സ്വച്ഛന്ദമൃത്യുവായ (തയ്യാറുള്ളപ്പോള്‍ മാത്രം മരിച്ചാല്‍ മതി എന്ന് വരം നേടിയ) ഭീഷ്മര്‍, ശരശയ്യയില്‍ ഉത്തരായണകാലം കാത്ത് കിടക്കുന്നു. ഉത്തരായണം തുടങ്ങാന്‍ (മകരസംക്രമം) അധികം സമയമില്ലല്ലോ എന്നു കണ്ട് ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരേയും (യുധിഷ്ഠിരനേയും) കൂട്ടി ഭീഷ്മരുടെ അടുത്തേയ്ക്കു ചെല്ലുന്നു. അവര്‍ ഭീഷ്മരുടെ അടുത്തുചെന്നു നിന്ന് വന്ദിച്ചു.
ധര്‍മ്മത്തെക്കുറിച്ച് യുധിഷ്ഠിരന് ധാരാളം സംശയങ്ങളുണ്ടായിരുന്നു. സംശയങ്ങളെല്ലാം കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുധിഷ്ഠിരന്‍, ഭീഷ്മരോടു ചോദിച്ചു. വളരെ വിശദമായി അതെല്ലാം പ്രതിപാദിച്ച ഭീഷ്മര്‍, ഉത്തരായണശുഭകാലം എത്താറായി എന്നു കണ്ട്, തന്റെ വൃത്തികളെല്ലാം ഉപസംഹരിച്ചു, മുന്നില്‍ തെളിഞ്ഞുവിളങ്ങുന്ന കൃഷ്ണനെ സ്തുതിയ്ക്കാനാരംഭിച്ചു. പുറത്തും ഉള്ളിലും കൃഷ്ണനെക്കണ്ടുകൊണ്ട്, കൃഷ്ണചിന്തയില്‍ ശരീരം വെടിയാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം.
ഇനി ഭീഷ്മസ്തുതി, മൂലശ്ലോകവും അതിനു ഞാന്‍ മനസ്സിലാക്കിയ അര്‍ഥവും താഴെക്കൊടുക്കുന്നു.
കൃഷ്ണന്‍ ഭീഷ്മരുടെ അടുത്തുചെന്നു വന്ദിക്കുന്നു. ആനന്ദാശ്രുക്കളോടെ ഭീഷ്മര്‍ സ്തുതിയ്ക്കാനാരംഭിയ്ക്കുന്നു.
ശ്രീ ഭീഷ്മ ഉവാചഭീഷ്മര് പറഞ്ഞു-
"ഇതി മതിരുപകല്‍പ്പിതാ വിതൃഷ്ണാഭഗവതി സാത്വതപുംഗവേ വിഭൂംനിസ്വസുഖമുപഗതേ ക്വചിദ്വിഹര്ത്തുംപ്രകൃതിമുപേയുഷി യദ്‌ഭവപ്രവാഹഃ" മഹാപ്രഭുവായ ഭഗവാനില്‍, പ്രകൃതിയോടു (മായയോട്) ചേര്‍ന്ന് പ്രപഞ്ചസൃഷ്ടിചെയ്യുന്ന കാരുണ്യമൂര്‍ത്തിയില്‍, ഞാനെന്റെ മനസ്സു മുഴുവനായും സമര്‍പ്പിക്കുന്നു. നിന്തിരുവടിയില്‍ (താങ്കളില്‍) ലയിയ്ക്കാനെനിയ്ക്കു സാധിയ്ക്കണേ. [ഏകദേശ അര്‍ഥം].
"ത്രിഭുവനകമനം തമാലവര്ണ്ണംരവികരഗൌരവരാംബരം ദധാനേവപുരളകകുലാവൃതാനനാബ്ജംവിജയസഖേ രതിരസ്തു മേऽനവദ്യാ"അര്‍ജ്ജുനന്റെ സഖാവായ അങ്ങ് ഇതുപോലെ മന്ദസ്മിതം തൂകി, മഞ്ഞപ്പട്ടുചുറ്റി, അളകങ്ങളാല്‍ സുന്ദരമായ മുഖശോഭയോടെ എന്റെ മനതാരില്‍ എന്നും വിളങ്ങണേ. [എന്റെ മനസ്സിന് പാര്‍ഥസാരഥീരൂപം എന്നെന്നും പ്രിയപ്പെട്ടതാവണേ]
"യുധി തുരഗരജോവിധൂമ്രവിഷ്വ-ക്കചലുളിതശ്രമവാര്യലംകൃതാസ്യേമമനിശിതശരൈര്വിഭിദ്യമാന-ത്വചി വിലസത്‌കവചേऽസ്തു കൃഷ്ണ ആത്മാ"യുദ്ധത്തിനിടയില്‍ രണഭൂമിയില്‍ നിന്നും ഉയര്‍ന്നപൊടികള്‍ പറ്റിയും വിയര്‍പ്പണിഞ്ഞതുമായ ചിരിച്ചുകൊണ്ടുള്ള ഈ മുഖവും, ഞാനെയ്ത അമ്പുകള്‍ തറച്ച മാര്‍ച്ചട്ടയോടെയുള്ള അങ്ങയുടെ ആ നില്‍പ്പും, കൃഷ്ണ, എന്റെ മനസ്സില്‍ നേരിട്ടുകാണുന്നതുപോലെ എന്നും തെളിഞ്ഞുകാണാന്‍ കനിയണേ.
