മനസ്സ് ഒരവയവമാണോ? ആണെങ്കില്‍ എവിടെയാണതിന്റെ സ്ഥാനം? ഹൃദയത്തിലോ തലച്ചോറിലോ അതോ ചിന്തിയ്ക്കപ്പെടുന്ന വസ്തുക്കളിലോ? കൃത്യമായ ഉത്തരം എനിയ്ക്കറിയില്ല. എങ്കിലും എഴുതാം ഇത്തിരി 'മാനസികം'.
എന്താണു മനസ്സ്?
കടലിലെ വെള്ളം പൊങ്ങിത്താണ് പൊങ്ങിത്താണ്, ഒഴുകിയൊഴുകിവരുമ്പോള്‍ അതിനെ "തിരമാല" എന്നു വിളിക്കുന്നില്ലേ? അതുപോലെ ചിന്തകളുടെ അത്തരത്തിലുള്ള ഒഴുക്കിനെയാണത്രേ "മനസ്സ്" എന്നു പറയുന്നത്. ഒരേസമയം പലപല ചിന്തകള്‍ കുത്തിയൊഴുകിവരുമ്പോള്‍ മനസ്സ് പ്രക്ഷുബ്ദ്ധമാവാറുണ്ടല്ലോ. ഒരു സമയം ഒരു കാര്യം മാത്രം ചിന്തിയ്ക്കുന്നുവെങ്കില്‍ താരതമ്യേന സമാധാനമുണ്ടാവാറുണ്ട്. ചിന്തകളെല്ലാം നീങ്ങിയാലോ? മനോലയം- മനസ്സ് ലയിച്ചാല്‍- അടങ്ങിയാല്‍, ശാന്തമായ- സാന്ദ്രമായ- ആനന്ദസാഗരം മാത്രം. "യോഗഃ ചിത്തവൃത്തിനിരോധഃ" എന്നാണല്ലോ.
നമുക്കിഷ്ടമുള്ള ഒരു നോവല്‍ വായിക്കുകയാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ മറ്റുചിന്തകളൊന്നും മനസ്സിലേയ്ക്കു കടന്നുവരുന്നില്ല. നോവല്‍ വായിയ്ക്കുക- ആ കഥ എന്ന ഒരൊറ്റ ചിന്ത മാത്രം മനസ്സില്‍. വിശപ്പും ദാഹവും അറിയാതെ എത്രനേരം വേണമെങ്കിലും നമ്മള്‍ അതില്‍ മുഴുകിയിരിയ്ക്കും. അത്രയും നേരം മറ്റുപലപലചിന്തകളും ഇളകിമറിയാതിരുന്നതുകൊണ്ട്, മനസ്സ് ഹോബി ആസ്വദിക്കുന്നു.
ഇനി മറ്റൊരു വിശദീകരണം-
മനസ്സ് എന്നത് പുറത്തുനിന്നും ചെവിയിലൂടെയും കണ്ണിലൂടെയും ഒക്കെ വിവരങ്ങളെ സ്വീകരിക്കുന്ന "recieving clerk" ആണത്രെ. സ്വീകരിക്കുന്ന വിവരങ്ങളെല്ലാം കൂട്ടി വെയ്ക്കും. കണ്ണു തരുന്ന വിവരമൊന്ന്, ചെവിതരുന്ന വിവരം മറ്റൊന്ന്... എല്ലാം കൂടി കൂട്ടിവായിയ്ക്കും മനസ്സ്. എന്നിട്ടോ? കണ്‍ഫ്യൂഷന്‍ തുടങ്ങുന്നു. ആര്? മനസ്സ്. ("സങ്കല്‍പ്പവികല്‍പ്പാത്മകം മനഃ)
കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ മുന്‍കൈ എടുക്കുന്നത് ബുദ്ധി. കാര്യങ്ങള്‍ ശരിയാം വിധം ഗ്രഹിച്ച് ഇന്ന-ഇന്നവിധം ചെയ്യൂ എന്ന് തീരുമാനമെടുക്കുന്നത് ബുദ്ധി.(നിശ്ചയാത്മികാ ബുദ്ധിഃ).
പണ്ടുണ്ടായ അനുഭവങ്ങളെയൊക്കെ വിലയിരുത്തിനോക്കാന്‍ "ചിത്തം" ബുദ്ധിയെ സഹായിയ്ക്കും. "ചിത്തം" ഓര്‍മ്മിയ്ക്കുക എന്ന പണിചെയ്യുന്നു.
അതായത് ഒന്നിന്റെതന്നെ വ്യത്യസ്ത roles ആണ് മനസ്സും ചിത്തവും ബുദ്ധിയും എന്നു പറയാം. അവസരത്തിനനുസരിച്ച് role മാറിമാറി ഏറ്റെടുക്കും. എന്നാല്‍ ഏതുനേരവും "ഞാന്‍ ചെയ്യുന്നു, ഞാന്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ എഴുതുന്നു..." എന്നിങ്ങനെ doership, enjoyership എന്നിവ അവകാശപ്പെട്ടുകൊണ്ട്, "ഞാന്‍" എന്ന ' അഹംകാരം' എപ്പോഴും നിലനില്‍ക്കുന്നു. മനസ്സിനും ചിത്തത്തിനും ബുദ്ധിയ്ക്കും ഒപ്പം ഈ അഹംകാരം ഏതുനേരവും ഉണ്ടാകും. എത്ര വിനയാന്വിതനും ഉണ്ടാവും ഈ അസ്തിത്വബോധം- ഞാനുണ്ട് എന്ന ബോധം- ഈ അഹംകാരം.
ഈ ചെറിയ"ഞാന്‍" അല്ല, ഞാനിനെ ഞാനാക്കുന്ന ഒരു വലിയ"ഞാന്‍" - അതുമായി താദാത്മ്യം ബോദ്ധ്യപ്പെടും വരെ ഈ അഹംകാരം ego of doership ഉണ്ടാവും.
"മനോബുദ്ധ്യഹംകാരചിത്താനി നാഹം..." ഓര്‍മ്മ വരുന്നു.
(എന്റെ മനസ്സേ! മനസ്സിലാവാതെ മനസ്സിലായീന്നു പറഞ്ഞാല്‍ മനസ്സിലായതും കൂടി മനസ്സിലാവാണ്ടാവും മനസ്സിലായോ? ഹി ഹി:-))