Tuesday, June 23, 2009

പവിഴമല്ലി

മാലിനി പതിവില്ലാതെ ജനല്‍ തുറന്നു. കൊതുക്കളോടും പൊടിപടലത്തോടും സദാ അടരാടുന്ന ജനല്‍. പുറത്തേയ്ക്കു നോക്കിയാല്‍ ഒന്നും കാണാനില്ലാത്തതുകൊണ്ട് പുറത്തേയ്ക്കവള്‍ നോക്കിയില്ല. എങ്കിലും ഒരു ഇളം കാറ്റ്, അവളോട് അനുവാദം ചോദിയ്ക്കാതെ അകത്തുകയറി. ആഹാ... പടിഞ്ഞാറന്‍‌കാറ്റിന് പവിഴമല്ലിപ്പൂവിന്റെ മണം. എവിടെനിന്നാണെന്നറിയില്ല. പൂമണം അവളെ അവിടെ പിടിച്ചുനിര്‍ത്തിയത് ഒരൊറ്റനിമിഷം. അടുത്തനിമിഷം അവള്‍ എത്തിയതോ നൂറുനൂറുമൈലുകള്‍ക്കപ്പുറം പത്തിരുപത്തിരണ്ടുകൊല്ലങ്ങള്‍ക്കപ്പുറം തന്റെ കുഞ്ഞിപ്പാവാടയില്‍ പെറുക്കിയെടുത്ത പവിഴമല്ലിപ്പൂക്കളില്‍.

ഓണപ്പരീക്ഷ നടപ്പുള്ള കാലം. പരീക്ഷയെ പേടിയ്ക്കാനുള്ള പ്രായമൊന്നും അന്നവള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാലും അഞ്ചുമണിയ്ക്കേ ഉണരും. എന്തൊരു ഉത്സാഹമായിരുന്നു. എന്തിനാണെന്നോ? കൊച്ചേട്ടനേം കൂട്ടി വീടിന്റെ തൊട്ടടുത്തുള്ള ഇടവഴിയില്‍ അങ്ങേവീട്ടില്‍നിന്നും വീഴുന്ന പവിഴമല്ലിപ്പൂക്കള്‍ പെറുക്കണം. ആരും വഴിനടന്നു ചവിട്ടിക്കൂട്ടുന്നതിന്‍ മുമ്പേ പോയാലേ പൂക്കള്‍ കിട്ടൂ. അഞ്ചോ പത്തോ ഇരുപതോ പൂക്കള്‍ കിട്ടും. കൊച്ചേട്ടനും മാലിനിക്കുട്ടിയ്ക്കും സന്തോഷമാവും. എന്നാലും കുറച്ചുകൂടി പൂക്കള്‍ കിട്ടിയാല്‍ പൂക്കളത്തില്‍ വലിയവട്ടം തീര്‍ക്കാലോ. കൊച്ചേട്ടന്‍ ഒരു കൊക്കയും കൂടെ കരുതിയിട്ടുണ്ടാവും. ആരും അറിയാതെ, ആ വീട്ടുകാരുണരാതെ, മരക്കൊമ്പിലേയ്ക്കു കൊക്കയുയര്‍ത്തി, അനിയത്തി കാണിച്ചുകൊടുക്കുന്ന ടോര്‍ച്ചിന്റെ പ്രകാശത്തില്‍ മൊട്ടുകളെ നോവിക്കാതെ, വീഴാന്‍ തെയ്യാറായിനില്‍ക്കുന്ന പൂക്കളെ മാത്രം കുലുക്കിത്താഴത്തിടും. കൊച്ചേട്ടനും മാലിനിക്കുട്ടിയും കൂടി പൂക്കളെല്ലാം പെറുക്കി ഇലക്കുമ്പിളിലാക്കി വിജയഭാവത്തില്‍ വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ അമ്പലത്തില്‍ സുപ്രഭാതം തുടങ്ങും, അതായിരുന്നു അന്നൊക്കെ സൂര്യന്റെ അലാറം.
ദേവിടീച്ചറുടെ അലാറം - ഓര്‍ത്തപ്പോള്‍ മാലിനിക്കുട്ടി ഒന്നു പരിഭ്രമിച്ചു.
പവിഴമല്ലിപ്പൂക്കള്‍ ഒന്നും കിട്ടാതിരുന്ന ഒരു ദിവസം അവള്‍ക്കും കൊച്ചേട്ടനും സങ്കടമായി. ഇനിയെന്തുചെയ്യും. രണ്ടുപേരും കൂടി ഇടവഴിയിലൂടെ മുന്നോട്ടുനടന്നു. അമ്പലം വരെയുള്ള വഴി രണ്ടുപേര്‍ക്കും നല്ല പരിചയമുണ്ട്. ആ വഴി നടന്നു നടന്നു മതിലുകളില്‍നിന്നും പുറത്തേയ്ക്കു ചാഞ്ഞുനിന്നിരുന്ന ചെടികളില്‍ നിന്നും കൊക്കകൊണ്ട് കുറച്ചുപൂക്കള്‍ ഒക്കെ സംഭരിച്ചു. എന്നാലും പവിഴമല്ലികിട്ടാത്തതിന്റെ സങ്കടം മാറിയില്ല. വീണ്ടും അവര്‍ നടന്നുകൊണ്ടേയിരുന്നു.
“അമ്മൂ, ദേവിടീച്ചറുടെ വീട്ടിലുണ്ട് പവിഴമല്ലി.” കൊച്ചേട്ടന്‍ തന്റെ ലോകവിവരം പുറത്തെടുത്തു.
എവിട്യ്യാ ദേവിട്ടീച്ചറുടെ വീടു്?” അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“കുറച്ചുകൂടി നടന്നാലെത്തും. നീ നേരേ ടോര്‍ച്ചടിയ്ക്കൂ. വഴി കാണട്ടെ.

