Wednesday, December 16, 2009
ത്രിമാനദര്‍ശനം
കട്ടയും മണ്ണും ചുമന്നുകൊണ്ടും
മെയ്യിലഴുക്കുപുരണ്ടുകൊണ്ടും
കല്ലും സിമന്റും കുഴച്ചൊരുക്കി-
ത്തന്വിയാളൊന്നു പണിപ്പെടുന്നൂ
ഒക്കത്തിരിക്കുന്ന പൈതലിനെ
തൊട്ടില്‍പ്പഴന്തുണിക്കുള്ളിലാട്ടാന്‍
കെട്ടീട്ടുഞാത്തിയചേലയുമു-
ണ്ടൊട്ടുനാളായിഞാന്‍ കണ്ടിടുന്നൂ
രണ്ടാം ദര്‍ശനം
ആയയാമമ്മയുരുട്ടിനീക്കും
‘പ്രാമെ’ന്നകുട്ടിയുരുട്ടുവണ്ടി
ഉണ്ടതില്‍കെട്ടിപ്പൊതിഞ്ഞുകൊണ്ടേ
രണ്ടുനാളായൊരു കുഞ്ഞുവാവ
ഡേകെയര്‍ സെന്ററില്‍നിന്നുമായ
വീട്ടിലേയ്ക്കെന്നുമുരുട്ടിയാക്കും
ജോലികഴിഞ്ഞുതളര്‍ന്നണയു
മമ്മയ്ക്കു നേരമില്ലാത്തകുറ്റം
മൂന്നാം ദര്‍ശനം
തൊട്ടില്‍പ്പഴന്തുണിയ്ക്കുള്ളിലോലും
കുഞ്ഞിന്മുഖത്തു ഞാനെത്തിനോക്കീ
അമ്മവരുന്നതുകാത്തിരുന്നോ-
രമ്മിണിമെല്ലെച്ചിരിച്ചുകാട്ടി
പല്ലില്ലാമോണകള്‍കാട്ടി,മന്ദം
തെല്ലുകൈനീട്ടി കുതിച്ചുപൊങ്ങീ
കയ്യിലെടുത്തൊരുമുത്തമേകീ
പയ്യെനിറഞ്ഞുവെന്നന്തരംഗം
എന്തുപറയേണ്ടു! ഞാനലിഞ്ഞോ
രാനന്ദസാഗരമായിമാറീ
പിറ്റേന്നാള്‍ കുട്ടിയുരുട്ടുവണ്ടി
യ്ക്കുള്ളിലെക്കുഞ്ഞിനെക്കാത്തുനിന്നൂ
പാവമീക്കുഞ്ഞുങ്ങ, ളമ്മമാരേ
വേവുന്നതില്ലേ ഹൃദയമൊട്ടും
ചോദ്യമുപദേശരൂപമാര്‍ന്നീ
‘മാന്യ’യാമെന്നുടെയുള്ളില്‍വന്നൂ
വന്നണഞ്ഞപ്പോഴാക്കുഞ്ഞുപൈതല്‍
ചെന്നുഞാന് കൈനീട്ടിമുന്നില്‍നിന്നൂ
കണ്ണില്‍ക്കുതൂഹലം ചേര്‍ത്തുവെച്ച-
ക്കണ്ണനാമുണ്ണിയും പുഞ്ചിരിച്ചൂ
രണ്ടുകൈനീട്ടി ഞാനൊന്നെടുത്തൂ
കുഞ്ഞിന്‍ഹൃദയംകടമെടുത്തൂ...............
ത്രിമാനദര്‍ശനം
ചിന്തതന്‍ മുള്‍വേലിക്കെട്ടുകളോ
പന്തിയില്ലാത്തപരാതികളോ
ഇല്ലാപരിഭവമാവലാതി
വല്ലായ്മയൊന്നുമിളം മനസ്സില്‍
തൊട്ടിലാട്ടാന്‍ മൃദുമെത്തയാണോ
കെട്ടീട്ടുഞാത്തിയചേലയാണോ
പ്ലാവിലകെട്ടിയതൊപ്പിയാണോ
കിന്നരിപ്പട്ടിന്‍ തലപ്പാവാണോ
ഇല്ലയീമട്ടിലെപ്പാഠഭേദം
വല്യോര്‍ക്കുമാത്രമാണാവലാതി!
കുഞ്ഞു വിശന്നാല്‍ കരഞ്ഞെന്നാലും
സന്തോഷമാണതിന്‍സ്ഥായിഭാവം.
ആനന്ദസാന്ദ്രമാണന്തരംഗ-
മാലയമാര്‍ക്കുമനുഭവിയ്ക്കാം!
കുഞ്ഞിന്‍ഹൃദയം നാമെന്നുമെന്നും
നെഞ്ഞോടു ചേര്‍ത്തുതാന്‍ വെച്ചിടേണം
Friday, December 11, 2009
പെണ്‍ഹൃദയം
“നര്‍മ്മാലാപത്തിനാലല്ലറിയുക, വിരുതുണ്ടെങ്കിലോ സ്ത്രീജനത്തിന്-
ധര്‍മ്മം രക്ഷിപ്പതിന്നാ, യതുമതി വനിതാമാനസം പൂകിടാനായ്.
നിര്‍മ്മായം ചേല നല്‍കീട്ടിവളുടെ യഭിമാനത്തിനെക്കാത്ത ദേവ-
ന്നിമ്മട്ടില്‍ സ്ഥാനമേകീ മമമനസി മുദാ”, ചൊല്ലി പാഞ്ചാലിപോലും!
(സ്രഗ്ദ്ധരാവൃത്തത്തില്‍ എഴുതിയ ശ്ലോകം)
Tuesday, December 08, 2009
കാത്തിരിപ്പ്
കരിപിടിച്ചൊരെന്‍ ഹൃദയത്തിന് കണ്ണീര്
കരഞ്ഞുതീര്‍ക്കുവാന്‍ കരിങ്കടലുണ്ടേ
കറുത്തൊരു കാരാഗൃഹത്തിലാണു ഞാന്‍
തുറുങ്കിലാണു നിന് പിറവിയെന്നാരോ
പറഞ്ഞറിഞ്ഞുഞാന്‍ കരിമുകില്‍ വര്‍ണ്ണാ!
തരുന്നതീചിന്ത പരമൊരാശ്വാസം
വരും വരും ഭവാന് ഹൃദന്തരംഗത്തില്‍!
തിരിതെളിച്ചു ഞാനിരുട്ടിലും മിഴി
തുറന്നുകാത്തുകാത്തിരിപ്പാണേ കണ്ണാ!
Tuesday, October 27, 2009
ഒച്ചയും ഉച്ചാരണവും
1. ലു > ല്‍ + ഉ
ല്‍ - ഈ ഒച്ച ഉണ്ടാവുന്നതെങ്ങനെ? നാവു പല്ലുകളുടെ പിന്‍ഭാഗത്തായി തൊടുന്നരീതിയില്‍ വെച്ച്, ഒച്ചയുണ്ടാക്കാനുദ്ദേശിച്ചുള്ളവായുപ്രവാഹത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി, വിട്ടയക്കുമ്പോഴാണു ല്‍ എന്ന ഒച്ച വരുന്നത്.
ഉ - ശബ്ദത്തിനുള്ള വായുപ്രവാഹത്തെ ചുണ്ടുകള്‍കൊണ്ട് ക്രമപ്പെടുത്തിവിടുമ്പോഴാണു് ‘ഉ’ എന്ന സ്വരം ഉണ്ടാവുന്നത്.
2. ക്ക - ശബ്ദവായുവിന്ന് കണ്ഠത്തില് ഒരുക്ഷണം തടസ്സം ഏര്‍പ്പെടുത്തി വിട്ടയക്കുമ്പോള്‍ ‘ക്’ എന്ന ഒച്ച വരും. ഈ ഒച്ച വരുന്നതിന് തൊട്ടുമുന്‍പ്, ഒരുവട്ടം കൂടി അതാവര്‍ത്തിച്ചാല്‍ ക്ക് എന്ന ഒച്ചയാവും.
3 റ്റ്- നാവിന്റെ തുമ്പ് പല്ലുകള്‍ക്കു പിന്നില്‍ മുട്ടുന്നവിധത്തില്‍ വായുപ്രവാഹത്തില്‍ നിയന്ത്രണം വരുത്തിവിടുമ്പോഴാണ് റ്റ് എന്ന ശബ്ദമുണ്ടാവുന്നത്. ഈ അക്ഷരം സംസ്കൃതത്തില്‍ ഉപയോഗത്തിലില്ലാത്തതിനാല്‍ വര്ണ്ണമാലയില് കാണില്ല.
ഭാഷയില്‍ ഉച്ചരിയ്ക്കപ്പെടുന്ന ശബ്ദങ്ങളെ വിശകലനം ചെയ്യുന്ന ഉച്ചാരണശാസ്ത്രശാഖയുടെ പേരാണു് ‘ശിക്ഷാശാസ്ത്ര‘ മെന്നത്. ഏറ്റവും പ്രാചീനം എന്നു കരുതപ്പെടുന്ന ഋഗ്വേദപ്രാതിശാഖ്യം ശിക്ഷാശാസ്ത്രത്തിന്റെ ഒരു പ്രമാണസ്ഥാനമാണു്. ഭാരതീയ ഉച്ചാരണശാസ്ത്രം അനുസരിച്ച് ഒച്ചകളുടെ ഉച്ചാരണത്തെപ്പറ്റി ഒന്നു വിലയിരുത്തുന്നു.
എന്തെങ്കിലും പറയണം എന്ന് തോന്നുമ്പോള്‍ ഒരാളുടെ പ്രാണവായു, മൂലാധാരത്തില്‍ (നാഭിയ്ക്കടുത്തുള്ള ഊര്‍ജ്ജകേന്ദ്രം എന്നു തല്ക്കാലം കരുതാം) സ്പന്ദനമുണ്ടാക്കുന്നു. അവിടെ നിന്നും ചലിച്ചുതുടങ്ങുന്നവായു ക്രമത്തില്‍മേലോട്ടു പ്രവഹിച്ച് ഹൃദയഭാഗത്തുകൂടെ കണ്ഠദേശത്തെത്തി വായിലൂടെ പുറത്തുകടക്കുന്നു. ഈ വായുപ്രവാഹത്തിന്ന് വായയില്‍വെച്ച്, (തൊണ്ട മുതല്‍ ചുണ്ടുവരെയുള്ള* വിവിധഭാഗങ്ങളില്‍) ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു കേള്‍ക്കാവുന്നതരത്തിലുള്ള അ-ഇ-ക-ച-ണ-തുടങ്ങി വിവിധങ്ങളായ ശബ്ദങ്ങളായി പരിണമിക്കുന്നു.
