Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Tuesday, November 11, 2008

ആത്മഗതവും ഗീതയും

ഈ ലോകത്തില്‍ ആരെങ്കിലും സ്വയം ചീത്തയാവണം എന്നു വിചാരിയ്ക്കുന്നവരുണ്ടോ? ഇല്ല. എല്ലാവര്‍ക്കും നന്നാവാന്‍ തന്നെയാണിഷ്ടം. പക്ഷേ ലോകത്തില്‍ ചീത്തക്കാര്യങ്ങളാണു് അധികവും നടക്കുന്നതെന്നാണു പൊതുവേ എല്ലാവരുടേയും വിലയിരുത്തല്‍. നന്നാവണം എന്നുവിചാരമുള്ളവരില്‍ത്തന്നെ പലരും ചീത്തക്കാര്യം ചെയ്യുന്നു എന്നല്ലേ അതിനര്‍ഥം?

ലോകം നന്നാക്കണം എന്നതിനുപകരം ലോകം നന്നാവണം എന്നു കരുതാം. ലോകം നന്നാവാന്‍ എന്നാലാവുന്ന ഏറ്റവും വലിയകാര്യം ഞാന്‍ നന്നാവുക എന്നതാണ്. ഞാന്‍ നന്നായാല്‍ എന്നെക്കൊണ്ടു ലോകത്തിനു ഗുണമുണ്ടാവും. അതുണ്ടായില്ലെങ്കില്‍ത്തന്നെ എന്നെക്കൊണ്ടു ദോഷം ഉണ്ടാവില്ല, അത്രയെങ്കിലും ആയാലായി!

ഇനി എങ്ങനെയാണു ഞാന്‍ നന്നാവുന്നത്? നന്നാവാനുള്ള ഒന്നാമത്തെ പടി ഞാന്‍ കാണുന്നതിതാണ്:-

  • ഞാന്‍ നല്ലതെന്നു വിചാരിക്കുന്ന/ബോധ്യമുള്ള കാര്യങ്ങള്‍ അനുസരിക്കുക
  • ഞാന്‍ ചീത്തയെന്നു വിചാരിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
  • അല്പനേരത്തെ അലസതക്കും സന്തോഷാഭാസത്തിനും വേണ്ടി ഒന്നും ചെയ്യാതിരിക്കുക.
  • എനിയ്ക്കെന്തൊക്കെ ആരൊക്കെ ചെയ്തുതരും എന്നതിനേക്കാള്‍ കൂടുതലായി, എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നാലോചിക്കുക.

വാസ്തവത്തില്‍ ആര്‍ക്കും ചീത്തക്കാര്യം ചെയ്യണമെന്നില്ല. എങ്കിലും ആരോ ഉള്ളിലിരുന്നു പ്രേരിപ്പിക്കുന്നതുപോലെ, ആളുകള്‍ പാപം ചെയ്തുപോകുന്നുവല്ലോ. ചെയ്യാന്നേരത്ത്, ‘ഛെ, ഇതു ഞാന്‍ ചെയ്യില്ല’ എന്നുറച്ചൊരു തീരുമാനമെടുക്കാല്‍ എന്താണു സാധിക്കാത്തതു്?

പണ്ടു് അര്‍ജ്ജുനന്‍* കൃഷ്ണനോടു് ഇതേരീതിയില്‍ ഒരു ചോദ്യം ചോദിച്ചിരുന്നു. അതു പഠിയ്ക്കുന്നതിനുമുന്‍‌പ്, എന്തൊക്കെയാണു സ്വയം ഉള്ളിലേയ്ക്കൊന്നു നോക്കിയാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ എന്നാലോചിച്ചാല്‍ നന്നായിരിയ്ക്കും.



*അര്‍ജ്ജുനന്‍= ഋജുബുദ്ധിയായവന്‍
( കുടിലബുദ്ധിയല്ല, നേര്‍ബുദ്ധിയുള്ളവന്‍= സ്ട്രെയിറ്റ് ഫോര്‍വേഡ് മൈന്‍ഡ് ഉള്ളവന്‍ എന്നു പച്ചമലയാളം :)

Thursday, May 31, 2007

പാവം വിധി!

‘ഉദ്ധരേദാത്മനാത്മാനം’ എന്ന പോസ്റ്റിന്റെ തുടര്‍ച്ച...

