Wednesday, February 06, 2008

വരമൊഴിയ്ക്കെന്തിനാ വ്യാകരണം?

“സംശയം ഇനിയാണ് - ഇത്രയും പ്രാചീനമായ വ്യാകരണം, ഭാഷ അപഗ്രഥിക്കേണ്ടത് വാക്യം വച്ചാണെന്നും ഭാഷണത്തെ ഒഴിവാക്കാനാവില്ലെന്നും തിരിച്ചറിഞ്ഞിട്ടും നമ്മുടെ പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“

വെള്ളെഴുത്ത് എന്ന, സ്വല്‍പ്പം ചിന്തിച്ചാലെന്തെന്നു ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗര്‍ എഴുതിച്ചോദിച്ചതാണിത്. എന്റെ ചിന്താ ഡൌട്ട് കോമാ പറയുന്ന മറുപടി-

വ്യാകരണമല്ല ഭാഷ. വ്യാകരണത്തിന്റേതുമല്ല ഭാഷ. ഭാഷയുടേതാണു് വ്യാകരണം. ഭാഷയെ വിശകലനം ചെയ്യാനും അപഗ്രഥിച്ചുപഠിയ്ക്കാനുമുള്ള പഠനശാഖയാണു് വ്യാകരണം. നിലവിലുള്ള ഒരു ഭാഷയെ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ അപഗ്രഥിച്ചുപഠിയ്ക്കാന്‍ അതിന്റെവ്യാകരണം പഠിച്ചാല്‍ എളുപ്പമാവും. വിശാലമായ ഒന്നിനെ മനസ്സില്‍‌വെച്ചുകൊണ്ട് അതിലെ ഘടകങ്ങളെ നിരീക്ഷിക്കുക എന്നതാണ് അറിവിനെ ഉള്‍ക്കൊള്ളാനുള്ള - മനസ്സിലാക്കാനുള്ള നല്ലരീതി എന്നാണെന്റെ പക്ഷം. സമഷ്ടിയുടെ ഭാഗമായി വ്യഷ്ടിയെ കണ്ടു് ആകപ്പാടെ ഒരാശയം തെളിഞ്ഞതിനുശേഷം, വ്യഷ്ടിയുടെ വിശകലനത്തിലെയ്ക്കും സൂക്ഷ്മമായ കാര്യങ്ങലിലേയ്ക്കും ഇറങ്ങിച്ചെല്ലുക എന്ന രീതി.


ഉദാഹരണം പറയാം-

നാം ഒരു സിനിമ കാണുകയാണെന്നു കരുതുക. ഒന്നാമത്തെ സീനില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സീനാണെന്നിരിയ്ക്കട്ടെ രണ്ടാം സീന്‍. സിനിമ കണ്ടുപരിചയമില്ലാത്തവരാണെങ്കില്‍ അപ്പോഴേ അടുത്തിരിയ്ക്കുന്നവരോടു ചോദ്യങ്ങള്‍ ചോദിയ്ക്കാ‍ന്‍ തുടങ്ങും. എന്നാല്‍ സിനിമകണ്ടു പരിചയമുള്ളവരാണെങ്കില്‍, മൊത്തമായ ഒരു ‘ഒന്നിന്റെ’ ഭാഗമായി സീനുകളെകാണുകയും, ഓരോ ഭാഗത്തേയും വെവ്വേറെകാണാതിരിയ്ക്കുകയും ചെയ്യും. അപ്പോള്‍ ഒന്നാം സീനിന്റെ തുടര്‍ച്ച നാലാം സീനിലാണെങ്കില്‍പ്പോലും അര്‍ഥം മനസ്സിലാക്കുകതന്നെചെയ്യും. മൊത്തമായ ഒരൊന്നിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് അര്‍ഥം കൂടുതല്‍ വ്യക്തമായി മനസ്സിലാവുക. ഓരോ സീനിനേയും പ്രത്യേകം പ്രത്യേകം ഒറ്റയൊറ്റയായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ കഥയെ മുഴുവനായി മനസ്സിലാവാന്‍ കൂടുതല്‍ പ്രയാസം നേരിടും. മൊത്തമായ ഒരു കാഴ്ചയ്ക്കും മനസ്സിലാക്കലിനും ശേഷം ഓരോ ഘടകത്തേയും കീറിമുറിച്ച് വിശകലനം ചെയ്യാം. അപ്പോള്‍ ഓരോ ഘടകത്തിന്റേയും പ്രാധാന്യവും പ്രത്യേകതയും കൂടുതല്‍ മനസ്സിലാക്കാനും സാധിയ്ക്കും.

ഇനി പ്രകൃതത്തിലേയ്ക്കുവരാം- ഭാഷയെ സമഗ്രമായിനിരീക്ഷിച്ച്, ആ വിശാലമായ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് പാണിനിയെപ്പോലുള്ള മഹാവൈയാകരണന്മാര്‍ ഘടകങ്ങളെ അപഗ്രഥിച്ചതും വിശകലനം ചെയ്തതും. പിന്നീടുവരുന്നവര്‍ക്കായി ആ കണ്ടെത്തലുകളെല്ലാം ക്രോഡീകരിച്ചതും ഓര്‍മ്മിയ്ക്കാന്‍ പാകത്തില്‍ സൂത്രങ്ങളാക്കിയതും ഭാഷാപഠനത്തെ സഹായിക്കാനാണു്. ഭാഷാപ്രയോഗത്തില്‍ അസ്വതന്ത്രത വരുത്താനല്ല. എഴുത്ത് എന്നാല്‍ ലിപികളാല്‍ ഭാഷയെ രേഖപ്പെടുത്തുന്ന രീതി. ലിപിയ്ക്കല്ല വ്യാകരണം. ഭാഷണഭാഷയ്ക്കുതന്നെയാണ്, എന്നാണു് എന്റെ മനസ്സിലാക്കല്‍.

അതോ “പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് വാമൊഴിവഴക്കമില്ലാത്ത വരമൊഴിഭാഷയ്ക്കെന്തിനാ ഇത്രയും നിബന്ധനകള്‍ എന്നാണോ? അതിനും അഭിപ്രായം പറയാന്‍ ശ്രമിയ്ക്കട്ടേ-

വാമൊഴി എന്നാല്‍ പറയുന്നഭാഷ (പറയപ്പെടുന്ന ഭാഷ). നമ്മള്‍ സാധാരണയായി എന്തെങ്കിലും പറയുന്നതു് എപ്പോഴാണു്? ആരെങ്കിലും കേള്‍ക്കാനുള്ളപ്പോള്‍. അതായത് വക്താവും ശ്രോതാവും പറഞ്ഞാല്‍കേള്‍ക്കാന്‍ പാകത്തില്‍ അടുത്തുനില്‍ക്കുമ്പോള്‍. ശരിയല്ലേ? ആ അവസ്ഥയില്‍ വക്താവും ശ്രോതാവും പൊതുവില്‍ ഒരേ സമയം- ഒരേ സ്ഥലം, ഒരേ പരിതസ്ഥിതി എന്നീ കണ്ടീഷനുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. മിക്കവാറും ഭാഷണത്തിന്റെ പശ്ചാത്തലം ഒന്നുതന്നെയാവാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ഥം തന്നെ കേള്‍ക്കുന്നവനിലേയ്ക്കു വിനിമയം ചെയ്യപ്പെടും. അതായത് വാമൊഴിയ്ക്ക് ഒരു ഏകീകരണത്തിന്റേയോ(സ്റ്റാന്‍ഡേഡൈസേഷന്റേയോ) വ്യവസ്ഥയുടേയോ അധികം ആവശ്യം നേരിടുന്നില്ല.

എന്നാല്‍ വരമൊഴിയുടെ സ്ഥിതിയോ?

എഴുത്തുകാരി എഴുതുന്നത്, പുസ്തകത്തിലോ ബ്ലോഗിലോ ആവട്ടേ, അവള്‍ എന്തെല്ലാം ആശയങ്ങളുടെ പശ്ചാത്തലത്തിലാണു് പറയുന്നതെന്നോ ആധികാരികമായി പറയാന്‍ കഴിയുന്നവളാണെന്നോ, വിദ്യാര്‍ഥിനിയാണെന്നോ, അല്പജ്ഞാനം കൊട്ടിഗ്ഘോഷിയ്ക്കുന്നവളാണെന്നോ ഒന്നും അറിയാത്ത ഒരു വായനക്കാരനിലേയ്ക്ക് (ആ വ്യക്തിയുടെ അറിവിന്റെ പശ്ചാത്തലം എഴുതുന്നവ്യക്തിയ്ക്കും ഉണ്ടാവില്ല) വിനിമയം ചെയ്യാന്‍ ഒട്ടൊക്കെ ഏകീകൃതമായ (സ്റ്റാന്‍ഡേര്‍ഡ് ആയ ജനറലൈസ്ഡ് ആയ), വ്യവസ്ഥാപിതമായ നിയന്ത്രിതമായ ഭാഷ അത്യന്താപേക്ഷിതമാണു്. ഇവിടെയാണു് വ്യാകരണത്തിന്റെ പ്രസക്തി.

Monday, February 04, 2008

സംസ്കൃതവ്യാകരണചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം

[ ‘ഭാഷയെ അപഗ്രഥിയ്ക്കാനുള്ള ഒരു പദ്ധതി (വ്യാകരണം)‘ എങ്ങനെ രൂപം കൊണ്ടു? അതിലേക്കു നയിച്ച കാരണങ്ങള്‍ എന്താവാം...എന്നൊക്കെ പറയാന്‍ ശ്രമിക്കുകയാണിവിടെ. കാലഗണന ഒഴിവാക്കിയുള്ള ഒരു ചരിത്രം പറച്ചില്‍]

വേദങ്ങളാണ് മനുഷ്യസമൂഹത്തിന്റെ ആദ്യത്തെ സാഹിത്യം എന്നാണു കരുതപ്പെടുന്നത്. വേദങ്ങള്‍ പരമ്പരയാ അതീവശ്രദ്ധയോടെ ഗുരുമുഖത്തുനിന്നും കേട്ടുകേട്ടു പഠിച്ച് മനനം ചെയ്ത്, ബോധ്യപ്പെട്ട്, ‘വിവരം‘ എന്നത് ‘അറിവ് ‘എന്ന അവസ്ഥയിലേയ്ക്കെത്തണം... അതായിരുന്നു വിദ്യാഭ്യാസരീതി. വേദങ്ങള്‍ “ശ്രുതികള്‍” എന്നും അറിയപ്പെടുന്നു (കേട്ടുകേട്ട് കിട്ടുന്നത്! എന്നു പറയാം അല്ലേ?)വേദകാലത്തുതന്നെ ഋഷിമാരും മറ്റും ഭാഷയുടെ കാര്യത്തില്‍ ദത്തശ്രദ്ധരായിരുന്നു. ഋക് പ്രാതിശാഖ്യം, വാജസനേയപ്രാതിശാഖ്യം തുടങ്ങിയവ ‘ശിക്ഷ’ എന്ന ഉച്ചാരണശാസ്ത്രത്തിന് അടിത്തറപാകി. നിരുക്തകാരനായ യാസ്കാചാര്യര്‍ പദങ്ങളെ വേര്‍തിരിച്ച്, അടുക്കി ‘നിഘണ്ടു” തയ്യാറാക്കിയിരുന്നു. ഭാരതത്തില്‍ വ്യാകരണക്കാര്‍ മാത്രമായിരുന്നില്ല ഭാഷയെക്കുറിച്ചു പഠിച്ചത്. മീമാംസകരും നൈയായികരും ഒക്കെ ഭാഷയുടെ പ്രത്യേകതകളെ കൂലംകഷമായി അപഗ്രഥിച്ചിരുന്നു. സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പല സിദ്ധാന്തങ്ങളും കണ്ടെത്തി ആവിഷ്കരിച്ചിട്ടുണ്ട്.

ആശയവിനിമയത്തിനുള്ള ഒരു ഉപാധി(ടൂള്‍) മാത്രമല്ല ഭാഷ. ആശയവിനിമയം ഭാഷയുടെ ഒരു ഭാവം മാത്രമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. ഭാഷണഭാഷയെ നിരീക്ഷിച്ചതില്‍നിന്നും വാക്യമാണ് ഭാഷയുടെ അടിസ്ഥാന ഘടകം എന്നു മനസ്സിലാക്കി. വാക്യത്തെ അപഗ്രഥിച്ച് “നാമങ്ങള്‍, ക്രിയകള്‍ എന്നു പദങ്ങളെ വേര്‍തിരിക്കാമെന്നു കണ്ടെത്തി. ഒരു വാക്യത്തില്‍ ക്രിയയാണേറ്റവും പ്രധാനമെന്നും (വാക്യത്തെ പൂര്‍ണ്ണമാക്കാന്‍ ക്രിയ കൂടിയേ തീരൂ എന്ന അര്‍ഥത്തില്‍) ക്രിയയോടു പൊരുത്തപ്പെടുന്ന തരത്തില്‍ നാമപദങ്ങള്‍ക്കു മാറ്റം വരുന്നുണ്ടെന്നും നിരീക്ഷിച്ചു. കാരകങ്ങളെയും അവയ്ക്കനുസൃതമായി വിഭക്തികളേയും കണ്ടെത്തി, പദത്തെ ധാതുവും പ്രത്യയവും എന്നു രണ്ടാക്കിപ്പിരിക്കാമെന്നു കണ്ടു. ക്രിയാധാതുവിനോടു ചേര്‍ക്കുന്ന പ്രത്യയങ്ങള്‍ക്ക്‌ ‘കാലം,ഭാവം...തുടങ്ങിയ അര്‍ഥങ്ങള്‍ കല്‍പ്പിക്കപ്പെട്ടു, അങ്ങനെ അങ്ങനെ... ഈ അസംഖ്യം കാര്യങ്ങള്‍ മനസ്സില്‍ ഓര്‍മ്മിക്കാന്‍ പാകത്തില്‍ അടുക്കിയടുക്കി സൂത്രങ്ങളാക്കിവെച്ചു, വൈയാകരണന്മാര്‍. പാണിനിയ്ക്കുമുന്‍പ്, ശാകടായനവ്യാകരണം, സാരസ്വതവ്യാകരണം തുടങ്ങി എട്ടോ ഒമ്പതോ വ്യാകരണപദ്ധതികള്‍ ഉണ്ടായിരുന്നു. സ്ഫോടായനന്‍, ആപിശലി, ശാകല്യന്‍, ഗാലവന്‍, ഗാര്‍ഗ്യന്‍ തുടങ്ങി പത്തോളം വ്യാകരണാചാര്യന്മാര്‍ പാണിനിയ്ക്കുമുന്‍പേ ഉണ്ടായിരുന്ന വൈയാകരണന്മാരാണ്.