ഏട്ടനും അനിയത്തിയും നടന്നു നടന്ന് ദേവിടീച്ചറുടെ വീടിനടുത്തെത്തി. മതിലരികത്തല്ല പവിഴമല്ലിമരം. എന്തു ചെയ്യും. ഗേറ്റു തുറന്നു അകത്തുകയറാം. അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റിനടുത്തെത്തി. ശ്ശെടാ, ഇതെന്താ ഗെയിറ്റ് പൂട്ടിയിരിയ്ക്കുന്നല്ലോ. ഇതെന്തിനാ ഗെയിറ്റൊക്കെ പൂട്ടുന്നത്? ഇനിയിപ്പൊ എന്താണൊരുവഴി?
കൊച്ചേട്ടന്റേയും മാലിനിക്കുട്ടിയുടേയും ധൈര്യം കുതിച്ചുകയറി. രണ്ടുപേരും കൂടി ഗേറ്റിന്റെ അഴികളില്‍ ചവിട്ടിക്കയറി ഗെയിറ്റ് ചാടിക്കടന്ന്, ദേവിട്ടീച്ചറിന്റെ വീട്ടുമുറ്റത്തെത്തി. പവിഴമല്ലിമരത്തിനടുത്തേയ്ക്കോടിച്ചെന്നു. ഹായ് കുറേപൂക്കള്‍ മുറ്റത്തു പൂമഴപെയ്തപോലെ പരന്നുകിടക്കുന്നു. സന്തോഷത്തോടെ അവര്‍ രണ്ടുപേരും പൂക്കള്‍ പെറുക്കിക്കൊണ്ടിരുന്നു. ഇലക്കുമ്പിളിലൊന്നും കൊള്ളാത്തത്ര പൂക്കള്‍. മാലിനിക്കുട്ടിയുടെ കൊച്ചുപാവാട പൂക്കുമ്പിളായി, നിറയെ പൂക്കള്‍ കിട്ടിയ സന്തോഷത്തോടെ അവര്‍ തിരിച്ചു നടന്നു. ഗെയിറ്റിനടുത്തെത്തി. പാവാടക്കുമ്പിളില്‍ പവിഴമല്ലിപ്പൂക്കള്‍. മാലിനിക്കുട്ടി ഗെയിറ്റു ചാടുന്നതെങ്ങനെ? വേലിയ്ക്കുപകരം മതിലും ഗെയിറ്റും ഉള്ള വീടുകളെയൊക്കെ അവള്‍ മനസാ ശപിച്ചുകൊണ്ട്, ഇനിയെന്തുപോം വഴി എന്നാലോചിച്ചു നിന്നു.
ദേവിട്ടീച്ചറുടെ അലാറവും ഇടവഴിയിലൂടെ വന്ന പത്രക്കാരന്റെ സൈക്കിള്‍മണിയും ഒരുമിച്ചടിച്ചു...
മാലിനിക്കുട്ടിയുടേയും കൊച്ചേട്ടന്റേയും കണ്ണുകള്‍ നിറഞ്ഞുതുടങ്ങി. എങ്കിലും ഏട്ടന്‍ ധൈര്യം സംഭരിച്ച് അനിയത്തിയോടു പറഞ്ഞു.
“അമ്മൂ, കരയരുത്, കരഞ്ഞാല്‍ ഈ പൂവൊക്കെ ചീത്ത്യാവും”
അതാ, വരുന്നു ദേവിട്ടീച്ചറുടെ വീട്ടിലെ അമ്മാമന്‍ ഗെയിറ്റ് തുറക്കാന്‍

