Tuesday, January 30, 2007

തളിരിലയുടെ അഹങ്കാരം





"വസന്തപഞ്ചമിയ്ക്കു രാഗമോതുവാന്‍ വരുന്നതാം
പികങ്ങളെത്തുരത്തൊലാ വിളര്‍ത്ത നിന്‍ കരങ്ങളാല്‍"
മനോജ്ഞമായ പല്ലവം മരത്തിനോടു ചൊല്ലിപോ-
ലവജ്ഞപൂണ്ടനോക്കുമായ്‌, പഴുത്തിലയ്ക്കു കേള്‍ക്കുവാന്‍!


(പഴുത്ത അടയ്ക്കയെ 'പഴുക്കടയ്ക്ക' എന്നു പറയാം, പഴുത്ത ഇലയെ 'പഴുക്കില' എന്നു പറയുമോ ആവോ)

Thursday, January 25, 2007

അവള്‍ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ്‌...!

രംഗം: 1

വാഗ്‌ജ്യോതിപ്പൂമുഖം

സമയം: സന്ധ്യ കഴിഞ്ഞു. ഒരടുക്കും ചിട്ടയുമില്ലാതെ പോസ്റ്റുകള്‍ പരന്നുകിടക്കുന്നു. സന്ധ്യാനാമം കാസറ്റില്‍ നിന്നും ഒഴുകിവരുന്നു. ഓണക്കാലമല്ലെങ്കിലും ഓണത്തല്ലും പുലിക്കളിയും കഴിഞ്ഞ ലക്ഷണം കാണാം. തല്ലിനൊടുവില്‍, അവള്‍ നക്ഷത്രമെണ്ണിത്തുടങ്ങിയിരുന്നു...



രംഗം 2: -അനന്തമജ്ഞാതമവര്‍ണ്ണനീയം... ISRO ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ തിരുമുറ്റം.

നക്ഷത്രങ്ങളെ എണ്ണാന്‍ ഏറ്റവും നല്ലത്‌, ഈ മുറ്റം തന്നെ. അവള്‍ ആകാശം നോക്കി മലര്‍ന്നുകിടന്നു. നക്ഷത്രങ്ങള്‍ അവളെനോക്കിചിരിക്കുന്നുണ്ടായിരുന്നു. പ്രാങ്ങ്‌ നക്ഷത്രദശ" തരണം ചെയ്ത, ആ താരകളെ അവള്‍ ആദരവോടെ നോക്കി. സന്തോഷം കൊണ്ട്‌ അവള്‍ പാടി, ഒരു ശ്ലോകം...


രംഗം 3: ശ്ലോകസദസ്സ്‌.

"അനന്തമജ്ഞാതമവര്‍ണ്ണനീയം...
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തുകണ്ടൂ!

അടുത്ത അക്ഷരം "അ". മൈക്‌ക്‍ അടുത്തയാള്‍ക്കു കൊടുത്തു...


രംഗം 4: ഉദയസൂര്യന്റെ നാട്‌
സമയം: സൂര്യോദയത്തിനു മുന്‍പ്‌


"ഹേയ്‌, നീ മനുഷ്യനാണോ?"

ചോദ്യം കേട്ട്‌ അവള്‍ തിരിഞ്ഞുനോക്കി.ചതുരത്തലയും ഹിമക്കരടികളുടേതുപോലെയുള്ള വെളുത്ത ശരീരവും നീണ്ടു തുമ്പിക്കൈ പോലുള്ള കൈകളുമൊക്കെയായി ഒരു സത്വം!

"ആരാ നിങ്ങള്‍?" അവള്‍ ചോദിച്ചു.

"പേര്‌: ചന്ദ്രകാന്തി
നാള്‌: രോഹിണി
വീട്‌: ചന്ദ്രാലയം, അതെ, ചന്ദ്രനില്‍.
ജോലി : ഗവേഷണം"

"ആട്ടെ, എങിനെ ഇവിടെയെത്തി?" അവള്‍ അത്ഭുതം കൊണ്ട്‌ വിടര്‍ന്ന കണ്ണുകളോടെ, സത്വത്തിനോടു ചോദിച്ചു.

"ഗവേഷണവുമായി ആകാശം നോക്കി നടന്നപ്പോള്‍ ഒരു ഉപഗ്രഹം, സ്കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുപോലെ പരക്കം പായുന്നതു കണ്ടു. ഗവേഷണത്വരാപ്രവേഗം കൊണ്ട്‌ ഓടിച്ചാടിക്കേറി, ദാ ഇപ്പോള്‍ ഇവിടെ എത്തി".


"ആട്ടെ, ഗവേഷണത്തിന്റെ വിഷയം?"

"In pursuit of Human being"

"എന്നുവെച്ചാല്‍?"

"ഭൂമിയില്‍ മനുഷ്യനുണ്ടോ എന്നു കണ്ടെത്തുക"

"ഇതാപ്പൊ വല്യ കാര്യം? ഞാനൊരു മനുഷ്യനാണ്‌".

