പരിണാമം എന്നതു സ്വാഭാവികമാവണം. ചിത്രശലഭത്തിന്റെ മുട്ട, പുഴുവായി-പ്യൂപ്പയായി-ശലഭമായി, താരതമ്യേന കൂടുതല്‍ നിലനില്ക്കാന് കെല്‍പ്പുള്ള ഒരു ജീവിയായി (ഉള്ള സങ്കേതങ്ങള്‍ കൊണ്ടു പറ്റാവുന്നത്ര വികസിച്ച ഒരു ജീവിയായി) പരിണമിക്കുന്നു. പ്രകൃതി തീരുമാനിച്ച ‘കാലം’ - ‘ഇടവേള’ - ഈ പരിണാമത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണു്. രണ്ടുദിവസം നേരത്തേ ശലഭം പുറത്തുവരട്ടേ, ഒന്നു സഹായിച്ചുകൊടുത്തേയ്ക്കാം എന്നു കരുതി, ‘പ്യൂപ്പക്കൂടു‘ പൊട്ടിച്ചുകൊടുക്കുന്നത് ബുദ്ധിപരമായ പ്രവൃത്തിയല്ല.
സ്വാഭാവിക പരിണാമം (transformation) അടിച്ചേല്‍പ്പിക്കപ്പെടുന്ന ‘മാറ്റം’ അല്ല. സ്വാഭാവികപരിതസ്ഥിതിയില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്, കൂടുതല്‍ സ്ഥിരതയോടെ നിലനില്ക്കാന് സഹായിക്കുന്ന (balanced ആയ) ഒരു അവസ്ഥയിലേയ്ക്കാണ് എത്തുന്നതെങ്കില്‍ ആ മാറ്റം, ആ പരിണാമം പുരോഗതിയിലേയ്ക്കാണു്. കൂടുതല്‍ ശിഥിലമായ അസ്ഥിരമായ ഒരു അവസ്ഥയിലേയ്ക്കാണു മാറ്റങ്ങള്‍ നയിക്കുന്നതെങ്കില്‍, അതിനെ പുരോഗതി എന്നു വിളിയ്ക്കാനാവില്ല. എന്നാലും എല്ലാറ്റിനും ‘ക്ഷയം’, ‘നാശം’ എന്നീ അവസ്ഥകളുമുണ്ടല്ലോ. അതും പ്രകൃതിനിയമമാണ്. ഒന്നും ഒരിയ്ക്കലും നശിയ്ക്കരുത് എന്നു വിചാരിയ്ക്കുന്നതും വിഡ്ഢിത്തമാവും. എന്നാല്‍ ഒരുകാര്യം നമ്മള് ശ്രദ്ധിയ്ക്കേണ്ടതുണ്ട്. സമൂഹത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന, പോരായ്മകളെ അതിജിവിച്ചു മുന്നേറുന്ന ഒരു സംരംഭം നമ്മളായിട്ടു നാശത്തിലേയ്ക്ക്- ശൈഥില്യത്തിലേയ്ക്ക് തള്ളിവിടരുതു്. നമുക്കു കൂടി ഉത്തരവാദിത്തമുള്ള (പ്രകൃതിയുടെ മാത്രം അധിനതയിലല്ലാത്ത) കാര്യങ്ങളില്‍, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവരുതു്.
ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാവണം. ഭാഷകൊണ്ടു ഏറ്റവും നന്നായി ആശയവിനിമയം നടക്കുന്നത്, വക്താവും ശ്രോതാവും ഒരു പൊതുവായ , അഥവാ സമാനമായ പശ്ചാത്തലം പങ്കിടുമ്പോഴാണു്.
ഉദാഹരണം പറയാം. ഒരുവയസ്സു പ്രായമായ കുട്ടി സ്വന്തം വീട്ടിനുള്ളില്‍ അഥവാ സ്വന്തം അമ്മയോട് (കൂടുതലത്സ്അമയം അടുത്തുണ്ടാവുന്ന വ്യക്തിയോടു്) ആശയവിനിമയം നടത്തുന്നുണ്ടു്. അവിടെ വ്യാകരണംവേണ്ട, വാക്യങ്ങളോ വാക്കുകളോ വേണ്ട, ചുരുക്കം ചില അക്ഷരങ്ങള്‍ - അതുതന്നെ ധാരാളം. ആ ‘ഠ‘ വട്ടത്തിനുള്ളില്‍ ആശയവിനിമയത്തിനു ‘നിയമാവലികള്‍’ ഉള്ള ഭാഷ അത്യാവശ്യമില്ല. എന്നാല്‍ മറ്റൊരു ചുറ്റുപാടില്‍, മറ്റു ശ്രോതാക്കളോട് അതേ അക്ഷരങ്ങളും ആംഗ്യങ്ങളും കൊണ്ട് ആ കുട്ടിയ്ക്കു ആശയം വിനിമയം ചെയ്യാന്‍ സാധ്യമല്ല. തന്നെ മനസ്സിലാക്കുന്നവരുടെ ഇടയില്‍ ആശയവിനിമയം ചെയ്യാന്‍ അധികം ഔപചാരികതകളും നിയന്ത്രണങ്ങളും ആവശ്യമില്ല. തെറ്റിദ്ധരിയ്ക്കപ്പെടാനുള്ള സാഹചര്യം അവിടെ കുറവായതുകൊണ്ടാണതുസാദ്ധ്യമാവുന്നതു്. എന്തുകൊണ്ടാണങ്ങിനെ എന്നുചിന്തിച്ചിട്ടുണ്ടോ? ഒരേ മാനസിക പശ്ചാത്തലം പങ്കിടുന്ന ഘട്ടത്തില്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥം തന്നെ കേള്‍ക്കുന്നവളും(നും) മനസ്സിലാക്കും. ഉദ്ദേശിയ്ക്കുന്ന അര്‍ഥത്തിന്റ്റെ വിപരീതം പറഞ്ഞാല്‍പ്പോലും ഉദ്ദേശിച്ച അര്‍ഥം തന്നെ മനസ്സിലായിക്കോളും. ഈ ‘പൊതുവായ പശ്ചാത്തലം പങ്കിടാത്ത അവസ്ഥയില്‍’ ഭാഷകൊണ്ടു കൂടുതല്‍ കാര്യക്ഷമമായി (എഫിഷ്യന്റ് ആയി), ഫലവത്തായി (ഇഫക്റ്റീവ് ആയി), ആശയവിനിമയം സാദ്ധ്യമാക്കാന്‍വേണ്ടിയാണു് ഭാഷാപ്രയോഗത്തില്‍ നിയന്ത്രണങ്ങളും നിയമങ്ങളും ഒക്കെ ഉണ്ടായതു്.
