംശയം. പിന്നിലേയ്ക്കൊരു പോക്കായിരുന്നു വ്യാകരണകാര്യത്തില്‍ ഇംഗ്ലീഷിന്റെ ചുവടു പിടിച്ച ഭാരതീയഭാഷകള്‍ നടത്തിയത്. നമ്മുടെ വ്യാകരണപഠനം പ്രധാനമായി നാമം ക്രിയ ഭേദകം, വിഭക്തി, അനുപ്രയോഗം ഇങ്ങനെയൊരു പോക്കായിരുന്നു. (പേരിന് വാക്യ ഘടനകളില്ലാതില്ല)ഇല്ലേ? പാര്‍ലമെന്റില്‍ ബില്ലു പാസാക്കിയെന്ന വാക്യം എന്തായാലും ഇംഗ്ലീഷല്ല. പക്ഷേ വാക്കുകള്‍ ഇംഗ്ലീഷാണു താനും. ഇതെങ്ങനെ മലയാളവാക്യ്മാകുന്നു എന്നു വിശദീകരിക്കാന്‍ നിലവിലുള്ള വ്യാകരണ പദ്ധതികള്‍ അസമര്‍ത്ഥമാണ്. തെറ്റും ശരിയും, ശുദ്ധമലയാളം പോലുള്ള പന്മനയുടെ പുസ്തകങ്ങള്‍ നോക്കുക.. അത്യന്തികമായ ഒരു ശരി (മാനകീകൃതരൂപം) ഉണ്ടെന്ന മട്ടിലാണ് അവിടെ ഭാഷാകാര്യം ചര്‍ച്ച ചെയ്യുന്നത്. വാക്കുകളുള്പ്പടെ സകലതും ക്രോഡീകരിക്കുകയും വര്‍ഗീകരിക്കുകയും ചെയ്ത സംസ്കൃതം തുടങ്ങിയ ഭാഷകള്‍ക്ക് ആധാരമാക്കാന്‍ ഏതെങ്കിലു അപൌരുഷേയങ്ങളായ പുസ്തകങ്ങളുണ്ടാവും. (അറബിക്കിന് ഖുര്‍ആന്‍ എന്ന പോലെ)അതല്ല, സാധാരണഭാഷയുടെ സ്ഥിതി. അവിടെ ശരിതെറ്റുകള്‍ വ്യക്തി നിഷ്ഠമാണെന്നു വരുന്നത് എത്രത്തോളം ശരിയാവും? അനാഗതശ്മശ്രു എഴുതിയതു പോലെ ബഷീര്‍ ‘കുളിച്ചല്ലേ’ എന്നു തുന്നരീ’ ന്നും എഴുതുന്നതു മലയാളം തന്നെയാണല്ലോ. അപ്പോള്‍ ആ മലയാളം എന്തെന്നു വിശദീകരിക്കാന്‍ വ്യാകരണത്തിനു കഴിയേണ്ടതല്ലേ? ഇപ്പോള്‍ തുന്നരി‘ തെറ്റ് എന്നും ‘സുന്ദരി’ ശരിയെന്നും മാത്രമല്ലേ പറയാന്‍ കഴിയൂ. ആ ന്യായം എങ്ങനെ ശരിയാവും?
ഞാന്‍ എന്റെ സംശയം ശരിയായ രീതിയില്‍ പറഞ്ഞോ ആവോ? ഭാഷയുടെ സമഗ്രതയെന്നത് വളരെ അമൂര്‍ത്തമായ ഒരു സങ്കല്പമാണ് എന്നാണ് പറഞ്ഞു വന്നത്. ആ ബോധം നല്കിയതാവട്ടെ, ചോംസ്കിയന്‍ വ്യാകരണത്തിന്റെ മുഖവുരയും. ആ ചോംസ്കി ഇഷ്ടപ്പെട്ട വ്യാകരണമാണ് പാണിനീയം. ഇതെല്ലാം കൂടിക്കുഴഞ്ഞതായിരുന്നു എന്റെ സംശയം (തംശയം!)
ഭൂമിപുത്രീ :) സന്തോഷം.
വെള്ളെഴുത്താശാനേ :)(ആദരവോടെയാണേ)
കമന്റിനു നന്ദി.
ചോംസ്കിയന്‍ വ്യാകരണചിന്തകള്ക്കായി ഏതുപുസ്തകമാണു വായിച്ചത്? ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച, ഡോ.ആനന്ദിന്റെ പുസ്തകമാണോ?
വേറേയും നല്ല പുസ്തകങ്ങള്‍ ഉണ്ടോ എന്നറിയാനാ :)
കൂടുതല്‍ അറിവുകള്‍ പകരുമല്ലോ
ആശംസക്കളോടെ
Post a Comment