വിശ്വാസം വരാതെ, ആ സത്വം കയ്യിലുള്ള റെഫറന്‍സ്‌ പുസ്തകത്തിലേയ്ക്കും അവളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കി. മലര്‍ന്നു കിടക്കുകയായിരുന്ന അവളെ, ആപാദചൂഡം നോക്കിയിട്ട്‌, ഒന്നുകൂടി പുസ്തകം നോക്കി, സത്വം വായിച്ചു- (മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ജഗതിയെപ്പോലെ, സശ്രദ്ധം) -

"മനുഷ്യന്‍ - രണ്ടുകാലില്‍ ... നടക്കുന്ന... ഒരു ജീവി.
ശരിയായിരിക്കാം. പക്ഷേ താങ്കള്‍ നടക്കുന്നില്ലല്ലോ?"

"അതാണോ കാര്യം? ഞാന്‍ നടക്കാമല്ലോ, ഇപ്പോള്‍ സമ്മതിച്ചോ? ഞാന്‍ മനുഷ്യനാണ്‌".

"ഇല്ല".
വീണ്ടും പുസ്തകത്തിലേയ്ക്കു നോക്കി, സത്വം, സസൂക്ഷ്മം.

"എന്തു പുസ്തകമാ അത്‌? "

"ഡിക്‍ഷണറി, എന്റെ വല്ല്യമ്മാമന്റെ അമ്മാമന്‍, ലോകപ്രശസ്തനാണ്‌, 'അമ്പിളിയമ്മാമന്‍', എനിയ്ക്കു നേരിട്ടു തന്നതാ. എല്ലാം ഇതിലുണ്ട്‌. ഒന്നു കണ്ടു പിടിക്കുകയേ വേണ്ടൂ." അഭിമാനത്തോടെ, സത്വം വീണ്ടും പുസ്തകം നോക്കി വായിച്ചു-

"മനുഷ്യന്‍ - ഒരു തല, രണ്ടു കണ്ണുകള്‍, ഒരു മൂക്ക്‌, രണ്ടു ചെവികള്‍, രണ്ടുവീതം കൈകാലുകള്‍. വാലില്ല, കൊമ്പില്ല, ഒരു ബുദ്ധിജീവി"(കൌമുദീ വ്യാഖ്യാനം പേജ്‌123 നാലാം ഖണ്ഡിക)ബുദ്ധിജീവിയോ? ഇനിയിപ്പോള്‍ സ്വയം പരീക്ഷണവസ്തുവാകേണ്ട എന്ന കരുതലോടെ, അവള്‍ പറഞ്ഞു-

"ശരി, വരൂ ഞാന്‍ കാണിച്ചുതരാം അത്തരം മനുഷ്യരെ"അവള്‍ സത്വത്തിന്റെ തുമ്പിക്കൈപോലത്തെ കയ്യില്‍ പിടിച്ച്‌ ബഹിരാകാശഗവേഷണകേന്ദ്രത്തിനുള്ളിലേയ്ക്കു കടന്നു.ആരും അവരെ ശ്രദ്ധിയ്ക്കുന്നേ ഉണ്ടായിരുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ അവള്‍ക്കു തോന്നി. ഒരു ചന്ദ്രജീവിയെ സഹായിക്കാന്‍ അവസരം കിട്ടിയത്‌ പൂര്‍വജന്മപുണ്യമെന്നവള്‍ കരുതി.

ചന്ദ്രനിലേക്‌ക്‍ പിക്നിക്കിനു പോവാന്‍ തയ്യാറാക്കിയ റോക്കറ്റിനുചുറ്റും പത്തു പതിനഞ്ചു ശാസ്ത്രജ്ഞര്‍ കൂടിനില്‍ക്കുന്നുണ്ട്‌. അവരെ ചൂണ്ടി, അവള്‍ സത്വത്തിനോടു പറഞ്ഞു. "അതാ നീ അന്വേഷിക്കുന്ന മനുഷ്യര്‍".

"തലയുണ്ട്‌, കയ്യുണ്ട്‌, കാലുണ്ട്‌, ....പക്ഷേ ബുദ്ധിയെവിടെ? കാണുന്നില്ലല്ലോ എന്നു പറഞ്ഞുകൊണ്ട്‌ സത്വം ഓടിപ്പോയി, ആ ചന്ദ്രയാനത്തില്‍ ഇരിപ്പുറപ്പിച്ചതും ഒന്നിച്ചായിരുന്നു.

അവള്‍ ഞെട്ടി, കണ്ണു തുറന്നു. ചുറ്റും ആരും ഉണ്ടായിരുന്നില്ല. ആകാശത്തില്‍ കുഞ്ഞുനക്ഷത്രങ്ങള്‍ കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ചുകൊണ്ട്‌ അപ്പോഴും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ എണ്ണാന്‍ തുടങ്ങി..."ഒന്ന്‌, രണ്ട്‌, മൂന്ന്‌..."


