Monday, April 30, 2007

മുയല്‍ക്കുട്ടനും ആമമുത്തശ്ശനും

കാടില്ലാത്തതുകൊണ്ട്, വീടുമില്ലാത്ത മുയല്‍ക്കുട്ടന്‍ വീട്ടിലേയ്ക്കുള്ള വഴിതപ്പി നടക്കുകയായിരുന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്, എല്ലാ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും വായിച്ച്‌ , അന്തമില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ലോക-ബൂലോഗപുരോഗതിയെക്കുറിച്ചോര്‍ത്ത് അന്തംവിട്ടാണു നടപ്പ്‌.

ഇടയ്ക്കൊക്കെ ബ്ലേഡുകൊള്ളുന്നപോലെ വേദനിപ്പിക്കുന്നുവെങ്കിലും, അവന്‍ ക്രെഡിറ്റ് കാര്‍ഡ്, കക്ഷത്തില്‍ തന്നെ സൂക്ഷിച്ച് കൊണ്ടുനടന്നു. അതുള്ളതുകൊണ്ടാണല്ലോ, വീടില്ലെങ്കിലും, വീട്ടിലേയ്ക്കുവേണ്ട കണ്ണില്‍ക്കണ്ട സാധനങ്ങളെല്ലാം അവനു വാങ്ങാന്‍ കഴിയുന്നത്‌! പറ്റുന്നതെല്ലാം വാങ്ങി, സൂക്ഷിച്ചു, മറ്റു പലതിനും ഓര്‍ഡര്‍ കൊടുത്തു... അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങി.

അപ്പോഴാണ് , മണ്ണിട്ടുതൂര്‍ത്ത ആമ്പല്‍ക്കുളനിരത്തില്‍‍ ചങ്ങാതിയായ ആമ ഇരിയ്ക്കുന്നതു കണ്ടത്. കണ്ടയുടനെ പരിചയം പുതുക്കാനും കമ്പനികൂടാനും മുയല്‍ക്കുട്ടനു ധൃതിയായി.

“ഹലോ ആമ ജി“ എന്നു വിളിക്കാനാഞ്ഞു എങ്കിലും അങ്ങിനെ വിളിച്ചില്ല. തന്നേക്കാള്‍ എത്രത്രയോ ഓണം അധികം ഉണ്ടവനാണ് ആ ആമ. എങ്കിലും, തന്റെകൂടെ ഓടി, ഓട്ടപ്പന്തയത്തില്‍ തോറ്റവനുമാണല്ലോ എന്നോര്‍ത്തപ്പോള്‍ “ആമമുത്തശ്ശാ” എന്നു നീട്ടിവിളിച്ചൊന്നു പരിഹസിക്കാം എന്നുവെച്ചു മുയല്‍ക്കുട്ടന്‍.

“ആമമുത്തശ്ശാ, ആമമുത്തശ്ശാ... ഇപ്പോഴും ഈ നിരത്തുവക്കിലിരിക്കുകയാണോ? ഇതിപ്പോള്‍ ആമ്പല്‍ക്കുളമല്ലല്ലോ, വെറും നിരത്തല്ലേ? ആ രണ്ടു ഫ്ലാറ്റുകളുടേ കൂടി പണികഴിഞ്ഞാല്‍ ഇതു നല്ല തിരക്കുള്ള റോഡാവുകയും ചെയ്യും. എത്രകാലം ഇവിടിരിയ്ക്കും. ഈ പഴഞ്ചന്‍ രൂ‍പമെല്ലാമൊന്നു മാറ്റൂ. എന്റെ കൂടെ നടക്കാനുള്ള ഒരു മിനിമം ഫാഷനെങ്കിലും ഉണ്ടാക്കൂ, എന്നാല്‍ നമുക്ക്‌ ഒരുമിച്ചു യാത്ര തുടരാം, ഞാനും എന്റെ വീടുതേടിയുള്ള യാത്രയിലാണ്“.

മുയല്‍ക്കുട്ടന്‍ റ്റെലിഷോപ്പിങ് പരസ്യത്തിലെപ്പോലെ വാചാലനാവാന്‍ തുടങ്ങുകയായിരുന്നു. “എന്നെക്കണ്ടു പഠിക്കൂ. എന്തൊരു ചുറുചുറുക്ക്‌! ഓടാം, ചാടാം, മറിയാം. നോക്കൂ “ഞാനെത്ര മോഡേണ്‍” ആണെന്ന്‌. കാരറ്റുപോലും കരണ്ടുതിന്നേണ്ട പണിയില്ല. വിറ്റമീന്‍ ഗുളികകള്‍ പോലെ ഈരണ്ടുഗുളികകള്‍ കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. അതിനു മുന്‍പും ശേഷവും ഈരണ്ടു ഗ്ലാസ് വെള്ളോം കുടിക്കണം. അത്രതന്നെ. ഹൌ ഈസി റ്റു ലിവ്! കാരറ്റിനു കിലോയ്ക്കു 48 രൂപയാണത്രേ. എങ്കിലും എനിയ്ക്കെന്തു ചേതം?....

“ആമമുത്തശ്ശാ, ഇത്ര പഴഞ്ചനായാല്‍ ബൂലോഗത്തൊന്നു കാലുകുത്താന്‍ പോലും പറ്റില്ല. ഒന്നു മോഡേണാവൂ. വേഗമോടാന്‍ തയ്യാറാവൂ...എത്രയെത്ര ലോകങ്ങള്‍ ഇനിയും കാണാനിരിക്കുന്നു? ഓടിയോടി എന്നെങ്കിലും വീടു കണ്ടെത്തണ്ടേ?....”

ആമമുത്തശ്ശന്‍, രണ്ടടി മുന്നോട്ടിഴഞ്ഞുകൊണ്ട് വെറുതേയൊന്നു മൂളി...

മുത്തശ്ശന് എങ്ങും ഓടേണ്ട കാര്യമില്ല. മുത്തശ്ശന്‍ വീടും കൊണ്ടാണുനടപ്പ്‌, അഥവാ ഈ മുത്തശ്ശന്‍ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞമഹാനാണ്. ഇദ്ദേഹത്തിനു മരണവുമില്ല... എന്നൊക്കെയാണ് ആമമുത്തശ്ശന്‍ അമര്‍ത്തിമൂളിയതിന്റെ അര്‍ഥം എന്ന് ആലോചിക്കാനോ ഒന്നും കാത്തുനില്‍ക്കാതെ മുയല്‍ക്കുട്ടന്‍ അടുത്ത ബൂലോഗത്തിലേയ്ക്കു പിന്മൊഴിവള്ളിയിലൂടെ ചാടിയോടിപ്പോയി...