Tuesday, November 11, 2008

ആത്മഗതവും ഗീതയും

ഈ ലോകത്തില്‍ ആരെങ്കിലും സ്വയം ചീത്തയാവണം എന്നു വിചാരിയ്ക്കുന്നവരുണ്ടോ? ഇല്ല. എല്ലാവര്‍ക്കും നന്നാവാന്‍ തന്നെയാണിഷ്ടം. പക്ഷേ ലോകത്തില്‍ ചീത്തക്കാര്യങ്ങളാണു് അധികവും നടക്കുന്നതെന്നാണു പൊതുവേ എല്ലാവരുടേയും വിലയിരുത്തല്‍. നന്നാവണം എന്നുവിചാരമുള്ളവരില്‍ത്തന്നെ പലരും ചീത്തക്കാര്യം ചെയ്യുന്നു എന്നല്ലേ അതിനര്‍ഥം?

ലോകം നന്നാക്കണം എന്നതിനുപകരം ലോകം നന്നാവണം എന്നു കരുതാം. ലോകം നന്നാവാന്‍ എന്നാലാവുന്ന ഏറ്റവും വലിയകാര്യം ഞാന്‍ നന്നാവുക എന്നതാണ്. ഞാന്‍ നന്നായാല്‍ എന്നെക്കൊണ്ടു ലോകത്തിനു ഗുണമുണ്ടാവും. അതുണ്ടായില്ലെങ്കില്‍ത്തന്നെ എന്നെക്കൊണ്ടു ദോഷം ഉണ്ടാവില്ല, അത്രയെങ്കിലും ആയാലായി!

ഇനി എങ്ങനെയാണു ഞാന്‍ നന്നാവുന്നത്? നന്നാവാനുള്ള ഒന്നാമത്തെ പടി ഞാന്‍ കാണുന്നതിതാണ്:-

  • ഞാന്‍ നല്ലതെന്നു വിചാരിക്കുന്ന/ബോധ്യമുള്ള കാര്യങ്ങള്‍ അനുസരിക്കുക
  • ഞാന്‍ ചീത്തയെന്നു വിചാരിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
  • അല്പനേരത്തെ അലസതക്കും സന്തോഷാഭാസത്തിനും വേണ്ടി ഒന്നും ചെയ്യാതിരിക്കുക.
  • എനിയ്ക്കെന്തൊക്കെ ആരൊക്കെ ചെയ്തുതരും എന്നതിനേക്കാള്‍ കൂടുതലായി, എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നാലോചിക്കുക.

വാസ്തവത്തില്‍ ആര്‍ക്കും ചീത്തക്കാര്യം ചെയ്യണമെന്നില്ല. എങ്കിലും ആരോ ഉള്ളിലിരുന്നു പ്രേരിപ്പിക്കുന്നതുപോലെ, ആളുകള്‍ പാപം ചെയ്തുപോകുന്നുവല്ലോ. ചെയ്യാന്നേരത്ത്, ‘ഛെ, ഇതു ഞാന്‍ ചെയ്യില്ല’ എന്നുറച്ചൊരു തീരുമാനമെടുക്കാല്‍ എന്താണു സാധിക്കാത്തതു്?

പണ്ടു് അര്‍ജ്ജുനന്‍* കൃഷ്ണനോടു് ഇതേരീതിയില്‍ ഒരു ചോദ്യം ചോദിച്ചിരുന്നു. അതു പഠിയ്ക്കുന്നതിനുമുന്‍‌പ്, എന്തൊക്കെയാണു സ്വയം ഉള്ളിലേയ്ക്കൊന്നു നോക്കിയാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ എന്നാലോചിച്ചാല്‍ നന്നായിരിയ്ക്കും.



*അര്‍ജ്ജുനന്‍= ഋജുബുദ്ധിയായവന്‍
( കുടിലബുദ്ധിയല്ല, നേര്‍ബുദ്ധിയുള്ളവന്‍= സ്ട്രെയിറ്റ് ഫോര്‍വേഡ് മൈന്‍ഡ് ഉള്ളവന്‍ എന്നു പച്ചമലയാളം :)

Thursday, October 23, 2008

അനുസരണ = നിവൃത്തികേട്

പദാര്‍ത്ഥങ്ങള്‍ ന്യൂട്ടന്റെ ചലനനിയമങ്ങള്‍ അനുസരിക്കുന്നു.

ആപ്പിള്‍ വരുത്തിവെച്ച വിനയേ! വെറുതേ വിശ്രമിച്ചിരിയ്ക്കുകയായിരുന്ന ന്യൂട്ടന്റെ, തലയില്‍ പ്പോയിവീണതുകൊണ്ടല്ലേ ഇങ്ങനെ ഒരു ഗതി വന്നത്!

ഊര്‍ജ്ജവികിരണങ്ങള്‍ മാക്സ്‌‌വെല്ലിന്റെ വൈദ്യൂതകാന്തികനിയമങ്ങള്‍ അനുസരിക്കുന്നു.

പാവം! എനര്‍ജി വേവ്സ്. ഈ മനുഷ്യന്റെ ഒരു കാര്യം! ഒന്നിനേം വെറുതേ വിട്ടൂടാ!

_____________________________________________________________________


ഈ മുത്തശ്ശിയെ അറിയുമോ?

ഈ മുത്തശ്ശിയെ നിങ്ങള്‍ക്കറിയും. ഇവര്‍ നിങ്ങളുടെ മുത്തശ്ശിയല്ലായിരിയ്ക്കാം. പക്ഷേ നിങ്ങളുടെ കുഞ്ഞുമക്കളുടെ മുത്തശ്ശിയല്ലേ, ഓര്‍ത്തുനോക്കൂ. പിന്നെ പത്തുമുപ്പതുവര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ ഒന്നുകൂടെ ഓര്‍ത്തുനോക്കാം. മുത്തശ്ശിമാര്‍ പറയുന്നതില്‍ വല്ല കാര്യവുമുണ്ടോഎന്ന്-

എനിയ്ക്കു അമ്മൂമ്മയെപ്പോലെ - മുത്തശ്ശിയെപ്പോലെ - തോന്നാറുള്ള പ്രിയപ്പെട്ടകവിയുടെ - ബാലാമണിയമ്മയുടെ ഒരുകവിത “മുത്തശ്ശി” - ചൊല്ലാന്‍ ഞാന്‍ കാണിച്ച സാഹസം പൊറുക്കുക, കവിത കേള്‍ക്കുക.

Get this widget | Track details | eSnips Social DNA

Tuesday, October 14, 2008

ഉറിയിലെ വിഭവം

എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട കവിതകളിലൊന്ന് -

കവിതന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത വായിയ്ക്കാന്‍ ഇവിടെ ഞെക്കുക

കയ്പ്പയ്ക്കക്കൊണ്ടാട്ടം ഇഷ്ടമുള്ളവര്‍ക്ക് അതും കിട്ടും ചിലപ്പോള്‍.

Sunday, October 12, 2008

വാഗ്‌ദേവി

പരമാത്മചൈതന്യത്തെ, പരാശക്തിയെ വാഗ്ദേവിയുടെ രൂപത്തില്‍ ധ്യാനിച്ച് സാക്ഷാത്കരിക്കാന്‍ നവരാത്രിക്കാലത്തു ഭക്തര്‍ ശ്രമിയ്ക്കാറുണ്ട്. വാഗ്ദേവിയെ സ്മരിച്ചുകൊണ്ടു ചൊല്ലാറുള്ള ചില ശ്ലോകങ്ങള്‍ ഇതാ:

Get this widget | Track details | eSnips Social DNA


ഇനി, വാഗ്ദേവിയെ സ്മരിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ചില വരികള്‍ കുറിച്ചു ശ്ലോകരൂപത്തിലാക്കിയത്-

1. വാഗ്‌ഭൂഷണം (ഇതു സംസ്കൃതത്തിലാണു രൂപംകൊണ്ടതു്)



प्रवाळप्रभा मञ्जुभूषान्विताङ्गी
रसास्वादतृष्णां समुद्दीपयन्ती
शरच्चन्द्रिकाशीतदात्री च मे वाक्
भवेत्सर्वदा नित्यकामप्रदात्री॥

പ്രവാളപ്രഭാമഞ്ജുഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാക്
ഭവേത്സര്‍വദാ നിത്യകാമപ്രദാത്രീ!

2. വിദ്യാരംഭം കഴിഞ്ഞപ്പോള്‍ തോന്നിയത് (ഇതും സംസ്കൃതത്തില്‍)



सरसभाषणमावहमन्मुखे
स्वरससेवनभावनया मुदा।
भवतु मे रसना तव वेदिका
नय सरस्वति! वेदविदां पथि॥

സരസഭാഷണമാവഹ മന്മുഖേ
സ്വരസസേവനഭാവനയാ മുദാ
ഭവതു മേ രസനാ തവ വേദികാ
നയ സരസ്വതി! വേദവിദാം പഥി.

3. അടുത്തതു് മലയാളത്തില്‍ രൂപപ്പെട്ട ശ്ലോകമാണ്, ഒരു വിജയദശമി ദിനത്തിലെഴുതിയതു്





മനോദര്‍പ്പണത്തില്‍ക്കറുത്തൊട്ടിനില്‍ക്കും
മഹാരാഗവിദ്വേഷമാലിന്യമെല്ലാം
വെടിഞ്ഞാകില്‍, വെണ്‍‌താമരത്താരിനുള്ളില്‍-
ത്തെളിഞ്ഞീടുമാ വാണി ചിത്രം! വിചിത്രം!

Thursday, September 11, 2008

വരാന്‍ പോണതോണമാണത്രേ !

“ഓണം എന്നാലെന്താണമ്മേ?”
ഓണ്‍ ചാനല്‍ ഓണപ്പെരുമകണ്ട നഴ്‌സറിക്കുട്ടന്‍ ചോദിച്ചതു തൃക്കേട്ടയും കഴിഞ്ഞു മൂലത്തിന്റെ അന്നാണു്.

രാന്‍ പോണതോണമാണുണ്ണീ”
മൂലം മക്കള്‍ക്കോണം എന്നുപറഞ്ഞു അമ്മൂമ്മ, പൂരാടത്തിന്റേയും തലേന്ന് ഉണ്ടാക്കിത്തരാറുള്ള ഇടിച്ചുപിഴിഞ്ഞപായസം അയവിറക്കിക്കൊണ്ടാണു് അമ്മ ഉത്തരം പറഞ്ഞതു്.

“വരണമെങ്കില്‍ വന്നാല്‍പ്പോരേ? അതിനെന്തിനാ പോണതു്? ഓലക്കുടയും പൊക്കിപ്പോകുന്ന ഇന്നസെന്റാണോ അമ്മേ ഓണം? ഓണം വരാന്‍ പോണത് ഉണ്ണാനാണോ?

അമ്മയാണിപ്പോള്‍ ചിന്താവിഷ്ടയായതു്-
ഓണം വരുന്നുണ്ടോ?
ഓണം പോണുണ്ടോ?
പോണതു വരാനാണോ?
വരുന്നതോ ഓണം, വന്നതോ ഓണം, പോണതോ ഓണം?
ഓണമുണ്ടോ?

കൈരളിയും അമൃതയും ഏഷ്യാനെറ്റും കിരണും സൂര്യയും ഇന്‍ഡ്യാവിഷനും ദര്‍ശനം നല്‍കാനായി കണ്ണിനും കാതിനും ചുറ്റും വട്ടമിട്ടുകളിക്കുന്നതു കണ്ടില്ലെന്നുനടിക്കാനാവാതെ ആ അമ്മ (ദൂര?)ദര്‍ശനം ഓണാക്കി, ദാ വരുണൂ ഓണം... കിഴിവുകളിലൂടെ- പാക്കറ്റുകളിലേയ്ക്കു , കിഴിഞ്ഞു കിഴി ഞ്ഞ്‍...

“ഓണം വന്നോണം വന്നോണം വന്നേ! ... ഓണം വന്നോണം വന്നോണം വന്നോ??
‌‌‌‌‌‌‌‌------------------------------------------------------------------------------------------------
ഓണപ്പുട്ട് :- (പൂട്ടെന്നും പറയാമത്രേ)

ഓണപ്പരീക്ഷ എഴുതിയില്ല എന്നു സങ്കടപ്പെടുന്നവരുണ്ടെങ്കില്‍ ദാ നല്ല ഒരു അവസരം -

“വരാന്‍ പോണതു് ഓണമാണത്രേ” - ഈ വാക്യത്തിന് ഏതെല്ലാം തരത്തില്‍ അര്‍ത്ഥം പറയാം?
താത്പര്യമുള്ളവര്‍ ഉത്തരം ഏറ്റവും ചുരുക്കി എഴുതി ഇങ്ങോട്ടയയ്ക്കുക. നല്ല ഉത്തരത്തിനു സമ്മാനമുണ്ടാവും.

(ഇതൊക്കെ ആലോചിച്ചു തലപുകച്ചാല്‍ സദ്യ കരിയും എന്നു തോന്നുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം. താഴെപ്പറയും‌പോലെ ചെയ്താല്‍ മതി.)

ഈ പോസ്റ്റില്‍ ചിതറിക്കിടക്കുന്ന ചോദ്യങ്ങളിലേതിനെങ്കിലും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഉത്തരം കണ്ടുപിടിയ്ക്കുക
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

കാലം കഴിയുന്തോറും.... ഓണത്തിന്റെ മധുരം കുറയുമോ? ഇന്നത്തെ ഓണത്തിനു ഞാനെന്തായാലും മധുരമിട്ടില്ല.

Saturday, August 30, 2008

മണ്ണാങ്കട്ടയും പുരോഗതിയും

മണ്ണാങ്കട്ട മണ്ണിലുരുണ്ടു, മണ്ണിനോടു മുരണ്ടു
“ഇവിടെയപ്പടി മണ്ണാണല്ലോ”
*************************
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഉണ്ണിയോട് മമ്മിപറഞ്ഞു,
‘ഇവിടെയപ്പടി മണ്ണാണല്ലോ’

കീടാണു വരുമോ മമ്മീ
വന്നാലെന്താ, ഡിഷ്യൂം ഡിഷ്യൂം
നമുക്കെല്ലാകീടാണുക്കളേയും വെടിവെച്ചിടാം
രോഗാണുക്കളേം വെടിവെച്ചിടാം
എല്ലാരേം വെടിവെച്ചിടാം,
എന്നിട്ട് സുഖമായി ജീവിക്കാം
****************************

മണ്ണാങ്കട്ട മണ്ണില്ലാത്തവഴി നോക്കി
ഉരുണ്ടുരുണ്ടുകൊണ്ടേയിരുന്നൂ
ചാറ്റല്‍മഴയത്തേയ്ക്ക്...

Friday, August 29, 2008

അഗ്നി

[അഗ്നി എന്നാല്‍ തീ/തീയ് എന്നേ ഇപ്പോള്‍ എല്ലാരുടേയും മനസ്സിലേയ്ക്കെത്തുന്നുള്ളൂ. ‘തീ’ എന്നു കേട്ടാലോ, ‘ഒരു അപായം’, ‘എല്ലാം ചുട്ടുചാമ്പലാക്കാന്‍ കഴിയുന്ന വില്ലന്‍’ എന്നരീതിയിലോ ഒക്കെയാണു ‘ഇന്നത്തെക്കുട്ടികളുടെ’ മനസ്സില്‍ അര്‍ത്ഥം ‘കത്തുന്നത്’. ഇന്നത്തെക്കുട്ടികളുടെ പ്രശ്നമല്ല. വീട്ടില്‍ വിറകടുപ്പില്‍പ്പോലും തീ കാണുന്നവര്‍ കുറഞ്ഞുവരുന്നു. ഉച്ചയ്ക്കൂണുകഴിയ്ക്കണമെങ്കില്‍ ‘അഗ്നി/തീ’ ആണു വാസ്തവത്തില്‍ പണിയെടുക്കുന്നത് എന്ന് ആരുണ്ടുചിന്തിയ്ക്കുന്നു? ഉണ്ണാത്തവനൂണുചിന്ത- ഉണ്ടവനു ചിന്തവേണ്ട!]