ഭാഷ ഓരോചെറിയ സമൂഹത്തിലും കാലക്രമേണ- വേണ്ടത്ര സമയമെടുത്ത്, (നിയമസഭ നിയമം പാസാക്കാതെതന്നെ) രൂപപ്പെട്ടുവന്നതാണു്. ഈ സാഹചര്യങ്ങളില്‍ നിന്നെല്ലാം അടര്‍ത്തിമാറ്റി, ഭാഷയെ ‘ആഗോളക്കവല‘യില്‍ നിര്‍ത്തി അന്യഭാഷകളുടെ കടന്നുപിടുത്തത്തിനു വിട്ടുകൊടുക്കരുത്. ഒന്നുകില്‍ ചെറിയ ഒരുസമൂഹത്തിന്റെ ഭാഷയെ (പൂന്തേന്മൊഴിയായ മലയാളത്തെ) ആഗോളക്കവലയില്‍ നിര്‍ത്തരുത്. അല്ലെങ്കില്‍ എല്ലാത്തിനും വഴങ്ങിക്കൊടുക്കേണ്ട-നട്ടെല്ലില്ലാത്ത അവസ്ഥ ഭാഷയ്ക്കുണ്ടാവരുത്. സ്വയം ചില ഉറച്ച നിലപാടുകളും വ്യവസ്ഥകളും ഭാഷയില്‍ ഉണ്ടാവണം. ഉണ്ടാവണമെന്നു ഞാന്‍ പറയുമ്പോള്‍ ഇല്ലാത്ത ഒന്നിനെഉണ്ടാക്കണം എന്ന അര്‍ഥത്തിലല്ല പറയുന്നത്. ഭാഷയ്ക്ക്, ആശയവിനിമയോപാധി എന്ന അവസ്ഥയില്‍, വ്യവസ്ഥകളുണ്ട്, നിയമങ്ങളുണ്ട്. അവ നിലനില്ക്കേണ്ടതു അത്യാവശ്യമാണു് എന്ന അര്‍ഥത്തിലാണു്. നിലവിലുള്ള അഥവാ കൂടുതല്‍ കാലം നിലനിന്നുവന്നതായ വ്യവസ്ഥകളെ ‘മാറ്റത്തിനുവേണ്ടി മാറ്റാന്‍ ശ്രമിയ്ക്കരുതു്. ആ നിയമങ്ങളും വ്യവസ്ഥകളും ഉറച്ച നിലപാടുകളും, സ്വന്തം നിലനില്‍പ്പുതന്നെ അപകടത്തിലാവുന്ന അവസ്ഥയില്‍ സ്വരക്ഷയ്ക്കുതകുന്ന രക്ഷാകവചമായി വര്‍ത്തിയ്ക്കും. സംസ്കൃതത്തിനെപ്പോലെ ഉറച്ച നിലപാടുകള്‍ മലയാളത്തിനു വേണ്ടെന്നും ‘പൂന്തേന്മൊഴി’ യ്ക്കു ദൃഢതയേക്കാള്‍ ‘ലാസ്യഭാവമാണു’ വേണ്ടതെന്നും ധാരാളം മോഡേണ്‍ ലാംഗ്വേജ് ലവേര്‍സ് പറയുന്നുണ്ടു്. അതുകൊണ്ടു്, ഇന്നത്തെ കണ്ടെസ്റ്റന്‍സിന് മലയാളച്ചാനലില്‍, മലയാളപ്പരിപാടിയില്‍, വിത് കോണ്ഫിഡെന്സ്, ഫ്രീ ആയി, ഫോര്മാലിറ്റീസ് ഒന്നുമില്ലാതെ, മ്യൂസിക് പാടാം. (ആടുകയുമാവാം). നോ പ്രോബ്ലം. ഫന്റാസ്റ്റിക് ആയി, എക്സെലെന്റായി പാടിയാടിത്തിമര്‍ത്താല്‍ നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനാണെങ്കിലോ ഫ്ലാറ്റ്, എന്നുവെച്ചാല്‍ വെര്‍ട്ടിക്കല്‍ ഹൌസസില്‍ ഒരു ഹൌസ്, എന്താ സംഗതി മോശമാണോ?
മലയാളത്തെ പൂന്തേന്മൊഴിയെന്നു വിളിയ്ക്കുന്നവര്‍തന്നെ മലയാളഭാഷയില്‍ ഇംഗ്ലീഷിന്റെ അതിപ്രസരം വരുമ്പോഴും, അതിനെ മോശമായി കാണാത്തതെന്താണു്? അതൊക്കെ കാലം വരുത്തുന്ന മാറ്റമാണത്രേ. എന്നാല്‍ "Let us cheththikkaLayuka (or cheththiminukkuka) our feet to wear the ultra modern shoes" എന്നു ഒരു ഇംഗ്ലീഷ് വാചകം പറയാന്‍ മേല്‍പ്പറഞ്ഞ ലാംഗുവേജ് ലവേര്‍സ് സമ്മതിയ്ക്കുമോ? ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലെ പുതിയവാക്കുകളായി കരുതാമെന്നാണു് ചിലരുടെ പക്ഷം. അതുമാത്രമല്ല, ഇംഗ്ലീഷുപദങ്ങളേക്കൂടി ഒട്ടും മാറ്റിനിര്‍ത്താതെ സ്വീകരിച്ചാലേ മലയാളഭാഷയ്ക്കു നൂതനതയും പുരോഗമനവും ഉണ്ടാവൂ എന്നുകൂടി ചിലര്‍ ചിന്തിയ്ക്കുന്നു എന്നു കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. കയ്യില്‍ക്കിട്ടിയ ഭാഷയെ എന്തും ചെയ്യാന്‍ തയ്യാറായിനില്ക്കുന്ന കീചകന്‍മാരെക്കരുതിയിരിയ്ക്കാന്‍ പാവം മലയാളഭാഷയോട് ഒരു അമ്മൂമ്മയുടെ, ഒരു അമ്മയുടെ, ഒരു ചേച്ചിയുടെ വാത്സല്യം കലര്‍ന്ന ഉപദേശം പോലെ ഞാനൊരിയ്ക്കല്‍ ഒരു മുക്തകം എഴുതിയിരുന്നു. (ഞാനല്ല, അമ്മൂമ്മയും അമ്മയും. വേണമെങ്കില്‍ സംസ്കൃതഭാഷയാണ് ഉപദേശം കൊടുക്കുന്നതെന്നുകരുതിക്കോളൂ:))
“പൂന്തേന്മൊഴീയെന്നു“ വിളിച്ചുചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്
തനിയ്ക്കുതാനേ തുണയെന്നുകണ്ടാല്‍
കരുത്തുകാട്ടേണമതാണു ബുദ്ധി“
ഇന്നത്തെക്കാലത്തു്, ഒരു പ്രത്യേകഭാഷ സംസാരിയ്ക്കുന്നവരും ഒരേ പ്രാദേശികഭാഷ (ഡയലക്റ്റ്) സംസാരിയ്ക്കുന്നവരും ലോകത്തിന്റെ പല പല കോണുകളില്‍ താമസിയ്ക്കുന്നുണ്ടു്. അതായത് ഓരോ ഭാഷയും പല പല ഭാഷകളുടേയും പശ്ചാത്തലത്തില്‍- സാന്നിധ്യത്തില്‍ ആണു് ഇന്നു നിലനില്‍ക്കുന്നത്. ഓരോ ഭാഷയും ഇന്നു കൂടുതല്‍ ‘എക്സ്പോസ്ഡ്’ ആണെന്നു പറഞ്ഞാല്‍ കൂടുതല്‍ മനസ്സിലാവും മലയാളിയ്ക്ക് :) അതു് ഒരു തരത്തില്‍ നല്ലതാണു്. എന്നാല്‍ സ്വന്തം ഒരുറച്ച വ്യക്തിത്വവും ഉറച്ചനിലപാടുകളും ഉള്ളവര്‍ക്കേ ആഗോളക്കവലയില്‍ നല്ലരീതിയില്‍ നിലനിലക്കാന്‍ സാധിയ്ക്കൂ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടുഴലാതെ, ഒരുവിധം കാര്യങ്ങളെല്ലാം സ്വന്തം നിയന്ത്രണത്തോടെ ഉള്‍ക്കൊള്ളാനും തള്ളാനുംകഴിയൂ. നിയമങ്ങളും ചിട്ടകളും തനിയ്ക്കുള്ള നിയന്ത്രണങ്ങളാണെന്നു കരുതി, എളുപ്പത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിയമങ്ങളെ ലഘൂകരിച്ചാല്‍ അവസാനം മറ്റുപലതിന്റേയും കടന്നുകയറ്റത്തില്‍ സ്വന്തം വ്യക്തിത്വം തന്നെ പണയപ്പെടുത്തേണ്ട അവസ്ഥവരും. “ഭാഷയ്ക്കു കാലക്രമേണ മാറ്റങ്ങള്‍ വന്നിട്ടുണ്ടല്ലോ, പിന്നെന്താ എനിയ്ക്കുശേഷം ഒന്നും മാറരുത് എന്നൊരു വാശി?“ എന്നു ചിലര്‍ക്കെങ്കിലും മനസ്സില്‍ തോന്നാം. അവരോടുള്ള മറുപടി ആവര്‍ത്തിയ്ക്കാം- മാറ്റം സ്വാഭാവികമാവണം. പറഞ്ഞാല്‍- കേള്‍ക്കാന്‍- പാകത്തിലുള്ള - താരതമ്യേന വ്യാസം കുറഞ്ഞ വട്ടത്തില്‍ നിന്നും ആഗോളപശ്ചാത്തലത്തില്‍ വേണമല്ലോ ഇപ്പോള്‍ ഭാഷയെ നോക്കിക്കാണാന്‍. ചുരുങ്ങിയത് ഇന്റര്‍നെറ്റ് ഭാഷയെയെങ്കിലും. ഇത്തരുണത്തില്‍ ഭാഷയിലെ നിയമാവലികള്‍ക്കു പ്രസക്തി കൂടുകയാനുചെയ്യുന്നത്, എന്നാണെന്റെ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ നല്ലതും ശക്തവും സ്ഥിരവും ആയ ഒന്നിനായിരിയ്ക്കും കൂടുതല്‍ കാലം നിലനില്ക്കാന് സാധിയ്ക്കുക. അതുകൊണ്ടുതന്നെ ഉള്ള ശക്തി തിരിച്ചറിഞ്ഞ്, അതിനെ പോഷിപ്പിക്കുകയാണു് വേണ്ടത്. ഫ്ലെക്സിബിലിറ്റിയുടെ പേരില്‍ നട്ടെല്ല് ആവശ്യമില്ലാതെ വളയ്ക്കേണ്ടിവരരുത്. മലയാളഭാഷ്യ്ക്കു, വൈയാകരണരോ പണ്ഡിതരോ കണ്ടെത്തി വ്യവസ്ഥപ്പെടുത്തിയ നിയമാവലികള്‍ വേണ്ടെന്നു പറയുകയും അതെല്ലാം ഭാഷയ്ക്കുള്ള വിലങ്ങുകളാണെന്നു കരുതുകയും ചെയ്യുമ്പോള്‍ ഭാഷ ഇത്രയുംകാലം കൊണ്ടു നേടിയെടുത്ത ശക്തിയേത്തന്നെയാണു വിലകുറച്ചുകാണുന്നത്. ഈ ശക്തിയുടെ അഭാവത്തില്‍ മലയാളഭാഷയെ ആഗോളക്കവലയില്‍ കൊണ്ടുനിര്‍ത്തിയാല്‍ മാറ്റങ്ങളുടെ കുത്തൊഴുക്കില്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിലയില്ലാക്കയത്തിലേക്കാവും ചെന്നുവീഴുന്നത്. അതിനെന്താ, ഉണ്ടായതെല്ലാം ഒരിയ്ക്കല്‍ നശിയ്ക്കും എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഇക്കൂട്ടര്‍ ഭാഷാസ്നേഹികള്‍ എന്ന പേരുമാറ്റണം എന്നുമാത്രം പറഞ്ഞുവെയ്ക്കാം.
