Sunday, January 24, 2010

ഗോപികാജീവനം

പ്രാതസ്സന്ധ്യയിലും പ്രദോഷസന്ധ്യയിലും വിളക്കുവെച്ചു നാമം ജപിക്കുക എന്നതു ഒരു ശീലമായിരുന്നു. ഇന്നും ഇതു മുടങ്ങാതെ തുടരുന്ന വീടുകളും കുടുംബങ്ങളും ഉണ്ടു്. വലിയവര്‍ ചൊല്ലുന്ന സ്തുതികളിലൂടെ കൊച്ചുകുട്ടികള്‍ക്ക് ഭാഷയും ഈണവും ഭക്തിയും വിശ്വാസവും പകര്‍ന്നുകിട്ടിയിരുന്നു. വീട്ടില്‍ ഒരുമയും ശാന്തിയും പുലരാനും ഈ ശീലം സഹായിച്ചിരുന്നിരിയ്ക്കാം.

പരമ്പരയാ ചൊല്ലിക്കേട്ടു പകര്‍ന്നുകിട്ടിയ ഒരു സ്തുതി


ഗോപികാജീവനം


കൃഷ്ണമയം തന്നെയായിരുന്നു ഗോപികകമാരുടെ ഓരോദിവസവും.


ഗോപികാജീവനം ഇവിടെ കേള്‍ക്കാം



അമ്മമാര്‍ കുഞ്ഞുകുട്ടികളെ ഊട്ടാനും ഉറക്കാനും ഒക്കെ ഇതു ചൊല്ലാറുണ്ടായിരുന്നു.

പ്രത്യുഷസ്സിലുത്ഥിതരായ് കൈകഴുകി ഭദ്രദീപം
കത്തിച്ചുടന്‍ കട്ടത്തയിര്‍ കടഞ്ഞിടുമ്പോള്‍
ആമോദമോടമ്പാടിയില്‍ പെണ്‍‌കിടാങ്ങള്‍ പാടീടുന്നു
രാമകൃഷ്ണദാമോദര...എന്നിപ്രകാരം.

ബാലസൂര്യരശ്മിജാലമൊത്തപൊന്നിന്‍ ചൂലുകൊണ്ടു
കാലത്തണിമുറ്റമെല്ലാമടിച്ചീടുമ്പോള്‍
സാമഗാനം ഗോപാലകബാലികമാര്‍ പാടീടുന്നു
രാമകൃഷ്ണാദാമോദര എന്നിപ്രകാരം

ആരാമത്തില്‍ നിന്നറുത്തുകൊണ്ടുവന്ന പുഷ്പങ്ങള്‍ കൊ-
ണ്ടാരമ്യമാം വണ്ണമുണ്ടമാലകെട്ടുമ്പോള്‍
തൂമിഴിനീര്‍ തൂകിക്കൊണ്ടു ഗോപികമാര്‍ പാടീടുന്നു
രാമകൃഷ്ണദാമോദര എന്നിപ്രകാരം

നെല്ലുകുത്തിയരിയാക്കിക്കല്ലുരലിലിട്ടമച്ചു
നല്ലവണ്ണം പുത്തന്മുറം കൊണ്ടു ചേറുമ്പോള്‍
പ്രേമപൂര്‍വ്വം ഗദ്ഗദത്തില്‍ ഗോപസ്ത്രീകള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

അമ്മുണ്ണിത്തം കൊണ്ടുണ്ണുവാന്‍ കൂട്ടാക്കാത്ത സോദരിതന്‍-
പൊന്നുണ്ണിയെ പുന്നാരങ്ങള്‍ ചൊല്ലിയൂട്ടുമ്പോള്‍
മെയ്‌മറന്നുകൊണ്ടിടയപ്പെണ്‍കുട്ടികള്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം

ഉത്സാഹത്തോടിടനേരം ജോലികഴിഞ്ഞുണ്ണികളെ
ഉത്സംഗത്തില്‍കേറ്റിവെച്ചു താലോലിക്കുമ്പോള്‍
സോമമുഖിമാരാം വ്രജകന്യകമാര്‍ പാടീടുന്നു
രാമകൃഷ്ണ ദാമോദര എന്നിപ്രകാരം

