Tuesday, March 11, 2008

“മനമിളകാ ചപലോക്തി കേള്‍ക്കിലും കേള്‍“

കുഞ്ചന്‍‌നമ്പ്യാര്‍ തന്റ്റെ കുട്ടിക്കാലത്തു് എഴുതിയ കൃതിയാണു ശ്രീകൃഷ്ണചരിതം മണിപ്രവാളമെന്നു കേട്ടിട്ടുണ്ടു്. വരികളില്‍ അക്ഷരമൊപ്പിയ്ക്കാന്‍ വേണ്ടി എവിടേയും തിരുകിക്കയറ്റാവുന്ന വാക്കുകള്‍ ഈ കൃതിയില്‍ ധാരാളമുള്ളതുകൊണ്ടാവാം, പല സാഹിത്യവിമര്‍ശകരും ഒരു കാവ്യം എന്ന നിലയ്ക്ക് ഈ കൃതിയെ എണ്ണുന്നില്ല. എന്നാല്‍ ആ ഒരു ന്യൂനത ഉണ്ടെന്നുവെച്ച് ഇത്രയും മഹത്തായ ഒരു കൃതി പഠിയ്ക്കപ്പെടാതെ പോകരുതെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതീവസാധാരണമായ ഒഴുക്കും ലാളിത്യവും കൊണ്ടു് അതിന്റെ മാഹാത്മ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെപോകുന്നതാണു്. പണ്ടുകാലത്ത്, ഇതിലെ പലസര്‍ഗ്ഗങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പദസമ്പത്തു്, ഉച്ചാരണശുദ്ധി, ജീവിതമൂല്യങ്ങള്‍ എന്നിവ പകര്‍ന്നുനല്‍കി മലയാളിയുടെ ഹൃദയത്തെ പോഷിപ്പിയ്ക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ചിട്ടുണ്ടു് ഈ കൃതിയെന്നും ഒരു മഹാകാവ്യം എന്ന നിലയില്‍ നോക്കിക്കാണേണ്ട കൃതിയാണിതെന്നും കെ. പി. നാരായണപ്പിഷാരടി അഭിപ്രായപ്പെട്ടിട്ടുണ്ടു്.

ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ലോകോക്തികള്‍ പെറുക്കിയെടുത്ത് ഇവിടെ വെയ്ക്കട്ടേ.

1. മലകളിളകിലും മഹാജനാനാം

മനമിളകാ, ചപലോക്തി കേള്‍ക്കിലും കേള്‍!

2. ശിവ ശിവ! ദുര്‍ജ്ജനഭാരമേവ ഭാരം

3. അസുവിനു സമയായ ധാത്രിതന്റെ

വ്യസനമഹോ ഭഗവാന്‍ സഹിയ്ക്കുമോ താന്‍?

4. അരുതരുതു വധൂവധം മഹാത്മന്‍

ദുരിതമകപ്പെടുമിപ്രകാരമായാല്‍

5. യുവതികളെവധിയ്ക്ക യോഗ്യമോ താ-

നവരതിദുഷ്ടകളെങ്കിലും നരേന്ദ്ര?

6.ജനനമരണമെന്നതിജ്ജനാനാ-

മനുഭവമെന്നതിനെന്തെടോ വിവാദം?

മരണദിവസവും ശിരസ്സിലാക്കി-

ദ്ധരണിതലം പ്രവിശന്തി മാനുഷന്മാര്‍

7.മരണമൊരുവനും വരാത്തതല്ലെ-

ന്നറിക ഭവാന്‍, അറിവുള്ള ചാരുബുദ്ധേ

8. സുലഭമഹോ ഗുണികള്‍ക്കു വാഞ്ച്ഛിതാര്‍ഥം

9. ജ്ഞാനം മനസ്സില്‍ ജനിയായ്കമൂലം

ഞാനെന്നഹംഭാവമഹോ ജനാനാം

10.കാമാദിഷഡ്കം ബഹുദുഃഖമൂലം

11.പരാക്രമം സ്ത്രീകളിലല്ലവേണ്ടൂ

12. ഒരിയ്ക്കലുണ്ടേവനുമാത്മനാശം

ജരയ്ക്കുമുന്‍പേ മരണം മനോജ്ഞം

13. ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യര്‍ക്കു ശരീരബന്ധം
കുലം ബലം പുത്രകളത്രജാലം
ഫലം വരാ, മൃത്യു വരും ദശായാം

14. തായാട്ടുകാട്ടുന്ന ശിശുക്കളെത്താന്‍

താഡിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം

15. ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ

പാരില്‍ പ്പരക്ലേശവിവേകമുള്ളൂ

16. അതിക്രമം മേ, ലിനി വേലിതന്നെ

വിതച്ച പുഞ്ചയ്ക്കു വിനാശമൂലം

17. കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ

കക്കാന്‍ മടിയ്ക്കുന്നു തരം വരുമ്പോള്‍

18. ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷരുള്ളകാലം

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?

19. മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ

പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാം

20.ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം

പരത്തുവാനാളുകളുണ്ടസംഖ്യം

21. കഷ്ടിച്ചു കൃത്യം കഴിയുന്നവന്നും

അഷ്ടിയ്ക്കുമുട്ടാതെവസിപ്പവന്നും

കെട്ടിദ്ധനം നേടിയിരിപ്പവന്നും

പെട്ടെന്നുതുല്യം ഖലു വൃത്തിദുഃഖം

22. കര്‍മ്മാനുകൂലം ഫല, മിന്നൊഴിപ്പാന്‍

നമ്മാലസാദ്ധ്യം ധരണീസുരേന്ദ്ര!

