Showing posts with label വ്യാഖ്യാനം. Show all posts
Showing posts with label വ്യാഖ്യാനം. Show all posts

Sunday, May 31, 2009

കുന്തീസ്തുതി- ഭാഗം നാലു്

21. കേ വയം നാമരൂപാഭ്യാം
യദുഭിഃ സഹ പാണ്ഡവാഃ
ഭവതോദര്‍ശനം യര്‍ഹി
ഹൃഷീകാണാമിവേശിതുഃ


പ്രഭോ! അങ്ങയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പിന്നെ അസംഖ്യം യദുക്കളും പാണ്ഡവരും ഒക്കെ വെറും ‘പേരും കോലവും’ പേറി നടക്കുന്ന ഇന്ദ്രിയക്കൂടാരങ്ങള്‍ മാത്രമാവുമായിരുന്നില്ലേ. (സര്‍വാന്തര്യാമിയായ - ചൈതന്യസ്വരൂപനായ അങ്ങയുടെ അഭാവത്തില്‍ ആരും, ആരുമായിത്തീരുന്നില്ല).
22. നേയം ശോഭിഷ്യതേ തത്ര
യഥേദാനീം ഗദാധര!

ത്വത്‌പദൈരങ്കിതാ ഭാതി
സ്വലക്ഷണവിലക്ഷിതൈഃ
അങ്ങയുടെ പാദമുദ്ര പതിഞ്ഞതുകാരണം മാത്രമാണല്ലോ ലോകം ഇവ്വിധം ശോഭിയ്ക്കുന്നത്. അങ്ങുപോയിക്കഴിഞ്ഞാല്‍ ഇപ്രകാരം ഇതു നിലനില്‍ക്കുകയുമില്ല.
23. ഇമേ ജനപദാഃ സ്വൃദ്ധാ
സുപക്വൌഷധിവീരുധഃ
വനാദ്രിനദ്യുദന്വന്തോ

ഹ്യേധന്തേ തവ വീക്ഷിതൈഃ

നിന്റെ കരുണാകടാക്ഷം കൊണ്ടാണു് സമ്പന്നമായ നാടും ഫലസമ്പന്നമായ വൃക്ഷങ്ങളും തെളിനീരുറവകളും കാടുകളും ഒക്കെ ഇപ്രകാരം ഐശ്വര്യപൂര്‍ണ്ണമായി നില്‍ക്കുന്നതു്.

24.അഥ വിശ്വേശ! വിശ്വാത്മന്‍
വിശ്വമൂര്‍ത്തേ സ്വകേഷു മേ
സ്നേഹപാശമിമം ഛിന്ധി
ദൃഢം പാണ്ഡുഷു വൃഷ്ണിഷു

25.ത്വയി മേऽനന്യവിഷയാ
മതിര്‍മധുമതേऽസകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൌഘമുദന്വതി
24,25: [അപ്പോള്‍, പറഞ്ഞുവന്നതു്, എന്റെ കണ്ണാ, അല്ലല്ല] ഹേ വിശ്വം മുഴുവന്‍ നിയന്ത്രിയ്ക്കുന്നവനേ, വിശ്വത്തിനെല്ലാം ആത്മാവായിരിയ്ക്കുന്നവനേ, ഒരു കാര്യം ചെയ്യൂ, ഈ പാണ്ഡവരിലും വൃഷ്ണികളിലും ദൃഢമായി ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന - കെട്ടിക്കുടുങ്ങിയിരിയ്ക്കുന്ന എന്റെ സ്നേഹപാശം- മമതാ എന്ന കെട്ടു് ഒന്നറുത്തുതരൂ. ഇനി മുതല്‍ എന്റെ മനസ്സും ബുദ്ധിയും, സമുദ്രത്തിലേയ്ക്കു കുതിച്ചുപാഞ്ഞൊഴുകുന്ന ഗംഗാപ്രവാഹം പോലെ വിശ്വാത്മാവായ അങ്ങയിലേയ്ക്കുതന്നെ ഒരൊറ്റലക്ഷ്യവുമായി കുതിച്ചൊഴുകാനിടവരണേ!

26.ശ്രീകൃഷ്ണ! കൃഷ്ണസഖ! വൃഷ്ണ്യൃഷഭാവനിധ്രുഗ്-
രാജന്യവംശദഹനാനപവര്‍ഗ്ഗവീര്യ!
ഗോവിന്ദ! ഗോ ദ്വിജസുരാര്‍ത്തിഹരാവതാര!
യോഗേശ്വരാഖിലഗുരോ! ഭഗവന്‍! നമസ്തേ!

ഹേ ഭഗവന്‍! ശ്രീകൃഷ്ണനായും അര്‍ജ്ജുനസഖാവായും ദുഷ്ടരെ നിഗ്രഹിക്കുന്നവനായും മോക്ഷം കൊടുക്കുന്നവനായും രക്ഷ വേണ്ടവര്‍ക്കൊക്കെ രക്ഷ നല്‍കുന്നവനായും ഒക്കെ പല പല ഭാവങ്ങളില്‍ പ്രകാശിച്ചിട്ടുള്ള അങ്ങയെ അഖിലഗുരുവായും യോഗേശ്വരനായും അറിഞ്ഞു ഞാനിതാ നമസ്കരിയ്ക്കുന്നു.

ശൈശവത്തില്‍ കുസൃതികളാലും പിന്നീടു് മറ്റുപല ലീലകളാലും വീര്യത്താലും ഒക്കെ പലപല ഭാവങ്ങളില്‍ എന്റെ മനസ്സു കവര്‍ന്നിട്ടുള്ള കൃഷ്ണാ, അങ്ങ് എന്റെ മകന്റെ കൂട്ടുകാരനാണെങ്കിലും അങ്ങയെ ഞാന്‍ യോഗേശ്വരനായി അറിയുന്നു, ഈശ്വരസാക്ഷാത്കാരത്തിനു് - ആത്മസാക്ഷാത്കാരത്തിനു് - ഈശ്വരനില്‍ ലയിയ്ക്കുന്നതിനു്- ഞാനും പരം പൊരുളും ഒന്നായിത്തീരുന്നതിനു് -ആ യോജിയ്ക്കലിനു് -യോഗേശ്വരനെത്തന്നെ നമസ്കരിക്കുന്നു (അതുതന്നെ ഉചിതം). അഖിലഗുരോ! അഖിലര്‍ക്കും ഗുരുവാകയാല്‍ എനിയ്ക്കും ഗുരു തന്നെ. അഖിലഗുരുവില്‍ നിന്നു ‘പരമജ്ഞാനം’ കിട്ടിയാല്‍ കൊള്ളാം (എന്നോ ധ്വനി!). അതാവാം കുന്തീദേവിയുടെ പ്രാര്‍ത്ഥന.
യോഗേശ്വരാ അഖിലഗുരോ അങ്ങയെ ഞാനിതാ വീണ്ടും നമസ്കരിയ്ക്കുന്നു.

