Showing posts with label കേട്ടകഥ. Show all posts
Showing posts with label കേട്ടകഥ. Show all posts

Wednesday, April 28, 2010

മമ്മഹാമടിയന്‍

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അലസതയ്ക്കു പേരുകേട്ട ഒരു രാജാവ്. സ്വയം മടിയനായിരുന്ന അദ്ദേഹത്തിനു് എല്ലാ മടിയന്മാരേയും വലിയ ഇഷ്ടമായിരുന്നു. മഹാമടിയന്മാരെ അദ്ദേഹം നന്നായി ആദരിച്ചുപോന്നു.

ഒരുദിവസം അലസരാജാവിന്ന് ഒരാശ തോന്നി. തന്റെ രാജ്യത്തിലെ അങ്ങേയറ്റം കുഴിമടിയനായ ആളെ കണ്ടെത്തി കനത്ത ഒരു പാരിതോഷികം സമ്മാനിക്കണം എന്ന്. മന്ത്രിയുടെ ഉത്തരവാദിത്തത്തില്‍ നാടൊട്ടുക്കും വിളംബരം നടത്തി. പിറ്റേന്നുമുതല്‍ കൊട്ടാരത്തിലേക്ക് നിലക്കാത്ത ജനക്കൂട്ടം പ്രവഹിച്ചുകൊണ്ടിരുന്നു. പലരും അവരവരുടെ മടിയെപ്പറ്റി സഭയില്‍ വിസ്തരിച്ചു.

ചിലര്‍ക്കു ഉറക്കമുണരാന്‍ മടി, ചിലര്‍ക്കു കുളിക്കാന്‍ മടി, ചിലര്‍ക്കു ജോലിയെടുക്കാന്‍ മടി, ചിലര്‍ക്കു യാത്ര ചെയ്യാന്‍ മടി, ചിലര്‍ക്കു പഠിക്കാന്‍ മടി, ചിലര്‍ക്കു ബ്ലോഗെഴുതാന്‍ മടി, ചിലര്‍ക്കു കമന്റിനു മറുപടി പറയാന്‍ മടി..... എന്തിനു പറയ്ണൂ... രാജാവിനു അവരെയൊന്നും മഹാമടിയനാ‍യി അംഗീകരിക്കാന്‍ തോന്നിയില്ല. വിളംബരം കഴിഞ്ഞിട്ട് ഒരുമാസമായിട്ടും മഹാമടിയനെ കണ്ടെത്താനാവാത്തതില്‍ രാജാവു സങ്കടപ്പെട്ടു. മന്ത്രിയേയും ബുദ്ധിമാനായ വിദൂഷകനേയും അന്വേഷണത്തിനു ചുമതലപ്പെടുത്തി.

രാജ്യത്തിന്റെ മുക്കും മൂലയും പരിശോധിച്ച് അവസാനം അവര്‍ ഒരു മഹാമടിയനെ കണ്ടെത്തി. കൊട്ടാരത്തില്‍ വന്നാല്‍ മഹാമടിയനുള്ള കനത്തപാരിതോഷികം കിട്ടുമെന്നു പറഞ്ഞു... അയാള്‍ക്കു കൊട്ടാരത്തിലേക്കു വരാന്‍ മടി... രാജാവ് വേണമെങ്കില്‍ അയാളുടെ അടുത്തുവരട്ടെ എന്ന് അയാള്‍... വിദൂഷകന്‍ രാജാവിനെ കൂട്ടിക്കൊണ്ടുവന്നു.... രാജാവിനു സന്തോഷമായി എങ്കിലും മഹാമടിയനായി അംഗീകരിക്കാന്‍ തക്ക യോഗ്യത അയാള്‍ക്കില്ലെന്നു രാജാവു വിധിച്ചു.

വിദൂഷകനും മന്ത്രിയും കൂടി വീണ്ടും അന്വേഷണം തുടങ്ങി... ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ഒരാളെ കണ്ടെത്തി. രാജാവിനെ വിവരം ധരിപ്പിച്ചു.... മഹാമടിയന്റെ അടുത്തേക്കു രാജാവിനെ കൂട്ടിക്കൊണ്ടുവന്നു. രാജാവു അമ്പരന്നു.........

മഹാമടിയന്‍ ഇരിയ്ക്കുന്നതെവിടെയെന്നോ... ഒരു നീണ്ടതെങ്ങിന്റെ മുകളില്‍. രാജാവിനു അല്പം ദേഷ്യം വന്നു. വിദൂഷകനോടു കയര്‍ത്തു... ഹേയ്..ഇയാള്‍ അത്ര മടിയനാവാന്‍ തരമില്ല. ഈ തെങ്ങിനുമുകളില്‍ കയറിയില്ലേ.... തന്നെ വെറുതേ ഇത്രദൂരം കൊണ്ടുവന്ന വിദൂഷകനു തക്കതായ ശിക്ഷ കൊടുക്കാന്‍ മന്ത്രിയോടുത്തരവിട്ടു.

അപ്പോള്‍ വിദൂഷകന്‍... “മഹാരാജാവേ... ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ക്ഷമയുണ്ടാവണം.. ഈ തെങ്ങിനുമുകളില്‍ ഉള്ളവന്‍ തന്നെയാണു ‘മമ്മഹാമടിയന്‍’. ഇയാള്‍ തെങ്ങില്‍ കയറിതല്ല രാജാവേ.
കുഞ്ഞായിരുന്നുപ്പോള്‍ ഒരു തേങ്ങയുടെ മുകളില്‍ ഇരുന്നതായിരുന്നു.. ആ തേങ്ങയാണു വളര്‍ന്നു തെങ്ങായത്...
രാജാവിനു സന്തോഷമായി, തെങ്ങിന്മണ്ടയിലുള്ള ആളെ തന്റെ രാജ്യത്തിലെ ‘മമ്മഹാമടിയന്‍’ ആയി രാജാവു അംഗീകരിച്ചു.


[ഞാന്‍ എഴുതിയ കഥയല്ല... കഴിഞ്ഞദിവസം കേട്ട കഥയാണു്. മടി കാരണം പോസ്റ്റു വൈകി.. ഏപ്രില്‍ ഒന്നിനു പോസ്റ്റു ചെയ്യാന്‍ വിചാരിച്ചിരുന്നതാണു്... എല്ലാ വായനക്കാര്‍ക്കും ഏപ്രില്‍ ഒന്നാശംസകള്‍]