വാശിമൂലം കേണീടുന്നപൈതലിനെതോഷിപ്പിക്കാന്‍
പേശലമതിന്‍‌തുടമേല്‍ മെല്ലെക്കൊട്ടുമ്പോള്‍
ഓമനിച്ചും കൊണ്ടു ഗോപസുന്ദരിമാര്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം

വീട്ടിലേക്കു പൈക്കൂട്ടത്തെയോരോന്നായി കാട്ടില്‍നിന്നും
ആട്ടിത്തെളിച്ചന്തിനേരം കൊണ്ടുപോരുമ്പോള്‍
സീമയറ്റ ഭംഗിയോടെ വല്ലവിമാര്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം

ശ്രദ്ധയോടേ സന്ധ്യകളില്‍ സന്ധ്യപോലെ നിത്യ പരി-
ശുദ്ധകളാം ധേനുക്കളെ കറന്നീടുമ്പോള്‍
രോമോത്സവം പൂണ്ടു ഗോപകന്യകമാര്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

വൈകുന്നേരം കേളികഴിഞ്ഞെത്തിടുന്നബാലന്മാരെ
മെയ്‌കഴുകിച്ചാഭരണം ചാര്‍ത്തിച്ചീടുമ്പോള്‍
കോള്‍മയിര്‍ക്കൊണ്ടത്യുച്ചത്തില്‍ വല്ലവികള്‍ പാടീടുന്നു
രാമകൃഷ്ണ ദാമോദര എന്നിപ്രകാരം

പൊന്‍‌കുടത്തില്‍ വെള്ളം മുക്കിക്കാളിന്ദിയില്‍ നിന്നും കേറ്റി
പൂങ്കാവിലെപ്പൂച്ചെടിക്കു നനച്ചിടുമ്പോള്‍
പ്രേമസ്മിതം തൂകിക്കൊണ്ടു ചന്ദ്രാവലി പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

അമ്മയുടെ കല്‍പ്പനയാല്‍ സന്ധ്യക്കങ്ങുകുറിയിട്ടു
നന്മയേറുന്നൊരു മഹാമന്ത്രം ചൊല്ലുമ്പോള്‍
വ്യാമോഹത്താല്‍ ശ്രീരാധിക മന്ത്രം മാറി പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

തൊട്ടികളില്‍ മെത്തവിരിച്ചന്തിനേരം കിടത്തിയ
കുട്ടികളെ മന്ദമാട്ടിയുറക്കീടുമ്പോള്‍
കോമളമാം ശാരീരത്തില്‍ ഗോപസ്ത്രീകള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

പുണ്യവൃന്ദാവനത്തിങ്കല്‍ പൂര്‍ണ്ണചന്ദ്രവെണ്ണിലാവില്‍
പൊന്നുഴിഞ്ഞാല്‍പ്പൂമ്പടിമേല്‍ കേറിയാടുമ്പോള്‍
ശ്യാമളനെച്ചിന്തിച്ചായര്‍പ്പെണ്മണികള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

പൂമെത്തയില്‍ കിടന്നിട്ടും തെക്കന്‍ കുളിര്‍കാറ്റേറ്റിട്ടും
കാമം മൂലം നിദ്രവരാന്‍ താമസിക്കുമ്പോള്‍
യാമിനിയില്‍ ദീര്‍ഘകാലം ഗോപികമാര്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
********************************************

Friday, January 22, 2010

വൃന്ദാരണ്യത്തില്‍ വാണൊരു കൃഷ്ണാ

പ്രാതസ്സന്ധ്യയിലും പ്രദോഷസന്ധ്യയിലും വിളക്കുവെച്ചു നാമം ജപിക്കുക എന്നതു ഒരു ശീലമായിരുന്നു. ഇന്നും ഇതു മുടങ്ങാതെ തുടരുന്ന വീടുകളും കുടുംബങ്ങളും ഉണ്ടു്. വലിയവര്‍ ചൊല്ലുന്ന സ്തുതികളിലൂടെ കൊച്ചുകുട്ടികള്‍ക്ക് ഭാഷയും ഈണവും ഭക്തിയും വിശ്വാസവും പകര്‍ന്നുകിട്ടിയിരുന്നു. വീട്ടില്‍ ഒരുമയും ശാന്തിയും പുലരാനും ഈ ശീലം സഹായിച്ചിരുന്നിരിയ്ക്കാം.