(കുന്തീസ്തുതി അവസാനിയ്ക്കുന്നു)

Saturday, May 23, 2009

കുന്തീസ്തുതി - ഭാഗം മൂന്നു്.

കുന്തീസ്തുതി തുടരുന്നു, ഭാഗം മൂന്നു്:
15.
കേചിദാഹുരജം ജാതം
പുണ്യശ്ലോകസ്യ കീര്‍ത്തയേ
യദോഃ പ്രിയസ്യാന്വവായേ
മലയസ്യേവ ചന്ദനം
ജനനമില്ലാത്തവനായ (ജനനം മരണം എന്നതൊന്നും ഇല്ലാത്തതായ പരം പൊരുളായ) അങ്ങു് ജനിച്ചു, ദാ ഇങ്ങനെ, കൃഷ്ണനായി ജനിച്ചു. ഇങ്ങനെ ഒരു ഇറങ്ങിവരല്‍ സംഭവിച്ചത്, ചിലര്‍ പറയുന്നു പുണ്യശ്ലോകന്റെ (യുധിഷ്ഠിരന്റെ / യദുവിന്റെ) കീര്‍ത്തി പരത്താനാണെന്നു്. ചന്ദനം, ചന്ദനമരം അതുണ്ടായ മലയപര്‍വതത്തിന്റെ ത്തന്നെ പ്രസിദ്ധി ചുറ്റും പരത്തിയതുപോലെ യദുകുലത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരത്താനാണു അങ്ങു ജനിച്ചതെന്നാണു മറ്റുചിലര്‍ പറയുന്നതു്.
16.
അപരേ വസുദേവസ്യ
ദേവക്യാം യാചിതോഭ്യഗാത്
അജസ്ത്വമസ്യ ക്ഷേമായ
വധായ ച സുരദ്വിഷാം

മറ്റുചിലര്‍ പറയുന്നൂ, വസുദേവരും ദേവകിയും പ്രാര്‍ത്ഥിച്ചതു നിമിത്തം അവരുടെ ക്ഷേമത്തിനായിട്ടും പിന്നെ അസുരന്മാരെ നശിപ്പിയ്ക്കാനുമായിട്ടാണു് ഭഗവാന്‍ ഇങ്ങനെ ഒരു അവതാരം കൈക്കൊണ്ടതെന്നു്.
17.

ഭാരാവതരണായാന്യേ
ഭുവോ നാവ ഇവോദധൌ
സീദന്ത്യാ ഭൂരിഭാരേണ
ജാതോ ഹ്യാത്മഭുവാര്‍ത്ഥിതഃ
ഭാരാധിക്യത്താല്‍ കുഴങ്ങി, നിലനില്‍പ്പു തന്നെ അപകടത്തിലായ ഭൂമീദേവി, ഭൂഭാരം തീര്‍പ്പതിന്നായി കേണപേക്ഷിയ്ക്കയാല്‍ ഭൂമീദേവിയ്ക്കുതന്നെ ഒരു രക്ഷയ്ക്കായി, സമുദ്രത്തില്‍ മുങ്ങാന്‍പോകുന്നവന്നൊരു വഞ്ചിയെന്നപോലെ അവതരിച്ചുവന്നതാണെന്നു്.

18.
ഭവേസ്മിന്‍ ക്ലിശ്യമാനാനാം
അവിദ്യാകാമകര്‍മ്മഭിഃ
ശ്രവണസ്മരണാര്‍ഹാണി
കരിഷ്യന്നിതി കേചന

മറ്റുചിലര്‍ പറയുന്നതെന്തെന്നോ? ഈ സംസാരസാഗരത്തില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമേകാനായി കേട്ടുരസിയ്ക്കാനും ഓര്‍ത്തോര്‍ത്ത് ആനന്ദിയ്ക്കാനും പറ്റിയ ലീലകളാടുന്നതിനാണു നിന്റെ ഈ അവതാരമെന്നു്.

19.

ശൃണ്വന്തി ഗായന്തി ഗൃണന്ത്യഭീക്ഷ്ണശഃ
സ്മരന്തി നന്ദന്തി തവേഹിതം ജനാഃ
ത ഏവ പശ്യന്ത്യചിരേണ താവകം
ഭവപ്രവാഹോപരമം പദാംബുജം

ഏതായാലും കൃഷ്ണാ! എല്ലാത്തരം ആളുകളേയും ആകര്‍ഷിയ്ക്കാന്‍ പോന്ന അനേകം ലീലകളാടുകയാല്‍ ഇനിമുതല്‍ നിന്റെയീ പുണ്യചരിതം കേട്ടും പാടിയും വീണ്ടും വീണ്ടും സ്മരിച്ചും മനസ്സിനെ നിന്നില്‍ത്തന്നെ കേന്ദ്രീകരിച്ച് സംസാരദുഃഖത്തില്‍നിന്നും രക്ഷപ്പെടാമല്ലോ!

20.
അപ്യദ്യ നസ്ത്വം സ്വകൃതേഹിത പ്രഭോ
ജിഹാസസിസ്വിത് സുഹൃദോനുജീവിനഃ
യേഷാം ന ചാന്യദ് ഭവതഃ പദാംബുജാത്
പരായണം രാജസു യോജിതാംഹസാം

പ്രഭോ! അങ്ങല്ലാതൊരു താങ്ങുമില്ലാത്ത ഞങ്ങളെ, യുദ്ധത്തില്‍ പലരേയും കൊന്നൊടുക്കിയ ഞങ്ങളെ, ഉപേക്ഷിച്ച് അങ്ങ് ഇന്നിപ്പോള്‍ ഇവിടം വിട്ട് പോയാല്‍ ഞങ്ങള്‍ക്കാരുണ്ടൊരാശ്രയം?

(തുടരും, അടുത്തതില്‍ അവസാനിയ്ക്കും)

Friday, May 22, 2009

കുന്തീസ്തുതി - ഭാഗം രണ്ടു്

കുന്തീസ്തുതി തുടരുന്നു...
9.
ജന്മൈശ്വര്യശ്രുതശ്രീഭിഃ
ഏധമാനമദഃ പുമാന്‍
നൈവാര്‍ഹത്യഭിധാതും വൈ
ത്വാമകിഞ്ചനഗോചരം

