Wednesday, January 30, 2008

ഭാഷാ - വാക്കും വെളിച്ചവും.

വാക്കുകള്‍ വിളക്കുകളാണ്. കുറേയേറേ ദൂരത്തേയ്ക്കുവെളിച്ചം വീശുന്ന വാക്കുകളുണ്ട്. കണ്ണടച്ചിരുട്ടാക്കിയാലും കണ്ണിന്നു തിമിരം ബാധിച്ചാലും ആയിരംതിരിതെളിഞ്ഞുനില്‍ക്കുന്നവാക്കിനെ ചിലപ്പോള്‍ നാം മുനിഞ്ഞുകത്തുന്ന ഒറ്റത്തിരിവിളക്കായി തെറ്റിദ്ധരിയ്ക്കും. ആ ഇത്തിരിവെട്ടത്തില്‍ തിരിയ്ക്കടിയിലെ കരികാണാനേ നമുക്കാവൂ. ഒരു ഉദാഹരണം പറയാം-
ഭഗവാന്‍ എന്നവാക്കിന്, ‘ധനമുള്ളവന്‍ ധനവാന്‍ എന്നമട്ടില്‍ ‘ഭഗമുള്ളവന്‍ ഭഗവാന്‍‘ എന്നുപറയാം. ഇത്തിരിവെട്ടത്തില്‍ അത്രയേ നാം മനസ്സിലാക്കൂ. എന്നാല്‍ കൂടുതല്‍ അറിയണം എന്ന ആഗ്രഹത്തോടെ നന്നായി കണ്ണുതുറന്നു നോക്കിയാലോ, അപ്പോള്‍ കാണാം ആ വാക്കിന്റെ വ്യാപ്തി-

ഭഗഃ എന്നാല്‍ ഷഡ്ഗുണങ്ങള്‍, സൌഭാഗ്യം, സുഭഗത്വം തുടങ്ങിയ അര്‍ഥങ്ങളുമുണ്ട്. ഷഡ്ഗുണപരിപൂര്‍ണ്ണനെയാണ് ഭഗവാന്‍ എന്നു പറയുന്നത്. ഷഡ്ഗുണങ്ങള്‍ എന്നാല്‍ എന്താണ്?

  1. ഐശ്വര്യം, (‍ അഷ്ടൈശ്വര്യങ്ങളും പെടും)
  2. വീര്യം,
  3. യശസ്സ്,
  4. ശ്രീ,
  5. ജ്ഞാനം,
  6. വൈരാഗ്യം

ഈ ആറുഗുണങ്ങളും തികഞ്ഞവന്‍ ഭഗവാന്‍.

ഇപ്പറഞ്ഞ ആറും വിസ്തരിച്ചു മനസ്സിലാക്കേണ്ടവയാണ്. ഒറ്റൊറ്റ വാക്കുകൊണ്ട് അര്‍ഥമളക്കാന്‍ പറ്റില്ല.

പറഞ്ഞുവന്നതിതാണ്-
സ്വയം കണ്ണടച്ചിരുട്ടാക്കിയാലും കണ്ണിന്നു തിമിരം ബാധിച്ചാലും നഷ്ടം വെളിച്ചത്തിനല്ല, വിളക്കിനുമല്ല, നമുക്കുതന്നെയാണ്. വാക്കുകളുടെ കൂട്ടാളിയെന്നു കരുതപ്പെടുന്ന നിഘണ്ടുക്കള്‍ പലപ്പോഴും അവയിലെ സ്നേഹമൂറ്റി, വെളിച്ചം കെടുത്തി നിരത്തിക്കിടത്തി പ്രദര്‍ശിപ്പിക്കുകയാണു ചെയ്യുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചിറകുവിരുത്തി മാനം‌മുട്ടെപ്പറക്കാന്‍ കെല്‍പ്പുള്ള പക്ഷികളെ ചിറകുവെട്ടിയൊതുക്കി കൂട്ടിലടച്ചു പ്രദര്‍ശിപ്പിക്കുന്നതുകാണുമ്പോഴുള്ള ഒരു വീര്‍പ്പുമുട്ടല്‍ വാക്കുകള്‍ക്ക് നിഘണ്ടുക്കളില്‍ അനുഭവപ്പെടുന്നില്ലേ എന്നത് എന്റെ വേവലാതി. ചില വാക്കുകളെപ്പറ്റിയുള്ള ചിന്തകള്‍ ഇനിമുതല്‍ ഈ താളില്‍ പങ്കുവെയ്ക്കണം എന്നത് എന്റെ ഒരു മോഹം.