അഗ്രേ നയതി ഇതി അഗ്നിഃ മുന്നോട്ടു നയിയ്ക്കുന്നതാണ് അഗ്നി. ചുറ്റും വെളിച്ചം പടര്‍ത്തുന്നതാണ് അഗ്നി. ഇരുട്ടത്തു തപ്പിത്തടയുന്നവര്‍ക്കു്, ധൈര്യപൂര്‍വം മുന്നോട്ടേയ്ക്കുപോകാന്‍ അഗ്നിയുടെ സാന്നിദ്ധ്യം പ്രചോദനമേകുന്നു. പേടിയകറ്റുന്നവനാണു് അഗ്നി. അഗ്നി അറിവിന്റെ പ്രതീകമാണു്.
എങ്ങോട്ടുപോണം, എന്തുചെയ്യണം എന്നൊന്നും നിശ്ചയിയ്ക്കാനാവാതെ അറിവില്ലായ്മയില്‍ നട്ടംതിരിയുന്നവര്‍ക്ക് അറിവിന്‍ തിരിനാളമായി പ്രകാശമായി വഴികാണിച്ചുതരുന്ന ‘ഗുരു’ (ഇരുട്ടിനെ നീക്കുന്നവന്‍) ആണു് അഗ്നി.
രൂപം,രസം, ഗന്ധം, സ്പര്‍ശം, ശബ്ദം ഈ അഞ്ചുഘടകങ്ങളല്ലാതെ വേറെ എന്തെങ്കിലുമുണ്ടോ നാം കാണുന്ന ലോകത്തില്‍? ഇല്ലല്ലോ. ഇവയില്‍ ‘രൂപം’ എന്നവിഭാഗത്തിന്റെ മേധാവി (ഇന്‍ ചാര്‍ജ്ജ് )അഗ്നി.

“അഗ്നിമീളേ പുരോഹിതം” എന്നു ഋഷി. മുന്നോട്ടുനടത്തുന്ന അഗ്നിയെ നമസ്കരിയ്ക്കുന്നു. അഗ്നിയെ ഹോമകുണ്ഡത്തില്‍ (വിളക്കിലെങ്കിലും) അണയാതെ സൂക്ഷിക്കണം എന്നതു ഗൃഹസ്ഥന്റേയും ധര്‍മ്മമാണ്. വീടായാല്‍ ഒരു വിളക്കുവേണം, വെളിച്ചം വേണം എന്നത്രേ നിര്‍ബന്ധം.


[പലതരം അഗ്നികളെപ്പറ്റിയും ജ്വാലകളെപ്പറ്റിയും പഠിച്ച് എഴുതണമെന്നുണ്ടായിരുന്നു. അതിനി പിന്നീടാവാം]

പവര്‍ക്കട്ട് ഫാന്‍

ക്ലാസില്‍ വ്യാകരണാധ്യാപിക‍: ‘സ്വിച്ചിട്ടാല്‍ വെളിച്ചം കിട്ടും’ - ക്രിയ ഏതുകാലത്തിലാണ്,
സുനി പറയൂ
സുനി : ഭൂതകാലം, ടീച്ചറേ ഭൂതകാലം.

ടീച്ചര്‍: പഠിച്ചുപഠിച്ച്, ഭൂതത്തെ അറിയാതായോ?
സുനി: അതെങ്ങനെ, ടീച്ചര്‍ തന്നെയല്ലേ ഞങ്ങളെപ്പഠിപ്പിക്കുന്നത്! ടീച്ചറേ, ഞങ്ങള്‍ വീട്ടില്‍ സ്വിച്ച് ഇടാറേയില്ല. ഉമ്മറത്തുള്ള ബള്‍ബൊഴികെ മറ്റു ബള്‍ബുകളെല്ലാം ഊരിവെച്ചതാ.

ഗീത, മാതു, കിങ്, പവന്‍ എല്ലാവരും ഒരുമിച്ച്- ഞങ്ങളുടെ വീട്ടിലും അങ്ങനെതന്നെ. ടീച്ചറേ പവര്‍ക്കട്ടുകാരണം ഇപ്പൊ നല്ലരസമാ. ഹോം വര്‍ക്കൊക്കെ വൈകുന്നേരം തന്നെ തീര്‍ക്കും. രാത്രി വര്‍ത്തമാനം പറച്ചിലും പാട്ടുപാടലും കുടുംബശ്രീയുടെ ‘കുട്ടിക്കൃഷിസംഘ’ ത്തിന്റെ പരിപാടികള്‍ ചര്‍ച്ചചെയ്യുകയും ഒക്കെയാണു പരിപാടി. ഞങ്ങള്‍ അടുത്തടുത്തവീട്ടുകാര്‍ എല്ലാവരും കൂടി ഒരു പത്തുമുപ്പതുപേരുണ്ട്. പിന്നെ വേഗം കിടന്നുറങ്ങും. ടീച്ചറേ, പവര്‍ക്കട്ട് ഫാന്‍സാ ഞങ്ങള്‍. കറന്റു ബില്ലും പച്ചക്കറിവിലയും ഒന്നും ഇപ്പോള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കും ഒരു പ്രശ്നമേയല്ല. അവര്‍ പറഞ്ഞുനിര്‍ത്തി.

അപ്പൊ കുട്ട്യോളേ, ഇന്നത്തെപ്പാഠം ഇതായ്ക്കോട്ടേ.
പവര്‍ക്കട്ടും കറന്റുബില്ലും കൂടി നമ്മെ പഠിപ്പിക്കുന്ന പാഠം. നമ്മെ കുറച്ചുകൂടി സ്വയം പര്യാപ്തതയിലേയ്ക്കു നയിക്കുന്ന പാഠം. ജീവിതസൌകര്യം എന്നപേരില്‍ നാം സ്വയം പലതിന്റേയും അടിമകളാവുകയായിരുന്നു എന്ന പാഠം, ‘കറന്റില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ മറികടക്കാന്‍ പഠിച്ചപലതും തിരുത്തിപ്പഠിക്കേണ്ടിയിരിയ്ക്കുന്നു എന്ന പാഠം, ഇതാവട്ടെ ഇന്നത്തെ പാഠം.

ഇന്നത്തെപ്പാഠം ബോധ്യമാവാത്തവര്‍ ഉണ്ടെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ഗൃഹപാഠം സത്യസന്ധമായി ചെയ്തുവരിന്‍. എന്നിട്ട്, നാളെ നമുക്കു ചര്‍ച്ചചെയ്യാം.

ഗൃഹപാഠം : നിങ്ങളുടെ വീട്ടില്‍ ഏതെല്ലാം വൈദ്യുതോപകരണങ്ങളുണ്ട്? അവ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ഗുണങ്ങളാണ് നിങ്ങള്‍ അനുഭവിക്കുന്നത്? ഉത്തരമായി കിട്ടുന്നതൊക്കെ ഒരു പട്ടികയില്‍ രേഖപ്പെടുത്തുക. സമയം ലാഭിക്കുന്നുണ്ടോ? ഉണ്ടാവുന്ന സമയലാഭം നിങ്ങള്‍ എങ്ങിനെ ഉപയോഗിക്കുന്നു?

2. ഒരാഴ്ച തുടര്‍ച്ചയായി പവര്‍കട്ട് ആണെന്നു സങ്കല്‍പ്പിക്കുക. വൈദ്യുതോപകരണങ്ങള്‍ക്കുപകരം നിങ്ങള്‍/വീട്ടുകാര്‍ അതാതുപണികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു? ആ പണികളില്‍ നിങ്ങളുടെ പങ്കെന്ത്?

3. രണ്ടുരീതികളും തമ്മില്‍ ഗുണദോഷവിശകലനം ചെയ്തുനോക്കുക. സമയലാഭം, സമയനഷ്ടം എന്നുമാത്രം എഴുതിയാല്‍പ്പോരാ. സമയലാഭമുണ്ടെങ്കില്‍ ആ സമയം എങ്ങിനെ ഉപയോഗിക്കും എന്നതുകൂടി എഴുതണം. അതുപോലെ സമയനഷ്ടമാണെങ്കിലും.

Thursday, July 31, 2008

ചേറ്റിലെ പതാക

വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!

മാനത്തുയരെപ്പറക്കുവാനാ-
യെന്നും കൊതിയ്ക്കും പതാകയാണേ

മാനത്തുനിന്നുമൂക്കൊടെവീണൂ
മണ്ണില്‍ക്കിടക്കും പതാകയാണേ
ദേശാഭിമാനികള്‍ വാഴ്ത്തിയന്നാ-
മാനമായ് മാനത്തുപാറിനിന്നൂ
നല്ലകാലം ഭൂതമുണ്ടുപോയീ
തല്ലുകൂട്ടാന്‍ കൊടി യേന്തുകയായ്
ആറാള്‍ക്കുനൂറായ്‌പകുത്തുവെച്ചൂ
നാണമില്ലാതെ വിഴുപ്പലക്കീ
പിച്ചിയും ചീന്തിയുമെന്റെ ചായ-
ക്കൂട്ടില്‍ക്കടുത്തനിറങ്ങള്‍ വീഴ്ത്തീ
മാനത്തുനിന്നുമൂക്കോടെ വീണൂ
ചേറ്റില്‍‌പുതഞ്ഞ പതാകയായീ
ചുറ്റുംകളിക്കുന്ന കുട്ടികളേ
ചെറ്റൊന്നെടുക്കുമോ യെന്നെമെല്ലെ?
പട്ടം പറത്തും കിടാങ്ങളല്ലേ
ഒട്ടൊന്നുയര്‍ത്തുമോയെന്നെവീണ്ടും?

വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!

Sunday, June 15, 2008

നായ്ക്കളും കുറുക്കന്‍‌മാരും ക്ഷമിയ്ക്കുക

*ബ്ലോഗാവ്രതത്തിന്റെ ഫലം ആണു് ഈ പോസ്റ്റ് എന്നുപറഞ്ഞാല്‍ തെറ്റില്ല.

കുറുക്കുവഴികള്‍ ധീരര്‍ക്കുചേര്‍ന്നതല്ല.
നായ്ക്കള്‍ എവിടെനിന്നെങ്കിലും വീണുകിട്ടുന്നതായാലും ചോരയും പൊടിയും പറ്റിപ്പിടിച്ചതായാലും മാംസളമല്ലാത്ത എല്ലിന്‍‌തുണ്ടു കിട്ടിയാല്‍ അതുകൊണ്ടുതന്നെ തൃപ്തിപ്പെട്ട്, വാലും ചുരുട്ടിക്കിടന്നുറങ്ങും. ഇനി സ്വന്തം പണിയെടുക്കേണ്ടല്ലോ.
എന്നാല്‍ സിംഹങ്ങളാകട്ടേ, കുറുക്കന്മാര്‍, സ്വന്തം വാവട്ടത്തുവന്നുനിന്നാല്‍പ്പോലും, അവയെ വെറുതേ വിട്ടുകൊണ്ടു, വലിയവലിയ ആനകളെ സ്വശക്തികൊണ്ടു കീഴ്പ്പെടുത്തുമ്പോഴാണു്, അഥവാ തന്റെ ശക്തിയ്ക്കൊത്തു വല്ലതും നേടുമ്പോഴാണു് നേട്ടമായി കരുതുക. സ്വന്തം ശക്തിയും കഴിവും ഉപയോഗിച്ച് നേടുന്നതാണു നേട്ടം. സൂത്രത്തില്‍ - മറ്റുള്ളവരെ പറ്റിച്ച സാമര്‍ഥ്യത്തോടെ- ഉണ്ടുറങ്ങാന്‍ തക്കം പാര്‍ക്കുന്നവര്‍ കുറുക്കന്മാരെപ്പോലെയും നായ്ക്കളെപ്പോലെയും ജീവിയ്ക്കുന്നു.

(നായ്ക്കളും കുറുക്കന്‍‌മാരും ക്ഷമിയ്ക്കുക).

ഈ ആശയം ശ്ലോകത്തില്‍ പണ്ടുപണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്, ഭര്‍തൃഹരി.

സ്വല്പസ്നായുവസാവശേഷമലിനം നിര്‍മാംസമപ്യസ്ഥി ഗോഃ
ശ്വാ ലബ്ധ്വാ പരിതോഷമേതി ന തു തത്തസ്യ ക്ഷുധാശാന്തയേ
സിംഹോ ജംബുകമങ്‌കമാഗതമപി ത്യക്ത്വാ നിഹന്തി ദ്വിപം
സര്‍വ്വഃ കൃച്ഛ്രഗതോऽപി വാഞ്ഛതി ജനഃ സത്വാനുരൂപം ഫലം.
ഭര്‍ത്തൃഹരി, നീതിശതകം.

കേരള്‍സ് ഡോട് കോമിനോടു സുഭാഷിതമോതരുത് എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.
kerals.com ന്റെ ചെറ്റത്തരത്തിനോടുള്ള എന്റെ പ്രതികരണം.
ഒരേസമയം വിവാഹപ്പരസ്യസൈറ്റും അശ്ലീല സൈറ്റും നടത്തിക്കൊണ്ടുപോകുന്ന kerals.com ന്റെ തട്ടിപ്പ്, കുറേപണം അനാഥാലയത്തിനു ദാനം കൊടുത്തു എന്നുകാണിക്കുന്ന രെസീറ്റിലെ തട്ടിപ്പ്, കാശ്മീരിലെ (വ്യാജമെന്നു തോന്നിപ്പിക്കുന്ന) വിലാസം, നെറികേടുകളെ , ജനമദ്ധ്യത്തില്‍ തുറന്നുകാണിയ്ക്കുന്നവരെ തീര്‍ത്തും അപലപനീയമായരീതിയില്‍ തേജോവധം ചെയ്യുക, നാന്നൂറോളം ബ്ലോഗുകളില്‍ നിന്നും പോസ്റ്റുകള്‍ സമ്മതമില്ലാതെ പകര്‍ത്തി, അതുവെച്ചു കാശുണ്ടാക്കുക, അതിനെപ്പറ്റിപ്പരാതിപ്പെട്ടപ്പോള്‍ വാദികളെ പ്രതികളാക്കുന്നമട്ടില്‍ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറുക..... കേരള്‍സ് ഡോട് കോമിന്റെ ഈ നെറികേടുകളെ എല്ലാവരും തിരിച്ചറിയുക. ആരും പറ്റിയ്ക്കപ്പെടാതിരിയ്ക്കട്ടെ, ഇനിയെങ്കിലും.
.......................................................................................................................
*[പഠിത്തത്തിരക്കില്‍, ബ്ലോഗാവ്രതവും കമന്റാവ്രതവും ഒക്കെ എടുത്തിരിയ്ക്കുന്നഞാന്‍, ഇന്ന്, ഒരു ബ്ലോഗുപോസ്റ്റ് വായിക്കാം എന്നു തീര്‍ച്ചപ്പെടുത്തി. ചില ബ്ലോഗുകളില്‍ ഒരു പോസ്റ്റില്‍ത്തന്നെ ചുരുങ്ങിയത് മറ്റുപത്തുപോസ്റ്റുകളിലേയ്ക്കും കൂടി നിശ്ചയമായും ലിങ്കുകളുണ്ടാവും, അത്രയും സമയം ബ്ലോഗുവായനക്കെടുത്താല്‍ ഇന്നുപിന്നെ ഉറക്കമൊഴിച്ചു പണിയെടുക്കേണ്ടിവരും. അതുകൊണ്ട് അത്തരം ബ്ലോഗുകളില്‍ പോകുന്നതു സൂക്ഷിച്ചുവേണം എന്നുറപ്പിച്ചിരുന്നു :). ഫേവരൈറ്റ്സില്‍ ഏഴുവരി തള്ളി, പകുത്തെടുത്ത് കണ്ണും പൂട്ടി ക്ലിക്കിക്കിട്ടിയ ഒരു പോസ്റ്റ്, ഒരൊറ്റപ്പോസ്റ്റ് വായിച്ചു. വായിച്ചതിന്റെ ഭവിഷ്യത്താണു്, ഈ പോസ്റ്റ്. പടപേടിച്ചു പന്തളത്തുചെന്നാ‍ല്‍, ഇങ്ങനെയിരിയ്ക്കുമെന്നു ബോധ്യമായി].

Thursday, May 15, 2008

കാലമേയില്ല പോലും!