പാണിനി, എട്ടദ്ധ്യായങ്ങളിലായി നാലായിരത്തോളം സൂത്രങ്ങള്‍ കൊണ്ട് ഭാഷയിലെ അന്തര്‍ലീനങ്ങളായ സവിശേഷതകളെ അഷ്ടാധ്യായി എന്ന ഗ്രന്ഥത്തില്‍ സമഗ്രമായി പ്രതിപാദിച്ചു. അഷ്ടാധ്യായിയുടെ - പാണിനീയത്തിന്റെ- സൂക്ഷ്മതയും സമഗ്രതയും സൂത്രശൈലിയും അത്യന്തം ശ്ലാഘനീയമായതിനാല്‍ പാണിനീയവ്യാകരണപദ്ധതിയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഭാഷാപഗ്രഥനത്തില്‍ കാണിച്ച സമഗ്രതയും സൂക്ഷ്മതയും, പാണിനീയവ്യാകരണമാണ് സംസ്കൃതവ്യാകരണം എന്നു ഭാഷാകുതുകികള്‍ തീരുമാനിയ്ക്കാന്‍ സാഹചര്യമൊരുക്കി.

വ്യാഡിയുടെ ‘സംഗ്രഹം’ അഷ്ടാധ്യായിയ്ക്കുള്ള വിശദമായ ഒരു വ്യാഖ്യാനമായിരുന്നു. ലക്ഷത്തിലധികം ശ്ലോകങ്ങളടങ്ങുന്ന ‘സംഗ്രഹ‘ത്തില്‍ ഭാഷയുടെ തത്വശാസ്ത്രങ്ങളെപ്പറ്റിയും വിസ്തരിച്ചു പ്രതിപാദിയ്ക്കുന്നുണ്ടത്രേ. എന്നാല്‍ ഈ കൃതി ഇപ്പോള്‍ ലഭ്യമല്ല. പാണിനിയ്ക്കുശേഷം കാത്യായനന്‍(വരരുചി എന്നു പേരു പറയാറുണ്ട്) വാര്‍ത്തികമെഴുതി. പാണിനി പറഞ്ഞ ചില കാര്യങ്ങളില്‍ പൂര്‍ണ്ണതപോരാ എന്നു തോന്നിയ ഇടങ്ങളില്‍ പൂര്‍ണ്ണതവരുത്താനുള്ള ശ്രമമായിരുന്നു, കാത്യായനന്റേത്. പാണിനിയ്ക്കു ശേഷം ഭാഷാപ്രയോഗത്തില്‍ വന്ന മാറ്റങ്ങളും കാത്യായനന്‍ കണക്കിലെടുത്ത് ഉള്‍ക്കൊള്ളിച്ചതാവാനും സാധ്യതയുണ്ട്. പതഞ്ജലിയാണ് ഈ നിരയിലെ അടുത്ത മഹാശയന്‍. മഹാഭാഷ്യം എന്ന കൃതിയിലൂടെ പാണിനിയുടെ സൂത്രങ്ങളേയും ഭാഷയുടെ പ്രത്യേകതകളേയും ഒരുചര്‍ച്ചയുടെ രൂപത്തില്‍ ലളിതമായ ഭാഷയിലൂടെ ഊട്ടിയുറപ്പിക്കുകയാണ് പതഞ്ജലി ചെയ്തത്.

പാണിനി (സൂത്രകാരന്‍); കാത്യായനന്‍(വാര്‍ത്തികകാരന്‍); പതഞ്ജലി(ഭാഷ്യകാരന്‍) ഇവര്‍ വ്യാകരണശാസ്ത്രത്തില്‍ “മുനിത്രയം” എന്നറിയപ്പെടുന്നു.

മഹാഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി, ഭര്‍തൃഹരി, കൈയടന്‍ , നാഗേശഭട്ടന്‍ തുടങ്ങിയവര്‍ വ്യാഖ്യാനങ്ങള്‍ രചിച്ചു. ചില ഭാഷാസങ്കേതങ്ങളെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ വ്യാഖ്യാനങ്ങള്‍ വഴിതുറന്നു.

അഷ്ടാധ്യായിയെ വ്യാഖ്യാനിച്ചവരില്‍ ഇനിയുള്ള പ്രമുഖര്‍ ജയാദിത്യ വാമനന്മാരാണ്. “കാശികാ” എന്നാണ് അവര്‍ രണ്ടുപേരും ചേര്‍ന്നെഴുതിയ കൃതി. ഈ കാശികയെ ഒന്നുകൂടി പ്രകാശിപ്പിച്ചുകൊണ്ട്, രാമചന്ദ്രാചാര്യര്‍ ‘പ്രക്രിയാകൌമുദി’ രചിച്ചു. കാശികയിലെ അപാകതകള്‍ തീര്‍ത്ത് പരിഷ്കരിക്കാനായി ഭട്ടോജി ദീക്ഷിതര്‍ “വൈയാകരണസിദ്ധാന്തകൌമുദി” രചിച്ചു. ഇതാണ് ഇപ്പോള്‍ വ്യാകരണം പഠിക്കുന്നവര്‍ പ്രാഥമികമായി പഠിക്കുന്നത്. വൈയാകരണസിദ്ധാന്തകൌമുദിയുടെ വ്യാഖ്യാനമാണ് , വാസുദേവദീക്ഷിതരുടെ “ബാലമനോരമാ”.

[ഇതൊരു ഉപരിപ്ലവമായ എത്തിനോട്ടമേ ആകുന്നുള്ളൂ.]

**************************************************

ഞാന്‍ പ്രതീക്ഷിയ്ക്കുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും-

1. വ്യാകരണം ആണോ ആദ്യം ഉണ്ടായത്? വ്യാകരണത്തില്‍നിന്നല്ലേ ഭാഷയുണ്ടായത്?
അല്ല. നിലവിലുള്ള ഭാഷയെ നിരന്തരം നിരീക്ഷിച്ച് ഭാഷാപ്രയോഗങ്ങള്‍ക്കു പിന്നിലെ നിയമങ്ങള്‍ കണ്ടെത്തിയ ഭാഷാകുതുകികള്‍, ഇനിവരുന്നവര്‍ക്കു ഭാഷാപഠനം എളുപ്പമാക്കാനും ഭാഷയ്ക്ക് കാലംചെല്ലുന്തോറും അപചയം നേരിടാതിരിക്കാനും വേണ്ടി ചിട്ടപ്പെടുത്തിക്രമീകരിയ്ക്കുന്നതാണ് വ്യാകരണം.

2. പാണിനിയുടെ കണിശമായ നിലപാടുകള്‍ കാരണം ഭാഷയുടെ പിന്നീടുള്ള വളര്‍ച്ച മുരടിച്ചുവോ?
പാണിനി അന്നു നിലവിലുള്ള ഭാഷയെ സമഗ്രമായിത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. മാറ്റങ്ങളെയും പ്രാദേശികഭേദങ്ങളേയും ഒക്കെ കുറേയൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനുവേണ്ടി, ഓപ്ഷണല്‍ നിയമങ്ങള്‍ അവിടവിടെ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, പ്ണ്ഡിതരായ ആചാര്യന്മാര്‍ (അറിവിനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍) പ്രയോഗിക്കുന്നവാക്കുകള്‍ സാധുവായിത്തന്നെ കണക്കാക്കണം, എഴുതിവെച്ച വ്യാകരണനിയമത്തെ അതിവര്‍ത്തിക്കുന്നുവെങ്കില്‍പ്പോലും, എന്നായിരുന്നു അന്നത്തെ നിലപാട്. പിന്നീടുള്ള കാലഘട്ടത്തില്‍ സംസ്കൃതജ്ഞര്‍ക്കു വളരെ നിര്‍ബന്ധമുണ്ടായിരുന്നു, പാണിനീയവ്യാകരണാനുസാരം തന്നെ വേണം ഭാഷാപ്രയോഗം എന്നത്. അതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിയ്ക്കാം. മറ്റുഭാഷകളുടെ കുത്തൊഴുക്കിലും, സംസ്കൃതത്തിന്റെ തനതുരൂപം നശിക്കാതിരുന്നതിന് ആ നിര്‍ബന്ധബുദ്ധി സഹായിച്ചു എന്നുവേണം കരുതാന്‍.3. പാണിനീയവ്യാകരണത്തെ അവലംബിച്ചു പില്‍ക്കാലവാര്‍ത്തികങ്ങളും ഭാഷ്യവുമല്ലാതെ പുതിയ ഒരു വ്യാകരണപദ്ധതി ഉണ്ടായിട്ടുണ്ടോ?ചന്ദ്രഗൌമിന്‍ എന്ന പണ്ഡിതന്‍ പാണിനീയത്തില്‍, താഴെപ്പറയുന്ന പരിഷ്കാരങ്ങള്‍ വരുത്തി, പുതിയ കെട്ടും മട്ടും കൊടുക്കാന്‍-൧. വൈദികസംസ്കൃതവുമായി ബന്ധപ്പെട്ട മുന്നൂറോളം സൂത്രങ്ങള്‍ എടുത്തുമാറ്റി.൨. കാത്യായനനും പതഞ്ജലിയും വ്യാഖ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ച ചില കാര്യങ്ങള്‍ കൂടി സൂത്രങ്ങളാക്കി കൂട്ടിച്ചേര്‍ത്തു.(ഇതു പക്ഷേ പാണിനീയത്തിന്റെ (അഷ്ടാധ്യായിയുടെ മാറ്റുകുറച്ചില്ല)

4. പാണിനിയില്‍നിന്നും സംസ്കൃതം പുരോഗമിയ്ക്കാത്തതെന്തുകൊണ്ട്?
പുരോഗമനം എന്നാല്‍ അഭിവൃദ്ധി എന്നാണു പൊതുവേ അര്‍ഥം ധരിക്കുക പതിവ്. ആദ്യം ഉണ്ടായതു പ്രിമിറ്റീവ് ആണെങ്കില്‍ കാലം കഴിയുന്തോറും അതു കൂടുതല്‍ വികസിക്കുകയോ അല്ലെങ്കില്‍ സാഹചര്യങ്ങളെ അതിവര്‍ത്തിക്കാനാവാതെ നശിക്കുകയോ ചെയ്യും. എന്നാല്‍ പാണിനിയുടെ വ്യാകരണപദ്ധതി സമഗ്രവും സൂക്ഷ്മവും സുഘടിതവുമാണ്. പൂര്‍ണ്ണമായതിനെ മനസ്സില്‍ കണ്ടുകൊണ്ടാണ് പാണിനി ഘടകങ്ങളെ നിരീക്ഷിക്കുന്നത് എന്നു വേണം പറയാന്‍.(ഒരു കവിതയോ കഥയോ എഴുതുമ്പോള്‍ എന്തോ ഒരാശയം മനസ്സിലുള്ളത്, പലപലവാക്കുകളിലൂടെ ഉരുത്തിരിഞ്ഞ് ഒരു കൃതിയായി രൂപപ്പെടുന്നില്ലേ? അതുപോലെ പൂര്‍ണ്ണതയുടെ പശ്ചാത്തലത്തിലാണ് ഘടകങ്ങള്‍ പ്രകാശിച്ചത്. അല്ലാതെ, ഒരാശയവുമില്ലാതെ, വെറുതേ കുറേ പദങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയ കവിതയോ കഥയോ അത്രത്തോളം നന്നാവാനിടയില്ല. പറഞ്ഞുവന്നത്, പാണിനിയുടെ വ്യാകരണം വാക്കുകളെ ഒറ്റയ്ക്കൊറ്റയ്ക്കല്ല വിശകലനം ചെയ്യുന്നത്, പൂര്‍ണ്ണമായ ഒന്നിന്റെ ഘടകം എന്ന നിലയ്ക്കാണ്. ആ ഹോളിസ്റ്റിക് അപ്പ്രോച് ആയിരിക്കാം അതിന്റെ മേന്മയ്ക്കു നിദാനം. (എന്റെ അഭിപ്രായമാണ്)

Wednesday, January 30, 2008

ഭാഷാ - വാക്കും വെളിച്ചവും.

വാക്കുകള്‍ വിളക്കുകളാണ്. കുറേയേറേ ദൂരത്തേയ്ക്കുവെളിച്ചം വീശുന്ന വാക്കുകളുണ്ട്. കണ്ണടച്ചിരുട്ടാക്കിയാലും കണ്ണിന്നു തിമിരം ബാധിച്ചാലും ആയിരംതിരിതെളിഞ്ഞുനില്‍ക്കുന്നവാക്കിനെ ചിലപ്പോള്‍ നാം മുനിഞ്ഞുകത്തുന്ന ഒറ്റത്തിരിവിളക്കായി തെറ്റിദ്ധരിയ്ക്കും. ആ ഇത്തിരിവെട്ടത്തില്‍ തിരിയ്ക്കടിയിലെ കരികാണാനേ നമുക്കാവൂ. ഒരു ഉദാഹരണം പറയാം-
ഭഗവാന്‍ എന്നവാക്കിന്, ‘ധനമുള്ളവന്‍ ധനവാന്‍ എന്നമട്ടില്‍ ‘ഭഗമുള്ളവന്‍ ഭഗവാന്‍‘ എന്നുപറയാം. ഇത്തിരിവെട്ടത്തില്‍ അത്രയേ നാം മനസ്സിലാക്കൂ. എന്നാല്‍ കൂടുതല്‍ അറിയണം എന്ന ആഗ്രഹത്തോടെ നന്നായി കണ്ണുതുറന്നു നോക്കിയാലോ, അപ്പോള്‍ കാണാം ആ വാക്കിന്റെ വ്യാപ്തി-

ഭഗഃ എന്നാല്‍ ഷഡ്ഗുണങ്ങള്‍, സൌഭാഗ്യം, സുഭഗത്വം തുടങ്ങിയ അര്‍ഥങ്ങളുമുണ്ട്. ഷഡ്ഗുണപരിപൂര്‍ണ്ണനെയാണ് ഭഗവാന്‍ എന്നു പറയുന്നത്. ഷഡ്ഗുണങ്ങള്‍ എന്നാല്‍ എന്താണ്?