ആദ്യമായി ഭാഷാ എന്ന വാക്കുതന്നെയാവട്ടേ - ‘ഭാസിയ്ക്കുന്നതാണ്’ ഭാഷാ.

പ്രകാശിയ്ക്കുന്നതാണ് ഭാഷ. അതായത്, ഭാഷ ചുറ്റുമുള്ള പലതിനേയുംകാണിച്ചുതരുന്നു. ആശയവിനിമയത്തിനുമാത്രമല്ല, അറിവിനെ അറിവായി അറിയാനുംഭാഷ വേണം. അറിവിനെ മറ്റൊരാളുമായി പങ്കുവെയ്ക്കാനുംഭാഷവേണം. ആശയവിനിമയം എന്നത് ഭാഷയുടെ ഒരു പ്രയോജനം മാത്രമാണ്. പറയാനും/കേള്‍ക്കാനും എഴുതാനും/വായിക്കാനും ഉപകാരപ്പെടുന്നത്, ഭാഷയുടെ ഒരു ഭാവം മാത്രമാണ്. ചിന്തയ്ക്കും ആശയരൂപീകരണത്തിനും അനുഭവമുദ്രണത്തിനും ഭാഷാസങ്കേതത്തിന്റെ മറ്റൊരു തലം ഉള്ളില്‍ പ്രകാശിയ്ക്കുന്നുണ്ടെന്നുവേണംകരുതാന്‍.
ഒരു മനുഷ്യശിശു തന്റെ സ്വന്തം ചുറ്റുപാടുകളില്‍ നിന്നും നിരീക്ഷണങ്ങളിലൂടെ ഈ ജന്മസിദ്ധസങ്കേതത്തെ പുനരാവിഷ്കരിയ്ക്കുകയാണുചെയ്യുന്നത്. തികച്ചും സ്വാഭാവികമായ ചുറ്റുപാടില്‍, വളരേസാധാരണമായി നടക്കുന്നതാ‍ണല്ലോ ഈപ്രക്രിയ. ധനിയെന്നോ ദരിദ്രനെന്നോ അവര്‍ണ്ണനെന്നോ സവര്‍ണ്ണനെന്നോ കമ്മ്യൂണിസ്റ്റെന്നോ *ഊണിഷ്ടനെന്നോ ഒരുഭേദത്തിനും പ്രസക്തിയില്ലാതെ ഏതൊരുസാധാരണശിശുവും ആദ്യത്തെ രണ്ടുമൂന്നുകൊല്ലം കൊണ്ട് ഭാഷയുടെ പ്രാഥമികപാഠങ്ങള്‍ സ്വായത്തമാക്കുന്നുണ്ടല്ലോ. ഈ പറയുന്നതിനു തെളിവുവേണമെങ്കില്‍ എന്റെപക്കലില്ല. ഞാനുംചിന്തിച്ചുകൊണ്ടിരിയ്ക്കുന്നു. ആരും വിശ്വസിയ്ക്കണമെന്നു നിര്‍ബന്ധമില്ല. എന്നാലും എല്ലാവരും ഒന്നു ചിന്തിച്ചുനോക്കൂ, ആദ്യമേയുള്ള ഒരു അറിവിന്റെ ഭാഗമായല്ലേ നമുക്ക് പുതിയ അറിവുകള്‍ നേടാന്‍ കഴിയൂ? ഉള്ള ഒരറിവിലേയ്ക്ക് വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുംകുറയ്ക്കാനും അഴിച്ചുപണിയാനും ഒക്കെയല്ലേ പറ്റൂ? അല്ലാതെ ഒരടിസ്ഥാനവുമില്ലാതെ പുതിയൊരറിവ് നമ്മള്‍ സ്വായത്തമാക്കുന്നുണ്ടോ?

[ചിന്തിയ്ക്കുന്നവര്‍ ചിന്ത പങ്കുവെയ്ക്കണേ]