നല്ലകുലത്തില്‍ ജന്മം, ഐശ്വര്യം, പെരുമ, സമ്പത്ത് എന്നിവ ഉള്ള ഒരാള്‍ ഇതൊക്കെ ഉള്ളതുകൊണ്ടു് അഹങ്കാരവും മദവും വര്‍ദ്ധിച്ചവനായിത്തീര്‍ന്ന് ഈശ്വരചിന്തയില്‍ നിന്നും അകന്നുപോകുകയാണു പതിവു്. അകിഞ്ചനന്മാര്‍ക്കാണല്ലോ നിന്നെ നിരന്തരം ഭജിക്കാന്‍ സാധിക്കുന്നതു്.
(തന്റെ ബലമായി, അഥവാ തനിയ്ക്കു താങ്ങായി പണമോ ബുദ്ധിയോ നിലയും വിലയുമുള്ള ആള്‍ക്കാരോ ഒക്കെ ഉണ്ടെന്നു കരുതുന്നവര്‍ അഹങ്കാരികളാകുകയാണു പതിവു്, തനിയ്ക്കായി യാതൊന്നുമില്ല, ഉള്ളത് ഉള്ളിന്റെ ഉള്ളിലെ ഉണ്മ മാത്രം- എന്ന അറിവില്‍ ആ ചൈതന്യത്തെ ഏതെങ്കിലും ഒരു നിലയ്ക്ക് ആശ്രയിക്കാന്‍, ഒന്നുമില്ലാത്ത നിരഹങ്കാരികള്‍ക്കാണെളുപ്പം)
10.
നമോകിഞ്ചനവിത്തായ
നിവൃത്തഗുണവൃത്തയേ
ആത്മാരാമായ ശാന്തായ
കൈവല്യപതയേ നമഃ
യാതൊന്നുമില്ലാത്തവരാണു് അങ്ങയെ സമ്പാദിയ്ക്കാന്‍ അര്‍ഹരാവുന്നത്. അതുകൊണ്ടു് ഭഗവാനേ അര്‍ത്ഥവും കാമവും ഒന്നും വളര്‍ത്താതെ ആത്മാരാമനായ അങ്ങയെ സാക്ഷാത്കരിയ്ക്കാന്‍ അനുഗ്രഹിയ്ക്കണേ. ആത്മാരാമനും ശാന്തനും കൈവല്യപതിയുമായ അങ്ങയ്ക്കു നമസ്കാരം.

11.
മന്യേ ത്വാം കാലമീശാനം
അനാദിനിധനം വിഭും
സമം ചരന്തം സര്‍വത്ര
ഭൂതാനാം യന്മിഥഃ കലിഃ

ആദിയും അന്തവുമില്ലാത്ത കാലപുരുഷനായിട്ടും അങ്ങുതന്നെ ജഗത്തെല്ലാം വേണ്ടവിധം നിയന്ത്രിച്ചുനടത്തുന്നു. ഉണ്ടായിട്ടുള്ള എല്ലാറ്റിനുമൊപ്പം കാലമായി-കാലപുരുഷനായി- ചരിയ്ക്കുന്നതും നീ തന്നെ.
12
ന വേദ കശ്ചിത് ഭഗവംശ്ചികീര്‍ഷിതം

തവേഹമാനസ്യ നൃണാം വിഡംബനം
ന യസ്യ കശ്ചിദ് ദയിതോസ്തി കര്‍ഹിചിത്
ദ്വേഷ്യശ്ച യസ്മിന്‍ വിഷമാ മതിര്‍നൃണാം

ഹേ ഭഗവന്‍! അങ്ങയ്ക്ക് ചെയ്യേണ്ടതായിട്ടും നേടിയെടുക്കേണ്ടതായിട്ടും ഒന്നുമില്ല. പ്രിയനെന്നോ അപ്രിയനെന്നോ ഒക്കെയുള്ള വേര്‍തിരിവു് മനുഷ്യബുദ്ധിയ്ക്കാണുള്ളതു്. അങ്ങയ്ക്ക് ശത്രുമിത്രാദി വേര്‍തിരിവൊന്നും ഇല്ലെന്നതല്ലേ വാസ്തവം! എന്നിട്ടും നിന്റെ ഒരു മനുഷ്യനാട്യം - കേമമാവുന്നുണ്ട്!

13.

ജന്മകര്‍മ്മ ച വിശ്വാത്മന്‍

അജസ്യാകര്‍ത്തുരാത്മനഃ

തിര്യങ്‌നൃഷിഷു യാദസ്സു

തദത്യന്തവിഡംബനം

ജനനം, മരണം ഇതൊന്നും ഇല്ലാത്ത അങ്ങ് മനുഷ്യനാട്യത്തിലും പക്ഷിമൃഗാദി പലരൂപങ്ങളിലും ജനിയ്ക്കുക, മരിയ്ക്കുക തുടങ്ങിയ ഭാവങ്ങളോടുകൂടി ലീലകളാടുകയല്ലേ, അതു് വളരെ ആശ്ചര്യമായിരിയ്ക്കുന്നു.

14

ഗോപ്യാദദേ ത്വയി കൃതാഗസി ദാമ താവദ്

യാ തേ ദശാശ്രുകലിലാഞ്ജനസംഭ്രമാക്ഷം

വക്ത്രം നിനീയ ഭയഭാവനയാ സ്ഥിതസ്യ

സാ മാം വിമോഹയതി ഭീരപി യദ്‌ ബിഭേതി

നിന്റെയാ നാട്യമുണ്ടല്ലോ കൃഷ്ണ! യശോദ കയറും കൊണ്ടു് നിന്നെ ഉരലില്‍ക്കെട്ടാന്‍ ഭാവിച്ചപ്പോള്‍ ചുണ്ടും കോട്ടി, അമ്മയെപ്പേടിച്ചിട്ടെന്നപോലെ കുസൃതിക്കണ്ണുകളില്‍ കണ്ണീര്‍നിറച്ചുകൊണ്ടുള്ള ആ നില്‍പ്പ്- നിന്റെ ആ ഭാവം എന്നെ ഇപ്പോഴും മോഹിപ്പിയ്ക്കാറുണ്ടു്- ജനനമരണങ്ങള്‍ക്കൊക്കെ അതീതനായ പരമാത്മാവായ അങ്ങു് (മൃത്യുദേവതപോലും ആരുടെ നിയന്ത്രണത്തിലാണോ അണുവിട തെറ്റാതെ കര്‍മ്മങ്ങളനുഷ്ഠിയ്ക്കുന്നതു്, ആ പരമകാരണന്‍) അമ്മയുടെ മുന്നില്‍ പേടിച്ചരണ്ടുനില്‍ക്കുന്ന ഒരുണ്ണിയായി നിന്ന കാഴ്ച എന്റെ കണ്ണില്‍ ഇപ്പോഴുമുണ്ടല്ലോ കണ്ണാ!

...............................................................(തുടരും)

Thursday, May 21, 2009

കുന്തീസ്തുതി

‘കുന്തീസ്തുതി’ എന്നപേരില്‍ പ്രസിദ്ധമായ സ്തുതി ഭാഗവതത്തിലെ പ്രഥമസ്കന്ധത്തില്‍ എട്ടാമദ്ധ്യായം പതിനെട്ടുമുതല്‍ നാല്‍പ്പത്തിമൂന്നുകൂടിയുള്ള ഇരുപത്താറു ശ്ലോകങ്ങളടങ്ങിയ ഭാഗമാണു്. അത് ചൊല്ലുന്നവര്‍ക്ക് ഏകദേശം അര്‍ത്ഥമറിഞ്ഞു ചൊല്ലാന്‍ ഉതകുന്നതരത്തില്‍ ഭീഷ്മസ്തുതിയെ പിന്‍‌പറ്റി ഒരു വ്യാഖ്യാനം എഴുതാന്‍ തുടങ്ങിയതായിരുന്നു. ആകെ ഇരുപത്താറു ശ്ലോകങ്ങളും അവയ്ക്ക് ഞാന്‍ മനസ്സിലാക്കിയ അഥവാ എനിയ്ക്ക് ഏറ്റവും ആസ്വാദ്യമായി തോന്നിയ അര്‍ഥവും- ആ നിലയ്ക്കാണ് ഇതെഴുതിയത്. നിരൂപണമോ വിമര്‍ശനമോ എന്റെ ഉദ്ദേശ്യമല്ലായിരുന്നു. ആസ്വാദനവും പഠനവും ആയിരുന്നു ഉദ്ദേശ്യം. അതു് മൂന്നോ നാലോ ഭാഗങ്ങളായി ഇവിടെ പോസ്റ്റു ചെയ്യാന്‍ മുതിരുന്നു.