കാലമായില്ല പോലും...കാലമായില്ല പോലും...
കാലമേയില്ലയല്ലോ കാലവും കാലക്കേടും”

ഈരടി മനസ്സില്‍ മൂളാന്‍ തുടങ്ങിയിട്ടു കുറച്ചുനേരമായി.കാത്തുകാത്തിരിയ്ക്കുന്ന ഒരു സംഗതി കിട്ടാതാവുമ്പോള്‍, സമാധാനിയ്ക്കാനുള്ളതാണു ആദ്യത്തെ വരി. കാലമായില്ലത്രേ, സമയമായില്ലത്രേ, എല്ലാറ്റിനും ഒരു കാലവും സമയവും ഒക്കെയുണ്ട് എന്ന് ഓര്‍മ്മിപ്പിയ്ക്കാന്‍. അങ്ങനെയങ്ങനെ ഈയിടെയായി ചിന്തിയ്ക്കാന്‍ തുടങ്ങിയതാണ് എന്താണീ കാലം എന്നത്!

കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്,

‘ഭൂതം, ഭാവി, വര്‍ത്തമാനം’ എന്നാണു്. ഒന്നോര്‍ത്താല്‍ ഇതൊക്കെ ഇല്ലാത്തതല്ലേ? ഏതുകാലം ആണു ശരിയ്ക്കുള്ളത്. എല്ലാര്‍ക്കും പെട്ടെന്നു തോന്നും ‘വര്‍ത്തമാനം’ ആണു കാലം എന്ന്. നടന്നുകൊണ്ടിരിയ്ക്കുന്നത്, വര്‍ത്തമാനം ആണല്ലോ. എന്നാല്‍ വര്‍ത്തമാനം എന്നാല്‍ എത്രസമയമുണ്ട്. ഒരു ദിവസമോ, അതില്ല, ഇന്നു രാവിലത്തെ കാര്യം രാവിലെ കഴിഞ്ഞല്ലോ. ഈ രാത്രിയില്‍ കാലത്തുവിരിഞ്ഞ ചെമ്പര‍ത്തിപ്പൂ വാടിക്കഴിഞ്ഞു. ചെമ്പരത്തിപ്പൂ ഇപ്പോഴില്ല.

വര്‍ത്തമാനകാലം എന്നാല്‍ ഒരു മണിക്കൂറാണോ? ഒരു മിനിട്ടാണോ? ഒരു സെക്കന്റാണോ?

“ദാ ഇപ്പോള്‍ ഇതെഴുതുന്ന ഈ ക്ഷണം- ഇതാണു വര്‍ത്തമാനകാലം” -എന്നാണെങ്കില്‍, പറഞ്ഞുതീരുന്നതിന്‍‌മുന്‍പേ ആ ക്ഷണം കഴിഞ്ഞല്ലോ... ദാ പിന്നേയും രണ്ടു ക്ഷണം കൂടി കഴിഞ്ഞുപോയി. അപ്പൊ ഒക്കെ ഒരു തോന്നലാണു്. ശരിയ്ക്കും കയ്യില്‍ കിട്ടുന്ന വര്‍ത്തമാനകാലം എന്നൊന്നില്ല. ഉണ്ടെന്നുപറയുമ്പോഴേയ്ക്കും അത് ‘ഉണ്ടായിരുന്നു’ എന്ന നിലയിലെത്തുന്നു. അപ്പൊ ശരിയ്ക്കും ഉള്ളതു ഭൂതമാണോ? ഭൂതം - എന്നാല്‍ ഭവിച്ചത്- ഉണ്ടായത്- അപ്പോള്‍ ഭൂതകാലമാണോ ഉള്ളകാലം? ഭൂതകാലവും കണ്‍‌മുന്നില്‍ കാണാന്‍ കിട്ടുന്നില്ല. പിന്നെ കാലം എന്നാല്‍ ഏതാണു ശരിയായകാലം? ഇനിയും വരാത്ത ഭാവിയോ? ഹ ഹ വിശ്വസിയ്ക്കാന്‍ കൊള്ളാം... “ഈശ്വരനില്ല” എന്നു പറഞ്ഞു പറഞ്ഞു മടുത്തവര്‍, ഇനിമുതല്‍ “കാലവും ഇല്ലാത്തതല്ലേ, ഒക്കെ ഒരു തോന്നലല്ലേ” എന്നാലോചിച്ച് ഒരു ഉത്തരം കണ്ടുപിടിയ്ക്കണേ.


പണ്ടു കുട്ടന്‍ “അമ്മാമാ! നിച്ച് ഭാവീനെ പേട്യാ“ എന്നു പറഞ്ഞതു വെറുതേയോര്‍ത്തുപോവുന്നു. കാലം എന്നതു വെറും സങ്കല്‍പ്പമോ?

Sunday, May 11, 2008

കവിതപ്പൂക്കൂട

കവിതാക്ഷരിയില്‍ കവിതചൊല്ലിയ കുഞ്ഞുകൂട്ടുകാര്‍ക്കു സമര്‍പ്പിയ്ക്കാന്‍ ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്ത കുറച്ചുവരികള്‍ ഇവിടെ കുറിച്ചിടട്ടേ. അച്ഛനമ്മമാര്‍ ഇതൊന്നു ഈണത്തില്‍ (നിങ്ങള്‍ക്കറിയുന്നവയാവാം) ചൊല്ലിക്കൊടുക്കണേ.

ആദ്യം പവിത്രക്കുട്ടിയ്ക്കും ഇളക്കുട്ടിയ്ക്കും അതുപോലുള്ള മറ്റു കുട്ടികള്‍ക്കും ചൊല്ലിക്കളിയ്ക്കാന്‍-
*******************************************
1.** തത്തമ്മ**
പല്ലില്ലാത്തൊരു തത്തമ്മേ
നെല്ലുകൊറിയ്ക്കാന്‍ രസമാണോ?
കാടന്‍‌പൂച്ച വരുന്നുണ്ടേ
വേഗം കൂട്ടിലൊളിച്ചോ നീ.

2. **ചെമ്പോത്തുംകാക്ക** (അറിയുമോ ഈ പക്ഷിയെ?)

ചെമ്പന്‍‌കാക്കേ ചെമ്പോത്തേ,
ഇമ്പത്തില്‍ നീ കൂകില്ലേ
പവിഴം തോല്‍ക്കും കണ്ണാണേ,
പറയാന്‍ വയ്യേ നിന്‍‌ചന്തം!

3. *തവള *
ചാടിച്ചാടി നടക്കും തവളേ
നേരെ നടക്കാനറിയില്ലേ?
നേരെ നടക്കാനറിയില്ലെങ്കില്‍
ഞങ്ങളെ നോക്കി നടന്നൂടേ?

( ഇതൊക്കെ കുട്ടിക്കാലത്ത്, അമ്മാമന്‍ ഉണ്ടാക്കിച്ചൊല്ലിത്തന്നിരുന്നതാണ്!)
*********************************************************************
ലിയാന്‍ മുഹമ്മദിനും വിശാഖിനും കോതയ്ക്കും(അമ്മു) അതുപോലുള്ള മറ്റുകുട്ടികള്‍ക്കും ചൊല്ലിരസിയ്ക്കാന്‍-

**നിപ്പകിട്ട്!** (പേരു തല്‍ക്കാലം ഇങ്ങനെ കൊടുക്കാം)

നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുല, ആകെച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!


[കൂട്ടുകാരേ, ബ്ലൂ, ഗ്രീന്‍, യെല്ലൊ, റെഡ്,... അതൊക്കെ നിങ്ങള്‍ക്കറിയും. നീല, പച്ച, മഞ്ഞ... അതൊക്കെ ശരി. പക്ഷേ, മെറൂണ്‍, മജെന്ത, ഓറഞ്ച്, ഇന്‍ഡിഗോ ഈ കളറുകളും അറിയുമായിരിയ്ക്കും ഇല്ലേ? ഇതിന്റെയൊക്കെ മലയാളപ്പേരറിയാമോ? ഇല്ലെങ്കില്‍ ആദ്യം അച്ഛനമ്മമാരോടു ചോദിയ്ക്കൂ. ഉത്തരം കിട്ടിക്കഴിഞ്ഞിട്ടുവേണം മറ്റുനിറങ്ങള്‍ക്കു പേരു കണ്ടുപിടിയ്ക്കാന്‍].
******************************************************************************
മഹാദേവനും മാളവികയ്ക്കും മറ്റുകൂട്ടുകാര്‍ക്കും

*അമ്പിളി*
തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍‌പില്‍ തൂകിക്കൊണ്ടാകാശവീഥിയില്‍
അമ്പിളിപൊങ്ങിനില്‍ക്കുന്നിതാ മര-
ക്കൊമ്പില്‍ നിന്നു കോലോളം ദൂരത്തില്‍!

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും-
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നൂ


വിണ്മേല്‍ നിന്നു മന്ദസ്മിതം തൂകുമെന്‍‌‌
വെണ്മതിക്കൂമ്പേ നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദരന്‍
അമ്മാവാ യെന്നലിഞ്ഞുവിളിയ്ക്കുന്നൂ...




(ഇനിയുമുണ്ടു വരികള്‍, കേട്ടുപഠിച്ചതും സ്കൂളില്‍ പഠിച്ചതുമൊക്കെയാണ്, കുമാരനാശാന്റേതാണെന്നുതോന്നുന്നു.)

എല്ലാകുഞ്ഞുകൂട്ടുകാര്‍ക്കും ധാരാളം കവിതകള്‍ ചൊല്ലിച്ചൊല്ലിനടക്കാന്‍ അവസരമുണ്ടാവട്ടെ!

Wednesday, April 30, 2008

വൃദ്ധപുരാണം

“അറുപത്തഞ്ചുകഴിഞ്ഞ വൃദ്ധന്മാരെല്ലാം ഈ വരിയില്‍ നില്‍ക്കുക, നിങ്ങള്‍ക്കുള്ള ടിക്കറ്റ് വേഗം നല്‍കുന്നതായിരിയ്ക്കും”‍ എന്നു പറഞ്ഞാല്‍ അറുപത്തഞ്ചുകഴിഞ്ഞ ആര്‍ക്കും അത്ര രുചിയ്ക്കുമെന്നു തോന്നുന്നില്ല. ടിക്കറ്റു വേഗം കൈക്കലാക്കുന്നതില്‍ ജാള്യമൊന്നുമുണ്ടായിട്ടല്ല, മറിച്ച് ‘വൃദ്ധന്‍’ എന്നു വിളിയ്ക്കുന്നത് ഇഷ്ടമല്ല, അതാണു കാര്യം.

വൃദ്ധന്‍ എന്ന വാക്കുകേള്‍ക്കുമ്പോള്‍ ‘വയസ്സന്‍’ എന്ന മങ്ങിയ അര്‍ത്ഥം മാത്രമേ ഈയിടെയായി നാം ആലോചിയ്ക്കുന്നുള്ളൂ. എന്നാല്‍ വൃദ്ധന്‍ എന്നവാക്കിന്നു കുറച്ചുകൂടി വെളിച്ചമുണ്ട്, തെളിച്ചവും.

വര്‍ദ്ധിച്ചവന്‍, (എല്ലാനിലയിലും) വളര്‍ന്നവന്‍, വലിയവന്‍, വലുതായവന്‍, എന്നൊക്കെയാണര്‍ത്ഥം. ജീവിതയാത്രയില്‍ എല്ലാനിലയിലും വളരുകയും വലുതാവുകയും ചെയ്തവന്‍ എന്നാല്‍ വിജയിച്ചവന്‍ എന്നും സംതൃപ്തന്‍ എന്നും ഒക്കെ ആ വാക്കുകൊണ്ടു കിട്ടാവുന്ന അര്‍ഥങ്ങളാണ് എന്നു തോന്നുന്നു. സംസ്കൃതത്തില്‍ അതൊരു ബഹുമാനസൂചകമായ പദമാണു്. വൃദ്ധന്മാരും ജ്ഞാനവൃദ്ധന്മാരും ഒക്കെ ഒരു സദസ്സിന്റെ അലങ്കാരമായിട്ടാണു കരുതുക പതിവ്.

എന്നാല്‍, ‘കാലം ചെല്ലുന്തോറും പലവാക്കുകള്‍ക്കും മൂല്യം ചോര്‍ന്നുപോകുന്നില്ലേ‘ എന്ന സംശയം അസ്ഥാനത്തല്ലെന്നു തോന്നുന്നു. വൃദ്ധന്‍ എന്നാല്‍ (വെറും) വയസ്സന്‍ എന്നുമാത്രമാണു മനസ്സില്‍ വരുന്നത്. അത്രയും വയസ്സുകൊണ്ടു ആ വ്യക്തിയ്ക്കുണ്ടായ വളര്‍ച്ചയോ വിജയമോ ഒന്നും മനസ്സിലേയ്ക്കെത്തുന്നില്ല. അതൊക്കെ എവിടെയാണാവോ ചോര്‍ന്നുപോയത്?

കാലംകൊണ്ടു കോലം മാറുന്നതിനെ ചെറുക്കാന്‍ പറ്റുമോ? ഇല്ല.
ഇനി ഒരു പത്തമ്പതുകൊല്ലം കഴിഞ്ഞാല്‍ പൊതുസ്ഥലത്തു വെള്ളം കുടി നിരോധിയ്ക്കാന്‍ നിയമം പാസ്സാക്കുമോ ആവോ!

(ഈ പരമ്പരയില്‍ അടുത്തത് “അഗ്നി” )

Monday, April 07, 2008

അമ്പത്തൊന്നക്ഷരാദിപ്പെരുമ

സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രാങ്കണരിംഖണലോലമനായാസം പരമായാസം
മായാകല്‍പ്പിതനാനാകാരമനാകാരം പരമാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം!

മൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളൂ അന്നു വല്യേട്ടന്, അച്ഛന്‍ എവിടെനിന്നോഎഴുതിയെടുത്തുകൊണ്ടുവന്ന ഈ ശ്ലോകം ചൊല്ലിക്കേള്‍പ്പിയ്ക്കുമ്പോള്‍(പറഞ്ഞുകേള്‍ക്കുന്നതാണേ). കടലാസുപെന്‍സില്‍കൊണ്ടു എഴുതിയെടുത്ത കടലാസ്, പഠിയ്ക്കാന്‍ ആവശ്യമുണ്ടായിരുന്നില്ല, ചൊല്ലിക്കേള്‍ക്കുന്നതു പഠിയ്ക്കുക- അതായിരുന്നു രീതി. ഏട്ടന്മാര്‍ ചൊല്ലുന്നതുകേട്ടുകേട്ടാണു ഞാന്‍ പല ശ്ലോകങ്ങളും പഠിച്ചത്. ആയിടെയാണു കോഴിക്കോടു അക്ഷരശ്ലോകകലാസമിതി എന്നൊരു സമിതിയുണ്ടെന്നും ആ സമിതി എല്ലാ കൊല്ലവും കുട്ടികള്‍ക്കുവേണ്ടി അക്ഷരശ്ലോകമത്സരം നടത്താറുണ്ടെന്നും അറിഞ്ഞത്. സമിതിയുടെ നടത്തിപ്പുകാരനായ ശ്രീ. കെ. ശങ്കരനാരായണന്‍ എന്ന ശ്ലോകപ്രതിഭ എല്ലാകൊല്ലവും വീട്ടില്‍‌വന്ന് വിവരമറിയിയ്ക്കുകയും ഞങ്ങള്‍ കുട്ടികളെല്ലാവരും പതിവായി പങ്കെടുത്തുപോരുകയും ചെയ്തിരുന്നു. അതു കുട്ടികള്‍ക്കെല്ലാം നല്ലൊരു വേദിയൊരുക്കിത്തന്നു. അങ്ങനെയങ്ങനെ ശ്ലോകകൌതുകം ഞങ്ങളോടൊപ്പം ഞങ്ങളുടെ ഉള്ളില്‍ വളര്‍ന്നുകൊണ്ടേയിരുന്നു. കൂട്ടത്തിലുള്ളവര്‍ നല്ല ശ്ലോകങ്ങളും ശ്ലോകങ്ങളല്ലാത്ത കവിതകളും ഒക്കെ എഴുതാന്‍ മിടുക്കുള്ളവരായിവന്നു. മറ്റുതിരക്കുകള്‍ക്കിടയിലും ഇപ്പോഴും ഒരു കൌതുകമായി ഈ കലാവാസന കൊണ്ടുനടക്കുകയും ചെയ്യുന്നു. അക്ഷരശ്ലോകകലയ്ക്കും കലാസമിതിയ്ക്കും ഇതില്‍ വളരെ വലിയ പങ്കുണ്ടു്. കോഴിക്കോട് അക്ഷരശ്ലോകകലാസമിതി ഇപ്പോഴും ശ്രീ. ശങ്കരനാരായണന്റെ നേതൃത്വത്തില്‍ ഓജസ്സോടെ, ഉന്മിഷത്തായി നടന്നുവരുന്നുണ്ട്. മാര്‍ച്ച് ഇരുപത്തൊന്നാം തിയ്യതിയിലെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഇതോടൊപ്പം വെയ്ക്കുന്നു.