“എന്റെ വിധി! അല്ലാതെന്താ പറയാ” എന്ന്‌ ഒരിയ്ക്കലെങ്കിലും വിധിയെ പഴിയ്ക്കാത്തവരുണ്ടാവില്ല. സാധാരണയായി എന്തെങ്കിലും ദുരനുഭവമുണ്ടാകുമ്പോഴാണ് ആളുകള്‍ വിധിയെ ഓര്‍ക്കുന്നതു തന്നെ. നമുക്കെന്തെങ്കിലും നേട്ടം ഉണ്ടായാല്‍, ‘അമ്പട ഞാനേ, ഞാനെന്തൊരു കേമന്‍” എന്ന്‌ കിട്ടിയ നേട്ടത്തെ തലയില്‍ ഏറ്റിപ്പിടിക്കാന്‍ നമുക്കൊരു വിഷമവുമില്ല.

അപ്പോള്‍ എന്തിനെയാണ് നമ്മള്‍ വിധി എന്നു വിളിക്കുന്നത്?

നമ്മളെ പലപല അനുഭവങ്ങളിലൂടെ തള്ളിവിടുന്ന ഒരു ‘ശക്തിവിശേഷം’ - അഥവാ, ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത - കണ്ണില്‍ച്ചോരയില്ലാത്ത - ഏകാധിപതി... എന്നൊക്കെയാണ് പൊതുവെ വിധിയെ കുറിച്ചു (‘കണ്ണുതുറക്കാത്ത ദൈവം‘ എന്നൊക്കെ കരുതുന്നതുപോലെ) സങ്കല്‍പ്പിക്കുന്നത്.

അനുഭവങ്ങള്‍ ചീത്തയാവുമ്പോള്‍ - ഇഷ്ടമല്ലാത്തതാവുമ്പോള്‍ ആ ചീത്തത്തവും അനിഷ്ടവും നാം വിധിയില്‍ ആരോപിക്കുന്നു, വിധിയെ പഴിയ്ക്കുന്നു. എന്നാല്‍ അപ്പോഴെങ്കിലും നാം തയാറാവുന്നുണ്ടോ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍?

ജീവിതം ഒരു കൊട്ടാരമാണെങ്കില്‍ നമ്മുടെ ഓരോ അനുഭവവും അതുണ്ടാക്കാനുള്ള ഇഷ്ടികകളാണ്. അനുഭവങ്ങള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതം എന്നു പറയുന്നത്. എന്താണ് ‘അനുഭവം’? ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം ആണ് ‘അനുഭവം‘.

ഏതൊരു കര്‍മ്മത്തിനും അതിന്റേതായ ഫലം ഉണ്ട്. അത്‌ അനുഭവിച്ചേ തീരൂ. കര്‍മ്മം ചെയ്യുന്നവന്, അതു നല്ലതായാലും ചീത്തയായാലും അതിന്റെ ഫലം അനുഭവിയ്ക്കണം. *ഇന്നു നാം അനുഭവിയ്ക്കുന്നത്‌ *ഇന്നലെ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ്. അതുപോലെ ഇന്നത്തെ കര്‍മ്മം അനുസരിച്ചാവണമല്ലോ നാളത്തെ അനുഭവം എന്നതു സാമാന്യയുക്തി.

‘ഞാന്‍ ഇതുവരെ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തില്ലല്ലോ, എന്നിട്ടും എനിയ്കെന്താണിങ്ങനെ?’ എന്നു നാം ചിലപ്പോഴെങ്കിലും വേവലാതിപ്പെടാറില്ലേ? നാം ചെയ്തതിന്റെ ഫലം തന്നെയാണ് നാം ഇന്നനുഭവിയ്ക്കുന്നത്. ‍ പയറിന്റെ വിത്ത്, മണ്ണിലിട്ടാല്‍ പെട്ടെന്നു മുളയ്ക്കുന്നതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം പെട്ടെന്നു തന്നെ അനുഭവിയ്ക്കാറാവും. എന്നാല്‍ ചില വൃക്ഷങ്ങളുടെ വിത്തുകള്‍ കുറേക്കാലം മണ്ണില്‍ക്കിടന്നാലേ മുളച്ചുപുറത്തുവരൂ, അതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം കുറേ കാലം കഴിഞ്ഞാലേ അനുഭവിക്കാറാകൂ. അതുകൊണ്ട്, നമ്മുടെ ഓര്‍മ്മയില്‍ നിന്നും നിശ്ശേഷം മാഞ്ഞുപോയ വല്ല കര്‍മ്മത്തിന്റേയും ഫലവും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാകും. അനുഭവിയ്ക്കുന്നതെല്ലാം അവനവന്‍ അര്‍ഹിയ്ക്കുന്നതുതന്നെ. ഇതംഗീകരിച്ചാല്‍ നമുക്കു ചുറ്റുപാടുകളെ കുറ്റം പറഞ്ഞു കാലം കഴിക്കേണ്ടിവരില്ല.