പരമ്പരയാ ചൊല്ലിക്കേട്ടു പകര്‍ന്നുകിട്ടിയ ഒരു സ്തുതി

വൃന്ദാരണ്യത്തില്‍ വാണൊരു കൃഷ്ണാ
സൌന്ദര്യത്തിന്റെ സത്തായ കൃഷ്ണാ
ഇന്ദുചൂഡനും ബ്രഹ്മനുമെല്ലാം
വന്ദിച്ചീടുന്ന ലോകൈകനാഥാ
ആടിപ്പാടിവരുന്നൊരു നിന്റെ
മോടിയേറിന കോമളരൂപം
തേടിത്തേടി വലഞ്ഞുഞാന്‍ കണ്ണാ
ഓടി വന്നീടുകെന്മുന്നില്‍ വേഗം
പീലി തന്നീടാം മൌലിയില്‍ ചാര്‍ത്താന്‍
കോലുതന്നീടാം പൈക്കളെ മേയ്ക്കാന്‍
കാലിലിട്ടുകിലുകിലെ യോടാന്‍
ചേലേറീടും ചിലമ്പുകളേകാം
മാലോകരുടെ മാലകറ്റീടാന്‍
ബാലകൃഷ്ണാ വരികെന്നരികില്‍
നന്മയേറിയ നാമവെണ്ണയും
മേന്മയേറിയ പ്രേമപ്പൈമ്പാലും
എന്മനസ്സായ കൊച്ചു കിണ്ണത്തില്‍
നിന്‍‌മുന്‍പിലിതാ വെച്ചു കാക്കുന്നൂ
മിന്നും നിന്നുടെ പൊന്നുകരത്താല്‍
വന്നെടുത്തമൃതേത്തു കഴിപ്പാന്‍
പൊന്നോമനേ നീ തെല്ലും മടിയാ-
തൊന്നുവേഗം വരികെന്നരികില്‍
എന്നുമീമട്ടില്‍ വെണ്ണപാലെല്ലാം
തന്നീടാമെന്റെ കാര്‍മുകില്‍ വര്‍ണ്ണാ
എന്നുമെന്നുടെ ഹൃത്താരില്‍ വാഴൂ
പൊന്നുമാരുതമന്ദിരവാസാ
ഉല്ലാസത്തോടെ നിന്‍പാദപദ്മം
നല്ലോണം ഹൃദി ലാളന ചെയ്‌വാന്‍
എല്ലായ്പ്പോഴും തിരുനാമമോതാന്‍
കല്യാണാലയ കാരുണ്യമേകൂ..

ഈ സ്തുതി ഇവിടെ


കേള്‍ക്കാം

Thursday, January 21, 2010

‘കുട്ടിപ്പുലിക്കളി’.

വാരഞ്ചും പികകാകളീസ്വരിതവും കേ, ളാരവം കേകയും
നേരില്‍ക്കാണ്‍ക വസന്തമാലിക പരം മത്തേഭമോടുന്നതും
നേരുന്നൂ ചെറുപുഷ്പിതാഗ്രലതയും നാസയ്ക്കു സൌഗന്ധിക-
പ്പൂരം താ, നിതുകാണ്‍ക കാവ്യവനികാശാര്‍ദ്ദൂലവിക്രീഡിതം!

ഇതൊരു കുട്ടിപ്പുലിക്കളിയാണ്. അമ്മപ്പുലിക്കളി കാണണമെങ്കില്‍
ശ്രീ. കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരിയുടെ, താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം വായിക്കൂ.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ‘മാതൃശ്ലോകം’ താഴെക്കൊടുത്തിരിക്കുന്നു. മുകളിലുള്ളതു ‘കുട്ടിശ്ശ്ലോകം’
.

വാരഞ്ചും പികകാകളീസ്വരിതമി,ല്ലക്കേകയും വിട്ടുപോയ്‌
നേരാ,ണില്ല വസന്തമാലിക പരം മത്തേഭമുദ്ധൂതമായ്;
വേരറ്റൂ ചെറുപുഷ്പിതാഗ്രലതയും ശാര്‍ദൂലവിക്രീഡിതം-
തീരെപ്പോയ് വനമിന്നഹോ കവനവും വിദ്ധ്വസ്തവൃത്താത്മകം.