കൂട്ടത്തില്‍പ്പറയട്ടേ, ഈ കലാസമിതി തന്ന ശ്ലോകാന്തരീക്ഷം ഇപ്പോഴും മറ്റുപലര്‍ക്കുമെന്നപോലെ എനിയ്ക്കു ഉമേഷ് ജി,വിശ്വം ജി, രാജേഷ് ജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യാഹൂ അക്ഷരശ്ലോകം ഗ്രൂപ്പ് നല്‍കിവരുന്നുണ്ട്. ഞാന്‍ ആദ്യമായി ഒരു ശ്ലോകം രചിച്ചുനോക്കിയത്, ഈ വേദിയിലാണു്. പിന്നീടു പലപ്പോഴായി പലശ്ലോകങ്ങളും എഴുതാനും ഈ വേദിയില്‍ ചൊല്ലാനും അവസരം കിട്ടി. അതൊരു ഭാഗ്യമായി കരുതുന്നു. [യാഹൂ അക്ഷരശ്ലോകക്കൂട്ടത്തില്‍ പലരും ശ്ലോകം എഴുതുന്നവരായിട്ടുണ്ടു്. ബ്ലോഗുകളില്‍ നെല്ലിയ്ക്കയിലും ഉറിയിലും നല്ല ശ്ലോകങ്ങള്‍ കിട്ടും].


ശ്ലോകഗ്രൂപ്പില്‍ ഈയിടെ അയ്യായിരം ശ്ലോകം തികയാറായപ്പോള്‍‍ കൂട്ടത്തലവനായ ഉമേഷ് ജി ഒരു ആശയം മുന്നോട്ടുവെച്ചു. 4990 മുതല്‍ 5000 വരെയുള്ളശ്ലോകങ്ങള്‍ ശ്ലോകികള്‍ സ്വയം ഉണ്ടാക്കിച്ചൊല്ലുന്നവയായിരിയ്ക്കണം. മാത്രമല്ല, ആ ശ്ലോകങ്ങള്‍ നിശ്ചിതവൃത്തങ്ങളിലുള്ളവയുമായിരിയ്ക്കണം, എന്ന്. എല്ലാവരിലും ഉത്സാഹവും ആവേശവും നിറച്ചുകൊണ്ട്, ശ്ലോകപ്പെരുമഴ തകര്‍ത്താര്‍ക്കുകയായിരുന്നു, അയ്യായിരാമത്തേതായി ഒരു ശ്ലോകം രൂപമെടുത്തതു ഞാന്‍ ചൊല്ലിയതു താഴെ.

അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ, കമ്പിതക്കോളിളക്ക-
ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമഞ്ചായിരം സൂര്യദീപം
വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍ജ്ജാലകം തള്ളിനോക്കീ-
ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാശ്ലോകവാരാശി കാണ്‍കേ!

Sunday, March 23, 2008

ഭാഷയിലെ തെറ്റും ശരിയും

കുറച്ചുദിവസം മുന്‍‌പ് ‘ദിനപ്പത്ര’മോ ‘ദിനപത്രമോ’ ശരി എന്നതിനെപ്പറ്റി ചര്‍ച്ച നടന്നിരുന്നു. അവിടെ ഞാന്‍ രേഖപ്പെടുത്തിയ അഭിപ്രായം വാഗ്‌ജ്യോതിയില്‍ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട്, ഒരു ലേഖനമൊന്നും ആക്കാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടി ഇവിടെ ഒരു പോസ്റ്റ് ആയി വെയ്ക്കുന്നു.

ചന്ദ്രകലയും ദിനപത്രവും ശരിയാണു്, സംസ്കൃതനിയമം അങ്ങനെയായതുകൊണ്ടു്.
ചന്ദ്രക്കലയും ദിനപ്പത്രവും മലയാളത്തില്‍ ശരിയാണു്, അങ്ങനെ ധാരാളമായി പ്രയോഗം നിലവിലുള്ളതുകൊണ്ടു്-
ഇങ്ങനെപറയാനാണെനിയ്ക്കിഷ്ടം. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തോന്നുന്നില്ല.
‘ദിനം‘ എന്നതും ‘പത്രം‘ എന്നതും മലയാളം സ്വാംശീകരിച്ചപദങ്ങളാണല്ലോ, അതുകൊണ്ടു്,തനിമലയാള‘പ്പ’ദങ്ങളേപ്പോലെ, ദിനപ്പത്രം എന്നു സന്ധിചേരട്ടെ, എന്നു നിയമപരിഷ്കാരം വരുത്തണോ? എന്നു ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു പ്രധാന ചോദ്യമായിരുന്നു. നിയമപരിഷ്കാരം വേണ്ട എന്നാണെനിയ്ക്കു തോന്നുന്നത്.
നിയമം ഇളവുചെയ്താല്‍,
വീരപ്പുരുഷന്‍, ദീര്‍ഘക്കായന്‍, ദീര്‍ഘബ്ബാഹു താരസ്സുന്ദരി, വീരഗ്ഗജം പരമപ്പാവനം ഗഹനക്കാനനം ഉന്നതത്തലം ഗഗനത്തലം ഹരിതപ്പത്രം ജീര്‍ണ്ണപ്പത്രം ബാലക്കൃഷ്ണന്‍, ദ്രുതക്കവിത, സുന്ദരഗ്ഗാനം, ചിത്രക്കല, ലവണജ്ജലം, ജലജ്ജീവി, കാലബ്ബോധം, സാമാന്യബ്ബുദ്ധി, സാധാരണപ്പക്ഷം, പ്രതിപ്പക്ഷം, ന്യൂനപ്പക്ഷം, ഭൂരിപ്പക്ഷം…..…..……ഇവരെല്ലാം കൂടി ഒരുമിച്ചാക്രമിച്ചാലോ? ആലോചിച്ചിട്ടു പേടിയാകുന്നു.

ഭാഷാ അദ്ധ്യാപകരും ഭാഷയെ ഒരു വിഷയമായി കൊണ്ടുനടക്കുന്ന എഴുത്തുകാരും ഭാഷാനിയമങ്ങള്‍ കഴിയുന്നതും ശ്രദ്ധിച്ചുപാലിയ്ക്കണം എന്നാണു് എനിയ്ക്കു പറയാനുള്ളത്. പക്ഷേ ഈ വകുപ്പില്‍ പെടാത്തവര്‍ക്കും ഭാഷ ഉപയോഗിക്കണമല്ലോ. ഭാഷകൊണ്ടു ആശയവിനിമയം നടക്കണം എന്ന ‘പരിമിതമായ’ ലക്ഷ്‌യം സാധിക്കുന്നുവെങ്കില്‍ ഏതുപ്രയോഗവും ശരിതന്നെ.പ്രാദേശികഭേദങ്ങളും വ്യക്തിഗത ഭേദങ്ങളും ആ ഒരു തലത്തില്‍നിന്നുനോക്കിയാല്‍ തികച്ചും ശരിയാണ്.
“ജ്ജ് ന്റെ ബുക്ക് കണ്ടിന്യോ?” , “ണ്ണി വ്‌ടെ വരി, നിയ്ക്കൊരൂട്ടം പറയാണ്ട്‌….“ഇതൊക്കെ ശരിതന്നെ…
എന്നാല്‍ പൊതുജനത്തോടു ആശയവിനിമയം ചെയ്യാന്‍ ഈ ഭാഷ അംഗീകൃതരൂപമായി കല്‍പ്പിക്കാറില്ല. ആ ഭാഷാരൂപങ്ങളൊന്നും തെറ്റായതുകൊണ്ടല്ല. അവ ഒരു ‘ചെറിയ വട്ടത്തിനുള്ളിലെ ശരി‘ ആണെന്നതുകൊണ്ടാണ്, ‘പൊതുഅംഗീകാരം’ കിട്ടാത്തത്.
ഭാഷാ അദ്ധ്യാപകരും എഴുത്തുകാരും ഭാഷയെ ‘ഗൌരവമായി’ സമീപിയ്ക്കണം. വ്യാകരണനിയമങ്ങളില്‍ ഇളവുവരുത്താം എന്നു ഭാഷാപണ്ഡിതര്‍ തന്നെ തീരുമാനിച്ചാല്‍, മേല്‍പ്പറഞ്ഞ പദക്കൂട്ടങ്ങള്‍ മുഴച്ചിരിയ്ക്കും.

ദിനപ്പത്രവും ചന്ദ്രക്കലയും ധാരാളമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതുകൊണ്ട്‌ അവ മലയാളഭാഷയില്‍ ശരിയായ പ്രയോഗമാണു്. ഈ പദങ്ങളെപ്പോലെ (മലയാളപദം/മലയാളപ്പദം?) മറ്റുപദങ്ങള്‍ ജനസമൂഹത്തില്‍ പ്രചുരപ്രചാരം നേടുന്നമുറയ്ക്ക്, കാലം കുറച്ചുകൂടിക്കഴിഞ്ഞാല്‍ അവയെ ഓരോന്നിനെയായി, ‘ശരിയാക്കാം’.അതാവും നല്ലത്.ഭാഷാപണ്ഡിതര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും എടുക്കുന്ന തീരുമാനങ്ങളും ഭാഷയില്‍ ‘അവ്യവസ്ഥ- അരാജകത്വം’ഉണ്ടാക്കാന്‍ കാരണമാവരുത്‌.

Tuesday, March 11, 2008

“മനമിളകാ ചപലോക്തി കേള്‍ക്കിലും കേള്‍“

കുഞ്ചന്‍‌നമ്പ്യാര്‍ തന്റ്റെ കുട്ടിക്കാലത്തു് എഴുതിയ കൃതിയാണു ശ്രീകൃഷ്ണചരിതം മണിപ്രവാളമെന്നു കേട്ടിട്ടുണ്ടു്. വരികളില്‍ അക്ഷരമൊപ്പിയ്ക്കാന്‍ വേണ്ടി എവിടേയും തിരുകിക്കയറ്റാവുന്ന വാക്കുകള്‍ ഈ കൃതിയില്‍ ധാരാളമുള്ളതുകൊണ്ടാവാം, പല സാഹിത്യവിമര്‍ശകരും ഒരു കാവ്യം എന്ന നിലയ്ക്ക് ഈ കൃതിയെ എണ്ണുന്നില്ല. എന്നാല്‍ ആ ഒരു ന്യൂനത ഉണ്ടെന്നുവെച്ച് ഇത്രയും മഹത്തായ ഒരു കൃതി പഠിയ്ക്കപ്പെടാതെ പോകരുതെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതീവസാധാരണമായ ഒഴുക്കും ലാളിത്യവും കൊണ്ടു് അതിന്റെ മാഹാത്മ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെപോകുന്നതാണു്. പണ്ടുകാലത്ത്, ഇതിലെ പലസര്‍ഗ്ഗങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പദസമ്പത്തു്, ഉച്ചാരണശുദ്ധി, ജീവിതമൂല്യങ്ങള്‍ എന്നിവ പകര്‍ന്നുനല്‍കി മലയാളിയുടെ ഹൃദയത്തെ പോഷിപ്പിയ്ക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ചിട്ടുണ്ടു് ഈ കൃതിയെന്നും ഒരു മഹാകാവ്യം എന്ന നിലയില്‍ നോക്കിക്കാണേണ്ട കൃതിയാണിതെന്നും കെ. പി. നാരായണപ്പിഷാരടി അഭിപ്രായപ്പെട്ടിട്ടുണ്ടു്.

ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ലോകോക്തികള്‍ പെറുക്കിയെടുത്ത് ഇവിടെ വെയ്ക്കട്ടേ.

1. മലകളിളകിലും മഹാജനാനാം

മനമിളകാ, ചപലോക്തി കേള്‍ക്കിലും കേള്‍!

2. ശിവ ശിവ! ദുര്‍ജ്ജനഭാരമേവ ഭാരം

3. അസുവിനു സമയായ ധാത്രിതന്റെ

വ്യസനമഹോ ഭഗവാന്‍ സഹിയ്ക്കുമോ താന്‍?

4. അരുതരുതു വധൂവധം മഹാത്മന്‍

ദുരിതമകപ്പെടുമിപ്രകാരമായാല്‍

5. യുവതികളെവധിയ്ക്ക യോഗ്യമോ താ-

നവരതിദുഷ്ടകളെങ്കിലും നരേന്ദ്ര?

6.ജനനമരണമെന്നതിജ്ജനാനാ-

മനുഭവമെന്നതിനെന്തെടോ വിവാദം?

മരണദിവസവും ശിരസ്സിലാക്കി-

ദ്ധരണിതലം പ്രവിശന്തി മാനുഷന്മാര്‍

7.മരണമൊരുവനും വരാത്തതല്ലെ-

ന്നറിക ഭവാന്‍, അറിവുള്ള ചാരുബുദ്ധേ

8. സുലഭമഹോ ഗുണികള്‍ക്കു വാഞ്ച്ഛിതാര്‍ഥം

9. ജ്ഞാനം മനസ്സില്‍ ജനിയായ്കമൂലം

ഞാനെന്നഹംഭാവമഹോ ജനാനാം

10.കാമാദിഷഡ്കം ബഹുദുഃഖമൂലം

11.പരാക്രമം സ്ത്രീകളിലല്ലവേണ്ടൂ

12. ഒരിയ്ക്കലുണ്ടേവനുമാത്മനാശം

ജരയ്ക്കുമുന്‍പേ മരണം മനോജ്ഞം

13. ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യര്‍ക്കു ശരീരബന്ധം
കുലം ബലം പുത്രകളത്രജാലം
ഫലം വരാ, മൃത്യു വരും ദശായാം

14. തായാട്ടുകാട്ടുന്ന ശിശുക്കളെത്താന്‍

താഡിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം

15. ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ

പാരില്‍ പ്പരക്ലേശവിവേകമുള്ളൂ

16. അതിക്രമം മേ, ലിനി വേലിതന്നെ

വിതച്ച പുഞ്ചയ്ക്കു വിനാശമൂലം

17. കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ

കക്കാന്‍ മടിയ്ക്കുന്നു തരം വരുമ്പോള്‍

18. ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷരുള്ളകാലം

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?

19. മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ

പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാം

20.ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം

പരത്തുവാനാളുകളുണ്ടസംഖ്യം

21. കഷ്ടിച്ചു കൃത്യം കഴിയുന്നവന്നും

അഷ്ടിയ്ക്കുമുട്ടാതെവസിപ്പവന്നും

കെട്ടിദ്ധനം നേടിയിരിപ്പവന്നും

പെട്ടെന്നുതുല്യം ഖലു വൃത്തിദുഃഖം

22. കര്‍മ്മാനുകൂലം ഫല, മിന്നൊഴിപ്പാന്‍

നമ്മാലസാദ്ധ്യം ധരണീസുരേന്ദ്ര!

Tuesday, March 04, 2008

ഭാഷയും ആഗോളക്കവലയും

ഈ ലോകത്തു് മാറ്റമില്ലാത്തതായി ഒന്നുമില്ല. മാറ്റത്തിനെ എതിര്‍ക്കരുത്, അഥവാ മാറ്റങ്ങള്‍ക്കു പുറംതിരിഞ്ഞുനിന്നിട്ടു കാര്യമില്ല. കാലത്തിനനുസരിച്ച് എല്ലാറ്റിനും മാറ്റം വരും. ശരി.
ഇനി, ഇന്റര്‍നെറ്റ് എഴുത്തിന്റെ പശ്ചാത്തലത്തില്‍, മലയാളഭാഷയുടെ ‘പരിണാമവും പുരോഗതിയും’ എന്ന വിഷയത്തെപ്പറ്റി എന്റെ ചിതറിയ ചിന്തകള്‍-
പരിണാമം എന്നതു സ്വാഭാവികമാവണം. ചിത്രശലഭത്തിന്റെ മുട്ട, പുഴുവായി-പ്യൂപ്പയായി-ശലഭമായി, താരതമ്യേന കൂടുതല്‍ നിലനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു ജീവിയായി (ഉള്ള സങ്കേതങ്ങള്‍ കൊണ്ടു പറ്റാവുന്നത്ര വികസിച്ച ഒരു ജീവിയായി) പരിണമിക്കുന്നു. പ്രകൃതി തീരുമാനിച്ച ‘കാലം’ - ‘ഇടവേള’ - ഈ പരിണാമത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണു്. രണ്ടുദിവസം നേരത്തേ ശലഭം പുറത്തുവരട്ടേ, ഒന്നു സഹായിച്ചുകൊടുത്തേയ്ക്കാം എന്നു കരുതി, ‘പ്യൂപ്പക്കൂടു‘ പൊട്ടിച്ചുകൊടുക്കുന്നത് ബുദ്ധിപരമായ പ്രവൃത്തിയല്ല.