ഒരു ഓടക്കുഴലിന്റെ പ്രവര്‍ത്തനവുമായി ഇതിനെ താരതമ്യപ്പെടുത്താം. വെറുതേ ഒരു കുഴലില്‍ക്കൂടെ വായുകടത്തിവിട്ടാല്‍ ശബ്ദമുണ്ടാവില്ല. വായുപ്രവാഹത്തിന് അവിടവിടെ തടസ്സം നേരിടുകയും വീണ്ടും പ്രവഹിക്കുകയും ചെയ്യുമ്പോഴാണു ഒച്ചയുണ്ടാവുന്നത്. ഏതാണ്ടിതേ രീതിയില്‍, ശബ്ദപ്രവാഹത്തിനു കാരണമായ പ്രാണവായു- ഇതിനു ഉദാനന്‍** എന്നു പേരു്-മൂലാധാരത്തില്‍നിന്നും മേലോട്ട് പ്രവഹിച്ച് തൊണ്ടവഴി വായിലൂടെ പുറത്തുകടക്കുമ്പോള്‍ നാവുകൊണ്ടും മറ്റും ഉദാനവായുവിനു വിവിധസ്ഥാനങ്ങളില്‍ നിയന്ത്രണം വരുത്തുന്നതുകൊണ്ടാണു ആ വായുപ്രവാഹം വിവിധ ശബ്ദങ്ങളായി കേള്‍ക്കപ്പെടുന്നത്. ഉദാനവായു (ശബ്ദമുണ്ടാക്കാനുദ്ദേശിച്ചുള്ള വായുപ്രവാഹം) തൊണ്ടയില്‍ക്കൂടെ പ്രവഹിക്കുമ്പോള്‍ ഏറ്റവും അനായാസമായി- സ്വതന്ത്രമായി ഉച്ചരിക്കപ്പെടുന്ന ഒച്ച ‘അ’ ആണു്.
ഓടക്കുഴലിലെ പല തുളകളിലൂടെ വായുപ്രവാഹത്തെ നിയന്ത്രിച്ചു ശബ്ദവ്യത്യാസം വരുത്തുന്നതിനു സമാനമായി, വായില്ക്കൂടെ വരുന്നവായുപ്രവാഹത്തില്‍ വിവിധ സ്ഥാനങ്ങളിലാണു പ്രവാഹത്തിനെ ഒട്ടു തടസ്സപ്പെടുത്തി വീണ്ടും കടത്തിവിടുന്നത്.
വിവിധ സ്ഥാനങ്ങള്‍ ഇവയാണു്.
1. കണ്ഠം (തൊണ്ട)
2. താലു (വായയുടെ ഉള്ളിലെ കമാനം പോലെയുള്ള ഭാഗം)
3. മൂര്ദ്ധാ (താലുവിന്റെ നടുഭാഗം)
4. ദന്തം (പല്ല്)
5. ഓഷ്ഠങ്ങള്‍ (ചുണ്ടുകള്‍)
ഇനി നമുക്കൊന്ന് ഒച്ചയുണ്ടാക്കിനോക്കാം. വായുപ്രവാഹത്തിന്ന് കണ്ഠത്തില് ത്തന്നെ ഒട്ടു തടസ്സം വരുത്തി വിടുക - ‘ക’ എന്ന ശബ്ദം കേള്‍ക്കാം. ഇനി ഇതേസ്ഥാനത്തുതന്നെ പ്രാണവായുവിന്റെ ശക്തി കൂട്ടി മഹാപ്രാണമാക്കിയാല്‍ ‘ഖ’ എന്ന ഒച്ച വരും. സ്ഥാനത്തിന്ന് ഒരു മാറ്റവും വരുത്താതെ ഒന്നു മൃദുവാക്കി വായുപ്രവാഹത്തെ കടത്തിവിട്ടാല്‍ ‘ഗ’ ആയി. ഈ മൃദുവില്‍ പ്രാണന്റെ അളവു കൂട്ടിയാല്‍ ‘ഘ’ ആയി. ഇതേ സ്ഥാനത്തുതന്നെ വായുപ്രവാഹത്തെ ഒട്ടു തടസ്സപ്പെടുത്തിവിടുമ്പോള്‍ മൂക്കിനെക്കൂടി കൂട്ടുപിടിച്ചാല്‍ ‘ങ’ എന്ന അനുനാസികം ആയി. ‘ഹ’ എന്ന ഒച്ചയും ഉച്ചരിയ്ക്കുമ്പോള്‍ കണ്ഠത്തില്‍ത്തന്നെ യാണു വായുപ്രവാഹത്തെ നിയന്ത്രിച്ചുവിടുന്നത്. ‘അ’ എന്ന സ്വരവും കണ്ഠത്തില് ഉണ്ടാവുന്ന ഒച്ചയാണ്, സ്വരാക്ഷരങ്ങള്‍ ഉച്ചരിയ്ക്കുമ്പോള്‍ വായുപ്രവാഹത്തിനു തടസ്സം വരുത്തുന്നില്ല എന്നതാണു സ്വര***ത്തിന്റെ പ്രത്യേകത.
അതായത്, കണ്ഠത്തില് നിയന്ത്രിച്ചുവിടുന്നവയാണ് ക, ഖ, ഗ, ഘ, ങ. ഹ എന്നിവ.
അകുഹവിസര്‍ജ്ജനീയാനാം കണ്ഠഃ എന്നു പ്രമാണം. അ, കവര്‍ഗ്ഗാക്ഷരങ്ങള്‍, ഹ, വിസര്‍ഗ്ഗം എന്നിവയുടെ ഉച്ചാരണത്തെ നിയന്ത്രിയ്ക്കുന്ന സ്ഥാനം തൊണ്ടയാണെന്നര്‍ത്ഥം.
ഏതുഭാഷ ഉച്ചരിക്കുന്നവരായാലും ഇതുതന്നെയാണു ഉച്ചാരണത്തിന്റെ രീതി.
വായുപ്രവാഹത്തെ താലുവില്‍ വെച്ചു നിയന്ത്രിച്ചുവിടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങളാണ്
-ച, ഛ, ജ, ഝ എന്നിവ. മൂക്കിന്റെകൂടി ഇടപെടല്‍ വരുമ്പോള്‍ ഞ. താലുവില്‍ തടസ്സമേല്‍പ്പിക്കാതെ, ചെറിയ നിയന്ത്രണത്തില്‍ ഉണ്ടാവുന്ന ശബ്ദമാണ് ‘ഇ’, യ എന്നിവ. ശ എന്ന ഒച്ചയുടേയും ഉദ്ഭവസ്ഥാനം താലുതന്നെ. വിസിലടിക്കുന്നപോലെ വായുപ്രവാഹത്തിനുള്ള സാധ്യത ശ എന്ന ഒച്ചയ്ക്കുണ്ട്.
താലു, പ്രധാനസ്ഥാനമായ ഒച്ചകള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം- ഇ, ചവര്‍ഗ്ഗം, യ, ശ (ഇ ചുയശാനാം താലുഃ)
മൂര്‍ദ്ധാവില്‍ വായുപ്രവാഹത്തിനു തടസ്സമോ നിയന്ത്രണമോ ഏര്‍പ്പെടുത്തി ഉണ്ടാക്കുന്ന ഒച്ചകളാണ്- ഋ, ട, ഠ, ഡ, ഢ, ണ, ര, ഷ എന്നിവ. (ഋടുരഷാണാം മൂര്ദ്ധാ)
ദന്തങ്ങളുടെ പുറകുവശം പ്രധാന ഉച്ചാരണകേന്ദ്രമായ ഒച്ചകള്‍- ഌ, ത, ഥ, ദ, ധ, ന, ല, സ (ഌതുലസാനാം ദന്താഃ)
ചുണ്ടുകള്‍ പ്രധാനനിയന്ത്രണസ്ഥാനമായ ഒച്ചകള്‍- ഉ, പ, ഫ, ബ, ഭ, മ.
മേല്‍വരിയിലെ പല്ലുകള്‍ കീഴ്ച്ചുണ്ടില്‍ തൊടുവിച്ച്, വായുപ്രവാഹത്തെ നിയന്ത്രിക്കുമ്പോഴാണു് വ എന്ന ഒച്ച വരുന്നത്. ‘വ’ മഹാപ്രാണമാക്കിയാല്‍ ‘ഫൈനല്‍’ എന്നതിലെ ‘ഫ’ എന്ന ഒച്ചയായി. ഈ വര്‍ണ്ണത്തിനു വേറൊരു ‘ലിപി’ ഉണ്ടാക്കാമായിരുന്നു. മലയാളികള്‍ ‘ഫ’ പുല്ലേ! എന്നതിലെ (ഫലം -ഫ്രൂട്ടിലെ ഫയല്ല ഫലത്തിലെ ഫ) പകാരത്തിന്റെ മഹാപ്രാണത്തെ സൂചിപ്പിക്കുന്ന ലിപിതന്നെയാണു ഫൈനല്‍/ഫൈറ്റ്/ ഫൈവ് ഇവയിലെ ‘വ’കാരമഹാപ്രാണത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്.
******************************************************************************
*തൊണ്ടയില്‍നിന്നും മൂക്കിലേക്കും വായുവിനു പ്രവഹിക്കാം, അപ്പോള്‍ മൂക്കിനും സ്ഥാനമുണ്ട് ഉദാനവായുവിനെ നിയന്ത്രിച്ചുവിടുന്നതില്‍. മൂക്കിന്റെക്കൂടി സഹായത്തോടെ ഉച്ചരിക്കുന്ന വര്‍ണ്ണങ്ങളാണു അനുനാസികങ്ങള്‍.
** ജീവവായുവിന് സംസ്കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നപേരാണു് പ്രാണാഃ (പ്രാണങ്ങള്‍) എന്നു്. ഇത് ബഹുവചനമായേ പ്രയോഗമുള്ളൂ. ജീവവായു, ശരീരത്തില്‍ നിര്‍വഹിക്കുന്ന ദൌത്യമനുസരിച്ച് അഞ്ചു പേരുകളില്‍ അറിയപ്പെടുന്നുണ്ട്. പ്രാണന്, അപാനനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണു് അഞ്ചുതരം പ്രാണങ്ങള്‍. ഇവയെ ഒരുമിച്ചു വ്യവഹരിക്കുന്നതിനാലാണു് പഞ്ചപ്രാണങ്ങള്‍ എന്ന അര്‍ഥത്തില്‍ ബഹുവചനമായി പ്രയോഗിക്കുന്നതു്. ശബ്ദോച്ചാരണത്തില്‍ ഇടപെടുന്ന വായു ഉദാനഃ (ഉദാനന്‍) എന്ന സാങ്കേതികനാമത്തില്‍ അറിയപ്പെടുന്നു.
***സ്വരഃ- സ്വയം രാജതേ ഇതി സ്വരഃ , സ്വതന്ത്രമായി ഉച്ചരിയ്ക്കപ്പെടുന്നതു സ്വരം. വ്യഞ്ജനത്തെ ഉപയോഗിയ്ക്കാന്‍ സ്വരത്തിന്റെ സഹായം വേണം.
Saturday, September 12, 2009
വെള്ളത്തുള്ളി
തുള്ളിച്ചാടിപ്പലവഴിയൊഴുകീ
ട്ടൊടുവില്‍ കടലില്‍വന്നു പതിച്ചി-
ട്ടാര്‍ത്തലയും തിരമാലകളായീ.
പതഞ്ഞുപൊന്തും നുരയായ്, പതയായ്,
പിടിച്ചുമുക്കുന്നഴലിന്‍ ചുഴിയായ്,
പലമട്ടായാടിയുലഞ്ഞും
എത്തിയതീകടലിന്‍ നടുവില്‍.
