Sunday, December 10, 2006

വികസനം വരുന്ന വഴി

വികസനം
വീട്ടുപടിയ്ക്കലെത്തി,
ടാറിട്ട റോഡിലൂടെ.

പെരുമഴ വന്നാലും
ചെളിയഭിഷേകം വേണ്ട,
പൊരിവെയിലായാലും
പൊടിപൂരവുമില്ല.

സുഖമുള്ള നടത്തം
സ്വപ്നം കണ്ടു,
നടന്നുനടന്ന്‌,
ഭാവിയുടെ വക്കോളമെത്തി.

ടാറെവിടെ? റോഡെവിടെ?
ടാറിട്ടറോഡെവിടെ?
തലയൊന്നിന്‌
വാഹനമൊന്ന്‌,
ഇരുചക്ര, മുച്ചക്രികള്‍
‍നാല്‍ച്ചക്രമൂരാച്ചികള്‍
‍റോഡു നിറഞ്ഞു.


"നടക്കാന്‍ വഴി തരൂ"


"പോകൂ പാര്‍ക്കിലേയ്ക്‌ക്‍"


"പോണം വീട്ടിലേയ്ക്‌ക്‍,"

"കേറണം വണ്ടിയില്‍,
റോഡ്‌ വണ്ടികള്‍ക്കുള്ളതാണ്‌."


ഞെട്ടി, പിന്മാറി,
ഭാവിയുടെ വക്കില്‍ നിന്നും.

"റോഡ്‌ വണ്ടികള്‍ക്കുള്ളതാണ്‌."
ഇതു വര്‍ത്തമാനം
കാളയ്ക്കും കാളവണ്ടിക്കാരനും!

Wednesday, December 06, 2006

പൂന്തേന്മൊഴി

ശാസനാപാടവമുള്ള വമ്പന്‍ ഭാഷകള്‍ ചുറ്റും തിമിര്‍ക്കുമ്പോള്‍ കൈരളിയ്ക്‌ക്‍ കീചകന്റെ ചോദ്യത്തിനു മറുപടിപറയേണ്ടതുണ്ട്‌. സൈരന്ധ്രി (പാഞ്ചാലി) യായ കൈരളിയോട്‌‌ (ദു) സാഹസത്തിനു മുതിരുന്ന കീചക കവിയോട്‌ കൈരളിയുടെ മറുപടി

"പൂന്തേന്മൊഴീ"യെന്നു വിളിച്ചു ചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്‍
നമുക്കു നാമേ തുണയെന്നുകണ്ടാല്‍
കരുത്തുകാട്ടേണമതാണു ബുദ്ധി.

കൊള്ളലും കൊടുക്കലുമാവാം, എന്നാല്‍ വ്യക്തിത്വം പണയപ്പെടുത്തി വസ്ത്രാക്ഷേപം വരെക്കൊണ്ടെത്തിക്കാന്‍ കൈരളി നിന്നുകൊടുക്കില്ല, അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചു അവള്‍, കീചകനായാലും ശരി, വീമ്പിളക്കുന്ന ദുശ്ശാസനാദികളായാലും ശരി.

Wednesday, November 29, 2006

മനസ്സും ബുദ്ധിയും


മനസ്സ്‌ ഒരവയവമാണോ? ആണെങ്കില്‍ എവിടെയാണതിന്റെ സ്ഥാനം? ഹൃദയത്തിലോ തലച്ചോറിലോ അതോ ചിന്തിയ്ക്കപ്പെടുന്ന വസ്തുക്കളിലോ? കൃത്യമായ ഉത്തരം എനിയ്ക്കറിയില്ല. എങ്കിലും എഴുതാം ഇത്തിരി 'മാനസികം'.

എന്താണു മനസ്സ്‌?

കടലിലെ വെള്ളം പൊങ്ങിത്താണ്‌ പൊങ്ങിത്താണ്‌, ഒഴുകിയൊഴുകിവരുമ്പോള്‍ അതിനെ "തിരമാല" എന്നു വിളിക്കുന്നില്ലേ? അതുപോലെ ചിന്തകളുടെ അത്തരത്തിലുള്ള ഒഴുക്കിനെയാണത്രേ "മനസ്സ്‌" എന്നു പറയുന്നത്‌. ഒരേസമയം പലപല ചിന്തകള്‍ കുത്തിയൊഴുകിവരുമ്പോള്‍ മനസ്സ്‌ പ്രക്ഷുബ്ദ്ധമാവാറുണ്ടല്ലോ. ഒരു സമയം ഒരു കാര്യം മാത്രം ചിന്തിയ്ക്കുന്നുവെങ്കില്‍ താരതമ്യേന സമാധാനമുണ്ടാവാറുണ്ട്‌. ചിന്തകളെല്ലാം നീങ്ങിയാലോ? മനോലയം- മനസ്സ്‌ ലയിച്ചാല്‍- അടങ്ങിയാല്‍, ശാന്തമായ- സാന്ദ്രമായ- ആനന്ദസാഗരം മാത്രം. "യോഗഃ ചിത്തവൃത്തിനിരോധഃ" എന്നാണല്ലോ.

നമുക്കിഷ്ടമുള്ള ഒരു നോവല്‍ വായിക്കുകയാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ മറ്റുചിന്തകളൊന്നും മനസ്സിലേയ്ക്കു കടന്നുവരുന്നില്ല. നോവല്‍ വായിയ്ക്കുക- ആ കഥ എന്ന ഒരൊറ്റ ചിന്ത മാത്രം മനസ്സില്‍. വിശപ്പും ദാഹവും അറിയാതെ എത്രനേരം വേണമെങ്കിലും നമ്മള്‍ അതില്‍ മുഴുകിയിരിയ്ക്കും. അത്രയും നേരം മറ്റുപലപലചിന്തകളും ഇളകിമറിയാതിരുന്നതുകൊണ്ട്‌, മനസ്സ്‌ ഹോബി ആസ്വദിക്കുന്നു.

ഇനി മറ്റൊരു വിശദീകരണം-

മനസ്സ്‌ എന്നത്‌ പുറത്തുനിന്നും ചെവിയിലൂടെയും കണ്ണിലൂടെയും ഒക്കെ വിവരങ്ങളെ സ്വീകരിക്കുന്ന "recieving clerk" ആണത്രെ. സ്വീകരിക്കുന്ന വിവരങ്ങളെല്ലാം കൂട്ടി വെയ്ക്കും. കണ്ണു തരുന്ന വിവരമൊന്ന്, ചെവിതരുന്ന വിവരം മറ്റൊന്ന്... എല്ലാം കൂടി കൂട്ടിവായിയ്ക്കും മനസ്സ്‌. എന്നിട്ടോ? കണ്‍ഫ്യൂഷന്‍ തുടങ്ങുന്നു. ആര്‌? മനസ്സ്‌. ("സങ്കല്‍പ്പവികല്‍പ്പാത്മകം മനഃ)

കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ മുന്‍കൈ എടുക്കുന്നത്‌ ബുദ്ധി. കാര്യങ്ങള്‍ ശരിയാം വിധം ഗ്രഹിച്ച്‌ ഇന്ന-ഇന്നവിധം ചെയ്യൂ എന്ന് തീരുമാനമെടുക്കുന്നത്‌ ബുദ്ധി.(നിശ്ചയാത്മികാ ബുദ്ധിഃ).

പണ്ടുണ്ടായ അനുഭവങ്ങളെയൊക്കെ വിലയിരുത്തിനോക്കാന്‍ "ചിത്തം" ബുദ്ധിയെ സഹായിയ്ക്കും. "ചിത്തം" ഓര്‍മ്മിയ്ക്കുക എന്ന പണിചെയ്യുന്നു.

അതായത്‌ ഒന്നിന്റെതന്നെ വ്യത്യസ്ത roles ആണ്‌ മനസ്സും ചിത്തവും ബുദ്ധിയും എന്നു പറയാം. അവസരത്തിനനുസരിച്ച്‌ role മാറിമാറി ഏറ്റെടുക്കും. എന്നാല്‍ ഏതുനേരവും "ഞാന്‍ ചെയ്യുന്നു, ഞാന്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ എഴുതുന്നു..." എന്നിങ്ങനെ doership, enjoyership എന്നിവ അവകാശപ്പെട്ടുകൊണ്ട്‌, "ഞാന്‍" എന്ന ' അഹംകാരം' എപ്പോഴും നിലനില്‍ക്കുന്നു. മനസ്സിനും ചിത്തത്തിനും ബുദ്ധിയ്ക്കും ഒപ്പം ഈ അഹംകാരം ഏതുനേരവും ഉണ്ടാകും. എത്ര വിനയാന്വിതനും ഉണ്ടാവും ഈ അസ്തിത്വബോധം- ഞാനുണ്ട്‌ എന്ന ബോധം- ഈ അഹംകാരം.

ഈ ചെറിയ"ഞാന്‍" അല്ല, ഞാനിനെ ഞാനാക്കുന്ന ഒരു വലിയ"ഞാന്‍" - അതുമായി താദാത്മ്യം ബോദ്ധ്യപ്പെടും വരെ ഈ അഹംകാരം ego of doership ഉണ്ടാവും.

"മനോബുദ്ധ്യഹംകാരചിത്താനി നാഹം..." ഓര്‍മ്മ വരുന്നു.

(എന്റെ മനസ്സേ! മനസ്സിലാവാതെ മനസ്സിലായീന്നു പറഞ്ഞാല്‍ മനസ്സിലായതും കൂടി മനസ്സിലാവാണ്ടാവും മനസ്സിലായോ? ഹി ഹി:-))



Thursday, October 19, 2006

ബോണ്‍സായ്‌!

ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍?
പോകാനിടമെനിയ്ക്കില്ല തെല്ലും.
മാനവും കൂടി ഞൊടിയ്ക്കിടയില്‍
നാണമില്ലാതെയടിച്ചമര്‍ത്താം,
ചന്ദ്രനില്‍പ്പോകാം, മധുവിധുവായ്‌
കാണും കിനാവു വധൂവരന്മാര്‍.
സ്വിച്ചൊന്നമര്‍ത്തിയാലേതുലോകം
ബൂലോകം പോലുമെന്‍മുന്നിലെത്തും.
കമ്പ്യൂട്ടര്‍മേശയ്ക്കരികില്‍വെച്ച
ബോണ്‍സായിചോദിയ്ക്കയാണു പാരം-

"ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍
പോകാനിടമെനിയ്ക്കില്ല തെല്ലും!

നിങ്ങള്‍ക്കു കാഴ്ച്ചയായ്‌നില്‍ക്കുവാനീ
ഞങ്ങടെ ജന്മം തുലച്ചതാണോ?

പട്ടിണികൊണ്ടു ചാകേണ്ടയെന്നീ
ചട്ടിയില്‍ത്തന്നെ വളമിടുന്നൂ
സോഡിയം പൊട്ടാഷും യൂറിയയും
കാച്ചിക്കുറുക്കിവിളമ്പിടുന്നൂ.
കിട്ടുന്നു കണ്മുന്നിലെന്തുമെന്നും
ചട്ടിയെവിട്ടൊരു ലോകമുണ്ടോ
മേനികൊഴുത്തു മിനുത്തുനില്‍ക്കേ
മാനത്തെയൊട്ടുമേയോര്‍ത്തുമില്ല...


ആകാശം കോരിച്ചൊരിഞ്ഞുനല്‍കും
വേനലും മാരിയും മാറിമാറി
താതന്റെ വാത്സല്യമെന്നതോര്‍ത്തു
കൈക്കൊണ്ടു ഞാനൊന്നു നിന്നതില്ല

ഭൂമിയാമമ്മതന്‍മാറിലൂടെ
തത്തിക്കളിയ്ക്കാന്‍ മറന്നുപോയീ.

ആഴത്തിലേയ്ക്കുവേരോടിയില്ലാ
ആകാശം നോക്കിച്ചിരിച്ചതില്ല
ശൈശവം ബാല്യവും കൌമാരവും
എന്നില്‍നിന്നൂര്‍ന്നുപോയെന്നറികേ
എന്തു ഞാന്‍ ചൊല്‍വൂ വളര്‍ത്തുവോരേ
ഞാനൊരു പാഴ്‌മരം മാത്രമായീ...

ആഴത്തിലേയ്ക്കൂളിയിട്ടുപോകാന്‍
ആകാശം നോക്കിക്കളിച്ചിരിയ്ക്കാന്‍
വേരുമെന്‍ചില്ലയും കൊള്ളുകില്ലാ
ഉള്ളാം തടിയ്ക്കോരുറപ്പുമില്ല..."

"ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍?
പോകാനിടമെനിയ്ക്കില്ല തെല്ലും."
നാളെയെന്‍കുഞ്ഞു ചോദിയ്ക്കുമല്ലോ
ഉത്തരമെന്തു ഞാന്‍ ചൊല്ലുമപ്പോള്‍?

Monday, October 09, 2006

ഇതൊരു സമസ്യയാണെങ്കില്‍...പൂരണം...

"പാനേന നൂനം സ്തുതിമാവഹന്തി!" (പാനം കൊണ്ട്‌ സ്തുത്യര്‍ഹരാവുന്നുവല്ലോ) ഇതൊരു സമസ്യയാണെങ്കില്‍...
പൂരണം...

പിബന്തിപാദൈരിതികാരണേന
പാനം തു നിന്ദ്യം ഖലു പാദപാനാം
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!

പിബന്തി പാദൈരിതി കാരണേന= കാലുകള്‍ കൊണ്ടു കുടിയ്ക്കുന്നു എന്ന കാരണത്താല്‍
പാദപാനാം പാനം നിന്ദ്യം = വൃക്ഷങ്ങളുടെ (വെള്ളം)കുടിയ്ക്കല്‍ മോശമായരീതിയില്‍ തന്നെ.
സദാ ആതപസ്ഥാഃ പാദാശ്രിതാന്‍ പാന്തി= എപ്പോഴും വെയില്‍ മുഴുവന്‍ സ്വയം ഏറ്റുവാങ്ങി തന്നെ ആശ്രയിച്ചവരെ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നും രക്ഷിയ്ക്കുന്നു.
ഈ പാനം(രക്ഷിയ്ക്കല്‍) സ്തുത്യര്‍ഹം തന്നെ.

Friday, October 06, 2006

വാഗ്വാദിനി!

വാഗ്ദേവി! നീയേ തുണ നാവിലെന്നും
വാക്കിന്‍പ്രവാഹം കുളിരുള്ളതാവാന്‍
വാഗ്വാദകോലാഹലമേറ്റിടാതെ
വാഗ്വാദിനീ കാക്കുക! മേലിലെന്നെ

വാഗ്വാദം കൂടുന്നുവോ എന്നു തോന്നിയപ്പോള്‍(ഇടയ്ക്കിടെ തോന്നാറുണ്ടേ :-)) വാഗ്വാദിനിയായ (വാക്‌-വാദിനിയായ) നാദധാരയുതിര്‍ക്കുന്ന ശബ്ദബ്രഹ്മസ്വരൂപിണിയായ ദേവിയോടൊന്നു പ്രാര്‍ത്ഥിച്ചു.
[വീണാവാദനം= വീണവായന]

സരസ്വതി കണ്ണാടിയില്‍!

മനോദര്‍പ്പണത്തില്‍പ്പിടിച്ചൊട്ടിനില്‍ക്കും
മഹാരാഗവിദ്വേഷമാലിന്യമെല്ലാം
കളഞ്ഞാകില്‍വെണ്‍താമരത്താരിനുള്ളില്‍
‍ത്തെളിഞ്ഞീടുമാവാണി!ചിത്രം വിചിത്രം!

Thursday, September 14, 2006

കണ്ണനെക്കാത്ത്‌

കണ്ണാ! നീ കാണ്മതില്ലേ മമ ദുരിതമഹാസാഗരം, നീന്തി മുങ്ങും-
വണ്ണം കൈകാല്‍ കുഴഞ്ഞീടിലുമഥ വെടിയാറില്ല ഞാന്‍ നിന്റെ രൂപം
ഉണ്ണാനായ്‌വെണ്ണയേകാമുടനിരുകരവും നീട്ടി നീ വാങ്ങിവാങ്ങി-
ത്തിന്നാനായോടിയെത്തുന്നൊരു നിമിഷമതൊന്നുണ്മയായ്‌കാണ്മതെന്നോ?



Friday, September 08, 2006

വാക്ക്‌

"വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു,
വാക്കിന്‍ വിരല്‍തൂങ്ങിയല്ലോ നടക്കുന്നു
."

മധുസൂദനന്‍നായരുടെ ഈ വരികളോട് എനിയ്ക്കു വല്ലാത്തൊരടുപ്പം തോന്നുന്നു‌. ഈ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ചു നടക്കുന്ന ഒരു കുട്ടിയായി ഞാന്‍ എന്നെ കരുതുന്നു. പിന്നീടെപ്പോഴോ വാക്ക്‌ എന്റെ കൂട്ടുകാരനാണെന്നും ജീവിതസഖിയാണെന്നും ഊണാണെന്നും ഓണമാണെന്നും പൂവിന്മണമാണെന്നും ഒക്കെ തോന്നി. എല്ലാം എല്ലാം വാക്കാണെന്ന്‌. ഞാന്‍ കണ്ടെത്തിയ തിളങ്ങുന്ന വാക്കിനെ കാണിച്ചുകൊടുക്കാന്‍ എനിയ്ക്കെന്തെന്നില്ലാത്ത ആവേശം.
അറിയുന്ന വാക്കുപയോഗിച്ച്‌ ഉച്ചത്തിലുച്ചത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു...

"ഹായ്‌ എന്തൊരു വെളിച്ചം, എന്തൊരു തെളിച്ചം."

എന്റെ ഒച്ചകേട്ടു വന്നവര്‍ പക്ഷേ ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്നോടൊന്നു നന്നായി ഉറങ്ങുവാന്‍ പറഞ്ഞു. ഉറങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയാകുമത്രേ!


ഞാന്‍ കണ്ണടച്ചു. വാക്ക്‌ ഒരു പ്രഹേളികയാണോ? തമോഗര്‍ത്തം പോലെ, അതൊരു ഇരുട്ടുഗുഹയാണോ? അതോ എന്റെ കണ്ണുകള്‍ക്ക്‌ നിറഞ്ഞുവഴിയുന്ന പ്രകാശം കാണാന്‍ കഴിയായ്കയാണോ? ഇരുപതിനായിരത്തിലധികം കുതിപ്പുകളെടുത്തുപാഞ്ഞുവരുന്ന ശബ്ദം അത്യുച്ച ശബ്ദമാണെങ്കിലും ചെവികള്‍ക്കതു നിശ്ശബ്ദതയാണത്രേ! അതുപോലെ, പ്രകാശക്കൂനയാണോ തമോഗര്‍ത്തം?

"വാക്കേ, നീയെനിയ്ക്കാരാ?"



"കണ്ണനെ തൊഴൂ", "സൂര്യനെ തൊഴൂ", "തെങ്ങിനെ തൊഴൂ", "തുളസിയെ തൊഴൂ" എന്ന അമ്മയുടെ വാക്ക്‌ എല്ലാരേയും ആദരിയ്ക്കാന്‍ എന്നെ പഠിപ്പിക്കുന്നു. "കുഞ്ഞേ, അമ്മ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും" എന്ന അച്ഛന്റെ വാക്ക്‌ അച്ഛനേയും അമ്മയേയും എന്റെ ഹൃദയത്തോടു ചേര്‍ത്തിന്നും നിര്‍ത്തുന്നു.