[ബാംഗ്ലൂരിലെ ISRO കേന്ദ്രത്തിനെ കണ്മുന്നില്‍ കണ്ടുകൊണ്ട്‌, അബ്ദുള്‍കലാമിനെ സ്മരിച്ചുകൊണ്ട്‌, ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു]

Monday, January 22, 2007

"അമ്മ നല്ല അമ്മ"

"അമ്മ നല്ല അമ്മ
ഉമ്മനല്‍കും അമ്മ....
......
അമ്മ എന്റെ ദൈവം" എന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍, സ്വന്തം അമ്മമാരെ സ്നേഹത്തോടേയും ആദരവോടേയും കാണണം എന്ന ഒരു പാഠമല്ലേ പഠിപ്പിക്കാനുദ്ദേശിക്കുന്നത്‌?

അതോ ഓരോ കുട്ടിയുടേയും അമ്മയെപ്പറ്റിപ്പഠിച്ച്‌,

" മിന്നൂ, നിന്റെ അമ്മ അത്ര നല്ലതൊന്നുമല്ല, അവള്‍ പരദൂഷണക്കരിയാണ്‌"

"ചിന്നൂ, നിന്റെ അമ്മയും അത്ര നല്ലതല്ല, ഇന്നാളൊരുദിവസം വെള്ളം പിടിക്കാന്‍ ടാപ്പിന്റെ അടുത്തുനില്‍ക്കുമ്പോള്‍ സൈനബത്താത്തയോടു അടികൂടുന്നതു ഞാന്‍ കണ്ടിരുന്നു,"
എന്നൊക്കെ സത്യം സത്യമായി പഠിപ്പിക്കണോ?

സ്വന്തം അമ്മയെക്കുറിച്ച്‌, മാനുഷികപരിമിതികള്‍ എത്രയുണ്ടെങ്കിലും, പ്രസവിച്ച അമ്മ എന്ന നിലയ്ക്കുതന്നെ സ്നേഹാദരങ്ങളോടെ നോക്കിക്കാണണം എല്ലാവരും. അമ്മയെ ദൈവതുല്യം കാണുന്നവര്‍ക്‌ക്‍ മറ്റുള്ളവരുടെ അമ്മയേയും ബഹുമാനിക്കാന്‍ കഴിയും. സ്വന്തം അമ്മയുടേയും കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌, യുക്തിയുക്തം തര്‍ക്കിക്കുന്നവര്‍ക്‌ക്‍ ബിസിനസ്സ്‌ തലത്തില്‍ മാത്രമേ( എനിയ്ക്കു വല്ല ഉപകാരവുമുണ്ടോ, എങ്കില്‍ നല്ലത്‌ എന്നും, മറ്റൊരു വീട്ടില്‍ മറ്റൊരമ്മ എനിയ്ക്കി ഇതിനേക്കാള്‍ കൂടുതല്‍ പ്രയോജനപ്പെടുമെങ്കില്‍ ആ അമ്മയാണ്‌ വിലമതിയ്ക്കേണ്ട അമ്മ എന്നും ഉള്ള രീതിയില്‍) ചിന്തിയ്ക്കാന്‍ കഴിയൂ.


സ്വന്തം അമ്മയെ നല്ലവണ്ണം സ്നേഹിയ്ക്കുന്ന ആള്‍ക്‌ക്‍ അമ്മയോട്‌ തികഞ്ഞസ്വാതന്ത്ര്യത്തോടെ അവരുടെ പരിമിതികളെക്കുറിച്ചും സംസാരിക്കാം, അവര്‍ തെറ്റിദ്ധരിയ്ക്കപ്പെടുകയില്ല.

Friday, January 12, 2007

ഭീഷ്മസ്തുതി

സ്വച്ഛന്ദമൃത്യുവായ (തയ്യാറുള്ളപ്പോള്‍ മാത്രം മരിച്ചാല്‍ മതി എന്ന്‌ വരം നേടിയ) ഭീഷ്മര്‍, ശരശയ്യയില്‍ ഉത്തരായണകാലം കാത്ത്‌ കിടക്കുന്നു. ഉത്തരായണം തുടങ്ങാന്‍ (മകരസംക്രമം) അധികം സമയമില്ലല്ലോ എന്നു കണ്ട്‌ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരേയും (യുധിഷ്ഠിരനേയും) കൂട്ടി ഭീഷ്മരുടെ അടുത്തേയ്ക്കു ചെല്ലുന്നു. അവര്‍ ഭീഷ്മരുടെ അടുത്തുചെന്നു നിന്ന് വന്ദിച്ചു.

