Thursday, September 14, 2006

കണ്ണനെക്കാത്ത്‌

കണ്ണാ! നീ കാണ്മതില്ലേ മമ ദുരിതമഹാസാഗരം, നീന്തി മുങ്ങും-
വണ്ണം കൈകാല്‍ കുഴഞ്ഞീടിലുമഥ വെടിയാറില്ല ഞാന്‍ നിന്റെ രൂപം
ഉണ്ണാനായ്‌വെണ്ണയേകാമുടനിരുകരവും നീട്ടി നീ വാങ്ങിവാങ്ങി-
ത്തിന്നാനായോടിയെത്തുന്നൊരു നിമിഷമതൊന്നുണ്മയായ്‌കാണ്മതെന്നോ?Friday, September 08, 2006

വാക്ക്‌

"വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു,
വാക്കിന്‍ വിരല്‍തൂങ്ങിയല്ലോ നടക്കുന്നു
."

മധുസൂദനന്‍നായരുടെ ഈ വരികളോട് എനിയ്ക്കു വല്ലാത്തൊരടുപ്പം തോന്നുന്നു‌. ഈ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ചു നടക്കുന്ന ഒരു കുട്ടിയായി ഞാന്‍ എന്നെ കരുതുന്നു. പിന്നീടെപ്പോഴോ വാക്ക്‌ എന്റെ കൂട്ടുകാരനാണെന്നും ജീവിതസഖിയാണെന്നും ഊണാണെന്നും ഓണമാണെന്നും പൂവിന്മണമാണെന്നും ഒക്കെ തോന്നി. എല്ലാം എല്ലാം വാക്കാണെന്ന്‌. ഞാന്‍ കണ്ടെത്തിയ തിളങ്ങുന്ന വാക്കിനെ കാണിച്ചുകൊടുക്കാന്‍ എനിയ്ക്കെന്തെന്നില്ലാത്ത ആവേശം.
അറിയുന്ന വാക്കുപയോഗിച്ച്‌ ഉച്ചത്തിലുച്ചത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു...

"ഹായ്‌ എന്തൊരു വെളിച്ചം, എന്തൊരു തെളിച്ചം."

എന്റെ ഒച്ചകേട്ടു വന്നവര്‍ പക്ഷേ ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്നോടൊന്നു നന്നായി ഉറങ്ങുവാന്‍ പറഞ്ഞു. ഉറങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയാകുമത്രേ!


ഞാന്‍ കണ്ണടച്ചു. വാക്ക്‌ ഒരു പ്രഹേളികയാണോ? തമോഗര്‍ത്തം പോലെ, അതൊരു ഇരുട്ടുഗുഹയാണോ? അതോ എന്റെ കണ്ണുകള്‍ക്ക്‌ നിറഞ്ഞുവഴിയുന്ന പ്രകാശം കാണാന്‍ കഴിയായ്കയാണോ? ഇരുപതിനായിരത്തിലധികം കുതിപ്പുകളെടുത്തുപാഞ്ഞുവരുന്ന ശബ്ദം അത്യുച്ച ശബ്ദമാണെങ്കിലും ചെവികള്‍ക്കതു നിശ്ശബ്ദതയാണത്രേ! അതുപോലെ, പ്രകാശക്കൂനയാണോ തമോഗര്‍ത്തം?

"വാക്കേ, നീയെനിയ്ക്കാരാ?""കണ്ണനെ തൊഴൂ", "സൂര്യനെ തൊഴൂ", "തെങ്ങിനെ തൊഴൂ", "തുളസിയെ തൊഴൂ" എന്ന അമ്മയുടെ വാക്ക്‌ എല്ലാരേയും ആദരിയ്ക്കാന്‍ എന്നെ പഠിപ്പിക്കുന്നു. "കുഞ്ഞേ, അമ്മ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും" എന്ന അച്ഛന്റെ വാക്ക്‌ അച്ഛനേയും അമ്മയേയും എന്റെ ഹൃദയത്തോടു ചേര്‍ത്തിന്നും നിര്‍ത്തുന്നു.

ചക്കയുടെ "ഈ എത്തല്‍ മുല്ലശ്ശേരീലും ഈ എത്തല്‍ മറ്റേവീട്ടിലും ഈ എത്തല്‍ 'ബഹിളാമുഖി' എന്ന ഭിക്ഷക്കാരിയ്ക്കും ഈ എത്തല്‍ നാരാട്ട്യമ്മയ്ക്കും കൊടുക്കാം" എന്ന്‌ ഒരു ചക്ക കിട്ടിയാല്‍ അതു പങ്കുവെങ്കുന്ന അമ്മയുടെ വാക്ക്‌, പ്ലാവിനുചുറ്റും നാം മതിലുകെട്ടിയെങ്കിലും അതിലുണ്ടാവുന്ന ചക്ക എല്ലാവര്‍ക്കുമുള്ളതാണെന്ന ബോധം എന്നിലുണ്ടാക്കുന്നു.

തൊടിയില്‍ അച്ഛനും ഞാനും കൂടി നട്ട പടവലവള്ളിയില്‍ കായയൊന്നും ഉണ്ടാകാതിരുന്നിട്ടും "അതൊന്നും സാരമില്ല, എന്നും ചെടിയ്ക്കു നനയ്ക്കണം, വിത്ത്‌ വളര്‍ന്ന്‌ ചെടിയായി വരുന്നതുതന്നെ കാണാന്‍ ഒരു രസമല്ലേ, കായ കിട്ടിയല്‍ പറിയ്ക്കാം, ഇല്ലെങ്കില്‍ വേണ്ട" എന്ന വാക്ക്‌ , "ഠ" വട്ടത്തിലുള്ള മണ്ണില്‍ എന്നോടൊപ്പം നിന്ന്‌ മണ്ണിന്റെയും വിത്തിന്റെയും സൂര്യന്റെയും കൌതുകങ്ങളിലേയ്ക്ക്‌ എന്നെ കൈപിടിച്ചു നടത്തി. ഞാന്‍ വിചാരിയ്ക്കുന്നകാര്യങ്ങള്‍ അതേപോലെ നടക്കാതെവരുമ്പോള്‍ അധികം അസ്വസ്ഥയാകാതിരിയ്ക്കാനും എനിയ്ക്കു, ആ വാക്കു തന്നെയല്ലേ ശക്തിതരുന്നത്‌.