കുട്ടിക്കാലം മുതല്‍ എന്നുതന്നെ പറയട്ടേ, രക്ഷയ്ക്ക് ഭഗവാന്‍ മാത്രമാണൊരാശ്രയം എന്നു മനസ്സിലാക്കാന്‍ അവസരം ലഭിച്ച കുന്തീദേവി, കൃഷ്ണനെ *സ്തുതിയ്ക്കുന്നതാണു രംഗം. കുന്തീദേവി പലപ്പോഴും കൃഷ്ണനെ തന്റെ ബന്ധു‍ എന്നനിലയ്ക്കു കണ്ടിട്ടുണ്ടെങ്കിലും, ദേവിയ്ക്കറിയാമായിരുന്നു കൃഷ്ണന്‍ വെറും ബന്ധുവല്ല, മനുഷ്യനാട്യം നടിയ്ക്കുന്ന സാക്ഷാല്‍ പരമാത്മസ്വരൂപനാണെന്ന്. തങ്ങളെ എന്തെന്താപത്തുവരുമ്പോഴും രക്ഷിച്ചത് അദ്ദേഹമാണെന്ന അറിവില്‍ ആ മഹിമയെ കീര്‍ത്തിയ്ക്കാനാണു ദേവി സ്തുതിയ്ക്കാന്‍ തുടങ്ങുന്നത്.
1.
നമസ്യേ പുരുഷം ത്വാദ്യം
ഈശ്വരം പ്രകൃതേഃ പരം
അലക്ഷ്യം സര്‍വ്വഭൂതാനാം
അന്തര്‍ബഹിരവസ്ഥിതം

ഹേ പരമപുരുഷ! എല്ലാറ്റിന്റേയും ഉള്ളിലും പുറത്തും നിറഞ്ഞിരിയ്ക്കുന്ന, എല്ലാറ്റിനും കാരണഭൂതനായ ഈശ്വര, ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിട്ടും (ഞങ്ങള്‍ക്കു) കാണാന്‍ കഴിയാത്ത പരം പൊരുളേ, അങ്ങയെ ഞാനൊന്നു നമസ്കരിച്ചോട്ടേ.
2.
മായായവനികാച്ഛന്നം
അജ്ഞാധോക്ഷജമവ്യയം
ന ലക്ഷ്യസേ മൂഢദൃശാ
നടോ നാട്യധരോ യഥാ

ശരിയായ നടനെ അറിയാതെ, കഥാപാത്രത്തെയാണു സാധാരണക്കാരായ നാടകക്കാഴ്ചക്കാര്‍ കണ്ടാസ്വദിയ്ക്കുക പതിവു്. പുറംകാഴ്ചയില്‍ മോഹിച്ചുപോയവര്‍ (മൂഢന്മാരായ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍) അങ്ങ് മായയാകുന്ന തിരശ്ശീലയാല്‍ മറയപ്പെട്ടകാരണം, മായക്കാഴ്ചയ്ക്കും അപ്പുറത്തുള്ള അവ്യയനായ ‘സാക്ഷാല്‍’ നടനെ അറിഞ്ഞുമനസ്സിലാക്കുന്നില്ല, അതിനു കെല്‍പ്പുള്ളവരല്ല.

3.
തഥാ പരമഹംസാനാം
മുനീനാമമലാത്മനാം
ഭക്തിയോഗവിധാനാര്‍ത്ഥം
കഥം പശ്യേമ ഹി സ്ത്രിയഃ

പരമഹംസന്മാരും ശുദ്ധനിഷ്ക്കളഹൃദയരും ആയ മഹാമുനിമാര്‍ക്കു് ഭക്തിരസം നിറച്ചുനല്‍കുന്ന അങ്ങയുടെ മാഹാത്മ്യത്തെക്കുറിച്ച്, ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങള്‍ എങ്ങിനെയറിയാനാണു്?

4.

കൃഷ്ണായ വാസുദേവായ
ദേവകീനന്ദനായ ച
നന്ദഗോപകുമാരായ
ഗോവിന്ദായ നമോ നമഃ

5.
നമഃ പങ്കജനാഭായ
നമഃ പങ്കജമാലിനേ
നമഃ പങ്കജനേത്രായ
നമസ്തേ പങ്കജാംഘ്രയേ

4,5: ഹേ കൃഷ്ണ! വസുദേവ-ദേവകീപുത്ര, നന്ദഗോപകുമാര, ഗോവിന്ദ, അങ്ങയ്ക്കു വീണ്ടും വീണ്ടും നമസ്കാരം. [ഈ കണ്ണനെ എനിയ്ക്കു നന്നായറിയാം, ഇവന്‍ തന്നെയാണത്രേ നാഭിയില്‍ താമരയുള്ള വിശ്വാധാരനും വിശ്വാകാരനും ഒക്കെയായ വിഷ്ണു!] ഹേ പങ്കജനാഭ! താമരക്കണ്ണാ, താമരമാലധരിച്ചുനില്‍ക്കുന്ന അങ്ങയുടെ ഈ കാല്‍ത്താരില്‍ ഞാനിതാ നമസ്കരിയ്ക്കുന്നു.

6
യഥാ ഹൃഷീകേശ ഖലേന ദേവകീ
കംസേന രുദ്ധാതിചിരം ശുചാര്‍പ്പിതാ
വിമോചിതാഹം ച സഹാത്മജാ വിഭോ
ത്വയൈവ നാഥേന മുഹുര്‍വിപദ്‌ഗണാത്

ദുഷ്ടനായ കംസനാല്‍ തടവിലാക്കപ്പെട്ട അത്യന്തദുഃഖിതയായ ദേവകിയെ ദുഃഖത്തില്‍നിന്നു കരകയറ്റിയതും അതുപോലെ, വന്നുപെട്ട എല്ലാ വിപത്സഞ്ചയങ്ങളില്‍നിന്നും (അടിയ്ക്കടി വന്നുപെട്ട ആപത്തുകളില്‍നിന്നും) എന്നെ എന്റെ മക്കളോടൊപ്പം രക്ഷിച്ചതും അങ്ങല്ലാതെ മറ്റാരുമല്ല കൃഷ്ണാ, എന്നു ഞാനറിയുന്നു.