ധര്‍മ്മത്തെക്കുറിച്ച്‌ യുധിഷ്ഠിരന്‌ ധാരാളം സംശയങ്ങളുണ്ടായിരുന്നു. സംശയങ്ങളെല്ലാം കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുധിഷ്ഠിരന്‍, ഭീഷ്മരോടു ചോദിച്ചു. വളരെ വിശദമായി അതെല്ലാം പ്രതിപാദിച്ച ഭീഷ്മര്‍, ഉത്തരായണശുഭകാലം എത്താറായി എന്നു കണ്ട്‌, തന്റെ വൃത്തികളെല്ലാം ഉപസംഹരിച്ചു, മുന്നില്‍ തെളിഞ്ഞുവിളങ്ങുന്ന കൃഷ്ണനെ സ്തുതിയ്ക്കാനാരംഭിച്ചു. പുറത്തും ഉള്ളിലും കൃഷ്ണനെക്കണ്ടുകൊണ്ട്‌, കൃഷ്ണചിന്തയില്‍ ശരീരം വെടിയാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം.

ഇനി ഭീഷ്മസ്തുതി, മൂലശ്ലോകവും അതിനു ഞാന്‍ മനസ്സിലാക്കിയ അര്‍ഥവും താഴെക്കൊടുക്കുന്നു.

കൃഷ്ണന്‍ ഭീഷ്മരുടെ അടുത്തുചെന്നു വന്ദിക്കുന്നു. ആനന്ദാശ്രുക്കളോടെ ഭീഷ്മര്‍ സ്തുതിയ്ക്കാനാരംഭിയ്ക്കുന്നു.

ശ്രീ ഭീഷ്മ ഉവാച
ഭീഷ്മര്‍ പറഞ്ഞു-

"ഇതി മതിരുപകല്‍പ്പിതാ വിതൃഷ്ണാ
ഭഗവതി സാത്വതപുംഗവേ വിഭൂംനി
സ്വസുഖമുപഗതേ ക്വചിദ്വിഹര്‍ത്തും
പ്രകൃതിമുപേയുഷി യദ്‌ഭവപ്രവാഹഃ"

മഹാപ്രഭുവായ ഭഗവാനില്‍, പ്രകൃതിയോടു (മായയോട്‌) ചേര്‍ന്ന് പ്രപഞ്ചസൃഷ്ടിചെയ്യുന്ന കാരുണ്യമൂര്‍ത്തിയില്‍, ഞാനെന്റെ മനസ്സു മുഴുവനായും സമര്‍പ്പിക്കുന്നു. നിന്തിരുവടിയില്‍ (താങ്കളില്‍) ലയിയ്ക്കാനെനിയ്ക്കു സാധിയ്ക്കണേ. [ഏകദേശ അര്‍ഥം].

"ത്രിഭുവനകമനം തമാലവര്‍ണ്ണം
രവികരഗൌരവരാംബരം ദധാനേ
വപുരളകകുലാവൃതാനനാബ്ജം
വിജയസഖേ രതിരസ്തു മേऽനവദ്യാ"

അര്‍ജ്ജുനന്റെ സഖാവായ അങ്ങ്‌ ഇതുപോലെ മന്ദസ്മിതം തൂകി, മഞ്ഞപ്പട്ടുചുറ്റി, അളകങ്ങളാല്‍ സുന്ദരമായ മുഖശോഭയോടെ എന്റെ മനതാരില്‍ എന്നും വിളങ്ങണേ. [എന്റെ മനസ്സിന്‌ പാര്‍ഥസാരഥീരൂപം എന്നെന്നും പ്രിയപ്പെട്ടതാവണേ]

"യുധി തുരഗരജോവിധൂമ്രവിഷ്വ-
ക്കചലുളിതശ്രമവാര്യലംകൃതാസ്യേ
മമനിശിതശരൈര്‍വിഭിദ്യമാന-
ത്വചി വിലസത്‌കവചേऽസ്തു കൃഷ്ണ ആത്മാ"

യുദ്ധത്തിനിടയില്‍ രണഭൂമിയില്‍ നിന്നും ഉയര്‍ന്നപൊടികള്‍ പറ്റിയും വിയര്‍പ്പണിഞ്ഞതുമായ ചിരിച്ചുകൊണ്ടുള്ള ഈ മുഖവും, ഞാനെയ്ത അമ്പുകള്‍ തറച്ച മാര്‍ച്ചട്ടയോടെയുള്ള അങ്ങയുടെ ആ നില്‍പ്പും, കൃഷ്ണ, എന്റെ മനസ്സില്‍ നേരിട്ടുകാണുന്നതുപോലെ എന്നും തെളിഞ്ഞുകാണാന്‍ കനിയണേ.