ചക്കയുടെ "ഈ എത്തല്‍ മുല്ലശ്ശേരീലും ഈ എത്തല്‍ മറ്റേവീട്ടിലും ഈ എത്തല്‍ 'ബഹിളാമുഖി' എന്ന ഭിക്ഷക്കാരിയ്ക്കും ഈ എത്തല്‍ നാരാട്ട്യമ്മയ്ക്കും കൊടുക്കാം" എന്ന്‌ ഒരു ചക്ക കിട്ടിയാല്‍ അതു പങ്കുവെങ്കുന്ന അമ്മയുടെ വാക്ക്‌, പ്ലാവിനുചുറ്റും നാം മതിലുകെട്ടിയെങ്കിലും അതിലുണ്ടാവുന്ന ചക്ക എല്ലാവര്‍ക്കുമുള്ളതാണെന്ന ബോധം എന്നിലുണ്ടാക്കുന്നു.

തൊടിയില്‍ അച്ഛനും ഞാനും കൂടി നട്ട പടവലവള്ളിയില്‍ കായയൊന്നും ഉണ്ടാകാതിരുന്നിട്ടും "അതൊന്നും സാരമില്ല, എന്നും ചെടിയ്ക്കു നനയ്ക്കണം, വിത്ത്‌ വളര്‍ന്ന്‌ ചെടിയായി വരുന്നതുതന്നെ കാണാന്‍ ഒരു രസമല്ലേ, കായ കിട്ടിയല്‍ പറിയ്ക്കാം, ഇല്ലെങ്കില്‍ വേണ്ട" എന്ന വാക്ക്‌ , "ഠ" വട്ടത്തിലുള്ള മണ്ണില്‍ എന്നോടൊപ്പം നിന്ന്‌ മണ്ണിന്റെയും വിത്തിന്റെയും സൂര്യന്റെയും കൌതുകങ്ങളിലേയ്ക്ക്‌ എന്നെ കൈപിടിച്ചു നടത്തി. ഞാന്‍ വിചാരിയ്ക്കുന്നകാര്യങ്ങള്‍ അതേപോലെ നടക്കാതെവരുമ്പോള്‍ അധികം അസ്വസ്ഥയാകാതിരിയ്ക്കാനും എനിയ്ക്കു, ആ വാക്കു തന്നെയല്ലേ ശക്തിതരുന്നത്‌.

"കുട്ടീ, നിനക്കു നല്ലതേ വരൂ" എന്നു പറഞ്ഞനുഗ്രഹിച്ച ആചാര്യവാക്ക്‌, എന്റെ വഴിയില്‍ വെളിച്ചം വിതറിക്കൊണ്ട്‌ നില്‍ക്കുന്നു.

വീണ്ടും കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍,

"ഇനി നീ ഇദ്ദേഹത്തോടൊപ്പം നടക്കൂ", എന്നു പറഞ്ഞ്‌ എന്റെ കൈ എനിയ്ക്കതുവരെ അന്യനായിരുന്ന ഒരാളുടെ കൈയിലേല്‍പ്പിച്ചപ്പോള്‍, "‘ണ്ണി‘ക്കെന്നും നല്ലതേ വരൂ" എന്ന വാക്കിലൂടെ എത്ര ശക്തിയാണച്ഛന്‍ തന്നത്‌, സാന്ത്വനവും സ്നേഹവും ഒപ്പം തന്നു. ഇന്നു ഞാന്‍ പിടിച്ചുകൊണ്ടിരിയ്ക്കുന്ന കൈകളിലേയ്ക്കും കൂടി മുഴുവന്‍ ശക്തിയും സ്നേഹവും സാന്ത്വനവും പകരാന്‍ മാത്രം ആ വാക്കുകള്‍ക്കു ശക്തിയുണ്ടായിരുന്നൂ എന്നു ഞാനിപ്പോളറിയുന്നു.

വാക്കേ നീയെനിയ്ക്ക്‌ -
സ്നേഹമാണ്‌,
ശക്തിയാണ്‌,
വഴികാട്ടിയാണ്‌,
അറിവാണ്‌ ,
സത്യമാണ്‌,
വെളിച്ചമാണ്‌

ഞാന്‍ തന്നെയാണ്‌.

Sunday, September 03, 2006

ഓണച്ചിന്തകള്‍

ഉണ്ണിയായ വാമനന്‍ മഹാബലിയുടെ യാഗശാലയിലേയ്ക്കു നടന്നുവരുന്നത്‌ കാണുന്നു, മഹാബലിയുടെ മകള്‍. അവള്‍ക്കെന്തെന്നില്ലാത്ത വാത്സല്യം. കൈക്കുഞ്ഞായിരുന്നെങ്കില്‍, എടുത്തു പാലുകൊടുക്കാമായിരുന്നു എന്ന്‌ തോന്നി. മഹാബലിയുടെ മകളാണത്രേ പിന്നീട്‌, പൂതനയായി പിറന്നത്‌.

ഉണ്ണീ! നിന്‍വരവന്നു കണ്ട നിമിഷം നെഞ്ചം ചുരന്നൂ, മന-
സ്സെണ്ണീ വാമന! പൈതലായൊരുദിനം കിട്ടീലയിക്കൈകളില്‍
ഇന്നീ പൂതനയായൊരെന്‍മുലനുകര്‍ന്നാനന്ദമേകീടവേ
അമ്മിഞ്ഞക്കൊതിയോ ഭവാന്റെ കരുണാവായ്പോ വിചിത്രം ഹരേ!

മഹാബലി വാമനനോട്‌

"ഓണമാണതുമെനിയ്ക്കു പാഠമായ്‌
ഏറ്റി ഭാവമൊരു"ദാനശാലി"ഞാന്‍
ആട്ടിയെന്നുടെയഹന്ത,ഏകി നീ
ചേണെഴുന്ന വരമന്നു വാമന!"

എപ്പോഴും തിരക്കിലായ എന്തിനൊക്കെയോവേണ്ടി തിരക്കു കൂട്ടുന്ന ആളുകളോട്‌, മഹാബലി ഒന്നും പറയാന്‍നിന്നില്ല. എങ്കിലും കുട്ടികള്‍ ഒരുക്കിയ പൂക്കളങ്ങള്‍ അദ്ദേഹത്തിനൊരാശ്വാസമായിരുന്നു.
മഹാബലി കുട്ടികളോട്‌

കുഞ്ഞുങ്ങളേ, നിങ്ങളൊരുക്കിടുന്ന
പാല്‍പ്പുഞ്ചിരിപ്പൂവഴിയും കളത്തില്‍
മാവേലി ഞാന്‍, തേടിയലഞ്ഞൊടുക്കം
സമത്വഭാവം കണികണ്ടിടുന്നൂ.

മുക്കുറ്റിമന്ദാരകചെമ്പരത്തി
വേലിയ്ക്കെഴും നല്ലതിരാണിയൊപ്പം
ഒന്നല്ല വര്‍ണ്ണം, പലതാം വലിപ്പം
വിളങ്ങിനില്‍പ്പാണവരൊന്നുപോലെ!!


കൂട്ടരേ, ഇത്രടം വന്നില്ലേ, സന്തോഷമായി. ഇനി ഞങ്ങളുടെ വക കുറച്ചു പഞ്ചാരപ്പായസം കൂടിയുണ്ടേ...രണ്ടു പോസ്റ്റ്‌ താഴേയാണെന്നു മാത്രം :-).

Thursday, August 31, 2006

"രാജവത്‌ പഞ്ചവര്‍ഷാണി"-- രണ്ടാം വായന.

ഉമേഷ്ജീയുടെ ഗുരുകുലത്തില്‍ നിന്നും നാം പഠിച്ചതാണീശ്ലോകം.
"രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത് "
രാജേഷ്‌ വര്‍മ്മ അതിങ്ങനെ പരിഭാഷപ്പെടുത്തി--
"മഹാരാജനെപ്പോലെയഞ്ചാണ്ടു കാലം,
തികച്ചും പണിക്കാരനായ്‌ പത്തു കൊല്ലം,
മകന്നെട്ടുമെട്ടും വയസ്സായിടുമ്പോള്‍
സഖന്നൊപ്പമായും നിനച്ചീട വേണം"

കുഞ്ഞിനോട്‌ , വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണംഎന്നാണ്‌ ഇവിടെ വിശദീകരിയ്ക്കുന്നത്‌.

ഒന്നാം ഘട്ടം
ആദ്യത്തെ അഞ്ചുവര്‍ഷം കുട്ടിയെ രാജാവിനെപ്പോലെ കരുതുക. രാജാവിനെപ്പോലെ' എന്നതുകൊണ്ട്‌ എന്തായിരിയ്ക്കാം ഉദ്ദേശിച്ചത്‌? ഒന്നു ചിന്തിച്ചുനോക്കാം.എല്ലാ സുഖസൌകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നാണോ? ആയിരിയ്ക്കില്ല. ഉള്ളതുകൊണ്ട്‌, ഓണം പോലെ, നമ്മുടെ കഴിവിനനുസരിച്ച്‌, സന്തോഷമായിട്ട്‌, പിന്നെ ഉള്ളതില്‍ വെച്ച്‌ ഏറ്റവും നല്ലത്‌ കുഞ്ഞിന്‌, കുഞ്ഞിന്റെ കാര്യങ്ങള്‍ക്കനുസരിച്ച്‌ മറ്റുള്ളവരുടേതിനു വിട്ടുവീഴ്ച്ച വേണെങ്കിലത്‌, അങ്ങനെ. കുഞ്ഞായിരിയ്ക്കട്ടെ വീട്ടിലെ കേന്ദ്രബിന്ദു(അതല്ലാതെവരികയുമില്ലല്ലോ).