  1. ഐശ്വര്യം, (‍ അഷ്ടൈശ്വര്യങ്ങളും പെടും)
  2. വീര്യം,
  3. യശസ്സ്,
  4. ശ്രീ,
  5. ജ്ഞാനം,
  6. വൈരാഗ്യം

ഈ ആറുഗുണങ്ങളും തികഞ്ഞവന്‍ ഭഗവാന്‍.

ഇപ്പറഞ്ഞ ആറും വിസ്തരിച്ചു മനസ്സിലാക്കേണ്ടവയാണ്. ഒറ്റൊറ്റ വാക്കുകൊണ്ട് അര്‍ഥമളക്കാന്‍ പറ്റില്ല.

പറഞ്ഞുവന്നതിതാണ്-
സ്വയം കണ്ണടച്ചിരുട്ടാക്കിയാലും കണ്ണിന്നു തിമിരം ബാധിച്ചാലും നഷ്ടം വെളിച്ചത്തിനല്ല, വിളക്കിനുമല്ല, നമുക്കുതന്നെയാണ്. വാക്കുകളുടെ കൂട്ടാളിയെന്നു കരുതപ്പെടുന്ന നിഘണ്ടുക്കള്‍ പലപ്പോഴും അവയിലെ സ്നേഹമൂറ്റി, വെളിച്ചം കെടുത്തി നിരത്തിക്കിടത്തി പ്രദര്‍ശിപ്പിക്കുകയാണു ചെയ്യുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചിറകുവിരുത്തി മാനം‌മുട്ടെപ്പറക്കാന്‍ കെല്‍പ്പുള്ള പക്ഷികളെ ചിറകുവെട്ടിയൊതുക്കി കൂട്ടിലടച്ചു പ്രദര്‍ശിപ്പിക്കുന്നതുകാണുമ്പോഴുള്ള ഒരു വീര്‍പ്പുമുട്ടല്‍ വാക്കുകള്‍ക്ക് നിഘണ്ടുക്കളില്‍ അനുഭവപ്പെടുന്നില്ലേ എന്നത് എന്റെ വേവലാതി. ചില വാക്കുകളെപ്പറ്റിയുള്ള ചിന്തകള്‍ ഇനിമുതല്‍ ഈ താളില്‍ പങ്കുവെയ്ക്കണം എന്നത് എന്റെ ഒരു മോഹം.

ആദ്യമായി ഭാഷാ എന്ന വാക്കുതന്നെയാവട്ടേ - ‘ഭാസിയ്ക്കുന്നതാണ്’ ഭാഷാ.

പ്രകാശിയ്ക്കുന്നതാണ് ഭാഷ. അതായത്, ഭാഷ ചുറ്റുമുള്ള പലതിനേയുംകാണിച്ചുതരുന്നു. ആശയവിനിമയത്തിനുമാത്രമല്ല, അറിവിനെ അറിവായി അറിയാനുംഭാഷ വേണം. അറിവിനെ മറ്റൊരാളുമായി പങ്കുവെയ്ക്കാനുംഭാഷവേണം. ആശയവിനിമയം എന്നത് ഭാഷയുടെ ഒരു പ്രയോജനം മാത്രമാണ്. പറയാനും/കേള്‍ക്കാനും എഴുതാനും/വായിക്കാനും ഉപകാരപ്പെടുന്നത്, ഭാഷയുടെ ഒരു ഭാവം മാത്രമാണ്. ചിന്തയ്ക്കും ആശയരൂപീകരണത്തിനും അനുഭവമുദ്രണത്തിനും ഭാഷാസങ്കേതത്തിന്റെ മറ്റൊരു തലം ഉള്ളില്‍ പ്രകാശിയ്ക്കുന്നുണ്ടെന്നുവേണംകരുതാന്‍.
ഒരു മനുഷ്യശിശു തന്റെ സ്വന്തം ചുറ്റുപാടുകളില്‍ നിന്നും നിരീക്ഷണങ്ങളിലൂടെ ഈ ജന്മസിദ്ധസങ്കേതത്തെ പുനരാവിഷ്കരിയ്ക്കുകയാണുചെയ്യുന്നത്. തികച്ചും സ്വാഭാവികമായ ചുറ്റുപാടില്‍, വളരേസാധാരണമായി നടക്കുന്നതാ‍ണല്ലോ ഈപ്രക്രിയ. ധനിയെന്നോ ദരിദ്രനെന്നോ അവര്‍ണ്ണനെന്നോ സവര്‍ണ്ണനെന്നോ കമ്മ്യൂണിസ്റ്റെന്നോ *ഊണിഷ്ടനെന്നോ ഒരുഭേദത്തിനും പ്രസക്തിയില്ലാതെ ഏതൊരുസാധാരണശിശുവും ആദ്യത്തെ രണ്ടുമൂന്നുകൊല്ലം കൊണ്ട് ഭാഷയുടെ പ്രാഥമികപാഠങ്ങള്‍ സ്വായത്തമാക്കുന്നുണ്ടല്ലോ. ഈ പറയുന്നതിനു തെളിവുവേണമെങ്കില്‍ എന്റെപക്കലില്ല. ഞാനുംചിന്തിച്ചുകൊണ്ടിരിയ്ക്കുന്നു. ആരും വിശ്വസിയ്ക്കണമെന്നു നിര്‍ബന്ധമില്ല. എന്നാലും എല്ലാവരും ഒന്നു ചിന്തിച്ചുനോക്കൂ, ആദ്യമേയുള്ള ഒരു അറിവിന്റെ ഭാഗമായല്ലേ നമുക്ക് പുതിയ അറിവുകള്‍ നേടാന്‍ കഴിയൂ? ഉള്ള ഒരറിവിലേയ്ക്ക് വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുംകുറയ്ക്കാനും അഴിച്ചുപണിയാനും ഒക്കെയല്ലേ പറ്റൂ? അല്ലാതെ ഒരടിസ്ഥാനവുമില്ലാതെ പുതിയൊരറിവ് നമ്മള്‍ സ്വായത്തമാക്കുന്നുണ്ടോ?

[ചിന്തിയ്ക്കുന്നവര്‍ ചിന്ത പങ്കുവെയ്ക്കണേ]

ആത്മചൈതന്യത്തിന്റെ പ്രതിഭാസമായി ‘ഭാഷാ’ എന്ന ഒരു അമൂര്‍ത്തസങ്കേതം എല്ലാവരിലും ഉണ്ട്. ആത്മാവിന്റെ ഭാഗമായതുകൊണ്ട് ഇതു ജന്മസിദ്ധമാണ്. ടോര്‍ച്ചിലെ ബള്‍ബിന്, പുറമേയുള്ള ഏതൊരുവസ്തുവിനേയും കാണിച്ചുതരാന്‍‌കഴിയുമെങ്കിലും, ആടോര്‍ച്ചിലെ ബാറ്ററിയെ കാണിച്ചുതരാങ്കഴിയാത്തതുപോലെ, ഭാഷയ്ക്ക് ഈ ലോകത്തെ കാണിച്ചുതരാന്‍ പറ്റും, ആത്മാവിനെഅറിയാന്‍ ഭാഷകൊണ്ടും സാ‍ധ്യമല്ല, ഭാഷാതീതമാ‍യ അവസ്ഥയിലേ ആത്മാനുഭൂതിയുണ്ടാവു (യതോ വാചോ നിവര്‍ത്തന്തേ....). മനസ്സിന്റേയും ബുദ്ധിയുടേയും അപ്പുറത്തെ തലങ്ങളിലേയ്ക്ക് വ്യാപരിയ്ക്കുമ്പോള്‍മാത്രം അറിയാറാകുന്ന ശുദ്ധബോധം ഭാഷാതീതമായ അവസ്ഥയിലായിരിയ്ക്കും. എന്നാല്‍ ‘ശരീരവും മനസ്സും ബുദ്ധിയും ചേര്‍ന്ന യൂണിറ്റിനെ ഒരു വ്യക്തിയായിക്കണക്കാക്കുന്ന സാധാരണക്കാരായ നമുക്കെല്ലാം ഭാഷകൂടാതെയുള്ള ഒരു വ്യവഹാരവുംസാധ്യമല്ല.

ശബ്ദം, വാക്ക്, ഭാഷാ എന്നീ വാക്കുകള്‍ സംസ്കൃത**ശബ്ദശാസ്ത്രത്തില്‍ ‘ലാങ്ഗ്വേജ്’ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്നുണ്ട്. ഈ ഭാഷാസങ്കേതത്തിന് ***നാലവസ്ഥകള്‍ ഉണ്ടത്രേ. ഒരു വക്താവിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, താഴെപ്പറയുന്ന ക്രമത്തിലാണ് വാക്ക് അവസ്ഥാന്തരം പ്രാപിക്കുന്നത്.
പരാ-മൂലാധാരത്തില്‍ ശബ്ദശക്തി കേന്ദ്രീകൃതമാവുമ്പോള്‍ ഉള്ള (ഭാഷയുടെ) അവസ്ഥ.
പശ്യന്തീ-നാഭിദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിയ്ക്കുമ്പോള്‍ തെളിയുന്ന (ഭാഷയുടെ അവസ്ഥ)
മധ്യമാ- അവനവനു മനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ തെളിയുന്ന (ഭാഷയുടെ) അവസ്ഥ
വൈഖരീ - പരശ്രവണഗോചരമായ ശബ്ദം - പറയാനും കേള്‍ക്കാനും സാധിയ്ക്കുന്ന (ഭാഷയുടെ) അവസ്ഥ
വക്താവിന്റെ മനസ്സില്‍ പറയാന്‍ ആഗ്രഹം ജനിയ്ക്കുമ്പോള്‍ത്തന്നെ മൂലാധാരത്തില്‍ നിന്നുമാണത്രേ പ്രാണവായു ശബ്ദശക്തിയായി ഒഴുകാന്‍ തുടങ്ങുന്നത്. നാഭീദേശം കടന്ന്, ഹൃദയപ്രദേശത്തെത്തുമ്പോള്‍ വക്താവിനുതന്നെ മനസ്സില്‍ ക്രമപ്പെട്ടുകിട്ടുന്ന വ്യക്തമായ ഭാഷാരൂപം, വൈകാതെതന്നെ കണ്ഠം മുതല്‍ ചുണ്ടുവരെയുള്ള വിവിധ ഉച്ചാരണസ്ഥാ‍നങ്ങളില്‍ പ്രാണന്‍ തട്ടിയും തടഞ്ഞും അന്യനുകേള്‍ക്കാവുന്നതരത്തില്‍ ഒച്ചയോടുകൂടിയുള്ള വൈഖരീ അവസ്ഥയെ പ്രാപിയ്ക്കുന്നു.
ശ്രോതാവിനെ അടിസ്ഥാനമാക്കി നോക്കിയാല്‍ വൈഖരീ, മധ്യമാ, പശ്യന്തീ, പരാ ഇതാണുക്രമം.
_____________________________________

*ഊണിഷ്ടന്‍ - ഊണ്‍് ഇഷ്ടമുള്ളവന്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിയ്ക്കുന്നു :)

** സംസ്കൃതശബ്ദശാസ്ത്രം - സംസ്കൃതഭാഷാശാസ്ത്രം - സംസ്കൃതത്തില്‍ വ്യാകരണശാഖയും നിരുക്തശാഖയും മാത്രമല്ല ഭാഷയുടെ പ്രത്യേകതകളെ കൈകാര്യം ചെയ്തിട്ടുള്ളത്. ന്യായ-വൈശേഷിക-മീമാംസാദി വിജ്ഞാനശാഖകളും കാവ്യശാസ്ത്രവും യോഗശാസ്ത്രവും ഒക്കെ ഭാഷയെപ്പറ്റി ഗഹനമായ ചിന്തകള്‍ അവതരിപ്പിയ്ക്കുന്നുണ്ട്. അവയെയെല്ലാം ചേര്‍ത്താണ് ഇവിടെ ശബ്ദശാസ്ത്രം എന്നു് ഉപയോഗിച്ചിട്ടുള്ളത്.

***പരാവാങ്‌മൂലചക്രസ്ഥാ

പശ്യന്തീ നാഭിസംസ്ഥിതാ

ഹൃദിസ്ഥാ മധ്യമാ ജ്ഞേയാ

വൈഖരീ കണ്ഠദേശഗാ

“മൂലാധാരാത് പ്രഥമമുദിതോ... “ എന്ന ശ്ലോകവും അറിയാവുന്നവര്‍ക്ക് ഇത്തരുണത്തില്‍ ഓര്‍മ്മിയ്ക്കാം.

Friday, January 18, 2008

ഒന്നെവിടെ?

ഒന്നും ഒന്നും രണ്ടാണോ

രണ്ടെന്നാല്‍ രണ്ടൊന്നല്ലേ

മൂന്നെന്നാല്‍ മൂന്നൊന്നാണേ

നാലില്‍ നാലായൊന്നുണ്ടേ

അഞ്ചില്‍ത്തഞ്ചും അഞ്ചിതളും

അഞ്ചൊന്നായ് ഞാന്‍ കാണുന്നൂ

ആറും നൂറും തൊണ്ണൂറും

തൊള്ളായിരവും കൊള്ളാലോ

കൊള്ളേണ്ടതുനാമൊന്നിനെയാ-

ണെന്നാലൊന്നും തള്ളേണ്ട

രണ്ടുണ്ടായാല്‍ കൊണ്ടാടാന്‍

രണ്ടായിരവും കണ്ടീടും

കാണാം പാടാം മാളോരേ

രണ്ടെന്നാല്‍ രണ്ടൊന്നാണേ.