"സപദി സഖിവചോ നിശമ്യ മധ്യേ
നിജപരയോര്‍ബലയോ രഥം നിവേശ്യ
സ്ഥിതവതി പരസൈനികായുരക്ഷ്ണാ
ഹൃതവതി പാര്‍ഥസഖേ രതിര്‍മ്മമാസ്തു"

അര്‍ജ്ജുനന്‍ പറഞ്ഞപ്രകാരം, ശത്രുക്കളെയെല്ലാം കാണിച്ചുകൊടുക്കാന്‍ വേണ്ടി ഓരോരുത്തരെയായി നോക്കി നോക്കി- ആ നോട്ടത്താല്‍ ത്തന്നെ അവരുടെയെല്ലാം ആയുസ്സു വലിച്ചെടുത്ത ഹേ കൃഷ്ണ, പാര്‍ഥന്റെ കൂട്ടുകാരാ, എനിയ്ക്കു നിന്നില്‍ ഭക്തിയുണ്ടാവണേ.

"വ്യവഹിതപൃതനാമുഖം നിരീക്ഷ്യ
സ്വജനവധാദ്വിമുഖസ്യ ദോഷബുദ്ധ്യാ
കുമതിമഹരദാത്മവിദ്യയാ യ-
ശ്ചരണരതിഃ പരമസ്യ തസ്യ മേऽസ്തു"

യുദ്ധത്തിനു ഒരുങ്ങിനില്‍ക്കുകയായിരുന്ന ഞങ്ങളുടെ നേര്‍ക്ക്‌ അമ്പയക്കാന്‍ മടിച്ചുനില്ലുകയായിരുന്ന, കര്‍ത്തവ്യബോധം തന്നെ മറന്ന അര്‍ജ്ജുനന്‌ നീ ഗീതയോതി ആത്മതത്വം ഉപദേശിച്ച്‌ അവനെ ഉദ്ബുദ്ധനാക്കി. ആ അങ്ങയില്‍ എനിയ്ക്കെപ്പോഴും ഭക്തിയുണ്ടാവണേ.

"സ്വനിഗമമപഹായ മത്പ്രതിജ്ഞാ-
മൃതമധികര്‍ത്തുമവപ്ലുതോ രഥസ്ഥഃ
ധൃതരഥചരണോऽഭ്യയാച്ചലദ്ഗുര്‍-
ഹരിരിവ ഹന്തുമിഭം ഗതോത്തരീയഃ

ശിതവിശിഖഹതോ വിശീര്‍ണ്ണദംശഃ
ക്ഷതജപരിപ്ലുത ആതതായിനോ മേ
പ്രസഭമഭിസസാര മദ്വധാര്‍ഥം
സ ഭവതു മേ ഭഗവാന്‍ ഗതിര്‍മ്മുകുന്ദഃ"

ഹേ കൃഷ്ണ, ഞാനെയ്ത അമ്പു തറച്ച്‌ മാര്‍ച്ചട്ടയിലൂടെ രക്തം പൊടിഞ്ഞപ്പോള്‍ അങ്ങ്‌ എന്റെ വാക്കു സത്യമാക്കാനല്ലേ സ്വന്തം പ്രതിജ്ഞപോലും മറന്ന്‌ ആയുധമേന്തി (സുദര്‍ശനം) രഥത്തില്‍ നിന്നും ചാടിയിറങ്ങി എന്റെ നെരെ ആഞ്ഞടുത്തത്‌? എന്റെ നേര്‍ക്കോടിവന ആ നീ തന്നെയാണ്‌ എന്റെ ഗതി, എന്റെ ലക്ഷ്യം!"

വിജയരഥകുടുംബ ആത്തതോത്രേ
ധൃതഹയരശ്മിനി തച്ഛ്രിയേക്ഷണീയേ
ഭഗവതി രതിരസ്തു മേ മുമൂര്‍ഷോഃ
യമിഹ നിരീക്ഷ്യ ഹതാ ഗതാസ്സരൂപം"

അര്‍ജ്ജുനന്റെ രഥത്തില്‍ കുതിരകളുടെ കടിഞ്ഞാണ്‍ കയ്യിലേന്തി, രഥത്തെനിയന്ത്രിച്ചുകൊണ്ട്‌ വിജയത്തിലേയ്ക്കു നയിച്ച, നിന്റെ ആ തേരാളീരൂപം കണ്ടുകൊണ്ട്‌ പ്രാണന്‍ വെടിഞ്ഞവരും തീര്‍ച്ചയായും പരമപദം തന്നെ പ്രാപിച്ചിരിയ്ക്കണം![അര്‍ജ്ജുനന്റെ തേര്‍ത്തട്ടുപോലെ എന്റെ ഹൃദയത്തെ കൃഷ്ണ നീ കരുതണേ. (ശരീരം തേരാണെന്നു കരുതിയാല്‍, ഇന്ദ്രിയങ്ങള്‍- തേരിലെ കുതിരകള്‍; മനസ്സ്‌- കടിഞ്ഞാണ്‍; ജീവന്‍(ശ്വാസമല്ല) തേരിലെ യാത്രക്കാരന്‍; തേരാളിയായി കൃഷ്ണന്‍(പരമാത്മാവ്‌) ഉണ്ടെങ്കില്‍ പിന്നെന്തിനു പേടി?) എന്റെ ഹൃദയത്തില്‍ നീയെന്നും വസിയ്ക്കണം. എന്നുള്ളിലെ തേരാളിയാണ്‌ എന്നെ എത്തേണ്ടിടത്ത്‌ എത്തിയ്ക്കേണ്ടത്‌].