സ്വാഭാവിക പരിണാമം (transformation) അടിച്ചേല്‍പ്പിക്കപ്പെടുന്ന ‘മാറ്റം’ അല്ല. സ്വാഭാവികപരിതസ്ഥിതിയില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്, കൂടുതല്‍ സ്ഥിരതയോടെ നിലനില്‍ക്കാന്‍ സഹായിക്കുന്ന (balanced ആയ) ഒരു അവസ്ഥയിലേയ്ക്കാണ് എത്തുന്നതെങ്കില്‍ ആ മാറ്റം, ആ പരിണാമം പുരോഗതിയിലേയ്ക്കാണു്. കൂടുതല്‍ ശിഥിലമായ അസ്ഥിരമായ ഒരു അവസ്ഥയിലേയ്ക്കാണു മാറ്റങ്ങള്‍ നയിക്കുന്നതെങ്കില്‍, അതിനെ പുരോഗതി എന്നു വിളിയ്ക്കാനാവില്ല. എന്നാലും എല്ലാറ്റിനും ‘ക്ഷയം’, ‘നാശം’ എന്നീ അവസ്ഥകളുമുണ്ടല്ലോ. അതും പ്രകൃതിനിയമമാണ്. ഒന്നും ഒരിയ്ക്കലും നശിയ്ക്കരുത് എന്നു വിചാരിയ്ക്കുന്നതും വിഡ്ഢിത്തമാവും. എന്നാല്‍ ഒരുകാര്യം നമ്മള്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. സമൂഹത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന, പോരായ്മകളെ അതിജിവിച്ചു മുന്നേറുന്ന ഒരു സംരംഭം നമ്മളായിട്ടു നാശത്തിലേയ്ക്ക്- ശൈഥില്യത്തിലേയ്ക്ക് തള്ളിവിടരുതു്. നമുക്കു കൂടി ഉത്തരവാദിത്തമുള്ള (പ്രകൃതിയുടെ മാത്രം അധിനതയിലല്ലാത്ത) കാര്യങ്ങളില്‍, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവരുതു്.

ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാവണം. ഭാഷകൊണ്ടു ഏറ്റവും നന്നായി ആശയവിനിമയം നടക്കുന്നത്, വക്താവും ശ്രോതാവും ഒരു പൊതുവായ , അഥവാ സമാനമായ പശ്ചാത്തലം പങ്കിടുമ്പോഴാണു്.

ഉദാഹരണം പറയാം. ഒരുവയസ്സു പ്രായമായ കുട്ടി സ്വന്തം വീട്ടിനുള്ളില്‍ അഥവാ സ്വന്തം അമ്മയോട്‌ (കൂടുതലത്സ്അമയം അടുത്തുണ്ടാവുന്ന വ്യക്തിയോടു്) ആശയവിനിമയം നടത്തുന്നുണ്ടു്. അവിടെ വ്യാകരണംവേണ്ട, വാക്യങ്ങളോ വാക്കുകളോ വേണ്ട, ചുരുക്കം ചില അക്ഷരങ്ങള്‍ - അതുതന്നെ ധാരാളം. ആ ‘ഠ‘ വട്ടത്തിനുള്ളില്‍ ആശയവിനിമയത്തിനു ‘നിയമാവലികള്‍’ ഉള്ള ഭാഷ അത്യാവശ്യമില്ല. എന്നാല്‍ മറ്റൊരു ചുറ്റുപാടില്‍, മറ്റു ശ്രോതാക്കളോട് ‌അതേ അക്ഷരങ്ങളും ആംഗ്യങ്ങളും കൊണ്ട് ആ കുട്ടിയ്ക്കു ആശയം വിനിമയം ചെയ്യാന്‍ സാധ്യമല്ല. തന്നെ മനസ്സിലാക്കുന്നവരുടെ ഇടയില്‍ ആശയവിനിമയം ചെയ്യാന്‍ അധികം ഔപചാരികതകളും നിയന്ത്രണങ്ങളും ആവശ്യമില്ല. തെറ്റിദ്ധരിയ്ക്കപ്പെടാനുള്ള സാഹചര്യം അവിടെ കുറവായതുകൊണ്ടാണതുസാദ്ധ്യമാവുന്നതു്. എന്തുകൊണ്ടാണങ്ങിനെ എന്നുചിന്തിച്ചിട്ടുണ്ടോ? ഒരേ മാനസിക പശ്ചാത്തലം പങ്കിടുന്ന ഘട്ടത്തില്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥം തന്നെ കേള്‍ക്കുന്നവളും(നും) മനസ്സിലാക്കും. ഉദ്ദേശിയ്ക്കുന്ന അര്‍ഥത്തിന്റ്റെ വിപരീതം പറഞ്ഞാല്‍പ്പോലും ഉദ്ദേശിച്ച അര്‍ഥം തന്നെ മനസ്സിലായിക്കോളും. ഈ ‘പൊതുവായ പശ്ചാത്തലം പങ്കിടാത്ത അവസ്ഥയില്‍’ ഭാഷകൊണ്ടു കൂടുതല്‍ കാര്യക്ഷമമായി (എഫിഷ്യന്റ് ആയി), ഫലവത്തായി (ഇഫക്റ്റീവ് ആയി), ആശയവിനിമയം സാദ്ധ്യമാക്കാന്‍‌വേണ്ടിയാണു് ഭാഷാപ്രയോഗത്തില്‍ നിയന്ത്രണങ്ങളും നിയമങ്ങളും ഒക്കെ ഉണ്ടായതു്.

ഭാഷ ഓരോചെറിയ സമൂഹത്തിലും കാലക്രമേണ- വേണ്ടത്ര സമയമെടുത്ത്, (നിയമസഭ നിയമം പാസാക്കാതെതന്നെ) രൂപപ്പെട്ടുവന്നതാണു്. ഈ സാഹചര്യങ്ങളില്‍ നിന്നെല്ലാം അടര്‍ത്തിമാറ്റി, ഭാഷയെ ‘ആഗോളക്കവല‘യില്‍ നിര്‍ത്തി അന്യഭാഷകളുടെ കടന്നുപിടുത്തത്തിനു വിട്ടുകൊടുക്കരുത്. ഒന്നുകില്‍ ചെറിയ ഒരുസമൂഹത്തിന്റെ ഭാഷയെ (പൂന്തേന്മൊഴിയായ മലയാളത്തെ) ആഗോളക്കവലയില്‍ നിര്‍ത്തരുത്. അല്ലെങ്കില്‍ എല്ലാത്തിനും വഴങ്ങിക്കൊടുക്കേണ്ട-നട്ടെല്ലില്ലാത്ത അവസ്ഥ ഭാഷയ്ക്കുണ്ടാവരുത്. സ്വയം ചില ഉറച്ച നിലപാടുകളും വ്യവസ്ഥകളും ഭാഷയില്‍ ഉണ്ടാവണം. ഉണ്ടാവണമെന്നു ഞാന്‍ പറയുമ്പോള്‍ ഇല്ലാത്ത ഒന്നിനെഉണ്ടാക്കണം എന്ന അര്‍ഥത്തിലല്ല പറയുന്നത്. ഭാഷയ്ക്ക്, ആശയവിനിമയോപാധി എന്ന അവസ്ഥയില്‍, വ്യവസ്ഥകളുണ്ട്, നിയമങ്ങളുണ്ട്. അവ നിലനില്‍ക്കേണ്ടതു അത്യാവശ്യമാണു് എന്ന അര്‍ഥത്തിലാണു്. നിലവിലുള്ള അഥവാ കൂടുതല്‍ കാലം നിലനിന്നുവന്നതായ വ്യവസ്ഥകളെ ‘മാറ്റത്തിനുവേണ്ടി മാറ്റാന്‍ ശ്രമിയ്ക്കരുതു്. ആ നിയമങ്ങളും വ്യവസ്ഥകളും ഉറച്ച നിലപാടുകളും, സ്വന്തം നിലനില്‍പ്പുതന്നെ അപകടത്തിലാവുന്ന അവസ്ഥയില്‍ സ്വരക്ഷയ്ക്കുതകുന്ന രക്ഷാകവചമായി വര്‍ത്തിയ്ക്കും. സംസ്കൃതത്തിനെപ്പോലെ ഉറച്ച നിലപാടുകള്‍ മലയാളത്തിനു വേണ്ടെന്നും ‘പൂന്തേന്‍‌മൊഴി’ യ്ക്കു ദൃഢതയേക്കാള്‍ ‘ലാസ്യഭാവമാണു’ വേണ്ടതെന്നും ധാരാളം മോഡേണ്‍ ലാംഗ്വേജ് ലവേര്‍സ് പറയുന്നുണ്ടു്. അതുകൊണ്ടു്, ഇന്നത്തെ കണ്ടെസ്റ്റന്‍സിന് മലയാളച്ചാനലില്‍, മലയാളപ്പരിപാടിയില്‍, വിത് കോണ്‍ഫിഡെന്‍സ്, ഫ്രീ ആയി, ഫോര്‍മാലിറ്റീസ് ഒന്നുമില്ലാതെ, മ്യൂസിക് പാടാം. (ആടുകയുമാവാം). നോ പ്രോബ്ലം. ഫന്റാസ്റ്റിക് ആയി, എക്സെലെന്റായി പാടിയാടിത്തിമര്‍ത്താല്‍ നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനാണെങ്കിലോ ഫ്ലാറ്റ്, എന്നുവെച്ചാല്‍ വെര്‍ട്ടിക്കല്‍ ഹൌസസില്‍ ഒരു ഹൌസ്, എന്താ സംഗതി മോശമാണോ?

മലയാളത്തെ പൂന്തേന്മൊഴിയെന്നു വിളിയ്ക്കുന്നവര്‍തന്നെ മലയാളഭാഷയില്‍ ഇംഗ്ലീഷിന്റെ അതിപ്രസരം വരുമ്പോഴും, അതിനെ മോശമായി കാണാത്തതെന്താണു്? അതൊക്കെ കാലം വരുത്തുന്ന മാറ്റമാണത്രേ. എന്നാല്‍ "Let us cheththikkaLayuka (or cheththiminukkuka) our feet to wear the ultra modern shoes" എന്നു ഒരു ഇംഗ്ലീഷ് വാചകം പറയാന്‍ മേല്‍പ്പറഞ്ഞ ലാംഗുവേജ് ലവേര്‍സ് സമ്മതിയ്ക്കുമോ? ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലെ പുതിയവാക്കുകളായി കരുതാമെന്നാണു് ചിലരുടെ പക്ഷം. അതുമാത്രമല്ല, ഇംഗ്ലീഷുപദങ്ങളേക്കൂടി ഒട്ടും മാറ്റിനിര്‍ത്താതെ സ്വീകരിച്ചാലേ മലയാളഭാഷയ്ക്കു നൂതനതയും പുരോഗമനവും ഉണ്ടാവൂ എന്നുകൂടി ചിലര്‍ ചിന്തിയ്ക്കുന്നു എന്നു കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. കയ്യില്‍ക്കിട്ടിയ ഭാഷയെ എന്തും ചെയ്യാന്‍ തയ്യാറായിനില്‍ക്കുന്ന കീചകന്‍‌മാരെക്കരുതിയിരിയ്ക്കാന്‍ പാവം മലയാളഭാഷയോട് ഒരു അമ്മൂമ്മയുടെ, ഒരു അമ്മയുടെ, ഒരു ചേച്ചിയുടെ വാത്സല്യം കലര്‍ന്ന ഉപദേശം പോലെ ഞാനൊരിയ്ക്കല്‍ ഒരു മുക്തകം എഴുതിയിരുന്നു. (ഞാനല്ല, അമ്മൂമ്മയും അമ്മയും. വേണമെങ്കില്‍ സംസ്കൃതഭാഷയാണ് ഉപദേശം കൊടുക്കുന്നതെന്നുകരുതിക്കോളൂ:))

പൂന്തേന്മൊഴീയെന്നു“ വിളിച്ചുചുറ്റും

ചാഞ്ചാടിയാടുന്നതു കീചകന്മാര്‍

തനിയ്ക്കുതാനേ തുണയെന്നുകണ്ടാല്‍

കരുത്തുകാട്ടേണമതാണു ബുദ്ധി“

ഇന്നത്തെക്കാലത്തു്, ഒരു പ്രത്യേകഭാഷ സംസാരിയ്ക്കുന്നവരും ഒരേ പ്രാദേശികഭാഷ (ഡയലക്റ്റ്) സംസാരിയ്ക്കുന്നവരും ലോകത്തിന്റെ പല പല കോണുകളില്‍ താമസിയ്ക്കുന്നുണ്ടു്. അതായത് ഓരോ ഭാഷയും പല പല ഭാഷകളുടേയും പശ്ചാത്തലത്തില്‍- സാന്നിധ്യത്തില്‍ ആണു് ഇന്നു നിലനില്‍ക്കുന്നത്. ഓരോ ഭാഷയും ഇന്നു കൂടുതല്‍ ‘എക്സ്പോസ്ഡ്’ ആണെന്നു പറഞ്ഞാല്‍ കൂടുതല്‍ മനസ്സിലാവും മലയാളിയ്ക്ക് :) അതു് ഒരു തരത്തില്‍ നല്ലതാണു്. എന്നാല്‍ സ്വന്തം ഒരുറച്ച വ്യക്തിത്വവും ഉറച്ചനിലപാടുകളും ഉള്ളവര്‍ക്കേ ആഗോളക്കവലയില്‍ നല്ലരീതിയില്‍ നിലനിലക്കാന്‍ സാധിയ്ക്കൂ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടുഴലാതെ, ഒരുവിധം കാര്യങ്ങളെല്ലാം സ്വന്തം നിയന്ത്രണത്തോടെ ഉള്‍ക്കൊള്ളാനും തള്ളാനുംകഴിയൂ. നിയമങ്ങളും ചിട്ടകളും തനിയ്ക്കുള്ള നിയന്ത്രണങ്ങളാണെന്നു കരുതി, എളുപ്പത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിയമങ്ങളെ ലഘൂകരിച്ചാല്‍ അവസാനം മറ്റുപലതിന്റേയും കടന്നുകയറ്റത്തില്‍ സ്വന്തം വ്യക്തിത്വം തന്നെ പണയപ്പെടുത്തേണ്ട അവസ്ഥവരും. “ഭാഷയ്ക്കു കാലക്രമേണ മാറ്റങ്ങള്‍ വന്നിട്ടുണ്ടല്ലോ, പിന്നെന്താ എനിയ്ക്കുശേഷം ഒന്നും മാറരുത് എന്നൊരു വാശി?“ എന്നു ചിലര്‍ക്കെങ്കിലും മനസ്സില്‍ തോന്നാം. അവരോടുള്ള മറുപടി ആവര്‍ത്തിയ്ക്കാം- മാറ്റം സ്വാഭാവികമാവണം. പറഞ്ഞാല്‍- കേള്‍ക്കാന്‍- പാകത്തിലുള്ള - താരതമ്യേന വ്യാസം കുറഞ്ഞ വട്ടത്തില്‍ നിന്നും ആഗോളപശ്ചാത്തലത്തില്‍ വേണമല്ലോ ഇപ്പോള്‍ ഭാഷയെ നോക്കിക്കാണാന്‍. ചുരുങ്ങിയത് ഇന്റര്‍നെറ്റ് ഭാഷയെയെങ്കിലും. ഇത്തരുണത്തില്‍ ഭാഷയിലെ നിയമാവലികള്‍ക്കു പ്രസക്തി കൂടുകയാനുചെയ്യുന്നത്, എന്നാണെന്റെ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ നല്ലതും ശക്തവും സ്ഥിരവും ആയ ഒന്നിനായിരിയ്ക്കും കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിയ്ക്കുക. അതുകൊണ്ടുതന്നെ ഉള്ള ശക്തി തിരിച്ചറിഞ്ഞ്, അതിനെ പോഷിപ്പിക്കുകയാണു് വേണ്ടത്. ഫ്ലെക്സിബിലിറ്റിയുടെ പേരില്‍ നട്ടെല്ല്‌ ആവശ്യമില്ലാതെ വളയ്ക്കേണ്ടിവരരുത്. മലയാളഭാഷ്യ്ക്കു, വൈയാകരണരോ പണ്ഡിതരോ കണ്ടെത്തി വ്യവസ്ഥപ്പെടുത്തിയ നിയമാവലികള്‍ വേണ്ടെന്നു പറയുകയും അതെല്ലാം ഭാഷയ്ക്കുള്ള വിലങ്ങുകളാണെന്നു കരുതുകയും ചെയ്യുമ്പോള്‍ ഭാഷ ഇത്രയുംകാലം കൊണ്ടു നേടിയെടുത്ത ശക്തിയേത്തന്നെയാണു വിലകുറച്ചുകാണുന്നത്. ഈ ശക്തിയുടെ അഭാവത്തില്‍ മലയാളഭാഷയെ ആഗോളക്കവലയില്‍ കൊണ്ടുനിര്‍ത്തിയാല്‍ മാറ്റങ്ങളുടെ കുത്തൊഴുക്കില്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിലയില്ലാക്കയത്തിലേക്കാവും ചെന്നുവീഴുന്നത്. അതിനെന്താ, ഉണ്ടായതെല്ലാം ഒരിയ്ക്കല്‍ നശിയ്ക്കും എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഇക്കൂട്ടര്‍ ഭാഷാസ്നേഹികള്‍ എന്ന പേരുമാറ്റണം എന്നുമാത്രം പറഞ്ഞുവെയ്ക്കാം.