[കണ്ണടച്ചാല്‍ പൂജ്യം, അല്ലല്ല ശൂന്യം ശൂന്യം എന്നാണീയിടെ. ഒന്നെവിടെ? കണ്ണുതുറന്നാല്‍ ആയിരവും പതിനായിരവും തൊള്ളായിരവും കലപില കൂട്ടുന്നു. വീണ്ടും കണ്ണടച്ചു. ഒന്നെവിടെപ്പോയി? ഒന്നു മൂളിനോക്കിയതാണ്, ഇപ്പോഴിവിടെയിരിയ്ക്കട്ടെ]

Thursday, January 03, 2008

പിതൃദേവോ ഭവ

അമ്മ നല്‍കുമൊരുമ്മ, അതാണെ-
ന്നോര്‍മ്മവച്ചനാള്‍ തൊട്ടു വിഭാതം.

ഉമ്മവച്ചെന്റെ കണ്ണുമിഴിപ്പി-
ച്ചമ്മ മെല്ലെമുഖമുയര്‍ത്തുമ്പോള്‍,
നെറ്റിയിലമ്മ തൊട്ട സിന്ദൂര-
പ്പൊട്ടെനിയ്ക്കു കണിയായിടുമ്പോള്‍,
പൊന്‍‌കണിയെന്റെയുള്ളിലും ചുറ്റും
കുങ്കുമപ്രകാശംവിതറുമ്പോള്‍,
കൈപിടിച്ചു തൊഴുവിച്ചെന്‍‌ ചിത്തം
കൂപ്പുകൈയ്യില്‍ നിറച്ചമ്മ ചൊല്ലും-

“നിന്‍‌മിഴിയ്ക്കു വെളിച്ചം പകരാന്‍
പൊന്‍‌കണിയൊരുക്കീടുവതാരോ
അപ്പരമപ്രകാശത്തെനിത്യം
കൂപ്പിടേണം, സവിത്രേ, നമസ്തേ!”

എഴുതിയത്, ശ്രീ പി. സി. മധുരാജ് (1992 ജൂണില്‍).
കൃതി: വഴിക്കുറിപ്പുകള്‍

Tuesday, September 25, 2007

ലക്ഷ്മണോപദേശം


സന്ദര്‍ഭം: ശ്രീരാമനെ യുവരാജാവായി വാഴിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ, പെട്ടെന്നുതന്നെ ശ്രീരാമനു പതിനാലുവര്‍ഷം കാട്ടില്‍പോകേണ്ടിവരുമെന്നും ഭരതനായിരിക്കും യുവരാജാവാകുന്നത് എന്നും അറിഞ്ഞ ലക്ഷ്മണന്‍ ക്രോധംകൊണ്ടു ജ്വലിയ്ക്കുന്നു. ദശരഥനേയും കൈകേയിയേയും മറ്റും അധിക്ഷേപിക്കുന്നു. രാമനോടു ദശരഥന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ലെന്നുവരെ ലക്ഷ്മണന്‍ പറയുന്നു. ക്രോധവും സങ്കടവും കൊണ്ടു വിറയ്ക്കുന്ന ലക്ഷ്മണനെ സമാശ്വസിപ്പിച്ചുകൊണ്ട്, ശ്രീരാമന്‍ പറയുന്ന വാക്കുകളാണ് ‘ലക്ഷ്മണോപദേശം’ എന്നറിയപ്പെടുന്നത്.

“വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
..
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
..
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
..“

എന്നിങ്ങനെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങുന്നു.

ഉണ്ണീ, ലക്ഷ്മണാ ഈ രാജ്യം, രാജാവ്, ദേഹം, ധനം എന്നതൊക്കെ ഒരിക്കല്‍ നശിയ്ക്കുന്നതല്ലേ? ഇതൊന്നും ശാശ്വതസത്യമല്ല. ഭോഗവസ്തുക്കളെല്ലാം ഏതുനിമിഷത്തിലും നശിച്ചുപോകുന്നതാണ്. ആയുസ്സും ഒടുങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. ഏതുപോലെയെന്നോ? തീയില്‍ ചുട്ടുപഴുപ്പിച്ച ലോഹത്തിനു മുകളില്‍ വീഴുന്ന വെള്ളത്തുള്ളിയുടെ അവസ്ഥപോലെ ക്ഷണികവും നശ്വരവുമാണ് ഈ മനുഷ്യജന്മം.

ഭോഗങ്ങള്‍ക്കുപിന്നാലെ പായുന്ന മനുഷ്യരുടെ നില ഏതുപോലെയാണെന്നറിയേണ്ടേ?

തന്റെ പകുതിഭാഗവും പാമ്പിന്റെ വായ്ക്കുള്ളില്‍ ആയിട്ടും മുന്നില്‍ പറന്നുപോകുന്ന ഈച്ചയെ തിന്നാന്‍ കൊതിയോടെ നാവു പുറത്തേയ്ക്കുനീട്ടുന്ന തവളയെപ്പോലെയാണ് മനുഷ്യരുടെ നില. നാം ഓരോരുത്തരും കാലമാകുന്ന പാമ്പിന്റെ വായില്‍ പെട്ടുകഴിഞ്ഞിട്ടും മരണത്തെപ്പറ്റിയോ ജീവിതത്തിന്റെ നശ്വരതെയെപ്പറ്റിയോ ആലോചിക്കാതെ ഭോഗങ്ങള്‍ക്കായി നാക്കും നോക്കും കാതും കൂര്‍പ്പിച്ചു പരക്കം പായുന്നു.

അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, പുത്രന്‍, മിത്രം, ബന്ധുജനങ്ങള്‍ ഇവരോടൊത്തുള്ള വാസവും സ്ഥിരമല്ല. യാത്രക്കാര്‍ വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്ക്കു യാത്രതുടരുന്നതുപോലെ മാത്രമാണ് ഈ ഭൂമിയിലെ ജീവിതവും. എല്ലാവര്‍ക്കും അവരവരുടെ യാത്ര തുടരേണ്ടതുണ്ട്. ധനവും സമ്പത്തും എത്രകരുതിവെച്ചാലും എന്നെന്നും നിലനില്‍ക്കുന്നതല്ല. എത്രയൊക്കെ സമ്പത്തുണ്ടായാലും ശക്തിയും ആരോഗ്യവും യൌവനവും നശിച്ചുകഴിഞ്ഞാല്‍ പിന്നെ സമ്പത്തുണ്ടായതുകൊണ്ടും കാര്യമില്ല.

ഇപ്പോള്‍ പകല്‍, ഇപ്പോള്‍ രാത്രി, ഇനിയും പകല്‍ വരും, രാത്രിവരും എന്നിങ്ങനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ചുടാത്ത മണ്‍കുടത്തില്‍ വെച്ച വെള്ളം പോലെ ആയുസ്സു ചോര്‍ന്നുകൊണ്ടേയിരിയ്ക്കുകയാണെന്നു ആരും ധരിയ്ക്കുന്നില്ല. വാര്‍ദ്ധക്യത്തില്‍ ജര, നര, വിവിധരോഗങ്ങള്‍ എന്നിവയാല്‍ ആക്രമിയ്ക്കപ്പെട്ട്, ശരീരം ചുങ്ങിച്ചുങ്ങിവരുമ്പോഴും മോഹങ്ങള്‍ക്കൊരു കുറവും വരുന്നില്ലെന്നുമാത്രമല്ല, ചീര്‍ത്തുവരികയാണുമോഹങ്ങള്‍. ദേഹാഭിമാനമാണ് മോഹങ്ങള്‍ക്കടിസ്ഥാനം.

ഞാന്‍ മഹാകേമനാണ്, പണ്ഡിതനാണ്, സുന്ദരനാണ്... ആഢ്യനാണ്... എന്നൊക്കെ ദേഹാഭിമാനത്തോടെ ഞെളിഞ്ഞിരിക്കുമ്പോള്‍... പെട്ടെന്നു മരണം സംഭവിച്ചാല്‍... എല്ലാം തീര്‍ന്നു... പിന്നെ അതേ ദേഹം വെന്തുവെണ്ണീറാവുകയോ വല്ല ജന്തുക്കളും ഭക്ഷിച്ചു കാഷ്ടിച്ചുപോവുകയോ ചെയ്തേക്കാം, അതുമല്ലെങ്കില്‍ മണ്ണില്‍ ദ്രവിച്ച് പുഴുവരിച്ചുപോകാം. അതുകൊണ്ട്, ദേഹാഭിമാനം തികച്ചും നിരര്‍ഥകമാണ്. ദേഹാഭിമാനത്തില്‍ നിന്നും മോചനം കിട്ടാനും ശാശ്വതാനന്ദസ്വരൂപമായ ആത്മാവാണ്- ചൈതന്യമാണ് താന്‍ എന്ന സ്വാതന്ത്ര്യത്തിലേയ്ക്കുണരാന്‍ ഏകാഗ്രതയോടെ നിരന്തരമായ പരിശ്രമം ചെയ്യണം. രാഗം ക്രോധം, മോഹം, മദം, മാത്സര്യം തുടങ്ങിയവ ഒരുവനെ അറിവില്‍നിന്നും അകറ്റിക്കൊണ്ടേയിരിയ്ക്കും. ക്രോധം എന്നത് അത്യന്തവിനാശകാരിയാണ്. ബുദ്ധിമാന്മാര്‍ ക്രോധത്തെ പരിത്യജിയ്ക്കണം. ശാന്തിയെ ഒരിയ്ക്കലും കൈവിടരുത്.

ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിയ്ക്കും പുറകില്‍ ശുദ്ധജ്യോതിസ്സായി, ആനന്ദമായി, എപ്പോഴുമെപ്പോഴും ഉള്ള ചൈതന്യത്തെ തിരിച്ചറിയൂ. ആ തിരിച്ചറിവില്‍ ഉറച്ചുനിന്നുകൊണ്ടുവേണം ഒട്ടും ഒട്ടലില്ലാതെ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കാന്‍. മനുഷ്യശരീരം കിട്ടിയാല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്കണം. പ്രാരബ്ദ്ധകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാതെ, ഒളിച്ചോടാന്‍ തരമില്ല. അതുകൊണ്ട്, ചെയ്യുന്ന കര്‍മ്മങ്ങള്‍ പരം പൊരുളില്‍ സമര്‍പ്പിച്ചുകൊണ്ട്, കളങ്കം ഏതുമില്ലാതെ ഫലത്തില്‍ ആശയില്ലാതെ ചെയ്യണം.

“ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാ‍നസത്തിങ്കല്‍ നിന്നാശു കളക നീ...

എന്നിങ്ങനെ ഉപസംഹരിയ്ക്കുന്നു ലക്ഷ്മണോപദേശം.

വെറും വാക്കുകളില്‍ കുടുങ്ങിപ്പോകാതെ, അര്‍ഥത്തെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചുറപ്പിയ്ക്കേണ്ടതാണ് മറ്റുപല ഭാഗങ്ങളുമെന്നപോലെ ലക്ഷ്മണോപദേശവും. "ഈ ദേഹമാണ് ഞാന്‍” എന്ന വിചാരമാണ് ഒരുപരിധിവരെ എല്ലാ ദുഃഖത്തിനും കാരണം. ഓരോരുത്തനും അവനവന്റെ ദേഹത്തിനുള്ളില്‍ കുടികൊള്ളുന്ന ചൈതന്യമാണ് താന്‍ എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. ആ അറിവ്‌ എന്നുണ്ടാകുന്നുവോ അന്നു മുതല്‍ പരമാനന്ദം അവനനുഭവിക്കാം. മരണഭയത്തിനും അവകാശമുണ്ടാവില്ല. ഈ തത്വം തന്നെയാണ്‌ പല തരത്തിലും (ഉപമകളില്‍ക്കൂടിയും കഥകളില്‍ക്കൂടിയും) ഒക്കെ ഋഷിമാര്‍ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. എഴുത്തച്ഛന്റെ രാമായണം ഈ പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുവിട്ടുപഠിപ്പിക്കുന്നുണ്ട്.

Monday, September 17, 2007

കൊഴിയുന്നു, തളിര്‍ക്കാനായി?


ഇലകള്‍, വിടര്‍ന്നുവിരിഞ്ഞാകാശം നോക്കി നില്ക്കുന്നു.
ഇലകള്‍, കണ്ണുകഴച്ച്, ഞരമ്പുകള്‍ കുഴഞ്ഞ്, നിന്ന നില്‍പ്പില്‍ കൊഴിയുന്നു...
ഇലകള്‍, കരിഞ്ഞ്, അലിഞ്ഞ്, മണ്ണോടുചേരുന്നു...
ഇലകള്‍, മണ്ണിലെ രസമായ്, സത്തായ്, ജീവകമായ് മരത്തിലേയ്ക്കുതന്നെ...
തളിരായ, ഇലയായ്, പൂവായ്, വിത്തായ്....
തുടരുന്നു...

Thursday, August 23, 2007

ഞാന്‍ നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാം

ജ്യോതീ നിനക്കു സംസ്കൃതം ശരിയ്ക്കറിയുമോ?
ചോദ്യം ഞാന്‍ കേട്ടില്ലെന്നു നടിച്ചു.

പക്ഷേ വേറേ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ കലപിലകൂട്ടാന്‍ തുടങ്ങി-
മലയാളം എനിയ്ക്കു ശരിയ്ക്കറിയുമോ?
പിന്നറിയാതെ! എന്നു പറയാനൊരുമ്പെട്ടു- വരട്ടെ- ഒന്നാലോചിച്ചുപറയാം.

ആട്ടെ- “കളിയ്ക്കുക” ഈ വാക്കിന്റെ അര്‍ഥം എന്താണ്?
ഹാവു, ഇത്രേള്ളൂ, കളിക്കുക എന്നുവെച്ചാല്‍ കളിക്കുക. എന്നുവെച്ചാല്‍ ‘റ്റു പ്ലേ’
മലയാളം ചോദിക്കുമ്പോള്‍ ഇംഗ്ലീഷുപറഞ്ഞാല്‍ പോരല്ലോ. കളിക്കുക എന്ന വാക്കിന്റെ മലയാളവിശദീകരണം-

ഉദാഹരണത്തിന്... ഒരാള്‍ ഒരു പന്തെടുത്ത്, കുറച്ചുദൂരെ ഒരു വടിനിലത്തുകുത്തിപ്പിടിച്ചുകൊണ്ട് മറ്റു മൂന്നുവടികളെ സംരക്ഷിച്ചുനില്‍ക്കുന്ന ഒരുവനെ ലക്ഷ്യമാക്കി എറിയുകയും, ആ പന്ത് അടുത്തെത്തുമ്പോള്‍ കുറ്റികളെ സംരക്ഷിച്ചുകൊണ്ടെന്നപോലെ നിന്നയാള്‍ പന്തിനെ വീശിയടിക്കുകയും ആ അടികൊണ്ടു തെറിക്കുന്ന പന്തിന്റെ പിന്നാലെ മറ്റുചിലര്‍ ഓടുകയും ......ഇതൊക്കെ കണ്ടാല്‍ അവര്‍ ‘കളിയ്ക്കുക’ ആണെന്നുമനസ്സിലാക്കണം.