കരകാണാ കടലിന് നടുവില്‍
പരരെത്താന്‍ തള്ളിയൊതുക്കാന്‍
തിരയേക്കാളുന്തും തള്ളും;
തുണയായിട്ടുണ്ടെന്നു നിനച്ചോ
രണികളുമെതിരായുന്തുന്നൂ
ദിക്കുകളെട്ടും തിരിയാനിടമി-
ല്ലെനിയ്ക്കു നില്‍ക്കക്കള്ളിയുമില്ലാ
തൊറ്റപ്പെട്ടതു ഞാ, നൊരു തുള്ളി!
തലയ്ക്കുമുകളില്‍ വന്നു വിളിപ്പൂ
തപനന്‍, ‘കൂടെപ്പോരിക നീ’
നീട്ടിയകൈയ്യില്‍ ചാടിക്കയറീ
ട്ടാശ്വാസത്തിന്‍ നെടുവീര്‍പ്പറിയേ
വേഷം പോലും കൂടെയെടുക്കാ
നൊത്തില്ലെങ്കിലു, മെന്നെയെടുത്താ
തപനന്‍ തന്നുടെ കൈകളിലൂഞ്ഞാ-
ലാട്ടി വടക്കും തെക്കും തഴുകേ
കഴിവുറ്റൊരു മേഘമതായി
പ്പരിണാമപ്പെരുമയുമേറി
ത്തലവീര്‍ത്ത ബലൂണുകണക്കെ
വലുതായിപ്പോയീ ഞാനും.
കനമങ്ങനെ കൂടിവരുമ്പോള്‍
നിലവിട്ടുപതിച്ചൂ വീണ്ടും
പാവം ഞാന്‍ വെള്ളത്തുള്ളി.
ആര്‍ത്തുവരുന്നു പലരും കാണാന്‍
കൂടെക്കൂട്ടീട്ടൊഴുകാനിനിയും,
പോകുന്നേനവരോടൊപ്പം
വന്നേയ്ക്കാമിനിയുമൊരിയ്ക്കല്‍
വിശ്രാന്തിയതെന്നാണാവോ!
മുകളില്‍ച്ചാടിത്തുള്ളാന്‍ നില്ക്കാ-
തടിയില്‍ ചെന്നാക്കടലിന്‍ മടിയില്‍
പടിഞ്ഞിരുന്നക്കടലായലിയാന്‍
ഇടയാവണമിനിയൊരു തവണ
Friday, August 28, 2009
ഓണത്തെ വരവേല്‍ക്കാന്‍ കായവറക്കണോ?
നാട്ടിലാണെങ്കില്‍ വീടിന്റെ തൊട്ടടുത്തുതന്നെ നല്ല അസ്സല് ‘കോയക്കാ വറുത്ത കായക്ക‘ പാക്കറ്റില്‍ കിട്ടും. എന്നാലും എല്ലാവരും ചേര്‍ന്ന് (കുഞ്ഞുകുട്ടികളായിരുന്നപ്പോള്‍ പോലും ഞങ്ങളും പണികളില്‍ പങ്കാളികളാണെന്ന ബോധം ഉണ്ടായിരുന്നു, പക്ഷേ പണിയൊക്കെ അമ്മയും അച്ഛനും തന്നെ ചെയ്തിരുന്നത്). ഉണ്ടാക്കുമ്പോഴുള്ള ഒരു സുഖം, അതൊന്ന് ഓര്‍ത്തെടുക്കാന്‍ കൂടി വീട്ടില്‍ല്‍ത്തന്നെ ഉണ്ടാക്കണം എന്നു തീരുമാനിച്ചു. നന്നായാല്‍ അമ്മയോടു പറയാമല്ലോ.
കായവറുത്തത്
ആവശ്യമുള്ള സാധനങ്ങള്‍
നേന്ത്രക്കായ - 1 കിലോ - നേര്‍മ്മയായി വട്ടത്തില്‍ നുറുക്കിവെയ്ക്കണം
വെളിച്ചെണ്ണ - 1/2 ലിറ്റര്‍
മഞ്ഞള്‍പ്പൊടി - 2 സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഉണ്ടാക്കാന്‍ കനമുള്ള ഇരുമ്പു ചീനച്ചട്ടിയും വറുത്തുകോരാന്‍ കണ്ണാപ്പയും വേണം.
ഉണ്ടാക്കുന്നവിധം
- നുറുക്കിവെച്ച കഷ്ണങ്ങളില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടിവെയ്ക്കുക.
- വറുത്തെടുത്ത ഉപ്പേരി പരത്തിയിടാന്‍ ഒന്നോരണോ പത്രക്കടലാസ് സൌകര്യപ്രദമായ അകലത്തില്‍ വിരിച്ചുവെയ്ക്കുക. അധികമുള്ളവെളിച്ചെണ്ണ കടലാസു കുടിച്ചോട്ടേ.
- അടുപ്പില്‍വെച്ചാല്‍ ഓടിക്കളിക്കാത്ത, കനമുള്ള ചീനച്ചട്ടി അടുപ്പത്തുവെയ്ക്കുക.
- ഒന്നൊന്നരഗ്ലാസ് (250 മില്ലി) വെളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക
- നന്നായിച്ചൂടായ വെളിച്ചെണ്ണയിലേയ്ക്ക് രണ്ടൊ മൂന്നോ പിടി തയ്യാറാക്കിവെച്ച കായക്കഷ്ണങ്ങള്‍ ഇടുക. ചൂടായ വെളിച്ചെണ്ണ കയ്യിലേക്കു തെറിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ഒരു മിനുട്ടുകഴിഞ്ഞാല്‍ ഇളക്കിക്കൊടുക്കണം. ‘കല പില കലപില‘ ‘കായവറ, കായവറ’ ശബ്ദം കേള്‍ക്കാം. ചൂട് അധികമാവുമ്പോഴേയ്ക്കും തീ ചെറുതാക്കണം. കലപിലശബ്ദംനിന്നു എന്നുതോന്നുമ്പോള്‍ (അപ്പോഴേയ്ക്കും കായക്കഷ്ണംങ്ങള്‍ തമ്മില്‍മുട്ടുമ്പോള്‍ ഉള്ള ശബ്ദം കേള്‍ക്കാറാവും) കണ്ണാപ്പകൊണ്ട് വേഗം കോരിയെടുത്ത് വിരിച്ചുവെച്ച കടലാസിലേക്കു പരത്തിയിടുക.
- തീ കൂട്ടി വീണ്ടും വെളിച്ചെണ്ണ നന്നായി ചൂടാവുമ്പോള്‍ നുറുക്കിത്തയ്യാറാക്കിവെച്ച ബാക്കിയുള്ള കായക്കഷ്ണങ്ങള്‍ തീരുന്നതുവരെ ആവര്‍ത്തിക്കുക.
- കായവറുത്തതു തയ്യാര്‍. കുറച്ചൊക്കെ വെളിച്ചെണ്ണ കടലാസ് വലിച്ചെടുത്തോളും. അതുകഴിഞ്ഞാല്‍ ചൂട് അധികം ആറുന്നതിനുമുന്‍പ് കാറ്റുകടക്കാത്ത പാത്രത്തില്‍ ആക്കിവെയ്ക്കാം.
- എന്തുണ്ടാക്കിയാലും സന്തോഷത്തോടെ ആദ്യം കുട്ടികള്‍ക്കു കൊടുക്കുക. പിന്നെമറ്റുള്ളവര്‍ക്കും കൊടുക്കുകയും കഴിക്കുകയും ആവാം.
വറുത്തുപ്പേരി
നേന്ത്രക്കായ വട്ടത്തില്‍ നുറുക്കുന്നതിനുപകരം നാലായികീറി ചെറുതായി നുറുക്കിയിട്ട് മേല്‍പ്പറഞ്ഞപ്രകാരം തന്നെ ഉണ്ടാക്കിയാല്‍ അതാണു വറുത്തുപ്പേരി. കായവറുത്തതായാലും വറുത്തുപ്പേരിയായാലും പാക്കറ്റില്‍ വാങ്ങുന്നതിന്റെ ഭംഗി കിട്ടിയില്ലെങ്കില്‍പ്പോലും സ്വാദുണ്ടാവും തീര്‍ച്ച.
Thursday, August 27, 2009
ഓണത്തെ വരവേല്‍ക്കാന്‍
മുളകാപ്പച്ചടി
പുളിയിഞ്ചിപോലത്തെ ഒരു അച്ചാറാണ് മുളകാപ്പച്ചടി.
ആവശ്യമുള്ളസാധനങ്ങള്‍
ഒരുലിറ്റര്‍ അളവില്‍ ഉണ്ടാക്കാന്‍-
- എള്ള് - 50 ഗ്രാം - വറുത്തുപൊടിച്ചുവെയ്ക്കണം
- ഉഴുന്നുപരിപ്പ് - 50 ഗ്രാം വറുത്തുപൊടിച്ചുവെയ്ക്കണം
- പുളി - 200 ഗ്രാം - പത്തുമിനുട്ടു ചൂടുവെള്ളത്തിലിട്ടുവെച്ചതിനുശേഷം പിഴിഞ്ഞുപിഴിഞ്ഞു സത്തെടുക്കണം.
- ഇഞ്ചി - 100 ഗ്രാം - ചെറുതായി അരിഞ്ഞുവെയ്ക്കണം
- പച്ചമുളക് - 50 ഗ്രാം - ചെറുതായി അരിഞ്ഞുവെയ്ക്കണം
- ശര്‍ക്കര - 4-6 ആണി (മധുരം ആവശ്യത്തിന് മതി. പൊടിച്ചുവെച്ചാല്‍ എളുപ്പമാവും. കാല്‍ക്കിലോ വരെ ശര്‍ക്കര ചേര്‍ത്താലാണു എനിയ്ക്കു തൃപ്തിയാവുന്നത്. )
- ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
അടി കനമുള്ള പാത്രത്തില്‍ പുളിവെള്ളമൊഴിച്ച് അടുപ്പത്തുവെയ്ക്കുക. പുളിവെള്ളം തിളക്കാന്‍ തുടങ്ങിയാല്‍ തീ ചെറുതാക്കുക. പിന്നെയും ഒരു ഇരുപതുമിനുട്ടോളം വേവിക്കണം. അതിനിടെ ശര്‍ക്കര പൊടിച്ചോ പൊടിക്കാതെയോ ചേര്‍ക്കാം. ഇളക്കിക്കൊണ്ടിരിക്കണം. അതൊന്നു പാകമായിവരുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞുവെച്ചത് ചേര്‍ത്തിളക്കുക. വറുത്തുപൊടിച്ചുവെച്ച എള്ളും ഉഴുന്നുപൊടിയും ഉപ്പും ചേര്‍ക്കുക. ചെറിയതീയില്‍ ഒരഞ്ചുമിനുട്ടുകൂടി വേവിച്ച് അടുപ്പത്തുനിന്നും വാങ്ങിവെയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാല്‍ കുപ്പിയിലോ ഭരണിയിലോ ഒഴിച്ചുവെയ്ക്കാം. ഫ്രിഡ്ജൊന്നുമില്ലെങ്കിലും ഒരാഴ്ചയൊക്കെ കേടുകൂടാതെയിരിയ്ക്കും. ഫ്രിഡ്ജിലാണെങ്കില്‍ മനോധര്‍മ്മം പോലെ അതിന്റെ എക്സ്പെയറി ഡേറ്റു തീരുമാനിയ്ക്കാം.