Wednesday, January 20, 2010

കല്യാണശ്ലോകം

മന്ദമെന്നുടെ കരം പിടിച്ചു മനതാരിലീശ്വരനെയോര്‍ത്തുകൊ-
ണ്ടിന്ദുവാരശുഭനാളിലെന്‍‌ജനകനേകവേ വരകരങ്ങളില്‍
വന്ദ്യനായപരമേശ്വരന്നുമയെനല്‍കിടുന്ന ഹിമവല്‍‌പിതാ-
വെന്നപോലെ കൃതകൃത്യനായ് മമ വരന്നു നല്‍കി പരമാദരം !


Tuesday, January 19, 2010

മടക്കം

മടക്കച്ചീട്ടുമായ് വന്നി-
ട്ടിന്നേയ്ക്കാണ്ടുകളെത്രയോ
കൊഴിഞ്ഞുപോകിലും തോന്നീ
യിന്നാണെന്റെ പിറന്നനാള്‍.
“ഇന്നാണു നിന്‍ പിറന്നാളെ-
ന്നോതിയിംഗ്ലീഷ് കലണ്ടറും”
“മകരത്തില്‍ പുണര്‍തം താന്‍
നിന്‍പിറന്നാള്‍ മറക്കൊലാ
കുളിച്ചും തൊഴുതും നാലാള്‍-
ക്കൂണ്‍ വിളമ്പിയുമുണ്ണണം
സമ്മാനം വാങ്ങിയിട്ടല്ലാ
പിറന്നാള്‍വട്ട; മോര്‍ക്കണം”
അമ്മയോതീ, “മറക്കാതെ
നമിക്കേണം പിതാവിനെ”.....

ഈവിധം മാനസം വീണ്ടും
പിറന്നാള്‍വട്ടമാക വേ
പിറപ്പും പിറവിതന്‍ കാ-
ത്തിരിപ്പും മാത്രമോര്‍ക്കവേ
മടക്കച്ചീട്ടിന്റെ കാര്യത്തെ
യോര്‍മ്മിപ്പിച്ചൂ മഹാന്‍ സുഹൃത്
കാലമെത്തുമെനിയ്ക്കിപ്പോള്‍
കാലം കാല്‍ നീട്ടിവെയ്ക്കയാല്‍
കാക്കേണമൊട്ടുനാളെന്നു
ചൊല്ലാനാവില്ല, യാകയാല്‍
ഒരുക്കം വേണ്ടാത്തയാത്രയ്ക്കാ-
യൊരുങ്ങിത്താനിരിപ്പുഞാന്‍!

Thursday, January 14, 2010

സ്വസ്തി തേ സൂര്യ!

സൂര്യന്‍ ഉത്തരായണത്തിലേയ്ക്കു സംക്രമിക്കുന്നു.



നന്മ, നിന്നരുണവീചിജാലമതിലൂടെ വിസ്തരണമേല്‍ക്കയാല്‍
നന്മണിക്കതിരുലബ്ധമായിതു മരീചിമാലി! ഭവദാശയാ
കണ്മണിയ്ക്കു കണിയായതും പ്രസവിതാവു നീ ദിവസദേവതേ-
യിന്നുസംക്രമണദിവ്യവേള; യതു സംക്രമന്മകരദീപമായ്!

[സംക്രമം, പൊങ്കല്‍, മകരജ്യോതി]

Saturday, January 09, 2010

നവവത്സരാശംസകള്‍

ഇത്തവണ ആതിരപ്പെണ്ണു താലമേന്തിവരവേറ്റു പുതുവര്‍ഷത്തെ-

അതൊരു ശ്ലോകമാക്കി, കുസുമമഞ്ജരി വൃത്തത്തില്‍-

കാലചക്രഗതി കാണ്‍ക ഭാനുശശിവാ‍നതാരകപരിക്രമം
താലമേന്തിയണയുന്നുവീണ്ടുമിവളാര്‍ദ്ര മംഗളവിശുദ്ധയായ്
ദോലയാടിയുയരുന്നപോലെ വരുമെന്നതാണുസുഖദുഃഖമെ-
ന്നാലപിച്ചു പുതുവത്സരപ്പുലരിയേകിടട്ടെ നവദര്‍ശനം!