കൊച്ചേട്ടന്‍ ഓടിച്ചെന്നു ആ അമ്മാമനോടു പറഞ്ഞു,
“കൊറേ പൂ കിട്ടി, അമ്മൂന്റെ പാവാടക്കുമ്പിള്‍ നിറഞ്ഞു, അതാ ഇങ്ങോട്ടു ചാടിയപോലെ തിരിച്ചു ചാടാന്‍ പറ്റാഞ്ഞത്. അമ്മാമാ, ഗെയിറ്റൊന്നു തുറന്നു തരുമോ? ഞാന്‍ ഗെയിറ്റ് ചാടിക്കോളാം, പക്ഷേ ഇവള്‍ക്കു ചാടാന്‍ പറ്റില്ല, പ്ലീസ് അമ്മാമാ”

ആ അമ്മാമന്‍ അതുകേട്ട് ചിരിയ്ക്കുകയാണുചെയ്തത്. വേഗം ഗെയിറ്റ് തുറന്നുതന്നിട്ട് കൊച്ചേട്ടനോടും മാലിനിക്കുട്ടിയോടുമായിപ്പറഞ്ഞു, “ആരും ഗെയിറ്റ് ചാടിക്കടക്കണ്ട, ഞാന്‍ തുറന്നുതരാം ഗെയിറ്റ്. ഇനി ഓണം കഴിയുന്നവരെ, എന്നും നേരം വെളുത്തതിനുശേഷം രണ്ടാളും കൂടിവന്നോളൂ, എന്നിട്ട് ഇഷ്ടം പോലെ പൂ പറിച്ചോളൂ, ട്ടോ. പക്ഷേ ആരും അറിയാതേം ശബ്ദമുണ്ടാക്കാതേം കള്ളന്മാരെപ്പോലെ ഒരിയ്ക്കലും ഒന്നും ആരുടേയും എടുക്കരുത് ട്ടോ കുട്ട്യോളേ”

കൊതുപ്പട ആര്‍ത്തുവരുന്നതുകണ്ട് മാലിനി ഫ്ലാറ്റിന്റെ ജനല്‍ അടച്ചു, അപ്പോഴും അവിടെ കാറ്റിനുസുഗന്ധം - കുഞ്ഞിപ്പാവാടക്കുമ്പിളില്‍ അന്നു വാരിക്കൂട്ടിയ പവിഴമല്ലിയ്ക്കു കാതങ്ങളും കാലങ്ങളും താണ്ടി ഇത്രത്തോളം വരാന്‍ കഴിയുമെന്ന് കൌതുകത്തോടെ മാലിനി അമ്പരന്നുനിന്നു.