7.
വിഷാന്മഹാഗ്നേഃ പുരുഷാദദര്‍ശനാത്
അസദ്സഭായാ വനവാസകൃച്ഛ്രതഃ
മൃധേ മൃധേऽനേകമഹാരഥാസ്ത്രതോ
ദ്രൌണ്യസ്ത്രതശ്ചാസ്മ ഹരേऽഭിരക്ഷിതാഃ

അങ്ങുതന്നെയാണു ഞങ്ങളെ വിഷഭയത്തില്‍ നിന്നും അരക്കില്ലത്തിലെ അഗ്നിയില്‍ നിന്നും ദുഷ്ടരുടെ സഭയില്‍ നിന്നും മഹാരഥന്മാരുടെ അസ്ത്രങ്ങളില്‍ നിന്നും ദാ ഇപ്പോള്‍ അശ്വത്ഥാമാവിന്റെ അസ്ത്രത്തില്‍നിന്നും (ഉത്തരാഗര്‍ഭത്തിലെ ശിശുവിനേയും) രക്ഷിച്ചത്. ഏതേതാപത്തില്‍ നിന്നും അങ്ങുതന്നെ ഞങ്ങളെ രക്ഷിച്ചുകൊണ്ടേയിരിയ്ക്കുന്നുവല്ലോ കൃഷ്ണ.

8.
വിപദസ്സന്തു ന ശ്ശശ്വത്
തത്ര തത്ര ജഗദ്‌ഗുരോ!
ഭവതോ ദര്‍ശനം യത് സ്യാത്
അപുനര്‍ഭവദര്‍ശനം!

അങ്ങയുടെ ദര്‍ശനം തന്നെ മോക്ഷം (മോചനം, സ്വാതന്ത്ര്യം)തരുന്നതാണു്. എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തിതന്ന് പരമാനന്ദത്തിലാറാടിയ്ക്കുന്നതാണു് അങ്ങയുടെ ദര്‍ശനം. ആപത്തുകള്‍ നേരിടുമ്പോഴൊക്കെ രക്ഷയ്ക്കായി അങ്ങ് ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആപത്തുകളെ ഞാനെന്തിനു ഭയപ്പെടണം? ആപത്തുകള്‍ വന്നുഭവിച്ചോട്ടെ, അപ്പോഴൊക്കെ അവിടുന്നു കൂടെത്തന്നെയുണ്ടാവുമെന്ന് എനിയ്ക്കുതന്നെ അനുഭവമുണ്ടല്ലോ (എന്നുസാരം).
....................................................................................................(തുടരും)

Tuesday, September 25, 2007

ലക്ഷ്മണോപദേശം


സന്ദര്‍ഭം: ശ്രീരാമനെ യുവരാജാവായി വാഴിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ, പെട്ടെന്നുതന്നെ ശ്രീരാമനു പതിനാലുവര്‍ഷം കാട്ടില്‍പോകേണ്ടിവരുമെന്നും ഭരതനായിരിക്കും യുവരാജാവാകുന്നത് എന്നും അറിഞ്ഞ ലക്ഷ്മണന്‍ ക്രോധംകൊണ്ടു ജ്വലിയ്ക്കുന്നു. ദശരഥനേയും കൈകേയിയേയും മറ്റും അധിക്ഷേപിക്കുന്നു. രാമനോടു ദശരഥന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ലെന്നുവരെ ലക്ഷ്മണന്‍ പറയുന്നു. ക്രോധവും സങ്കടവും കൊണ്ടു വിറയ്ക്കുന്ന ലക്ഷ്മണനെ സമാശ്വസിപ്പിച്ചുകൊണ്ട്, ശ്രീരാമന്‍ പറയുന്ന വാക്കുകളാണ് ‘ലക്ഷ്മണോപദേശം’ എന്നറിയപ്പെടുന്നത്.

“വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
..
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
..
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
..“

എന്നിങ്ങനെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങുന്നു.

ഉണ്ണീ, ലക്ഷ്മണാ ഈ രാജ്യം, രാജാവ്, ദേഹം, ധനം എന്നതൊക്കെ ഒരിക്കല്‍ നശിയ്ക്കുന്നതല്ലേ? ഇതൊന്നും ശാശ്വതസത്യമല്ല. ഭോഗവസ്തുക്കളെല്ലാം ഏതുനിമിഷത്തിലും നശിച്ചുപോകുന്നതാണ്. ആയുസ്സും ഒടുങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. ഏതുപോലെയെന്നോ? തീയില്‍ ചുട്ടുപഴുപ്പിച്ച ലോഹത്തിനു മുകളില്‍ വീഴുന്ന വെള്ളത്തുള്ളിയുടെ അവസ്ഥപോലെ ക്ഷണികവും നശ്വരവുമാണ് ഈ മനുഷ്യജന്മം.

ഭോഗങ്ങള്‍ക്കുപിന്നാലെ പായുന്ന മനുഷ്യരുടെ നില ഏതുപോലെയാണെന്നറിയേണ്ടേ?

തന്റെ പകുതിഭാഗവും പാമ്പിന്റെ വായ്ക്കുള്ളില്‍ ആയിട്ടും മുന്നില്‍ പറന്നുപോകുന്ന ഈച്ചയെ തിന്നാന്‍ കൊതിയോടെ നാവു പുറത്തേയ്ക്കുനീട്ടുന്ന തവളയെപ്പോലെയാണ് മനുഷ്യരുടെ നില. നാം ഓരോരുത്തരും കാലമാകുന്ന പാമ്പിന്റെ വായില്‍ പെട്ടുകഴിഞ്ഞിട്ടും മരണത്തെപ്പറ്റിയോ ജീവിതത്തിന്റെ നശ്വരതെയെപ്പറ്റിയോ ആലോചിക്കാതെ ഭോഗങ്ങള്‍ക്കായി നാക്കും നോക്കും കാതും കൂര്‍പ്പിച്ചു പരക്കം പായുന്നു.

അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, പുത്രന്‍, മിത്രം, ബന്ധുജനങ്ങള്‍ ഇവരോടൊത്തുള്ള വാസവും സ്ഥിരമല്ല. യാത്രക്കാര്‍ വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്ക്കു യാത്രതുടരുന്നതുപോലെ മാത്രമാണ് ഈ ഭൂമിയിലെ ജീവിതവും. എല്ലാവര്‍ക്കും അവരവരുടെ യാത്ര തുടരേണ്ടതുണ്ട്. ധനവും സമ്പത്തും എത്രകരുതിവെച്ചാലും എന്നെന്നും നിലനില്‍ക്കുന്നതല്ല. എത്രയൊക്കെ സമ്പത്തുണ്ടായാലും ശക്തിയും ആരോഗ്യവും യൌവനവും നശിച്ചുകഴിഞ്ഞാല്‍ പിന്നെ സമ്പത്തുണ്ടായതുകൊണ്ടും കാര്യമില്ല.