അതു ക്രിക്കറ്റു കളിയാണെങ്കിലല്ലേ? വെറുതേ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം എന്താ?
ഒരു കുഞ്ഞ് ഒരു പാവക്കുട്ടിയെ എടുത്ത് അതിനോടു കൊഞ്ചിക്കൊഞ്ചി... “നോഡി..കരയണ്ടാട്ടോ...നൂഡിത്സ് ഇപ്പൊ തരാലോ...” എന്നുപറഞ്ഞ്‌ നൂഡിത്സ് വിളമ്പിയഭിനയിക്കുന്നതുകണ്ടാല്‍ ആ കുഞ്ഞും ‘കളിയ്ക്കുക’ ആണെന്നുപറയാം.

അപ്പൊ പന്തെറിയലും അടിച്ചുതെറിപ്പിക്കലും മാത്രമല്ല ‘കളിയ്ക്കുക’ എന്നുപറഞ്ഞാല്‍.
അതായത്, ലോകത്ത് എത്രതരം കളികളുണ്ടോ അതൊക്കെ എങ്ങനെ ഏതെല്ലാം ക്രിയകളിലൂടെ നടക്കുന്നു...അതൊക്കെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥമാണ്. പക്ഷേ ലോകത്തെ എല്ലാ കളികളും എനിയ്ക്കറിയില്ല. എന്നാലും ‘കളിയ്ക്കുക’ എന്നുപറാഞ്ഞാല്‍ എനിയ്ക്കറിയാം.

എന്നാല്‍ പറയൂ... അതുതന്നെയാണല്ലോ ചോദിച്ചുകൊണ്ടിരുന്നത്- വെറുതേ രസത്തിനുവേണ്ടി വിനോദത്തിനുവേണ്ടി ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നു നടത്തുന്ന ചില നിയമങ്ങള്‍ അനുസരിച്ചുനടക്കുന്ന ഒരു ഏര്‍പ്പാടിനെ ‘കളിയ്ക്കുക’ എന്നവാക്കുകൊണ്ട് സൂചിപ്പിക്കാം.
അപ്പോള്‍ കളിയ്ക്കിടെ വഴക്കും വക്കാണവും ഉണ്ടായാല്‍ അതിനെ കളി എന്നു പിന്നെ വിളിക്കാന്‍ പാടില്ലെന്നുവരില്ലേ? എല്ലാവരും വിനോദത്തിനുവേണ്ടിമാത്രമല്ല കളിയ്ക്കുന്നത്. അപ്പൊ പിന്നെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം?

ഇനിയും ഒരു പന്ത്രണ്ടുത്തരവും കൂടി തലയില്‍ ക്യൂ നില്‍ക്കുന്നു...നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാന്‍ ഇത്രയും പോരേ?





Sunday, August 19, 2007

വൈഖരീ

കൂട്ടരേ

സധൈര്യം ഒരു പുതിയബ്ലോഗ് തുടങ്ങുകയാണ്. വൈഖരീ എന്നു പേരിട്ടു. സംസ്കൃതത്തില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ ഇനിമുതല്‍ വൈഖരിയിലൂടെ പ്രകാശിപ്പിക്കാം എന്നു കരുതുന്നു. ഇതൊരു അറിയിപ്പുമാത്രമാണ്. താല്പര്യമുള്ളവര്‍ വായിക്കുമല്ലോ. ലിങ്ക്


ദൃശ്യദൃശ്യ എന്ന ബ്ലോഗറെ നന്ദിയോടെ അനുസ്മരിക്കുന്നു, ഒരു കമന്റുവഴി സംസ്കൃതബ്ലോഗു തുടങ്ങാന്‍ ഉല്പ്രേരകമായതിന്.
ഇതാണു ലിങ്ക് http://vykharee.blogspot.com

Saturday, June 30, 2007

ശ്യാമരാഗിണി MP3

വാഗ്‌ജ്യോതിയുടെ ഒന്നാം പിറന്നാള്‍ പ്രമാണിച്ച്‌ ഒരു പുതിയ സംരംഭം.


Get this widget Share Track details

Monday, June 11, 2007

ത്രിശങ്കുവീക്ഷണം -ആമുഖങ്ങള്‍ക്കു പിന്നില്‍

ആമുഖം 1: ഇതൊരു കഥയോ കാവ്യസൃഷ്ടിയോ അല്ല. ‘ഈ ത്രിശങ്കു‘, നിന്നിടത്തും നിന്നും ഒന്നു ചാടി ആ ഉയരത്തില്‍നിന്ന് നോക്കിയപ്പോള്‍ ഉണ്ടായ ഇണ്ടലുകള്‍ ആണ്...

ആമുഖം 2: കെവിന്‍ സിജിയുടെ ‘ദിനപത്രം’ ഈയടുത്ത ദിവസമാണ് ഞാന്‍ കണ്ടത്. നല്ലൊരു പരിപാടിയായി തോന്നുകയും ചെയ്തു. ഇത്തരം സംരംഭങ്ങള്‍ വേറേയും ചിലതുണ്ടെന്നു തോന്നുന്നു, എനിയ്ക്കു മുഴുവന്‍ മനസ്സിലായില്ല. ഇതേക്കുറിച്ച്‌ ചില സംശയങ്ങള്‍ ഉണ്ട്. സമയവും സൌകര്യവുമുള്ള ആരെങ്കിലും പറഞ്ഞുതന്നാല്‍ ഉപകാരമായിരിക്കും. ഈ ചര്‍ച്ചകള്‍ മറ്റൊരിടത്തു നടന്നിട്ടുണ്ടെങ്കില്‍ ലിങ്ക് തന്നാലും മതി. പടിപടിയായി ഞാന്‍ പഠിച്ചോളാം:)

ആമുഖം 3: ‘ഈ ത്രിശങ്കു‘വിനെ പരിചയപ്പെടുത്താം-

ഈ ത്രിശങ്കു ഒരു ബ്ലോഗറാണ്. ബൂലോഗം എന്താണെന്നു വ്യക്തമായ ഒരു ധാരണയുമില്ല. ഓരോ കണ്ണില്‍ക്കൂടി നോക്കുമ്പോഴും ഓരോ കാഴ്ചയാണ് കിട്ടുന്നതത്രേ. (മൂന്നു കണ്ണുകള്‍ ഉണ്ടോ എന്നറിയില്ല, സമവീക്ഷണം (balanced vision) ഏതായാലും ഇല്ല. ഓരോ നോട്ടത്തിലും അതാതു തട്ടു താഴ്ന്നുകൊണ്ടിരിക്കുന്നു, എന്നാണ് ത്രിശങ്കു പറയുന്നത്. താന്‍ ചവിട്ടിനിന്നിരുന്ന മണ്ണ് കാലിനടിയിലില്ലെന്നും... ചുറ്റും ആരുമില്ലെന്നും മനസ്സിലാവുന്നു,... അങ്ങുദൂരെ...പകലോന്റെ വരവറിയിച്ചുകൊണ്ട് ‘ദിനപത്രം’ എന്നൊരു കുഞ്ഞുനക്ഷത്രം കണ്ടു. നല്ല കൌതുകം തോന്നി. ദുസ്വപ്നത്തില്‍ നിന്നും ഉണര്‍ത്താനുള്ള ഉദയനക്ഷത്രമാണോ അതോ കട്ടന്‍‌ചായപ്പത്രമാണോ... ? ത്രാസിന്റെ തട്ടുകള്‍ വീണ്ടും ചാഞ്ചാടുന്നു...


ത്രിശങ്കുവിന്റെ ദൃഷ്ടിദോഷം കീമാന്‍ അഞ്ജലിയോടെ വരമൊഴിയില്‍ ആക്കിയത്, താഴെ വായിക്കാം--


1. ‘ദിനപത്രം’ പോലെ യുള്ളവയില്‍ എന്റെ രചന വരുന്നത് ഞാന്‍ എങ്ങിനെ കാണണം? “ഹായ്, എന്റെ ലേഖനത്തിനു ഒരു പരസ്യം കിട്ടി, നാലാളു കൂടുതല്‍ കാണും” എന്ന രീതിയിലോ അതോ, “ എന്റെ രചന എന്നോടു പറയാതെ ഇവിടേയും ഇട്ടല്ലോ. ഇനി എന്റെ ബ്ലോഗില്‍ വരാതെ ദിനപത്രം മാത്രം വായിച്ചാലും മതിയാവുമല്ലോ (അതുകൊണ്ട് ദോഷം ഉണ്ടെന്നല്ല) എന്നോ?


2. ബൂലോഗത്തുവരുന്ന എല്ലാ രചനകളും എഡിറ്റ് ചെയ്ത്, ലിസ്റ്റ് ചെയ്യുന്നുണ്ടോ? അതോ സംരംഭകര്‍, അവര്‍ക്ക്, “കൊള്ളാം” എന്നു തോന്നുന്ന രചനകള്‍ ലിസ്റ്റ് ചെയ്യുകയാണോ?


3. ഓരോ രചനയും വായിച്ച്‌ സെലെക്റ്റ് ചെയ്യുമോ അതോ ഇതിനോടകം ‘കൊള്ളാം’ എന്നു തോന്നിയ ബ്ലോഗുകള്‍ നോട്ട് ചെയ്ത്, അവയില്‍‍ വരുന്നതെല്ലാം ലിസ്റ്റ് ചെയ്യുമോ?

4. നല്ലവായന സാധ്യമാവണം എന്നതല്ലേ ഇതിന്റെ ലക്ഷ്യം. എഴുത്തുകളരി എന്ന സങ്കല്‍പ്പത്തേക്കാള്‍ വായനശാല എന്ന സങ്കല്‍പ്പമാണോ ഇതിലൂടെ സാക്ഷാല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നത്?

5. ഏതായാലും ‘വായില്‍തോന്നിയത് വെറുതേ കുത്തിക്കുറിക്കുന്നത്’ ബ്ലോഗെഴുത്തുകാര്‍ നിര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ പ്രചോദനമാവട്ടെ. എന്തും എഴുതേണ്ടവര്‍ക്ക് എഴുതാം, പക്ഷേ അതിനൊക്കെ ഒരേപോലെ സ്ഥാനവും മാനവും ‘വെട്ടത്തിരിപ്പും (വിസിബിലിറ്റി) കിട്ടണമെന്ന് ബ്ലോഗെഴുത്തുകാര്‍ ആഗ്രഹിക്കരുത്. ഇങ്ങനെ ഒരു പാഠം ഞാന്‍ പഠിയ്ക്കട്ടെ? അപപാഠമാവുമോ?


കെവിന്‍-സിജി :) ‘ദിനപത്രത്തെ’ ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളു. എനിയ്ക്കിഷ്ടമായി അത്. ഇതില്‍ ആരോപണങ്ങള്‍ ഒന്നുമില്ല :) സംശയം തീര്‍ക്കുക എന്നതു ആരുടേയും ബാധ്യതയും ആവില്ല.

ശ്രദ്ധേയം: ‘ദിനപത്ര’ത്തെപ്പറ്റി ദുരുദ്ദേശ്യത്തോടേയുള്ള കമന്റുകള്‍ വന്നാല്‍ ഡിലീറ്റ് ചെയ്യും. പോര്‍ട്ടല്‍/ഫീഡര്‍... ഈ പദങ്ങളൊന്നും ഞാന്‍ വായിച്ചു പഠിച്ചുകഴിഞ്ഞിട്ടില്ല, അതുകൊണ്ട്, ഏതു പദം ഉപയോഗിക്കണമെന്നറിയാത്തതിനാല്‍ ‘ബ്ലോഗുകൃതിസൂചിക- ആവലി’ എന്നൊക്കെയുള്ളതിന് ഒരു ഉദാഹരണമായി, ‘ദിനപത്രം’ എന്നുപയോഗിച്ചതാണ്. ലക്ഷ്യം - അതിനെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുക എന്നതുമാത്രം.

Thursday, May 31, 2007

പാവം വിധി!

‘ഉദ്ധരേദാത്മനാത്മാനം’ എന്ന പോസ്റ്റിന്റെ തുടര്‍ച്ച...

“എന്റെ വിധി! അല്ലാതെന്താ പറയാ” എന്ന്‌ ഒരിയ്ക്കലെങ്കിലും വിധിയെ പഴിയ്ക്കാത്തവരുണ്ടാവില്ല. സാധാരണയായി എന്തെങ്കിലും ദുരനുഭവമുണ്ടാകുമ്പോഴാണ് ആളുകള്‍ വിധിയെ ഓര്‍ക്കുന്നതു തന്നെ. നമുക്കെന്തെങ്കിലും നേട്ടം ഉണ്ടായാല്‍, ‘അമ്പട ഞാനേ, ഞാനെന്തൊരു കേമന്‍” എന്ന്‌ കിട്ടിയ നേട്ടത്തെ തലയില്‍ ഏറ്റിപ്പിടിക്കാന്‍ നമുക്കൊരു വിഷമവുമില്ല.

അപ്പോള്‍ എന്തിനെയാണ് നമ്മള്‍ വിധി എന്നു വിളിക്കുന്നത്?

നമ്മളെ പലപല അനുഭവങ്ങളിലൂടെ തള്ളിവിടുന്ന ഒരു ‘ശക്തിവിശേഷം’ - അഥവാ, ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത - കണ്ണില്‍ച്ചോരയില്ലാത്ത - ഏകാധിപതി... എന്നൊക്കെയാണ് പൊതുവെ വിധിയെ കുറിച്ചു (‘കണ്ണുതുറക്കാത്ത ദൈവം‘ എന്നൊക്കെ കരുതുന്നതുപോലെ) സങ്കല്‍പ്പിക്കുന്നത്.