"സപദി സഖിവചോ നിശമ്യ മധ്യേനിജപരയോര്ബലയോ രഥം നിവേശ്യസ്ഥിതവതി പരസൈനികായുരക്ഷ്ണാഹൃതവതി പാര്‍ഥസഖേ രതിര്‍മ്മമാസ്തു" അര്‍ജ്ജുനന്‍ പറഞ്ഞപ്രകാരം, ശത്രുക്കളെയെല്ലാം കാണിച്ചുകൊടുക്കാന്‍ വേണ്ടി ഓരോരുത്തരെയായി നോക്കി നോക്കി- ആ നോട്ടത്താല്‍ ത്തന്നെ അവരുടെയെല്ലാം ആയുസ്സു വലിച്ചെടുത്ത ഹേ കൃഷ്ണ, പാര്‍ഥന്റെ കൂട്ടുകാരാ, എനിയ്ക്കു നിന്നില്‍ ഭക്തിയുണ്ടാവണേ.
"വ്യവഹിതപൃതനാമുഖം നിരീക്ഷ്യസ്വജനവധാദ്വിമുഖസ്യ ദോഷബുദ്ധ്യാകുമതിമഹരദാത്മവിദ്യയാ യ-ശ്ചരണരതിഃ പരമസ്യ തസ്യ മേऽസ്തു"യുദ്ധത്തിനു ഒരുങ്ങിനില്‍ക്കുകയായിരുന്ന ഞങ്ങളുടെ നേര്‍ക്ക് അമ്പയക്കാന്‍ മടിച്ചുനില്ലുകയായിരുന്ന, കര്‍ത്തവ്യബോധം തന്നെ മറന്ന അര്‍ജ്ജുനന് നീ ഗീതയോതി ആത്മതത്വം ഉപദേശിച്ച് അവനെ ഉദ്ബുദ്ധനാക്കി. ആ അങ്ങയില്‍ എനിയ്ക്കെപ്പോഴും ഭക്തിയുണ്ടാവണേ.
"സ്വനിഗമമപഹായ മത്പ്രതിജ്ഞാ-മൃതമധികര്‍ത്തുമവപ്ലുതോ രഥസ്ഥഃധൃതരഥചരണോऽഭ്യയാച്ചലദ്ഗുര്‍-ഹരിരിവ ഹന്തുമിഭം ഗതോത്തരീയഃശിതവിശിഖഹതോ വിശീര്ണ്ണദംശഃക്ഷതജപരിപ്ലുത ആതതായിനോ മേപ്രസഭമഭിസസാര മദ്വധാര്ഥംസ ഭവതു മേ ഭഗവാന്‍ ഗതിര്‍മ്മുകുന്ദഃ"ഹേ കൃഷ്ണ, ഞാനെയ്ത അമ്പു തറച്ച് മാര്‍ച്ചട്ടയിലൂടെ രക്തം പൊടിഞ്ഞപ്പോള്‍ അങ്ങ് എന്റെ വാക്കു സത്യമാക്കാനല്ലേ സ്വന്തം പ്രതിജ്ഞപോലും മറന്ന് ആയുധമേന്തി (സുദര്‍ശനം) രഥത്തില്‍ നിന്നും ചാടിയിറങ്ങി എന്റെ നെരെ ആഞ്ഞടുത്തത്? എന്റെ നേര്‍ക്കോടിവന ആ നീ തന്നെയാണ് എന്റെ ഗതി, എന്റെ ലക്ഷ്യം!"
വിജയരഥകുടുംബ ആത്തതോത്രേധൃതഹയരശ്മിനി തച്ഛ്രിയേക്ഷണീയേഭഗവതി രതിരസ്തു മേ മുമൂര്ഷോഃയമിഹ നിരീക്ഷ്യ ഹതാ ഗതാസ്സരൂപം"അര്‍ജ്ജുനന്റെ രഥത്തില്‍ കുതിരകളുടെ കടിഞ്ഞാണ്‍ കയ്യിലേന്തി, രഥത്തെനിയന്ത്രിച്ചുകൊണ്ട് വിജയത്തിലേയ്ക്കു നയിച്ച, നിന്റെ ആ തേരാളീരൂപം കണ്ടുകൊണ്ട് പ്രാണന്‍ വെടിഞ്ഞവരും തീര്‍ച്ചയായും പരമപദം തന്നെ പ്രാപിച്ചിരിയ്ക്കണം![അര്‍ജ്ജുനന്റെ തേര്‍ത്തട്ടുപോലെ എന്റെ ഹൃദയത്തെ കൃഷ്ണ നീ കരുതണേ. (ശരീരം തേരാണെന്നു കരുതിയാല്‍, ഇന്ദ്രിയങ്ങള്‍- തേരിലെ കുതിരകള്‍; മനസ്സ്- കടിഞ്ഞാണ്‍; ജീവന്‍(ശ്വാസമല്ല) തേരിലെ യാത്രക്കാരന്‍; തേരാളിയായി കൃഷ്ണന്‍(പരമാത്മാവ്) ഉണ്ടെങ്കില്‍ പിന്നെന്തിനു പേടി?) എന്റെ ഹൃദയത്തില്‍ നീയെന്നും വസിയ്ക്കണം. എന്നുള്ളിലെ തേരാളിയാണ് എന്നെ എത്തേണ്ടിടത്ത് എത്തിയ്ക്കേണ്ടത്].