*[രാജേഷ് വര്‍മയുടെ “പാഞ്ചാലിയെക്കീചകനെന്നപോലെ...” എന്ന ഒരു ശ്ലോകം ഒന്നുകണ്ണോടിച്ചുവായിച്ച്, രണ്ടാമതൊന്നാലോചിക്കാനോ, എന്തര്‍ഥത്തിലാണു കവി ഇതെഴുതിയതെന്നു ചിന്തിയ്ക്കാനോ മിനക്കെടാതെ (അപ്പോഴേയ്ക്കുംഞാന്‍ നാട്ടിലേയ്ക്കുപോകാന്‍ ഓട്ടോയില്‍ കയറിയിരുന്നു) ഒരു ചുട്ടമറുപടി കൊടുക്കണമല്ലോ എന്നു കരുതി. ഒരു അഞ്ചുമിനുട്ടുകള്‍ക്കകം മനസ്സില്‍വന്നതാണ് ഈ വരികള്‍. ഇതെഴുതിയതു ഒരു നിമിഷകവിതയായിട്ടാണെങ്കിലും അക്ഷരശ്ലോകം ഗ്രൂപ്പില്‍ അവതരിപ്പിച്ചത്, ദിവസങ്ങള്‍ക്കുശേഷമാണു് (നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ടു്). ‘വാഗ്ജ്യോതിയിലും’ ഈ ശ്ലോകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജേഷ് വര്‍മ്മയുടെ ശ്ലോകത്തില്‍ പൂന്തേന്മൊഴി ‘കവിത’ ആയിരുന്നു. എന്റെ ശ്ലോകത്തില്‍ ‘പൂന്തേന്മൊഴി’ മലയാളഭാഷയാണു്. എന്റെ പ്രസ്തുതശ്ലോകം രാജേഷിന്റെ പ്രസ്തുതശ്ലോകത്തിനോടു ചേര്‍ത്തുവായിക്കുന്നതിനേക്കാള്‍ ഈ മുകളില്‍ പറഞ്ഞ ചുറ്റുപാടില്‍ വായിയ്ക്കുന്നതാണു് എനിയ്ക്കു കൂടുതലിഷ്ടം. അതുകൊണ്ടു് ലിങ്കു കൊടുക്കുന്നില്ല. ഈ ശ്ലോകരചനയ്ക്കു കാരണക്കാരനായ രാജേഷ് വര്‍മ്മയ്ക്കു നന്ദിയും നമസ്കാരവും].
11 comments:
‘ഭാഷാസ്നേഹികള്‍‘ എന്ന പേരു ഞാനും ‘ഞാങ്കൂട്ടവും’ (ഞാന്കൂട്ടം)ഒഴികെയുള്ളവരെല്ലാവരും മാറ്റേണ്ടിവരുമോ?
(ഭാഷ എന്നുപറയുമ്പോള്‍ കേവലം ‘മലയാളം’ എന്നല്ല വിവക്ഷ).
-ജ്യോതിര്‍മയി
സ്വാഭാവികമായ പരിണാമവും അടിച്ചേല്‍പ്പിക്കപ്പെടുന്ന മാറ്റവും തമ്മിലുള്ള താരതമ്യമാണ് ജ്യോതിയുടെ പോസ്റ്റിന്റെ രത്നച്ചുരുക്കമായി ഞാന്‍ മനസ്സിലാക്കുന്നത്. മനുഷ്യന്റെ ഇടപെടല്‍ കൂടാതെതന്നെ നിലനില്‍ക്കുമായിരുന്ന ഒരു ജൈവവ്യവസ്ഥയുടെ പരിണാമവും സമ്പൂര്‍ണ്ണമായും മനുഷ്യസൃഷ്ടിയായ ഭാഷയുടെ പരിണാമവും തമ്മിലുള്ള താരതമ്യത്തിന് വലിയ തകരാറുണ്ടെന്നു തോന്നുന്നു. ഉപയോഗിക്കുന്നവരില്ലെങ്കില് അസ്തിത്വമില്ലാത്ത ഒന്നാണ് ഭാഷ. ഒരു ജൈവവ്യവസ്ഥ അങ്ങനെയല്ല. അത്തരത്തിലുള്ള ഭാഷയില്‍ മനുഷ്യര്‍ നടത്തുന്ന ഇടപെടലുകളെ സ്വാഭാവികം, അടിച്ചേല്‍പ്പിക്കപ്പെടുന്നത് എന്ന് വര്‍ഗ്ഗീകരിക്കുന്നതിന്റെ അടിസ്ഥാനം എനിക്കു വ്യക്തമായില്ല. ടി.വി. ചാനലിലെ മത്സരാര്ത്ഥികളോ വിധികര്‍ത്താക്കളോ ഉപയോഗിക്കുന്ന ഭാഷയെ എങ്ങനെയാണ് സ്വാഭാവികമല്ലാത്തതെന്നു പറയുന്നത്? ഞാനും ജ്യോതിയുമുള്പ്പെടുന്നവര്ക്ക് ഇഷ്ടമല്ലാത്ത ഭാഷ എന്നോ ഇംഗ്ലീഷിന്റെ അതിപ്രസരമുള്ള മലയാളം എന്നോ പറയുന്നതല്ലേ കൂടുതല്‍ ശരി? ബൂലോകര് എഴുതുകയോ കമന്റുകയോ ചെയ്യുന്ന ഭാഷ എങ്ങനെയാണ് അടിച്ചേല്പ്പിക്കപ്പെടുന്നതാകുന്നത്? സിജോ എന്നു പേരുള്ള ഒരു സാങ്കല്പിക ബ്ലോഗന് താനുപയോഗിക്കുന്ന ഭാഷയുപയോഗിച്ച് പുതിയൊരു കാര്യം ചെയ്യുമ്പോള്‍ അയാള്‍ പറയാനുദ്ദേശിക്കുന്നത് സംവേദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവിടെ വായനക്കാരുടെ സമൂഹം ആ പ്രയോഗത്തെ തള്ളിക്കളയുകയാണ്. അതല്ലെങ്കില്‍ സിജോയുടെ മാറ്റം സ്വാഭാവികമാണെന്നു വേണ്ടേ പറയാന്‍? പഴയലിപിയിലേക്കു മടങ്ങാനും ചില്ല് എന്‍കോഡ് ചെയ്യാനും ചിഹ്നനവ്യവസ്ഥകള് പാലിക്കാനും ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കാതിരിക്കാനും ആഹ്വാനം ചെയ്യുന്ന ബൂലോകത്തിലെ ശബ്ദങ്ങളോളം തന്നെ സ്വാഭാവികമല്ലേ സിജോയുടെ ശബ്ദവും? അല്ലെങ്കില്‍ ഒന്നു വിശദീകരിക്കാമോ?