അനുഭവങ്ങള്‍ ചീത്തയാവുമ്പോള്‍ - ഇഷ്ടമല്ലാത്തതാവുമ്പോള്‍ ആ ചീത്തത്തവും അനിഷ്ടവും നാം വിധിയില്‍ ആരോപിക്കുന്നു, വിധിയെ പഴിയ്ക്കുന്നു. എന്നാല്‍ അപ്പോഴെങ്കിലും നാം തയാറാവുന്നുണ്ടോ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍?

ജീവിതം ഒരു കൊട്ടാരമാണെങ്കില്‍ നമ്മുടെ ഓരോ അനുഭവവും അതുണ്ടാക്കാനുള്ള ഇഷ്ടികകളാണ്. അനുഭവങ്ങള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതം എന്നു പറയുന്നത്. എന്താണ് ‘അനുഭവം’? ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം ആണ് ‘അനുഭവം‘.

ഏതൊരു കര്‍മ്മത്തിനും അതിന്റേതായ ഫലം ഉണ്ട്. അത്‌ അനുഭവിച്ചേ തീരൂ. കര്‍മ്മം ചെയ്യുന്നവന്, അതു നല്ലതായാലും ചീത്തയായാലും അതിന്റെ ഫലം അനുഭവിയ്ക്കണം. *ഇന്നു നാം അനുഭവിയ്ക്കുന്നത്‌ *ഇന്നലെ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ്. അതുപോലെ ഇന്നത്തെ കര്‍മ്മം അനുസരിച്ചാവണമല്ലോ നാളത്തെ അനുഭവം എന്നതു സാമാന്യയുക്തി.

‘ഞാന്‍ ഇതുവരെ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തില്ലല്ലോ, എന്നിട്ടും എനിയ്കെന്താണിങ്ങനെ?’ എന്നു നാം ചിലപ്പോഴെങ്കിലും വേവലാതിപ്പെടാറില്ലേ? നാം ചെയ്തതിന്റെ ഫലം തന്നെയാണ് നാം ഇന്നനുഭവിയ്ക്കുന്നത്. ‍ പയറിന്റെ വിത്ത്, മണ്ണിലിട്ടാല്‍ പെട്ടെന്നു മുളയ്ക്കുന്നതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം പെട്ടെന്നു തന്നെ അനുഭവിയ്ക്കാറാവും. എന്നാല്‍ ചില വൃക്ഷങ്ങളുടെ വിത്തുകള്‍ കുറേക്കാലം മണ്ണില്‍ക്കിടന്നാലേ മുളച്ചുപുറത്തുവരൂ, അതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം കുറേ കാലം കഴിഞ്ഞാലേ അനുഭവിക്കാറാകൂ. അതുകൊണ്ട്, നമ്മുടെ ഓര്‍മ്മയില്‍ നിന്നും നിശ്ശേഷം മാഞ്ഞുപോയ വല്ല കര്‍മ്മത്തിന്റേയും ഫലവും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാകും. അനുഭവിയ്ക്കുന്നതെല്ലാം അവനവന്‍ അര്‍ഹിയ്ക്കുന്നതുതന്നെ. ഇതംഗീകരിച്ചാല്‍ നമുക്കു ചുറ്റുപാടുകളെ കുറ്റം പറഞ്ഞു കാലം കഴിക്കേണ്ടിവരില്ല.

വരുന്നതെല്ലാം അതേപടി അംഗീകരിച്ച്‌ നിഷ്ക്രിയനായി അടങ്ങിയിരിയ്ക്കണമെന്നല്ല, ഇതിന്റെ അര്‍ഥം. കഴിഞ്ഞകാലത്തിന്റെ നിയന്ത്രണം നമുക്കില്ല. കഴിഞ്ഞുപോയ കര്‍മ്മങ്ങളെ തിരുത്താനും പറ്റില്ല. കഴിഞ്ഞതുകഴിഞ്ഞു. അതിന്റെ ഫലം അനുഭവിയ്ക്കാന്‍ തയ്യാറാവണം (തയ്യാറായില്ലെങ്കിലും അനുഭവിക്കണം). വരാനുള്ള കാലത്തിന്റെ നിയന്ത്രണവും നമ്മുടെ കയ്യിലല്ല. കാലം കുതിച്ചുപാഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ഭാവി ...പാഞ്ഞെത്തി...ദാ..ന്നു പറയുമ്പോഴേയ്ക്കും ഭൂതമാവുന്നു.

ഭൂതത്തിനേയും ഭാവിയേയും ഒന്നും ചെയ്യാന്‍ നമുക്കുപറ്റില്ല. “ദാ” എന്നു പറയുന്ന ‘വര്‍ത്തമാനം’ മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. ചിന്താശക്തിയും വിവേകവുമുള്ള മനുഷ്യന്‍ ബുദ്ധിപൂര്‍വം തീരുമാനിയ്ക്കണം വര്‍ത്തമാനത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന്‌. പ്രാകൃതികവാസനകള്‍(instinct) ക്കനുസരിച്ചുമാത്രം ജീവിച്ചാല്‍ മതി എന്നത്‌ ബുദ്ധിപൂര്‍വമായ തീരുമാനമാണെന്നു തോന്നുന്നില്ല.

അതായത്, ഇന്നുചെയ്യേണ്ട കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ആലോചിച്ച്‌ ദൃഢനിശ്ചയത്തോടെ ആത്മസമര്‍പ്പണത്തോടെ ചെയ്യാന്‍ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ അതിന്റെ ഫലവും നന്നാവും. അതായത് , നാളെ/ഭാവിയില്‍ എന്തനുഭവിക്കണം എന്നത് ഒരു പരിധിവരെ ഇന്നു നാം എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.

ബുദ്ധിയും വിവേകവും ഉപയോഗിയ്ക്കുന്നവര്‍ക്ക്‍ സ്വന്തം വിധിയുടെ വിധികര്‍ത്താക്കളാകാം എന്നു ചുരുക്കം. എല്ലാ മനുഷ്യര്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള കഴിവുകളുണ്ട്. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ ജീവിക്കുക എന്നത് ഓരോരുത്തരും ചെയ്യേണ്ടതാണ് എന്നു പാഠം.

എത്രകഴിവുകളുണ്ടായിട്ടും നിരാശയോടേയും ആവലാതിയോടേയും ജീവിയ്ക്കുന്നത് പരിതാപകരമാണ്. നിരാശയും അതൃപ്തിയും ഉത്കണ്ഠയും നമ്മുടെ മനോവീര്യം കെടുത്തിക്കളയും. മനശ്ശക്തി കുറയുന്തോറും സാഹചര്യങ്ങളുടെ(ചുറ്റുപാടിന്റെ) സമ്മര്‍ദ്ദം കൂടിയതായി നമുക്കു തോന്നും. നാം വീണ്ടും ദുര്‍ബലരാവും.... നിസ്സഹായരായി സ്വയം വീഴാന്‍ തുടങ്ങും...
നാം തന്നെയാണ് നമ്മുടെ അനുഭവങ്ങളുടെ ഉത്തരവാദികള്‍ എന്നു ബോധ്യമായാല്‍ നാം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും, മറ്റുള്ളവരെ കുറ്റം പറയാതെ.

[മടിയന്മാരുടെ മടിമാറ്റാനും, വിധിയെ പേടിച്ചിരിക്കുന്നവരുടെ പേടി ഒട്ടൊന്നു കുറയ്ക്കാനും ഈ ചിന്ത സഹായിച്ചേയ്ക്കും. എന്നാല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിക്കുന്നവരും വിജയം ആഘോഷിയ്ക്കുന്നവരും ഒന്നുകൂടി ജാഗ്രത പുലര്‍ത്തണം, നേട്ടമെല്ലാം “ഞാനെന്ന വ്യക്തിയുടെ” മിടുക്കാണെന്ന്‌ കരുതി അഹംകാരം മൂത്ത്, അടിപതറിവീഴാന്‍ സാധ്യതയുണ്ട്. നേട്ടം വരുമ്പോള്‍ അതൊക്കെ ഈശ്വരാനുഗ്രഹം (ഈശ്വരവിശ്വാസമുണ്ടെങ്കില്‍) എന്നു കരുതാനായാല്‍ ഭംഗിയാവും].



* ഇന്ന് = വര്‍ത്തമാനകാലം; *ഇന്നലെ = ഭൂതകാലം ; നാളെ = ഭാവികാലം.



Wednesday, May 30, 2007

"ഉദ്ധരേദാത്മനാത്മാനം"

"ഉദ്ധരേദാത്മനാത്മാനം" - ഇതായിരുന്നു ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച കോളേജിന്റെ ‘മുദ്രാവാക്യം‘. അവനവനെ ഉയര്‍ത്താന്‍ അവനവന്‍ തന്നെ വേണം എന്നു ഇതിന്റെ സാമാന്യ അര്‍ഥം. താഴ്ത്തുന്നതും അവനവന്‍ തന്നെ.

ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറയുന്നതാണ്‌-

"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ" എന്ന ശ്ലോകം.


അവനവന്റെ ബന്ധുവും ശത്രുവും വാസ്തവത്തില്‍ അവനവന്‍ തന്നെയാണ്‌. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെ ഇരിയ്ക്കണം. സ്വയം അധഃപതിയ്ക്കാതെ അവനവനെ ഉയരത്തിലേയ്ക്കു നയിക്കാനുള്ള ചുമതല അവനവനു തന്നെ. സ്വയം നിസ്സഹായതയിലേയ്ക്കു കൂപ്പുകുത്താതെ, ആത്മബലത്തെ തിരിച്ചറിഞ്ഞ് , ആ അനന്തശക്തിയിലേയ്ക്ക് - ആനന്ദത്തിന്റെ നിറവിലേയ്ക്ക് - പൂര്‍ണ്ണതയിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഹ്വാനം ഇതില്‍ കാണാം. അതെ, ആത്മബലത്തെ തിരിച്ചറിയലാണ്‌ പ്രധാനം.

ഒരു വ്യക്തി, മറ്റുള്ളവരുടേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പെട്ടിട്ടെന്നപോലെ നിസ്സഹായയാവണോ അതോ തന്റെ തന്നെ ഉള്ളിലുള്ള അനന്തശക്തിയെ തിരിച്ചറിഞ്ഞ്‌ സാഹചര്യങ്ങളുടെ അടിമയാകാതെ, ഊര്‍ജ്ജ്വസ്വലയാവണോ എന്നത് തീരുമാനിയ്ക്കുന്നത്, ഒരു പരിധിവരെ ആ വ്യക്തിതന്നെ ആണ്‌.

എന്നിട്ടുമെന്തേ എല്ലാവരും വിധിയെ പഴിക്കുന്നത്? പാവം വിധി!

(വിധിയെപ്പറ്റി ‌ അടുത്തപോസ്റ്റില്‍)

Monday, April 30, 2007

മുയല്‍ക്കുട്ടനും ആമമുത്തശ്ശനും

കാടില്ലാത്തതുകൊണ്ട്, വീടുമില്ലാത്ത മുയല്‍ക്കുട്ടന്‍ വീട്ടിലേയ്ക്കുള്ള വഴിതപ്പി നടക്കുകയായിരുന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്, എല്ലാ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും വായിച്ച്‌ , അന്തമില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ലോക-ബൂലോഗപുരോഗതിയെക്കുറിച്ചോര്‍ത്ത് അന്തംവിട്ടാണു നടപ്പ്‌.

ഇടയ്ക്കൊക്കെ ബ്ലേഡുകൊള്ളുന്നപോലെ വേദനിപ്പിക്കുന്നുവെങ്കിലും, അവന്‍ ക്രെഡിറ്റ് കാര്‍ഡ്, കക്ഷത്തില്‍ തന്നെ സൂക്ഷിച്ച് കൊണ്ടുനടന്നു. അതുള്ളതുകൊണ്ടാണല്ലോ, വീടില്ലെങ്കിലും, വീട്ടിലേയ്ക്കുവേണ്ട കണ്ണില്‍ക്കണ്ട സാധനങ്ങളെല്ലാം അവനു വാങ്ങാന്‍ കഴിയുന്നത്‌! പറ്റുന്നതെല്ലാം വാങ്ങി, സൂക്ഷിച്ചു, മറ്റു പലതിനും ഓര്‍ഡര്‍ കൊടുത്തു... അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങി.

അപ്പോഴാണ് , മണ്ണിട്ടുതൂര്‍ത്ത ആമ്പല്‍ക്കുളനിരത്തില്‍‍ ചങ്ങാതിയായ ആമ ഇരിയ്ക്കുന്നതു കണ്ടത്. കണ്ടയുടനെ പരിചയം പുതുക്കാനും കമ്പനികൂടാനും മുയല്‍ക്കുട്ടനു ധൃതിയായി.

“ഹലോ ആമ ജി“ എന്നു വിളിക്കാനാഞ്ഞു എങ്കിലും അങ്ങിനെ വിളിച്ചില്ല. തന്നേക്കാള്‍ എത്രത്രയോ ഓണം അധികം ഉണ്ടവനാണ് ആ ആമ. എങ്കിലും, തന്റെകൂടെ ഓടി, ഓട്ടപ്പന്തയത്തില്‍ തോറ്റവനുമാണല്ലോ എന്നോര്‍ത്തപ്പോള്‍ “ആമമുത്തശ്ശാ” എന്നു നീട്ടിവിളിച്ചൊന്നു പരിഹസിക്കാം എന്നുവെച്ചു മുയല്‍ക്കുട്ടന്‍.