28/08/09
ഞാനുണ്ടാക്കിനോക്കി. തരക്കേടില്ലെന്നു തോന്നുന്നു. ശര്‍ക്കര ആദ്യം പറഞ്ഞതിനേക്കാള്‍ കുറച്ചധികം ചേര്‍ത്തു. പുളിയോടു പിടിച്ചുനില്ക്കാന്. നല്ല പുളിയായിരുന്നു. കുരുവും നാരുമൊക്കെക്കളഞ്ഞു നന്നാക്കിവെച്ച പുളിയാണേ 200 ഗ്രാം എടുത്തത്.
ഉണ്ടാക്കിയെങ്കില്‍ ഫോട്ടോ എവിടെ എന്നു ചോദിക്കരുത്, എന്റെ വരെ ഫോട്ടോ ഞാന്‍ എടുത്തിട്ടില്ല, പിന്നെയല്ലേ എന്റെ മുളകാപ്പച്ചടിയുടെ ഫോട്ടോ.
Tuesday, June 23, 2009
പവിഴമല്ലി
ഓണപ്പരീക്ഷ നടപ്പുള്ള കാലം. പരീക്ഷയെ പേടിയ്ക്കാനുള്ള പ്രായമൊന്നും അന്നവള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാലും അഞ്ചുമണിയ്ക്കേ ഉണരും. എന്തൊരു ഉത്സാഹമായിരുന്നു. എന്തിനാണെന്നോ? കൊച്ചേട്ടനേം കൂട്ടി വീടിന്റെ തൊട്ടടുത്തുള്ള ഇടവഴിയില്‍ അങ്ങേവീട്ടില്‍നിന്നും വീഴുന്ന പവിഴമല്ലിപ്പൂക്കള്‍ പെറുക്കണം. ആരും വഴിനടന്നു ചവിട്ടിക്കൂട്ടുന്നതിന്‍ മുമ്പേ പോയാലേ പൂക്കള്‍ കിട്ടൂ. അഞ്ചോ പത്തോ ഇരുപതോ പൂക്കള്‍ കിട്ടും. കൊച്ചേട്ടനും മാലിനിക്കുട്ടിയ്ക്കും സന്തോഷമാവും. എന്നാലും കുറച്ചുകൂടി പൂക്കള്‍ കിട്ടിയാല്‍ പൂക്കളത്തില്‍ വലിയവട്ടം തീര്‍ക്കാലോ. കൊച്ചേട്ടന് ഒരു കൊക്കയും കൂടെ കരുതിയിട്ടുണ്ടാവും. ആരും അറിയാതെ, ആ വീട്ടുകാരുണരാതെ, മരക്കൊമ്പിലേയ്ക്കു കൊക്കയുയര്‍ത്തി, അനിയത്തി കാണിച്ചുകൊടുക്കുന്ന ടോര്‍ച്ചിന്റെ പ്രകാശത്തില്‍ മൊട്ടുകളെ നോവിക്കാതെ, വീഴാന്‍ തെയ്യാറായിനില്‍ക്കുന്ന പൂക്കളെ മാത്രം കുലുക്കിത്താഴത്തിടും. കൊച്ചേട്ടനും മാലിനിക്കുട്ടിയും കൂടി പൂക്കളെല്ലാം പെറുക്കി ഇലക്കുമ്പിളിലാക്കി വിജയഭാവത്തില്‍ വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ അമ്പലത്തില്‍ സുപ്രഭാതം തുടങ്ങും, അതായിരുന്നു അന്നൊക്കെ സൂര്യന്റെ അലാറം.
ദേവിടീച്ചറുടെ അലാറം - ഓര്‍ത്തപ്പോള്‍ മാലിനിക്കുട്ടി ഒന്നു പരിഭ്രമിച്ചു.
പവിഴമല്ലിപ്പൂക്കള്‍ ഒന്നും കിട്ടാതിരുന്ന ഒരു ദിവസം അവള്‍ക്കും കൊച്ചേട്ടനും സങ്കടമായി. ഇനിയെന്തുചെയ്യും. രണ്ടുപേരും കൂടി ഇടവഴിയിലൂടെ മുന്നോട്ടുനടന്നു. അമ്പലം വരെയുള്ള വഴി രണ്ടുപേര്‍ക്കും നല്ല പരിചയമുണ്ട്. ആ വഴി നടന്നു നടന്നു മതിലുകളില്‍നിന്നും പുറത്തേയ്ക്കു ചാഞ്ഞുനിന്നിരുന്ന ചെടികളില്‍ നിന്നും കൊക്കകൊണ്ട് കുറച്ചുപൂക്കള്‍ ഒക്കെ സംഭരിച്ചു. എന്നാലും പവിഴമല്ലികിട്ടാത്തതിന്റെ സങ്കടം മാറിയില്ല. വീണ്ടും അവര്‍ നടന്നുകൊണ്ടേയിരുന്നു.
“അമ്മൂ, ദേവിടീച്ചറുടെ വീട്ടിലുണ്ട് പവിഴമല്ലി.” കൊച്ചേട്ടന് തന്റെ ലോകവിവരം പുറത്തെടുത്തു.
എവിട്യ്യാ ദേവിട്ടീച്ചറുടെ വീടു്?” അവള് ആകാംക്ഷയോടെ ചോദിച്ചു.
“കുറച്ചുകൂടി നടന്നാലെത്തും. നീ നേരേ ടോര്‍ച്ചടിയ്ക്കൂ. വഴി കാണട്ടെ.
ഏട്ടനും അനിയത്തിയും നടന്നു നടന്ന് ദേവിടീച്ചറുടെ വീടിനടുത്തെത്തി. മതിലരികത്തല്ല പവിഴമല്ലിമരം. എന്തു ചെയ്യും. ഗേറ്റു തുറന്നു അകത്തുകയറാം. അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റിനടുത്തെത്തി. ശ്ശെടാ, ഇതെന്താ ഗെയിറ്റ് പൂട്ടിയിരിയ്ക്കുന്നല്ലോ. ഇതെന്തിനാ ഗെയിറ്റൊക്കെ പൂട്ടുന്നത്? ഇനിയിപ്പൊ എന്താണൊരുവഴി?
കൊച്ചേട്ടന്റേയും മാലിനിക്കുട്ടിയുടേയും ധൈര്യം കുതിച്ചുകയറി. രണ്ടുപേരും കൂടി ഗേറ്റിന്റെ അഴികളില്‍ ചവിട്ടിക്കയറി ഗെയിറ്റ് ചാടിക്കടന്ന്, ദേവിട്ടീച്ചറിന്റെ വീട്ടുമുറ്റത്തെത്തി. പവിഴമല്ലിമരത്തിനടുത്തേയ്ക്കോടിച്ചെന്നു. ഹായ് കുറേപൂക്കള്‍ മുറ്റത്തു പൂമഴപെയ്തപോലെ പരന്നുകിടക്കുന്നു. സന്തോഷത്തോടെ അവര്‍ രണ്ടുപേരും പൂക്കള്‍ പെറുക്കിക്കൊണ്ടിരുന്നു. ഇലക്കുമ്പിളിലൊന്നും കൊള്ളാത്തത്ര പൂക്കള്‍. മാലിനിക്കുട്ടിയുടെ കൊച്ചുപാവാട പൂക്കുമ്പിളായി, നിറയെ പൂക്കള്‍ കിട്ടിയ സന്തോഷത്തോടെ അവര്‍ തിരിച്ചു നടന്നു. ഗെയിറ്റിനടുത്തെത്തി. പാവാടക്കുമ്പിളില്‍ പവിഴമല്ലിപ്പൂക്കള്‍. മാലിനിക്കുട്ടി ഗെയിറ്റു ചാടുന്നതെങ്ങനെ? വേലിയ്ക്കുപകരം മതിലും ഗെയിറ്റും ഉള്ള വീടുകളെയൊക്കെ അവള് മനസാ ശപിച്ചുകൊണ്ട്, ഇനിയെന്തുപോം വഴി എന്നാലോചിച്ചു നിന്നു.
ദേവിട്ടീച്ചറുടെ അലാറവും ഇടവഴിയിലൂടെ വന്ന പത്രക്കാരന്റെ സൈക്കിള്‍മണിയും ഒരുമിച്ചടിച്ചു...
മാലിനിക്കുട്ടിയുടേയും കൊച്ചേട്ടന്റേയും കണ്ണുകള്‍ നിറഞ്ഞുതുടങ്ങി. എങ്കിലും ഏട്ടന് ധൈര്യം സംഭരിച്ച് അനിയത്തിയോടു പറഞ്ഞു.
“അമ്മൂ, കരയരുത്, കരഞ്ഞാല്‍ ഈ പൂവൊക്കെ ചീത്ത്യാവും”
അതാ, വരുന്നു ദേവിട്ടീച്ചറുടെ വീട്ടിലെ അമ്മാമന് ഗെയിറ്റ് തുറക്കാന്‍
കൊച്ചേട്ടന് ഓടിച്ചെന്നു ആ അമ്മാമനോടു പറഞ്ഞു,
“കൊറേ പൂ കിട്ടി, അമ്മൂന്റെ പാവാടക്കുമ്പിള്‍ നിറഞ്ഞു, അതാ ഇങ്ങോട്ടു ചാടിയപോലെ തിരിച്ചു ചാടാന്‍ പറ്റാഞ്ഞത്. അമ്മാമാ, ഗെയിറ്റൊന്നു തുറന്നു തരുമോ? ഞാന്‍ ഗെയിറ്റ് ചാടിക്കോളാം, പക്ഷേ ഇവള്‍ക്കു ചാടാന്‍ പറ്റില്ല, പ്ലീസ് അമ്മാമാ”
ആ അമ്മാമന് അതുകേട്ട് ചിരിയ്ക്കുകയാണുചെയ്തത്. വേഗം ഗെയിറ്റ് തുറന്നുതന്നിട്ട് കൊച്ചേട്ടനോടും മാലിനിക്കുട്ടിയോടുമായിപ്പറഞ്ഞു, “ആരും ഗെയിറ്റ് ചാടിക്കടക്കണ്ട, ഞാന്‍ തുറന്നുതരാം ഗെയിറ്റ്. ഇനി ഓണം കഴിയുന്നവരെ, എന്നും നേരം വെളുത്തതിനുശേഷം രണ്ടാളും കൂടിവന്നോളൂ, എന്നിട്ട് ഇഷ്ടം പോലെ പൂ പറിച്ചോളൂ, ട്ടോ. പക്ഷേ ആരും അറിയാതേം ശബ്ദമുണ്ടാക്കാതേം കള്ളന്മാരെപ്പോലെ ഒരിയ്ക്കലും ഒന്നും ആരുടേയും എടുക്കരുത് ട്ടോ കുട്ട്യോളേ”
കൊതുപ്പട ആര്‍ത്തുവരുന്നതുകണ്ട് മാലിനി ഫ്ലാറ്റിന്റെ ജനല്‍ അടച്ചു, അപ്പോഴും അവിടെ കാറ്റിനുസുഗന്ധം - കുഞ്ഞിപ്പാവാടക്കുമ്പിളില്‍ അന്നു വാരിക്കൂട്ടിയ പവിഴമല്ലിയ്ക്കു കാതങ്ങളും കാലങ്ങളും താണ്ടി ഇത്രത്തോളം വരാന്‍ കഴിയുമെന്ന് കൌതുകത്തോടെ മാലിനി അമ്പരന്നുനിന്നു.