ഭാഷയ്ക്കു് രണ്ടു ധര്‍മ്മങ്ങളുണ്ടു്.
1. സ്വന്തം ആശയങ്ങളെ സ്വതന്ത്രമായി(തനിക്കു തോന്നുന്നപോലെ തന്റെ തന്നെ നിര്‍വ്വചനങ്ങള്‍ അനുസരിക്കുന്ന തരത്തില്‍) പുറത്തേക്കൊഴുക്കല്‍
2. മറ്റു വ്യക്തിത്വങ്ങളുമായി പരസ്പരം സുഗമമായി (ആശയക്കുഴപ്പമില്ലാതെ) സംവദിക്കല്‍.
ആദ്യത്തെ ഭാവത്തില്‍ ഭാഷയ്ക്കു വേണ്ടതു് കെട്ടുപാടുകളില്ലാത്ത താന്തോന്നിത്തരത്തിനുള്ള സ്വാതന്ത്ര്യമാണു്.
പക്ഷേ രണ്ടാമത്തേതിലെ സുഗമം - അന്യോന്യം കൃത്യമായി സമ്പൂര്‍ണ്ണമായി മനസ്സിലാക്കല്‍ എന്ന ധര്‍മ്മം- സാദ്ധ്യമാകണമെങ്കില്‍ പറയുന്നവനും കേള്‍ക്കുന്നവനും തമ്മില്‍ സമ്മതിച്ചുവെച്ചിരിക്കുന്ന ഒരു പറ്റം നിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടായേ തീരൂ.
അത്തരം നിയമങ്ങള്‍ ഉരുത്തിരിഞ്ഞുവരുമ്പോഴാണു് ഓരോ ഭാഷയ്ക്കും അതിന്റേതായ വ്യക്തിത്വം ലഭിയ്ക്കുന്നതു്.
ഒരര്‍ത്ഥത്തില്‍ ആ നിയമങ്ങളുടെയോ നിയമങ്ങളില്ലായ്മയുടേയോ പാരമ്യമാണു് ഒരുവന്റെ സ്വന്തം (വ്യക്തിപരമായ - തനിക്കുതോന്നുന്നതുപോലെ പറയാന്‍ ഇടമുള്ള) ഭാഷ.
അങ്ങനെ വന്നാല്‍ മൂന്നു ക്രമസ്ഥാനങ്ങളെപ്പറ്റി പരിഗണിക്കാം.
1. എനിക്കു മാത്രമായി ഞാന്‍ രൂപപ്പെടുത്തിവെച്ചിട്ടുള്ള എന്റെ സ്വന്തം ഭാഷ. മറ്റുള്ളവര്‍ക്കു് അതു മനസ്സിലാവുന്നുണ്ടോ (ഉണ്ടെങ്കില്‍ തന്നെ എത്ര പേര്‍ക്കു്) എന്നതു് കണക്കിലെടുക്കാതെ ഞാന്‍ സ്വയം കൊണ്ടുനടക്കുന്ന ഭാഷ.
(ഉദാ: ഏബീസീഡി എന്ന സാങ്കല്പ്പികബ്ലോഗര് എഴുതുന്ന ഭാഷ, ടീ.വീ. കനാലില്‍ ഒരു ജDj യൂസ് ചെയ്യുന്ന ഡയാലെക്ട്ട്.)
2. ഒരു കൂട്ടം ആളുകള്‍ പരസ്പരം സമ്മതിച്ചുവെച്ചിട്ടുള്ള ഒരു കെട്ടു് ധാരണകളും നിയമങ്ങളും അടിസ്ഥാനമാക്കി അവര്‍ അന്യോന്യം സംവദിക്കുന്ന ഭാഷ.
ഉദാ: മലയാളം എന്നു നാം പരക്കേ വിവക്ഷിക്കുന്ന ഭാഷയുടെ ഏതെങ്കിലും ഒരു മാനകീകൃതരൂപം. (ഉദാഹരണം കേരളത്തിലെ മലയാളം പാഠപുസ്തകങ്ങളിലെ ഭാഷ, അല്ലെങ്കില്‍ കൈരളി ചാനല്‍ തങ്ങളുടെ കാഴ്ച്ചക്കാര്ക്കു് അനുയോജ്യമാണെന്നു് തീരുമാനിച്ചു് പുറത്തുവിടുന്ന ഭാഷ)
3. വിശ്വമാനവികതയ്ക്കു മുഴുവന്‍ പരസ്പരം മനസ്സിലാവാന്‍ തക്ക വികസിച്ച ഒരു ഏകഭാഷ.
(ഇംഗ്ലീഷ് പോലുള്ള ഏതെങ്കിലും ഭാഷ അഥവാ എന്നെങ്കിലും വികസിച്ചു് പൂര്ണ്ണതയിലെത്തിയേക്കാവുന്ന ഒരു സൈദ്ധാന്തികസങ്കല്പ്പം).
ഇനി ഇവയില്‍ നിന്നും ഒരു തെരഞ്ഞെടുപ്പുനടത്തേണ്ടിവരുമ്പോള് നാം എവിടെ നില്‍ക്കണം?
മൂന്നിനും അതിന്റേതായ പ്രാധാന്യം ഉണ്ടു്.
ഒന്നാമത്തെ തലത്തില്‍,
എനിക്കു് അമ്മയോടു് ചോറുവേണം എന്നു പറയാന്‍ “മ്മേ, മാമം” എന്നു പറയാനാണു് ഇപ്പോഴും ഇഷ്ടം. അത് അമ്മയ്ക്ക് മനസ്സിലാവുന്നിടത്തോളം കാലം(അമ്മയ്ക്കു മാത്രം മനസ്സിലായാല്‍ മതി, എന്റെ ആവശ്യം നടന്നു അപ്പോള്‍ തന്നെ) എന്റെ ഭാഷയുടെ ആവശ്യം നിറവേറി.
രണ്ടാമത്തെ തലത്തില്‍,
സഹ്യനില്‍ തലചായ്ച്ചു് പച്ചയാം വിരിപ്പും പുതച്ചു് അറബിക്കടലില്‍ കാലും വെച്ചിരിക്കുന്ന ഒരു പെണ്ണുണ്ട്. അവളെ ഓമനിക്കാനും പ്രേമിക്കാനും തക്കം നോക്കിനടക്കുന്നവര്ക്കൊക്കെ പരസ്പരം മിണ്ടിയും കേട്ടും മനസ്സിലാക്കാനും കൂടുതല്‍ സുഗമമായി, കൂട്ടായി, അവരുടെ പ്രേമമസാഫല്യം കൈവരിക്കാനും പൊതുവായി ഒരു ഭാഷയുണ്ടെന്നിരിക്കട്ടെ. അവരുടെ പൊതുആവശ്യം എത്ര തീവ്രമാണോ അത്രതന്നെ ഒത്തുചേര്ന്നിരിക്കേണ്ടിവരും ആ ഭാഷയിലെ ഉപയോഗക്രമങ്ങള്‍ക്കും. എന്നുവെച്ചാല്‍ പരസ്പരം സമ്മതിക്കപ്പെട്ട കുറേ നിയമങ്ങള്‍ അവശ്യമായും ഉണ്ടായേ പറ്റൂ അപ്പോള്‍.
