കുറേ ദിവസം മുന്‍പ് എന്റെ ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. അതിനിപ്പൊ എന്താ എന്നല്ലേ? എനിയ്ക്കറിയാവുന്ന ഒരു ജര്‍മ്മന്‍ വനിതയുണ്ട്. അവര്‍ക്ക് ഇന്‍ഡ്യന്‍ പിറന്നാള്‍ കാണണമത്രേ. ഞാന്‍ പറഞ്ഞു, ഇന്‍ഡ്യന്‍ പിറന്നാള്‍ എന്ന ഒന്നില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ ആഘോഷത്തിന് എന്നൊക്കെ. മാത്രമല്ല ഞങ്ങള്‍ അങ്ങനെ ആഘോഷിയ്ക്കാറൊന്നുമില്ലെന്നും. എന്നാലും ഇത്തവണ എന്റെ അമ്മ, പിറന്നാള്‍ ദിവസം കൂടെ ഉണ്ടായിരുന്നതുകൊണ്ട് ഒരു ചെറിയ ആഘോഷം ആവാം, ജര്‍മ്മന്‍ വനിതയ്ക്ക്, എന്റെ അമ്മയെ പരിചയപ്പെടുത്തുകയുമാവാം എന്നുകരുതി അന്ന് അവരെ വീട്ടിലേയ്ക്കു വിളിച്ചു.
ഇവിടെ, പിറന്നാള്‍ സദ്യ എന്നുപറഞ്ഞാല്‍ കേയ്ക്ക് മുറിയ്ക്കലൊന്നുമില്ല - കുട്ടികളുടെ പിറന്നാളായാലും. വിളക്കുവെച്ച് ഇലയില്‍ ഊണുവിളമ്പണം. തീര്‍ച്ചയായും വിളക്ക് ഊതിക്കെടുത്തിക്കൊണ്ട് ഒരാഘോഷം പതിവില്ല. കഴിയുമെങ്കില്‍ അവനവന്‍ ഉണ്ണുന്നതിനുമുന്‍പേ നാലാള്‍ക്കു ഊണുകൊടുക്കണം. ഒരു ഇഞ്ചിത്തൈരും പായസവും (അരിവെന്തതില്‍ ശര്‍ക്കരചേര്‍ത്താല്‍ മതി) ഇത്രയായാല്‍ മതി. പറ്റുമെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണം, പ്രസന്റ് വാങ്ങിക്കൂട്ടുകയല്ല വേണ്ടതു് - ഇതൊക്കെയാണു പിറന്നാളിന്റെ അന്നു പ്രത്യേകം ശ്രദ്ധിക്കുന്നത്. വിശേഷപ്പെട്ട പിറന്നാളുകളൊക്കെയാണെങ്കില്‍ പറ്റുമെങ്കില്‍ പറ്റുന്നതുപോലെ ബാലികാസദനത്തിലോ വൃദ്ധസദനത്തിലോ ഒന്നുപോയി അവിടെ ഒരുദിവസത്തെ ഊണിനുള്ള ഏര്‍പ്പാടു ചെയ്യാന്‍ കഴിയുമോ എന്നു നോക്കുക. ജര്‍മ്മന്‍ വനിതയ്ക്ക് ഇതെല്ലാം പുതുമയായിരുന്നു. അവര്‍ക്കു ഈ പുതുമ നന്നായങ്ങടു ബോധിച്ചു. ജര്‍മ്മന്‍ വനിത അവരുടെ ‘മെഴുകുതിരി ഊതിക്കെടുത്തുന്ന പഴഞ്ചന്‍ സമ്പ്രദായം' ഉപേക്ഷിച്ചു, പുതുമയുള്ള സമ്പ്രദായത്തിലാ ഇപ്പോള്‍. അവരുടെ ചില ഫ്രന്‍ഡ് സും (ഇവരെ എനിയ്ക്കറിയില്ല ട്ടോ) ഈ പുത്തന്‍ ആശയത്തില്‍ മയങ്ങി എന്നാണു ഞാന്‍ ആദ്യം സൂചിപ്പിച്ച വനിത എന്നോടു പറഞ്ഞതു്.
അവരുണ്ടോ പുതുമയെ വിടുന്നു? “പുതുമകളേ...വരൂ...” അവര്‍ പാടി ജര്‍മ്മന്‍ ഭാഷയില്‍!