ആത്മചൈതന്യത്തിന്റെ പ്രതിഭാസമായി ‘ഭാഷാ’ എന്ന ഒരു അമൂര്‍ത്തസങ്കേതം എല്ലാവരിലും ഉണ്ട്. ആത്മാവിന്റെ ഭാഗമായതുകൊണ്ട് ഇതു ജന്മസിദ്ധമാണ്. ടോര്‍ച്ചിലെ ബള്‍ബിന്, പുറമേയുള്ള ഏതൊരുവസ്തുവിനേയും കാണിച്ചുതരാന്‍‌കഴിയുമെങ്കിലും, ആടോര്‍ച്ചിലെ ബാറ്ററിയെ കാണിച്ചുതരാങ്കഴിയാത്തതുപോലെ, ഭാഷയ്ക്ക് ഈ ലോകത്തെ കാണിച്ചുതരാന്‍ പറ്റും, ആത്മാവിനെഅറിയാന്‍ ഭാഷകൊണ്ടും സാ‍ധ്യമല്ല, ഭാഷാതീതമാ‍യ അവസ്ഥയിലേ ആത്മാനുഭൂതിയുണ്ടാവു (യതോ വാചോ നിവര്‍ത്തന്തേ....). മനസ്സിന്റേയും ബുദ്ധിയുടേയും അപ്പുറത്തെ തലങ്ങളിലേയ്ക്ക് വ്യാപരിയ്ക്കുമ്പോള്‍മാത്രം അറിയാറാകുന്ന ശുദ്ധബോധം ഭാഷാതീതമായ അവസ്ഥയിലായിരിയ്ക്കും. എന്നാല്‍ ‘ശരീരവും മനസ്സും ബുദ്ധിയും ചേര്‍ന്ന യൂണിറ്റിനെ ഒരു വ്യക്തിയായിക്കണക്കാക്കുന്ന സാധാരണക്കാരായ നമുക്കെല്ലാം ഭാഷകൂടാതെയുള്ള ഒരു വ്യവഹാരവുംസാധ്യമല്ല.

ശബ്ദം, വാക്ക്, ഭാഷാ എന്നീ വാക്കുകള്‍ സംസ്കൃത**ശബ്ദശാസ്ത്രത്തില്‍ ‘ലാങ്ഗ്വേജ്’ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്നുണ്ട്. ഈ ഭാഷാസങ്കേതത്തിന് ***നാലവസ്ഥകള്‍ ഉണ്ടത്രേ. ഒരു വക്താവിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, താഴെപ്പറയുന്ന ക്രമത്തിലാണ് വാക്ക് അവസ്ഥാന്തരം പ്രാപിക്കുന്നത്.
പരാ-മൂലാധാരത്തില്‍ ശബ്ദശക്തി കേന്ദ്രീകൃതമാവുമ്പോള്‍ ഉള്ള (ഭാഷയുടെ) അവസ്ഥ.
പശ്യന്തീ-നാഭിദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിയ്ക്കുമ്പോള്‍ തെളിയുന്ന (ഭാഷയുടെ അവസ്ഥ)
മധ്യമാ- അവനവനു മനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ തെളിയുന്ന (ഭാഷയുടെ) അവസ്ഥ
വൈഖരീ - പരശ്രവണഗോചരമായ ശബ്ദം - പറയാനും കേള്‍ക്കാനും സാധിയ്ക്കുന്ന (ഭാഷയുടെ) അവസ്ഥ
വക്താവിന്റെ മനസ്സില്‍ പറയാന്‍ ആഗ്രഹം ജനിയ്ക്കുമ്പോള്‍ത്തന്നെ മൂലാധാരത്തില്‍ നിന്നുമാണത്രേ പ്രാണവായു ശബ്ദശക്തിയായി ഒഴുകാന്‍ തുടങ്ങുന്നത്. നാഭീദേശം കടന്ന്, ഹൃദയപ്രദേശത്തെത്തുമ്പോള്‍ വക്താവിനുതന്നെ മനസ്സില്‍ ക്രമപ്പെട്ടുകിട്ടുന്ന വ്യക്തമായ ഭാഷാരൂപം, വൈകാതെതന്നെ കണ്ഠം മുതല്‍ ചുണ്ടുവരെയുള്ള വിവിധ ഉച്ചാരണസ്ഥാ‍നങ്ങളില്‍ പ്രാണന്‍ തട്ടിയും തടഞ്ഞും അന്യനുകേള്‍ക്കാവുന്നതരത്തില്‍ ഒച്ചയോടുകൂടിയുള്ള വൈഖരീ അവസ്ഥയെ പ്രാപിയ്ക്കുന്നു.
ശ്രോതാവിനെ അടിസ്ഥാനമാക്കി നോക്കിയാല്‍ വൈഖരീ, മധ്യമാ, പശ്യന്തീ, പരാ ഇതാണുക്രമം.
_____________________________________

*ഊണിഷ്ടന്‍ - ഊണ്‍് ഇഷ്ടമുള്ളവന്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിയ്ക്കുന്നു :)