Sunday, June 14, 2009

ദീപാലിയുടെ ഫ്രീഡം

ദീപാലി ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി. വയസ്സു പത്തൊന്‍പത്. . പതിനെട്ടുകഴിഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യമില്ലേ എന്നവള്‍ ചോദിയ്ക്കുന്നു. സാമാന്യം നന്നായി പഠിയ്ക്കുമായിരുന്നു. പക്ഷേ ഈ വര്‍ഷം പഠിത്തത്തില്‍ ഒട്ടും ശ്രദ്ധയില്ലാതായിരിയ്ക്കുന്നു. അവള്‍ക്കു കാര്യമായ മാറ്റമുണ്ടല്ലോ എന്നു മനസ്സിലാക്കി ടീച്ചര്‍ അവളെ അടുത്തുവിളിച്ചു ചോദിച്ചു. ക്ലാസില്‍ വെച്ച് ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്ന അവള്‍, വൈകിട്ടു കോളേജ് സമയം കഴിഞ്ഞതിനുശേഷം വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചറെ സ്റ്റാഫ് റൂമില്‍ച്ചെന്ന് കാണുകതന്നെ ചെയ്തു.

“ടീച്ചര്‍, ടീച്ചറൊടെനിയ്ക്കു സംസാരിയ്ക്കാനുണ്ടു്. ഇപ്പോള്‍ സമയമുണ്ടോ?”

‘സമയം ഉണ്ടാക്കാം, ദീപാലി പറയൂ, എന്താ കേള്‍ക്കട്ടേ’
“ടീച്ചര്‍, ഞാനൊരാളുമായി അടുപ്പത്തിലാണു്. ഇന്റര്‍നെറ്റു വഴി പരിചയപ്പെട്ടതാണു്. തമ്മില്‍ കാണാതെ വെറുതേ ഒരു രസത്തിനു ചാറ്റു ചെയ്തു ചെയ്തു പരിചയമായി. വളരെയധികം അടുത്തുപോയി. കോളേജുകാരായ ബോയ്‌ഫ്രണ്ട്സ് ധാരാളം ഉണ്ടെങ്കിലും എനിയ്ക്ക് അയാള്‍ ഒരു പ്രത്യേകസുഹൃത്തായിരുന്നു. കാണാതെ വയ്യ എന്ന നിലയായപ്പോള്‍ ഞാനും കൂടി മുന്‍‌കൈ എടുത്ത് ഞങ്ങള്‍ ഇടയ്ക്കു കൂടിക്കാഴ്ച നടത്തുന്നുണ്ടു്. വീട്ടിലറിഞ്ഞപ്പോള്‍ മുതല്‍ അമ്മ എന്നോടു ഭയങ്കര ദേഷ്യത്തിലാണ്. അമ്മയോടു തര്‍ക്കിച്ചു എനിയ്ക്കു മടുത്തു. അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.

ടീച്ചര്‍, പതിനെട്ടു വയസ്സുകഴിഞ്ഞ ഞാന്‍ എന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുത്താല്‍ എന്താണു കുഴപ്പം? അമ്മയ്ക്ക് ഈഗോ കോംപ്ലക്സ് ആണെന്നു തോന്നുന്നു. എനിയ്ക്കയാളെ ഉപേക്ഷിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്തുരസമാണെന്നോ അയാളുടെ കൂടെയിരിക്കാന്‍! കല്യാണമൊന്നും ഞാന്‍ കഴിക്കില്ല. അതൊക്കെ ഒരു ബാധ്യതയാവും. പക്ഷേ എനിയ്ക്കയാളുടെ കമ്പനി ഇഷ്ടമാണ്, എല്ലാതരത്തിലും.