“ആമമുത്തശ്ശാ, ആമമുത്തശ്ശാ... ഇപ്പോഴും ഈ നിരത്തുവക്കിലിരിക്കുകയാണോ? ഇതിപ്പോള്‍ ആമ്പല്‍ക്കുളമല്ലല്ലോ, വെറും നിരത്തല്ലേ? ആ രണ്ടു ഫ്ലാറ്റുകളുടേ കൂടി പണികഴിഞ്ഞാല്‍ ഇതു നല്ല തിരക്കുള്ള റോഡാവുകയും ചെയ്യും. എത്രകാലം ഇവിടിരിയ്ക്കും. ഈ പഴഞ്ചന്‍ രൂ‍പമെല്ലാമൊന്നു മാറ്റൂ. എന്റെ കൂടെ നടക്കാനുള്ള ഒരു മിനിമം ഫാഷനെങ്കിലും ഉണ്ടാക്കൂ, എന്നാല്‍ നമുക്ക്‌ ഒരുമിച്ചു യാത്ര തുടരാം, ഞാനും എന്റെ വീടുതേടിയുള്ള യാത്രയിലാണ്“.

മുയല്‍ക്കുട്ടന്‍ റ്റെലിഷോപ്പിങ് പരസ്യത്തിലെപ്പോലെ വാചാലനാവാന്‍ തുടങ്ങുകയായിരുന്നു. “എന്നെക്കണ്ടു പഠിക്കൂ. എന്തൊരു ചുറുചുറുക്ക്‌! ഓടാം, ചാടാം, മറിയാം. നോക്കൂ “ഞാനെത്ര മോഡേണ്‍” ആണെന്ന്‌. കാരറ്റുപോലും കരണ്ടുതിന്നേണ്ട പണിയില്ല. വിറ്റമീന്‍ ഗുളികകള്‍ പോലെ ഈരണ്ടുഗുളികകള്‍ കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. അതിനു മുന്‍പും ശേഷവും ഈരണ്ടു ഗ്ലാസ് വെള്ളോം കുടിക്കണം. അത്രതന്നെ. ഹൌ ഈസി റ്റു ലിവ്! കാരറ്റിനു കിലോയ്ക്കു 48 രൂപയാണത്രേ. എങ്കിലും എനിയ്ക്കെന്തു ചേതം?....

“ആമമുത്തശ്ശാ, ഇത്ര പഴഞ്ചനായാല്‍ ബൂലോഗത്തൊന്നു കാലുകുത്താന്‍ പോലും പറ്റില്ല. ഒന്നു മോഡേണാവൂ. വേഗമോടാന്‍ തയ്യാറാവൂ...എത്രയെത്ര ലോകങ്ങള്‍ ഇനിയും കാണാനിരിക്കുന്നു? ഓടിയോടി എന്നെങ്കിലും വീടു കണ്ടെത്തണ്ടേ?....”

ആമമുത്തശ്ശന്‍, രണ്ടടി മുന്നോട്ടിഴഞ്ഞുകൊണ്ട് വെറുതേയൊന്നു മൂളി...

മുത്തശ്ശന് എങ്ങും ഓടേണ്ട കാര്യമില്ല. മുത്തശ്ശന്‍ വീടും കൊണ്ടാണുനടപ്പ്‌, അഥവാ ഈ മുത്തശ്ശന്‍ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞമഹാനാണ്. ഇദ്ദേഹത്തിനു മരണവുമില്ല... എന്നൊക്കെയാണ് ആമമുത്തശ്ശന്‍ അമര്‍ത്തിമൂളിയതിന്റെ അര്‍ഥം എന്ന് ആലോചിക്കാനോ ഒന്നും കാത്തുനില്‍ക്കാതെ മുയല്‍ക്കുട്ടന്‍ അടുത്ത ബൂലോഗത്തിലേയ്ക്കു പിന്മൊഴിവള്ളിയിലൂടെ ചാടിയോടിപ്പോയി...

Thursday, March 29, 2007

ശ്യാമരാഗിണി

അമ്മതന്‍ കൈവിട്ടുഞാനാദ്യമായ് കുതിച്ചതു
കൌതുകം കുന്നിക്കുരു വാരുവാനായിത്തന്നെ!

അമ്പാടിക്കണ്ണന്നോടു മിണ്ടാ‍നും കളിക്കാനു-
മൊന്നുമേ വിലക്കില്ലാ നിഷ്കളം കളിക്കാലം
കണ്ണനും ഞാനും വാരീ കുന്നിതന്‍‌മണി “കണ്ണാ!
കാണ്മു നിന്‍‌ കറുപ്പു, ഞാന്‍ സിന്ദൂരച്ചോപ്പിന്നൊപ്പം“!
സുന്ദരിച്ചെമപ്പിലായ്‌ കറുപ്പിന്‍ രാശി ചേര്‍ന്ന
കുന്നിതന്‍ മണിപോലെ ഞങ്ങളുമൊന്നായ്‌തീര്‍ന്നൂ.
കാലവും കൂടീ കളിച്ചീടുവാന്‍, വൈകാതെയെന്‍-
ഭാവന രാഗാലോലം പായുവാന്‍ തുടങ്ങിയോ?

രാഗവും രജസ്സുമെന്‍ മേനിയെത്തഴുകവേ‍
മാ‍നസം കൊതിച്ചുപോയ് രഥസഞ്ചാരത്തിനും.
രാഗലോലയായ് ത്തീര്‍ന്നെന്‍ കണ്‍കളും ചുവന്നപ്പോള്‍
ലോകമാലോകം രാഗം മറ്റൊന്നും കാണാതെയായ്.


കറുപ്പിന്നുണ്ടോ ഭംഗി? പുച്ഛമായ്‌ കാണെക്കാണെ
കാണുവാന്‍ മടിച്ചു ഞാന്‍ കള്ളനീ കാര്‍വര്‍ണ്ണനും.
രാഗവും രജസ്സുമീ ‍ മനസ്സില്‍ പുളഞ്ഞപ്പോള്‍
വെറുത്തുതുടങ്ങിയെന്‍ കറുത്ത സഖാവിനെ?
കുറ്റമക്കറുപ്പിനാ,ണെന്നാലും കൂട്ടിയിട്ടൂ
വെറുപ്പായ് കറുപ്പിനെ ച്ചൂണ്ടുവാനായിത്തന്നെ.

എന്നുമെന്‍ ഹൃദന്തത്തില്‍ പുഞ്ചിരിവെട്ടം തന്ന
നാളത്തെ നോക്കാതെ ഞാനെണ്ണിയോ ‘കരിന്തിരി‘!

ഇരുട്ടുപരന്നതെന്നകമേതന്നെയാണു-
കാണുവാനെനിയ്ക്കാമോ ശ്യാമസുന്ദരാ നിന്നെ?

ചുവപ്പില്‍ പറ്റിച്ചേര്‍ന്ന കറുത്ത പൊട്ടായിട്ടീ
കുന്നിതന്‍ മണിപോലെ ശ്യാമരാഗിണിയായി
നിന്നെയും കാത്തുകാത്തു ശ്രീകോവില്‍ നടയ്ക്കലായ്
തപിച്ചു കിടക്കും ഞാന്‍‍ വാരിയൊന്നെടുക്കണേ.


കൂട്ടുകാരേ, ഇനിയും ഈ കവിത ചൊല്ലിനോക്കി മിനുക്കാനുണ്ട്. ക്ഷമ കുറവായതുകൊണ്ട്‌ ഇപ്പോള്‍ തന്നെ പോസ്റ്റു ചെയ്യുന്നു. ഇത് അന്‍പതാമത്തെ പോസ്റ്റ്, ആണ്. ഇനിയും ഈ രംഗത്തു തുടരണമെന്നുണ്ട്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച്‌ നേര്‍വഴിക്കു നടത്താന്‍ നിങ്ങളും സഹായിക്കുമല്ലോ, എന്ന പ്രതീക്ഷയില്‍ മിനുക്കാതെ തന്നെ കവിത സമര്‍പ്പിക്കുന്നു.

Sunday, March 11, 2007

പരീക്ഷിത്ത്--മുനികുമാരന്റെ ശാപം

ധര്‍മ്മപരിപാലനത്തില്‍ ദത്തശ്രദ്ധനായ പരീക്ഷിത്ത്‌ ഒരുദിവസം നായാട്ടിന്നായി കാട്ടിലേയ്ക്കുപോയി.
ക്രൂരമൃഗങ്ങളെ ഒട്ടൊന്നു നിയന്ത്രിയ്ക്കുക എന്ന നിലയില്‍ നായാട്ടും രാജധര്‍മ്മമാണ്. എങ്കിലും പലപ്പോഴും ധര്‍മ്മത്തിന്റെ പരിധിവിട്ട്, അവനവന്റെ വിനോദം എന്ന നിലയിലേയ്ക്ക്‌ നായാട്ട് അധഃപതിയ്ക്കാറുമുണ്ട്. അദ്ദേഹം നായാട്ടില്‍ മുഴുകിപ്പോകുകയാല്‍, സമയം പോകുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കാട്ടില്‍ വളരെദൂരം താണ്ടിത്താണ്ടി ഉള്‍വനങ്ങളിലെത്തുകയും ചെയ്തു.
വല്ലാത്ത വിശപ്പുതോന്നിയപ്പോഴാണ്, പരീക്ഷിത്തിന് സ്ഥലകാലബോധം വന്നത്. അത്യധികം ദാഹാര്‍ത്തനുമായിരുന്നു. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍ ഒരു ആശ്രമപരിസരത്ത്, ഒരു ഋഷി ധ്യാനനിമഗ്നനായി ഇരിയ്ക്കുന്നതു കണ്ടു. വെള്ളം കിട്ടുമല്ലോ എന്ന ആശ്വാസത്തോടെ, പരീക്ഷിത്ത്, ഋഷിയെ സമീപിച്ചു. ശമീകന്‍ എന്നായിരുന്നു ഋഷിയുടെ പേര്.

പരീക്ഷിത്ത്, ഋഷിയോട്, ദാഹജലം ആവശ്യപ്പെട്ടു. ധ്യാനമഗ്നനായ ഋഷി അതൊന്നും കേട്ടില്ല.
വിശപ്പും ദാഹവും അധികരിക്കുമ്പോള്‍, മനുഷ്യന്റെ വിവേകവും ബോധവും നശിയ്ക്കുമെന്നു പറയുന്നത്, എത്ര ശരിയാണ്!
ഒരു രാജാവായ താന്‍ തൊട്ടു മുന്‍പില്‍ വന്നു നിന്നിട്ടും ദാഹജലം ചോദിച്ചിട്ടും ഒന്നും കേള്‍ക്കാത്തപോലെ ഇരിയ്ക്കുകയാവും ആ ഋഷി എന്ന്‌ പരീക്ഷിത്തു കരുതി. വിശപ്പും ദാഹവും കൊണ്ട്‌ കണ്ണുകാണാതായ പരീക്ഷിത്ത്‌ അവിടെ മണ്ണില്‍ക്കിടന്നിരുന്ന ഒരു പാമ്പിന്റെ ശവം തന്റെ അമ്പുകൊണ്ട്, തോണ്ടിയെടുത്ത്, ഋഷിയുടെ കഴുത്തിലിട്ടു. [അതുകൊണ്ട്‌ ദാഹമോ ദേഷ്യമോ കുറഞ്ഞിരിക്കില്ല, എന്നാലും പരീക്ഷിത്ത്‌ പിന്നെ അവിടെ നില്‍ക്കാതെ തിരിഞ്ഞുനടന്നു.]

ശമീകഋഷി ഇതൊന്നുമറിയാതെ, സച്ചിദാനന്ദത്തില്‍ ലയിച്ചിരിയ്ക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ശൃംഗി എന്ന മുനികുമാരന്‍ അവിടെ യെത്തി. തന്റെ അച്ഛന്റെ കഴുത്തില്‍ ചത്തപാമ്പിനെ എടുത്തിട്ടത്‌ മഹാരാജാവായ പരീക്ഷിത്താണെന്ന്‌ തെല്ലൊരമ്പരപ്പോടെ അദ്ദേഹം മനസ്സിലാക്കി.

തന്റെ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തേണ്ട രാജാവ്‌ സ്വയം ഒരാളെ ദ്രോഹിക്കുകയോ? അതും സദാ ശാന്തരായി കഴിയുന്ന, ഒരിയ്ക്കലും ആയുധമേന്താത്ത ഒരു ഋഷിയെ എന്തുചെയ്തും സംരക്ഷിയ്കേണ്ടതിനു പകരം....ഈ കടുംകൈ ചെയ്യാനദ്ദേഹത്തിനെങ്ങിനെ തോന്നി? തക്കതായ ശിക്ഷ പരീക്ഷിത്തിനു ലഭിച്ചേ മതിയാവൂ...