"ലളിതഗതിവിലാസവല്‍ഗുഹാസ-
പ്രണയനിരീക്ഷണകല്‍പ്പിതോരുമാനാഃ
കൃതമനുകൃതവത്യ ഉന്മദാന്ധാഃ
പ്രകൃതിമഗന്‍ കില യസ്യ ഗോപവധ്വഃ"

നിഷ്കളങ്കകളായ ഗോപസ്ത്രീകള്‍ പോലും നിന്റെ സുന്ദരമായ പുഞ്ചിരിയും മുഖവും മധുരമായ വാക്കുകളും നിന്റെ മറ്റു ഭാവങ്ങളും ഓര്‍ത്തോര്‍ത്ത്‌ മറ്റെല്ലാം മറന്ന്‌ നിന്നില്‍ത്തന്നെ ലയിച്ചുവല്ലോ!

"മുനിഗണനൃപവര്യസംകുലേऽന്ത-
സ്സദസി യുധിഷ്ഠിരരാജസൂയ ഏഷാം
അര്‍ഹണമുപപേദ ഈക്ഷണീയോ
മമദൃശി ഗോചര ഏഷ ആവിരാത്മാ"

ധര്‍മ്മപുത്രന്റെ രാജസൂയയാഗത്തില്‍ അഗ്രാസനത്തിലിരുത്തി പൂജചെയ്തത്‌ പാര്‍ഥസാരഥേ, കൃഷ്ണ, അങ്ങയെയാണല്ലോ. ജഗത്തിന്റെയെല്ലാം അന്തരാത്മാവായ ആ അങ്ങ്‌ ഇപ്പോഴിതാ എന്റെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈശ്വരാധീനം എന്നല്ലാതെ എന്തുപറയാന്‍?

"തമിമമഹമജം ശരീരഭാജാം
ഹൃദി ഹൃദി ധിഷ്ഠിതമാത്മകല്‍പ്പിതാനാം
പ്രതിദൃശമിവ നൈകധാര്‍ക്കമേകം
സമധിഗതോസ്മി വിധൂതഭേദമോഹഃ"

സൂര്യന്റെ പ്രതിബിംബം, വെള്ളം നിറച്ചുവെച്ചപാത്രങ്ങളില്‍ വെവ്വേറെ (ഓരോ പാത്രത്തിലും ഓരോ സൂര്യപ്രതിബിംബം- പക്ഷേ യഥാര്‍ഥത്തില്‍ ഒരേയൊരു സൂര്യനേയുള്ളൂ) കാണപ്പെടുന്നതുപോലെ പരമാത്മാവായ അങ്ങയുടെ പ്രതിബിംബങ്ങളാണല്ലോ ഓരോരോ ദേഹത്തിലും കുടികൊള്ളുന്നത്‌! അപ്പോള്‍ എന്നുള്ളിലുള്ളത്‌ കൃഷ്ണാ നിന്റെ പ്രതിബിംബം. ആ പ്രതിബിംബത്തിന്റെ യഥാര്‍ഥരൂപം- എന്റെ യഥാര്‍ഥസത്ത- മഹാപ്രഭോ! അങ്ങുതന്നെയല്ലേ! എനിയ്ക്കിപ്പോള്‍ ഞാന്‍ ഈ വെറും ശരീരമാണെന്നു തോന്നുന്നില്ലാ. അല്ലയോ സച്ചിദാനന്ദരൂപാ, എല്ലാദുഃഖങ്ങളുമകന്ന്‌ തെളിഞ്ഞബോധത്തോടെ ഞാനുമീ പരമാനന്ദത്തില്‍ ലയിയ്ക്കട്ടേ!

ഭാഗവതം ഒന്നാം സ്കന്ധം ഒമ്പതാമധ്യായത്തില്‍ ഈ ശ്ലോകങ്ങള്‍ കാണാം. നിത്യേന ഇതു ചൊല്ലാറുള്ള ഒരാള്‍ക്ക്‌ അവരാവശ്യപ്പെട്ടതിനാല്‍ അതിന്റെ ഒരു ഭാവാര്‍ഥം (വിമര്‍ശനമോ പദാനുപദവ്യാഖ്യാനമോ അല്ല) എഴുതിക്കൊടുത്തു. അതാണ്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്‌.

Thursday, January 11, 2007

ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം)

ഭാഷ ആശയരൂപീകരണത്തിനും ആശയവിനിമയത്തിനും പ്രയോജനപ്പെടുന്നുണ്ട്‌. ആശയവിനിമയത്തിന്‌ ഭാഷയെ പ്രയോജനപ്പെടുത്തുമ്പോഴാണല്ലോ അതിന്‌ ഒരു പൊതുരൂപവും സാമൂഹികമാനവും ഒക്കെ കൈവരുന്നത്‌.