ടീച്ചര്‍ , ടീച്ചര്‍ക്കറിയാലോ, മോം ഈസ് എ സിങ്ഗിള്‍ പാരന്റ്.
സ്റ്റില്‍ ഷി ഡസ്ന്റ് നോ വാട്ട് ഫ്രീഡം ഈസ് ആള്‍ എബൌട്ട്.

ടീച്ചര്‍ക്കു വിശ്വസിയ്ക്കാനാവുമായിരുന്നില്ലെങ്കിലും ദീപാലി തന്നോടുഇത്രയും തുറന്നു സംസാരിച്ചതിനെ മനസാ അഭിനന്ദിക്കുകതന്നെ ചെയ്തു ടീച്ചര്‍. ടീച്ചര്‍ക്ക് ഏതുതരത്തില്‍ സഹായിക്കാന്‍ പറ്റും എന്നു ചിന്തിക്കാന്‍ തുടങ്ങി. കാര്യത്തിന്റെ ഗൌരവവും വരുംവരായ്കകളും അമ്മയുടെ പ്രതീക്ഷകളും മകളുടെ ഉത്തരവാദിത്തവും ടീച്ചറുടെ കര്‍ത്തവ്യബോധവും ഒക്കെ മനസ്സില്‍ തിക്കിത്തിരക്കി മിന്നലാട്ടം നടത്തവേ ദീപാലി ഒന്നുകൂടി പറഞ്ഞു...
“ടീച്ചര്‍, ഞാന്‍ അമ്മയെ കോളേജിലേക്കു കൂട്ടിക്കൊണ്ടുവരട്ടേ, ഫീമെയില്‍ ഫ്രീഡത്തെക്കുറിച്ച് ഒന്നു അമ്മയോട് സംസാരിയ്ക്കാമോ?”

“ഉം, കൊണ്ടുവരൂ” വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചര്‍ അമര്‍ത്തിമൂളിയപ്പോള്‍ ചിന്തിച്ചു, ഏതു വനിതയുടെ ചട്ടക്കൂട്ടില്‍ നിന്നു ചിന്തിയ്ക്കണം? വിദ്യാര്‍ത്ഥിനി? അവളുടെ അമ്മ? സമൂഹത്തോടു മൊത്തം ഉത്തരവാദിത്തമുള്ള അദ്ധ്യാപിക?

ഇന്നത്തെക്കുട്ടികളെയോര്‍ത്ത്, നാളത്തെ വീരവനിതകളെയോര്‍ത്ത്, പൌരന്മാരെ വാര്‍ത്തെടുക്കേണ്ട മൂശകളെയോര്‍ത്ത് , ടീച്ചര്‍ ചിന്താവിഷ്ടയായിനിന്നതേയുള്ളൂ...ആ നില്‍പ്പില്‍ “വിമന്‍ സെല്‍” എന്ന് തൂക്കിയിട്ട ബോര്‍ഡില്‍ നിന്നും ‍ തലയില്‍ ചേക്കേറിയ് ‘ഫീമെയില്‍ ഫ്രീഡം’ എങ്ങോട്ടെന്നില്ലാതെ പറന്നു പറന്നു പറന്നകന്നു.

Wednesday, June 10, 2009

അവനും അവളും

വീട്ടില്‍ സുഹൃത്തുക്കള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു. ഇന്നലെ വന്ന ആത്മസുഹൃത്തിന്റെ അടുത്ത് അവന്‍ ഹൃദയം തുറക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. പറയാനുള്ളതൊക്കെ അവന്‍ പറഞ്ഞുതീര്‍ക്കട്ടേയെന്നു് സുഹൃത്തും കരുതിക്കാണും.