*[രാജേഷ് വര്‍മയുടെ “പാഞ്ചാലിയെക്കീചകനെന്നപോലെ...” എന്ന ഒരു ശ്ലോകം ഒന്നുകണ്ണോടിച്ചുവായിച്ച്, രണ്ടാമതൊന്നാലോചിക്കാനോ, എന്തര്‍ഥത്തിലാണു കവി ഇതെഴുതിയതെന്നു ചിന്തിയ്ക്കാനോ മിനക്കെടാതെ (അപ്പോഴേയ്ക്കുംഞാന്‍ നാട്ടിലേയ്ക്കുപോകാന്‍ ഓട്ടോയില്‍ കയറിയിരുന്നു) ഒരു ചുട്ടമറുപടി കൊടുക്കണമല്ലോ എന്നു കരുതി. ഒരു അഞ്ചുമിനുട്ടുകള്‍ക്കകം മനസ്സില്‍വന്നതാണ് ഈ വരികള്‍. ഇതെഴുതിയതു ഒരു നിമിഷകവിതയായിട്ടാണെങ്കിലും അക്ഷരശ്ലോകം ഗ്രൂപ്പില്‍ അവതരിപ്പിച്ചത്, ദിവസങ്ങള്‍ക്കുശേഷമാണു് (നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ടു്). ‘വാഗ്ജ്യോതിയിലും’ ഈ ശ്ലോകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജേഷ് വര്‍മ്മയുടെ ശ്ലോകത്തില്‍ പൂന്തേന്‍‌മൊഴി ‘കവിത’ ആയിരുന്നു. എന്റെ ശ്ലോകത്തില്‍ ‘പൂന്തേന്‍‌മൊഴി’ മലയാളഭാഷയാണു്. എന്റെ പ്രസ്തുതശ്ലോകം രാജേഷിന്റെ പ്രസ്തുതശ്ലോകത്തിനോടു ചേര്‍ത്തുവായിക്കുന്നതിനേക്കാള്‍ ഈ മുകളില്‍ പറഞ്ഞ ചുറ്റുപാടില്‍ വായിയ്ക്കുന്നതാണു് എനിയ്ക്കു കൂടുതലിഷ്ടം. അതുകൊണ്ടു് ലിങ്കു കൊടുക്കുന്നില്ല. ഈ ശ്ലോകരചനയ്ക്കു കാരണക്കാരനായ രാജേഷ് വര്‍മ്മയ്ക്കു നന്ദിയും നമസ്കാരവും].

Wednesday, February 06, 2008

വരമൊഴിയ്ക്കെന്തിനാ വ്യാകരണം?

“സംശയം ഇനിയാണ് - ഇത്രയും പ്രാചീനമായ വ്യാകരണം, ഭാഷ അപഗ്രഥിക്കേണ്ടത് വാക്യം വച്ചാണെന്നും ഭാഷണത്തെ ഒഴിവാക്കാനാവില്ലെന്നും തിരിച്ചറിഞ്ഞിട്ടും നമ്മുടെ പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“

വെള്ളെഴുത്ത് എന്ന, സ്വല്‍പ്പം ചിന്തിച്ചാലെന്തെന്നു ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗര്‍ എഴുതിച്ചോദിച്ചതാണിത്. എന്റെ ചിന്താ ഡൌട്ട് കോമാ പറയുന്ന മറുപടി-

വ്യാകരണമല്ല ഭാഷ. വ്യാകരണത്തിന്റേതുമല്ല ഭാഷ. ഭാഷയുടേതാണു് വ്യാകരണം. ഭാഷയെ വിശകലനം ചെയ്യാനും അപഗ്രഥിച്ചുപഠിയ്ക്കാനുമുള്ള പഠനശാഖയാണു് വ്യാകരണം. നിലവിലുള്ള ഒരു ഭാഷയെ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ അപഗ്രഥിച്ചുപഠിയ്ക്കാന്‍ അതിന്റെവ്യാകരണം പഠിച്ചാല്‍ എളുപ്പമാവും. വിശാലമായ ഒന്നിനെ മനസ്സില്‍‌വെച്ചുകൊണ്ട് അതിലെ ഘടകങ്ങളെ നിരീക്ഷിക്കുക എന്നതാണ് അറിവിനെ ഉള്‍ക്കൊള്ളാനുള്ള - മനസ്സിലാക്കാനുള്ള നല്ലരീതി എന്നാണെന്റെ പക്ഷം. സമഷ്ടിയുടെ ഭാഗമായി വ്യഷ്ടിയെ കണ്ടു് ആകപ്പാടെ ഒരാശയം തെളിഞ്ഞതിനുശേഷം, വ്യഷ്ടിയുടെ വിശകലനത്തിലെയ്ക്കും സൂക്ഷ്മമായ കാര്യങ്ങലിലേയ്ക്കും ഇറങ്ങിച്ചെല്ലുക എന്ന രീതി.


ഉദാഹരണം പറയാം-

നാം ഒരു സിനിമ കാണുകയാണെന്നു കരുതുക. ഒന്നാമത്തെ സീനില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സീനാണെന്നിരിയ്ക്കട്ടെ രണ്ടാം സീന്‍. സിനിമ കണ്ടുപരിചയമില്ലാത്തവരാണെങ്കില്‍ അപ്പോഴേ അടുത്തിരിയ്ക്കുന്നവരോടു ചോദ്യങ്ങള്‍ ചോദിയ്ക്കാ‍ന്‍ തുടങ്ങും. എന്നാല്‍ സിനിമകണ്ടു പരിചയമുള്ളവരാണെങ്കില്‍, മൊത്തമായ ഒരു ‘ഒന്നിന്റെ’ ഭാഗമായി സീനുകളെകാണുകയും, ഓരോ ഭാഗത്തേയും വെവ്വേറെകാണാതിരിയ്ക്കുകയും ചെയ്യും. അപ്പോള്‍ ഒന്നാം സീനിന്റെ തുടര്‍ച്ച നാലാം സീനിലാണെങ്കില്‍പ്പോലും അര്‍ഥം മനസ്സിലാക്കുകതന്നെചെയ്യും. മൊത്തമായ ഒരൊന്നിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് അര്‍ഥം കൂടുതല്‍ വ്യക്തമായി മനസ്സിലാവുക. ഓരോ സീനിനേയും പ്രത്യേകം പ്രത്യേകം ഒറ്റയൊറ്റയായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ കഥയെ മുഴുവനായി മനസ്സിലാവാന്‍ കൂടുതല്‍ പ്രയാസം നേരിടും. മൊത്തമായ ഒരു കാഴ്ചയ്ക്കും മനസ്സിലാക്കലിനും ശേഷം ഓരോ ഘടകത്തേയും കീറിമുറിച്ച് വിശകലനം ചെയ്യാം. അപ്പോള്‍ ഓരോ ഘടകത്തിന്റേയും പ്രാധാന്യവും പ്രത്യേകതയും കൂടുതല്‍ മനസ്സിലാക്കാനും സാധിയ്ക്കും.

ഇനി പ്രകൃതത്തിലേയ്ക്കുവരാം- ഭാഷയെ സമഗ്രമായിനിരീക്ഷിച്ച്, ആ വിശാലമായ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് പാണിനിയെപ്പോലുള്ള മഹാവൈയാകരണന്മാര്‍ ഘടകങ്ങളെ അപഗ്രഥിച്ചതും വിശകലനം ചെയ്തതും. പിന്നീടുവരുന്നവര്‍ക്കായി ആ കണ്ടെത്തലുകളെല്ലാം ക്രോഡീകരിച്ചതും ഓര്‍മ്മിയ്ക്കാന്‍ പാകത്തില്‍ സൂത്രങ്ങളാക്കിയതും ഭാഷാപഠനത്തെ സഹായിക്കാനാണു്. ഭാഷാപ്രയോഗത്തില്‍ അസ്വതന്ത്രത വരുത്താനല്ല. എഴുത്ത് എന്നാല്‍ ലിപികളാല്‍ ഭാഷയെ രേഖപ്പെടുത്തുന്ന രീതി. ലിപിയ്ക്കല്ല വ്യാകരണം. ഭാഷണഭാഷയ്ക്കുതന്നെയാണ്, എന്നാണു് എന്റെ മനസ്സിലാക്കല്‍.

അതോ “പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് വാമൊഴിവഴക്കമില്ലാത്ത വരമൊഴിഭാഷയ്ക്കെന്തിനാ ഇത്രയും നിബന്ധനകള്‍ എന്നാണോ? അതിനും അഭിപ്രായം പറയാന്‍ ശ്രമിയ്ക്കട്ടേ-

വാമൊഴി എന്നാല്‍ പറയുന്നഭാഷ (പറയപ്പെടുന്ന ഭാഷ). നമ്മള്‍ സാധാരണയായി എന്തെങ്കിലും പറയുന്നതു് എപ്പോഴാണു്? ആരെങ്കിലും കേള്‍ക്കാനുള്ളപ്പോള്‍. അതായത് വക്താവും ശ്രോതാവും പറഞ്ഞാല്‍കേള്‍ക്കാന്‍ പാകത്തില്‍ അടുത്തുനില്‍ക്കുമ്പോള്‍. ശരിയല്ലേ? ആ അവസ്ഥയില്‍ വക്താവും ശ്രോതാവും പൊതുവില്‍ ഒരേ സമയം- ഒരേ സ്ഥലം, ഒരേ പരിതസ്ഥിതി എന്നീ കണ്ടീഷനുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. മിക്കവാറും ഭാഷണത്തിന്റെ പശ്ചാത്തലം ഒന്നുതന്നെയാവാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ഥം തന്നെ കേള്‍ക്കുന്നവനിലേയ്ക്കു വിനിമയം ചെയ്യപ്പെടും. അതായത് വാമൊഴിയ്ക്ക് ഒരു ഏകീകരണത്തിന്റേയോ(സ്റ്റാന്‍ഡേഡൈസേഷന്റേയോ) വ്യവസ്ഥയുടേയോ അധികം ആവശ്യം നേരിടുന്നില്ല.

എന്നാല്‍ വരമൊഴിയുടെ സ്ഥിതിയോ?

എഴുത്തുകാരി എഴുതുന്നത്, പുസ്തകത്തിലോ ബ്ലോഗിലോ ആവട്ടേ, അവള്‍ എന്തെല്ലാം ആശയങ്ങളുടെ പശ്ചാത്തലത്തിലാണു് പറയുന്നതെന്നോ ആധികാരികമായി പറയാന്‍ കഴിയുന്നവളാണെന്നോ, വിദ്യാര്‍ഥിനിയാണെന്നോ, അല്പജ്ഞാനം കൊട്ടിഗ്ഘോഷിയ്ക്കുന്നവളാണെന്നോ ഒന്നും അറിയാത്ത ഒരു വായനക്കാരനിലേയ്ക്ക് (ആ വ്യക്തിയുടെ അറിവിന്റെ പശ്ചാത്തലം എഴുതുന്നവ്യക്തിയ്ക്കും ഉണ്ടാവില്ല) വിനിമയം ചെയ്യാന്‍ ഒട്ടൊക്കെ ഏകീകൃതമായ (സ്റ്റാന്‍ഡേര്‍ഡ് ആയ ജനറലൈസ്ഡ് ആയ), വ്യവസ്ഥാപിതമായ നിയന്ത്രിതമായ ഭാഷ അത്യന്താപേക്ഷിതമാണു്. ഇവിടെയാണു് വ്യാകരണത്തിന്റെ പ്രസക്തി.

Monday, February 04, 2008

സംസ്കൃതവ്യാകരണചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം

[ ‘ഭാഷയെ അപഗ്രഥിയ്ക്കാനുള്ള ഒരു പദ്ധതി (വ്യാകരണം)‘ എങ്ങനെ രൂപം കൊണ്ടു? അതിലേക്കു നയിച്ച കാരണങ്ങള്‍ എന്താവാം...എന്നൊക്കെ പറയാന്‍ ശ്രമിക്കുകയാണിവിടെ. കാലഗണന ഒഴിവാക്കിയുള്ള ഒരു ചരിത്രം പറച്ചില്‍]

വേദങ്ങളാണ് മനുഷ്യസമൂഹത്തിന്റെ ആദ്യത്തെ സാഹിത്യം എന്നാണു കരുതപ്പെടുന്നത്. വേദങ്ങള്‍ പരമ്പരയാ അതീവശ്രദ്ധയോടെ ഗുരുമുഖത്തുനിന്നും കേട്ടുകേട്ടു പഠിച്ച് മനനം ചെയ്ത്, ബോധ്യപ്പെട്ട്, ‘വിവരം‘ എന്നത് ‘അറിവ് ‘എന്ന അവസ്ഥയിലേയ്ക്കെത്തണം... അതായിരുന്നു വിദ്യാഭ്യാസരീതി. വേദങ്ങള്‍ “ശ്രുതികള്‍” എന്നും അറിയപ്പെടുന്നു (കേട്ടുകേട്ട് കിട്ടുന്നത്! എന്നു പറയാം അല്ലേ?)വേദകാലത്തുതന്നെ ഋഷിമാരും മറ്റും ഭാഷയുടെ കാര്യത്തില്‍ ദത്തശ്രദ്ധരായിരുന്നു. ഋക് പ്രാതിശാഖ്യം, വാജസനേയപ്രാതിശാഖ്യം തുടങ്ങിയവ ‘ശിക്ഷ’ എന്ന ഉച്ചാരണശാസ്ത്രത്തിന് അടിത്തറപാകി. നിരുക്തകാരനായ യാസ്കാചാര്യര്‍ പദങ്ങളെ വേര്‍തിരിച്ച്, അടുക്കി ‘നിഘണ്ടു” തയ്യാറാക്കിയിരുന്നു. ഭാരതത്തില്‍ വ്യാകരണക്കാര്‍ മാത്രമായിരുന്നില്ല ഭാഷയെക്കുറിച്ചു പഠിച്ചത്. മീമാംസകരും നൈയായികരും ഒക്കെ ഭാഷയുടെ പ്രത്യേകതകളെ കൂലംകഷമായി അപഗ്രഥിച്ചിരുന്നു. സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പല സിദ്ധാന്തങ്ങളും കണ്ടെത്തി ആവിഷ്കരിച്ചിട്ടുണ്ട്.