ഇപ്പോള്‍ പകല്‍, ഇപ്പോള്‍ രാത്രി, ഇനിയും പകല്‍ വരും, രാത്രിവരും എന്നിങ്ങനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ചുടാത്ത മണ്‍കുടത്തില്‍ വെച്ച വെള്ളം പോലെ ആയുസ്സു ചോര്‍ന്നുകൊണ്ടേയിരിയ്ക്കുകയാണെന്നു ആരും ധരിയ്ക്കുന്നില്ല. വാര്‍ദ്ധക്യത്തില്‍ ജര, നര, വിവിധരോഗങ്ങള്‍ എന്നിവയാല്‍ ആക്രമിയ്ക്കപ്പെട്ട്, ശരീരം ചുങ്ങിച്ചുങ്ങിവരുമ്പോഴും മോഹങ്ങള്‍ക്കൊരു കുറവും വരുന്നില്ലെന്നുമാത്രമല്ല, ചീര്‍ത്തുവരികയാണുമോഹങ്ങള്‍. ദേഹാഭിമാനമാണ് മോഹങ്ങള്‍ക്കടിസ്ഥാനം.

ഞാന്‍ മഹാകേമനാണ്, പണ്ഡിതനാണ്, സുന്ദരനാണ്... ആഢ്യനാണ്... എന്നൊക്കെ ദേഹാഭിമാനത്തോടെ ഞെളിഞ്ഞിരിക്കുമ്പോള്‍... പെട്ടെന്നു മരണം സംഭവിച്ചാല്‍... എല്ലാം തീര്‍ന്നു... പിന്നെ അതേ ദേഹം വെന്തുവെണ്ണീറാവുകയോ വല്ല ജന്തുക്കളും ഭക്ഷിച്ചു കാഷ്ടിച്ചുപോവുകയോ ചെയ്തേക്കാം, അതുമല്ലെങ്കില്‍ മണ്ണില്‍ ദ്രവിച്ച് പുഴുവരിച്ചുപോകാം. അതുകൊണ്ട്, ദേഹാഭിമാനം തികച്ചും നിരര്‍ഥകമാണ്. ദേഹാഭിമാനത്തില്‍ നിന്നും മോചനം കിട്ടാനും ശാശ്വതാനന്ദസ്വരൂപമായ ആത്മാവാണ്- ചൈതന്യമാണ് താന്‍ എന്ന സ്വാതന്ത്ര്യത്തിലേയ്ക്കുണരാന്‍ ഏകാഗ്രതയോടെ നിരന്തരമായ പരിശ്രമം ചെയ്യണം. രാഗം ക്രോധം, മോഹം, മദം, മാത്സര്യം തുടങ്ങിയവ ഒരുവനെ അറിവില്‍നിന്നും അകറ്റിക്കൊണ്ടേയിരിയ്ക്കും. ക്രോധം എന്നത് അത്യന്തവിനാശകാരിയാണ്. ബുദ്ധിമാന്മാര്‍ ക്രോധത്തെ പരിത്യജിയ്ക്കണം. ശാന്തിയെ ഒരിയ്ക്കലും കൈവിടരുത്.

ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിയ്ക്കും പുറകില്‍ ശുദ്ധജ്യോതിസ്സായി, ആനന്ദമായി, എപ്പോഴുമെപ്പോഴും ഉള്ള ചൈതന്യത്തെ തിരിച്ചറിയൂ. ആ തിരിച്ചറിവില്‍ ഉറച്ചുനിന്നുകൊണ്ടുവേണം ഒട്ടും ഒട്ടലില്ലാതെ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കാന്‍. മനുഷ്യശരീരം കിട്ടിയാല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്കണം. പ്രാരബ്ദ്ധകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാതെ, ഒളിച്ചോടാന്‍ തരമില്ല. അതുകൊണ്ട്, ചെയ്യുന്ന കര്‍മ്മങ്ങള്‍ പരം പൊരുളില്‍ സമര്‍പ്പിച്ചുകൊണ്ട്, കളങ്കം ഏതുമില്ലാതെ ഫലത്തില്‍ ആശയില്ലാതെ ചെയ്യണം.

“ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാ‍നസത്തിങ്കല്‍ നിന്നാശു കളക നീ...

എന്നിങ്ങനെ ഉപസംഹരിയ്ക്കുന്നു ലക്ഷ്മണോപദേശം.

വെറും വാക്കുകളില്‍ കുടുങ്ങിപ്പോകാതെ, അര്‍ഥത്തെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചുറപ്പിയ്ക്കേണ്ടതാണ് മറ്റുപല ഭാഗങ്ങളുമെന്നപോലെ ലക്ഷ്മണോപദേശവും. "ഈ ദേഹമാണ് ഞാന്‍” എന്ന വിചാരമാണ് ഒരുപരിധിവരെ എല്ലാ ദുഃഖത്തിനും കാരണം. ഓരോരുത്തനും അവനവന്റെ ദേഹത്തിനുള്ളില്‍ കുടികൊള്ളുന്ന ചൈതന്യമാണ് താന്‍ എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. ആ അറിവ്‌ എന്നുണ്ടാകുന്നുവോ അന്നു മുതല്‍ പരമാനന്ദം അവനനുഭവിക്കാം. മരണഭയത്തിനും അവകാശമുണ്ടാവില്ല. ഈ തത്വം തന്നെയാണ്‌ പല തരത്തിലും (ഉപമകളില്‍ക്കൂടിയും കഥകളില്‍ക്കൂടിയും) ഒക്കെ ഋഷിമാര്‍ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. എഴുത്തച്ഛന്റെ രാമായണം ഈ പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുവിട്ടുപഠിപ്പിക്കുന്നുണ്ട്.

Friday, January 12, 2007

ഭീഷ്മസ്തുതി

സ്വച്ഛന്ദമൃത്യുവായ (തയ്യാറുള്ളപ്പോള്‍ മാത്രം മരിച്ചാല്‍ മതി എന്ന്‌ വരം നേടിയ) ഭീഷ്മര്‍, ശരശയ്യയില്‍ ഉത്തരായണകാലം കാത്ത്‌ കിടക്കുന്നു. ഉത്തരായണം തുടങ്ങാന്‍ (മകരസംക്രമം) അധികം സമയമില്ലല്ലോ എന്നു കണ്ട്‌ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരേയും (യുധിഷ്ഠിരനേയും) കൂട്ടി ഭീഷ്മരുടെ അടുത്തേയ്ക്കു ചെല്ലുന്നു. അവര്‍ ഭീഷ്മരുടെ അടുത്തുചെന്നു നിന്ന് വന്ദിച്ചു.