“എനിയ്ക്കവളെ എന്തിഷ്ടമായിരുന്നെന്നോ! അവളുടെ എന്തുഗുണമാണ് എന്നെ ആകര്‍ഷിച്ചത് എന്നൊന്നും എനിയ്ക്കറിയില്ല. സുന്ദരി എന്നു പറയില്ലെങ്കിലും എന്തോ ഒരു വശ്യത അവള്‍ക്കുണ്ടായിരുന്നു. കണ്ണുകളിലോ പുഞ്ചിരിയിലോ നിഷ്കളങ്കത അധികം ഉണ്ടായിരുന്നതെന്ന് എനിയ്ക്ക് അറിയില്ല. സാമാന്യം നല്ല വിദ്യാഭ്യാസവും നല്ല ധൈര്യവും അതോടൊപ്പം അഹങ്കാരമില്ലായ്മയും. മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്നത് ഒരു വ്രതം പോലെയായിരുന്നു അവള്‍ക്ക്. എനിയ്ക്കുമാത്രമല്ല എന്റെ എല്ലാ ബന്ധുക്കള്‍ക്കും വിശേഷിച്ചും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അവളെ നല്ല കാര്യമായിരുന്നു. എന്റെത്തന്നെ ചില ബന്ധുക്കള്‍ ഞാന്‍ പോലും അറിയാതെ അവളുടെ അടുത്ത് അവരവരുടെ വിഷമം പറഞ്ഞ്, ആശ്വാസവാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒരിയ്ക്കലും ഒരു ലഹളയ്ക്കും പരദൂഷണത്തിലും തലയിടില്ലെന്നുമാത്രമല്ല, പലകാലം അല്പരസത്തില്‍ കഴിഞ്ഞിരുന്ന ചിലരെയെങ്കിലും നല്ലബന്ധുക്കളാക്കാന്‍ പോലും അവള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
കുടുംബം എന്നാല്‍ അവള്‍ക്ക് ‘അണു'അല്ല, എന്റേയും അവളുടേയും ബന്ധുക്കളെല്ലാം അടങ്ങിയതായിരുന്നു അവളെ സംബന്ധിച്ച് കുടുംബം. കുടുംബം കഴിഞ്ഞേയുള്ളൂ അവള്‍ക്കു ജോലി, എന്നുവെച്ച്, ജോലിയില്‍ ആത്മാര്‍ഥതയില്ല എന്നല്ല. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി മുഴുമിപ്പിക്കാറുണ്ട്. കൂട്ടത്തില്‍ അവള്‍ കൂടുതല്‍കൂടുതല്‍ പഠിച്ചുകൊണ്ടുമിരുന്നു.

അവള്‍ എഴുതുന്നതും പറയുന്നതും പാചകം ചെയ്യുന്നതും ഒന്നും വലിയ വലിയ ലക്ഷ്യങ്ങള്‍ മനസ്സില്‍ വെച്ചായിരുന്നില്ല, അത്ര കേമവുമായിരുന്നില്ല. അതോരോന്നും എനിയ്ക്കെത്ര പ്രിയപ്പെട്ടതായിരുന്നെന്നോ. അവള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും എനിയ്ക്ക് ഇഷ്ടമായി എന്നറിയുന്നതും നന്നായി എന്നു ഞാന്‍ പറയുന്നതും അവള്‍ക്കു കേള്‍ക്കാന്‍ ഇഷ്ടമാണെന്ന് അവള്‍ തന്നെ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ അവളോടിതുവരെ നേരിട്ടു പറഞ്ഞിട്ടില്ല.

ഇനി പറയാനുമാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...

അവള്‍ എന്നെവിട്ടു പോയിട്ട് ഇന്നേയ്ക്ക് നാല്‍പ്പത്തൊന്നു ദിവസം കഴിയുന്നു”.

അവനും ആത്മസുഹൃത്തിനും ചായയെങ്കിലും കൊടുക്കാന്‍ കൊതിച്ച്, അടുക്കളയിലെ ചായപ്പാത്രത്തില്‍ വട്ടം ചുറ്റിനിന്നിരുന്ന അവളുടെ ആത്മാവു് പുഞ്ചിരിച്ചു. നിറപുഞ്ചിരി.