വരുന്നതെല്ലാം അതേപടി അംഗീകരിച്ച്‌ നിഷ്ക്രിയനായി അടങ്ങിയിരിയ്ക്കണമെന്നല്ല, ഇതിന്റെ അര്‍ഥം. കഴിഞ്ഞകാലത്തിന്റെ നിയന്ത്രണം നമുക്കില്ല. കഴിഞ്ഞുപോയ കര്‍മ്മങ്ങളെ തിരുത്താനും പറ്റില്ല. കഴിഞ്ഞതുകഴിഞ്ഞു. അതിന്റെ ഫലം അനുഭവിയ്ക്കാന്‍ തയ്യാറാവണം (തയ്യാറായില്ലെങ്കിലും അനുഭവിക്കണം). വരാനുള്ള കാലത്തിന്റെ നിയന്ത്രണവും നമ്മുടെ കയ്യിലല്ല. കാലം കുതിച്ചുപാഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ഭാവി ...പാഞ്ഞെത്തി...ദാ..ന്നു പറയുമ്പോഴേയ്ക്കും ഭൂതമാവുന്നു.

ഭൂതത്തിനേയും ഭാവിയേയും ഒന്നും ചെയ്യാന്‍ നമുക്കുപറ്റില്ല. “ദാ” എന്നു പറയുന്ന ‘വര്‍ത്തമാനം’ മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. ചിന്താശക്തിയും വിവേകവുമുള്ള മനുഷ്യന്‍ ബുദ്ധിപൂര്‍വം തീരുമാനിയ്ക്കണം വര്‍ത്തമാനത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന്‌. പ്രാകൃതികവാസനകള്‍(instinct) ക്കനുസരിച്ചുമാത്രം ജീവിച്ചാല്‍ മതി എന്നത്‌ ബുദ്ധിപൂര്‍വമായ തീരുമാനമാണെന്നു തോന്നുന്നില്ല.

അതായത്, ഇന്നുചെയ്യേണ്ട കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ആലോചിച്ച്‌ ദൃഢനിശ്ചയത്തോടെ ആത്മസമര്‍പ്പണത്തോടെ ചെയ്യാന്‍ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ അതിന്റെ ഫലവും നന്നാവും. അതായത് , നാളെ/ഭാവിയില്‍ എന്തനുഭവിക്കണം എന്നത് ഒരു പരിധിവരെ ഇന്നു നാം എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.

ബുദ്ധിയും വിവേകവും ഉപയോഗിയ്ക്കുന്നവര്‍ക്ക്‍ സ്വന്തം വിധിയുടെ വിധികര്‍ത്താക്കളാകാം എന്നു ചുരുക്കം. എല്ലാ മനുഷ്യര്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള കഴിവുകളുണ്ട്. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ ജീവിക്കുക എന്നത് ഓരോരുത്തരും ചെയ്യേണ്ടതാണ് എന്നു പാഠം.

എത്രകഴിവുകളുണ്ടായിട്ടും നിരാശയോടേയും ആവലാതിയോടേയും ജീവിയ്ക്കുന്നത് പരിതാപകരമാണ്. നിരാശയും അതൃപ്തിയും ഉത്കണ്ഠയും നമ്മുടെ മനോവീര്യം കെടുത്തിക്കളയും. മനശ്ശക്തി കുറയുന്തോറും സാഹചര്യങ്ങളുടെ(ചുറ്റുപാടിന്റെ) സമ്മര്‍ദ്ദം കൂടിയതായി നമുക്കു തോന്നും. നാം വീണ്ടും ദുര്‍ബലരാവും.... നിസ്സഹായരായി സ്വയം വീഴാന്‍ തുടങ്ങും...
നാം തന്നെയാണ് നമ്മുടെ അനുഭവങ്ങളുടെ ഉത്തരവാദികള്‍ എന്നു ബോധ്യമായാല്‍ നാം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും, മറ്റുള്ളവരെ കുറ്റം പറയാതെ.