Sunday, June 14, 2009
ദീപാലിയുടെ ഫ്രീഡം
“ടീച്ചര്‍, ടീച്ചറൊടെനിയ്ക്കു സംസാരിയ്ക്കാനുണ്ടു്. ഇപ്പോള്‍ സമയമുണ്ടോ?”
‘സമയം ഉണ്ടാക്കാം, ദീപാലി പറയൂ, എന്താ കേള്‍ക്കട്ടേ’
“ടീച്ചര്‍, ഞാനൊരാളുമായി അടുപ്പത്തിലാണു്. ഇന്റര്‍നെറ്റു വഴി പരിചയപ്പെട്ടതാണു്. തമ്മില്‍ കാണാതെ വെറുതേ ഒരു രസത്തിനു ചാറ്റു ചെയ്തു ചെയ്തു പരിചയമായി. വളരെയധികം അടുത്തുപോയി. കോളേജുകാരായ ബോയ്ഫ്രണ്ട്സ് ധാരാളം ഉണ്ടെങ്കിലും എനിയ്ക്ക് അയാള്‍ ഒരു പ്രത്യേകസുഹൃത്തായിരുന്നു. കാണാതെ വയ്യ എന്ന നിലയായപ്പോള്‍ ഞാനും കൂടി മുന്‍കൈ എടുത്ത് ഞങ്ങള്‍ ഇടയ്ക്കു കൂടിക്കാഴ്ച നടത്തുന്നുണ്ടു്. വീട്ടിലറിഞ്ഞപ്പോള്‍ മുതല്‍ അമ്മ എന്നോടു ഭയങ്കര ദേഷ്യത്തിലാണ്. അമ്മയോടു തര്‍ക്കിച്ചു എനിയ്ക്കു മടുത്തു. അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.
ടീച്ചര്‍, പതിനെട്ടു വയസ്സുകഴിഞ്ഞ ഞാന്‍ എന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുത്താല്‍ എന്താണു കുഴപ്പം? അമ്മയ്ക്ക് ഈഗോ കോംപ്ലക്സ് ആണെന്നു തോന്നുന്നു. എനിയ്ക്കയാളെ ഉപേക്ഷിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്തുരസമാണെന്നോ അയാളുടെ കൂടെയിരിക്കാന്‍! കല്യാണമൊന്നും ഞാന്‍ കഴിക്കില്ല. അതൊക്കെ ഒരു ബാധ്യതയാവും. പക്ഷേ എനിയ്ക്കയാളുടെ കമ്പനി ഇഷ്ടമാണ്, എല്ലാതരത്തിലും.
ടീച്ചര്‍ , ടീച്ചര്‍ക്കറിയാലോ, മോം ഈസ് എ സിങ്ഗിള്‍ പാരന്റ്.
സ്റ്റില്‍ ഷി ഡസ്ന്റ് നോ വാട്ട് ഫ്രീഡം ഈസ് ആള് എബൌട്ട്.
ടീച്ചര്‍ക്കു വിശ്വസിയ്ക്കാനാവുമായിരുന്നില്ലെങ്കിലും ദീപാലി തന്നോടുഇത്രയും തുറന്നു സംസാരിച്ചതിനെ മനസാ അഭിനന്ദിക്കുകതന്നെ ചെയ്തു ടീച്ചര്‍. ടീച്ചര്‍ക്ക് ഏതുതരത്തില്‍ സഹായിക്കാന്‍ പറ്റും എന്നു ചിന്തിക്കാന്‍ തുടങ്ങി. കാര്യത്തിന്റെ ഗൌരവവും വരുംവരായ്കകളും അമ്മയുടെ പ്രതീക്ഷകളും മകളുടെ ഉത്തരവാദിത്തവും ടീച്ചറുടെ കര്‍ത്തവ്യബോധവും ഒക്കെ മനസ്സില്‍ തിക്കിത്തിരക്കി മിന്നലാട്ടം നടത്തവേ ദീപാലി ഒന്നുകൂടി പറഞ്ഞു...
“ടീച്ചര്‍, ഞാന്‍ അമ്മയെ കോളേജിലേക്കു കൂട്ടിക്കൊണ്ടുവരട്ടേ, ഫീമെയില്‍ ഫ്രീഡത്തെക്കുറിച്ച് ഒന്നു അമ്മയോട് സംസാരിയ്ക്കാമോ?”
“ഉം, കൊണ്ടുവരൂ” വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചര്‍ അമര്‍ത്തിമൂളിയപ്പോള്‍ ചിന്തിച്ചു, ഏതു വനിതയുടെ ചട്ടക്കൂട്ടില്‍ നിന്നു ചിന്തിയ്ക്കണം? വിദ്യാര്‍ത്ഥിനി? അവളുടെ അമ്മ? സമൂഹത്തോടു മൊത്തം ഉത്തരവാദിത്തമുള്ള അദ്ധ്യാപിക?
ഇന്നത്തെക്കുട്ടികളെയോര്‍ത്ത്, നാളത്തെ വീരവനിതകളെയോര്‍ത്ത്, പൌരന്മാരെ വാര്‍ത്തെടുക്കേണ്ട മൂശകളെയോര്‍ത്ത് , ടീച്ചര്‍ ചിന്താവിഷ്ടയായിനിന്നതേയുള്ളൂ...ആ നില്പ്പില് “വിമന്‍ സെല്‍” എന്ന് തൂക്കിയിട്ട ബോര്‍ഡില്‍ നിന്നും തലയില്‍ ചേക്കേറിയ് ‘ഫീമെയില്‍ ഫ്രീഡം’ എങ്ങോട്ടെന്നില്ലാതെ പറന്നു പറന്നു പറന്നകന്നു.
Wednesday, June 10, 2009
അവനും അവളും
“എനിയ്ക്കവളെ എന്തിഷ്ടമായിരുന്നെന്നോ! അവളുടെ എന്തുഗുണമാണ് എന്നെ ആകര്‍ഷിച്ചത് എന്നൊന്നും എനിയ്ക്കറിയില്ല. സുന്ദരി എന്നു പറയില്ലെങ്കിലും എന്തോ ഒരു വശ്യത അവള്‍ക്കുണ്ടായിരുന്നു. കണ്ണുകളിലോ പുഞ്ചിരിയിലോ നിഷ്കളങ്കത അധികം ഉണ്ടായിരുന്നതെന്ന് എനിയ്ക്ക് അറിയില്ല. സാമാന്യം നല്ല വിദ്യാഭ്യാസവും നല്ല ധൈര്യവും അതോടൊപ്പം അഹങ്കാരമില്ലായ്മയും. മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്നത് ഒരു വ്രതം പോലെയായിരുന്നു അവള്‍ക്ക്. എനിയ്ക്കുമാത്രമല്ല എന്റെ എല്ലാ ബന്ധുക്കള്‍ക്കും വിശേഷിച്ചും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അവളെ നല്ല കാര്യമായിരുന്നു. എന്റെത്തന്നെ ചില ബന്ധുക്കള്‍ ഞാന്‍ പോലും അറിയാതെ അവളുടെ അടുത്ത് അവരവരുടെ വിഷമം പറഞ്ഞ്, ആശ്വാസവാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒരിയ്ക്കലും ഒരു ലഹളയ്ക്കും പരദൂഷണത്തിലും തലയിടില്ലെന്നുമാത്രമല്ല, പലകാലം അല്പരസത്തില്‍ കഴിഞ്ഞിരുന്ന ചിലരെയെങ്കിലും നല്ലബന്ധുക്കളാക്കാന്‍ പോലും അവള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
കുടുംബം എന്നാല്‍ അവള്‍ക്ക് ‘അണു'അല്ല, എന്റേയും അവളുടേയും ബന്ധുക്കളെല്ലാം അടങ്ങിയതായിരുന്നു അവളെ സംബന്ധിച്ച് കുടുംബം. കുടുംബം കഴിഞ്ഞേയുള്ളൂ അവള്‍ക്കു ജോലി, എന്നുവെച്ച്, ജോലിയില്‍ ആത്മാര്‍ഥതയില്ല എന്നല്ല. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി മുഴുമിപ്പിക്കാറുണ്ട്. കൂട്ടത്തില്‍ അവള് കൂടുതല്‍കൂടുതല്‍ പഠിച്ചുകൊണ്ടുമിരുന്നു.
അവള് എഴുതുന്നതും പറയുന്നതും പാചകം ചെയ്യുന്നതും ഒന്നും വലിയ വലിയ ലക്ഷ്യങ്ങള്‍ മനസ്സില്‍ വെച്ചായിരുന്നില്ല, അത്ര കേമവുമായിരുന്നില്ല. അതോരോന്നും എനിയ്ക്കെത്ര പ്രിയപ്പെട്ടതായിരുന്നെന്നോ. അവള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും എനിയ്ക്ക് ഇഷ്ടമായി എന്നറിയുന്നതും നന്നായി എന്നു ഞാന്‍ പറയുന്നതും അവള്‍ക്കു കേള്‍ക്കാന്‍ ഇഷ്ടമാണെന്ന് അവള് തന്നെ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ അവളോടിതുവരെ നേരിട്ടു പറഞ്ഞിട്ടില്ല.
ഇനി പറയാനുമാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...
അവള് എന്നെവിട്ടു പോയിട്ട് ഇന്നേയ്ക്ക് നാല്‍പ്പത്തൊന്നു ദിവസം കഴിയുന്നു”.
അവനും ആത്മസുഹൃത്തിനും ചായയെങ്കിലും കൊടുക്കാന്‍ കൊതിച്ച്, അടുക്കളയിലെ ചായപ്പാത്രത്തില് വട്ടം ചുറ്റിനിന്നിരുന്ന അവളുടെ ആത്മാവു് പുഞ്ചിരിച്ചു. നിറപുഞ്ചിരി.
Sunday, June 07, 2009
Sunday, May 31, 2009
കുന്തീസ്തുതി- ഭാഗം നാലു്
യദുഭിഃ സഹ പാണ്ഡവാഃ
ഭവതോऽദര്‍ശനം യര്‍ഹി
ഹൃഷീകാണാമിവേശിതുഃ
പ്രഭോ! അങ്ങയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പിന്നെ അസംഖ്യം യദുക്കളും പാണ്ഡവരും ഒക്കെ വെറും ‘പേരും കോലവും’ പേറി നടക്കുന്ന ഇന്ദ്രിയക്കൂടാരങ്ങള്‍ മാത്രമാവുമായിരുന്നില്ലേ. (സര്വാന്തര്യാമിയായ - ചൈതന്യസ്വരൂപനായ അങ്ങയുടെ അഭാവത്തില്‍ ആരും, ആരുമായിത്തീരുന്നില്ല).
22. നേയം ശോഭിഷ്യതേ തത്ര
യഥേദാനീം ഗദാധര!
ത്വത്പദൈരങ്കിതാ ഭാതി
സ്വലക്ഷണവിലക്ഷിതൈഃ
അങ്ങയുടെ പാദമുദ്ര പതിഞ്ഞതുകാരണം മാത്രമാണല്ലോ ലോകം ഇവ്വിധം ശോഭിയ്ക്കുന്നത്. അങ്ങുപോയിക്കഴിഞ്ഞാല്‍ ഇപ്രകാരം ഇതു നിലനില്ക്കുകയുമില്ല.
