“സംശയം ഇനിയാണ് - ഇത്രയും പ്രാചീനമായ വ്യാകരണം, ഭാഷ അപഗ്രഥിക്കേണ്ടത് വാക്യം വച്ചാണെന്നും ഭാഷണത്തെ ഒഴിവാക്കാനാവില്ലെന്നും തിരിച്ചറിഞ്ഞിട്ടും നമ്മുടെ പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“
വെള്ളെഴുത്ത് എന്ന, സ്വല്‍പ്പം ചിന്തിച്ചാലെന്തെന്നു ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗര്‍ എഴുതിച്ചോദിച്ചതാണിത്. എന്റെ ചിന്താ ഡൌട്ട് കോമാ പറയുന്ന മറുപടി-
വ്യാകരണമല്ല ഭാഷ. വ്യാകരണത്തിന്റേതുമല്ല ഭാഷ. ഭാഷയുടേതാണു് വ്യാകരണം. ഭാഷയെ വിശകലനം ചെയ്യാനും അപഗ്രഥിച്ചുപഠിയ്ക്കാനുമുള്ള പഠനശാഖയാണു് വ്യാകരണം. നിലവിലുള്ള ഒരു ഭാഷയെ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ അപഗ്രഥിച്ചുപഠിയ്ക്കാന്‍ അതിന്റെവ്യാകരണം പഠിച്ചാല്‍ എളുപ്പമാവും. വിശാലമായ ഒന്നിനെ മനസ്സില്‍വെച്ചുകൊണ്ട് അതിലെ ഘടകങ്ങളെ നിരീക്ഷിക്കുക എന്നതാണ് അറിവിനെ ഉള്‍ക്കൊള്ളാനുള്ള - മനസ്സിലാക്കാനുള്ള നല്ലരീതി എന്നാണെന്റെ പക്ഷം. സമഷ്ടിയുടെ ഭാഗമായി വ്യഷ്ടിയെ കണ്ടു് ആകപ്പാടെ ഒരാശയം തെളിഞ്ഞതിനുശേഷം, വ്യഷ്ടിയുടെ വിശകലനത്തിലെയ്ക്കും സൂക്ഷ്മമായ കാര്യങ്ങലിലേയ്ക്കും ഇറങ്ങിച്ചെല്ലുക എന്ന രീതി.
ഉദാഹരണം പറയാം-
നാം ഒരു സിനിമ കാണുകയാണെന്നു കരുതുക. ഒന്നാമത്തെ സീനില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സീനാണെന്നിരിയ്ക്കട്ടെ രണ്ടാം സീന്‍. സിനിമ കണ്ടുപരിചയമില്ലാത്തവരാണെങ്കില്‍ അപ്പോഴേ അടുത്തിരിയ്ക്കുന്നവരോടു ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങും. എന്നാല്‍ സിനിമകണ്ടു പരിചയമുള്ളവരാണെങ്കില്‍, മൊത്തമായ ഒരു ‘ഒന്നിന്റെ’ ഭാഗമായി സീനുകളെകാണുകയും, ഓരോ ഭാഗത്തേയും വെവ്വേറെകാണാതിരിയ്ക്കുകയും ചെയ്യും. അപ്പോള്‍ ഒന്നാം സീനിന്റെ തുടര്‍ച്ച നാലാം സീനിലാണെങ്കില്‍പ്പോലും അര്‍ഥം മനസ്സിലാക്കുകതന്നെചെയ്യും. മൊത്തമായ ഒരൊന്നിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് അര്‍ഥം കൂടുതല്‍ വ്യക്തമായി മനസ്സിലാവുക. ഓരോ സീനിനേയും പ്രത്യേകം പ്രത്യേകം ഒറ്റയൊറ്റയായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ കഥയെ മുഴുവനായി മനസ്സിലാവാന്‍ കൂടുതല്‍ പ്രയാസം നേരിടും. മൊത്തമായ ഒരു കാഴ്ചയ്ക്കും മനസ്സിലാക്കലിനും ശേഷം ഓരോ ഘടകത്തേയും കീറിമുറിച്ച് വിശകലനം ചെയ്യാം. അപ്പോള്‍ ഓരോ ഘടകത്തിന്റേയും പ്രാധാന്യവും പ്രത്യേകതയും കൂടുതല്‍ മനസ്സിലാക്കാനും സാധിയ്ക്കും.
