Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Monday, April 30, 2007

മുയല്‍ക്കുട്ടനും ആമമുത്തശ്ശനും

കാടില്ലാത്തതുകൊണ്ട്, വീടുമില്ലാത്ത മുയല്‍ക്കുട്ടന്‍ വീട്ടിലേയ്ക്കുള്ള വഴിതപ്പി നടക്കുകയായിരുന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്, എല്ലാ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും വായിച്ച്‌ , അന്തമില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ലോക-ബൂലോഗപുരോഗതിയെക്കുറിച്ചോര്‍ത്ത് അന്തംവിട്ടാണു നടപ്പ്‌.

ഇടയ്ക്കൊക്കെ ബ്ലേഡുകൊള്ളുന്നപോലെ വേദനിപ്പിക്കുന്നുവെങ്കിലും, അവന്‍ ക്രെഡിറ്റ് കാര്‍ഡ്, കക്ഷത്തില്‍ തന്നെ സൂക്ഷിച്ച് കൊണ്ടുനടന്നു. അതുള്ളതുകൊണ്ടാണല്ലോ, വീടില്ലെങ്കിലും, വീട്ടിലേയ്ക്കുവേണ്ട കണ്ണില്‍ക്കണ്ട സാധനങ്ങളെല്ലാം അവനു വാങ്ങാന്‍ കഴിയുന്നത്‌! പറ്റുന്നതെല്ലാം വാങ്ങി, സൂക്ഷിച്ചു, മറ്റു പലതിനും ഓര്‍ഡര്‍ കൊടുത്തു... അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങി.

അപ്പോഴാണ് , മണ്ണിട്ടുതൂര്‍ത്ത ആമ്പല്‍ക്കുളനിരത്തില്‍‍ ചങ്ങാതിയായ ആമ ഇരിയ്ക്കുന്നതു കണ്ടത്. കണ്ടയുടനെ പരിചയം പുതുക്കാനും കമ്പനികൂടാനും മുയല്‍ക്കുട്ടനു ധൃതിയായി.

“ഹലോ ആമ ജി“ എന്നു വിളിക്കാനാഞ്ഞു എങ്കിലും അങ്ങിനെ വിളിച്ചില്ല. തന്നേക്കാള്‍ എത്രത്രയോ ഓണം അധികം ഉണ്ടവനാണ് ആ ആമ. എങ്കിലും, തന്റെകൂടെ ഓടി, ഓട്ടപ്പന്തയത്തില്‍ തോറ്റവനുമാണല്ലോ എന്നോര്‍ത്തപ്പോള്‍ “ആമമുത്തശ്ശാ” എന്നു നീട്ടിവിളിച്ചൊന്നു പരിഹസിക്കാം എന്നുവെച്ചു മുയല്‍ക്കുട്ടന്‍.

“ആമമുത്തശ്ശാ, ആമമുത്തശ്ശാ... ഇപ്പോഴും ഈ നിരത്തുവക്കിലിരിക്കുകയാണോ? ഇതിപ്പോള്‍ ആമ്പല്‍ക്കുളമല്ലല്ലോ, വെറും നിരത്തല്ലേ? ആ രണ്ടു ഫ്ലാറ്റുകളുടേ കൂടി പണികഴിഞ്ഞാല്‍ ഇതു നല്ല തിരക്കുള്ള റോഡാവുകയും ചെയ്യും. എത്രകാലം ഇവിടിരിയ്ക്കും. ഈ പഴഞ്ചന്‍ രൂ‍പമെല്ലാമൊന്നു മാറ്റൂ. എന്റെ കൂടെ നടക്കാനുള്ള ഒരു മിനിമം ഫാഷനെങ്കിലും ഉണ്ടാക്കൂ, എന്നാല്‍ നമുക്ക്‌ ഒരുമിച്ചു യാത്ര തുടരാം, ഞാനും എന്റെ വീടുതേടിയുള്ള യാത്രയിലാണ്“.

മുയല്‍ക്കുട്ടന്‍ റ്റെലിഷോപ്പിങ് പരസ്യത്തിലെപ്പോലെ വാചാലനാവാന്‍ തുടങ്ങുകയായിരുന്നു. “എന്നെക്കണ്ടു പഠിക്കൂ. എന്തൊരു ചുറുചുറുക്ക്‌! ഓടാം, ചാടാം, മറിയാം. നോക്കൂ “ഞാനെത്ര മോഡേണ്‍” ആണെന്ന്‌. കാരറ്റുപോലും കരണ്ടുതിന്നേണ്ട പണിയില്ല. വിറ്റമീന്‍ ഗുളികകള്‍ പോലെ ഈരണ്ടുഗുളികകള്‍ കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. അതിനു മുന്‍പും ശേഷവും ഈരണ്ടു ഗ്ലാസ് വെള്ളോം കുടിക്കണം. അത്രതന്നെ. ഹൌ ഈസി റ്റു ലിവ്! കാരറ്റിനു കിലോയ്ക്കു 48 രൂപയാണത്രേ. എങ്കിലും എനിയ്ക്കെന്തു ചേതം?....