23. ഇമേ ജനപദാഃ സ്വൃദ്ധാ
സുപക്വൌഷധിവീരുധഃ
വനാദ്രിനദ്യുദന്വന്തോ
ഹ്യേധന്തേ തവ വീക്ഷിതൈഃ
നിന്റെ കരുണാകടാക്ഷം കൊണ്ടാണു് സമ്പന്നമായ നാടും ഫലസമ്പന്നമായ വൃക്ഷങ്ങളും തെളിനീരുറവകളും കാടുകളും ഒക്കെ ഇപ്രകാരം ഐശ്വര്യപൂര്‍ണ്ണമായി നില്ക്കുന്നതു്.
ശൈശവത്തില്‍ കുസൃതികളാലും പിന്നീടു് മറ്റുപല ലീലകളാലും വീര്യത്താലും ഒക്കെ പലപല ഭാവങ്ങളില്‍ എന്റെ മനസ്സു കവര്‍ന്നിട്ടുള്ള കൃഷ്ണാ, അങ്ങ് എന്റെ മകന്റെ കൂട്ടുകാരനാണെങ്കിലും അങ്ങയെ ഞാന്‍ യോഗേശ്വരനായി അറിയുന്നു, ഈശ്വരസാക്ഷാത്കാരത്തിനു് - ആത്മസാക്ഷാത്കാരത്തിനു് - ഈശ്വരനില്‍ ലയിയ്ക്കുന്നതിനു്- ഞാനും പരം പൊരുളും ഒന്നായിത്തീരുന്നതിനു് -ആ യോജിയ്ക്കലിനു് -യോഗേശ്വരനെത്തന്നെ നമസ്കരിക്കുന്നു (അതുതന്നെ ഉചിതം). അഖിലഗുരോ! അഖിലര്ക്കും ഗുരുവാകയാല്‍ എനിയ്ക്കും ഗുരു തന്നെ. അഖിലഗുരുവില്‍ നിന്നു ‘പരമജ്ഞാനം’ കിട്ടിയാല്‍ കൊള്ളാം (എന്നോ ധ്വനി!). അതാവാം കുന്തീദേവിയുടെ പ്രാര്‍ത്ഥന.
യോഗേശ്വരാ അഖിലഗുരോ അങ്ങയെ ഞാനിതാ വീണ്ടും നമസ്കരിയ്ക്കുന്നു.
(കുന്തീസ്തുതി അവസാനിയ്ക്കുന്നു)
Thursday, May 28, 2009
ചിത്രപ്പുതുമ

ഞാന്‍ കുഞ്ഞുണ്ണിമാഷുടെ ഒരു പുസ്തകം കയ്യിലെടുത്തു. രണ്ടായ് വകഞ്ഞു ശീര്‍ഷകം തഴഞ്ഞു, നാലക്ഷരം തള്ളി വായിച്ചു. “ഒരുദിവസം എന്തെങ്കിലും ഒരു പുതിയകാര്യം ചെയ്യുക. മനസ്സിനുണര്‍വ്വുണ്ടാവാന്‍ ഇതു നല്ലതാണു്”. മുന്‍പും ഈ പുസ്തകം വായിച്ചിട്ടുണ്ടു്. എന്നാലും ഇന്നലെയിതുവായിച്ചപ്പോള്‍ തോന്നി, എന്നാലൊരു ചിത്രം വരച്ചാലോ എന്നു്. ബ്രഷും പെയിന്റും പൊടിയൊക്കെതട്ടിയെടുത്തു.
എന്താപ്പൊ വരയ്ക്കാ?
കാക്കയെ വരച്ചാലോ? കാക്ക കറുപ്പല്ലേ? കറുപ്പില്‍ തുടങ്ങേണ്ട. എന്നാപ്പിന്നെ കൊക്കിനെ വരച്ചാലോ? വേണ്ട വെളുത്തപേപ്പറില്‍ ആരും കാണാതെ ... പാവം, അതും വേണ്ടെന്നുവെച്ചു. അവസാനം രണ്ടും കല്‍പ്പിച്ച് ഒരു മരത്തിനെ മനസ്സില്‍ ധ്യാനിച്ച് അങ്ങടു വരച്ചു. അങ്ങനെ കിട്ടിയതാണു മുകളിലത്തെ ചിത്രം. പുതുമയോടെ ഇവിടെ ഇരിയ്ക്കട്ടേ എന്നുകരുതി.
പിന്കുറിപ്പ്: ഏതുമരത്തെ മനസ്സില്‍ ധ്യാനിച്ചു എന്നു ചോദിയ്ക്കരുതേ, അതൊക്കെ ഔട്ട് ഓഫ് സിലബസ് ചോദ്യമായിപ്പോവും :-). അതുമല്ല, എന്റെ പ്രിയപ്പെട്ട മുരിങ്ങ എന്നൊക്കെ ഉത്തരം പറഞ്ഞാല്‍ ഉറികൂടി ഊറിച്ചിരിയ്ക്കില്ലേ?
Sunday, May 24, 2009
പുതുമയുടെ വക്താക്കള്‍
Saturday, May 23, 2009
കുന്തീസ്തുതി - ഭാഗം മൂന്നു്.
15.
16.
അപരേ വസുദേവസ്യ
ദേവക്യാം യാചിതോऽഭ്യഗാത്
അജസ്ത്വമസ്യ ക്ഷേമായ
വധായ ച സുരദ്വിഷാം
മറ്റുചിലര്‍ പറയുന്നൂ, വസുദേവരും ദേവകിയും പ്രാര്‍ത്ഥിച്ചതു നിമിത്തം അവരുടെ ക്ഷേമത്തിനായിട്ടും പിന്നെ അസുരന്മാരെ നശിപ്പിയ്ക്കാനുമായിട്ടാണു് ഭഗവാന് ഇങ്ങനെ ഒരു അവതാരം കൈക്കൊണ്ടതെന്നു്.
17.
ഭാരാവതരണായാന്യേ
ഭുവോ നാവ ഇവോദധൌ
സീദന്ത്യാ ഭൂരിഭാരേണ
ജാതോ ഹ്യാത്മഭുവാര്‍ത്ഥിതഃ
ഭാരാധിക്യത്താല്‍ കുഴങ്ങി, നിലനില്‍പ്പു തന്നെ അപകടത്തിലായ ഭൂമീദേവി, ഭൂഭാരം തീര്‍പ്പതിന്നായി കേണപേക്ഷിയ്ക്കയാല്‍ ഭൂമീദേവിയ്ക്കുതന്നെ ഒരു രക്ഷയ്ക്കായി, സമുദ്രത്തില്‍ മുങ്ങാന്‍പോകുന്നവന്നൊരു വഞ്ചിയെന്നപോലെ അവതരിച്ചുവന്നതാണെന്നു്.
18.
ഭവേऽസ്മിന് ക്ലിശ്യമാനാനാം
അവിദ്യാകാമകര്‍മ്മഭിഃ
ശ്രവണസ്മരണാര്‍ഹാണി
കരിഷ്യന്നിതി കേചന
മറ്റുചിലര്‍ പറയുന്നതെന്തെന്നോ? ഈ സംസാരസാഗരത്തില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമേകാനായി കേട്ടുരസിയ്ക്കാനും ഓര്‍ത്തോര്‍ത്ത് ആനന്ദിയ്ക്കാനും പറ്റിയ ലീലകളാടുന്നതിനാണു നിന്റെ ഈ അവതാരമെന്നു്.
19.
ശൃണ്വന്തി ഗായന്തി ഗൃണന്ത്യഭീക്ഷ്ണശഃ
സ്മരന്തി നന്ദന്തി തവേഹിതം ജനാഃ
ത ഏവ പശ്യന്ത്യചിരേണ താവകം
ഭവപ്രവാഹോപരമം പദാംബുജം
ഏതായാലും കൃഷ്ണാ! എല്ലാത്തരം ആളുകളേയും ആകര്‍ഷിയ്ക്കാന്‍ പോന്ന അനേകം ലീലകളാടുകയാല്‍ ഇനിമുതല്‍ നിന്റെയീ പുണ്യചരിതം കേട്ടും പാടിയും വീണ്ടും വീണ്ടും സ്മരിച്ചും മനസ്സിനെ നിന്നില്‍ത്തന്നെ കേന്ദ്രീകരിച്ച് സംസാരദുഃഖത്തില്‍നിന്നും രക്ഷപ്പെടാമല്ലോ!
20.
അപ്യദ്യ നസ്ത്വം സ്വകൃതേഹിത പ്രഭോ
ജിഹാസസിസ്വിത് സുഹൃദോऽനുജീവിനഃ
യേഷാം ന ചാന്യദ് ഭവതഃ പദാംബുജാത്
പരായണം രാജസു യോജിതാംഹസാം
പ്രഭോ! അങ്ങല്ലാതൊരു താങ്ങുമില്ലാത്ത ഞങ്ങളെ, യുദ്ധത്തില്‍ പലരേയും കൊന്നൊടുക്കിയ ഞങ്ങളെ, ഉപേക്ഷിച്ച് അങ്ങ് ഇന്നിപ്പോള്‍ ഇവിടം വിട്ട് പോയാല്‍ ഞങ്ങള്‍ക്കാരുണ്ടൊരാശ്രയം?
(തുടരും, അടുത്തതില്‍ അവസാനിയ്ക്കും)
Friday, May 22, 2009
കുന്തീസ്തുതി - ഭാഗം രണ്ടു്
9.
ജന്മൈശ്വര്യശ്രുതശ്രീഭിഃ
ഏധമാനമദഃ പുമാന്
നൈവാര്‍ഹത്യഭിധാതും വൈ
ത്വാമകിഞ്ചനഗോചരം
നല്ലകുലത്തില്‍ ജന്മം, ഐശ്വര്യം, പെരുമ, സമ്പത്ത് എന്നിവ ഉള്ള ഒരാള്‍ ഇതൊക്കെ ഉള്ളതുകൊണ്ടു് അഹങ്കാരവും മദവും വര്‍ദ്ധിച്ചവനായിത്തീര്‍ന്ന് ഈശ്വരചിന്തയില്‍ നിന്നും അകന്നുപോകുകയാണു പതിവു്. അകിഞ്ചനന്മാര്‍ക്കാണല്ലോ നിന്നെ നിരന്തരം ഭജിക്കാന്‍ സാധിക്കുന്നതു്.
(തന്റെ ബലമായി, അഥവാ തനിയ്ക്കു താങ്ങായി പണമോ ബുദ്ധിയോ നിലയും വിലയുമുള്ള ആള്‍ക്കാരോ ഒക്കെ ഉണ്ടെന്നു കരുതുന്നവര്‍ അഹങ്കാരികളാകുകയാണു പതിവു്, തനിയ്ക്കായി യാതൊന്നുമില്ല, ഉള്ളത് ഉള്ളിന്റെ ഉള്ളിലെ ഉണ്മ മാത്രം- എന്ന അറിവില്‍ ആ ചൈതന്യത്തെ ഏതെങ്കിലും ഒരു നിലയ്ക്ക് ആശ്രയിക്കാന്‍, ഒന്നുമില്ലാത്ത നിരഹങ്കാരികള്‍ക്കാണെളുപ്പം)
10.