ഇനി പ്രകൃതത്തിലേയ്ക്കുവരാം- ഭാഷയെ സമഗ്രമായിനിരീക്ഷിച്ച്, ആ വിശാലമായ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് പാണിനിയെപ്പോലുള്ള മഹാവൈയാകരണന്മാര്‍ ഘടകങ്ങളെ അപഗ്രഥിച്ചതും വിശകലനം ചെയ്തതും. പിന്നീടുവരുന്നവര്‍ക്കായി ആ കണ്ടെത്തലുകളെല്ലാം ക്രോഡീകരിച്ചതും ഓര്‍മ്മിയ്ക്കാന്‍ പാകത്തില്‍ സൂത്രങ്ങളാക്കിയതും ഭാഷാപഠനത്തെ സഹായിക്കാനാണു്. ഭാഷാപ്രയോഗത്തില്‍ അസ്വതന്ത്രത വരുത്താനല്ല. എഴുത്ത് എന്നാല്‍ ലിപികളാല്‍ ഭാഷയെ രേഖപ്പെടുത്തുന്ന രീതി. ലിപിയ്ക്കല്ല വ്യാകരണം. ഭാഷണഭാഷയ്ക്കുതന്നെയാണ്, എന്നാണു് എന്റെ മനസ്സിലാക്കല്‍.
അതോ “പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് വാമൊഴിവഴക്കമില്ലാത്ത വരമൊഴിഭാഷയ്ക്കെന്തിനാ ഇത്രയും നിബന്ധനകള്‍ എന്നാണോ? അതിനും അഭിപ്രായം പറയാന്‍ ശ്രമിയ്ക്കട്ടേ-
വാമൊഴി എന്നാല്‍ പറയുന്നഭാഷ (പറയപ്പെടുന്ന ഭാഷ). നമ്മള്‍ സാധാരണയായി എന്തെങ്കിലും പറയുന്നതു് എപ്പോഴാണു്? ആരെങ്കിലും കേള്‍ക്കാനുള്ളപ്പോള്‍. അതായത് വക്താവും ശ്രോതാവും പറഞ്ഞാല്‍കേള്‍ക്കാന്‍ പാകത്തില്‍ അടുത്തുനില്‍ക്കുമ്പോള്‍. ശരിയല്ലേ? ആ അവസ്ഥയില്‍ വക്താവും ശ്രോതാവും പൊതുവില്‍ ഒരേ സമയം- ഒരേ സ്ഥലം, ഒരേ പരിതസ്ഥിതി എന്നീ കണ്ടീഷനുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. മിക്കവാറും ഭാഷണത്തിന്റെ പശ്ചാത്തലം ഒന്നുതന്നെയാവാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ഥം തന്നെ കേള്‍ക്കുന്നവനിലേയ്ക്കു വിനിമയം ചെയ്യപ്പെടും. അതായത് വാമൊഴിയ്ക്ക് ഒരു ഏകീകരണത്തിന്റേയോ(സ്റ്റാന്‍ഡേഡൈസേഷന്റേയോ) വ്യവസ്ഥയുടേയോ അധികം ആവശ്യം നേരിടുന്നില്ല.
എന്നാല്‍ വരമൊഴിയുടെ സ്ഥിതിയോ?
എഴുത്തുകാരി എഴുതുന്നത്, പുസ്തകത്തിലോ ബ്ലോഗിലോ ആവട്ടേ, അവള്‍ എന്തെല്ലാം ആശയങ്ങളുടെ പശ്ചാത്തലത്തിലാണു് പറയുന്നതെന്നോ ആധികാരികമായി പറയാന്‍ കഴിയുന്നവളാണെന്നോ, വിദ്യാര്‍ഥിനിയാണെന്നോ, അല്പജ്ഞാനം കൊട്ടിഗ്ഘോഷിയ്ക്കുന്നവളാണെന്നോ ഒന്നും അറിയാത്ത ഒരു വായനക്കാരനിലേയ്ക്ക് (ആ വ്യക്തിയുടെ അറിവിന്റെ പശ്ചാത്തലം എഴുതുന്നവ്യക്തിയ്ക്കും ഉണ്ടാവില്ല) വിനിമയം ചെയ്യാന്‍ ഒട്ടൊക്കെ ഏകീകൃതമായ (സ്റ്റാന്‍ഡേര്‍ഡ് ആയ ജനറലൈസ്ഡ് ആയ), വ്യവസ്ഥാപിതമായ നിയന്ത്രിതമായ ഭാഷ അത്യന്താപേക്ഷിതമാണു്. ഇവിടെയാണു് വ്യാകരണത്തിന്റെ പ്രസക്തി.