ധര്‍മ്മത്തെക്കുറിച്ച്‌ യുധിഷ്ഠിരന്‌ ധാരാളം സംശയങ്ങളുണ്ടായിരുന്നു. സംശയങ്ങളെല്ലാം കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുധിഷ്ഠിരന്‍, ഭീഷ്മരോടു ചോദിച്ചു. വളരെ വിശദമായി അതെല്ലാം പ്രതിപാദിച്ച ഭീഷ്മര്‍, ഉത്തരായണശുഭകാലം എത്താറായി എന്നു കണ്ട്‌, തന്റെ വൃത്തികളെല്ലാം ഉപസംഹരിച്ചു, മുന്നില്‍ തെളിഞ്ഞുവിളങ്ങുന്ന കൃഷ്ണനെ സ്തുതിയ്ക്കാനാരംഭിച്ചു. പുറത്തും ഉള്ളിലും കൃഷ്ണനെക്കണ്ടുകൊണ്ട്‌, കൃഷ്ണചിന്തയില്‍ ശരീരം വെടിയാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം.

ഇനി ഭീഷ്മസ്തുതി, മൂലശ്ലോകവും അതിനു ഞാന്‍ മനസ്സിലാക്കിയ അര്‍ഥവും താഴെക്കൊടുക്കുന്നു.

കൃഷ്ണന്‍ ഭീഷ്മരുടെ അടുത്തുചെന്നു വന്ദിക്കുന്നു. ആനന്ദാശ്രുക്കളോടെ ഭീഷ്മര്‍ സ്തുതിയ്ക്കാനാരംഭിയ്ക്കുന്നു.

ശ്രീ ഭീഷ്മ ഉവാച
ഭീഷ്മര്‍ പറഞ്ഞു-

"ഇതി മതിരുപകല്‍പ്പിതാ വിതൃഷ്ണാ
ഭഗവതി സാത്വതപുംഗവേ വിഭൂംനി
സ്വസുഖമുപഗതേ ക്വചിദ്വിഹര്‍ത്തും
പ്രകൃതിമുപേയുഷി യദ്‌ഭവപ്രവാഹഃ"

മഹാപ്രഭുവായ ഭഗവാനില്‍, പ്രകൃതിയോടു (മായയോട്‌) ചേര്‍ന്ന് പ്രപഞ്ചസൃഷ്ടിചെയ്യുന്ന കാരുണ്യമൂര്‍ത്തിയില്‍, ഞാനെന്റെ മനസ്സു മുഴുവനായും സമര്‍പ്പിക്കുന്നു. നിന്തിരുവടിയില്‍ (താങ്കളില്‍) ലയിയ്ക്കാനെനിയ്ക്കു സാധിയ്ക്കണേ. [ഏകദേശ അര്‍ഥം].

"ത്രിഭുവനകമനം തമാലവര്‍ണ്ണം
രവികരഗൌരവരാംബരം ദധാനേ
വപുരളകകുലാവൃതാനനാബ്ജം
വിജയസഖേ രതിരസ്തു മേऽനവദ്യാ"

അര്‍ജ്ജുനന്റെ സഖാവായ അങ്ങ്‌ ഇതുപോലെ മന്ദസ്മിതം തൂകി, മഞ്ഞപ്പട്ടുചുറ്റി, അളകങ്ങളാല്‍ സുന്ദരമായ മുഖശോഭയോടെ എന്റെ മനതാരില്‍ എന്നും വിളങ്ങണേ. [എന്റെ മനസ്സിന്‌ പാര്‍ഥസാരഥീരൂപം എന്നെന്നും പ്രിയപ്പെട്ടതാവണേ]

"യുധി തുരഗരജോവിധൂമ്രവിഷ്വ-
ക്കചലുളിതശ്രമവാര്യലംകൃതാസ്യേ
മമനിശിതശരൈര്‍വിഭിദ്യമാന-
ത്വചി വിലസത്‌കവചേऽസ്തു കൃഷ്ണ ആത്മാ"

യുദ്ധത്തിനിടയില്‍ രണഭൂമിയില്‍ നിന്നും ഉയര്‍ന്നപൊടികള്‍ പറ്റിയും വിയര്‍പ്പണിഞ്ഞതുമായ ചിരിച്ചുകൊണ്ടുള്ള ഈ മുഖവും, ഞാനെയ്ത അമ്പുകള്‍ തറച്ച മാര്‍ച്ചട്ടയോടെയുള്ള അങ്ങയുടെ ആ നില്‍പ്പും, കൃഷ്ണ, എന്റെ മനസ്സില്‍ നേരിട്ടുകാണുന്നതുപോലെ എന്നും തെളിഞ്ഞുകാണാന്‍ കനിയണേ.

"സപദി സഖിവചോ നിശമ്യ മധ്യേ
നിജപരയോര്‍ബലയോ രഥം നിവേശ്യ
സ്ഥിതവതി പരസൈനികായുരക്ഷ്ണാ
ഹൃതവതി പാര്‍ഥസഖേ രതിര്‍മ്മമാസ്തു"

അര്‍ജ്ജുനന്‍ പറഞ്ഞപ്രകാരം, ശത്രുക്കളെയെല്ലാം കാണിച്ചുകൊടുക്കാന്‍ വേണ്ടി ഓരോരുത്തരെയായി നോക്കി നോക്കി- ആ നോട്ടത്താല്‍ ത്തന്നെ അവരുടെയെല്ലാം ആയുസ്സു വലിച്ചെടുത്ത ഹേ കൃഷ്ണ, പാര്‍ഥന്റെ കൂട്ടുകാരാ, എനിയ്ക്കു നിന്നില്‍ ഭക്തിയുണ്ടാവണേ.

"വ്യവഹിതപൃതനാമുഖം നിരീക്ഷ്യ
സ്വജനവധാദ്വിമുഖസ്യ ദോഷബുദ്ധ്യാ
കുമതിമഹരദാത്മവിദ്യയാ യ-
ശ്ചരണരതിഃ പരമസ്യ തസ്യ മേऽസ്തു"

യുദ്ധത്തിനു ഒരുങ്ങിനില്‍ക്കുകയായിരുന്ന ഞങ്ങളുടെ നേര്‍ക്ക്‌ അമ്പയക്കാന്‍ മടിച്ചുനില്ലുകയായിരുന്ന, കര്‍ത്തവ്യബോധം തന്നെ മറന്ന അര്‍ജ്ജുനന്‌ നീ ഗീതയോതി ആത്മതത്വം ഉപദേശിച്ച്‌ അവനെ ഉദ്ബുദ്ധനാക്കി. ആ അങ്ങയില്‍ എനിയ്ക്കെപ്പോഴും ഭക്തിയുണ്ടാവണേ.