[മടിയന്മാരുടെ മടിമാറ്റാനും, വിധിയെ പേടിച്ചിരിക്കുന്നവരുടെ പേടി ഒട്ടൊന്നു കുറയ്ക്കാനും ഈ ചിന്ത സഹായിച്ചേയ്ക്കും. എന്നാല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിക്കുന്നവരും വിജയം ആഘോഷിയ്ക്കുന്നവരും ഒന്നുകൂടി ജാഗ്രത പുലര്‍ത്തണം, നേട്ടമെല്ലാം “ഞാനെന്ന വ്യക്തിയുടെ” മിടുക്കാണെന്ന്‌ കരുതി അഹംകാരം മൂത്ത്, അടിപതറിവീഴാന്‍ സാധ്യതയുണ്ട്. നേട്ടം വരുമ്പോള്‍ അതൊക്കെ ഈശ്വരാനുഗ്രഹം (ഈശ്വരവിശ്വാസമുണ്ടെങ്കില്‍) എന്നു കരുതാനായാല്‍ ഭംഗിയാവും].



* ഇന്ന് = വര്‍ത്തമാനകാലം; *ഇന്നലെ = ഭൂതകാലം ; നാളെ = ഭാവികാലം.



Friday, September 08, 2006

വാക്ക്‌

"വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു,
വാക്കിന്‍ വിരല്‍തൂങ്ങിയല്ലോ നടക്കുന്നു
."

മധുസൂദനന്‍നായരുടെ ഈ വരികളോട് എനിയ്ക്കു വല്ലാത്തൊരടുപ്പം തോന്നുന്നു‌. ഈ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ചു നടക്കുന്ന ഒരു കുട്ടിയായി ഞാന്‍ എന്നെ കരുതുന്നു. പിന്നീടെപ്പോഴോ വാക്ക്‌ എന്റെ കൂട്ടുകാരനാണെന്നും ജീവിതസഖിയാണെന്നും ഊണാണെന്നും ഓണമാണെന്നും പൂവിന്മണമാണെന്നും ഒക്കെ തോന്നി. എല്ലാം എല്ലാം വാക്കാണെന്ന്‌. ഞാന്‍ കണ്ടെത്തിയ തിളങ്ങുന്ന വാക്കിനെ കാണിച്ചുകൊടുക്കാന്‍ എനിയ്ക്കെന്തെന്നില്ലാത്ത ആവേശം.
അറിയുന്ന വാക്കുപയോഗിച്ച്‌ ഉച്ചത്തിലുച്ചത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു...

"ഹായ്‌ എന്തൊരു വെളിച്ചം, എന്തൊരു തെളിച്ചം."

എന്റെ ഒച്ചകേട്ടു വന്നവര്‍ പക്ഷേ ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്നോടൊന്നു നന്നായി ഉറങ്ങുവാന്‍ പറഞ്ഞു. ഉറങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയാകുമത്രേ!


ഞാന്‍ കണ്ണടച്ചു. വാക്ക്‌ ഒരു പ്രഹേളികയാണോ? തമോഗര്‍ത്തം പോലെ, അതൊരു ഇരുട്ടുഗുഹയാണോ? അതോ എന്റെ കണ്ണുകള്‍ക്ക്‌ നിറഞ്ഞുവഴിയുന്ന പ്രകാശം കാണാന്‍ കഴിയായ്കയാണോ? ഇരുപതിനായിരത്തിലധികം കുതിപ്പുകളെടുത്തുപാഞ്ഞുവരുന്ന ശബ്ദം അത്യുച്ച ശബ്ദമാണെങ്കിലും ചെവികള്‍ക്കതു നിശ്ശബ്ദതയാണത്രേ! അതുപോലെ, പ്രകാശക്കൂനയാണോ തമോഗര്‍ത്തം?

"വാക്കേ, നീയെനിയ്ക്കാരാ?"



"കണ്ണനെ തൊഴൂ", "സൂര്യനെ തൊഴൂ", "തെങ്ങിനെ തൊഴൂ", "തുളസിയെ തൊഴൂ" എന്ന അമ്മയുടെ വാക്ക്‌ എല്ലാരേയും ആദരിയ്ക്കാന്‍ എന്നെ പഠിപ്പിക്കുന്നു. "കുഞ്ഞേ, അമ്മ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും" എന്ന അച്ഛന്റെ വാക്ക്‌ അച്ഛനേയും അമ്മയേയും എന്റെ ഹൃദയത്തോടു ചേര്‍ത്തിന്നും നിര്‍ത്തുന്നു.