മൂന്നാമത്തെ തലത്തില്‍,
ഒരു വിശ്വഭാഷ, അല്ലെങ്കില്‍ വേണ്ട, വിശ്വമാനവികഭാഷ എന്നെങ്കിലും സാദ്ധ്യമാണോ? ആവില്ലായിരിയ്ക്കും. പക്ഷേ ആത്യന്തികമായി അവിടേക്കാണു് നാം നടക്കാന്‍ ശ്രമിക്കേണ്ടതു്. ആ നടത്തത്തില്‍ നാം തുടക്കത്തിലുണ്ടായിരുന്ന താന്തോന്നിത്തങ്ങളും (അതു മോശമാണെന്നല്ല,സ്വാതന്ത്ര്യത്തിന്റെ പരമകാഷ്ഠ എന്ന നിലയില്‍ അതും ഉദാത്തം തന്നെ.) ഇടയ്ക്കുവെച്ചു സ്വരൂപിച്ചെടുത്ത പ്രാദേശിക, ദേശീയ പിടിവാശികളും ഉപേക്ഷിക്കേണ്ടി വരും. എങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ നാമെല്ലാം (കൊക്കേഷ്യനും ഹിസ്പാനിയനും മംഗോളിയനും നെഗ്രിറ്റോയും - ആരെയും അവമതിച്ചതായി എന്റെ ഭാഷ തെറ്റി മനസ്സിലാക്കല്ലേ)ഒരേ ഭാഷയില്‍ പരസ്പരം ഇടപെട്ടുവെന്നു വരാം. ഹായ്! എന്തു രസമായിരിക്കും അന്ന്! ഇന്നുള്ള പല വഴക്കുകളും തര്‍ക്കങ്ങളും പിന്നെ കാണില്ല. ഒരാളും ഒരിടത്തും ബോംബു വെക്കില്ല. ഉള്ളില്‍ നന്മയുടെ ഒരംശമെങ്കിലും ബാക്കിയുള്ള ഒരാള്‍ക്കും അനോണിയായി ഒരു പോസ്റ്റിലും കമന്റിടേണ്ടിവരില്ല.
ഒരു പാടത്തും മകരത്തില്‍ മുണ്ടകന്‍ വിതയ്ക്കില്ല.
വെട്ടുകിളികള്‍ പറന്നിറങ്ങില്ല.
പശു വെകിളി പിടിച്ചോടില്ല,
കിളിപ്പെണ്ണ് മാമുണ്ണാന്‍ നമ്മുടെ കൈവെള്ളയില്‍ ഇരുന്നും തരും!
വോട്ട് ലിസ്റ്റ് എഴുതാന്‍ വരുന്ന സ്കൂള്‍ ടീച്ചറെ കണ്ട് പട്ടി കുരച്ച് ബഹളമുണ്ടാക്കില്ല!
ഇതില്‍ ഏതുതലത്തിലാണ് നാം ഇടപേടേണ്ടി വരിക? ഏതു തലത്തിലേക്കാണ് നാം നമ്മെത്തന്നെ സമന്വയിപ്പിക്കുക?
ഏതു ഭാഷയെയാണു നാം സ്നേഹിക്കുക?
ആ നിലപാടിനനുസരിച്ചായിരിക്കും സ്വാഭാവികതയും അടിച്ചേല്‍പ്പിക്കലും ഏതൊക്കെയാണ് എന്നു നിര്‍വ്വചിക്കാന്‍ പറ്റുക.
ഉദാഹരണം പറയാം. ഒരുവയസ്സു പ്രായമായ കുട്ടി സ്വന്തം വീട്ടിനുള്ളില്‍ അഥവാ സ്വന്തം അമ്മയോട് (കൂടുതലത്സ്അമയം അടുത്തുണ്ടാവുന്ന വ്യക്തിയോടു്) ആശയവിനിമയം നടത്തുന്നുണ്ടു്. അവിടെ വ്യാകരണംവേണ്ട, വാക്യങ്ങളോ വാക്കുകളോ വേണ്ട, ചുരുക്കം ചില അക്ഷരങ്ങള്‍ - അതുതന്നെ ധാരാളം. ആ ‘ഠ‘ വട്ടത്തിനുള്ളില്‍ ആശയവിനിമയത്തിനു ‘നിയമാവലികള്‍’ ഉള്ള ഭാഷ അത്യാവശ്യമില്ല. എന്നാല്‍ മറ്റൊരു ചുറ്റുപാടില്‍, മറ്റു ശ്രോതാക്കളോട് അതേ അക്ഷരങ്ങളും ആംഗ്യങ്ങളും കൊണ്ട് ആ കുട്ടിയ്ക്കു ആശയം വിനിമയം ചെയ്യാന്‍ സാധ്യമല്ല. തന്നെ മനസ്സിലാക്കുന്നവരുടെ ഇടയില്‍ ആശയവിനിമയം ...
കുട്ടിയുടെ ഈ ഭാഷ ആര്‍ക്കും മനസ്സിലാവും ജ്യോതീ...ഈ ഭാഷക്കു ഒരു ആഗോളവ്യാകരണവും ഉണ്ട്....വ്യാകരണചട്ടക്കൂടില്ലെന്നാരാ പറഞതു?
രാജേഷ്,
രത്നച്ചുരുക്കം അതുതന്നെ :)
രാജേഷും ഞാനും കൂടി കുറേക്കാലം സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്നു കരുതുക. എന്റെഭാഷയില്‍ ധാരാളം
കോഴിക്കോടന്‍(മാമുക്കോയയുടെ എന്നു വിവക്ഷയില്ല)വാമൊഴിരൂപങ്ങളും തൃശൂര്‍ വാമൊഴിരൂപങ്ങളുംകുറച്ചൊക്കെ
കന്നഡപ്പദങ്ങളും ഉണ്ടാവും.
രാജേഷിന്റെ ഭാഷയില്‍ തിരുവല്ല-ചേര്‍ത്തല-പോര്ട്ലാന്ഡ് വാമൊഴികളും
ഇംഗ്ലീഷ്-ഹിന്ദി-മറാത്തി-വാമൊഴിവരമൊഴികളും ഉണ്ടാവാം.
കുറേക്കാലം സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നാല്‍
ചിലപ്പോള്‍ വീണ്ടും സങ്കരമായ ഒരുഭാഷയാവാം ജ്യോതിയും രാജേഷും സംസാരിയ്ക്കുക, രാജേഷ് പറഞ്ഞതുപോലെയുള്ള സ്വാഭാവികതയേയും മാറ്റത്തേയും ഉള്‍ക്കൊണ്ടാല്‍.
കൈപ്പള്ളിയുടെ ഭാഷയില്‍ എനിയ്ക്കറിയാത്ത
പലപലരൂപങ്ങളുമുണ്ട്. പണ്ടൊക്കെ ദേവരാഗം ജി പറയുന്ന കമന്റുകള്‍ എനിയ്ക്കു മനസ്സിലാവില്ലായിരുന്നു.
ആറുമലയാളിയുടെ നൂറുമലയാളവും കഴിഞ്ഞ് ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍, മേല്‍ സൂചിപ്പിച്ച മലയാളങ്ങളും “കൊറിയാളം, ജപ്പാളം, റഷ്യാളം, ചൈനാളം, ഫിന്നാളം“ ഇങ്ങനെയിങ്ങനെ ഓരോ മലയാളിയ്ക്കും, അല്ലെങ്കില്‍ പോട്ടെ, ഈരണ്ടു മലയാളിയ്ക്ക് ഓരോരോ മലയാളം എന്നനിലയിലാവില്ലേ? അപ്പോള്‍ എന്താണു മലയാളം?
പിളര്ന്നാലാണു വേഗം വളരുക എന്നാണു ചിലരുടെ പക്ഷം.