"സ്വനിഗമമപഹായ മത്പ്രതിജ്ഞാ-
മൃതമധികര്‍ത്തുമവപ്ലുതോ രഥസ്ഥഃ
ധൃതരഥചരണോऽഭ്യയാച്ചലദ്ഗുര്‍-
ഹരിരിവ ഹന്തുമിഭം ഗതോത്തരീയഃ

ശിതവിശിഖഹതോ വിശീര്‍ണ്ണദംശഃ
ക്ഷതജപരിപ്ലുത ആതതായിനോ മേ
പ്രസഭമഭിസസാര മദ്വധാര്‍ഥം
സ ഭവതു മേ ഭഗവാന്‍ ഗതിര്‍മ്മുകുന്ദഃ"

ഹേ കൃഷ്ണ, ഞാനെയ്ത അമ്പു തറച്ച്‌ മാര്‍ച്ചട്ടയിലൂടെ രക്തം പൊടിഞ്ഞപ്പോള്‍ അങ്ങ്‌ എന്റെ വാക്കു സത്യമാക്കാനല്ലേ സ്വന്തം പ്രതിജ്ഞപോലും മറന്ന്‌ ആയുധമേന്തി (സുദര്‍ശനം) രഥത്തില്‍ നിന്നും ചാടിയിറങ്ങി എന്റെ നെരെ ആഞ്ഞടുത്തത്‌? എന്റെ നേര്‍ക്കോടിവന ആ നീ തന്നെയാണ്‌ എന്റെ ഗതി, എന്റെ ലക്ഷ്യം!"

വിജയരഥകുടുംബ ആത്തതോത്രേ
ധൃതഹയരശ്മിനി തച്ഛ്രിയേക്ഷണീയേ
ഭഗവതി രതിരസ്തു മേ മുമൂര്‍ഷോഃ
യമിഹ നിരീക്ഷ്യ ഹതാ ഗതാസ്സരൂപം"

അര്‍ജ്ജുനന്റെ രഥത്തില്‍ കുതിരകളുടെ കടിഞ്ഞാണ്‍ കയ്യിലേന്തി, രഥത്തെനിയന്ത്രിച്ചുകൊണ്ട്‌ വിജയത്തിലേയ്ക്കു നയിച്ച, നിന്റെ ആ തേരാളീരൂപം കണ്ടുകൊണ്ട്‌ പ്രാണന്‍ വെടിഞ്ഞവരും തീര്‍ച്ചയായും പരമപദം തന്നെ പ്രാപിച്ചിരിയ്ക്കണം![അര്‍ജ്ജുനന്റെ തേര്‍ത്തട്ടുപോലെ എന്റെ ഹൃദയത്തെ കൃഷ്ണ നീ കരുതണേ. (ശരീരം തേരാണെന്നു കരുതിയാല്‍, ഇന്ദ്രിയങ്ങള്‍- തേരിലെ കുതിരകള്‍; മനസ്സ്‌- കടിഞ്ഞാണ്‍; ജീവന്‍(ശ്വാസമല്ല) തേരിലെ യാത്രക്കാരന്‍; തേരാളിയായി കൃഷ്ണന്‍(പരമാത്മാവ്‌) ഉണ്ടെങ്കില്‍ പിന്നെന്തിനു പേടി?) എന്റെ ഹൃദയത്തില്‍ നീയെന്നും വസിയ്ക്കണം. എന്നുള്ളിലെ തേരാളിയാണ്‌ എന്നെ എത്തേണ്ടിടത്ത്‌ എത്തിയ്ക്കേണ്ടത്‌].

"ലളിതഗതിവിലാസവല്‍ഗുഹാസ-
പ്രണയനിരീക്ഷണകല്‍പ്പിതോരുമാനാഃ
കൃതമനുകൃതവത്യ ഉന്മദാന്ധാഃ
പ്രകൃതിമഗന്‍ കില യസ്യ ഗോപവധ്വഃ"

നിഷ്കളങ്കകളായ ഗോപസ്ത്രീകള്‍ പോലും നിന്റെ സുന്ദരമായ പുഞ്ചിരിയും മുഖവും മധുരമായ വാക്കുകളും നിന്റെ മറ്റു ഭാവങ്ങളും ഓര്‍ത്തോര്‍ത്ത്‌ മറ്റെല്ലാം മറന്ന്‌ നിന്നില്‍ത്തന്നെ ലയിച്ചുവല്ലോ!

"മുനിഗണനൃപവര്യസംകുലേऽന്ത-
സ്സദസി യുധിഷ്ഠിരരാജസൂയ ഏഷാം
അര്‍ഹണമുപപേദ ഈക്ഷണീയോ
മമദൃശി ഗോചര ഏഷ ആവിരാത്മാ"

ധര്‍മ്മപുത്രന്റെ രാജസൂയയാഗത്തില്‍ അഗ്രാസനത്തിലിരുത്തി പൂജചെയ്തത്‌ പാര്‍ഥസാരഥേ, കൃഷ്ണ, അങ്ങയെയാണല്ലോ. ജഗത്തിന്റെയെല്ലാം അന്തരാത്മാവായ ആ അങ്ങ്‌ ഇപ്പോഴിതാ എന്റെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈശ്വരാധീനം എന്നല്ലാതെ എന്തുപറയാന്‍?

"തമിമമഹമജം ശരീരഭാജാം
ഹൃദി ഹൃദി ധിഷ്ഠിതമാത്മകല്‍പ്പിതാനാം
പ്രതിദൃശമിവ നൈകധാര്‍ക്കമേകം
സമധിഗതോസ്മി വിധൂതഭേദമോഹഃ"

സൂര്യന്റെ പ്രതിബിംബം, വെള്ളം നിറച്ചുവെച്ചപാത്രങ്ങളില്‍ വെവ്വേറെ (ഓരോ പാത്രത്തിലും ഓരോ സൂര്യപ്രതിബിംബം- പക്ഷേ യഥാര്‍ഥത്തില്‍ ഒരേയൊരു സൂര്യനേയുള്ളൂ) കാണപ്പെടുന്നതുപോലെ പരമാത്മാവായ അങ്ങയുടെ പ്രതിബിംബങ്ങളാണല്ലോ ഓരോരോ ദേഹത്തിലും കുടികൊള്ളുന്നത്‌! അപ്പോള്‍ എന്നുള്ളിലുള്ളത്‌ കൃഷ്ണാ നിന്റെ പ്രതിബിംബം. ആ പ്രതിബിംബത്തിന്റെ യഥാര്‍ഥരൂപം- എന്റെ യഥാര്‍ഥസത്ത- മഹാപ്രഭോ! അങ്ങുതന്നെയല്ലേ! എനിയ്ക്കിപ്പോള്‍ ഞാന്‍ ഈ വെറും ശരീരമാണെന്നു തോന്നുന്നില്ലാ. അല്ലയോ സച്ചിദാനന്ദരൂപാ, എല്ലാദുഃഖങ്ങളുമകന്ന്‌ തെളിഞ്ഞബോധത്തോടെ ഞാനുമീ പരമാനന്ദത്തില്‍ ലയിയ്ക്കട്ടേ!

ഭാഗവതം ഒന്നാം സ്കന്ധം ഒമ്പതാമധ്യായത്തില്‍ ഈ ശ്ലോകങ്ങള്‍ കാണാം. നിത്യേന ഇതു ചൊല്ലാറുള്ള ഒരാള്‍ക്ക്‌ അവരാവശ്യപ്പെട്ടതിനാല്‍ അതിന്റെ ഒരു ഭാവാര്‍ഥം (വിമര്‍ശനമോ പദാനുപദവ്യാഖ്യാനമോ അല്ല) എഴുതിക്കൊടുത്തു. അതാണ്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്‌.