നമോऽകിഞ്ചനവിത്തായ
നിവൃത്തഗുണവൃത്തയേ
ആത്മാരാമായ ശാന്തായ
കൈവല്യപതയേ നമഃ
യാതൊന്നുമില്ലാത്തവരാണു് അങ്ങയെ സമ്പാദിയ്ക്കാന്‍ അര്‍ഹരാവുന്നത്. അതുകൊണ്ടു് ഭഗവാനേ അര്‍ത്ഥവും കാമവും ഒന്നും വളര്‍ത്താതെ ആത്മാരാമനായ അങ്ങയെ സാക്ഷാത്കരിയ്ക്കാന്‍ അനുഗ്രഹിയ്ക്കണേ. ആത്മാരാമനും ശാന്തനും കൈവല്യപതിയുമായ അങ്ങയ്ക്കു നമസ്കാരം.
11.
മന്യേ ത്വാം കാലമീശാനം
അനാദിനിധനം വിഭും
സമം ചരന്തം സര്‍വത്ര
ഭൂതാനാം യന്മിഥഃ കലിഃ
ആദിയും അന്തവുമില്ലാത്ത കാലപുരുഷനായിട്ടും അങ്ങുതന്നെ ജഗത്തെല്ലാം വേണ്ടവിധം നിയന്ത്രിച്ചുനടത്തുന്നു. ഉണ്ടായിട്ടുള്ള എല്ലാറ്റിനുമൊപ്പം കാലമായി-കാലപുരുഷനായി- ചരിയ്ക്കുന്നതും നീ തന്നെ.
ന വേദ കശ്ചിത് ഭഗവംശ്ചികീര്‍ഷിതം
തവേഹമാനസ്യ നൃണാം വിഡംബനം
ന യസ്യ കശ്ചിദ് ദയിതോऽസ്തി കര്‍ഹിചിത്
ദ്വേഷ്യശ്ച യസ്മിന്‍ വിഷമാ മതിര്‍നൃണാം
ഹേ ഭഗവന്‍! അങ്ങയ്ക്ക് ചെയ്യേണ്ടതായിട്ടും നേടിയെടുക്കേണ്ടതായിട്ടും ഒന്നുമില്ല. പ്രിയനെന്നോ അപ്രിയനെന്നോ ഒക്കെയുള്ള വേര്‍തിരിവു് മനുഷ്യബുദ്ധിയ്ക്കാണുള്ളതു്. അങ്ങയ്ക്ക് ശത്രുമിത്രാദി വേര്‍തിരിവൊന്നും ഇല്ലെന്നതല്ലേ വാസ്തവം! എന്നിട്ടും നിന്റെ ഒരു മനുഷ്യനാട്യം - കേമമാവുന്നുണ്ട്!
13.
ജന്മകര്‍മ്മ ച വിശ്വാത്മന്‍
അജസ്യാകര്‍ത്തുരാത്മനഃ
തിര്യങ്നൃഷിഷു യാദസ്സു
തദത്യന്തവിഡംബനം
ജനനം, മരണം ഇതൊന്നും ഇല്ലാത്ത അങ്ങ് മനുഷ്യനാട്യത്തിലും പക്ഷിമൃഗാദി പലരൂപങ്ങളിലും ജനിയ്ക്കുക, മരിയ്ക്കുക തുടങ്ങിയ ഭാവങ്ങളോടുകൂടി ലീലകളാടുകയല്ലേ, അതു് വളരെ ആശ്ചര്യമായിരിയ്ക്കുന്നു.
14
ഗോപ്യാദദേ ത്വയി കൃതാഗസി ദാമ താവദ്
യാ തേ ദശാശ്രുകലിലാഞ്ജനസംഭ്രമാക്ഷം
വക്ത്രം നിനീയ ഭയഭാവനയാ സ്ഥിതസ്യ
സാ മാം വിമോഹയതി ഭീരപി യദ് ബിഭേതി
നിന്റെയാ നാട്യമുണ്ടല്ലോ കൃഷ്ണ! യശോദ കയറും കൊണ്ടു് നിന്നെ ഉരലില്‍ക്കെട്ടാന്‍ ഭാവിച്ചപ്പോള്‍ ചുണ്ടും കോട്ടി, അമ്മയെപ്പേടിച്ചിട്ടെന്നപോലെ കുസൃതിക്കണ്ണുകളില്‍ കണ്ണീര്‍നിറച്ചുകൊണ്ടുള്ള ആ നില്‍പ്പ്- നിന്റെ ആ ഭാവം എന്നെ ഇപ്പോഴും മോഹിപ്പിയ്ക്കാറുണ്ടു്- ജനനമരണങ്ങള്‍ക്കൊക്കെ അതീതനായ പരമാത്മാവായ അങ്ങു് (മൃത്യുദേവതപോലും ആരുടെ നിയന്ത്രണത്തിലാണോ അണുവിട തെറ്റാതെ കര്‍മ്മങ്ങളനുഷ്ഠിയ്ക്കുന്നതു്, ആ പരമകാരണന്‍) അമ്മയുടെ മുന്നില്‍ പേടിച്ചരണ്ടുനില്ക്കുന്ന ഒരുണ്ണിയായി നിന്ന കാഴ്ച എന്റെ കണ്ണില്‍ ഇപ്പോഴുമുണ്ടല്ലോ കണ്ണാ!
...............................................................(തുടരും)
Thursday, May 21, 2009
കുന്തീസ്തുതി
കുട്ടിക്കാലം മുതല്‍ എന്നുതന്നെ പറയട്ടേ, രക്ഷയ്ക്ക് ഭഗവാന് മാത്രമാണൊരാശ്രയം എന്നു മനസ്സിലാക്കാന്‍ അവസരം ലഭിച്ച കുന്തീദേവി, കൃഷ്ണനെ *സ്തുതിയ്ക്കുന്നതാണു രംഗം. കുന്തീദേവി പലപ്പോഴും കൃഷ്ണനെ തന്റെ ബന്ധു എന്നനിലയ്ക്കു കണ്ടിട്ടുണ്ടെങ്കിലും, ദേവിയ്ക്കറിയാമായിരുന്നു കൃഷ്ണന് വെറും ബന്ധുവല്ല, മനുഷ്യനാട്യം നടിയ്ക്കുന്ന സാക്ഷാല്‍ പരമാത്മസ്വരൂപനാണെന്ന്. തങ്ങളെ എന്തെന്താപത്തുവരുമ്പോഴും രക്ഷിച്ചത് അദ്ദേഹമാണെന്ന അറിവില്‍ ആ മഹിമയെ കീര്‍ത്തിയ്ക്കാനാണു ദേവി സ്തുതിയ്ക്കാന്‍ തുടങ്ങുന്നത്.
1.
നമസ്യേ പുരുഷം ത്വാദ്യം
ഈശ്വരം പ്രകൃതേഃ പരം
അലക്ഷ്യം സര്‍വ്വഭൂതാനാം
അന്തര്‍ബഹിരവസ്ഥിതം
ഹേ പരമപുരുഷ! എല്ലാറ്റിന്റേയും ഉള്ളിലും പുറത്തും നിറഞ്ഞിരിയ്ക്കുന്ന, എല്ലാറ്റിനും കാരണഭൂതനായ ഈശ്വര, ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിട്ടും (ഞങ്ങള്‍ക്കു) കാണാന്‍ കഴിയാത്ത പരം പൊരുളേ, അങ്ങയെ ഞാനൊന്നു നമസ്കരിച്ചോട്ടേ.
2.
മായായവനികാച്ഛന്നം
അജ്ഞാധോക്ഷജമവ്യയം
ന ലക്ഷ്യസേ മൂഢദൃശാ
നടോ നാട്യധരോ യഥാ
ശരിയായ നടനെ അറിയാതെ, കഥാപാത്രത്തെയാണു സാധാരണക്കാരായ നാടകക്കാഴ്ചക്കാര്‍ കണ്ടാസ്വദിയ്ക്കുക പതിവു്. പുറംകാഴ്ചയില്‍ മോഹിച്ചുപോയവര്‍ (മൂഢന്മാരായ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍) അങ്ങ് മായയാകുന്ന തിരശ്ശീലയാല്‍ മറയപ്പെട്ടകാരണം, മായക്കാഴ്ചയ്ക്കും അപ്പുറത്തുള്ള അവ്യയനായ ‘സാക്ഷാല്‍’ നടനെ അറിഞ്ഞുമനസ്സിലാക്കുന്നില്ല, അതിനു കെല്‍പ്പുള്ളവരല്ല.
3.
തഥാ പരമഹംസാനാം
മുനീനാമമലാത്മനാം
ഭക്തിയോഗവിധാനാര്‍ത്ഥം
കഥം പശ്യേമ ഹി സ്ത്രിയഃ
പരമഹംസന്മാരും ശുദ്ധനിഷ്ക്കളഹൃദയരും ആയ മഹാമുനിമാര്‍ക്കു് ഭക്തിരസം നിറച്ചുനല്‍കുന്ന അങ്ങയുടെ മാഹാത്മ്യത്തെക്കുറിച്ച്, ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങള് എങ്ങിനെയറിയാനാണു്?
4.
കൃഷ്ണായ വാസുദേവായ
ദേവകീനന്ദനായ ച
നന്ദഗോപകുമാരായ
ഗോവിന്ദായ നമോ നമഃ
5.
നമഃ പങ്കജനാഭായ
നമഃ പങ്കജമാലിനേ
നമഃ പങ്കജനേത്രായ
നമസ്തേ പങ്കജാംഘ്രയേ
4,5: ഹേ കൃഷ്ണ! വസുദേവ-ദേവകീപുത്ര, നന്ദഗോപകുമാര, ഗോവിന്ദ, അങ്ങയ്ക്കു വീണ്ടും വീണ്ടും നമസ്കാരം. [ഈ കണ്ണനെ എനിയ്ക്കു നന്നായറിയാം, ഇവന് തന്നെയാണത്രേ നാഭിയില്‍ താമരയുള്ള വിശ്വാധാരനും വിശ്വാകാരനും ഒക്കെയായ വിഷ്ണു!] ഹേ പങ്കജനാഭ! താമരക്കണ്ണാ, താമരമാലധരിച്ചുനില്‍ക്കുന്ന അങ്ങയുടെ ഈ കാല്‍ത്താരില്‍ ഞാനിതാ നമസ്കരിയ്ക്കുന്നു.
6
യഥാ ഹൃഷീകേശ ഖലേന ദേവകീ
കംസേന രുദ്ധാതിചിരം ശുചാര്‍പ്പിതാ
വിമോചിതാഹം ച സഹാത്മജാ വിഭോ
ത്വയൈവ നാഥേന മുഹുര്‍വിപദ്ഗണാത്
ദുഷ്ടനായ കംസനാല്‍ തടവിലാക്കപ്പെട്ട അത്യന്തദുഃഖിതയായ ദേവകിയെ ദുഃഖത്തില്‍നിന്നു കരകയറ്റിയതും അതുപോലെ, വന്നുപെട്ട എല്ലാ വിപത്സഞ്ചയങ്ങളില്‍നിന്നും (അടിയ്ക്കടി വന്നുപെട്ട ആപത്തുകളില്‍നിന്നും) എന്നെ എന്റെ മക്കളോടൊപ്പം രക്ഷിച്ചതും അങ്ങല്ലാതെ മറ്റാരുമല്ല കൃഷ്ണാ, എന്നു ഞാനറിയുന്നു.
7.