------------------------------------------------
“മനുഷ്യര്‍ സൃഷ്ടിച്ച ഭാഷയില്‍ മനുഷ്യര്‍ നടത്തുന്ന ഇടപെടലുകളെ സ്വാഭാവികം, അടിച്ചേല്‍പ്പിക്കപ്പെടുന്നത് എന്ന്
വര്‍ഗ്ഗീകരിക്കുന്നതിന്റെ അടിസ്ഥാനം എനിക്കു വ്യക്തമായില്ല“
ഉദാഹരണങ്ങളിലൂടെ പറയാന്‍ പറ്റുമോ എന്നു നോക്കട്ടേ-
ഉദാഹരണം-
1. മനുഷ്യര്‍ സൃഷ്ടിച്ച ഭാഷ - മലയാളം
മലയാളം സൃഷ്ടിച്ച മനുഷ്യര്‍- തിരോന്തരം മുതല്‍ കാസര്‍ഗോഡുവരെയുള്ള പ്രദേശത്തു മിണ്ടിയും പറഞ്ഞും
താമസിക്കുന്നവര്‍
ഇടപെടലുകള്‍- (അ) ടി ആളുകള്‍ ‘ടി’ ഭാഷ ഉപയോഗിച്ച്, ടി ഭാഷയില്‍ നടത്തുന്ന ഇടപെടലുകള്‍ : ഈ
ഇടപെടലുകള്‍ മലയാളഭാഷയുടെ ‘ഉണ്ടായിവന്ന’ സ്വാഭാവികചുറ്റുപാടില്‍ നടത്തിയൈടപെടലുകള് ആണു്. ഈ
ഇടപെടലുകളിലൂടെ ഉണ്ടാവുന്ന മാറ്റങ്ങള്‍ സ്വാഭാവികപരിണാമം എന്നു വിളിയ്ക്കപ്പെടാന്‍ അര്‍ഹതയുള്ളവയാണ്.
(ആ) മറ്റു ഭാഷകള്‍ സംസാരിയ്ക്കുന്നവര്‍ മറ്റു ഭാഷകള്‍ ഉപയോഗിച്ച് മലയാളഭാഷയില്‍ നടത്തുന്ന ഇടപെടലുകള്‍
-ഇവ അടിച്ചേല്‍പ്പിയ്ക്കപ്പെടുന്ന ഇടപെടലുകള്‍ ആണു്.
2.മനുഷ്യന് സൃഷ്ടിച്ചഭാഷ - ഒറിയ
.ഒറിയ സൃഷ്ടിച്ച മനുഷ്യര്‍ - ഒറീസ്സ എന്നു വിളിയ്ക്കപ്പെടുന്ന പ്രദേശത്തു മിണ്ടിയും പറഞ്ഞും നടക്കുന്നവര്‍
ഇടപെടലുകള്‍-(അ) ഒറിയഭാഷ സംസാരിക്കുന്നവര്‍ ഒറിയഭാഷയില്‍ നടത്തുന്ന ഇടപെടലുകള്‍ : ഈ ഇടപെടലുകള്‍ ഒറിയഭാഷയുടെ, ഉണ്ടായിവന്ന ചുറ്റുപാടില്‍-സ്വാഭാവികചുറ്റുപാടില്‍ നടത്തുന്ന ഇടപെടലുകളാണു്. ഈ ഇടപെടലുകളിലൂടെ ഉണ്ടായിവരുന്ന മാറ്റങ്ങള്‍ സ്വാഭാവികപരിണാമം എന്നു വിളിയ്ക്കപ്പെടാന്‍ അര്ഹതയുള്ളവയാണു്.
(ആ)മറ്റുഭാഷകള്‍ സംസാരിയ്ക്കുന്നവര്‍ മറ്റുഭാഷകള്‍ ഉപയോഗിച്ച് ഒറിയഭാഷയില്‍ നടത്തുന്ന ഇടപെടലുകള്‍: ഇവ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇടപെടലുകളാണു്.
ഓരോഭാഷയും മറ്റുഭാഷകളുടെ ഇടയില്‍ കൂടുതല്‍ ‘എക്സ്പോസ്ഡ്’ ആയ ഇക്കാലത്ത്, കൊടുക്കല്‍-വാങ്ങലുകളിലൂടെ ഓരോ ഭാഷയ്ക്കും പുഷ്ടിപ്പെടാനും അവസരമുണ്ടു്. അതു വിവേകപൂര്‍വം ആവാം.ഇവിടെ ഒരുനിയന്ത്രണം വേണം. ഒന്നുകില്‍ ഭാഷാവിദഗ്ധരുടെ ഒരു സമിതി, കാലാകാലം പുതിയവാക്കുകളെയും പ്രയോഗങ്ങളേയും വിവേചിച്ച്, അംഗീകരിച്ച്, പുറത്തുവിടുക. ഭാഷയില്‍ വന്നേയ്ക്കാവുന്ന അരാജകത്വത്തിന് ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമായിവന്നേയ്ക്കും.
വിശ്വം ജീ നന്നായൊന്നു വായിച്ചുമനസ്സിലാക്കട്ടേ. വിശദമായ കമന്റിനു നന്ദി.
രാമനുണ്ണി ജി :)
എന്റെ വീട്ടിലെ കുട്ടി പറയുന്ന ഭാഷ താങ്കള്ക്കുമനസ്സിലായിക്കൊള്ളണമെന്നില്ല.
“മീമി, മ്മേ,യ്യോ” എന്നു പറയുന്നതുകേട്ടാല്‍ എന്തെങ്കിലും മനസ്സിലാവുമോ? കുട്ടി പറഞ്ഞത്, അമ്മേ, അയ്യോ ഒരു പ്രാണി/കൂറ/എട്ടുകാലി- എന്നാണു് :)
ഭാഷാസങ്കേതം ജന്മസിദ്ധമാണ്. ആ സങ്കേതത്തെ ആശയവിനിമയോപാധിയായി പരുവപ്പെടുത്തിയെടുക്കുകയായിരിയ്ക്കണം, ആദ്യത്തെ ഒന്നുമുതല്‍ മൂന്നുവരെയുള്ള വര്‍ഷങ്ങളില്‍ മനുഷ്യശിശു ചെയ്യുന്നത്. ആ സാര്വലൌകികഭാഷാസങ്കേതത്തിന്റെ -സാര്വലൌകികവ്യാകരണം ഭാഷാസങ്കേതത്തോടൊപ്പം ഇല്ലാതിരിക്കില്ല.
കണ്ടതില്‍ സന്തോഷം. :)
ജ്യോതീ,
കേരളത്തില്‍ വളരാത്ത മലയാളികളും മലയാളികളേ അല്ലാത്തവരും മലയാളത്തിന്മേല്‍ നടത്തുന്ന ഇടപെടലുകളാണ് അസ്വാഭാവികം എന്നു ജ്യോതി ഉദ്ദേശിച്ചതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അത്തരത്തിലുള്ളവര്‍ ടി.വി. ചാനലുകളിലും ബൂലോകത്തും വിരലിലെണ്ണാവുന്നവരല്ലേ ഉള്ളൂ? ബാക്കിയുള്ളവരെല്ലാം ഇംഗ്ലീഷോ ഹിന്ദിയോ മറ്റു ഭാഷകളോ ഉപയോഗിക്കുന്നു. അവരുടെ ഇടപെടലിനെ ഒരു ശിഥിലീകരണശക്തിയായിക്കാണാന് എനിക്കു കഴിയുന്നില്ല. "മറുനാട്ടില്‍ വളര്‍ന്ന ആള്. ഇംഗ്ലീഷില്‍ ബ്ലോഗുന്നതിനു പകരം മലയാളമെഴുതാനും വായിക്കാനുമെങ്കിലും ശ്രമിക്കുന്നത് എത്ര നല്ലത്." എന്നാണു ഞാന്‍ കരുതാറ്. ടി. വി. ചാനലുകളിലും മറ്റുമുള്ള ഇംഗ്ലീഷിന്റെ അതിപ്രസരം പുറത്തുനിന്നുള്ളവര്‍ കൊണ്ടുവരുന്നതിനെക്കാള്‍ മലയാളികള്‍ സ്വമേധയാ പുറത്തുനിന്നു വിളിച്ചുകൊണ്ടുവരുന്നതല്ലേ?
ഫിന്‍ലന്‍ഡിലോ കൊറിയയിലോ ഇരുന്നെഴുതിയാലും ഇന്റര്‍നെറ്റില്‍ മലയാളമെഴുതുന്നതില് ബഹുഭൂരിപക്ഷവും കേരളത്തില്‍ വളര്‍ന്നവരല്ലേ? അവരെഴുതുന്നതില്‍ കേരളത്തിലുള്ളവരെഴുതുന്നതില്ക്കാണാത്ര പ്രയോഗങ്ങളോ വാക്കുകളോ ശ്രദ്ധിച്ചിട്ടില്ല. ദേവാനന്ദ് എഴുതുന്നതു ചിലത് എനിക്കും മനസ്സിലാകാറില്ല (:-)). അതു പക്ഷേ, അദ്ദേഹത്തിന്റെ ഭാഷയില്‍ അറബിയോ ഇംഗ്ലീഷോ കലര്‍ന്നതുകൊണ്ടാണെന്നു തോന്നിയിട്ടില്ല.