"ലളിതഗതിവിലാസവല്‍ഗുഹാസ-പ്രണയനിരീക്ഷണകല്പ്പിതോരുമാനാഃകൃതമനുകൃതവത്യ ഉന്മദാന്ധാഃപ്രകൃതിമഗന് കില യസ്യ ഗോപവധ്വഃ"നിഷ്കളങ്കകളായ ഗോപസ്ത്രീകള്‍ പോലും നിന്റെ സുന്ദരമായ പുഞ്ചിരിയും മുഖവും മധുരമായ വാക്കുകളും നിന്റെ മറ്റു ഭാവങ്ങളും ഓര്‍ത്തോര്‍ത്ത് മറ്റെല്ലാം മറന്ന് നിന്നില്‍ത്തന്നെ ലയിച്ചുവല്ലോ!
"മുനിഗണനൃപവര്യസംകുലേऽന്ത-സ്സദസി യുധിഷ്ഠിരരാജസൂയ ഏഷാംഅര്ഹണമുപപേദ ഈക്ഷണീയോമമദൃശി ഗോചര ഏഷ ആവിരാത്മാ"ധര്‍മ്മപുത്രന്റെ രാജസൂയയാഗത്തില്‍ അഗ്രാസനത്തിലിരുത്തി പൂജചെയ്തത് പാര്‍ഥസാരഥേ, കൃഷ്ണ, അങ്ങയെയാണല്ലോ. ജഗത്തിന്റെയെല്ലാം അന്തരാത്മാവായ ആ അങ്ങ് ഇപ്പോഴിതാ എന്റെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈശ്വരാധീനം എന്നല്ലാതെ എന്തുപറയാന്‍?
"തമിമമഹമജം ശരീരഭാജാംഹൃദി ഹൃദി ധിഷ്ഠിതമാത്മകല്പ്പിതാനാംപ്രതിദൃശമിവ നൈകധാര്ക്കമേകംസമധിഗതോസ്മി വിധൂതഭേദമോഹഃ"സൂര്യന്റെ പ്രതിബിംബം, വെള്ളം നിറച്ചുവെച്ചപാത്രങ്ങളില്‍ വെവ്വേറെ (ഓരോ പാത്രത്തിലും ഓരോ സൂര്യപ്രതിബിംബം- പക്ഷേ യഥാര്‍ഥത്തില്‍ ഒരേയൊരു സൂര്യനേയുള്ളൂ) കാണപ്പെടുന്നതുപോലെ പരമാത്മാവായ അങ്ങയുടെ പ്രതിബിംബങ്ങളാണല്ലോ ഓരോരോ ദേഹത്തിലും കുടികൊള്ളുന്നത്! അപ്പോള്‍ എന്നുള്ളിലുള്ളത് കൃഷ്ണാ നിന്റെ പ്രതിബിംബം. ആ പ്രതിബിംബത്തിന്റെ യഥാര്‍ഥരൂപം- എന്റെ യഥാര്‍ഥസത്ത- മഹാപ്രഭോ! അങ്ങുതന്നെയല്ലേ! എനിയ്ക്കിപ്പോള്‍ ഞാന്‍ ഈ വെറും ശരീരമാണെന്നു തോന്നുന്നില്ലാ. അല്ലയോ സച്ചിദാനന്ദരൂപാ, എല്ലാദുഃഖങ്ങളുമകന്ന് തെളിഞ്ഞബോധത്തോടെ ഞാനുമീ പരമാനന്ദത്തില്‍ ലയിയ്ക്കട്ടേ!
ഭാഗവതം ഒന്നാം സ്കന്ധം ഒമ്പതാമധ്യായത്തില്‍ ഈ ശ്ലോകങ്ങള്‍ കാണാം. നിത്യേന ഇതു ചൊല്ലാറുള്ള ഒരാള്‍ക്ക് അവരാവശ്യപ്പെട്ടതിനാല്‍ അതിന്റെ ഒരു ഭാവാര്‍ഥം (വിമര്‍ശനമോ പദാനുപദവ്യാഖ്യാനമോ അല്ല) എഴുതിക്കൊടുത്തു. അതാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.