“ആമമുത്തശ്ശാ, ഇത്ര പഴഞ്ചനായാല്‍ ബൂലോഗത്തൊന്നു കാലുകുത്താന്‍ പോലും പറ്റില്ല. ഒന്നു മോഡേണാവൂ. വേഗമോടാന്‍ തയ്യാറാവൂ...എത്രയെത്ര ലോകങ്ങള്‍ ഇനിയും കാണാനിരിക്കുന്നു? ഓടിയോടി എന്നെങ്കിലും വീടു കണ്ടെത്തണ്ടേ?....”

ആമമുത്തശ്ശന്‍, രണ്ടടി മുന്നോട്ടിഴഞ്ഞുകൊണ്ട് വെറുതേയൊന്നു മൂളി...

മുത്തശ്ശന് എങ്ങും ഓടേണ്ട കാര്യമില്ല. മുത്തശ്ശന്‍ വീടും കൊണ്ടാണുനടപ്പ്‌, അഥവാ ഈ മുത്തശ്ശന്‍ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞമഹാനാണ്. ഇദ്ദേഹത്തിനു മരണവുമില്ല... എന്നൊക്കെയാണ് ആമമുത്തശ്ശന്‍ അമര്‍ത്തിമൂളിയതിന്റെ അര്‍ഥം എന്ന് ആലോചിക്കാനോ ഒന്നും കാത്തുനില്‍ക്കാതെ മുയല്‍ക്കുട്ടന്‍ അടുത്ത ബൂലോഗത്തിലേയ്ക്കു പിന്മൊഴിവള്ളിയിലൂടെ ചാടിയോടിപ്പോയി...

Wednesday, February 28, 2007

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

“ആരാണു ന്യൂട്രോണ്‍? "


“ഒരു വിലയുമില്ലാത്ത ‘ഉപകണം’. അണുകേന്ദ്രത്തില്‍ എന്നോടൊപ്പം വിലസുന്നു"- അണുവിന്റെ എല്ലാമെല്ലാം എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന പ്രോട്ടോണ്‍ പറഞ്ഞു.


പ്രോട്ടോണിന്‌ , ഉള്ളതുമുഴുവന്‍ എടുത്ത്, വലിയ ഒരു വില നല്‍കിയതുകൊണ്ടാണ്, ഇലക്ട്രോണിനു ‘പൊട്ടവില’ആയതെന്നും ന്യൂട്രോണിനു വിലയില്ലാതായതെന്നും ഇലക്ട്രോണ്‍ പരാതിപ്പെട്ടു.

ഉള്ളതില്‍ നിന്നും ഉള്ളതു മുഴുവനെടുത്താലും ഉള്ളത്‌ അവശേഷിക്കും” -ദാര്‍ശനികന്‍ സമാധാനിപ്പിച്ചു.

ന്യൂട്രോണില്‍ നിന്നും പ്രോട്ടോണുണ്ടാവുമോ ? എന്തോ എനിയ്ക്കൊന്നും കാണുന്നില്ല.

ആരു കാണുന്നു? കാഴ്ചശക്തിയുള്ളവന്‍ കാണുന്നു, ദര്‍ശിയ്ക്കുന്നു, ദാര്‍ശനികനാവുന്നു.

ദാര്‍ശനികന്‍ അഥവാ, ദര്‍ശിച്ചവന്‍, അഥവാ അതു കണ്ടെത്തിയ ദേഹം ആരായിരുന്നു?

ജെയിംസ് ചാഡ്‌വിക് എന്ന ശാസ്ത്രജ്ഞന്‍.
എന്നാണതു സംഭവിച്ചത്?
1932 ഫെബ്രവരി 27ന്.

ഇന്ന് പലര്‍ക്കും ഫെബ്രവരി 27 ആണല്ലോ‍!

അപ്പോള്‍ പറയൂ-

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

Thursday, July 13, 2006

പിണക്കം!

ങാ ഹാ! നീയാരാ എന്നെ തടിച്ചീന്നു വിളിച്ചാക്ഷേപിയ്ക്കാന്‍? ഞാനാ സുന്ദരി, തക്കാളി വെണ്ടയ്ക്കയോടു പിണങ്ങി:-(



വാല്‍ക്കഷ്ണം:

ചോദ്യം 1 : പറയാമോ ആരാ തക്കാളി, ആരാ വെണ്ടയ്ക്ക എന്ന്‌?
ചോദ്യം 2: കൂട്ടരേ, ഇതൊരു കഥയാണോ? ആണെങ്കില്‍ ഒറ്റവാക്കിലും കഥയെഴുതാമോ?