ഉത്ഭവം സ്വാഭാവികമായിരുന്നോ അസ്വാഭാവികമായിരുന്നോ എന്നതോ ഭാഷാശാസ്ത്രജ്ഞന്മാരുടെ ഏതെങ്കിലും സമിതി അംഗീകരിച്ചതോ അല്ലാത്തതോ എന്നതോ നോക്കിയല്ല, ഞാനുദ്ദേശിക്കുന്ന രീതിയില്‍ സംവദിക്കാന്‍ സഹായിക്കുന്നുണ്ടോ എന്നു നോക്കിയാണ് ഭാഷാപ്രയോഗങ്ങളും വാക്കുകളും ഞാന്‍ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഓരോരുത്തരും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ആകെത്തുകയായിരിക്കും ഭാഷയുടെ നാളത്തെ രൂപം നിര്‍ണ്ണയിക്കുക. തങ്ങള്‍ക്കിഷ്ടമല്ലാത്ത മാറ്റങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നവരും സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളും സംഘടനകളും മാധ്യമപ്രവര്‍ത്തകരും പണ്ഡിതരും പാമരരും ഒക്കെ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഇതില്‍ പെടും. ആ പരിണാമത്തിന്റെ ഗതിനിര്‍ണ്ണയിക്കാനുള്ള ചുമതല/അധികാരം ഒരു വിദഗ്ധ സമിതിയ്ക്കു വിട്ടു കൊടുക്കുന്നതിനോടു യോജിപ്പില്ല.
"കേരളത്തില്‍ വളരാത്ത മലയാളികളും മലയാളികളേ അല്ലാത്തവരും മലയാളത്തിന്മേല്‍ നടത്തുന്ന ഇടപെടലുകളാണ് അസ്വാഭാവികം എന്നു ജ്യോതി ഉദ്ദേശിച്ചതെന്ന് ഇപ്പോഴാണ് മനസ്സിലായത്".
ഇതല്ല, ഞാനുദ്ദേശിച്ചതു്.
ആദ്യം ചില വ്യക്തമാക്കലുകള്‍ വേണമെന്നു തോന്നുന്നു.
1.ഒരു സമൂഹം ആളുകള്‍ ആശയവിനിമയം ചെയ്തു ചെയ്തുണ്ടായ ഒരു ഭാഷയാണ് മലയാളം. (ഇതംഗീകരിയ്ക്കുന്നുണ്ടോ?)മലയാളം ഒരു ഭാഷ.
2. മറ്റൊരു സമൂഹം (അവരും മനുഷ്യര്‍ തന്നേ) ആളുകള്‍ ആശയവിനിമയം ചെയ്തു ചെയ്ത് രൂപമെടുത്ത ഒരു ഭാഷയാണു കന്നഡ. കന്നഡ വേറൊരു ഭാഷ.
അതായത്,ഈ ഭാഷകളൊക്കെ സാമാന്യം നന്നായി വികസിച്ച ഭാഷകളായതുകൊണ്ടൂ്,
മലയാളം ഒരു യൂണിറ്റ്, കന്നഡ ഒരു യൂണിറ്റ്, ഇംഗ്ലീഷ് ഒരു യൂണിറ്റ്... ഇങ്ങനെവേണം കരുതാന്‍. ഇപ്പറഞ്ഞഭാഷകള് അവയുടെ ‘രൂപീകരണഘട്ടം’ പിന്നിട്ടവയാണു്. മലയാളവും ഇംഗ്ലീഷും അറിയുന്ന രണ്ടാളുകള്‍ തമ്മില്‍ സംസാരിയ്ക്കുമ്പോള്‍, ഒരാള്‍ മലയാളത്തിലും ഒരാള്‍ ഇംഗ്ലീഷിലും സംസാരിയ്ക്കുന്നതുകൊണ്ടും കുഴപ്പമില്ല. ഒരാള്‍ തന്നെ മലയാളവും ഇംഗ്ലീഷും പറയുന്നതുകൊണ്ടും കുഴപ്പമില്ല. എന്നാല്‍ മലയാളം പറയുമ്പോള്‍ മലയാളവും ഇംഗ്ലീഷു പറായുമ്പോള്‍ ഇംഗ്ലീഷും പറയണം.
മലയാളത്തില്‍ ഇംഗ്ലീഷ് കലര്‍ത്തുന്നതും ഇംഗ്ലീഷില്‍ മലയാളം കലര്‍ത്തുന്നതും നിരുത്സാഹപ്പെടുത്തേണ്ടതാണു് എന്നാണു പറഞ്ഞുവന്നതു്. രണ്ടാളുകള്‍ തമ്മില്‍ ആശയവിനിമയം നടക്കുമെങ്കില്‍ എങ്ങിനേയും എന്തും പറയാം, അതിനെ അംഗീകൃതഭാഷയാക്കരുതെന്നുമാത്രം.
-------------------------------------------------
[ഒന്നു കാടുകയറട്ടേ: വേണമെങ്കില്‍ മാത്രം, ഒപ്പം വന്നോളൂ.
ഒരുസമൂഹം
ക : ഹായ്, എന്തുണ്ടു ‘കി’ വിശേഷം?
കി: നത്തിങ്. സിമ്പ്ലി ലിവിങ്. ‘കു’ ഈസ് കമിങ്.
കു: ചെന്നാഗിദെരാ? നംഗേ സ്വല്പ നീരു ബേക്കു
കൃ: സ്വീകുരു, സ്വച്ഛം ജലമസ്തി. പിബ.
ഇവിടെ ആശയവിനിമയം നടക്കുന്നുവെങ്കില്‍ ഒന്നുകില്‍ സൂചിപ്പിക്കപ്പെട്ടവര്ക്കെല്ലാം മലയാളം, ഇംഗ്ലീഷ്, കന്നഡ, സംസ്കൃതം ഇതൊക്കെ അറിയണം. അതല്ലയെങ്കില്‍, ഒരുഭാഷയും രൂപപ്പെട്ടിട്ടില്ലാത്ത അവസ്ഥയില്‍ ഇപ്പറഞ്ഞതെല്ലാം കലര്‍ന്നൊരു സാധനം ‘ഭാഷാമൂശയില്’ ആയിരിയ്ക്കണം.]
--------------------------------------------------
“ദേവാനന്ദ് എഴുതുന്നതു ചിലത് എനിക്കും മനസ്സിലാകാറില്ല (:-)). അതു പക്ഷേ, അദ്ദേഹത്തിന്റെ ഭാഷയില്‍ അറബിയോ ഇംഗ്ലീഷോ കലര്‍ന്നതുകൊണ്ടാണെന്നു തോന്നിയിട്ടില്ല“.
ദേവന് ജിയുടേയും കൈപ്പള്ളിമാഷിന്റേയും മറ്റും ഭാഷയെ ഉദാഹരണമാക്കിയത്, ആറുമലയാളിയ്ക്ക് നൂറുമലയാളം എന്ന വകുപ്പിലാണു്. ദേവന് ജി യുടെ പോസ്റ്റുകളിലെ ഭാഷയും കമന്റുകളിലെ ഭാഷയും അല്‍പ്പം വ്യത്യാസമുണ്ടു്. പോസ്റ്റുകളില്‍ താരതമ്യേന ഔദ്യോഗികമായ, കൃത്യമായ ഭാഷയാണുപയോഗിയ്ക്കുന്നതു്. എന്നാല്‍ കമന്റുകളില്‍, അദ്ദേഹം സ്വാതന്ത്ര്യത്തോടെ തനതായ പ്രാദേശിക-വാമൊഴി രൂപങ്ങളും ഉപയോഗിയ്ക്കും (എന്റെ അഭിപ്രായമാണു്. ഇതു നല്ലതെന്നോ ചീത്തയെന്നോ ഒന്നും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിട്ടില്ല). പണ്ടു മനസ്സിലാക്കാന്‍ വിഷമമായിരുന്നെങ്കിലും, ഇപ്പോള്‍ പരിചയിച്ചുവന്നപ്പോള് വിഷമം തോന്നാറില്ല, മനസ്സിലാക്കാന്‍.
