Wednesday, December 16, 2009

ത്രിമാനദര്‍ശനം

ഒന്നാം ദര്‍ശനം
കട്ടയും മണ്ണും ചുമന്നുകൊണ്ടും
മെയ്യിലഴുക്കുപുരണ്ടുകൊണ്ടും
കല്ലും സിമന്റും കുഴച്ചൊരുക്കി-
ത്തന്വിയാളൊന്നു പണിപ്പെടുന്നൂ
ഒക്കത്തിരിക്കുന്ന പൈതലിനെ
തൊട്ടില്‍പ്പഴന്തുണിക്കുള്ളിലാട്ടാന്‍
കെട്ടീട്ടുഞാത്തിയചേലയുമു-
ണ്ടൊട്ടുനാളായിഞാന്‍ കണ്ടിടുന്നൂ

രണ്ടാം ദര്‍ശനം
ആയയാമമ്മയുരുട്ടിനീക്കും
‘പ്രാമെ’ന്നകുട്ടിയുരുട്ടുവണ്ടി
ഉണ്ടതില്‍കെട്ടിപ്പൊതിഞ്ഞുകൊണ്ടേ
രണ്ടുനാളായൊരു കുഞ്ഞുവാവ
ഡേകെയര്‍ സെന്ററില്‍നിന്നുമായ
വീട്ടിലേയ്ക്കെന്നുമുരുട്ടിയാക്കും
ജോലികഴിഞ്ഞുതളര്‍ന്നണയു
മമ്മയ്ക്കു നേരമില്ലാത്തകുറ്റം
മൂന്നാം ദര്‍ശനം
തൊട്ടില്‍പ്പഴന്തുണിയ്ക്കുള്ളിലോലും
കുഞ്ഞിന്മുഖത്തു ഞാനെത്തിനോക്കീ
അമ്മവരുന്നതുകാത്തിരുന്നോ-
രമ്മിണിമെല്ലെച്ചിരിച്ചുകാട്ടി
പല്ലില്ലാമോണകള്‍കാട്ടി,മന്ദം
തെല്ലുകൈനീട്ടി കുതിച്ചുപൊങ്ങീ
കയ്യിലെടുത്തൊരുമുത്തമേകീ
പയ്യെനിറഞ്ഞുവെന്നന്തരംഗം
എന്തുപറയേണ്ടു! ഞാനലിഞ്ഞോ
രാനന്ദസാഗരമായിമാറീ

പിറ്റേന്നാള്‍ കുട്ടിയുരുട്ടുവണ്ടി
യ്ക്കുള്ളിലെക്കുഞ്ഞിനെക്കാത്തുനിന്നൂ
പാവമീക്കുഞ്ഞുങ്ങ, ളമ്മമാരേ
വേവുന്നതില്ലേ ഹൃദയമൊട്ടും
ചോദ്യമുപദേശരൂപമാര്‍ന്നീ
‘മാന്യ’യാമെന്നുടെയുള്ളില്‍വന്നൂ
വന്നണഞ്ഞപ്പോഴാക്കുഞ്ഞുപൈതല്‍
ചെന്നുഞാന്‍ കൈനീട്ടിമുന്നില്‍നിന്നൂ
കണ്ണില്‍ക്കുതൂഹലം ചേര്‍ത്തുവെച്ച-
ക്കണ്ണനാമുണ്ണിയും പുഞ്ചിരിച്ചൂ
രണ്ടുകൈനീട്ടി ഞാനൊന്നെടുത്തൂ
കുഞ്ഞിന്‍‌ഹൃദയംകടമെടുത്തൂ...............
ത്രിമാനദര്‍ശനം
ചിന്തതന്‍ മുള്‍വേലിക്കെട്ടുകളോ
പന്തിയില്ലാത്തപരാതികളോ
ഇല്ലാപരിഭവമാവലാതി
വല്ലായ്മയൊന്നുമിളം മനസ്സില്‍
തൊട്ടിലാട്ടാന്‍ മൃദുമെത്തയാണോ
കെട്ടീട്ടുഞാത്തിയചേലയാണോ
പ്ലാവിലകെട്ടിയതൊപ്പിയാണോ
കിന്നരിപ്പട്ടിന്‍ തലപ്പാവാണോ
ഇല്ലയീമട്ടിലെപ്പാഠഭേദം
വല്യോര്‍ക്കുമാത്രമാണാവലാതി!
കുഞ്ഞു വിശന്നാല്‍ കരഞ്ഞെന്നാലും
സന്തോഷമാണതിന്‍സ്ഥായിഭാവം.
ആനന്ദസാന്ദ്രമാണന്തരംഗ-
മാലയമാര്‍ക്കുമനുഭവിയ്ക്കാം!
കുഞ്ഞിന്‍‌ഹൃദയം നാമെന്നുമെന്നും
നെഞ്ഞോടു ചേര്‍ത്തുതാന്‍ വെച്ചിടേണം

Friday, December 11, 2009

പെണ്‍ഹൃദയം

പെണ്ണിന്റെ ഹൃദയത്തില്‍ എങ്ങനെ കേറിക്കൂടാം?


“നര്‍മ്മാലാപത്തിനാലല്ലറിയുക, വിരുതുണ്ടെങ്കിലോ സ്ത്രീജനത്തിന്‍-
ധര്‍മ്മം രക്ഷിപ്പതിന്നാ, യതുമതി വനിതാമാനസം പൂകിടാനായ്.
നിര്‍മ്മായം ചേല നല്‍കീട്ടിവളുടെ യഭിമാനത്തിനെക്കാത്ത ദേവ-
ന്നിമ്മട്ടില്‍ സ്ഥാനമേകീ മമമനസി മുദാ”, ചൊല്ലി പാഞ്ചാലിപോലും!

(സ്രഗ്ദ്ധരാവൃത്തത്തില്‍ എഴുതിയ ശ്ലോകം)

Tuesday, December 08, 2009

കാത്തിരിപ്പ്

കരിമുകിലുപോലൊഴുകാന്‍ വെമ്പുന്നൂ
കരിപിടിച്ചൊരെന്‍ ഹൃദയത്തിന്‍ കണ്ണീര്‍
കരഞ്ഞുതീര്‍ക്കുവാന്‍ കരിങ്കടലുണ്ടേ
കറുത്തൊരു കാരാഗൃഹത്തിലാണു ഞാന്‍
തുറുങ്കിലാണു നിന്‍ പിറവിയെന്നാരോ
പറഞ്ഞറിഞ്ഞുഞാന്‍ കരിമുകില്‍ വര്‍ണ്ണാ!
തരുന്നതീചിന്ത പരമൊരാശ്വാസം
വരും വരും ഭവാന്‍ ഹൃദന്തരംഗത്തില്‍!
തിരിതെളിച്ചു ഞാനിരുട്ടിലും മിഴി
തുറന്നുകാത്തുകാത്തിരിപ്പാണേ കണ്ണാ!