ആശയവിനിമയത്തിനുള്ള ഒരു ഉപാധി(ടൂള്‍) മാത്രമല്ല ഭാഷ. ആശയവിനിമയം ഭാഷയുടെ ഒരു ഭാവം മാത്രമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. ഭാഷണഭാഷയെ നിരീക്ഷിച്ചതില്‍നിന്നും വാക്യമാണ് ഭാഷയുടെ അടിസ്ഥാന ഘടകം എന്നു മനസ്സിലാക്കി. വാക്യത്തെ അപഗ്രഥിച്ച് “നാമങ്ങള്‍, ക്രിയകള്‍ എന്നു പദങ്ങളെ വേര്‍തിരിക്കാമെന്നു കണ്ടെത്തി. ഒരു വാക്യത്തില്‍ ക്രിയയാണേറ്റവും പ്രധാനമെന്നും (വാക്യത്തെ പൂര്‍ണ്ണമാക്കാന്‍ ക്രിയ കൂടിയേ തീരൂ എന്ന അര്‍ഥത്തില്‍) ക്രിയയോടു പൊരുത്തപ്പെടുന്ന തരത്തില്‍ നാമപദങ്ങള്‍ക്കു മാറ്റം വരുന്നുണ്ടെന്നും നിരീക്ഷിച്ചു. കാരകങ്ങളെയും അവയ്ക്കനുസൃതമായി വിഭക്തികളേയും കണ്ടെത്തി, പദത്തെ ധാതുവും പ്രത്യയവും എന്നു രണ്ടാക്കിപ്പിരിക്കാമെന്നു കണ്ടു. ക്രിയാധാതുവിനോടു ചേര്‍ക്കുന്ന പ്രത്യയങ്ങള്‍ക്ക്‌ ‘കാലം,ഭാവം...തുടങ്ങിയ അര്‍ഥങ്ങള്‍ കല്‍പ്പിക്കപ്പെട്ടു, അങ്ങനെ അങ്ങനെ... ഈ അസംഖ്യം കാര്യങ്ങള്‍ മനസ്സില്‍ ഓര്‍മ്മിക്കാന്‍ പാകത്തില്‍ അടുക്കിയടുക്കി സൂത്രങ്ങളാക്കിവെച്ചു, വൈയാകരണന്മാര്‍. പാണിനിയ്ക്കുമുന്‍പ്, ശാകടായനവ്യാകരണം, സാരസ്വതവ്യാകരണം തുടങ്ങി എട്ടോ ഒമ്പതോ വ്യാകരണപദ്ധതികള്‍ ഉണ്ടായിരുന്നു. സ്ഫോടായനന്‍, ആപിശലി, ശാകല്യന്‍, ഗാലവന്‍, ഗാര്‍ഗ്യന്‍ തുടങ്ങി പത്തോളം വ്യാകരണാചാര്യന്മാര്‍ പാണിനിയ്ക്കുമുന്‍പേ ഉണ്ടായിരുന്ന വൈയാകരണന്മാരാണ്.

പാണിനി, എട്ടദ്ധ്യായങ്ങളിലായി നാലായിരത്തോളം സൂത്രങ്ങള്‍ കൊണ്ട് ഭാഷയിലെ അന്തര്‍ലീനങ്ങളായ സവിശേഷതകളെ അഷ്ടാധ്യായി എന്ന ഗ്രന്ഥത്തില്‍ സമഗ്രമായി പ്രതിപാദിച്ചു. അഷ്ടാധ്യായിയുടെ - പാണിനീയത്തിന്റെ- സൂക്ഷ്മതയും സമഗ്രതയും സൂത്രശൈലിയും അത്യന്തം ശ്ലാഘനീയമായതിനാല്‍ പാണിനീയവ്യാകരണപദ്ധതിയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഭാഷാപഗ്രഥനത്തില്‍ കാണിച്ച സമഗ്രതയും സൂക്ഷ്മതയും, പാണിനീയവ്യാകരണമാണ് സംസ്കൃതവ്യാകരണം എന്നു ഭാഷാകുതുകികള്‍ തീരുമാനിയ്ക്കാന്‍ സാഹചര്യമൊരുക്കി.

വ്യാഡിയുടെ ‘സംഗ്രഹം’ അഷ്ടാധ്യായിയ്ക്കുള്ള വിശദമായ ഒരു വ്യാഖ്യാനമായിരുന്നു. ലക്ഷത്തിലധികം ശ്ലോകങ്ങളടങ്ങുന്ന ‘സംഗ്രഹ‘ത്തില്‍ ഭാഷയുടെ തത്വശാസ്ത്രങ്ങളെപ്പറ്റിയും വിസ്തരിച്ചു പ്രതിപാദിയ്ക്കുന്നുണ്ടത്രേ. എന്നാല്‍ ഈ കൃതി ഇപ്പോള്‍ ലഭ്യമല്ല. പാണിനിയ്ക്കുശേഷം കാത്യായനന്‍(വരരുചി എന്നു പേരു പറയാറുണ്ട്) വാര്‍ത്തികമെഴുതി. പാണിനി പറഞ്ഞ ചില കാര്യങ്ങളില്‍ പൂര്‍ണ്ണതപോരാ എന്നു തോന്നിയ ഇടങ്ങളില്‍ പൂര്‍ണ്ണതവരുത്താനുള്ള ശ്രമമായിരുന്നു, കാത്യായനന്റേത്. പാണിനിയ്ക്കു ശേഷം ഭാഷാപ്രയോഗത്തില്‍ വന്ന മാറ്റങ്ങളും കാത്യായനന്‍ കണക്കിലെടുത്ത് ഉള്‍ക്കൊള്ളിച്ചതാവാനും സാധ്യതയുണ്ട്. പതഞ്ജലിയാണ് ഈ നിരയിലെ അടുത്ത മഹാശയന്‍. മഹാഭാഷ്യം എന്ന കൃതിയിലൂടെ പാണിനിയുടെ സൂത്രങ്ങളേയും ഭാഷയുടെ പ്രത്യേകതകളേയും ഒരുചര്‍ച്ചയുടെ രൂപത്തില്‍ ലളിതമായ ഭാഷയിലൂടെ ഊട്ടിയുറപ്പിക്കുകയാണ് പതഞ്ജലി ചെയ്തത്.

പാണിനി (സൂത്രകാരന്‍); കാത്യായനന്‍(വാര്‍ത്തികകാരന്‍); പതഞ്ജലി(ഭാഷ്യകാരന്‍) ഇവര്‍ വ്യാകരണശാസ്ത്രത്തില്‍ “മുനിത്രയം” എന്നറിയപ്പെടുന്നു.

മഹാഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി, ഭര്‍തൃഹരി, കൈയടന്‍ , നാഗേശഭട്ടന്‍ തുടങ്ങിയവര്‍ വ്യാഖ്യാനങ്ങള്‍ രചിച്ചു. ചില ഭാഷാസങ്കേതങ്ങളെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ വ്യാഖ്യാനങ്ങള്‍ വഴിതുറന്നു.

അഷ്ടാധ്യായിയെ വ്യാഖ്യാനിച്ചവരില്‍ ഇനിയുള്ള പ്രമുഖര്‍ ജയാദിത്യ വാമനന്മാരാണ്. “കാശികാ” എന്നാണ് അവര്‍ രണ്ടുപേരും ചേര്‍ന്നെഴുതിയ കൃതി. ഈ കാശികയെ ഒന്നുകൂടി പ്രകാശിപ്പിച്ചുകൊണ്ട്, രാമചന്ദ്രാചാര്യര്‍ ‘പ്രക്രിയാകൌമുദി’ രചിച്ചു. കാശികയിലെ അപാകതകള്‍ തീര്‍ത്ത് പരിഷ്കരിക്കാനായി ഭട്ടോജി ദീക്ഷിതര്‍ “വൈയാകരണസിദ്ധാന്തകൌമുദി” രചിച്ചു. ഇതാണ് ഇപ്പോള്‍ വ്യാകരണം പഠിക്കുന്നവര്‍ പ്രാഥമികമായി പഠിക്കുന്നത്. വൈയാകരണസിദ്ധാന്തകൌമുദിയുടെ വ്യാഖ്യാനമാണ് , വാസുദേവദീക്ഷിതരുടെ “ബാലമനോരമാ”.

[ഇതൊരു ഉപരിപ്ലവമായ എത്തിനോട്ടമേ ആകുന്നുള്ളൂ.]

**************************************************

ഞാന്‍ പ്രതീക്ഷിയ്ക്കുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും-

1. വ്യാകരണം ആണോ ആദ്യം ഉണ്ടായത്? വ്യാകരണത്തില്‍നിന്നല്ലേ ഭാഷയുണ്ടായത്?
അല്ല. നിലവിലുള്ള ഭാഷയെ നിരന്തരം നിരീക്ഷിച്ച് ഭാഷാപ്രയോഗങ്ങള്‍ക്കു പിന്നിലെ നിയമങ്ങള്‍ കണ്ടെത്തിയ ഭാഷാകുതുകികള്‍, ഇനിവരുന്നവര്‍ക്കു ഭാഷാപഠനം എളുപ്പമാക്കാനും ഭാഷയ്ക്ക് കാലംചെല്ലുന്തോറും അപചയം നേരിടാതിരിക്കാനും വേണ്ടി ചിട്ടപ്പെടുത്തിക്രമീകരിയ്ക്കുന്നതാണ് വ്യാകരണം.

2. പാണിനിയുടെ കണിശമായ നിലപാടുകള്‍ കാരണം ഭാഷയുടെ പിന്നീടുള്ള വളര്‍ച്ച മുരടിച്ചുവോ?
പാണിനി അന്നു നിലവിലുള്ള ഭാഷയെ സമഗ്രമായിത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. മാറ്റങ്ങളെയും പ്രാദേശികഭേദങ്ങളേയും ഒക്കെ കുറേയൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനുവേണ്ടി, ഓപ്ഷണല്‍ നിയമങ്ങള്‍ അവിടവിടെ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, പ്ണ്ഡിതരായ ആചാര്യന്മാര്‍ (അറിവിനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍) പ്രയോഗിക്കുന്നവാക്കുകള്‍ സാധുവായിത്തന്നെ കണക്കാക്കണം, എഴുതിവെച്ച വ്യാകരണനിയമത്തെ അതിവര്‍ത്തിക്കുന്നുവെങ്കില്‍പ്പോലും, എന്നായിരുന്നു അന്നത്തെ നിലപാട്. പിന്നീടുള്ള കാലഘട്ടത്തില്‍ സംസ്കൃതജ്ഞര്‍ക്കു വളരെ നിര്‍ബന്ധമുണ്ടായിരുന്നു, പാണിനീയവ്യാകരണാനുസാരം തന്നെ വേണം ഭാഷാപ്രയോഗം എന്നത്. അതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിയ്ക്കാം. മറ്റുഭാഷകളുടെ കുത്തൊഴുക്കിലും, സംസ്കൃതത്തിന്റെ തനതുരൂപം നശിക്കാതിരുന്നതിന് ആ നിര്‍ബന്ധബുദ്ധി സഹായിച്ചു എന്നുവേണം കരുതാന്‍.3. പാണിനീയവ്യാകരണത്തെ അവലംബിച്ചു പില്‍ക്കാലവാര്‍ത്തികങ്ങളും ഭാഷ്യവുമല്ലാതെ പുതിയ ഒരു വ്യാകരണപദ്ധതി ഉണ്ടായിട്ടുണ്ടോ?ചന്ദ്രഗൌമിന്‍ എന്ന പണ്ഡിതന്‍ പാണിനീയത്തില്‍, താഴെപ്പറയുന്ന പരിഷ്കാരങ്ങള്‍ വരുത്തി, പുതിയ കെട്ടും മട്ടും കൊടുക്കാന്‍-൧. വൈദികസംസ്കൃതവുമായി ബന്ധപ്പെട്ട മുന്നൂറോളം സൂത്രങ്ങള്‍ എടുത്തുമാറ്റി.൨. കാത്യായനനും പതഞ്ജലിയും വ്യാഖ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ച ചില കാര്യങ്ങള്‍ കൂടി സൂത്രങ്ങളാക്കി കൂട്ടിച്ചേര്‍ത്തു.(ഇതു പക്ഷേ പാണിനീയത്തിന്റെ (അഷ്ടാധ്യായിയുടെ മാറ്റുകുറച്ചില്ല)

4. പാണിനിയില്‍നിന്നും സംസ്കൃതം പുരോഗമിയ്ക്കാത്തതെന്തുകൊണ്ട്?
പുരോഗമനം എന്നാല്‍ അഭിവൃദ്ധി എന്നാണു പൊതുവേ അര്‍ഥം ധരിക്കുക പതിവ്. ആദ്യം ഉണ്ടായതു പ്രിമിറ്റീവ് ആണെങ്കില്‍ കാലം കഴിയുന്തോറും അതു കൂടുതല്‍ വികസിക്കുകയോ അല്ലെങ്കില്‍ സാഹചര്യങ്ങളെ അതിവര്‍ത്തിക്കാനാവാതെ നശിക്കുകയോ ചെയ്യും. എന്നാല്‍ പാണിനിയുടെ വ്യാകരണപദ്ധതി സമഗ്രവും സൂക്ഷ്മവും സുഘടിതവുമാണ്. പൂര്‍ണ്ണമായതിനെ മനസ്സില്‍ കണ്ടുകൊണ്ടാണ് പാണിനി ഘടകങ്ങളെ നിരീക്ഷിക്കുന്നത് എന്നു വേണം പറയാന്‍.(ഒരു കവിതയോ കഥയോ എഴുതുമ്പോള്‍ എന്തോ ഒരാശയം മനസ്സിലുള്ളത്, പലപലവാക്കുകളിലൂടെ ഉരുത്തിരിഞ്ഞ് ഒരു കൃതിയായി രൂപപ്പെടുന്നില്ലേ? അതുപോലെ പൂര്‍ണ്ണതയുടെ പശ്ചാത്തലത്തിലാണ് ഘടകങ്ങള്‍ പ്രകാശിച്ചത്. അല്ലാതെ, ഒരാശയവുമില്ലാതെ, വെറുതേ കുറേ പദങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയ കവിതയോ കഥയോ അത്രത്തോളം നന്നാവാനിടയില്ല. പറഞ്ഞുവന്നത്, പാണിനിയുടെ വ്യാകരണം വാക്കുകളെ ഒറ്റയ്ക്കൊറ്റയ്ക്കല്ല വിശകലനം ചെയ്യുന്നത്, പൂര്‍ണ്ണമായ ഒന്നിന്റെ ഘടകം എന്ന നിലയ്ക്കാണ്. ആ ഹോളിസ്റ്റിക് അപ്പ്രോച് ആയിരിക്കാം അതിന്റെ മേന്മയ്ക്കു നിദാനം. (എന്റെ അഭിപ്രായമാണ്)

Wednesday, January 30, 2008

ഭാഷാ - വാക്കും വെളിച്ചവും.

വാക്കുകള്‍ വിളക്കുകളാണ്. കുറേയേറേ ദൂരത്തേയ്ക്കുവെളിച്ചം വീശുന്ന വാക്കുകളുണ്ട്. കണ്ണടച്ചിരുട്ടാക്കിയാലും കണ്ണിന്നു തിമിരം ബാധിച്ചാലും ആയിരംതിരിതെളിഞ്ഞുനില്‍ക്കുന്നവാക്കിനെ ചിലപ്പോള്‍ നാം മുനിഞ്ഞുകത്തുന്ന ഒറ്റത്തിരിവിളക്കായി തെറ്റിദ്ധരിയ്ക്കും. ആ ഇത്തിരിവെട്ടത്തില്‍ തിരിയ്ക്കടിയിലെ കരികാണാനേ നമുക്കാവൂ. ഒരു ഉദാഹരണം പറയാം-
ഭഗവാന്‍ എന്നവാക്കിന്, ‘ധനമുള്ളവന്‍ ധനവാന്‍ എന്നമട്ടില്‍ ‘ഭഗമുള്ളവന്‍ ഭഗവാന്‍‘ എന്നുപറയാം. ഇത്തിരിവെട്ടത്തില്‍ അത്രയേ നാം മനസ്സിലാക്കൂ. എന്നാല്‍ കൂടുതല്‍ അറിയണം എന്ന ആഗ്രഹത്തോടെ നന്നായി കണ്ണുതുറന്നു നോക്കിയാലോ, അപ്പോള്‍ കാണാം ആ വാക്കിന്റെ വ്യാപ്തി-

ഭഗഃ എന്നാല്‍ ഷഡ്ഗുണങ്ങള്‍, സൌഭാഗ്യം, സുഭഗത്വം തുടങ്ങിയ അര്‍ഥങ്ങളുമുണ്ട്. ഷഡ്ഗുണപരിപൂര്‍ണ്ണനെയാണ് ഭഗവാന്‍ എന്നു പറയുന്നത്. ഷഡ്ഗുണങ്ങള്‍ എന്നാല്‍ എന്താണ്?