ഒരു ജനസമൂഹം മുഴുവന്‍ ഒരേതരത്തില്‍ ഒരു ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ഭാഷയുടെ ആ ഒരു കൈവഴി രൂപപ്പെടുന്നു. ഇങ്ങനെ ഒരു പ്രത്യേകഭാഷ രൂപപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഘടനയും സ്വഭാവവും സാമാന്യമായി രേഖപ്പെടുത്തിവെയ്ക്കാന്‍ ഭാഷാതല്‍പരര്‍ ശ്രദ്ധിയ്ക്കും. ഇങ്ങനെ രേഖപ്പെടുത്തുന്നതാണ്‌ ആ ഭാഷയുടെ വ്യാകരണം.

ഈ ഭാഷയെ പുതുതായി പരിചയപ്പെടുന്നവര്‍ക്‌ക്‍, ഭാഷ വളര്‍ന്നുവന്ന എല്ലാഘട്ടങ്ങളിലൂടേയും സഞ്ചരിച്ച്‌ അതു പഠിച്ചെടുക്കുന്നതിനേക്കാള്‍ എളുപ്പമാണ്‌ ഈ വ്യാകരണം പഠിയ്ക്കുക എന്നത്‌. വ്യാകരണം പഠിയ്ക്കുകയും നിലവിലുള്ള ഭാഷാപ്രയോഗങ്ങള്‍ കേട്ടുപരിചയിക്കുകയും ഒപ്പത്തിനൊപ്പം ചെയ്താല്‍ വളരെ വേഗം പുതിയൊരു ഭാഷ പഠിയ്ക്കാം.

ഓരോരുത്തന്റേയും ഭാഷാസിദ്ധിയും ഭാഷാപ്രയോഗസാമര്‍ഥ്യവും വ്യത്യസ്തമാണ്‌. ആരൊക്കെ, ഏതൊക്കെ രീതിയില്‍ ഒരു ഭാഷ പ്രയോഗിച്ചാലും സാമാന്യമായി ആശയവിനിമയം നടക്കപ്പെടുന്നുണ്ട്‌. ചെറിയ ചെറിയ മാറ്റങ്ങളും പുതുമകളും എപ്പോഴും ഭാഷയില്‍ സ്വാംശീകരിയ്ക്കപ്പെടുന്നുമുണ്ട്‌. പുതിയപ്രയോഗങ്ങളും ശൈലികളും ഒക്കെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള ഭാഷ നവനവോന്മേഷശാലിനി :-)യായി വിലസുമത്രേ.

ഒരുകൂട്ടം ആളുകള്‍ ഒരേതരത്തില്‍ ഒരു വാക്കിനേയോ ശൈലിയേയോ പ്രയോഗിച്ച്‌ അംഗീകരിച്ചാല്‍ അത്‌ ആ ഭാഷയ്ക്ക്‌ മുതല്‍ക്കൂട്ടായിത്തീരാം. ഈ പുതുമകള്‍ ഭാഷയുടെ സമ്പത്തായിത്തീരുന്നത്‌, ക്രമേണയുള്ള സ്വാഭാവികമായ രചനാന്തരങ്ങളിലൂടെ രൂപപ്പെട്ടുവരുമ്പോഴാണ്‌.

ഒരാള്‍ക്ക്‌, കേശാലങ്കാരത്തില്‍ മാറ്റം വരുത്തിയും വേഷവിധാനത്തില്‍ മാറ്റം വരുത്തിയും ഒക്കെ പുതുമ പരീക്ഷിയ്ക്കാം. എന്നാല്‍ എല്ലാമാറ്റങ്ങളും ഒരുമിച്ചായാല്‍ ചിലപ്പോള്‍ വ്യക്തിത്വം തന്നെ മാറിപ്പോവും. കൂട്ടത്തില്‍ പ്ലാസ്റ്റിക്‌ സര്‍ജറികൂടി നടത്തി കൃത്രിമമായിപ്പോലും രൂപമാറ്റം ഉണ്ടാക്കിയെടുത്താല്‍ കോലംകെട്ടുപോവുകയോ വ്യക്തിത്വം തന്നെ നഷ്ടമാവുകയോ ചെയ്യും.

