രംഗം: 1
വാഗ്ജ്യോതിപ്പൂമുഖംസമയം: സന്ധ്യ കഴിഞ്ഞു. ഒരടുക്കും ചിട്ടയുമില്ലാതെ പോസ്റ്റുകള്‍ പരന്നുകിടക്കുന്നു.
സന്ധ്യാനാമം കാസറ്റില്‍ നിന്നും ഒഴുകിവരുന്നു. ഓണക്കാലമല്ലെങ്കിലും ഓണത്തല്ലും
പുലിക്കളിയും കഴിഞ്ഞ ലക്ഷണം കാണാം. തല്ലിനൊടുവില്‍, അവള് നക്ഷത്രമെണ്ണിത്തുടങ്ങിയിരുന്നു...
രംഗം 2: -
അനന്തമജ്ഞാതമവര്‍ണ്ണനീയം... ISRO ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ തിരുമുറ്റം.നക്ഷത്രങ്ങളെ എണ്ണാന്‍ ഏറ്റവും നല്ലത്, ഈ മുറ്റം തന്നെ. അവള് ആകാശം നോക്കി മലര്‍ന്നുകിടന്നു. നക്ഷത്രങ്ങള്‍ അവളെനോക്കിചിരിക്കുന്നുണ്ടായിരുന്നു.
പ്രാങ്ങ് നക്ഷത്രദശ" തരണം ചെയ്ത, ആ താരകളെ അവള് ആദരവോടെ നോക്കി. സന്തോഷം കൊണ്ട് അവള് പാടി, ഒരു ശ്ലോകം...
രംഗം 3:
ശ്ലോകസദസ്സ്.
"അനന്തമജ്ഞാതമവര്‍ണ്ണനീയം...
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്ത്ത്യന് കഥയെന്തുകണ്ടൂ!
അടുത്ത അക്ഷരം "അ". മൈക്ക് അടുത്തയാള്‍ക്കു കൊടുത്തു...
രംഗം 4:
ഉദയസൂര്യന്റെ നാട് സമയം: സൂര്യോദയത്തിനു മുന്‍പ്
"ഹേയ്, നീ മനുഷ്യനാണോ?"
ചോദ്യം കേട്ട് അവള് തിരിഞ്ഞുനോക്കി.ചതുരത്തലയും ഹിമക്കരടികളുടേതുപോലെയുള്ള വെളുത്ത ശരീരവും നീണ്ടു തുമ്പിക്കൈ പോലുള്ള കൈകളുമൊക്കെയായി ഒരു സത്വം!
"ആരാ നിങ്ങള്‍?" അവള് ചോദിച്ചു.
"പേര്: ചന്ദ്രകാന്തി
നാള്: രോഹിണി
വീട്: ചന്ദ്രാലയം, അതെ, ചന്ദ്രനില്‍.
ജോലി : ഗവേഷണം"
"ആട്ടെ, എങിനെ ഇവിടെയെത്തി?" അവള് അത്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ, സത്വത്തിനോടു ചോദിച്ചു.
"ഗവേഷണവുമായി ആകാശം നോക്കി നടന്നപ്പോള്‍ ഒരു ഉപഗ്രഹം, സ്കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുപോലെ പരക്കം പായുന്നതു കണ്ടു. ഗവേഷണത്വരാപ്രവേഗം കൊണ്ട് ഓടിച്ചാടിക്കേറി, ദാ ഇപ്പോള്‍ ഇവിടെ എത്തി".
"ആട്ടെ, ഗവേഷണത്തിന്റെ വിഷയം?"
"
In pursuit of Human being" "എന്നുവെച്ചാല്‍?"
"ഭൂമിയില്‍ മനുഷ്യനുണ്ടോ എന്നു കണ്ടെത്തുക"
"ഇതാപ്പൊ വല്യ കാര്യം? ഞാനൊരു മനുഷ്യനാണ്".
വിശ്വാസം വരാതെ, ആ സത്വം കയ്യിലുള്ള റെഫറന്‍സ് പുസ്തകത്തിലേയ്ക്കും അവളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കി. മലര്‍ന്നു കിടക്കുകയായിരുന്ന അവളെ, ആപാദചൂഡം നോക്കിയിട്ട്, ഒന്നുകൂടി പുസ്തകം നോക്കി, സത്വം വായിച്ചു- (മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ജഗതിയെപ്പോലെ, സശ്രദ്ധം) -
"
മനുഷ്യന് - രണ്ടുകാലില്‍ ... നടക്കുന്ന... ഒരു ജീവി.