  1. ഐശ്വര്യം, (‍ അഷ്ടൈശ്വര്യങ്ങളും പെടും)
  2. വീര്യം,
  3. യശസ്സ്,
  4. ശ്രീ,
  5. ജ്ഞാനം,
  6. വൈരാഗ്യം

ഈ ആറുഗുണങ്ങളും തികഞ്ഞവന്‍ ഭഗവാന്‍.

ഇപ്പറഞ്ഞ ആറും വിസ്തരിച്ചു മനസ്സിലാക്കേണ്ടവയാണ്. ഒറ്റൊറ്റ വാക്കുകൊണ്ട് അര്‍ഥമളക്കാന്‍ പറ്റില്ല.

പറഞ്ഞുവന്നതിതാണ്-
സ്വയം കണ്ണടച്ചിരുട്ടാക്കിയാലും കണ്ണിന്നു തിമിരം ബാധിച്ചാലും നഷ്ടം വെളിച്ചത്തിനല്ല, വിളക്കിനുമല്ല, നമുക്കുതന്നെയാണ്. വാക്കുകളുടെ കൂട്ടാളിയെന്നു കരുതപ്പെടുന്ന നിഘണ്ടുക്കള്‍ പലപ്പോഴും അവയിലെ സ്നേഹമൂറ്റി, വെളിച്ചം കെടുത്തി നിരത്തിക്കിടത്തി പ്രദര്‍ശിപ്പിക്കുകയാണു ചെയ്യുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചിറകുവിരുത്തി മാനം‌മുട്ടെപ്പറക്കാന്‍ കെല്‍പ്പുള്ള പക്ഷികളെ ചിറകുവെട്ടിയൊതുക്കി കൂട്ടിലടച്ചു പ്രദര്‍ശിപ്പിക്കുന്നതുകാണുമ്പോഴുള്ള ഒരു വീര്‍പ്പുമുട്ടല്‍ വാക്കുകള്‍ക്ക് നിഘണ്ടുക്കളില്‍ അനുഭവപ്പെടുന്നില്ലേ എന്നത് എന്റെ വേവലാതി. ചില വാക്കുകളെപ്പറ്റിയുള്ള ചിന്തകള്‍ ഇനിമുതല്‍ ഈ താളില്‍ പങ്കുവെയ്ക്കണം എന്നത് എന്റെ ഒരു മോഹം.

ആദ്യമായി ഭാഷാ എന്ന വാക്കുതന്നെയാവട്ടേ - ‘ഭാസിയ്ക്കുന്നതാണ്’ ഭാഷാ.

പ്രകാശിയ്ക്കുന്നതാണ് ഭാഷ. അതായത്, ഭാഷ ചുറ്റുമുള്ള പലതിനേയുംകാണിച്ചുതരുന്നു. ആശയവിനിമയത്തിനുമാത്രമല്ല, അറിവിനെ അറിവായി അറിയാനുംഭാഷ വേണം. അറിവിനെ മറ്റൊരാളുമായി പങ്കുവെയ്ക്കാനുംഭാഷവേണം. ആശയവിനിമയം എന്നത് ഭാഷയുടെ ഒരു പ്രയോജനം മാത്രമാണ്. പറയാനും/കേള്‍ക്കാനും എഴുതാനും/വായിക്കാനും ഉപകാരപ്പെടുന്നത്, ഭാഷയുടെ ഒരു ഭാവം മാത്രമാണ്. ചിന്തയ്ക്കും ആശയരൂപീകരണത്തിനും അനുഭവമുദ്രണത്തിനും ഭാഷാസങ്കേതത്തിന്റെ മറ്റൊരു തലം ഉള്ളില്‍ പ്രകാശിയ്ക്കുന്നുണ്ടെന്നുവേണംകരുതാന്‍.
ഒരു മനുഷ്യശിശു തന്റെ സ്വന്തം ചുറ്റുപാടുകളില്‍ നിന്നും നിരീക്ഷണങ്ങളിലൂടെ ഈ ജന്മസിദ്ധസങ്കേതത്തെ പുനരാവിഷ്കരിയ്ക്കുകയാണുചെയ്യുന്നത്. തികച്ചും സ്വാഭാവികമായ ചുറ്റുപാടില്‍, വളരേസാധാരണമായി നടക്കുന്നതാ‍ണല്ലോ ഈപ്രക്രിയ. ധനിയെന്നോ ദരിദ്രനെന്നോ അവര്‍ണ്ണനെന്നോ സവര്‍ണ്ണനെന്നോ കമ്മ്യൂണിസ്റ്റെന്നോ *ഊണിഷ്ടനെന്നോ ഒരുഭേദത്തിനും പ്രസക്തിയില്ലാതെ ഏതൊരുസാധാരണശിശുവും ആദ്യത്തെ രണ്ടുമൂന്നുകൊല്ലം കൊണ്ട് ഭാഷയുടെ പ്രാഥമികപാഠങ്ങള്‍ സ്വായത്തമാക്കുന്നുണ്ടല്ലോ. ഈ പറയുന്നതിനു തെളിവുവേണമെങ്കില്‍ എന്റെപക്കലില്ല. ഞാനുംചിന്തിച്ചുകൊണ്ടിരിയ്ക്കുന്നു. ആരും വിശ്വസിയ്ക്കണമെന്നു നിര്‍ബന്ധമില്ല. എന്നാലും എല്ലാവരും ഒന്നു ചിന്തിച്ചുനോക്കൂ, ആദ്യമേയുള്ള ഒരു അറിവിന്റെ ഭാഗമായല്ലേ നമുക്ക് പുതിയ അറിവുകള്‍ നേടാന്‍ കഴിയൂ? ഉള്ള ഒരറിവിലേയ്ക്ക് വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുംകുറയ്ക്കാനും അഴിച്ചുപണിയാനും ഒക്കെയല്ലേ പറ്റൂ? അല്ലാതെ ഒരടിസ്ഥാനവുമില്ലാതെ പുതിയൊരറിവ് നമ്മള്‍ സ്വായത്തമാക്കുന്നുണ്ടോ?

[ചിന്തിയ്ക്കുന്നവര്‍ ചിന്ത പങ്കുവെയ്ക്കണേ]

ആത്മചൈതന്യത്തിന്റെ പ്രതിഭാസമായി ‘ഭാഷാ’ എന്ന ഒരു അമൂര്‍ത്തസങ്കേതം എല്ലാവരിലും ഉണ്ട്. ആത്മാവിന്റെ ഭാഗമായതുകൊണ്ട് ഇതു ജന്മസിദ്ധമാണ്. ടോര്‍ച്ചിലെ ബള്‍ബിന്, പുറമേയുള്ള ഏതൊരുവസ്തുവിനേയും കാണിച്ചുതരാന്‍‌കഴിയുമെങ്കിലും, ആടോര്‍ച്ചിലെ ബാറ്ററിയെ കാണിച്ചുതരാങ്കഴിയാത്തതുപോലെ, ഭാഷയ്ക്ക് ഈ ലോകത്തെ കാണിച്ചുതരാന്‍ പറ്റും, ആത്മാവിനെഅറിയാന്‍ ഭാഷകൊണ്ടും സാ‍ധ്യമല്ല, ഭാഷാതീതമാ‍യ അവസ്ഥയിലേ ആത്മാനുഭൂതിയുണ്ടാവു (യതോ വാചോ നിവര്‍ത്തന്തേ....). മനസ്സിന്റേയും ബുദ്ധിയുടേയും അപ്പുറത്തെ തലങ്ങളിലേയ്ക്ക് വ്യാപരിയ്ക്കുമ്പോള്‍മാത്രം അറിയാറാകുന്ന ശുദ്ധബോധം ഭാഷാതീതമായ അവസ്ഥയിലായിരിയ്ക്കും. എന്നാല്‍ ‘ശരീരവും മനസ്സും ബുദ്ധിയും ചേര്‍ന്ന യൂണിറ്റിനെ ഒരു വ്യക്തിയായിക്കണക്കാക്കുന്ന സാധാരണക്കാരായ നമുക്കെല്ലാം ഭാഷകൂടാതെയുള്ള ഒരു വ്യവഹാരവുംസാധ്യമല്ല.

ശബ്ദം, വാക്ക്, ഭാഷാ എന്നീ വാക്കുകള്‍ സംസ്കൃത**ശബ്ദശാസ്ത്രത്തില്‍ ‘ലാങ്ഗ്വേജ്’ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്നുണ്ട്. ഈ ഭാഷാസങ്കേതത്തിന് ***നാലവസ്ഥകള്‍ ഉണ്ടത്രേ. ഒരു വക്താവിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, താഴെപ്പറയുന്ന ക്രമത്തിലാണ് വാക്ക് അവസ്ഥാന്തരം പ്രാപിക്കുന്നത്.
പരാ-മൂലാധാരത്തില്‍ ശബ്ദശക്തി കേന്ദ്രീകൃതമാവുമ്പോള്‍ ഉള്ള (ഭാഷയുടെ) അവസ്ഥ.
പശ്യന്തീ-നാഭിദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിയ്ക്കുമ്പോള്‍ തെളിയുന്ന (ഭാഷയുടെ അവസ്ഥ)
മധ്യമാ- അവനവനു മനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ തെളിയുന്ന (ഭാഷയുടെ) അവസ്ഥ
വൈഖരീ - പരശ്രവണഗോചരമായ ശബ്ദം - പറയാനും കേള്‍ക്കാനും സാധിയ്ക്കുന്ന (ഭാഷയുടെ) അവസ്ഥ
വക്താവിന്റെ മനസ്സില്‍ പറയാന്‍ ആഗ്രഹം ജനിയ്ക്കുമ്പോള്‍ത്തന്നെ മൂലാധാരത്തില്‍ നിന്നുമാണത്രേ പ്രാണവായു ശബ്ദശക്തിയായി ഒഴുകാന്‍ തുടങ്ങുന്നത്. നാഭീദേശം കടന്ന്, ഹൃദയപ്രദേശത്തെത്തുമ്പോള്‍ വക്താവിനുതന്നെ മനസ്സില്‍ ക്രമപ്പെട്ടുകിട്ടുന്ന വ്യക്തമായ ഭാഷാരൂപം, വൈകാതെതന്നെ കണ്ഠം മുതല്‍ ചുണ്ടുവരെയുള്ള വിവിധ ഉച്ചാരണസ്ഥാ‍നങ്ങളില്‍ പ്രാണന്‍ തട്ടിയും തടഞ്ഞും അന്യനുകേള്‍ക്കാവുന്നതരത്തില്‍ ഒച്ചയോടുകൂടിയുള്ള വൈഖരീ അവസ്ഥയെ പ്രാപിയ്ക്കുന്നു.
ശ്രോതാവിനെ അടിസ്ഥാനമാക്കി നോക്കിയാല്‍ വൈഖരീ, മധ്യമാ, പശ്യന്തീ, പരാ ഇതാണുക്രമം.
_____________________________________

*ഊണിഷ്ടന്‍ - ഊണ്‍് ഇഷ്ടമുള്ളവന്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിയ്ക്കുന്നു :)

** സംസ്കൃതശബ്ദശാസ്ത്രം - സംസ്കൃതഭാഷാശാസ്ത്രം - സംസ്കൃതത്തില്‍ വ്യാകരണശാഖയും നിരുക്തശാഖയും മാത്രമല്ല ഭാഷയുടെ പ്രത്യേകതകളെ കൈകാര്യം ചെയ്തിട്ടുള്ളത്. ന്യായ-വൈശേഷിക-മീമാംസാദി വിജ്ഞാനശാഖകളും കാവ്യശാസ്ത്രവും യോഗശാസ്ത്രവും ഒക്കെ ഭാഷയെപ്പറ്റി ഗഹനമായ ചിന്തകള്‍ അവതരിപ്പിയ്ക്കുന്നുണ്ട്. അവയെയെല്ലാം ചേര്‍ത്താണ് ഇവിടെ ശബ്ദശാസ്ത്രം എന്നു് ഉപയോഗിച്ചിട്ടുള്ളത്.

***പരാവാങ്‌മൂലചക്രസ്ഥാ

പശ്യന്തീ നാഭിസംസ്ഥിതാ

ഹൃദിസ്ഥാ മധ്യമാ ജ്ഞേയാ

വൈഖരീ കണ്ഠദേശഗാ

“മൂലാധാരാത് പ്രഥമമുദിതോ... “ എന്ന ശ്ലോകവും അറിയാവുന്നവര്‍ക്ക് ഇത്തരുണത്തില്‍ ഓര്‍മ്മിയ്ക്കാം.

Friday, January 18, 2008

ഒന്നെവിടെ?

ഒന്നും ഒന്നും രണ്ടാണോ

രണ്ടെന്നാല്‍ രണ്ടൊന്നല്ലേ

മൂന്നെന്നാല്‍ മൂന്നൊന്നാണേ

നാലില്‍ നാലായൊന്നുണ്ടേ

അഞ്ചില്‍ത്തഞ്ചും അഞ്ചിതളും

അഞ്ചൊന്നായ് ഞാന്‍ കാണുന്നൂ

ആറും നൂറും തൊണ്ണൂറും

തൊള്ളായിരവും കൊള്ളാലോ

കൊള്ളേണ്ടതുനാമൊന്നിനെയാ-

ണെന്നാലൊന്നും തള്ളേണ്ട

രണ്ടുണ്ടായാല്‍ കൊണ്ടാടാന്‍

രണ്ടായിരവും കണ്ടീടും

കാണാം പാടാം മാളോരേ

രണ്ടെന്നാല്‍ രണ്ടൊന്നാണേ.



[കണ്ണടച്ചാല്‍ പൂജ്യം, അല്ലല്ല ശൂന്യം ശൂന്യം എന്നാണീയിടെ. ഒന്നെവിടെ? കണ്ണുതുറന്നാല്‍ ആയിരവും പതിനായിരവും തൊള്ളായിരവും കലപില കൂട്ടുന്നു. വീണ്ടും കണ്ണടച്ചു. ഒന്നെവിടെപ്പോയി? ഒന്നു മൂളിനോക്കിയതാണ്, ഇപ്പോഴിവിടെയിരിയ്ക്കട്ടെ]

Thursday, January 03, 2008

പിതൃദേവോ ഭവ

അമ്മ നല്‍കുമൊരുമ്മ, അതാണെ-
ന്നോര്‍മ്മവച്ചനാള്‍ തൊട്ടു വിഭാതം.

ഉമ്മവച്ചെന്റെ കണ്ണുമിഴിപ്പി-
ച്ചമ്മ മെല്ലെമുഖമുയര്‍ത്തുമ്പോള്‍,
നെറ്റിയിലമ്മ തൊട്ട സിന്ദൂര-
പ്പൊട്ടെനിയ്ക്കു കണിയായിടുമ്പോള്‍,
പൊന്‍‌കണിയെന്റെയുള്ളിലും ചുറ്റും
കുങ്കുമപ്രകാശംവിതറുമ്പോള്‍,
കൈപിടിച്ചു തൊഴുവിച്ചെന്‍‌ ചിത്തം
കൂപ്പുകൈയ്യില്‍ നിറച്ചമ്മ ചൊല്ലും-

“നിന്‍‌മിഴിയ്ക്കു വെളിച്ചം പകരാന്‍
പൊന്‍‌കണിയൊരുക്കീടുവതാരോ
അപ്പരമപ്രകാശത്തെനിത്യം
കൂപ്പിടേണം, സവിത്രേ, നമസ്തേ!”

എഴുതിയത്, ശ്രീ പി. സി. മധുരാജ് (1992 ജൂണില്‍).
കൃതി: വഴിക്കുറിപ്പുകള്‍