മുകളില്‍പ്പറഞ്ഞ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ബൂലോഗമലയാളത്തെ ഒന്നു നോക്കിക്കാണാം-ബ്ലോഗുക, ബ്ലോഗന്‍, ബ്ലോഗിനി(ബ്ലോഗത്തി), ബൂലോകം തുടങ്ങിയവാക്കുകള്‍ മാറ്റിനിര്‍ത്താന്‍ നമുക്കാവില്ല. ഡിലീറ്റുക, കമന്റുക, പോസ്റ്റുക, കോപ്പുക, ലിങ്കുക തുടങ്ങിയവാക്കുകള്‍ ബൂലോഗത്ത്‌ ധാരാളം കേള്‍ക്കുന്നുണ്ട്‌. പുലി, പുപ്പുലി (സംസ്കൃതത്തിലെ ഈ അര്‍ഥത്തില്‍ ഉപയോഗിക്കുന്ന വീരകേസരി-(കേസരി), നരര്‍ഷഭന്‍(ഋഷഭഃ)എന്നീ പദങ്ങളെക്കൂടി ഓര്‍ക്കട്ടെ), എന്നിവരുടെ പുപ്പുലിക്കളിയാണല്ലോ ഇവിടത്തെ ജനകീയാഘോഷം.

"എങ്ങുതിരിഞ്ഞൊന്നു നോക്കിയാലും
കേള്‍ക്കുന്നു പുപ്പുലിഗര്‍ജ്ജനങ്ങള്‍"
എന്നു മൂളിപ്പാട്ടു പാടാതിരിക്കാനാവുന്നില്ല:)
ലെവന്‍, ലെത്‌, ലിതുകൊള്ളാമല്ല്- തുടങ്ങിയവ പ്രാദേശികതവിട്ട്‌ പൊതുധാരയിലേക്‌ക്‍ എത്തുന്നുവോ എന്നൊരു സംശയം. ലാലു അലക്സുക, വക്കാരിക്കുപഠിയ്ക്കുക തുടങ്ങിയ പദങ്ങള്‍ പത്തുനൂറാളുകള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാക്കുന്നുണ്ടെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ മലയാളഭാഷയുടെ പൊതുധാരയിലേയ്ക്കെത്തുമോ? എത്തേണ്ടതുണ്ടോ?

ഏതുവാക്കും ഏതര്‍ഥത്തിലും ഉപയോഗിയ്ക്കാമെങ്കിലും സ്വാഭാവികമായപ്രയോഗത്തിലൂടെ, ഒരു പൂ വിടരും പോലെയായാല്‍ അതല്ലേ ഭാഷയ്ക്‌ക്‍ ഉണര്‍വ്വും പുതുമയും നല്‍കൂ? ബൂലോഗത്ത്‌ സ്വാഭാവികമായി ഉടലെടുത്തപ്രയോഗങ്ങള്‍ പൊതുധാരയെ സംബന്ധിച്ച്‌ കൃത്രിമത്വം തോന്നിക്കുന്നതാണല്ലോ. അപ്പോള്‍ അടുത്തചിന്താവിഷയം ഇതാണ്‌-

"ബ്ലോഗുഭാഷ കാലക്രമത്തില്‍ മലയാളഭാഷയുടെ പൊതുധാരയില്‍ നിന്നും മറ്റൊരു കൈവഴിയായി ദിശമാറി ഒഴുകുമോ?"

Monday, January 08, 2007

സ്വകാര്യം അഥവാ റാഗിക്കുറുക്ക്‌

ചിരകിയ നാളികേരം സമം ചേര്‍ത്ത്‌ അമര്‍ത്തിത്തിരുമ്മിവെച്ച അവിലുണ്ട്‌, കോഴിയമ്മപ്പാത്രത്തില്‍. സീരിയല്‍ തീര്‍ന്നപ്പോഴാണ്‌ പ്രഭയ്ക്കതോര്‍മ്മവന്നത്‌. പാത്രം തുറന്നു നോക്കി. അവില്‍ നല്ല മൃദുവായിരിയ്ക്കുന്നു.

ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും താളിച്ച്‌ നല്ല അവിലുപ്പുമാവുണ്ടാക്കണോ? അതോ, ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്ത്‌ ശര്‍ക്കര ഉരുക്കിയിളക്കി അവിലുകുഴച്ചതുണ്ടാക്കണോ? ആലോചിയ്ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു!

രണ്ടിനും ഒരേ സമയമേ വേണ്ടൂ. അവള്‍ വീണ്ടും ആലോചിച്ചു, "ഉപ്പുവേണോ? മധുരം വേണോ?" പ്രഷറുണ്ട്‌, ഷുഗറുണ്ട്‌. ഉപ്പും വയ്യ, മധുരോം വയ്യ. റാഗിക്കുറുക്കു തന്നെ ശരണം. ഒക്കെ വിധി!

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

"പാകമായ അവില്‍ കയ്യില്‍ക്കിട്ടിയിട്ടും മധുരമോ ഉപ്പോ വേണ്ടതെന്നു തീരുമാനിയ്ക്കാനുള്ള അവസരം ഉപയോഗിക്കാത്ത ഉത്തരവാദിത്തബോധമില്ലാത്ത മരമണ്ടി" വിധി സ്വകാര്യം പറഞ്ഞത്‌ എന്റെ കാതുകളിലാണല്ലോ എന്ന് അന്തം വിട്ടിരിയ്ക്കുകയാണ്‌ ഞാന്‍!