"കുട്ടീ, നിനക്കു നല്ലതേ വരൂ" എന്നു പറഞ്ഞനുഗ്രഹിച്ച ആചാര്യവാക്ക്‌, എന്റെ വഴിയില്‍ വെളിച്ചം വിതറിക്കൊണ്ട്‌ നില്‍ക്കുന്നു.

വീണ്ടും കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍,

"ഇനി നീ ഇദ്ദേഹത്തോടൊപ്പം നടക്കൂ", എന്നു പറഞ്ഞ്‌ എന്റെ കൈ എനിയ്ക്കതുവരെ അന്യനായിരുന്ന ഒരാളുടെ കൈയിലേല്‍പ്പിച്ചപ്പോള്‍, "‘ണ്ണി‘ക്കെന്നും നല്ലതേ വരൂ" എന്ന വാക്കിലൂടെ എത്ര ശക്തിയാണച്ഛന്‍ തന്നത്‌, സാന്ത്വനവും സ്നേഹവും ഒപ്പം തന്നു. ഇന്നു ഞാന്‍ പിടിച്ചുകൊണ്ടിരിയ്ക്കുന്ന കൈകളിലേയ്ക്കും കൂടി മുഴുവന്‍ ശക്തിയും സ്നേഹവും സാന്ത്വനവും പകരാന്‍ മാത്രം ആ വാക്കുകള്‍ക്കു ശക്തിയുണ്ടായിരുന്നൂ എന്നു ഞാനിപ്പോളറിയുന്നു.

വാക്കേ നീയെനിയ്ക്ക്‌ -
സ്നേഹമാണ്‌,
ശക്തിയാണ്‌,
വഴികാട്ടിയാണ്‌,
അറിവാണ്‌ ,
സത്യമാണ്‌,
വെളിച്ചമാണ്‌

ഞാന്‍ തന്നെയാണ്‌.

Sunday, September 03, 2006

ഓണച്ചിന്തകള്‍

ഉണ്ണിയായ വാമനന്‍ മഹാബലിയുടെ യാഗശാലയിലേയ്ക്കു നടന്നുവരുന്നത്‌ കാണുന്നു, മഹാബലിയുടെ മകള്‍. അവള്‍ക്കെന്തെന്നില്ലാത്ത വാത്സല്യം. കൈക്കുഞ്ഞായിരുന്നെങ്കില്‍, എടുത്തു പാലുകൊടുക്കാമായിരുന്നു എന്ന്‌ തോന്നി. മഹാബലിയുടെ മകളാണത്രേ പിന്നീട്‌, പൂതനയായി പിറന്നത്‌.

ഉണ്ണീ! നിന്‍വരവന്നു കണ്ട നിമിഷം നെഞ്ചം ചുരന്നൂ, മന-
സ്സെണ്ണീ വാമന! പൈതലായൊരുദിനം കിട്ടീലയിക്കൈകളില്‍
ഇന്നീ പൂതനയായൊരെന്‍മുലനുകര്‍ന്നാനന്ദമേകീടവേ
അമ്മിഞ്ഞക്കൊതിയോ ഭവാന്റെ കരുണാവായ്പോ വിചിത്രം ഹരേ!

മഹാബലി വാമനനോട്‌

"ഓണമാണതുമെനിയ്ക്കു പാഠമായ്‌
ഏറ്റി ഭാവമൊരു"ദാനശാലി"ഞാന്‍
ആട്ടിയെന്നുടെയഹന്ത,ഏകി നീ
ചേണെഴുന്ന വരമന്നു വാമന!"

എപ്പോഴും തിരക്കിലായ എന്തിനൊക്കെയോവേണ്ടി തിരക്കു കൂട്ടുന്ന ആളുകളോട്‌, മഹാബലി ഒന്നും പറയാന്‍നിന്നില്ല. എങ്കിലും കുട്ടികള്‍ ഒരുക്കിയ പൂക്കളങ്ങള്‍ അദ്ദേഹത്തിനൊരാശ്വാസമായിരുന്നു.
മഹാബലി കുട്ടികളോട്‌

കുഞ്ഞുങ്ങളേ, നിങ്ങളൊരുക്കിടുന്ന
പാല്‍പ്പുഞ്ചിരിപ്പൂവഴിയും കളത്തില്‍
മാവേലി ഞാന്‍, തേടിയലഞ്ഞൊടുക്കം
സമത്വഭാവം കണികണ്ടിടുന്നൂ.

മുക്കുറ്റിമന്ദാരകചെമ്പരത്തി
വേലിയ്ക്കെഴും നല്ലതിരാണിയൊപ്പം
ഒന്നല്ല വര്‍ണ്ണം, പലതാം വലിപ്പം
വിളങ്ങിനില്‍പ്പാണവരൊന്നുപോലെ!!


കൂട്ടരേ, ഇത്രടം വന്നില്ലേ, സന്തോഷമായി. ഇനി ഞങ്ങളുടെ വക കുറച്ചു പഞ്ചാരപ്പായസം കൂടിയുണ്ടേ...രണ്ടു പോസ്റ്റ്‌ താഴേയാണെന്നു മാത്രം :-).