** സംസ്കൃതശബ്ദശാസ്ത്രം - സംസ്കൃതഭാഷാശാസ്ത്രം - സംസ്കൃതത്തില്‍ വ്യാകരണശാഖയും നിരുക്തശാഖയും മാത്രമല്ല ഭാഷയുടെ പ്രത്യേകതകളെ കൈകാര്യം ചെയ്തിട്ടുള്ളത്. ന്യായ-വൈശേഷിക-മീമാംസാദി വിജ്ഞാനശാഖകളും കാവ്യശാസ്ത്രവും യോഗശാസ്ത്രവും ഒക്കെ ഭാഷയെപ്പറ്റി ഗഹനമായ ചിന്തകള്‍ അവതരിപ്പിയ്ക്കുന്നുണ്ട്. അവയെയെല്ലാം ചേര്‍ത്താണ് ഇവിടെ ശബ്ദശാസ്ത്രം എന്നു് ഉപയോഗിച്ചിട്ടുള്ളത്.

***പരാവാങ്‌മൂലചക്രസ്ഥാ

പശ്യന്തീ നാഭിസംസ്ഥിതാ

ഹൃദിസ്ഥാ മധ്യമാ ജ്ഞേയാ

വൈഖരീ കണ്ഠദേശഗാ

“മൂലാധാരാത് പ്രഥമമുദിതോ... “ എന്ന ശ്ലോകവും അറിയാവുന്നവര്‍ക്ക് ഇത്തരുണത്തില്‍ ഓര്‍മ്മിയ്ക്കാം.

Friday, January 18, 2008

ഒന്നെവിടെ?

ഒന്നും ഒന്നും രണ്ടാണോ

രണ്ടെന്നാല്‍ രണ്ടൊന്നല്ലേ

മൂന്നെന്നാല്‍ മൂന്നൊന്നാണേ

നാലില്‍ നാലായൊന്നുണ്ടേ

അഞ്ചില്‍ത്തഞ്ചും അഞ്ചിതളും

അഞ്ചൊന്നായ് ഞാന്‍ കാണുന്നൂ

ആറും നൂറും തൊണ്ണൂറും

തൊള്ളായിരവും കൊള്ളാലോ

കൊള്ളേണ്ടതുനാമൊന്നിനെയാ-

ണെന്നാലൊന്നും തള്ളേണ്ട

രണ്ടുണ്ടായാല്‍ കൊണ്ടാടാന്‍

രണ്ടായിരവും കണ്ടീടും

കാണാം പാടാം മാളോരേ

രണ്ടെന്നാല്‍ രണ്ടൊന്നാണേ.[കണ്ണടച്ചാല്‍ പൂജ്യം, അല്ലല്ല ശൂന്യം ശൂന്യം എന്നാണീയിടെ. ഒന്നെവിടെ? കണ്ണുതുറന്നാല്‍ ആയിരവും പതിനായിരവും തൊള്ളായിരവും കലപില കൂട്ടുന്നു. വീണ്ടും കണ്ണടച്ചു. ഒന്നെവിടെപ്പോയി? ഒന്നു മൂളിനോക്കിയതാണ്, ഇപ്പോഴിവിടെയിരിയ്ക്കട്ടെ]

Thursday, January 03, 2008

പിതൃദേവോ ഭവ

അമ്മ നല്‍കുമൊരുമ്മ, അതാണെ-
ന്നോര്‍മ്മവച്ചനാള്‍ തൊട്ടു വിഭാതം.

ഉമ്മവച്ചെന്റെ കണ്ണുമിഴിപ്പി-
ച്ചമ്മ മെല്ലെമുഖമുയര്‍ത്തുമ്പോള്‍,
നെറ്റിയിലമ്മ തൊട്ട സിന്ദൂര-
പ്പൊട്ടെനിയ്ക്കു കണിയായിടുമ്പോള്‍,
പൊന്‍‌കണിയെന്റെയുള്ളിലും ചുറ്റും
കുങ്കുമപ്രകാശംവിതറുമ്പോള്‍,
കൈപിടിച്ചു തൊഴുവിച്ചെന്‍‌ ചിത്തം
കൂപ്പുകൈയ്യില്‍ നിറച്ചമ്മ ചൊല്ലും-

“നിന്‍‌മിഴിയ്ക്കു വെളിച്ചം പകരാന്‍
പൊന്‍‌കണിയൊരുക്കീടുവതാരോ
അപ്പരമപ്രകാശത്തെനിത്യം
കൂപ്പിടേണം, സവിത്രേ, നമസ്തേ!”

എഴുതിയത്, ശ്രീ പി. സി. മധുരാജ് (1992 ജൂണില്‍).
കൃതി: വഴിക്കുറിപ്പുകള്‍