ചക്കയുടെ "ഈ എത്തല്‍ മുല്ലശ്ശേരീലും ഈ എത്തല്‍ മറ്റേവീട്ടിലും ഈ എത്തല്‍ 'ബഹിളാമുഖി' എന്ന ഭിക്ഷക്കാരിയ്ക്കും ഈ എത്തല്‍ നാരാട്ട്യമ്മയ്ക്കും കൊടുക്കാം" എന്ന്‌ ഒരു ചക്ക കിട്ടിയാല്‍ അതു പങ്കുവെങ്കുന്ന അമ്മയുടെ വാക്ക്‌, പ്ലാവിനുചുറ്റും നാം മതിലുകെട്ടിയെങ്കിലും അതിലുണ്ടാവുന്ന ചക്ക എല്ലാവര്‍ക്കുമുള്ളതാണെന്ന ബോധം എന്നിലുണ്ടാക്കുന്നു.

തൊടിയില്‍ അച്ഛനും ഞാനും കൂടി നട്ട പടവലവള്ളിയില്‍ കായയൊന്നും ഉണ്ടാകാതിരുന്നിട്ടും "അതൊന്നും സാരമില്ല, എന്നും ചെടിയ്ക്കു നനയ്ക്കണം, വിത്ത്‌ വളര്‍ന്ന്‌ ചെടിയായി വരുന്നതുതന്നെ കാണാന്‍ ഒരു രസമല്ലേ, കായ കിട്ടിയല്‍ പറിയ്ക്കാം, ഇല്ലെങ്കില്‍ വേണ്ട" എന്ന വാക്ക്‌ , "ഠ" വട്ടത്തിലുള്ള മണ്ണില്‍ എന്നോടൊപ്പം നിന്ന്‌ മണ്ണിന്റെയും വിത്തിന്റെയും സൂര്യന്റെയും കൌതുകങ്ങളിലേയ്ക്ക്‌ എന്നെ കൈപിടിച്ചു നടത്തി. ഞാന്‍ വിചാരിയ്ക്കുന്നകാര്യങ്ങള്‍ അതേപോലെ നടക്കാതെവരുമ്പോള്‍ അധികം അസ്വസ്ഥയാകാതിരിയ്ക്കാനും എനിയ്ക്കു, ആ വാക്കു തന്നെയല്ലേ ശക്തിതരുന്നത്‌.

"കുട്ടീ, നിനക്കു നല്ലതേ വരൂ" എന്നു പറഞ്ഞനുഗ്രഹിച്ച ആചാര്യവാക്ക്‌, എന്റെ വഴിയില്‍ വെളിച്ചം വിതറിക്കൊണ്ട്‌ നില്‍ക്കുന്നു.

വീണ്ടും കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍,

"ഇനി നീ ഇദ്ദേഹത്തോടൊപ്പം നടക്കൂ", എന്നു പറഞ്ഞ്‌ എന്റെ കൈ എനിയ്ക്കതുവരെ അന്യനായിരുന്ന ഒരാളുടെ കൈയിലേല്‍പ്പിച്ചപ്പോള്‍, "‘ണ്ണി‘ക്കെന്നും നല്ലതേ വരൂ" എന്ന വാക്കിലൂടെ എത്ര ശക്തിയാണച്ഛന്‍ തന്നത്‌, സാന്ത്വനവും സ്നേഹവും ഒപ്പം തന്നു. ഇന്നു ഞാന്‍ പിടിച്ചുകൊണ്ടിരിയ്ക്കുന്ന കൈകളിലേയ്ക്കും കൂടി മുഴുവന്‍ ശക്തിയും സ്നേഹവും സാന്ത്വനവും പകരാന്‍ മാത്രം ആ വാക്കുകള്‍ക്കു ശക്തിയുണ്ടായിരുന്നൂ എന്നു ഞാനിപ്പോളറിയുന്നു.

വാക്കേ നീയെനിയ്ക്ക്‌ -
സ്നേഹമാണ്‌,
ശക്തിയാണ്‌,
വഴികാട്ടിയാണ്‌,
അറിവാണ്‌ ,
സത്യമാണ്‌,
വെളിച്ചമാണ്‌

ഞാന്‍ തന്നെയാണ്‌.

Saturday, July 22, 2006

നിരക്ഷരവീക്ഷണം!

അക്ഷരമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ടെന്നോ? ഇല്ലെന്നോ?
ഒന്നും കേട്ടില്ല.

ഓഹോ! നീയൊറ്റയ്ക്കല്ലല്ലോ
പിന്നാലെ വരുന്നതാരൊക്കെ
നിരനിരയായി?
അവരും അക്ഷരങ്ങളാണല്ലോ

അക്ഷരസംഘമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ട്‌, ഉണ്ട്‌, ഉണ്ട്‌.

ആരു തന്നൂ നിനക്കര്‍ഥം?
ഈ അക്ഷരം? ആ അക്ഷരം? ഏതക്ഷരം?