“ഇന്നേയ്ക്ക്‍ ഏഴാം ദിവസം തക്ഷകന്‍ എന്ന ഘോരസര്‍പ്പത്താല്‍ പരീക്ഷിത്തു മരിയ്ക്കാനിടവരട്ടെ”
മുനികുമാരന്‍ പരീക്ഷിത്തിനെ മനസ്സുനൊന്തു ശപിച്ചു. അച്ഛനെ നോക്കി കരയാന്‍ തുടങ്ങി.
അപ്പോഴേയ്ക്കും ശമീകഋഷി ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു. മകനോട് കാര്യമന്വേഷിച്ചു. സംഭവിച്ചതെല്ലാം മുനികുമാരന്‍ വിസ്തരിച്ചു. അപ്പോഴാണ് തന്റെ കഴുത്തില്‍ കിടന്ന ചത്തപാമ്പിനെ അദ്ദേഹം ശ്രദ്ധിച്ചത്‌. അതിനെ ദൂരേയ്കെറിഞ്ഞശേഷം അദ്ദേഹം കുമാരനോടു പറഞ്ഞു-

“മകനേ! നീ വലിയൊരു തെറ്റാണ് ചെയ്തത്. പരീക്ഷിത്ത്‌ വളരെ ധര്‍മ്മാത്മാവായ മഹാരാജാവാണ്‌. അദ്ദേഹത്തിന്റെ പ്രഭാവമൊന്നുകൊണ്ടുമാത്രമാണ് കലി എന്ന അധാര്‍മ്മികന്‍ ഇത്രയെങ്കിലും അടങ്ങിയിരിക്കുന്നത്. ധര്‍മ്മത്തിലൂടെ അര്‍ഥം സമ്പാദിച്ച്‌ കാമം വേണ്ടവര്‍ അതു നേടുകയും കാമാസക്തരല്ലാത്തവര്‍, നേടിയ അര്‍ഥം ധര്‍മ്മകാര്യങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാമത്തിനു മുന്‍‌തൂക്കം കൊടുക്കുന്നവര്‍ കാമം ഭുജിക്കുന്നതിനുവേണ്ടി, അധര്‍മ്മത്തിലൂടെയും അര്‍ഥമുണ്ടാക്കുന്നു. വെറും ഭോഗാസക്തരായി, അധാര്‍മ്മികരായി സമൂഹം മൊത്തത്തില്‍ അസന്തുലിതമാവുകയും ചെയ്തേക്കാം. എന്നാല്‍ രാജാവിന്റെ ധാര്‍മ്മികഭരണത്തിന്‍‌കീഴില്‍ അധര്‍മ്മം നിയന്ത്രിക്കപ്പെടുന്നു. ഒരു നിമിഷനേരത്തെയ്ക്ക്‌ അദ്ദേഹത്തിന് വിവേകം നഷ്ടപ്പെട്ടു. അതിന് നീ ഇത്രയും വലിയ ശിക്ഷ കൊടുക്കേണ്ടതില്ലായിരുന്നു. ധര്‍മ്മിഷ്ഠരായ രാജാക്കന്മാര്‍ ഭൂമിയില്‍ നിലനില്‍ക്കേണ്ടതുണ്ട്‌. നമ്മുടെ തപശ്ശക്തി നാമും ഇങ്ങനെ വികാരാധീനരായി നിഷ്ഫലമാക്കരുതല്ലോ. ഏതായാലും, ഈ ശാപവൃത്താന്തം നീ ഇപ്പോള്‍ തന്നെ രാജാവിനെ അറിയിക്കൂ. ഉള്ള സമയം കൊണ്ട്, ജീവിതസാക്ഷാത്കാരത്തിന് അദ്ദേഹം വേണ്ടതുചെയ്യട്ടെ. [കാണൂ ഋഷിയുടെ മനസ്സ്‌].

അപ്പോഴേക്കും പരീക്ഷിത്തിന്റെ സ്ഥിതി എന്തായിരുന്നു? അദ്ദേഹം പശ്ചാത്താപവിവശനായി. ‘പരിസരവും എന്തിന്‌, സ്വന്തം ശരീരവും മനസ്സും പോലും മറന്ന് അവനവന്റെ ഉള്ളില്‍ വിളങ്ങുന്ന ശുദ്ധചൈതന്യരൂപത്തില്‍ നിമഗ്നനായിരുന്ന ഒരു മഹാതേജസ്വിയെ, എനിയ്ക്കു ദാഹജലം കിട്ടാത്തതിന്റെ പേരില്‍ ഞാന്‍ അപമാനിച്ചല്ലോ, കഷ്ടം! എന്റെ തെറ്റിനു തക്കതായ ഒരു ശിക്ഷ എനിയ്ക്കു കിട്ടണേ. മേലാലൊരു തെറ്റു ചെയ്യാന്‍ തോന്നാത്തവിധം ഇപ്പൊഴേ എനിയ്ക്കു ശിക്ഷ കിട്ടണേ‘
എന്ന്‌ ഉള്ളുരുകി അദ്ദേഹം പ്രാര്‍ഥിച്ചു. അപ്പോഴാണ് മുനികുമാരന്റെ ശാപത്തെപ്പറ്റി അദ്ദേഹം അറിയാനിടയായത്‌. ‘ഏഴാം ദിവസം താന്‍ പാമ്പു കടിച്ചുമരിക്കും’ എന്നു കേട്ടപ്പോള്‍, വളരെ നന്നായി എന്ന്‌ അദ്ദേഹത്തിനു തോന്നി.
തന്നെ ശുദ്ധീകരിക്കാന്‍ ഈശ്വരന്‍ വളരെപ്പെട്ടെന്നുതന്നെ പരിപാടി ആസൂത്രണം ചെയ്തുവല്ലോ. എന്നാണദ്ദേഹത്തിനു തോന്നിയത്‌. ഈ ശാപത്തില്‍ നിന്നും എങ്ങനെ ഒളിച്ചോടാം എന്നല്ല. ഇനി ഏഴേ ഏഴുദിവസം. അതിനുള്ളില്‍ ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട്, ആത്മസാക്ഷാത്കാരം സാധിക്കണം. അതിനുപറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും ജന്മമെടുത്ത്, എല്ലാ തരത്തിലുമുള്ള യാതനകളിലൂടേയും കറങ്ങിത്തിരിഞ്ഞുകൊണ്ടേ യിരിയ്ക്കേണ്ടിവരും. പരീക്ഷിത്ത്‌ എല്ലാ രാജ്യഭാരവും ഉത്തരവാദിത്തങ്ങളും പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു. ഒന്നിനോടും ഒരു ഒട്ടലുമില്ലാതെ, ഗംഗാതീരത്തുചെന്ന്‌ പ്രായോപവിഷ്ടനായി സമാധാനചിത്തനായി ഇരുന്നു.

ഇത്രയും ഇന്നത്തെ കഥ. ഇനി ഈ കഥാഭാഗത്തുനിന്നും പഠിയ്ക്കാവുന്ന പാഠങ്ങളെന്തൊക്കെയേന്നു നോക്കാം-

*പരീക്ഷിത്ത്‌ വളരെ ധര്‍മ്മിഷ്ഠനും പ്രജാക്ഷേമതല്പരനുമായ ഒരു രാജാവായിരുന്നു, എന്ന്‌ നമുക്കറിയാം. ധര്‍മ്മാത്മാവായ അദ്ദേഹം പോലും വിവേകം നഷ്ടപ്പെട്ട ഒരു നിമിഷത്തില്‍ അപരാധം ചെയ്തു. അപ്പോള്‍ അത്രയൊന്നും ഗുണസമ്പന്നരല്ലാത്ത സാധാരണക്കാള്‍ എത്രയധികം ജാഗരൂകരായി ഇരിയ്ക്കണം, വിവേകം നഷ്ടപ്പെടാതിരിക്കാന്‍! [‘പരീക്ഷിത്തുപോലും അവിവേകം പ്രവര്‍ത്തിച്ചു, പിന്നെ എന്നെപ്പോലുള്ളവര്‍ക്ക്‌ അതും അതിലപ്പുറവും ചെയ്യാം‘ എന്നാണ് മനസ്സിലാക്കുന്നതെങ്കില്‍ ആ പാഠം കൊണ്ട്, ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല]

* തെറ്റുചെയ്താല്‍ ശിക്ഷയെ സന്തോഷത്തോടെ സ്വാഗതം ചെയ്യാം. ശിക്ഷ എന്നാല്‍ ‘പാഠം’ (വേദനിപ്പിക്കല്‍ എന്നല്ല) എന്നാണര്‍ഥം. ഇനിയും തെറ്റു ചെയ്യാതിരിയ്ക്കാനുള്ള ഒരു പാഠം നാം എത്രയും പെട്ടെന്ന് ഉള്‍ക്കൊള്ളുമോ അത്രയും നല്ലത്‌. എന്നെ ശുദ്ധീകരിക്കാന്‍, ഈശ്വരന്‍ ഇത്രയും പെട്ടെന്നൊരു പരിപാടിയിട്ടല്ലോ, നന്നായി, എന്നു കരുതാം. അതല്ലയെങ്കില്‍, തെറ്റു ചെയ്യുന്നതില്‍ സങ്കോചമില്ലാതാവുകയും ശിക്ഷവരുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള കുറുക്കുവഴികള്‍ തേടലുമായിത്തീരും ജീവിതം.

*അന്യരുടെ ഗുണങ്ങളെ എപ്പോഴും വലുതായിക്കാണുക. ഒരു ദോഷം കൊണ്ട്‌ അന്യന്റെ നൂറു ഗുണങ്ങളെ മൂടാതിരിക്കുക. (ഞാനും അന്യനും എന്ന ഭേദഭാവനയുള്ളിടത്തോളം കാലം).

*സര്‍പ്പം, കാ‍ലത്തിന്റ്റെ പ്രതീകമാണ്. പരീക്ഷിത്ത്, നമ്മിലോരോരുത്തരുടേയും പ്രതിനിധി. എന്തെന്തെല്ലാം കര്‍മ്മങ്ങള്‍ ചെയ്താലും ഈ കാലസര്‍പ്പത്തിന്റെ ദംശനത്തില്‍ നിന്നും രക്ഷകിട്ടില്ല. ശരീരം ഒരിയ്ക്കല്‍ നശിക്കുക തന്നെ ചെയ്യും. ശരീരത്തിനുള്ളിലിരുന്നുകൊണ്ട്‌ ഓരോ ജീവനും നേടേണ്ടതായ അറിവുണ്ട്. ആത്മസാക്ഷാത്കാരം. ഈ ശരീരം എന്നത് വെറും ഒരു ഉടുപ്പാണ്, ശരിയ്ക്കുമുള്ള താന്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്ന ആ ചൈതന്യം തന്നെയാണ് എന്ന ബോധം (പഠിച്ചാലും പോരാ) അനുഭവിയ്ക്കണം. ആ അനുഭവം സാധ്യമായാല്‍ പിന്നെ എന്തു മരണഭയം? അവിടെ അയാള്‍ അമരനായിത്തീരുന്നു, സന്തോഷത്തോടെ, ആത്മാനന്ദത്തോടെ, ശരീരമുപേക്ഷിക്കുന്നു. ആ അറിവ്‌ അനുഭവിക്കാറായാലേ മരണഭയം നീങ്ങുകയുള്ളൂ, നിറഞ്ഞ ആനന്ദം, ഒരിക്കലും അവസാനിക്കാത്ത ആനന്ദം അനുഭവിക്കാറാവൂ. ആ അറിവിനു കാതോര്‍ത്തിരിക്കുകയാണ് ഇവിടെ പരീക്ഷിത്ത്‌. അദ്ദേഹത്തിന്റെ ശ്രദ്ധയും പാകതയും അത്യന്തം ഗാഢമായിരുന്നു. അതുകൊണ്ടുതന്നെ ശ്രേഷ്ഠരായ ഗുരുക്കന്മാര്‍, അദ്ദേഹത്തിന്റെ അടുത്തേയ്ക്ക്‍ , ആ ഗംഗാതീരത്തേയ്ക്ക്‍ സ്വമേധയാ എത്തിച്ചേരുകതന്നെ ചെയ്തു.

Friday, March 09, 2007

ഒരു ചിരിനേരം

എവിടേയ്ക്കെന്നറിയാത്ത യാത്ര. ഒരിയ്ക്കലും തിരിച്ചുവരേണ്ടാത്ത യാത്ര. തനിയെ... അതെ തനിയെ ഒരു യാത്ര. കാല്‍നടയാത്ര. എന്നോ ഞാന്‍ തുടങ്ങിവെച്ച ഈ യാത്രയില്‍ ചിലപ്പോഴൊക്കെ വാഹനങ്ങള്‍ കിട്ടി. വാഹനം കടന്നുചെല്ലാത്ത കയറ്റിറക്കങ്ങളില്‍ ഒറ്റയ്ക്കു നടക്കുമ്പോഴും എന്തോ പേടി തോന്നിയില്ല! എവിടേയോ ആരോ കാത്തിരിയ്ക്കുന്നുണ്ടെന്ന തോന്നല്‍. ആ തോന്നലാണ് ഈ യാത്രയിലെ വഴികാട്ടി.

നാലും കൂടുന്ന പരിഷ്കാരവഴികളില്‍ പലരേയും കണ്ടു. ഒരു ചിരിനേരം സൌഹൃദം പങ്കിട്ടു. ഒന്നും ബാക്കിവെയ്ക്കാതെ ആ വഴികളും പിന്നിട്ടു. കണ്ടവഴിയേ ഒന്നും ഇനി ഒരു തിരിച്ചുപോക്കുവേണ്ട. കണ്ട വഴികളേക്കാള്‍ കാണാനുള്ളവഴികളുണ്ടത്രേ...

തിരക്കുകുറഞ്ഞ നാട്ടുപാതകളില്‍ പാതയോരത്തെപ്പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. കിളയ്ക്കാതെ, വിതയ്ക്കാതെ, നനയ്ക്കാതെ, ഒരു മഹാപ്രതിഭാസം പോലെ ഓരോമഴയത്തും മണ്ണില്‍ക്കിളിര്‍ത്ത്, പടര്‍ന്ന്‌, പൂത്താര്‍ത്തുചിരിച്ച്‌ മണ്ണിലേയ്ക്കുതന്നെ മടങ്ങുന്നപോലെ. വീണ്ടും അടുത്തമഴയില്‍ തുടുത്തുയരാനാണോ? അറിയില്ല. വരുന്നവരോടെല്ലാം അവര്‍ പൂത്തുചിരിച്ചുനിന്നു. നിന്നനില്‍പ്പില്‍ നാളെ മണ്ണിലടിയേണ്ടിവരും എന്നറിഞ്ഞിട്ടും. ഈ പാതയോരത്തെ പൂക്കളെക്കൂടി, എനിയ്ക്കെന്റെ യാത്രയില്‍ കൂട്ടുകൂട്ടണമെന്നുണ്ട്. പക്ഷേ അവര്‍ക്ക്‌ കാല്‍ച്ചുവട്ടിലെ മണ്ണുവിട്ടുവരാനാവില്ല.
പൂക്കളേ....ഞാനും ചിരിയ്ക്കാം. ഒരുചിരിനേരം ഇവിടെ നില്‍ക്കാം.
അതുകഴിഞ്ഞാല്‍, എന്റെ യാത്ര തുടരും... യാത്രാമൊഴി പറയാതെ യാത്ര ഞാന്‍ തുടരും. എന്നു തീരുമെന്നറിയാത്ത യാത്ര.

Thursday, March 08, 2007

പുതപ്പിനുള്ളിലെ ഞാന്‍

പുതപ്പിനുള്ളിലെ ഞാന്‍“ എന്ന കവിത, കവിയരങ്ങില്‍ ‍ കുറച്ചുദിവസം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. വാഗ്‌ജ്യോതിയിലും കണക്കുവെച്ചേക്കാം എന്നു കരുതി.

(ഒരു ഐമ്പതടിക്കാന്‍ ധൃതിയായി, അതാ...)