പിന്നെ അഞ്ചുവയസ്സ്‌വരെ എന്നത്‌, ഇന്നത്തെ കാലത്ത്‌ 3വയസ്സുവരെ എന്നു കരുതിയാലും മതിയാവും എന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇന്നത്തെ കുഞ്ഞിന്‌ കൂടുതല്‍ അവസരങ്ങളുള്ളതുകൊണ്ടായിരിയ്ക്കണം മൂന്നുവയസ്സാവുമ്പോഴേയ്ക്കും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെട്ട്‌, വലിയവരുടെ EGOയുമായിനടക്കുന്നവരേയും കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ അമ്മമാരേ, കുഞ്ഞിന്റെ ഓരോദിവസവും വിലപ്പെട്ടതാണ്‌. ജനിച്ച അന്നുമുതല്‍ ഒരു മൂന്നുവയസ്സുവരെ, മറ്റെല്ലാം മറന്ന്‌ കുഞ്ഞിനെ ലാളിയ്ക്കുവിന്‍, കൊഞ്ചിയ്ക്കുവിന്‍, നല്ലശീലങ്ങള്‍ വളര്‍ത്തുവിന്‍ (തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ വേണേ. അതു പിന്നെ അമ്മമാരോടു പറയേണ്ടതില്ലല്ലോ അല്ലേ). മതിയാവോളം അമ്മിഞ്ഞപ്പാലും മൂന്നുവയസ്സുവരെയെങ്കിലും നിറഞ്ഞവാത്സല്യവും ലാളനയും കിട്ടി വളരുന്ന കുട്ടിയ്ക്ക്‌ തന്റെ എല്ലാമെല്ലാമാണമ്മ. ഇടയ്ക്കിത്തിരി വാശി കാണിച്ചാലും അമ്മപറഞ്ഞാലതുതന്നെ വേദവാക്യം. എന്തും അമ്മപറഞ്ഞാല്‍ കേള്‍ക്കും.

ഇതിന്‌ അപവാദമില്ലാതില്ല. പക്ഷേ വാശിയും ശുണ്ഠിയും മുഖമുദ്രയാക്കിയ കുട്ടികള്‍ക്ക്‌ ആദ്യത്തെവര്‍ഷങ്ങളില്‍ അവന്‌/അവള്‍ക്ക്‌ ആവശ്യമുള്ളത്ര വാത്സല്യവും പരിഗണനയും കിട്ടിയില്ല എന്നതും കാരണമാവാം. കുഞ്ഞ്‌ ആഗ്രഹിക്കുമ്പോഴെല്ലാം അഛനുമമ്മയും അവന്റെ/അവളുടെ അടുത്തുണ്ടാവുക. ഈ സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇടയ്ക്കൊക്കെ വാശികാണിച്ചാലും കുഞ്ഞ്‌ അമ്മപറയുന്നത്‌ സ്നേഹത്തോടെ അനുസരിയ്ക്കും.

രണ്ടാം ഘട്ടം

അഞ്ചുമുതല്‍ പതിനഞ്ചുവയസ്സുവരെ ദാസനെപ്പോലെ കരുതുക. ഇവിടെ 'ദാസനെപ്പോലെ' എന്നതുകൊണ്ട്‌ എന്താണു മനസ്സിലാക്കേണ്ടത്‌ എന്നു ചിന്തിക്കാം."അങ്ങോട്ടുപോടാ" "ഇങ്ങോട്ടുവാടാ" എന്നു നാം നിന്നു കല്‍പ്പിയ്ക്കണം എന്നതാവില്ല, അതുകൊണ്ടു മനസ്സിലാക്കേണ്ടത്‌.

* സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക,
* മറ്റുള്ളവര്‍ക്കുവേണ്ടിയും കാര്യങ്ങള്‍ ചെയ്തുകൊടുക്കുക,
* ഉത്തരവാദിത്തബോധമുണ്ടാവുക,
* സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുശീലിയ്ക്കുക,
* ഒന്നും തന്നിഷ്ടം മാത്രം നോക്കി ചെയ്യാതിരിയ്ക്കുക

ഇത്രയും കാര്യങ്ങള്‍ പരിശീലിയ്ക്കാനൊരവസരം കുട്ടികള്‍ക്കു കൊടുക്കുക. വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ബാദ്ധ്യതയുണ്ട്‌. ഈ കാലഘട്ടത്തില്‍ കുട്ടി തെറ്റുചെയ്താല്‍ ശിക്ഷിയ്ക്കാം. 'ശിക്ഷ' എന്നാല്‍ പാഠം/പഠിപ്പ്‌. തെറ്റു മനസ്സിലാക്കാനും തിരുത്തണം എന്നു ബോദ്ധ്യപ്പെടാനുമുള്ള പഠിപ്പ്‌(പാഠം) കുട്ടിയ്ക്കു കിട്ടണം. വെറുതെ അടിച്ചോ പട്ടിണിയ്ക്കിട്ടോ ശരീരവും മനസ്സും വേദനിപ്പിക്കലല്ല 'ശിക്ഷ'.

മൂന്നാം ഘട്ടം

ഇത്രയും പരിശീലനം കഴിഞ്ഞാല്‍, പതിനാറുതികഞ്ഞാല്‍ കുട്ടി പക്വതയുള്ള ഒരു വ്യക്തിത്വത്തിനുടമയായിരിയ്ക്കും. അപ്പോള്‍ അവനെ/അവളെ സുഹൃത്തിനെപ്പോലെ തനിയ്ക്കുതുല്യനായി/തുല്യയായി കരുതണം. ചര്‍ച്ചകളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തണം. അവരുടേയും അഭിപ്രായങ്ങള്‍ ആരായണം. തന്നൊപ്പമായും തനിയ്ക്കു താങ്ങായും കുട്ടിവളര്‍ന്നതുകണ്ടു സന്തോഷിയ്ക്കുകയും ആവാം.അച്ഛനമ്മമാര്‍, ഒന്നും തിരിച്ചുപ്രതീക്ഷിച്ചില്ലെങ്കിലും ഇങ്ങനെ വളര്‍ത്തപ്പെട്ട കുട്ടികള്‍ എന്നും അവരെ നന്ദിയോടെ, ആദരവോടെ സ്മരിയ്ക്കുന്നവരായിരിയ്ക്കും.
* *
[നമ്മുടെ അച്ഛനമ്മമാര്‍ക്കെന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു കണ്ടുപിടിയ്ക്കാനാവരുതേ, നമുക്കുശേഷം വരുന്ന തലമുറയെ ശ്രദ്ധിയ്ക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മനസ്സിലാക്കാനാവട്ടെ ഈ കുറിപ്പു പഠിച്ചിട്ടുള്ള നമ്മുടെ ശ്രമം]

Monday, August 28, 2006

വിപ്ലവമുട്ടകള്‍!

കാലം അത്യന്താധുനികം-

കാട്ടുകോഴി മുട്ടയിട്ടു. എട്ടുമുട്ട.
മുട്ടയിട്ടത്‌ പിടക്കോഴിതന്നെ.
പൂവന്‍കോഴിയും പിടക്കോഴിയും മാറി മാറി അടയിരിയ്ക്കാന്‍ തുടങ്ങി, സഹകരണാടിസ്ഥാനത്തില്‍. അപ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ട്‌ പടിഞ്ഞാട്ടുനീങ്ങി. തള്ളക്കോഴി ചിറകുവിടര്‍ത്തി അതിനെ നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിച്ചു.

"ഛേ, എന്തായിത്‌? എനിയ്ക്കു പോണം, നിങ്ങള്‍ എന്തിനാണെന്നെ പിടിച്ചുവെയ്ക്കുന്നത്‌?" ഒന്നാം മുട്ട പുച്ഛത്തോടെ ചോദിച്ചു.

"കുഞ്ഞിമുട്ടേ, പൊന്നുമുട്ടേ, നിനക്കെന്റെ പൊന്നോമനക്കുഞ്ഞിക്കോഴിയാവേണ്ടേ? നീ വാ, നിന്നെ ഞാന്‍ നല്ലൊരു കുഞ്ഞിക്കോഴിയാക്കാം" തള്ളക്കോഴി വാത്സല്യത്തോടെ പറഞ്ഞു.

"അയ്യേ, എന്താ പറഞ്ഞത്‌, കുഞ്ഞിക്കോഴിയോ? ഞാനേ ഒന്നാംതരം ഒരു മുട്ടയാണ്‌. മിനുത്ത വെളുത്ത സുന്ദരിമുട്ട."
പറഞ്ഞുതീരുമ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ടുനീങ്ങിത്തുടങ്ങിയിരുന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ ഉരുളങ്കല്ലില്‍ തട്ടി അതു പൊട്ടിപ്പോവുകയും ചെയ്തു.സങ്കടത്തോടെ തള്ളക്കോഴി മറ്റുമുട്ടകളെ നെഞ്ചോടണച്ചു.അപ്പോഴേയ്ക്കും രണ്ടാം മുട്ട ഉരുളാന്‍ തുടങ്ങി.
"രണ്ടാം മുട്ടേ രണ്ടാം മുട്ടേ, നീ പോണ്ട കുട്ടാ, ഒന്നാം മുട്ടേടെ ഗതി നിനക്കും വന്നാലോ" പൂവന്‍കോഴിപറഞ്ഞു.

"അതിനേയ്‌, ഇത്തിരി ബുദ്ധി വേണം. എനിയ്ക്കതുണ്ട്‌. കല്ലില്‍ തട്ടിയാല്‍ പൊട്ടും എന്നറിയാത്ത മരമണ്ടൂസ്‌" രണ്ടാം മുട്ട പുല്ലില്‍ക്കൂടി ഉരുണ്ടുരുണ്ടുപോയി. പോയിപ്പോയി, പുല്ലില്‍ ഇളവെയില്‍ കാഞ്ഞുകൊണ്ടിരുന്ന പാമ്പിന്റെ വായിലകപ്പെട്ടു.
അപ്പോഴേയ്ക്കും മൂന്നാം മുട്ട മറ്റുമുട്ടകളെ നോക്കി പറഞ്ഞു-
"നമ്മള്‍ മുട്ടകളാണ്‌. മുട്ടകളുടെ ശക്തി നാം അറിയുന്നില്ല. നമ്മില്‍ പ്രോട്ടീനുണ്ട്‌, കാല്‍സ്യമുണ്ട്‌, വിറ്റാമിനുണ്ട്‌, ഇരുമ്പുണ്ട്‌, ചെമ്പുണ്ട്‌, സ്വര്‍ണ്ണവും .. ഉണ്ടായിരിക്കണം. അതെ, നമ്മള്‍ മുട്ടകള്‍. ശക്തരായ മുട്ടകള്‍. പഴഞ്ചന്‍ രീതികളെ തട്ടിമാറ്റുവിന്‍. മുട്ടകളേ സംഘടിയ്ക്കുവിന്‍."