9 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

മലകള്‍ ഇളകിയേയ്ക്കാം. എന്നാല്‍ മഹാജനങ്ങളുടെ മനസ്സ്‌, ചപലോക്തികള്‍ കേട്ടാലും ചഞ്ചലപ്പെപ്പെടുകയില്ല...

മണിപ്രവാളത്തിലെ മണിമുത്തുകള്‍...

സു | Su said...

:) ഇതൊക്കെയൊന്നെടുത്തുവെച്ച് വായിക്കണമെന്ന് കുറേയായി വിചാരിക്കുന്നു.

Unknown said...

പഠിക്കുന്ന കാലത്തു് ഞങ്ങള്‍ ആണ്‍കുട്ടികള്‍‍ക്കു് ഇവയുടെ ഹാസ്യാനുകരണങ്ങളോടായിരുന്നു കൂടുതല്‍ താത്പര്യം.

"മലകളിളകിലും മഹാജനാനാം 'മല'മിളകാ.." തുടങ്ങിയവ.

മഹാന്മാരായവരുടെ (പ്രായം കൊണ്ടെങ്കിലും!)പരസ്പരപരിവേദനങ്ങള്‍ കേള്‍ക്കാന്‍ പിന്നീടു് അവസരം ലഭിച്ചപ്പോള്‍ empirical reality-യുമായി കൂടുതല്‍ അടുത്തു് നില്‍ക്കുന്നതു് പലപ്പോഴും ഇത്തരം parody-കളാണെന്നു് മനസ്സിലാക്കേണ്ടിയും വന്നു. :)

ബഷീർ said...

ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷരുള്ളകാലം

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?


informative post.. thank u

അനാഗതശ്മശ്രു said...

ഇതു ഇഷ്ടമായി

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ ജി :)

ഇതിലെ ഓരോമുത്തുമെടുത്ത്, അല്പം വിശദീകരിച്ച്,എഴുതാനായിരുന്നു മോഹം. :)
വെറുതേ വായിച്ചുപോകുന്നതിനേക്കാള്‍ നന്നാവുമായിരുന്നു, അല്ലേ അങ്ങനെ ചെയ്തിരുന്നെങ്കില്‍.

ബാബു ജി :)

അക്ഷരശ്ലോകം കൂട്ടിനുണ്ടായിരുന്നതുകൊണ്ടൂ മണിപ്രവാളം കുട്ടിക്കാലത്തു കുറച്ചൊക്കെ പഠിക്കാന്‍ പറ്റി. ഹാസ്യാനുകരണങ്ങള്‍ (ഇവയുടെ) കേട്ടിട്ടില്ല.

ബഷീര്‍ ജി :)

ചെറുപ്പകാലങ്ങളില്‍ ജീവിതത്തിനു് അടുക്കും ചിട്ടയും ഉണ്ടാക്കിക്കിട്ടിയാല്‍ രക്ഷപ്പെട്ടു. ഇതിനോടു ചേര്‍ത്തുവായിക്കാവുന്ന ഒന്നാണു് ഈ പോസ്റ്റ്.അല്ലെങ്കില്‍ ‘മടി’യെ തോല്‍പ്പിയ്ക്കാന്‍ എത്രവിചാരിച്ചാലും പറ്റില്യ. എല്ലാം നാളെ നാളെ...നീളും :(

അനാഗതന്‍‌ജി :) സന്തോഷം.

ജ്യോതിര്‍മയി.

താരാപഥം said...

പലര്‍ക്കും അറിയാത്ത ഒരു വിഭാഗമാണ്‌ മണിപ്രവാളം. "ശ്രീകൃഷ്ണചരിതം" നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ വായിക്കുവാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്‌. കഥ അറിയാനുള്ള വായനയേ ഉണ്ടായിട്ടുള്ളൂ. "സുചേഷ്ടിതം കൊണ്ടു ജഗല്‍ പ്രസിദ്ധന്‍" എന്നു തുടങ്ങുന്ന ഭാഗം കുറച്ച്‌ മനഃപ്പാഠമാക്കിയിരുന്നു. (ആ ഭാഗം എളുപ്പമായിരുന്നു.) ഈ പരിചയപ്പെടുത്തല്‍ കുട്ടിക്കാലത്തേക്ക്‌ കൂട്ടികൊണ്ടുപോയി.

ഹരിയണ്ണന്‍@Hariyannan said...

അസുവിനു സമയായ ധാത്രിതന്റെ

വ്യസനമഹോ ഭവാന്‍ സഹിയ്ക്കുമോ താന്‍?

ഇതൊന്നു വിശദീകരിക്കാമോ?

ആ രണ്ടാമത്തെ വരി അങ്ങനെതന്നെയോ?അറിവില്ലായ്മ പൊറുക്കണം.തല്ലരുത്... :)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹരിയണ്ണന്‍,

തെറ്റുചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്. ഭഗവാന്‍ എന്നാണു്, ഭവാന്‍ എന്നല്ല. ഭൂമിയുടെ വിഷമം ഭഗവാന്‍ കണ്ടു സഹിച്ചിരിയ്ക്കില്ല എന്നുതന്നെ.

താരാപഥം, നന്ദി, സന്തോഷം.