-----------------------------------------------
“ഞാനുദ്ദേശിക്കുന്ന രീതിയില്‍ സംവദിക്കാന്‍ സഹായിക്കുന്നുണ്ടോ എന്നു നോക്കിയാണ് ഭാഷാപ്രയോഗങ്ങളും വാക്കുകളും ഞാന്‍ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഓരോരുത്തരും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ആകെത്തുകയായിരിക്കും ഭാഷയുടെ നാളത്തെ രൂപം നിര്‍ണ്ണയിക്കുക“.
ഇംഗ്ലീഷു പറയുമ്പോള്‍ മലയാളത്തില്‍നിന്ന് ഒരു പദം തെരെഞ്ഞെടുത്ത്, (ശ്രോതാവിനും ആ വാക്കും അര്‍ഥവും അറിയും എന്നുവെയ്ക്കുക) ഇംഗ്ലീഷ് വാക്യത്തില്‍ കലര്ത്തിപ്രയോഗിയ്ക്കുമോ?
ഉണ്ടാവില്ല എന്നാണെനിയ്ക്കു തോന്നുന്നതു്.
ഓരോ ഭാഷയേയും സ്വന്തം വ്യക്തിത്വമുള്ള ഭാഷയായി കണക്കാക്കി, രാജേഷ്, ഇംഗ്ലീഷു പറയുമ്പോള്‍ ഇംഗ്ലീഷില്ത്തന്നേയുള്ള ഭാഷാപ്രയോഗങ്ങളിലും വാക്കുകളിലും നിന്ന് ഒരു തെരെഞ്ഞെടുപ്പല്ലേ നടത്തുന്നുണ്ടാവുക. അതുപോലെ, മലയാളം പറയുമ്പോള്‍ മലയാളത്തിലെ വിവിധ പ്രാദേശിക-വാമൊഴി-വരമൊഴി-വൈവിദ്ധ്യങ്ങളില് നിന്നും തെരെഞ്ഞെടുപ്പു നടത്തി, ഇഷ്ടമുള്ളതു പ്രയോഗിക്കാം. ചില പ്രമുഖമലയാളപത്രങ്ങള് കഴിവതും മലയാളപദങ്ങളേ ഉപയോഗിയ്ക്കൂ എന്നു തീരുമാനിച്ചിട്ടില്ലേ? സാഹചര്യം വരുമ്പോള്‍ നിയന്ത്രണങ്ങള്‍ കൈക്കൊള്ളേണ്ടിവരുന്നു, എന്നു ചുരുക്കം.
മലയാള സംസാരഭാഷയില്‍ ഇംഗ്ലീഷിന്റെ അതിപ്രസരം കേരളത്തില്‍ത്തന്നെയുണ്ട്. നല്ലൊരുശതമാനം കുട്ടികളും ഇംഗ്ലീഷ്മീഡിയം വിദ്യാഭ്യാസമാണ് തെരെഞ്ഞെടുക്കുന്നതു്. മലയാളം എഴുതാനും ഇംഗ്ലീഷ് ലിപി ഉപയോഗിക്കുന്നവര്‍ എത്രയോ ഉണ്ടു്. എസ്. എം. എസ് മലയാളമാണു മലയാളം, അതിനു ഹരിശ്രീ വേണ്ട, ഏബീസീഡീ മതി.
ജ്യോതീ,
1) മലയാളികള്‍ തന്നെ മലയാളത്തിന്മേല്‍ നടത്തുന്ന പരീക്ഷണങ്ങളെ/മാറ്റങ്ങളെ അസ്വാഭാവികം എന്നോ അടിച്ചേല്പിക്കല് എന്നോ വിശേഷിപ്പിക്കുന്നതിനോടു യോജിപ്പില്ല. (അതുകൊണ്ട് ആ മാറ്റങ്ങള്‍ എനിക്ക് ഇഷ്ടമാണ് എന്ന് അര്‍ത്ഥമില്ല.) രാജശാസനങ്ങളും ഭാഷാശാസ്ത്രഗ്രന്ഥങ്ങളും പടയോട്ടങ്ങളും കുടിയേറ്റങ്ങളുമൊക്കെയല്ലേ എല്ലാ ഭാഷകളെയും രൂപീകരിച്ചത്?
2) വികസിച്ചുകഴിഞ്ഞ ഭാഷ, ഭാഷയുടെ രൂപീകരണഘട്ടം എന്നീ വിശേഷണങ്ങളൊക്കെ ആപേക്ഷികമല്ലേ? തമിഴില്‍ സംസ്കൃതവാക്കുകള്‍ കടന്നുവന്നുകൊണ്ടിരുന്ന കാലത്ത് ജീവിച്ചിരുന്ന ഒരാളോട് "നിങ്ങളുടെ ഭാഷ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ" എന്നു പറഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കു യോജിക്കാന്‍ കഴിയുമായിരുന്നോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. (അതുകൊണ്ട് ഇന്നത്തെ മലയാളം ഇംഗ്ലീഷിന്റെ അതിപ്രസരത്തിലൂടെ മറ്റൊരു ഭാഷയായി രൂപപ്പെടുന്നതാണ് എനിക്കിഷ്ടം എന്ന് അര്‍ത്ഥമില്ല.)
3) ഇംഗ്ലീഷ് പറയുമ്പോള്‍ ശ്രോതാവിനും അറിയുന്ന മലയാളം വാക്കുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങള്‍:
"അമ്മാ, can I have a പപ്പടം?" (കഴിഞ്ഞ ദിവസം കേട്ടത്)
"When you trim the rose, can I have a കമ്പ്?" (കഴിഞ്ഞ ആഴ്ച കേട്ടത്)
"Male members other than the കാരണവര്‍ used to be called അപ്ഫന്‍ namboothirees who did സംബന്ധം in നായര്‍ tharavads"
ലോകത്തുള്ള മിക്ക ഭാഷകളില്‍ നിന്നുമുള്ള വാക്കുകള്‍ കലര്‍ന്നുണ്ടായ ഭാഷയല്ലേ ഇംഗ്ലീഷ്? (അതുകൊണ്ട് മലയാളവും അങ്ങനെയാവുന്നതാണ് എനിക്കിഷ്ടം എന്നര്‍ത്ഥമില്ല.)
-------------
വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നാടന്‍ പ്രയോഗങ്ങളും മറ്റു ഭാഷകളില്‍ നിന്നു പുതുതായി വന്നുകൊണ്ടിരിക്കുന്ന വാക്കുകള്‍ക്കു പകരം നേരത്തെ പ്രചാരം നേടിയിട്ടുള്ള വാക്കുകളും പ്രചാരം നശിച്ചുപോയ വാക്കുകളുടെ അര്‍ത്ഥങ്ങളും ഒക്കെ എഴുതിസ്സൂക്ഷിക്കാന് ഒരു സ്ഥലമാണ് വിക്കിനിഘണ്ടു. അവിടെ അവരവര്‍ക്ക് ഇഷ്ടപ്പെട്ട വാക്കുകള്‍ തേടുകയും കണ്ടെത്തുകയും കൂട്ടിച്ചേര്‍ക്കുകയുമാവാം. "Sundayയുടെ മലയാളം എന്താണെന്നറിയാമായിരുന്നെങ്കില് ഞാന്‍ ആ വാക്കേ ഉപയോഗിക്കുമായിരുന്നുള്ളൂ" എന്ന് നാളെ നാളെ ഒരു ബ്ലോഗര്‍ക്കു പറയേണ്ടി വരാതിരിക്കാന്‍ ഇതു പ്രയോജനപ്പെടും.
എന്നുമല്ല, ആര്‍ക്കെങ്കിലും പ്രാകൃതത്തില്‍ നിന്നോ സംസ്കൃതത്തില്‍ നിന്നോ പോര്‍ച്ചുഗീസില്‍ നിന്നോ അറബിയില്‍ നിന്നോ ഉള്ള വാക്കുകള്‍ ഒഴിവാക്കി മലയാളം എഴുതണമെന്നു തോന്നിയാലും ഇതുപകരിക്കും.
Post a Comment