"ശരി തന്നെ. നമ്മെ കാക്കുക എന്ന മട്ടില്‍ ഈ പൂവാലന്മാര്‍ ശരിയ്ക്കും ശ്വാസം മുട്ടിയ്ക്കുകയല്ലേ, ഇനി മുതല്‍ നടപ്പില്ലിത്‌" മറ്റുമുട്ടകള്‍ മൂന്നാം മുട്ടയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.
മൂന്നാം മുട്ട കോഴികളോടായി തുടര്‍ന്നു.

"ഹേ പിന്തിരിപ്പന്മാരേ, ഞങ്ങള്‍ രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്‌. മുട്ടകളെ മുട്ടകളായി മനസ്സിലാക്കൂ, മുട്ടകളായി തുടരാനനുവദിയ്ക്കൂ. വിഡ്ഢിത്തങ്ങള്‍ ഇനിമേലില്‍ വിളിച്ചുകൂവാതിരിയ്ക്കൂ. വിശ്വാസങ്ങള്‍ ചുട്ടുകരിയ്ക്കൂ." അവര്‍ അണിയണിയായി ഉരുണ്ടുതുടങ്ങി-

"മുട്ടകള്‍ മുട്ടകള്‍ സിന്ദാബാദ്‌,
വെളുത്തമുട്ടകള്‍ സിന്ദാബാദ്‌,
മിനുത്തമുട്ടകള്‍ സിന്ദാബാദ്‌,
മുട്ടയാണുശക്തി, ശക്തിയാണു മുട്ട" അവര്‍ ഉരുണ്ടുരുണ്ട്‌ നീങ്ങി പടിഞ്ഞാറോട്ട്‌.
ഒന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി തള്ളക്കോഴി മൌനം ദീക്ഷിച്ചു.ഒബറോയ്‌ ഹോട്ടലിലെ ഓംലെറ്റ്‌ മേയ്ക്കറിലോ പപ്പൂന്റെ തട്ടുകടയിലോ ആയിരിയ്ക്കല്ലേ 'രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനം' എന്നുമാത്രം അവര്‍ പ്രാര്‍ഥിച്ചു. പക്ഷേ ഒന്നോര്‍ത്താല്‍ അതാണു നല്ലത്‌.അല്ലെങ്കില്‍ സമ്മേളനത്തില്‍ നിര്‍ത്താതെ പ്രസംഗിയ്ക്കുന്നവന്റെ മുഖത്തേയ്ക്ക്‌ ആളുകള്‍ ഇവരെ എടുത്തെറിയും. അതിലും ഭേദം.....!

Sunday, August 27, 2006

പഞ്ചാരപ്പായസം

ഇതാ ഞങ്ങളുടെ വക പഞ്ചാരപ്പായസം - ഉണ്ണൂ, നല്ലോണമുണ്ണൂ !
എല്ലാവര്ക്കും ജ്യോതിയുടേയും കൃഷ്ണകുമാറിന്റെയും ഓണാശംസകള്‍ !!


ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കലരി(നുറുക്ക്‌)ഇതുകിട്ടുവാന്‍ പ്രയാസമാണെങ്കില്‍ പച്ചരിraw rice ആയാലും ഒപ്പിയ്ക്കാം.
പഞ്ചസാര, പാല്‍ , വെള്ളം.


1 ലിറ്റര്‍ പായസം
ഉണക്കലരി(നുറുക്ക്‌) : 100 ഗ്രാം
പാല്‍ : 1ലി.
വെള്ളം : 200മില്ലി
പഞ്ചസാര : 300ഗ്രാം

3ലിറ്റര്‍ പായസം
ഉണക്കലരി/നുറുക്ക്‌ : 250ഗ്രാം
പാല്‍ : 3ലിറ്റര്‍
വെള്ളം :അരലിറ്റര്‍
പഞ്ചസാര : 850 ഗ്രാം

ഉണ്ടാക്കുന്ന വിധം

മൂന്നു ലിറ്ററോ ഒരുലിറ്ററോ പായസം വെയ്ക്കേണ്ടതെന്നു തീരുമാനിയ്ക്കുക. (നേരത്തേ ഒരു ധാരണ ഉണ്ടായിരിയ്ക്കണം:-) അടികനമുള്ള പാത്രത്തിലേയ്ക്കു കഴുകിത്തയ്യാറാക്കിയ അരിയും പാലും ആവശ്യത്തിനു വെള്ളവും ഒരുമിച്ചൊഴിയ്ക്കുക. അടുപ്പത്തുവെയ്ക്കുക. ഇടയ്ക്കിടക്ക്‌ ഇളക്കിക്കൊണ്ടിരിയ്ക്കുക.

അരി നന്നായി വെന്താലും പഞ്ചസാര ഇടാന്‍, വരട്ടേ, പാലും നന്നായി കുറുകിയതിനുശേഷമേ പഞ്ചസാരയിടാവൂ. അതെങ്ങനെ അറിയാം? നല്ലവണ്ണം ഇളക്കിയതിനുശേഷം കയ്യിലില്‍/തവിയില്‍, ഒരു തവി പായസം കോരുക. ഒരു നിമിഷം തവി അനക്കാതെ പിടിയ്ക്കുക, എന്നിട്ട്‌, സാവധാനം പാത്രത്തിലേയ്ക്കുതന്നെ തിരിച്ചൊഴിക്കുക. ഇപ്പോള്‍ കയ്യിലില്‍/തവിയില്‍ വറ്റൊന്നും പിടിച്ചിരിക്കുന്നില്ലെങ്കില്‍ പഞ്ചസാരയിടാന്‍ പാകമായി. വറ്റു ഊറി, തവിയില്‍ തങ്ങിയിരിക്കുന്നുവെങ്കില്‍ കുറച്ചുനേരം കൂടി ഇളക്കല്‍ തുടരണം.

പാകമായാല്‍ നേരത്തേ അളന്നുവെച്ച പഞ്ചസാര ചേര്‍ക്കുക. ഇളക്കുക. ഇപ്പോള്‍ പായസം കുറുകിയിരുന്നത്‌ ഒന്നിത്തിരി അയയും. വീണ്ടും മേല്‍പ്പറഞ്ഞ കയ്യില്‍/തവി ടെസ്റ്റ്‌, പരീക്ഷിക്കുക. തവിയിലെടുത്ത്‌, ഒരു നിമിഷം അനക്കാതെ പിടിച്ച്‌, തിരിച്ച്‌ പാത്രത്തിലേയ്ക്കൊഴിയ്ക്കുക. തവിയില്‍ ഒന്നും പറ്റിപ്പിടിച്ചു നില്‍ക്കുന്നില്ലെങ്കില്‍ പായസം പരിപാകം.

Thursday, August 24, 2006

അമ്മിണി

അമ്മിണിയ്ക്ക്‌ മൂന്നരവയസ്സാണ്‌. ഏട്ടന്മാര്‍ അവളെ കളിയ്ക്കാന്‍ കൂട്ടില്ല. കൊച്ചനുജത്തിയെ അവളും കൂട്ടില്ല. നന്ദനാരുടെ ഉണ്ണിക്കുട്ടനും കുട്ട്യേട്ടനും കാളിയമ്മയും തൊടിയിലെ ഓന്തും, കപീഷും പിന്റുവും പിന്നെ ഉണ്ണിക്കണ്ണനും രാധയും ബലരാമേട്ടനും ഒക്കെയാണ്‌ അവളുടെ കുഞ്ഞുഭാവനാലോകത്തില്‍. അച്ഛനോ അമ്മയോ പറയുന്ന കഥകള്‍ക്കനുസരിച്ച്‌, അവളൊരു കൊച്ചുലോകം തന്നെ സൃഷ്ടിച്ചു. നിര്‍ത്താതെ എത്രനേരം വേണമെങ്കിലും അവള്‍ അവരോടൊക്കെ സംസാരിക്കും. ഒരുദിവസം ഉണ്ണിക്കണ്ണന്‍ രാധയെ വല്ലാതെ കളിയാക്കി. അമ്മിണിയ്ക്കു പരിഭവമായി. അന്നു പിന്നെ ഒന്നും മിണ്ടിയില്ല. രാത്രി ഉറങ്ങാന്‍ നേരം ഉണ്ണിക്കണ്ണന്റെ കഥയ്ക്കുവേണ്ടി വാശിപിടിച്ചില്ല. വേഗം ഉറങ്ങുകയും ചെയ്തു.പിറ്റേന്നു നേരത്തേ എഴുന്നേറ്റു. എണീറ്റാലാദ്യം പടിഞ്ഞാറ്റയില്‍പ്പോയി കണ്ണനെ തൊഴണം, അതാണു നിയമം. അന്നവള്‍ മനഃപൂര്‍വ്വം തൊഴാതെ അടുക്കളയിലേയ്ക്കു നടന്നു. വടക്കേ മുറ്റത്ത്‌ അമ്മ പശുവിനുള്ള കഞ്ഞിയും പിണ്ണാക്കും തയ്യാറാക്കുന്നു. ടീച്ചറമ്മയ്ക്കിതെല്ലാം കഴിഞ്ഞുവേണം സ്കൂളില്‍പ്പോകാന്‍.

"മിടുക്കി! ഇന്നിത്തിരി നേരത്തേ എണീറ്റൂലോ, കണ്ണനെ തൊഴുത്വോ?"

ഇല്ല എന്നു പറഞ്ഞാല്‍ ഇനി പോയി തൊഴാന്‍ പറഞ്ഞാലോ. തൊഴുതൂന്നു പറയാനും വയ്യ, കണ്ണുപൊട്ടിപ്പോവില്ലേ

"സാരല്ല്യ, ഈ തെങ്ങിനെ നോക്കി തൊഴുതാല്‍ മതി" അമ്മ പറഞ്ഞു.അമ്മിണിയ്ക്കാശ്വാസമായി. കൈരണ്ടും കൂപ്പി സന്തോഷത്തൊടെ അവ ള്‍കുലച്ച ആ തെങ്ങിനെ നോക്കി തൊഴുതു. ആ തെങ്ങും പതുക്കെ അവളുടെ കുഞ്ഞുലോകത്തിലെ കൂട്ടുകാരനായി. കണ്ണനെന്ന പൂച്ച, സീതയെന്ന പശുക്കുട്ടി, കിണറ്റില്‍ നിന്നും അച്ഛന്‍ രക്ഷപ്പെടുത്തിയ മൂങ്ങ ഇവരെയൊക്കെപ്പോലെ.

കാലമുരുണ്ടൂ വേഗം വേഗം. .... അമ്മിണി വലുതായി ഒരു ടീച്ചറായി. കണ്ണന്‍പൂച്ചയും സീതപ്പശുവുമൊന്നും ഇന്നില്ല. ഇന്നും അമ്മ വടക്കേമുറ്റത്തെ തിണ്ണയില്‍ മതിയാവോളം വിളമ്പുന്ന ചോറുണ്ണാന്‍ ധാരാളം കാക്കകളും അണ്ണാര്‍ക്കണ്ണന്മാരും മൂന്നു കുയിലുകളും ഒരു കീരിയും പൂച്ചയും ഒക്കെ വരാറുണ്ട്‌. ഓരോന്നിനും അതാതിന്റേതായ സമയമൊക്കെയുണ്ട്‌. അതു നോക്കിനില്‍ക്കാനെന്തിഷ്ടമാണെന്നോ ടീച്ചര്‍ക്ക്‌.

ഇപ്പോഴുമവള്‍ അമ്മിണിക്കുട്ടി തന്നെ !!

Monday, August 21, 2006

അലക്കൊഴിഞ്ഞു-കിടപ്പിലായി

വിദ്യാഭ്യാസം കൊണ്ട്‌ ജീവിയ്ക്കാന്‍ പഠിയ്ക്കും(?) . ധര്‍മ്മവും അധര്‍മ്മവും തിരിച്ചറിഞ്ഞ്‌, ധര്‍മ്മത്തിലുറച്ചുനിന്ന്‌, അര്‍ഥം സമ്പാദിക്കാം. ആ അര്‍ഥം ഉപയോഗിച്ച്‌, കാമം(ആഗ്രഹങ്ങള്‍)നിറവേറ്റാം. ഈ സുഖഭോഗങ്ങളിലൊന്നും ഒരു കാര്യവുമില്ല എന്നു തോന്നുമ്പോള്‍ ആത്മാന്വേഷണത്തിനു മുതിരാം. അപ്പോഴേയ്ക്കും വയസ്സായിരിയ്ക്കും. ശരീരവും മനസ്സും ഒക്കെ ക്ഷീണിച്ചാല്‍ ഒന്നും ചെയ്യാനാവില്ല എന്നതു വേറെ കാര്യം.
ഇതു പഞ്ചചാമരത്തില്‍ പറഞ്ഞാല്‍:-)

പണം നിറച്ചുകിട്ടുകില്‍ പരാതിയില്ല, ജീവിതം
സുഖം; നിനച്ചു മണ്ടി ഞാന്‍ ധനാശ തീരുവോളവും
ധനം കനത്തു ഭാരമായ്‌, വരുന്നിതന്ത്യചിന്തയും
തരപ്പെടില്ല പോകുവാനലക്കൊഴിഞ്ഞു കാശിയില്‍!
[വൃത്തം പഞ്ചചാമരം]

വിഷാദത്തിനൊരു മരുന്ന്‌

'എന്നോടാരും ഒന്നും മിണ്ടുന്നില്ല, എനിയ്ക്കാരും ഒന്നും തരുന്നില്ല. ആരും എന്നെ സഹായിക്കുന്നില്ല. നശിച്ച ഒരു സമൂഹം! ' എന്ന്‌ ആര്‍ക്കെങ്കിലും തോന്നുന്നുവോ? ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ഇതു സമര്‍പ്പിക്കാം.

എനിയ്ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യണം എന്നു കരുതിയിരിയ്ക്കാതെ അണ്ണാറക്കണ്ണനാണെങ്കിലും തന്നാലായതു മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്തുതുടങ്ങണം. എത്ര ചെറിയകാര്യമായാലും എന്തെങ്കിലും ചെയ്തു തീര്‍ത്താല്‍ ഉണ്ടാവുന്ന ആത്മസംതൃപ്തി നമ്മെ ഊര്‍ജ്ജസ്വലരാക്കും, അലസവിഷാദഭാവം പമ്പകടക്കും.

'പഠിച്ചപാഠമുരുവിട്ടുറപ്പിയ്ക്കാന്‍' വേണ്ടി ഒരു ശ്രമം-ഇതൊന്നു ഞാന്‍ പഞ്ചചാമരത്തില്‍ പറയട്ടെ-

"മനം മടുത്തു ജീവിതം കളഞ്ഞു നീ തുലയ്ക്കൊലാ
നിരന്തരം തരപ്പെടുന്ന സേവനങ്ങള്‍ ചെയ്തിടൂ
അതാണതാണു മംഗളം തരുന്ന വിദ്യയെന്നു നാ-
മറിഞ്ഞു, സേവകിട്ടുവാന്‍ കൊതിച്ചിരിപ്പു നിര്‍ത്തണം"
[വൃത്തം: പഞ്ചചാമരം]

Friday, August 18, 2006

കംപ്യൂട്ടറും മൌസും

ഇനിയൊരു കനപ്പെട്ട ലേഖനം എഴുതണമ്ന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. തലക്കനം ഉണ്ടെങ്കിലും തലയ്ക്കകത്തു കനമുള്ളതൊന്നുമില്ല. എന്നാല്‍ പിന്നെ എഴുതാന്‍ എഴുത്താണിയും ഓലയുമെടുത്താലോ. അതെവിടെക്കിട്ടുമെന്നറിയില്ല. കടലാസും പേനയും ഈ ചുറ്റുവട്ടത്തൊന്നുമില്ല, ആകെയുള്ളത്‌, വരമൊഴിയും കീബോര്‍ഡും. അങ്ങനെയെങ്കിലങ്ങനെ, എന്തായാലും ഇന്നെഴുതണം, "നാമെന്തിനു പണിയെടുക്കണം" എന്നതിനെപ്പറ്റിയാവാം. ഗുരുകുലത്തിലൊന്നെത്തിനോക്കീട്ടാവാം വിശദമായ എഴുത്ത്‌. ഇതെന്തായീക്കാണുന്നത്‌? വാര്‍ത്തകള്‍ വായിക്കാറുള്ള, "തണ്ടുതുരപ്പാ,ചാഴീ, മുഞ്ഞേ,...ഓടിക്കോ.." എന്നു വിളിച്ചുകൂവി ഞങ്ങളെയുണര്‍ത്താറുള്ള, ഇടയ്ക്കിടയ്ക്കു ചലച്ചിത്രഗാനങ്ങള്‍ പാടാറുള്ള പല്ലി! ഇവനെ ഞാന്‍ മറന്നേ പോയിരുന്നു. റേഡിയോ ഇന്നും സമയനിഷ്ഠയോടെ ഉദയചിന്തയും പ്രഭാതഗീതവും ഒക്കെ പാടാറുണ്ടെങ്കിലും ഇപ്പോള്‍ പല്ലികള്‍ അവിടുന്നു താമസം മാറി.
ഞാന്‍ കനപ്പെട്ട ലേഖനത്തിലേയ്ക്കുകടക്കുന്നു..
കംപ്യൂട്ടറിനെന്താ ഒരു കുലുക്കം? ഞാന്‍ അത്രശക്തിയിലാണോ റ്റൈപ്പു ചെയ്യുന്നത്‌? ഏയ്‌, അതല്ല.എന്റെ അക്ഷരങ്ങള്‍ക്കിത്ര കനമോ? എന്റെ വാക്കുകളുടെ ശക്തിയില്‍ എനിക്കു തന്നെ അഭിമാനം തോന്നുന്നു. ഇതാ കംപ്യൂട്ടര്‍മേശപോലും ഇളകിത്തുടങ്ങിയിരിയ്ക്കുന്നു.. വെറുതെ ഞാനൊന്നു മേശയ്ക്കുപിന്നിലേയ്ക്കും അടിയിലേയ്ക്കും ഒന്നു നോക്കി, പല്ലിയെങ്ങാനും... ഇല്ല. സ്പീക്കറിന്റെ, ബ്രോഡ്ബാന്റിന്റെ, മൌസിന്റെ..എല്ലാ ആകെ വയറുകളുടെയൊരുലകം.മൌസിന്റെ വയര്‍ ഞാന്‍ വലിച്ചുവലിച്ച്‌ കെട്ടുപിണഞ്ഞുതുടങ്ങിയിട്ടുണ്ട്‌. എതായാലും ലേഖനം എഴുതട്ടെ. ഞാന്‍ റ്റൈപ്പുചെയ്യുന്തോറും കംപ്യുട്ടറിന്റെ മെമ്മറി ഉണര്‍ന്നുപ്രവര്‍ത്തിക്കുകയാണെന്നെനിക്കു തോന്നുന്നു. ദാ..കംപ്യൂട്ടറിന്റെ പിന്നില്‍നിന്നും ഒരുവയര്‍ നീണ്ടുനീണ്ടുവരുന്നു. അതു കീബോര്‍ഡില്‍ വരമൊഴിക്കൊപ്പം ഓടിക്കളിക്കുകയാണോ. എനിയ്ക്കൊന്നും റ്റൈപ്പുചെയ്യാന്‍ പറ്റുന്നില്ല. എന്നാലും ഈ സ്വാതന്ത്ര്യദിനത്തില്‍ എന്റെ എഴുതാനുള്ള സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്‌, ഇത്തിരി കടന്നകയ്യല്ലേ? അതോ കംപ്യൂട്ടറും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണോ? ഞാന്‍ കീബോര്‍ഡില്‍ നിന്നും വിരലുകളെടുത്തു. എന്റമ്മേ...അയ്യോ ഇതു മൌസ്‌-വാല്‍ മാത്രമല്ല, വാലിന്റെ അങ്ങേയറ്റത്ത്‌, സാക്ഷാല്‍ "മൌസ്‌". യോ....കീ..മേ...അമ്മേ...

Saturday, August 05, 2006

ഉലൂകദൃഷ്ടി

സമത്വദര്‍ശീ തു ദിവാകരോഹി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേऽപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

ദിവാകരഃ = സൂര്യന്
‍സമത്വദര്‍ശീ ഹി = എല്ലാറ്റിനേയും ഒരുപോലെ നോക്കിക്കാണുന്നു (ആരോടും ഒരു പ്രത്യേകതയും കാണിക്കാറില്ല)
തു = പക്ഷേ
തഥാ = അപ്രകാരം (സൂര്യന്‍ സമദര്‍ശിയാണെന്ന്)
ന ഭാതി = തോന്നുന്നില്ല, കാണപ്പെടുന്നില്ല
ഇതി = എന്ന്‌
ഉലൂകാഃ = മൂങ്ങകള്‍, വിഡ്ഢികള്
‍വദന്തി= പറയുന്നു.
അതുപോലെയാണ്‌,
ഗുരൂണാം സമാനപാഠേऽപി=ഗുരുക്കന്മാര്‍ ഒരേപോലെ പഠിപ്പിച്ചാലും
മീലിതലോചനാനാം= കണ്ണടച്ചിരിയ്ക്കുന്നവര്‍ക്ക്‌
വിഭേദതാ= ഭേദബുദ്ധി(പക്ഷപാതം)തോന്നുന്നത്‌

പകല്‍ സൂര്യന്‍ പ്രകാശം എല്ലായിടത്തും പരത്തിക്കൊണ്ടു നില്‍ക്കുന്നു. എന്നാല്‍ കണ്ണടച്ചിരുന്നുകൊണ്ട്‌ മൂങ്ങകള്‍ സൂര്യനെ നിഷേധിക്കുന്നു. ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ ശിഷ്യര്‍ക്കെല്ലാം ഒരേപോലെ വിദ്യ പകര്‍ന്നു നല്‍കുമ്പോള്‍, കണ്ണുതുറക്കാത്ത വിഡ്ഢികള്‍ക്കാണ്‌, ഗുരു ചിലര്‍ക്ക്‌ അധികം പറഞ്ഞുകൊടുത്തു എന്നു തോന്നുന്നത്‌. ശ്രേഷ്ഠന്മാര്‍ പകര്‍ന്നു തരുന്നത്‌ ഉള്‍ക്കൊള്ളാന്‍ നാം സ്വയം പാകപ്പെടേണ്ടിയിരിയ്ക്കുന്നു.

Friday, July 28, 2006

കുബ്ജാമാധവം!

തമംഗരാഗം ദദതീം ച കുബ്ജാ-
മനംഗബാണാ രുരുധുഃ കഥം താം
കിമംഗ!രാഗം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം!!

തം അംഗരാഗം = ആ അംഗരാഗം എന്ന കുറിക്കൂട്ട്‌
ദദതീം താം കുബ്ജാം = തരുന്ന ആ കുബ്ജയെ (കൂനിയെ)
അനംഗബാണാഃ = കാമദേവന്റെ അമ്പുകള്‍
രുരുധുഃ= തടഞ്ഞു
കഥം= എങ്ങിനെ?
(അതുപോലെ)
അംഗ= സുന്ദര,
ഭവതേ= അങ്ങേയ്ക്ക്‌
രാഗം ദദാമി=ഞാന്‍ അനുരാഗം സമര്‍പ്പിയ്ക്കുന്നു
മയി= ആ എന്നില്‍
‍ത്വം=നീ
വിരാഗവര്‍ഷം കിം നിക്ഷിപേഃ =വൈരാഗ്യം വര്‍ഷിയ്ക്കുന്നുവല്ലോ.



(എന്റെ ആദ്യത്തെ സംസ്കൃതശ്ലോകമാണിത്‌)

Tuesday, July 25, 2006

നാക്കിനോടൊരു വാക്ക്‌

ഉണ്ണാനുമുരിയാടാനും
തുനിയേ, ശേഷിയോര്‍ക്കുക
വാക്കേറ്റമാര്‍ത്തിയും നാക്കേ
കേടാണുടലിനെപ്പൊഴും"

സംസ്കൃതം
ജിഹ്വേ! പ്രമാണം ജാനീഹി
ഭാഷണേ ഭോജനേऽപി ച
അത്യുക്തിരതിഭുക്തിശ്ച
സദ്യഃ പ്രാണാപഹാരിണീ"

കാശീനാഥശര്‍മ്മയുടെ 'സുഭാഷിതരത്നഭണ്ഡാര'ത്തില്‍ നിന്നും എടുത്ത ഈ ശ്ലോകത്തെ ഒന്നു പരിഭാഷപ്പെടുത്തിനോക്കിയതാണ്‌.

Saturday, July 22, 2006

നിരക്ഷരവീക്ഷണം!

അക്ഷരമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ടെന്നോ? ഇല്ലെന്നോ?
ഒന്നും കേട്ടില്ല.

ഓഹോ! നീയൊറ്റയ്ക്കല്ലല്ലോ
പിന്നാലെ വരുന്നതാരൊക്കെ
നിരനിരയായി?
അവരും അക്ഷരങ്ങളാണല്ലോ

അക്ഷരസംഘമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ട്‌, ഉണ്ട്‌, ഉണ്ട്‌.

ആരു തന്നൂ നിനക്കര്‍ഥം?
ഈ അക്ഷരം? ആ അക്ഷരം? ഏതക്ഷരം?

Thursday, July 20, 2006

കിളിപ്പാട്ട്‌

സംഗീതമേ ജീവിതമെന്നു ചിന്തി-
ച്ചറിഞ്ഞതില്ലൈഹികവിദ്യകള്‍ ഞാന്‍
കൂടൊന്നുകൂട്ടാനറിയാതെ പാരം
വശം കെടുന്നൂ കുയിലോതിടുന്നൂ.


പാട്ടൊന്നു പാടൂ കുയിലമ്മയല്ലേ
കേട്ടിട്ടെനിയ്ക്കും മതിവന്നതില്ലാ
കൂട്ടില്‍ത്തരാം ഞാനിട,മെന്നു ചൊല്ലി
മുട്ടയ്ക്കു ചൂടേകിയിരുന്നകാക്ക!

ഗൃഹലക്ഷ്മിയ്ക്കു മംഗളം!

'ഇത്ര ധന്യത തികഞ്ഞൊരാത്മസഖി' യെന്നു കാന്തയെ നിനയ്ക്കഹോ
'സ്നേഹസാന്ത്വനവിലാസഹാസപരികര്‍മ്മകൌശലവുമുറ്റവള്‍'
പാരിലേവമിനി പൂരുഷര്‍കരുതിയെന്നുവന്നിടുമതെങ്കിലോ
നാരിവര്‍ഗ്ഗസമഭാവനം ഭവനമംഗലേ ഭവതു മംഗളം!

Thursday, July 13, 2006

പിണക്കം!

ങാ ഹാ! നീയാരാ എന്നെ തടിച്ചീന്നു വിളിച്ചാക്ഷേപിയ്ക്കാന്‍? ഞാനാ സുന്ദരി, തക്കാളി വെണ്ടയ്ക്കയോടു പിണങ്ങി:-(



വാല്‍ക്കഷ്ണം:

ചോദ്യം 1 : പറയാമോ ആരാ തക്കാളി, ആരാ വെണ്ടയ്ക്ക എന്ന്‌?
ചോദ്യം 2: കൂട്ടരേ, ഇതൊരു കഥയാണോ? ആണെങ്കില്‍ ഒറ്റവാക്കിലും കഥയെഴുതാമോ?

Monday, July 10, 2006

അമ്പിളിമ്മാമന്‍

വെയ്ക്കാ,നന്തിവിളക്കുമായ്‌ വരുവതിങ്ങാരാണു ചെമ്പട്ടുടു-
ത്താക്കയ്യില്‍ തെളിയും ചിരാതു,മിതുപോല്‍ കാണുന്നു മാനത്തതാ
നാമം ചൊല്ലിയിരിപ്പു ചുറ്റുമരുമത്താരാഗണങ്ങള്‍, നറും-
തേനൂറും കഥ ചൊല്ലുമോ നിശയിലായെന്നമ്പിളിമ്മാമനും?

Sunday, July 02, 2006

ആത്മമിത്രം

ഓര്‍ക്കുന്നു പണ്ടു ഞാനീഭൂമി തന്‍മാറി-
ലാകാശകൌതുകം കണ്ടു കിടക്കവേ
അമ്മതന്നങ്കത്തില്‍ കൈകാല്‍ കുടഞ്ഞുകൊ-
ണ്ടച്ഛനെ നോക്കിക്കിടക്കുന്നളവിലും
നീയുമുണ്ടായിരുന്നെന്നൊടൊപ്പം തോഴ!
നിന്‍പേരെനിയ്ക്കറിയില്ല കഷ്ടം!
ഞാനുണരുമ്പോള്‍ കണികാണുവാനായി
പുഞ്ചിരി തൂകി നീ നിന്നിരുന്നൂ,
നമ്മളെ നോക്കിച്ചിരിയ്ക്കുന്ന പൂക്കളെ,
കൂടെക്കളിയ്ക്കാന്‍ വിളിയ്ക്കുന്ന പൂച്ചയെ,
കൊണ്ടു നടന്നെന്നെ നന്‍മകള്‍ കാണിച്ച-
തെന്നുമേ നീയായിരുന്നുവല്ലോ
പിച്ചയും വെച്ചു നടക്കാന്‍ പഠിയ്ക്കവേ
വീണില്ലൊരിക്കലും നിന്റെ താങ്ങാല്‍
‍പേരു ഞാന്‍ ചൊല്ലി വിളിച്ചില്ലയെങ്കിലും
നീയുമെന്നൊപ്പമുണ്ടായിരുന്നൂ
ആടിയും പാടിയുമാര്‍ത്തുല്ലസിച്ചുമാ-
ക്കാലം പറന്നുപോയെന്നില്‍ നിന്നും
പുസ്തകസ്സഞ്ചിയും തോളിലേറ്റീ, പിന്നെ
ജീവിതം മത്സരം മാത്രമായീ..

ജീവിതത്തിന്റെ നൂല്‍ക്കോണി കയറവേ
മറ്റൊന്നുമോര്‍ത്തില്ല വീഴാതിരിയ്ക്കുവാന്‍
‍മാനവും മുട്ടിവളര്‍ന്നോരഹന്തയില്‍
‍മേലുകീഴും ഞാന്‍ മറന്നിരുന്നൂ
ഉത്തരത്തില്‍ തല മുട്ടിയോ? കാല്‍ കരി-
ങ്കല്ലിലുടക്കിയോ? വീണു ഞാന്‍ മണ്ണിതില്‍
‍താഴെയീ ഭൂമിയില്‍ വാനിനെ നോക്കി ഹാ
‍കൈകാലുളുക്കി മലര്‍ന്നു കിടക്കവേ
ഓര്‍ക്കുന്നു പണ്ടു ഞാനീഭൂമിതന്‍ മാറി-
ലാകാശകൌതുകം കണ്ടു കിടക്കവേ
അമ്മതന്നങ്കത്തില്‍ കൈകാല്‍ കുടഞ്ഞുകൊ-
ണ്ടച്ഛനെ നോക്കിക്കിടക്കുന്നളവിലും
നീയുമുണ്ടായിരുന്നെന്നൊടൊപ്പം
തോഴനിന്‍പേരെനിയ്ക്കറിയില്ല! കഷ്ടം!

Tuesday, June 27, 2006

ഭാഷാതീതം (ഒരു ടുപ്‌-കഥ)

ട്രാഫിക്‌ കുരുക്കിനോടു മല്ലടിക്കാനോരോ നിയമങ്ങളേ! 8 മുതൽ 10വരെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കരുതത്രേ. പുതിയ നിയമത്തിന്റെ ശരിതെറ്റുകളെക്കുറിച്ചു ചിന്താധീനയായി അവൾ. കണ്ടക്ടർ മുൻപിൽ വന്നു നിന്നപ്പോഴാണ്‌ താൻ ബസ്സിലാണല്ലോ എന്നു ക്ലിക്കായത്‌. ബാക്കി നാലു രൂപാ തരാനുണ്ട്‌. നേരത്തേ വാങ്ങിയ ടിക്കറ്റും ഒരു രൂപാത്തുട്ടും സംവാഹകന്റെ മുമ്പിലേക്കു നീട്ടി. അയാളുടെ കണ്ണുകൾ ചുവന്നു, ചുവപ്പു സിഗ്നൽ കണ്ട ഡ്രൈവറുടേതുപോലെ.

"ഏൻ ബേക്കമ്മാ? ടിക്കറ്റ്‌ ബേക്കാ? ചുട്ടാ ബേക്കാ? മാത്താഡുബേക്കു...ഹേളമ്മാ...."

ഹേളമ്മയല്ല, അവൾക്കു ഹാലാണിളകിയത്‌. എങ്കിലും ഒന്നും പുറത്തു കാണിച്ചില്ല. ഹാലിളക്കി അതിൽ പഞ്ചാര യിടുന്നവരാണീ 'പ-ഹ'യന്മാർ.

"വക്കാരിമഷ്ടാ, വക്കാരിമഷ്ടാ" ചിരിക്കാൻ ശ്രമിച്ചുകൊണ്ടവൾ.
പാവം പരന്ത്രീസറിയാത്ത സംവാഹകൻ!

Monday, June 26, 2006

നന്ദി

ഈ പേജ്‌ വായിച്ച്‌ നിർദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി.

മിന്നാമിനുങ്ങിനോട്‌

വെളിച്ചമില്ലാത്തിടമില്ല പാരിൽ
വളർന്നു ശാസ്ത്രം ഗഗനത്തിലെത്തി
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കണ്ണിൽപ്പിടിയ്ക്കില്ല,കമാണിരുട്ടിൽ!

അണയ്ക്കുവാനായനിലൻ,നനയ്ക്കാ
നണഞ്ഞുവെന്നോ തിരി വർഷമൊപ്പം
അണച്ചു നെഞ്ചോടു, പറന്നിടുമ്പോൾ
അണയ്ക്കുമോ നീ പരവേശനായാൽ?

മുനിഞ്ഞു കത്തുന്ന വിളക്കുമായി
ഖദ്യോതമേ നീയലയുന്നതെന്തേ?
ഇരുട്ടറശ്രീലകമൊന്നെനിയ്ക്കു
ണ്ടകത്തു വന്നിത്തിരി വെട്ടമേകൂ!

തിരഞ്ഞുവെന്നാൽ സഹചാരിയാകും
കാർവണ്ടിനെക്കാണുകിൽ ഭാഗ്യമല്ലേ
പങ്കം നിറഞ്ഞു,ണ്ടൊരു പങ്കജത്തിൽ
കാർവർണ്ണനുണ്ടാം കണികാട്ടണം നീ!

Sunday, June 25, 2006

സുന്ദരി

നിങ്ങൾക്കെന്നെ അറിയില്ലല്ലോ?എന്റെ പേര്‌ ഗൌരി. നല്ല കറുത്തനിറം. രണ്ടുനേരം പുഴയിൽപ്പോയി കുളിയ്ക്കും, അതാണൊരു ഹോബി എന്നു വേണമെങ്കിൽ പറയാം. എങ്കിലും ആരും എന്നെ "കാക്ക കുളിച്ചാൽ കൊക്കാകില്ല" എന്നൊന്നും പരിഹസിയ്ക്കാറേയില്ല. എന്റെ കറുപ്പിന്‌ അത്രയ്ക്കുണ്ടേ ചന്തം. കറുപ്പിനു എട്ടഴകുണ്ടെന്നു എനിയ്ക്കും തോന്നുന്നു.

ഞാൻ വഴിയിൽക്കൂടെ നടന്നുവരുമ്പോൾ വഴിയോരത്തുള്ളവരുടെ കണ്ണുകളെല്ലാം എന്നെത്തന്നെ നോക്കിയിരിയ്ക്കുന്നതും ഞാനറിയാറുണ്ട്‌. തടിച്ച പ്രകൃതമായതുകൊണ്ടു ഞാനിത്തിരി പതുക്കെയേ നടക്കാറുള്ളൂ എന്നതു നേര്‌. എന്റെ നടത്തം കഴിഞ്ഞേയുള്ളൂത്രേ ഫാഷൻ ചാനലിലെ പൂച്ചനടത്തം പോലും എന്നാളുകൾ പറയുന്നു.അത്രയ്ക്കു സുന്ദരിയാണോ ഞാൻ?

ഇനി ഞാനൊരു രഹസ്യം പറയട്ടെ? എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കിത്തരാൻ വേണ്ടി ഒരു ദിവസം തമ്പുരാൻ ഒരു നിലക്കണ്ണാടി മുൻപിൽ കൊണ്ടുവന്നു വെച്ചു. എന്റെ തടിച്ച ശരീരം മുഴുവൻ ആ കണ്ണാടിയ്ക്കുള്ളിൽ കൊള്ളുമായിരുന്നില്ല. ദൃഷ്ടിദോഷം ഇല്ലെങ്കിലും നേരേ മുൻപിലുള്ളതു കാണുന്നതിനേക്കാൾ എന്റെ കണ്ണുകൾക്കെളുപ്പം രണ്ടു വശത്തുമുള്ളതു കാണാനാണ്‌. കണ്ണാടി എനിക്കു പറ്റിയ സാധനമല്ല. ഉറപ്പായി.

എങ്കിലും എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കണമെന്നുണ്ട്‌. എന്താണൊരു പോംവഴി? ഞാനെങ്ങിനെ? ആരാ ഈ ഞാൻ??? ഒരെത്തും പിടീം ഇല്ല്യല്ലോ. ഗൌരി-പടിഞ്ഞാറേ കോവിലകം വക-അത്രമാത്രേ എനിയ്ക്കറിയൂ എന്നെ പറ്റി. കുട്ട്യോൾക്കൊക്കെ എന്റെ വാലിലെ ഒരു രോമം മതീത്രേ പേടി മാറാൻ.

വികൃതി

വാശിയ്ക്കു വംശീരവമൊന്നുതിർക്കാൻ
വെറും മുളന്തണ്ടു തുളച്ചുനോക്കും
പാലും നറും വെണ്ണയുമുള്ള കുംഭം
കുത്തിത്തുളയ്ക്കുന്നതിവന്റെ ശീലം!

(ഇഷ്ടമുള്ളതെന്തോ കിട്ടാനാണ്‌ ഇങ്ങനെ തുളച്ചുകൊണ്ടിരിക്കുന്നതെന്നോ)

smile...please

ചിരിയ്ക്കണം നാമകമേ തെളിഞ്ഞു
കരഞ്ഞു കാലം കളയാവതല്ല
തിരിഞ്ഞു നോക്കേണമകത്തളത്തിൽ
തെളിഞ്ഞു കത്തും തിരിയൊന്നു കാണാം!

നാന്ദി - വാക്ക്‌

പ്രവാളപ്രഭാ മഞ്ജു ഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാൿ
ഭവേത്‌ സർവദാ നിത്യകാമപ്രദാത്രീ