Sunday, March 23, 2008

ഭാഷയിലെ തെറ്റും ശരിയും

കുറച്ചുദിവസം മുന്‍‌പ് ‘ദിനപ്പത്ര’മോ ‘ദിനപത്രമോ’ ശരി എന്നതിനെപ്പറ്റി ചര്‍ച്ച നടന്നിരുന്നു. അവിടെ ഞാന്‍ രേഖപ്പെടുത്തിയ അഭിപ്രായം വാഗ്‌ജ്യോതിയില്‍ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട്, ഒരു ലേഖനമൊന്നും ആക്കാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടി ഇവിടെ ഒരു പോസ്റ്റ് ആയി വെയ്ക്കുന്നു.

ചന്ദ്രകലയും ദിനപത്രവും ശരിയാണു്, സംസ്കൃതനിയമം അങ്ങനെയായതുകൊണ്ടു്.
ചന്ദ്രക്കലയും ദിനപ്പത്രവും മലയാളത്തില്‍ ശരിയാണു്, അങ്ങനെ ധാരാളമായി പ്രയോഗം നിലവിലുള്ളതുകൊണ്ടു്-
ഇങ്ങനെപറയാനാണെനിയ്ക്കിഷ്ടം. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തോന്നുന്നില്ല.
‘ദിനം‘ എന്നതും ‘പത്രം‘ എന്നതും മലയാളം സ്വാംശീകരിച്ചപദങ്ങളാണല്ലോ, അതുകൊണ്ടു്,തനിമലയാള‘പ്പ’ദങ്ങളേപ്പോലെ, ദിനപ്പത്രം എന്നു സന്ധിചേരട്ടെ, എന്നു നിയമപരിഷ്കാരം വരുത്തണോ? എന്നു ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു പ്രധാന ചോദ്യമായിരുന്നു. നിയമപരിഷ്കാരം വേണ്ട എന്നാണെനിയ്ക്കു തോന്നുന്നത്.
നിയമം ഇളവുചെയ്താല്‍,
വീരപ്പുരുഷന്‍, ദീര്‍ഘക്കായന്‍, ദീര്‍ഘബ്ബാഹു താരസ്സുന്ദരി, വീരഗ്ഗജം പരമപ്പാവനം ഗഹനക്കാനനം ഉന്നതത്തലം ഗഗനത്തലം ഹരിതപ്പത്രം ജീര്‍ണ്ണപ്പത്രം ബാലക്കൃഷ്ണന്‍, ദ്രുതക്കവിത, സുന്ദരഗ്ഗാനം, ചിത്രക്കല, ലവണജ്ജലം, ജലജ്ജീവി, കാലബ്ബോധം, സാമാന്യബ്ബുദ്ധി, സാധാരണപ്പക്ഷം, പ്രതിപ്പക്ഷം, ന്യൂനപ്പക്ഷം, ഭൂരിപ്പക്ഷം…..…..……ഇവരെല്ലാം കൂടി ഒരുമിച്ചാക്രമിച്ചാലോ? ആലോചിച്ചിട്ടു പേടിയാകുന്നു.

ഭാഷാ അദ്ധ്യാപകരും ഭാഷയെ ഒരു വിഷയമായി കൊണ്ടുനടക്കുന്ന എഴുത്തുകാരും ഭാഷാനിയമങ്ങള്‍ കഴിയുന്നതും ശ്രദ്ധിച്ചുപാലിയ്ക്കണം എന്നാണു് എനിയ്ക്കു പറയാനുള്ളത്. പക്ഷേ ഈ വകുപ്പില്‍ പെടാത്തവര്‍ക്കും ഭാഷ ഉപയോഗിക്കണമല്ലോ. ഭാഷകൊണ്ടു ആശയവിനിമയം നടക്കണം എന്ന ‘പരിമിതമായ’ ലക്ഷ്‌യം സാധിക്കുന്നുവെങ്കില്‍ ഏതുപ്രയോഗവും ശരിതന്നെ.പ്രാദേശികഭേദങ്ങളും വ്യക്തിഗത ഭേദങ്ങളും ആ ഒരു തലത്തില്‍നിന്നുനോക്കിയാല്‍ തികച്ചും ശരിയാണ്.
“ജ്ജ് ന്റെ ബുക്ക് കണ്ടിന്യോ?” , “ണ്ണി വ്‌ടെ വരി, നിയ്ക്കൊരൂട്ടം പറയാണ്ട്‌….“ഇതൊക്കെ ശരിതന്നെ…
എന്നാല്‍ പൊതുജനത്തോടു ആശയവിനിമയം ചെയ്യാന്‍ ഈ ഭാഷ അംഗീകൃതരൂപമായി കല്‍പ്പിക്കാറില്ല. ആ ഭാഷാരൂപങ്ങളൊന്നും തെറ്റായതുകൊണ്ടല്ല. അവ ഒരു ‘ചെറിയ വട്ടത്തിനുള്ളിലെ ശരി‘ ആണെന്നതുകൊണ്ടാണ്, ‘പൊതുഅംഗീകാരം’ കിട്ടാത്തത്.
ഭാഷാ അദ്ധ്യാപകരും എഴുത്തുകാരും ഭാഷയെ ‘ഗൌരവമായി’ സമീപിയ്ക്കണം. വ്യാകരണനിയമങ്ങളില്‍ ഇളവുവരുത്താം എന്നു ഭാഷാപണ്ഡിതര്‍ തന്നെ തീരുമാനിച്ചാല്‍, മേല്‍പ്പറഞ്ഞ പദക്കൂട്ടങ്ങള്‍ മുഴച്ചിരിയ്ക്കും.

ദിനപ്പത്രവും ചന്ദ്രക്കലയും ധാരാളമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതുകൊണ്ട്‌ അവ മലയാളഭാഷയില്‍ ശരിയായ പ്രയോഗമാണു്. ഈ പദങ്ങളെപ്പോലെ (മലയാളപദം/മലയാളപ്പദം?) മറ്റുപദങ്ങള്‍ ജനസമൂഹത്തില്‍ പ്രചുരപ്രചാരം നേടുന്നമുറയ്ക്ക്, കാലം കുറച്ചുകൂടിക്കഴിഞ്ഞാല്‍ അവയെ ഓരോന്നിനെയായി, ‘ശരിയാക്കാം’.അതാവും നല്ലത്.ഭാഷാപണ്ഡിതര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും എടുക്കുന്ന തീരുമാനങ്ങളും ഭാഷയില്‍ ‘അവ്യവസ്ഥ- അരാജകത്വം’ഉണ്ടാക്കാന്‍ കാരണമാവരുത്‌.

Tuesday, March 11, 2008

“മനമിളകാ ചപലോക്തി കേള്‍ക്കിലും കേള്‍“

കുഞ്ചന്‍‌നമ്പ്യാര്‍ തന്റ്റെ കുട്ടിക്കാലത്തു് എഴുതിയ കൃതിയാണു ശ്രീകൃഷ്ണചരിതം മണിപ്രവാളമെന്നു കേട്ടിട്ടുണ്ടു്. വരികളില്‍ അക്ഷരമൊപ്പിയ്ക്കാന്‍ വേണ്ടി എവിടേയും തിരുകിക്കയറ്റാവുന്ന വാക്കുകള്‍ ഈ കൃതിയില്‍ ധാരാളമുള്ളതുകൊണ്ടാവാം, പല സാഹിത്യവിമര്‍ശകരും ഒരു കാവ്യം എന്ന നിലയ്ക്ക് ഈ കൃതിയെ എണ്ണുന്നില്ല. എന്നാല്‍ ആ ഒരു ന്യൂനത ഉണ്ടെന്നുവെച്ച് ഇത്രയും മഹത്തായ ഒരു കൃതി പഠിയ്ക്കപ്പെടാതെ പോകരുതെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതീവസാധാരണമായ ഒഴുക്കും ലാളിത്യവും കൊണ്ടു് അതിന്റെ മാഹാത്മ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെപോകുന്നതാണു്. പണ്ടുകാലത്ത്, ഇതിലെ പലസര്‍ഗ്ഗങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പദസമ്പത്തു്, ഉച്ചാരണശുദ്ധി, ജീവിതമൂല്യങ്ങള്‍ എന്നിവ പകര്‍ന്നുനല്‍കി മലയാളിയുടെ ഹൃദയത്തെ പോഷിപ്പിയ്ക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ചിട്ടുണ്ടു് ഈ കൃതിയെന്നും ഒരു മഹാകാവ്യം എന്ന നിലയില്‍ നോക്കിക്കാണേണ്ട കൃതിയാണിതെന്നും കെ. പി. നാരായണപ്പിഷാരടി അഭിപ്രായപ്പെട്ടിട്ടുണ്ടു്.

ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ലോകോക്തികള്‍ പെറുക്കിയെടുത്ത് ഇവിടെ വെയ്ക്കട്ടേ.

1. മലകളിളകിലും മഹാജനാനാം

മനമിളകാ, ചപലോക്തി കേള്‍ക്കിലും കേള്‍!

2. ശിവ ശിവ! ദുര്‍ജ്ജനഭാരമേവ ഭാരം

3. അസുവിനു സമയായ ധാത്രിതന്റെ

വ്യസനമഹോ ഭഗവാന്‍ സഹിയ്ക്കുമോ താന്‍?

4. അരുതരുതു വധൂവധം മഹാത്മന്‍

ദുരിതമകപ്പെടുമിപ്രകാരമായാല്‍

5. യുവതികളെവധിയ്ക്ക യോഗ്യമോ താ-

നവരതിദുഷ്ടകളെങ്കിലും നരേന്ദ്ര?

6.ജനനമരണമെന്നതിജ്ജനാനാ-

മനുഭവമെന്നതിനെന്തെടോ വിവാദം?

മരണദിവസവും ശിരസ്സിലാക്കി-

ദ്ധരണിതലം പ്രവിശന്തി മാനുഷന്മാര്‍

7.മരണമൊരുവനും വരാത്തതല്ലെ-

ന്നറിക ഭവാന്‍, അറിവുള്ള ചാരുബുദ്ധേ

8. സുലഭമഹോ ഗുണികള്‍ക്കു വാഞ്ച്ഛിതാര്‍ഥം

9. ജ്ഞാനം മനസ്സില്‍ ജനിയായ്കമൂലം

ഞാനെന്നഹംഭാവമഹോ ജനാനാം

10.കാമാദിഷഡ്കം ബഹുദുഃഖമൂലം

11.പരാക്രമം സ്ത്രീകളിലല്ലവേണ്ടൂ

12. ഒരിയ്ക്കലുണ്ടേവനുമാത്മനാശം

ജരയ്ക്കുമുന്‍പേ മരണം മനോജ്ഞം

13. ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യര്‍ക്കു ശരീരബന്ധം
കുലം ബലം പുത്രകളത്രജാലം
ഫലം വരാ, മൃത്യു വരും ദശായാം

14. തായാട്ടുകാട്ടുന്ന ശിശുക്കളെത്താന്‍

താഡിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം

15. ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ

പാരില്‍ പ്പരക്ലേശവിവേകമുള്ളൂ

16. അതിക്രമം മേ, ലിനി വേലിതന്നെ

വിതച്ച പുഞ്ചയ്ക്കു വിനാശമൂലം

17. കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ

കക്കാന്‍ മടിയ്ക്കുന്നു തരം വരുമ്പോള്‍

18. ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷരുള്ളകാലം

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?

19. മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ

പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാം

20.ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം

പരത്തുവാനാളുകളുണ്ടസംഖ്യം

21. കഷ്ടിച്ചു കൃത്യം കഴിയുന്നവന്നും

അഷ്ടിയ്ക്കുമുട്ടാതെവസിപ്പവന്നും

കെട്ടിദ്ധനം നേടിയിരിപ്പവന്നും

പെട്ടെന്നുതുല്യം ഖലു വൃത്തിദുഃഖം

22. കര്‍മ്മാനുകൂലം ഫല, മിന്നൊഴിപ്പാന്‍

നമ്മാലസാദ്ധ്യം ധരണീസുരേന്ദ്ര!

Tuesday, March 04, 2008

ഭാഷയും ആഗോളക്കവലയും

ഈ ലോകത്തു് മാറ്റമില്ലാത്തതായി ഒന്നുമില്ല. മാറ്റത്തിനെ എതിര്‍ക്കരുത്, അഥവാ മാറ്റങ്ങള്‍ക്കു പുറംതിരിഞ്ഞുനിന്നിട്ടു കാര്യമില്ല. കാലത്തിനനുസരിച്ച് എല്ലാറ്റിനും മാറ്റം വരും. ശരി.
ഇനി, ഇന്റര്‍നെറ്റ് എഴുത്തിന്റെ പശ്ചാത്തലത്തില്‍, മലയാളഭാഷയുടെ ‘പരിണാമവും പുരോഗതിയും’ എന്ന വിഷയത്തെപ്പറ്റി എന്റെ ചിതറിയ ചിന്തകള്‍-
പരിണാമം എന്നതു സ്വാഭാവികമാവണം. ചിത്രശലഭത്തിന്റെ മുട്ട, പുഴുവായി-പ്യൂപ്പയായി-ശലഭമായി, താരതമ്യേന കൂടുതല്‍ നിലനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു ജീവിയായി (ഉള്ള സങ്കേതങ്ങള്‍ കൊണ്ടു പറ്റാവുന്നത്ര വികസിച്ച ഒരു ജീവിയായി) പരിണമിക്കുന്നു. പ്രകൃതി തീരുമാനിച്ച ‘കാലം’ - ‘ഇടവേള’ - ഈ പരിണാമത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണു്. രണ്ടുദിവസം നേരത്തേ ശലഭം പുറത്തുവരട്ടേ, ഒന്നു സഹായിച്ചുകൊടുത്തേയ്ക്കാം എന്നു കരുതി, ‘പ്യൂപ്പക്കൂടു‘ പൊട്ടിച്ചുകൊടുക്കുന്നത് ബുദ്ധിപരമായ പ്രവൃത്തിയല്ല.

സ്വാഭാവിക പരിണാമം (transformation) അടിച്ചേല്‍പ്പിക്കപ്പെടുന്ന ‘മാറ്റം’ അല്ല. സ്വാഭാവികപരിതസ്ഥിതിയില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്, കൂടുതല്‍ സ്ഥിരതയോടെ നിലനില്‍ക്കാന്‍ സഹായിക്കുന്ന (balanced ആയ) ഒരു അവസ്ഥയിലേയ്ക്കാണ് എത്തുന്നതെങ്കില്‍ ആ മാറ്റം, ആ പരിണാമം പുരോഗതിയിലേയ്ക്കാണു്. കൂടുതല്‍ ശിഥിലമായ അസ്ഥിരമായ ഒരു അവസ്ഥയിലേയ്ക്കാണു മാറ്റങ്ങള്‍ നയിക്കുന്നതെങ്കില്‍, അതിനെ പുരോഗതി എന്നു വിളിയ്ക്കാനാവില്ല. എന്നാലും എല്ലാറ്റിനും ‘ക്ഷയം’, ‘നാശം’ എന്നീ അവസ്ഥകളുമുണ്ടല്ലോ. അതും പ്രകൃതിനിയമമാണ്. ഒന്നും ഒരിയ്ക്കലും നശിയ്ക്കരുത് എന്നു വിചാരിയ്ക്കുന്നതും വിഡ്ഢിത്തമാവും. എന്നാല്‍ ഒരുകാര്യം നമ്മള്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. സമൂഹത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന, പോരായ്മകളെ അതിജിവിച്ചു മുന്നേറുന്ന ഒരു സംരംഭം നമ്മളായിട്ടു നാശത്തിലേയ്ക്ക്- ശൈഥില്യത്തിലേയ്ക്ക് തള്ളിവിടരുതു്. നമുക്കു കൂടി ഉത്തരവാദിത്തമുള്ള (പ്രകൃതിയുടെ മാത്രം അധിനതയിലല്ലാത്ത) കാര്യങ്ങളില്‍, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവരുതു്.

ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാവണം. ഭാഷകൊണ്ടു ഏറ്റവും നന്നായി ആശയവിനിമയം നടക്കുന്നത്, വക്താവും ശ്രോതാവും ഒരു പൊതുവായ , അഥവാ സമാനമായ പശ്ചാത്തലം പങ്കിടുമ്പോഴാണു്.

ഉദാഹരണം പറയാം. ഒരുവയസ്സു പ്രായമായ കുട്ടി സ്വന്തം വീട്ടിനുള്ളില്‍ അഥവാ സ്വന്തം അമ്മയോട്‌ (കൂടുതലത്സ്അമയം അടുത്തുണ്ടാവുന്ന വ്യക്തിയോടു്) ആശയവിനിമയം നടത്തുന്നുണ്ടു്. അവിടെ വ്യാകരണംവേണ്ട, വാക്യങ്ങളോ വാക്കുകളോ വേണ്ട, ചുരുക്കം ചില അക്ഷരങ്ങള്‍ - അതുതന്നെ ധാരാളം. ആ ‘ഠ‘ വട്ടത്തിനുള്ളില്‍ ആശയവിനിമയത്തിനു ‘നിയമാവലികള്‍’ ഉള്ള ഭാഷ അത്യാവശ്യമില്ല. എന്നാല്‍ മറ്റൊരു ചുറ്റുപാടില്‍, മറ്റു ശ്രോതാക്കളോട് ‌അതേ അക്ഷരങ്ങളും ആംഗ്യങ്ങളും കൊണ്ട് ആ കുട്ടിയ്ക്കു ആശയം വിനിമയം ചെയ്യാന്‍ സാധ്യമല്ല. തന്നെ മനസ്സിലാക്കുന്നവരുടെ ഇടയില്‍ ആശയവിനിമയം ചെയ്യാന്‍ അധികം ഔപചാരികതകളും നിയന്ത്രണങ്ങളും ആവശ്യമില്ല. തെറ്റിദ്ധരിയ്ക്കപ്പെടാനുള്ള സാഹചര്യം അവിടെ കുറവായതുകൊണ്ടാണതുസാദ്ധ്യമാവുന്നതു്. എന്തുകൊണ്ടാണങ്ങിനെ എന്നുചിന്തിച്ചിട്ടുണ്ടോ? ഒരേ മാനസിക പശ്ചാത്തലം പങ്കിടുന്ന ഘട്ടത്തില്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥം തന്നെ കേള്‍ക്കുന്നവളും(നും) മനസ്സിലാക്കും. ഉദ്ദേശിയ്ക്കുന്ന അര്‍ഥത്തിന്റ്റെ വിപരീതം പറഞ്ഞാല്‍പ്പോലും ഉദ്ദേശിച്ച അര്‍ഥം തന്നെ മനസ്സിലായിക്കോളും. ഈ ‘പൊതുവായ പശ്ചാത്തലം പങ്കിടാത്ത അവസ്ഥയില്‍’ ഭാഷകൊണ്ടു കൂടുതല്‍ കാര്യക്ഷമമായി (എഫിഷ്യന്റ് ആയി), ഫലവത്തായി (ഇഫക്റ്റീവ് ആയി), ആശയവിനിമയം സാദ്ധ്യമാക്കാന്‍‌വേണ്ടിയാണു് ഭാഷാപ്രയോഗത്തില്‍ നിയന്ത്രണങ്ങളും നിയമങ്ങളും ഒക്കെ ഉണ്ടായതു്.

ഭാഷ ഓരോചെറിയ സമൂഹത്തിലും കാലക്രമേണ- വേണ്ടത്ര സമയമെടുത്ത്, (നിയമസഭ നിയമം പാസാക്കാതെതന്നെ) രൂപപ്പെട്ടുവന്നതാണു്. ഈ സാഹചര്യങ്ങളില്‍ നിന്നെല്ലാം അടര്‍ത്തിമാറ്റി, ഭാഷയെ ‘ആഗോളക്കവല‘യില്‍ നിര്‍ത്തി അന്യഭാഷകളുടെ കടന്നുപിടുത്തത്തിനു വിട്ടുകൊടുക്കരുത്. ഒന്നുകില്‍ ചെറിയ ഒരുസമൂഹത്തിന്റെ ഭാഷയെ (പൂന്തേന്മൊഴിയായ മലയാളത്തെ) ആഗോളക്കവലയില്‍ നിര്‍ത്തരുത്. അല്ലെങ്കില്‍ എല്ലാത്തിനും വഴങ്ങിക്കൊടുക്കേണ്ട-നട്ടെല്ലില്ലാത്ത അവസ്ഥ ഭാഷയ്ക്കുണ്ടാവരുത്. സ്വയം ചില ഉറച്ച നിലപാടുകളും വ്യവസ്ഥകളും ഭാഷയില്‍ ഉണ്ടാവണം. ഉണ്ടാവണമെന്നു ഞാന്‍ പറയുമ്പോള്‍ ഇല്ലാത്ത ഒന്നിനെഉണ്ടാക്കണം എന്ന അര്‍ഥത്തിലല്ല പറയുന്നത്. ഭാഷയ്ക്ക്, ആശയവിനിമയോപാധി എന്ന അവസ്ഥയില്‍, വ്യവസ്ഥകളുണ്ട്, നിയമങ്ങളുണ്ട്. അവ നിലനില്‍ക്കേണ്ടതു അത്യാവശ്യമാണു് എന്ന അര്‍ഥത്തിലാണു്. നിലവിലുള്ള അഥവാ കൂടുതല്‍ കാലം നിലനിന്നുവന്നതായ വ്യവസ്ഥകളെ ‘മാറ്റത്തിനുവേണ്ടി മാറ്റാന്‍ ശ്രമിയ്ക്കരുതു്. ആ നിയമങ്ങളും വ്യവസ്ഥകളും ഉറച്ച നിലപാടുകളും, സ്വന്തം നിലനില്‍പ്പുതന്നെ അപകടത്തിലാവുന്ന അവസ്ഥയില്‍ സ്വരക്ഷയ്ക്കുതകുന്ന രക്ഷാകവചമായി വര്‍ത്തിയ്ക്കും. സംസ്കൃതത്തിനെപ്പോലെ ഉറച്ച നിലപാടുകള്‍ മലയാളത്തിനു വേണ്ടെന്നും ‘പൂന്തേന്‍‌മൊഴി’ യ്ക്കു ദൃഢതയേക്കാള്‍ ‘ലാസ്യഭാവമാണു’ വേണ്ടതെന്നും ധാരാളം മോഡേണ്‍ ലാംഗ്വേജ് ലവേര്‍സ് പറയുന്നുണ്ടു്. അതുകൊണ്ടു്, ഇന്നത്തെ കണ്ടെസ്റ്റന്‍സിന് മലയാളച്ചാനലില്‍, മലയാളപ്പരിപാടിയില്‍, വിത് കോണ്‍ഫിഡെന്‍സ്, ഫ്രീ ആയി, ഫോര്‍മാലിറ്റീസ് ഒന്നുമില്ലാതെ, മ്യൂസിക് പാടാം. (ആടുകയുമാവാം). നോ പ്രോബ്ലം. ഫന്റാസ്റ്റിക് ആയി, എക്സെലെന്റായി പാടിയാടിത്തിമര്‍ത്താല്‍ നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനാണെങ്കിലോ ഫ്ലാറ്റ്, എന്നുവെച്ചാല്‍ വെര്‍ട്ടിക്കല്‍ ഹൌസസില്‍ ഒരു ഹൌസ്, എന്താ സംഗതി മോശമാണോ?

മലയാളത്തെ പൂന്തേന്മൊഴിയെന്നു വിളിയ്ക്കുന്നവര്‍തന്നെ മലയാളഭാഷയില്‍ ഇംഗ്ലീഷിന്റെ അതിപ്രസരം വരുമ്പോഴും, അതിനെ മോശമായി കാണാത്തതെന്താണു്? അതൊക്കെ കാലം വരുത്തുന്ന മാറ്റമാണത്രേ. എന്നാല്‍ "Let us cheththikkaLayuka (or cheththiminukkuka) our feet to wear the ultra modern shoes" എന്നു ഒരു ഇംഗ്ലീഷ് വാചകം പറയാന്‍ മേല്‍പ്പറഞ്ഞ ലാംഗുവേജ് ലവേര്‍സ് സമ്മതിയ്ക്കുമോ? ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലെ പുതിയവാക്കുകളായി കരുതാമെന്നാണു് ചിലരുടെ പക്ഷം. അതുമാത്രമല്ല, ഇംഗ്ലീഷുപദങ്ങളേക്കൂടി ഒട്ടും മാറ്റിനിര്‍ത്താതെ സ്വീകരിച്ചാലേ മലയാളഭാഷയ്ക്കു നൂതനതയും പുരോഗമനവും ഉണ്ടാവൂ എന്നുകൂടി ചിലര്‍ ചിന്തിയ്ക്കുന്നു എന്നു കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. കയ്യില്‍ക്കിട്ടിയ ഭാഷയെ എന്തും ചെയ്യാന്‍ തയ്യാറായിനില്‍ക്കുന്ന കീചകന്‍‌മാരെക്കരുതിയിരിയ്ക്കാന്‍ പാവം മലയാളഭാഷയോട് ഒരു അമ്മൂമ്മയുടെ, ഒരു അമ്മയുടെ, ഒരു ചേച്ചിയുടെ വാത്സല്യം കലര്‍ന്ന ഉപദേശം പോലെ ഞാനൊരിയ്ക്കല്‍ ഒരു മുക്തകം എഴുതിയിരുന്നു. (ഞാനല്ല, അമ്മൂമ്മയും അമ്മയും. വേണമെങ്കില്‍ സംസ്കൃതഭാഷയാണ് ഉപദേശം കൊടുക്കുന്നതെന്നുകരുതിക്കോളൂ:))

പൂന്തേന്മൊഴീയെന്നു“ വിളിച്ചുചുറ്റും

ചാഞ്ചാടിയാടുന്നതു കീചകന്മാര്‍

തനിയ്ക്കുതാനേ തുണയെന്നുകണ്ടാല്‍

കരുത്തുകാട്ടേണമതാണു ബുദ്ധി“

ഇന്നത്തെക്കാലത്തു്, ഒരു പ്രത്യേകഭാഷ സംസാരിയ്ക്കുന്നവരും ഒരേ പ്രാദേശികഭാഷ (ഡയലക്റ്റ്) സംസാരിയ്ക്കുന്നവരും ലോകത്തിന്റെ പല പല കോണുകളില്‍ താമസിയ്ക്കുന്നുണ്ടു്. അതായത് ഓരോ ഭാഷയും പല പല ഭാഷകളുടേയും പശ്ചാത്തലത്തില്‍- സാന്നിധ്യത്തില്‍ ആണു് ഇന്നു നിലനില്‍ക്കുന്നത്. ഓരോ ഭാഷയും ഇന്നു കൂടുതല്‍ ‘എക്സ്പോസ്ഡ്’ ആണെന്നു പറഞ്ഞാല്‍ കൂടുതല്‍ മനസ്സിലാവും മലയാളിയ്ക്ക് :) അതു് ഒരു തരത്തില്‍ നല്ലതാണു്. എന്നാല്‍ സ്വന്തം ഒരുറച്ച വ്യക്തിത്വവും ഉറച്ചനിലപാടുകളും ഉള്ളവര്‍ക്കേ ആഗോളക്കവലയില്‍ നല്ലരീതിയില്‍ നിലനിലക്കാന്‍ സാധിയ്ക്കൂ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടുഴലാതെ, ഒരുവിധം കാര്യങ്ങളെല്ലാം സ്വന്തം നിയന്ത്രണത്തോടെ ഉള്‍ക്കൊള്ളാനും തള്ളാനുംകഴിയൂ. നിയമങ്ങളും ചിട്ടകളും തനിയ്ക്കുള്ള നിയന്ത്രണങ്ങളാണെന്നു കരുതി, എളുപ്പത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിയമങ്ങളെ ലഘൂകരിച്ചാല്‍ അവസാനം മറ്റുപലതിന്റേയും കടന്നുകയറ്റത്തില്‍ സ്വന്തം വ്യക്തിത്വം തന്നെ പണയപ്പെടുത്തേണ്ട അവസ്ഥവരും. “ഭാഷയ്ക്കു കാലക്രമേണ മാറ്റങ്ങള്‍ വന്നിട്ടുണ്ടല്ലോ, പിന്നെന്താ എനിയ്ക്കുശേഷം ഒന്നും മാറരുത് എന്നൊരു വാശി?“ എന്നു ചിലര്‍ക്കെങ്കിലും മനസ്സില്‍ തോന്നാം. അവരോടുള്ള മറുപടി ആവര്‍ത്തിയ്ക്കാം- മാറ്റം സ്വാഭാവികമാവണം. പറഞ്ഞാല്‍- കേള്‍ക്കാന്‍- പാകത്തിലുള്ള - താരതമ്യേന വ്യാസം കുറഞ്ഞ വട്ടത്തില്‍ നിന്നും ആഗോളപശ്ചാത്തലത്തില്‍ വേണമല്ലോ ഇപ്പോള്‍ ഭാഷയെ നോക്കിക്കാണാന്‍. ചുരുങ്ങിയത് ഇന്റര്‍നെറ്റ് ഭാഷയെയെങ്കിലും. ഇത്തരുണത്തില്‍ ഭാഷയിലെ നിയമാവലികള്‍ക്കു പ്രസക്തി കൂടുകയാനുചെയ്യുന്നത്, എന്നാണെന്റെ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ നല്ലതും ശക്തവും സ്ഥിരവും ആയ ഒന്നിനായിരിയ്ക്കും കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിയ്ക്കുക. അതുകൊണ്ടുതന്നെ ഉള്ള ശക്തി തിരിച്ചറിഞ്ഞ്, അതിനെ പോഷിപ്പിക്കുകയാണു് വേണ്ടത്. ഫ്ലെക്സിബിലിറ്റിയുടെ പേരില്‍ നട്ടെല്ല്‌ ആവശ്യമില്ലാതെ വളയ്ക്കേണ്ടിവരരുത്. മലയാളഭാഷ്യ്ക്കു, വൈയാകരണരോ പണ്ഡിതരോ കണ്ടെത്തി വ്യവസ്ഥപ്പെടുത്തിയ നിയമാവലികള്‍ വേണ്ടെന്നു പറയുകയും അതെല്ലാം ഭാഷയ്ക്കുള്ള വിലങ്ങുകളാണെന്നു കരുതുകയും ചെയ്യുമ്പോള്‍ ഭാഷ ഇത്രയുംകാലം കൊണ്ടു നേടിയെടുത്ത ശക്തിയേത്തന്നെയാണു വിലകുറച്ചുകാണുന്നത്. ഈ ശക്തിയുടെ അഭാവത്തില്‍ മലയാളഭാഷയെ ആഗോളക്കവലയില്‍ കൊണ്ടുനിര്‍ത്തിയാല്‍ മാറ്റങ്ങളുടെ കുത്തൊഴുക്കില്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിലയില്ലാക്കയത്തിലേക്കാവും ചെന്നുവീഴുന്നത്. അതിനെന്താ, ഉണ്ടായതെല്ലാം ഒരിയ്ക്കല്‍ നശിയ്ക്കും എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഇക്കൂട്ടര്‍ ഭാഷാസ്നേഹികള്‍ എന്ന പേരുമാറ്റണം എന്നുമാത്രം പറഞ്ഞുവെയ്ക്കാം.

*[രാജേഷ് വര്‍മയുടെ “പാഞ്ചാലിയെക്കീചകനെന്നപോലെ...” എന്ന ഒരു ശ്ലോകം ഒന്നുകണ്ണോടിച്ചുവായിച്ച്, രണ്ടാമതൊന്നാലോചിക്കാനോ, എന്തര്‍ഥത്തിലാണു കവി ഇതെഴുതിയതെന്നു ചിന്തിയ്ക്കാനോ മിനക്കെടാതെ (അപ്പോഴേയ്ക്കുംഞാന്‍ നാട്ടിലേയ്ക്കുപോകാന്‍ ഓട്ടോയില്‍ കയറിയിരുന്നു) ഒരു ചുട്ടമറുപടി കൊടുക്കണമല്ലോ എന്നു കരുതി. ഒരു അഞ്ചുമിനുട്ടുകള്‍ക്കകം മനസ്സില്‍വന്നതാണ് ഈ വരികള്‍. ഇതെഴുതിയതു ഒരു നിമിഷകവിതയായിട്ടാണെങ്കിലും അക്ഷരശ്ലോകം ഗ്രൂപ്പില്‍ അവതരിപ്പിച്ചത്, ദിവസങ്ങള്‍ക്കുശേഷമാണു് (നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ടു്). ‘വാഗ്ജ്യോതിയിലും’ ഈ ശ്ലോകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജേഷ് വര്‍മ്മയുടെ ശ്ലോകത്തില്‍ പൂന്തേന്‍‌മൊഴി ‘കവിത’ ആയിരുന്നു. എന്റെ ശ്ലോകത്തില്‍ ‘പൂന്തേന്‍‌മൊഴി’ മലയാളഭാഷയാണു്. എന്റെ പ്രസ്തുതശ്ലോകം രാജേഷിന്റെ പ്രസ്തുതശ്ലോകത്തിനോടു ചേര്‍ത്തുവായിക്കുന്നതിനേക്കാള്‍ ഈ മുകളില്‍ പറഞ്ഞ ചുറ്റുപാടില്‍ വായിയ്ക്കുന്നതാണു് എനിയ്ക്കു കൂടുതലിഷ്ടം. അതുകൊണ്ടു് ലിങ്കു കൊടുക്കുന്നില്ല. ഈ ശ്ലോകരചനയ്ക്കു കാരണക്കാരനായ രാജേഷ് വര്‍മ്മയ്ക്കു നന്ദിയും നമസ്കാരവും].