വിഷാന്മഹാഗ്നേഃ പുരുഷാദദര്‍ശനാത്
അസദ്സഭായാ വനവാസകൃച്ഛ്രതഃ
മൃധേ മൃധേऽനേകമഹാരഥാസ്ത്രതോ
ദ്രൌണ്യസ്ത്രതശ്ചാസ്മ ഹരേऽഭിരക്ഷിതാഃ
അങ്ങുതന്നെയാണു ഞങ്ങളെ വിഷഭയത്തില്‍ നിന്നും അരക്കില്ലത്തിലെ അഗ്നിയില്‍ നിന്നും ദുഷ്ടരുടെ സഭയില്‍ നിന്നും മഹാരഥന്മാരുടെ അസ്ത്രങ്ങളില്‍ നിന്നും ദാ ഇപ്പോള്‍ അശ്വത്ഥാമാവിന്റെ അസ്ത്രത്തില്‍നിന്നും (ഉത്തരാഗര്‍ഭത്തിലെ ശിശുവിനേയും) രക്ഷിച്ചത്. ഏതേതാപത്തില്‍ നിന്നും അങ്ങുതന്നെ ഞങ്ങളെ രക്ഷിച്ചുകൊണ്ടേയിരിയ്ക്കുന്നുവല്ലോ കൃഷ്ണ.
8.
വിപദസ്സന്തു ന ശ്ശശ്വത്
തത്ര തത്ര ജഗദ്ഗുരോ!
ഭവതോ ദര്‍ശനം യത് സ്യാത്
അപുനര്‍ഭവദര്‍ശനം!
അങ്ങയുടെ ദര്‍ശനം തന്നെ മോക്ഷം (മോചനം, സ്വാതന്ത്ര്യം)തരുന്നതാണു്. എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തിതന്ന് പരമാനന്ദത്തിലാറാടിയ്ക്കുന്നതാണു് അങ്ങയുടെ ദര്‍ശനം. ആപത്തുകള്‍ നേരിടുമ്പോഴൊക്കെ രക്ഷയ്ക്കായി അങ്ങ് ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആപത്തുകളെ ഞാനെന്തിനു ഭയപ്പെടണം? ആപത്തുകള്‍ വന്നുഭവിച്ചോട്ടെ, അപ്പോഴൊക്കെ അവിടുന്നു കൂടെത്തന്നെയുണ്ടാവുമെന്ന് എനിയ്ക്കുതന്നെ അനുഭവമുണ്ടല്ലോ (എന്നുസാരം).
....................................................................................................(തുടരും)
Wednesday, May 06, 2009
ചങ്ങലപൊട്ടിച്ചൊരാന
തണ്ടുംപൂണ്ടൊരു ദന്തീന്ദ്രന്
തുമ്പികുലുക്കിക്കുമ്പകുലുക്കി-
ക്കൊമ്പുംകാട്ടി നടന്നാന്‍ പോല്‍
കണ്ണിണചൊല്ലീ ‘വലത്താനേ’,
ചുണ്ടു പറഞ്ഞൂ ‘നിലത്താനേ’
ചെവിമുറങ്ങള്‍ കാറ്റിലാടീ
ആ വശത്താനേ,യീവശത്താനേ
വശംകെട്ടുനിന്നുപോയാന...
കണ്ടതുമെന്തെന്നോരാതേ-
യുണ്ടതുമെന്തെന്നറിയാതേ
മദിച്ചുചെളിയില്‍ക്കൂത്താടുകയാല്‍
പതിച്ചുവലിയൊരു ഗര്‍ത്തത്തില്‍
ഞാനിപ്പോള്‍ ‘കുഴിയാന’
കുഴിയിലെന്നെപ്പിടിച്ചുലയ്ക്കാന്‍
രുചിമണങ്ങള്‍ വേണ്ടതുണ്ടേ
തന്‍വലിപ്പം മറന്നപ്പോള്‍
പിടിയ്ക്കും ഹാ വേണ്ടയെന്നായ്-
ത്തനിച്ചന്നാ നില്‍പ്പിലുണ്ടായ്-
ത്തനിസ്വരൂപത്തിരിച്ചറിവും
തിരിച്ചറിവിന് നിറവിലല്ലോ
കെട്ടുചങ്ങല യഴിഞ്ഞതെന്നും
കെട്ടുകഥയെന്നാകിലെന്ത്
കെട്ടഴിയാനൊട്ടുതകും
കുഴിയാനക്കഥയല്ലോ ഗജേന്ദ്രമോക്ഷം
പുഴുവിന്നും തരപ്പെടാമതുല്യഭാഗ്യം!
Tuesday, May 05, 2009
വാക്കിന്റെ ജനിതകം, കവിതയുടേയും
പൊരുളെന്തെന്നു നിനയ്ക്കേ
വക്കിലുടക്കാറില്ലെന്നിപ്പോ-
ഴകത്തുതേനുണ്ണാമെന്നോ?
കത്തും വേനലില്‍ മാനസമാകെ
പൊടിപൂരത്തിന്‍കൂടാരം
പൊടിയും മഴയില്‍നനയാറുണ്ടേ
മാനസഹംസച്ചിറകപ്പോള്‍
മനം കലക്കും മട്ടില്‍പെയ്താല്‍
ചെളിക്കുഴമ്പായതുപിന്നെ
നിറമോലും നല്‍ത്താമരകാണാ-
തതിന്നുമടിയില്‍ ചെളിതോണ്ടും
‘പങ്കജ*’മേ നിന് ജനിതകമെന്തേ
ചെളിക്കുഴമ്പില്പുതയുന്നൂ?
കളിയാക്കാന്‍ ഹായ് ബഹുരസമയ്യേ
ചെളിയില്‍പ്പൂണ്ടൊരു ചെന്താരേ!
അഹന്തവേണ്ടിനിമേലില്‍ നീയും
പുളയും പുഴുവും സമശീര്‍ഷര്‍!
സുവര്‍ണ്ണസൂര്യനെ നോക്കാനെങ്ങനെ
മാനം നിന്നില്‍ ശേഷിപ്പൂ?
മുദ്രാവാക്യക്കൈപ്പൊക്കല്‍പോല്‍
ചെളിയില്‍ കീടം തലപൊക്കീ
മദിച്ചുമരുവും കൃമികീടങ്ങള്‍
ഉറഞ്ഞുതുള്ളീ മുറപോലേ...
വര്‍ഷമിറങ്ങീ ചെളിയുമടങ്ങീ
താമര നില്‍പ്പതുഹര്‍ഷിതയായ് !
താമരയുണ്മതു ചെളിയല്ലെന്നും
ആരുണ്ടറിവൂ മൂലകനിരയെ?
മൂല്യമതുറ്റൊരു ധാതുവിധാതാ-
വെന്നോ തന്നകുറിപ്പടിപോലെ
വലിച്ചുകുടിച്ചിട്ടാരസമൂറ്റി
ദഹിപ്പിച്ചമ്പൊടു സത്തകടഞ്ഞി-
ട്ടാവാഹിച്ചു മനസ്സിലിരുത്തി
ത്തന്മയമാക്കും കൌശലമല്ലേ
താമരയുണ്മതു തന്നനുഭൂതി!
ചെളിയില്‍ മദിയ്ക്കാതുറയാതങ്ങനെ
നിസ്സംഗത്തിന്‍ പാഠവുമുള്‍ക്കൊ-
ണ്ടെന്നും സത്താമാത്രയിലാണെന്‍
ചേതന, ചൊല്ലീ കവിതയുമതുപോല്‍!
പങ്കജം = പങ്കത്തില്‍ (ചെളിയില്‍) ഉണ്ടായത്.
Saturday, April 04, 2009
കൊന്നപ്പൂമൊഴി!
പഴമില്ല, കായില്ല, പൂവില്ല
ഒരിലപോലുമില്ല
അസ്ഥികൂടം പോലൊരു മരം
ഒരു ഉണക്കക്കൊന്നമരം!
ശിശിരം വേദനയത്രേ, ശരീരത്തിനും
ഇലയെല്ലാം കൊഴിഞ്ഞേപോയ്
ആരും തന്നെക്കാണരുതേ എന്ന്
കൊന്ന തന്റെ ഉള്ളിന്റെയുള്ളില്‍ ഒളിച്ചിരുന്നു
ആരും തന്നെ കാണേണ്ട
തനിയ്ക്കുമാരേം കാണേണ്ട
ഉള്ളിലേയ്ക്കൊതുങ്ങിയൊതുങ്ങി
നീലാകാശത്തെമനസ്സില്‍വിരിച്ച്
സുഷുപ്തിയിലാണ്ടൂ കൊന്ന.
..................................
ഇലയില്ല, കലപിലയില്ല
പുറത്തെചൂടില്ല, തണുപ്പില്ല
ഹായ്! കാറ്റുവിളിച്ചു ചിറകിലിരുത്തി
വാനോളം പൊങ്ങിയുയര്‍ന്നു
നീലാകാശപ്പരപ്പില്‍
ശരീരഭാരമില്ല്ലാതെ ഒഴുകിപ്പരന്നു
ആകാശഗംഗയായി, അമൃതായി
അലിഞ്ഞലിഞ്ഞുനിറഞ്ഞു!
......................................................
ചിത്രപ്പാവാടനീര്‍ത്തിപ്പറന്ന പാപ്പാത്തി
ഒരുവേളവിശ്രമിക്കാനായി ഇറങ്ങിവന്നിരുന്നു
കൊന്നമരക്കൊമ്പില്‍.
ശിശിരം കഴിഞ്ഞത്രേ
ആദ്യം പറഞ്ഞതു പാപ്പാത്തി
വസന്തം വന്നെന്നു പൂങ്കുയിലുകള്‍.
ഉണക്കക്കൊന്നയ്കു ചിരിയ്ക്കണം
ആര്‍ത്തുല്ലസിയ്ക്കണം
താനൊരു ഉണക്കക്കൊന്നയല്ലത്രേ!
ഉള്ളിലൊളിച്ചിരുന്ന കൊന്ന
ചിരിച്ചൊലിച്ചിറങ്ങാനൊരുങ്ങി
ഓരോ ചര്‍മ്മകൂപത്തിലൂടേയും.
ഓരോ സൂര്യകിരണത്തിലും
കൊന്നകണ്ടതു വര്‍ണ്ണപ്രപഞ്ചം
മഴവില്‍ക്കാവടിയാട്ടം
കൊന്ന കോരിത്തരിച്ചു
കൊഞ്ചിച്ചിരിച്ചു
പൊന്നിന്‍പൂപ്പുഞ്ചിരിയായി
മഞ്ഞപ്പൂങ്കുലകള്‍ ഒഴുകിപ്പരന്നു!
കിങ്ങിണിമണിനാദം പോലെ
കൊന്നപ്പൂമൊഴി ഞാന്‍ കേട്ടൂ...
“ ഇലക്കനംപോണം, തലക്കനം പോയാല്‍
മറന്നിടാം സ്വയം, സുഷുപ്തി സുന്ദരം!
ഉണര്‍വുമൂര്‍ജ്ജവും നിറച്ചുകൊണ്ടപ്പോള്‍
ചിരിച്ചുപൂങ്കുലവിരിച്ചുനിന്നിടാം,
ഉണങ്ങരുതാരും” ചിരിച്ചുണരുവാന്‍
കണിക്കൊന്നയെന്നെ വിളിച്ചുണര്ത്തിയോ
വിഷുവന്നെത്തിപോല്‍ കണിക്കൊന്ന ചൊല്വൂ
ഉറങ്ങിയോരെല്ലാം ചിരിച്ചുണരട്ടേ!