ശരിയായിരിക്കാം. പക്ഷേ താങ്കള്‍ നടക്കുന്നില്ലല്ലോ?"
"അതാണോ കാര്യം? ഞാന്‍ നടക്കാമല്ലോ, ഇപ്പോള്‍ സമ്മതിച്ചോ? ഞാന്‍ മനുഷ്യനാണ്".
"ഇല്ല".
വീണ്ടും പുസ്തകത്തിലേയ്ക്കു നോക്കി, സത്വം, സസൂക്ഷ്മം.
"എന്തു പുസ്തകമാ അത്? "
"ഡിക്ഷണറി, എന്റെ വല്ല്യമ്മാമന്റെ അമ്മാമന്, ലോകപ്രശസ്തനാണ്, 'അമ്പിളിയമ്മാമന്‍', എനിയ്ക്കു നേരിട്ടു തന്നതാ. എല്ലാം ഇതിലുണ്ട്. ഒന്നു കണ്ടു പിടിക്കുകയേ വേണ്ടൂ." അഭിമാനത്തോടെ, സത്വം വീണ്ടും പുസ്തകം നോക്കി വായിച്ചു-
"
മനുഷ്യന് - ഒരു തല, രണ്ടു കണ്ണുകള്‍, ഒരു മൂക്ക്, രണ്ടു ചെവികള്‍, രണ്ടുവീതം കൈകാലുകള്‍. വാലില്ല, കൊമ്പില്ല, ഒരു ബുദ്ധിജീവി"(കൌമുദീ വ്യാഖ്യാനം പേജ്123 നാലാം ഖണ്ഡിക)ബുദ്ധിജീവിയോ? ഇനിയിപ്പോള്‍ സ്വയം പരീക്ഷണവസ്തുവാകേണ്ട എന്ന കരുതലോടെ, അവള് പറഞ്ഞു-
"ശരി, വരൂ ഞാന്‍ കാണിച്ചുതരാം അത്തരം മനുഷ്യരെ"അവള് സത്വത്തിന്റെ തുമ്പിക്കൈപോലത്തെ കയ്യില്‍ പിടിച്ച് ബഹിരാകാശഗവേഷണകേന്ദ്രത്തിനുള്ളിലേയ്ക്കു കടന്നു.ആരും അവരെ ശ്രദ്ധിയ്ക്കുന്നേ ഉണ്ടായിരുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ അവള്‍ക്കു തോന്നി. ഒരു ചന്ദ്രജീവിയെ സഹായിക്കാന്‍ അവസരം കിട്ടിയത് പൂര്‍വജന്മപുണ്യമെന്നവള്‍ കരുതി.
ചന്ദ്രനിലേക്ക് പിക്നിക്കിനു പോവാന്‍ തയ്യാറാക്കിയ റോക്കറ്റിനുചുറ്റും പത്തു പതിനഞ്ചു ശാസ്ത്രജ്ഞര്‍ കൂടിനില്ക്കുന്നുണ്ട്. അവരെ ചൂണ്ടി, അവള് സത്വത്തിനോടു പറഞ്ഞു. "അതാ നീ അന്വേഷിക്കുന്ന മനുഷ്യര്‍".
"തലയുണ്ട്, കയ്യുണ്ട്, കാലുണ്ട്, ....പക്ഷേ
ബുദ്ധിയെവിടെ? കാണുന്നില്ലല്ലോ എന്നു പറഞ്ഞുകൊണ്ട് സത്വം ഓടിപ്പോയി, ആ ചന്ദ്രയാനത്തില്‍ ഇരിപ്പുറപ്പിച്ചതും ഒന്നിച്ചായിരുന്നു.
അവള് ഞെട്ടി, കണ്ണു തുറന്നു. ചുറ്റും ആരും ഉണ്ടായിരുന്നില്ല. ആകാശത്തില്‍ കുഞ്ഞുനക്ഷത്രങ്ങള്‍ കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ചുകൊണ്ട് അപ്പോഴും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവള് എണ്ണാന്‍ തുടങ്ങി..."ഒന്ന്, രണ്ട്, മൂന്ന്..."
[ബാംഗ്ലൂരിലെ ISRO കേന്ദ്രത്തിനെ കണ്മുന്നില് കണ്ടുകൊണ്ട്,
അബ്ദുള്‍കലാമിനെ സ്മരിച്ചുകൊണ്ട്, ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു]