Thursday, March 29, 2007

ശ്യാമരാഗിണി

അമ്മതന്‍ കൈവിട്ടുഞാനാദ്യമായ് കുതിച്ചതു
കൌതുകം കുന്നിക്കുരു വാരുവാനായിത്തന്നെ!

അമ്പാടിക്കണ്ണന്നോടു മിണ്ടാ‍നും കളിക്കാനു-
മൊന്നുമേ വിലക്കില്ലാ നിഷ്കളം കളിക്കാലം
കണ്ണനും ഞാനും വാരീ കുന്നിതന്‍‌മണി “കണ്ണാ!
കാണ്മു നിന്‍‌ കറുപ്പു, ഞാന്‍ സിന്ദൂരച്ചോപ്പിന്നൊപ്പം“!
സുന്ദരിച്ചെമപ്പിലായ്‌ കറുപ്പിന്‍ രാശി ചേര്‍ന്ന
കുന്നിതന്‍ മണിപോലെ ഞങ്ങളുമൊന്നായ്‌തീര്‍ന്നൂ.
കാലവും കൂടീ കളിച്ചീടുവാന്‍, വൈകാതെയെന്‍-
ഭാവന രാഗാലോലം പായുവാന്‍ തുടങ്ങിയോ?

രാഗവും രജസ്സുമെന്‍ മേനിയെത്തഴുകവേ‍
മാ‍നസം കൊതിച്ചുപോയ് രഥസഞ്ചാരത്തിനും.
രാഗലോലയായ് ത്തീര്‍ന്നെന്‍ കണ്‍കളും ചുവന്നപ്പോള്‍
ലോകമാലോകം രാഗം മറ്റൊന്നും കാണാതെയായ്.


കറുപ്പിന്നുണ്ടോ ഭംഗി? പുച്ഛമായ്‌ കാണെക്കാണെ
കാണുവാന്‍ മടിച്ചു ഞാന്‍ കള്ളനീ കാര്‍വര്‍ണ്ണനും.
രാഗവും രജസ്സുമീ ‍ മനസ്സില്‍ പുളഞ്ഞപ്പോള്‍
വെറുത്തുതുടങ്ങിയെന്‍ കറുത്ത സഖാവിനെ?
കുറ്റമക്കറുപ്പിനാ,ണെന്നാലും കൂട്ടിയിട്ടൂ
വെറുപ്പായ് കറുപ്പിനെ ച്ചൂണ്ടുവാനായിത്തന്നെ.

എന്നുമെന്‍ ഹൃദന്തത്തില്‍ പുഞ്ചിരിവെട്ടം തന്ന
നാളത്തെ നോക്കാതെ ഞാനെണ്ണിയോ ‘കരിന്തിരി‘!

ഇരുട്ടുപരന്നതെന്നകമേതന്നെയാണു-
കാണുവാനെനിയ്ക്കാമോ ശ്യാമസുന്ദരാ നിന്നെ?

ചുവപ്പില്‍ പറ്റിച്ചേര്‍ന്ന കറുത്ത പൊട്ടായിട്ടീ
കുന്നിതന്‍ മണിപോലെ ശ്യാമരാഗിണിയായി
നിന്നെയും കാത്തുകാത്തു ശ്രീകോവില്‍ നടയ്ക്കലായ്
തപിച്ചു കിടക്കും ഞാന്‍‍ വാരിയൊന്നെടുക്കണേ.


കൂട്ടുകാരേ, ഇനിയും ഈ കവിത ചൊല്ലിനോക്കി മിനുക്കാനുണ്ട്. ക്ഷമ കുറവായതുകൊണ്ട്‌ ഇപ്പോള്‍ തന്നെ പോസ്റ്റു ചെയ്യുന്നു. ഇത് അന്‍പതാമത്തെ പോസ്റ്റ്, ആണ്. ഇനിയും ഈ രംഗത്തു തുടരണമെന്നുണ്ട്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച്‌ നേര്‍വഴിക്കു നടത്താന്‍ നിങ്ങളും സഹായിക്കുമല്ലോ, എന്ന പ്രതീക്ഷയില്‍ മിനുക്കാതെ തന്നെ കവിത സമര്‍പ്പിക്കുന്നു.

Sunday, March 11, 2007

പരീക്ഷിത്ത്--മുനികുമാരന്റെ ശാപം

ധര്‍മ്മപരിപാലനത്തില്‍ ദത്തശ്രദ്ധനായ പരീക്ഷിത്ത്‌ ഒരുദിവസം നായാട്ടിന്നായി കാട്ടിലേയ്ക്കുപോയി.
ക്രൂരമൃഗങ്ങളെ ഒട്ടൊന്നു നിയന്ത്രിയ്ക്കുക എന്ന നിലയില്‍ നായാട്ടും രാജധര്‍മ്മമാണ്. എങ്കിലും പലപ്പോഴും ധര്‍മ്മത്തിന്റെ പരിധിവിട്ട്, അവനവന്റെ വിനോദം എന്ന നിലയിലേയ്ക്ക്‌ നായാട്ട് അധഃപതിയ്ക്കാറുമുണ്ട്. അദ്ദേഹം നായാട്ടില്‍ മുഴുകിപ്പോകുകയാല്‍, സമയം പോകുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കാട്ടില്‍ വളരെദൂരം താണ്ടിത്താണ്ടി ഉള്‍വനങ്ങളിലെത്തുകയും ചെയ്തു.
വല്ലാത്ത വിശപ്പുതോന്നിയപ്പോഴാണ്, പരീക്ഷിത്തിന് സ്ഥലകാലബോധം വന്നത്. അത്യധികം ദാഹാര്‍ത്തനുമായിരുന്നു. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍ ഒരു ആശ്രമപരിസരത്ത്, ഒരു ഋഷി ധ്യാനനിമഗ്നനായി ഇരിയ്ക്കുന്നതു കണ്ടു. വെള്ളം കിട്ടുമല്ലോ എന്ന ആശ്വാസത്തോടെ, പരീക്ഷിത്ത്, ഋഷിയെ സമീപിച്ചു. ശമീകന്‍ എന്നായിരുന്നു ഋഷിയുടെ പേര്.

പരീക്ഷിത്ത്, ഋഷിയോട്, ദാഹജലം ആവശ്യപ്പെട്ടു. ധ്യാനമഗ്നനായ ഋഷി അതൊന്നും കേട്ടില്ല.
വിശപ്പും ദാഹവും അധികരിക്കുമ്പോള്‍, മനുഷ്യന്റെ വിവേകവും ബോധവും നശിയ്ക്കുമെന്നു പറയുന്നത്, എത്ര ശരിയാണ്!
ഒരു രാജാവായ താന്‍ തൊട്ടു മുന്‍പില്‍ വന്നു നിന്നിട്ടും ദാഹജലം ചോദിച്ചിട്ടും ഒന്നും കേള്‍ക്കാത്തപോലെ ഇരിയ്ക്കുകയാവും ആ ഋഷി എന്ന്‌ പരീക്ഷിത്തു കരുതി. വിശപ്പും ദാഹവും കൊണ്ട്‌ കണ്ണുകാണാതായ പരീക്ഷിത്ത്‌ അവിടെ മണ്ണില്‍ക്കിടന്നിരുന്ന ഒരു പാമ്പിന്റെ ശവം തന്റെ അമ്പുകൊണ്ട്, തോണ്ടിയെടുത്ത്, ഋഷിയുടെ കഴുത്തിലിട്ടു. [അതുകൊണ്ട്‌ ദാഹമോ ദേഷ്യമോ കുറഞ്ഞിരിക്കില്ല, എന്നാലും പരീക്ഷിത്ത്‌ പിന്നെ അവിടെ നില്‍ക്കാതെ തിരിഞ്ഞുനടന്നു.]

ശമീകഋഷി ഇതൊന്നുമറിയാതെ, സച്ചിദാനന്ദത്തില്‍ ലയിച്ചിരിയ്ക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ശൃംഗി എന്ന മുനികുമാരന്‍ അവിടെ യെത്തി. തന്റെ അച്ഛന്റെ കഴുത്തില്‍ ചത്തപാമ്പിനെ എടുത്തിട്ടത്‌ മഹാരാജാവായ പരീക്ഷിത്താണെന്ന്‌ തെല്ലൊരമ്പരപ്പോടെ അദ്ദേഹം മനസ്സിലാക്കി.

തന്റെ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തേണ്ട രാജാവ്‌ സ്വയം ഒരാളെ ദ്രോഹിക്കുകയോ? അതും സദാ ശാന്തരായി കഴിയുന്ന, ഒരിയ്ക്കലും ആയുധമേന്താത്ത ഒരു ഋഷിയെ എന്തുചെയ്തും സംരക്ഷിയ്കേണ്ടതിനു പകരം....ഈ കടുംകൈ ചെയ്യാനദ്ദേഹത്തിനെങ്ങിനെ തോന്നി? തക്കതായ ശിക്ഷ പരീക്ഷിത്തിനു ലഭിച്ചേ മതിയാവൂ...

“ഇന്നേയ്ക്ക്‍ ഏഴാം ദിവസം തക്ഷകന്‍ എന്ന ഘോരസര്‍പ്പത്താല്‍ പരീക്ഷിത്തു മരിയ്ക്കാനിടവരട്ടെ”
മുനികുമാരന്‍ പരീക്ഷിത്തിനെ മനസ്സുനൊന്തു ശപിച്ചു. അച്ഛനെ നോക്കി കരയാന്‍ തുടങ്ങി.
അപ്പോഴേയ്ക്കും ശമീകഋഷി ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു. മകനോട് കാര്യമന്വേഷിച്ചു. സംഭവിച്ചതെല്ലാം മുനികുമാരന്‍ വിസ്തരിച്ചു. അപ്പോഴാണ് തന്റെ കഴുത്തില്‍ കിടന്ന ചത്തപാമ്പിനെ അദ്ദേഹം ശ്രദ്ധിച്ചത്‌. അതിനെ ദൂരേയ്കെറിഞ്ഞശേഷം അദ്ദേഹം കുമാരനോടു പറഞ്ഞു-

“മകനേ! നീ വലിയൊരു തെറ്റാണ് ചെയ്തത്. പരീക്ഷിത്ത്‌ വളരെ ധര്‍മ്മാത്മാവായ മഹാരാജാവാണ്‌. അദ്ദേഹത്തിന്റെ പ്രഭാവമൊന്നുകൊണ്ടുമാത്രമാണ് കലി എന്ന അധാര്‍മ്മികന്‍ ഇത്രയെങ്കിലും അടങ്ങിയിരിക്കുന്നത്. ധര്‍മ്മത്തിലൂടെ അര്‍ഥം സമ്പാദിച്ച്‌ കാമം വേണ്ടവര്‍ അതു നേടുകയും കാമാസക്തരല്ലാത്തവര്‍, നേടിയ അര്‍ഥം ധര്‍മ്മകാര്യങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാമത്തിനു മുന്‍‌തൂക്കം കൊടുക്കുന്നവര്‍ കാമം ഭുജിക്കുന്നതിനുവേണ്ടി, അധര്‍മ്മത്തിലൂടെയും അര്‍ഥമുണ്ടാക്കുന്നു. വെറും ഭോഗാസക്തരായി, അധാര്‍മ്മികരായി സമൂഹം മൊത്തത്തില്‍ അസന്തുലിതമാവുകയും ചെയ്തേക്കാം. എന്നാല്‍ രാജാവിന്റെ ധാര്‍മ്മികഭരണത്തിന്‍‌കീഴില്‍ അധര്‍മ്മം നിയന്ത്രിക്കപ്പെടുന്നു. ഒരു നിമിഷനേരത്തെയ്ക്ക്‌ അദ്ദേഹത്തിന് വിവേകം നഷ്ടപ്പെട്ടു. അതിന് നീ ഇത്രയും വലിയ ശിക്ഷ കൊടുക്കേണ്ടതില്ലായിരുന്നു. ധര്‍മ്മിഷ്ഠരായ രാജാക്കന്മാര്‍ ഭൂമിയില്‍ നിലനില്‍ക്കേണ്ടതുണ്ട്‌. നമ്മുടെ തപശ്ശക്തി നാമും ഇങ്ങനെ വികാരാധീനരായി നിഷ്ഫലമാക്കരുതല്ലോ. ഏതായാലും, ഈ ശാപവൃത്താന്തം നീ ഇപ്പോള്‍ തന്നെ രാജാവിനെ അറിയിക്കൂ. ഉള്ള സമയം കൊണ്ട്, ജീവിതസാക്ഷാത്കാരത്തിന് അദ്ദേഹം വേണ്ടതുചെയ്യട്ടെ. [കാണൂ ഋഷിയുടെ മനസ്സ്‌].

അപ്പോഴേക്കും പരീക്ഷിത്തിന്റെ സ്ഥിതി എന്തായിരുന്നു? അദ്ദേഹം പശ്ചാത്താപവിവശനായി. ‘പരിസരവും എന്തിന്‌, സ്വന്തം ശരീരവും മനസ്സും പോലും മറന്ന് അവനവന്റെ ഉള്ളില്‍ വിളങ്ങുന്ന ശുദ്ധചൈതന്യരൂപത്തില്‍ നിമഗ്നനായിരുന്ന ഒരു മഹാതേജസ്വിയെ, എനിയ്ക്കു ദാഹജലം കിട്ടാത്തതിന്റെ പേരില്‍ ഞാന്‍ അപമാനിച്ചല്ലോ, കഷ്ടം! എന്റെ തെറ്റിനു തക്കതായ ഒരു ശിക്ഷ എനിയ്ക്കു കിട്ടണേ. മേലാലൊരു തെറ്റു ചെയ്യാന്‍ തോന്നാത്തവിധം ഇപ്പൊഴേ എനിയ്ക്കു ശിക്ഷ കിട്ടണേ‘
എന്ന്‌ ഉള്ളുരുകി അദ്ദേഹം പ്രാര്‍ഥിച്ചു. അപ്പോഴാണ് മുനികുമാരന്റെ ശാപത്തെപ്പറ്റി അദ്ദേഹം അറിയാനിടയായത്‌. ‘ഏഴാം ദിവസം താന്‍ പാമ്പു കടിച്ചുമരിക്കും’ എന്നു കേട്ടപ്പോള്‍, വളരെ നന്നായി എന്ന്‌ അദ്ദേഹത്തിനു തോന്നി.
തന്നെ ശുദ്ധീകരിക്കാന്‍ ഈശ്വരന്‍ വളരെപ്പെട്ടെന്നുതന്നെ പരിപാടി ആസൂത്രണം ചെയ്തുവല്ലോ. എന്നാണദ്ദേഹത്തിനു തോന്നിയത്‌. ഈ ശാപത്തില്‍ നിന്നും എങ്ങനെ ഒളിച്ചോടാം എന്നല്ല. ഇനി ഏഴേ ഏഴുദിവസം. അതിനുള്ളില്‍ ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട്, ആത്മസാക്ഷാത്കാരം സാധിക്കണം. അതിനുപറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും ജന്മമെടുത്ത്, എല്ലാ തരത്തിലുമുള്ള യാതനകളിലൂടേയും കറങ്ങിത്തിരിഞ്ഞുകൊണ്ടേ യിരിയ്ക്കേണ്ടിവരും. പരീക്ഷിത്ത്‌ എല്ലാ രാജ്യഭാരവും ഉത്തരവാദിത്തങ്ങളും പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു. ഒന്നിനോടും ഒരു ഒട്ടലുമില്ലാതെ, ഗംഗാതീരത്തുചെന്ന്‌ പ്രായോപവിഷ്ടനായി സമാധാനചിത്തനായി ഇരുന്നു.

ഇത്രയും ഇന്നത്തെ കഥ. ഇനി ഈ കഥാഭാഗത്തുനിന്നും പഠിയ്ക്കാവുന്ന പാഠങ്ങളെന്തൊക്കെയേന്നു നോക്കാം-

*പരീക്ഷിത്ത്‌ വളരെ ധര്‍മ്മിഷ്ഠനും പ്രജാക്ഷേമതല്പരനുമായ ഒരു രാജാവായിരുന്നു, എന്ന്‌ നമുക്കറിയാം. ധര്‍മ്മാത്മാവായ അദ്ദേഹം പോലും വിവേകം നഷ്ടപ്പെട്ട ഒരു നിമിഷത്തില്‍ അപരാധം ചെയ്തു. അപ്പോള്‍ അത്രയൊന്നും ഗുണസമ്പന്നരല്ലാത്ത സാധാരണക്കാള്‍ എത്രയധികം ജാഗരൂകരായി ഇരിയ്ക്കണം, വിവേകം നഷ്ടപ്പെടാതിരിക്കാന്‍! [‘പരീക്ഷിത്തുപോലും അവിവേകം പ്രവര്‍ത്തിച്ചു, പിന്നെ എന്നെപ്പോലുള്ളവര്‍ക്ക്‌ അതും അതിലപ്പുറവും ചെയ്യാം‘ എന്നാണ് മനസ്സിലാക്കുന്നതെങ്കില്‍ ആ പാഠം കൊണ്ട്, ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല]

* തെറ്റുചെയ്താല്‍ ശിക്ഷയെ സന്തോഷത്തോടെ സ്വാഗതം ചെയ്യാം. ശിക്ഷ എന്നാല്‍ ‘പാഠം’ (വേദനിപ്പിക്കല്‍ എന്നല്ല) എന്നാണര്‍ഥം. ഇനിയും തെറ്റു ചെയ്യാതിരിയ്ക്കാനുള്ള ഒരു പാഠം നാം എത്രയും പെട്ടെന്ന് ഉള്‍ക്കൊള്ളുമോ അത്രയും നല്ലത്‌. എന്നെ ശുദ്ധീകരിക്കാന്‍, ഈശ്വരന്‍ ഇത്രയും പെട്ടെന്നൊരു പരിപാടിയിട്ടല്ലോ, നന്നായി, എന്നു കരുതാം. അതല്ലയെങ്കില്‍, തെറ്റു ചെയ്യുന്നതില്‍ സങ്കോചമില്ലാതാവുകയും ശിക്ഷവരുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള കുറുക്കുവഴികള്‍ തേടലുമായിത്തീരും ജീവിതം.

*അന്യരുടെ ഗുണങ്ങളെ എപ്പോഴും വലുതായിക്കാണുക. ഒരു ദോഷം കൊണ്ട്‌ അന്യന്റെ നൂറു ഗുണങ്ങളെ മൂടാതിരിക്കുക. (ഞാനും അന്യനും എന്ന ഭേദഭാവനയുള്ളിടത്തോളം കാലം).

*സര്‍പ്പം, കാ‍ലത്തിന്റ്റെ പ്രതീകമാണ്. പരീക്ഷിത്ത്, നമ്മിലോരോരുത്തരുടേയും പ്രതിനിധി. എന്തെന്തെല്ലാം കര്‍മ്മങ്ങള്‍ ചെയ്താലും ഈ കാലസര്‍പ്പത്തിന്റെ ദംശനത്തില്‍ നിന്നും രക്ഷകിട്ടില്ല. ശരീരം ഒരിയ്ക്കല്‍ നശിക്കുക തന്നെ ചെയ്യും. ശരീരത്തിനുള്ളിലിരുന്നുകൊണ്ട്‌ ഓരോ ജീവനും നേടേണ്ടതായ അറിവുണ്ട്. ആത്മസാക്ഷാത്കാരം. ഈ ശരീരം എന്നത് വെറും ഒരു ഉടുപ്പാണ്, ശരിയ്ക്കുമുള്ള താന്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്ന ആ ചൈതന്യം തന്നെയാണ് എന്ന ബോധം (പഠിച്ചാലും പോരാ) അനുഭവിയ്ക്കണം. ആ അനുഭവം സാധ്യമായാല്‍ പിന്നെ എന്തു മരണഭയം? അവിടെ അയാള്‍ അമരനായിത്തീരുന്നു, സന്തോഷത്തോടെ, ആത്മാനന്ദത്തോടെ, ശരീരമുപേക്ഷിക്കുന്നു. ആ അറിവ്‌ അനുഭവിക്കാറായാലേ മരണഭയം നീങ്ങുകയുള്ളൂ, നിറഞ്ഞ ആനന്ദം, ഒരിക്കലും അവസാനിക്കാത്ത ആനന്ദം അനുഭവിക്കാറാവൂ. ആ അറിവിനു കാതോര്‍ത്തിരിക്കുകയാണ് ഇവിടെ പരീക്ഷിത്ത്‌. അദ്ദേഹത്തിന്റെ ശ്രദ്ധയും പാകതയും അത്യന്തം ഗാഢമായിരുന്നു. അതുകൊണ്ടുതന്നെ ശ്രേഷ്ഠരായ ഗുരുക്കന്മാര്‍, അദ്ദേഹത്തിന്റെ അടുത്തേയ്ക്ക്‍ , ആ ഗംഗാതീരത്തേയ്ക്ക്‍ സ്വമേധയാ എത്തിച്ചേരുകതന്നെ ചെയ്തു.

Friday, March 09, 2007

ഒരു ചിരിനേരം

എവിടേയ്ക്കെന്നറിയാത്ത യാത്ര. ഒരിയ്ക്കലും തിരിച്ചുവരേണ്ടാത്ത യാത്ര. തനിയെ... അതെ തനിയെ ഒരു യാത്ര. കാല്‍നടയാത്ര. എന്നോ ഞാന്‍ തുടങ്ങിവെച്ച ഈ യാത്രയില്‍ ചിലപ്പോഴൊക്കെ വാഹനങ്ങള്‍ കിട്ടി. വാഹനം കടന്നുചെല്ലാത്ത കയറ്റിറക്കങ്ങളില്‍ ഒറ്റയ്ക്കു നടക്കുമ്പോഴും എന്തോ പേടി തോന്നിയില്ല! എവിടേയോ ആരോ കാത്തിരിയ്ക്കുന്നുണ്ടെന്ന തോന്നല്‍. ആ തോന്നലാണ് ഈ യാത്രയിലെ വഴികാട്ടി.

നാലും കൂടുന്ന പരിഷ്കാരവഴികളില്‍ പലരേയും കണ്ടു. ഒരു ചിരിനേരം സൌഹൃദം പങ്കിട്ടു. ഒന്നും ബാക്കിവെയ്ക്കാതെ ആ വഴികളും പിന്നിട്ടു. കണ്ടവഴിയേ ഒന്നും ഇനി ഒരു തിരിച്ചുപോക്കുവേണ്ട. കണ്ട വഴികളേക്കാള്‍ കാണാനുള്ളവഴികളുണ്ടത്രേ...

തിരക്കുകുറഞ്ഞ നാട്ടുപാതകളില്‍ പാതയോരത്തെപ്പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. കിളയ്ക്കാതെ, വിതയ്ക്കാതെ, നനയ്ക്കാതെ, ഒരു മഹാപ്രതിഭാസം പോലെ ഓരോമഴയത്തും മണ്ണില്‍ക്കിളിര്‍ത്ത്, പടര്‍ന്ന്‌, പൂത്താര്‍ത്തുചിരിച്ച്‌ മണ്ണിലേയ്ക്കുതന്നെ മടങ്ങുന്നപോലെ. വീണ്ടും അടുത്തമഴയില്‍ തുടുത്തുയരാനാണോ? അറിയില്ല. വരുന്നവരോടെല്ലാം അവര്‍ പൂത്തുചിരിച്ചുനിന്നു. നിന്നനില്‍പ്പില്‍ നാളെ മണ്ണിലടിയേണ്ടിവരും എന്നറിഞ്ഞിട്ടും. ഈ പാതയോരത്തെ പൂക്കളെക്കൂടി, എനിയ്ക്കെന്റെ യാത്രയില്‍ കൂട്ടുകൂട്ടണമെന്നുണ്ട്. പക്ഷേ അവര്‍ക്ക്‌ കാല്‍ച്ചുവട്ടിലെ മണ്ണുവിട്ടുവരാനാവില്ല.
പൂക്കളേ....ഞാനും ചിരിയ്ക്കാം. ഒരുചിരിനേരം ഇവിടെ നില്‍ക്കാം.
അതുകഴിഞ്ഞാല്‍, എന്റെ യാത്ര തുടരും... യാത്രാമൊഴി പറയാതെ യാത്ര ഞാന്‍ തുടരും. എന്നു തീരുമെന്നറിയാത്ത യാത്ര.

Thursday, March 08, 2007

പുതപ്പിനുള്ളിലെ ഞാന്‍

പുതപ്പിനുള്ളിലെ ഞാന്‍“ എന്ന കവിത, കവിയരങ്ങില്‍ ‍ കുറച്ചുദിവസം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. വാഗ്‌ജ്യോതിയിലും കണക്കുവെച്ചേക്കാം എന്നു കരുതി.

(ഒരു ഐമ്പതടിക്കാന്‍ ധൃതിയായി, അതാ...)

Tuesday, March 06, 2007

നല്ലവര്‍

നല്ല മിത്രം

നമ്മിലോരോരുത്തരിലും നന്മകളുമുണ്ട്, തിന്മകളുമുണ്ട്.
എന്നിലെ തിന്മയെ അവഗണിച്ച്, നന്മയെ കൂടുതല്‍ വെളിച്ചത്തുകൊണ്ടുവരാനും പിന്നീട്, ക്രമത്തില്‍ തിന്മയെ കണ്ടെത്തി, അതില്‍നിന്നും പുറത്തുവരാനും സഹായിക്കുന്നതരത്തില്‍ എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാണ് എന്റെ കാഴ്ചപ്പാടില്‍ നല്ല മിത്രം. എനിയ്ക്കയാളുടേയും നല്ലമിത്രമാവാം. അഥവാ, എനിയ്ക്കും എന്റെ മിത്രത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സ്വാധീനം ഉണ്ടായിരിക്കണം. അതിനുതക്ക ശക്തിയാര്‍ന്ന വ്യക്തിത്വം ഞാനും ഉണ്ടാക്കണം.

നല്ല അദ്ധ്യാപകന്‍

എല്ലാവിദ്യാര്‍ഥികളിലും നന്മകളും തിന്മകളും ഉണ്ടാകാമെന്നിരിയ്ക്കെ, ഓരോരുത്തരിലേയും ഓരോ നന്മയ്ക്കും വളരാനും വികസിക്കാനും ഉള്ള സാഹചര്യം സൃഷ്ടിക്കുന്ന അദ്ധ്യാപകന്‍, നല്ല അധ്യാപകനാണ്.


നല്ല വിമര്‍ശകന്‍ / നല്ല കമന്റര്‍

എഴുത്തുകാരന് കൂടുതല്‍ നല്ല എഴുത്തിലേയ്ക്ക്‍ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍, അഥവാ ബൂലോഗത്താണെങ്കില്‍ അത്തരം കമന്റര്‍, നല്ല കമന്റര്‍ ആണ്. കുഞ്ഞുകുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാഠം പഠിപ്പിച്ചും.... അങ്ങനെയങ്ങനെ ഏതു തരത്തിലും ഒരു കമന്റര്‍ക്ക്‌ തന്റെ പ്രതികരണത്തെ നന്നാക്കാം


ഇപ്പോള്‍ ഒരു ന്യായമായ ഒരു സംശയം വരാം.

തിന്മകളെ ഉള്ളിലടക്കിയാല്‍ മതിയോ?

പോരാ എന്നാണെനിയ്ക്കു തോന്നുന്നത്. പക്ഷേ, ആദ്യമാദ്യം നന്മകളെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച്‌ വളര്‍ത്തിക്കൊണ്ടുവരിക. പിന്നെ ഉള്ളിലൊളിഞ്ഞിരിയ്ക്കുന്ന തിന്മയെ കണ്ടെത്തിയാലും അത്‌ കണ്ടുപിടിയ്ക്കപ്പെടുന്നതോടുകൂടിത്തന്നെ ഇല്ലാതായിക്കോളും (എന്നൊരു ശുഭാപ്തിവിശ്വാസം:-))Sunday, March 04, 2007

"BLOG FOR THE GLOBE" Don't steal away our dreams. എന്റെ പ്രതിഷേധം!

Blog - the fast expanding internet medium of expression, has all strength, to become an efficient catalyst, in the process of global development.

Anybody, having an idea, can express it to the entire world, sitting at any place, any day, at any time. Wonderful indeed!

This is our dream!

"BLOG FOR THE GLOBE"

We dream,
The internet medium of expression,
Blog - for the globe,
To make the globe
A better place, to live in...!

I feel, this medium has all the strength in it, to make this dream happen!

In this context, 'content-theft' committed by Yahoo!India , (or Web-dunia, as the former complaines) is a severe mistake. It must be stongly condemned . Please don't steal away our dreams!

Yahoo!India must accept their fault, must take up the responsibility to resolve this issue , and it must bring 'Law & Order' to it's system, so that these types of mistakes never happen again.

അനുദിനം വളര്‍ന്നുവികസിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗ്‌ എന്ന ആവിഷ്കാരമാധ്യമം, ലോകസമൂഹത്തിന്റെ ഗതിവിഗതികളില്‍ ആശാവഹമായ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുള്ള ഒരു മാധ്യമമായിത്തീരും എന്നു ഞാന്‍ കരുതുന്നു. നല്ലൊരു ആശയം കൈമുതലായുള്ള ഏതൊരു വ്യക്തിക്കും അത്‌ നിഷ്പ്രയാസം ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു, എന്നത്‌ ചില്ലറക്കാര്യമല്ല.

എന്നിരിയ്ക്കെ, ഇവിടെ നിന്നും കൃതികള്‍ മോഷ്ടിക്കുക എന്നത്‌ അക്ഷന്തവ്യമായ തെറ്റാണ്. യാഹൂ ഇക്കാര്യത്തില്‍ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്‌, എന്നു മനസ്സിലാക്കുന്നു. തെറ്റുപറ്റിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിയ്ക്കാനും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ശക്തിയായി ബൂലോകക്കൂട്ടായ്മയോടൊപ്പം നിന്ന്‌ ഞാനും ഈ ബ്ലോഗ്‌മോഷണത്തിനെതിരെ പ്രതിഷേധിക്കുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibilitynor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.


Links to this post
http://viswaprabha.blogspot.com/2007/03/blog-post.html
http://kariveppila.blogspot.com/2007/03/blog-post.html
http://mallu-ungle.blogspot.com/2007/03/yahoos-copyright-infringement-on.html
http://devanspeaking.blogspot.com/2007/03/and-yahoo-counsels-us-to-respect.html
http://grahanam.blogspot.com/2007/03/blog-post.html
http://myinjimanga.blogspot.com/2007/02/yahoo-india-and-content-theft.html
http://myinjimanga.blogspot.com/2007/02/yahoo-plagiarizes-contents-and-blames.html
http://myinjimanga.blogspot.com/2007/02/bloggers-protest-event-against-yahoo.html
http://suryagayatri.blogspot.com/2007/03/my-protest-against-plagiarisation-of.html
http://copyrightviolations.blogspot.com/2007/03/it-is-little-amusing-amazing-and.html
http://chintyam.blogspot.com/2007/02/blog-post_28.html
http://cibu.blogspot.com/2007/03/blog-post.html
http://labnol.blogspot.com/2007/02/yahoo-india-rejects-web-plagiarism.html
http://copyrightviolations.blogspot.com/2007/02/march-5th-2007-blog-event-against.html
http://sankuchitham.blogspot.com/2007/03/blog-post.html
http://www.mathrubhumi.com/php/newsFrm.php?

Friday, March 02, 2007

ബ്ലോഗും പെരുവഴിയും!

ബ്ലോഗുലകം പെരുവഴിപോലെയാണെന്നും, അവിടെ വിലയുള്ളതൊന്നും വെച്ചുപോകരുതെന്നും ആരെങ്കിലും അവിടെയുള്ളതു നശിപ്പിച്ചാല്‍, കുറ്റം പറയരുതെന്നും, ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, ഉത്തരവാദിത്തമുള്ള ഒരു പരിഷ്കൃതസമൂഹം എന്ന നിലയ്ക്ക്‍ പെരുവഴിയെത്തന്നെ ഒരു ‘പെരിയവഴി’ ആക്കാന്‍ നമുക്കു കഴിയും, കഴിയണം, അതിനുള്ള ശ്രമങ്ങള്‍ക്ക് ഓരോപൌരനും ബാദ്ധ്യതയുണ്ട് എന്നോര്‍മ്മിപ്പിക്കാന്‍ കൂടിയാണീ പോസ്റ്റ്.

പെരുവഴി എന്നാല്‍ പൊതുവഴി.

കുപ്പകള്‍ വലിച്ചെറിയാനുള്ള സ്ഥലമാക്കണോ അതോ,

പൂത്തുലയുന്ന മരങ്ങളും വഴിവിളക്കുകളും കൊണ്ട്, മനോഹരമാക്കണോ?


അതു പൊതുജനം തീരുമാനിക്കും.

ആരാ പൊതുജനം? ‘ഞാനൊഴികെ’ ഉള്ള മറ്റുള്ളവരോ?


[നിരത്തുവക്കില്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍, കാലികളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി വേലികെട്ടാറുണ്ട്, തൈകള്‍ക്കുചുറ്റും. പക്ഷേ അതിനുള്ളില്‍ നിന്നും തൈ പിഴുതുകളയണമെന്ന്, ഒരു ഇരുകാലിയ്ക്കു തോന്നിയാല്‍, എന്തുചെയ്യാന്‍ പറ്റും? ബോധവല്‍ക്കരണത്തിന്റെ പ്രസക്തി അവിടെയാണ്].


പൊതുവഴി പെരുവഴിയായേക്കാം
പെരുവഴി പൊതുവഴിയാണല്ലോ
പെരുവഴി ‘പെരിയ’വഴിയാക്കുകയുമാവാം!

മൂക്കുപൊത്തിപ്പിടിച്ച്‌, നടന്നുതീര്‍ക്കുന്നതിനുപകരം
കഥകള്‍ പൂക്കുന്ന, കവിതകള്‍ കിനിയുന്ന, ചിത്രങ്ങള്‍ വിടരുന്ന വഴിയോരക്കാഴ്ചകളാല്‍ കുളിര്‍മയേകുന്ന യാത്രാനുഭവം-അതുതരാനും ഈപെരുവഴിക്ക്, പൊതുവഴിക്ക് ആവും.
അതിനായുള്ള ശ്രമത്തിന് അണ്ണാറക്കണ്ണന്റെ വക രണ്ടുതരി മണ്ണ്‌, അതാണിത്.

(വിശ്വംജിയുടെ പോസ്റ്റില്‍ നിന്നും അവിടെ ഇക്കാസ് ജി‍ ഇട്ട കമന്റില്‍ നിന്നും ഈ അണ്ണാന്‍‌കുഞ്ഞിനു കിട്ടിയത്)


Thursday, March 01, 2007

ഭൂതവും ഭാവിയും പിന്നെ കുട്ടനും!

കുട്ടന് ഒന്നരവയസ്സ്‌.

ആരും കാണാതെ കോണിപ്പടികള്‍ കയറിയിറങ്ങുക- അതാണ്‌ ഈയിടെയായി, വിനോദം.

സന്ധ്യാസമയം. അമ്മ അകത്തുവിളക്കുവെയ്ക്കുന്ന തിരക്കിലാണ്. തളത്തിലാരുമില്ല.
“ഒന്ന്, രണ്ട്, മൂന്ന്‌, ....” അവന്‍, ആരും വരുന്നില്ലല്ലോ എന്ന്‌ തിരിഞ്ഞുനോക്കിക്കൊണ്ട്, വേഗം വേഗം പടികള്‍ കയറി, മുകളിലെത്തി. മുകളിലെത്തിയതും, ഉറക്കെ കരയാന്‍ തുടങ്ങി.
“ ഭൂതം, ഭൂതം ... നിച്ച് പേട്യാ...”

മുകളിലെത്തിയപ്പോഴേ, അവിടെ ഇരുട്ടാണെന്ന് കുട്ടനറിഞ്ഞുള്ളൂ.
അമ്മാമന്‍ ഓടിച്ചെന്ന്, അവനെ എടുത്തു.

“എവടെ കുട്ടാ ഭൂതം?“

“അവ്ടെ... നിച്ച് പേട്യാ...ഭൂതം വരും. ഭൂതം വരും...”

“ഭൂതം പോയി കുട്ടാ... ഭാവിയാണു വര്‌ആ...”
മുകളിലെ ബള്‍ബ് തെളിച്ച്, ഉള്ളില്‍ ചിരിച്ചുകൊണ്ട് അമ്മാമന്‍ പറഞ്ഞു.

“അമ്മാമാ... നിച്ച്‌ ഭാവീനെ പേട്യാ...“

അമ്മാമന്റെ ഒക്കത്തിരുന്ന് പറയുമ്പോള്‍ കുട്ടന്‍‍ ചിരിയ്ക്കുന്നുണ്ടായിരുന്നു...