Friday, May 27, 2016

ജിഷമാരും നേതാക്കളുടെ വാക്കും അഥവാ മലയാളമേ ലജ്ജിക്കുക

 [പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ അച്ഛനുമമ്മക്കും നീതികിട്ടട്ടെ എന്ന പ്രാര്‍ഥനയോടെ ..]

പി.കെ. ശ്രീമതിടീച്ചറിന്റെ ഇംഗ്ലീഷിനെപ്പറ്റി ഞാന്‍ കുറ്റം പറയില്ല. കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിഞ്ഞേതീരൂ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാര്‍ക്കും മലയാളം നേരാംവണ്ണം അറിയേണ്ടതല്ലേ?

നിസ്സാരമല്ലാത്ത കാര്യമാണവര്‍ ഇക്കഴിഞ്ഞദിവസം പറഞ്ഞത്- "ഇനിയും ജിഷമാര്‍ ഉണ്ടാകരുത് " എന്ന്.  പെരുമ്പാവൂരില്‍ വീട്ടിനുള്ളില്‍ വെച്ചാണ് ജിഷ എന്ന കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടത്. ജിഷമാര്‍ ഉണ്ടാകരുത് എന്നുകരുതിയാണോ ആ കുട്ടിയെ കൊന്നുകളഞ്ഞത്? ഇനിയും ആ പേരുള്ള എത്രയോ വനിതകളും കുട്ടികളും കേരളത്തിലും പുറത്തുമായി ഉണ്ടാവില്ലേ? അവരൊക്കെ എന്തു തെറ്റുചെയ്തു? ടീച്ചര്‍ പറഞ്ഞത് ഒന്നുകൂടി മനസ്സിരുത്തിവേണമായിരുന്നു.
ടീച്ചറെ മാത്രം കുററം പറഞ്ഞാല്പോരാ..... സഖാവ് പിണറായി പറഞ്ഞതു ചാനലുകളില്‍ പലവുരു കേട്ടു -"ഇനിയും ജിഷമാര്‍ ഉണ്ടായിക്കൂടാ" എന്ന്. 
മലയാളമേ ലജ്ജിക്കുക 

"പെരുമ്പാവൂര്‍സംഭവം ഇനിയും ആവര്‍ത്തിക്കരുതെന്നോ ജിഷക്കുണ്ടായതുപോലെ ഒരു അനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാവരുതു എന്നോ അല്ലെ ഉത്തരവാദപ്പെട്ടവര്‍ പറയേണ്ടത്? പ്രത്യേകിച്ചും തലപ്പത്തുള്ളവരുടെ വാക്കുകള്‍ എണ്ണമറ്റ ചാനലുകളില്‍ ദിവസങ്ങളോളം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍.എല്ലാ    മലയാളികളോടും ചുരുങ്ങിയപക്ഷം എല്ലാ ജിഷമാരോടും മാപ്പുപറഞ്ഞേതീരൂ  കൊലയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ തെറ്റിപ്പറഞ്ഞവര്‍. 

Monday, October 14, 2013

യാ ദേവീ സർവ്വഭൂതേഷു
അമ്മയാണാദിപരാശക്തി”- നിത്യവും
നിർമ്മലാനന്ദം തരുന്നതീ ഭാവന
ആദ്യാക്ഷരം കുറിച്ചപ്പൊഴേ നാവിലെ-
ന്നോംകാരമന്ത്രത്തൊടൊപ്പം ഹരിഃശ്രീയും
സ്വർണ്ണവർണ്ണങ്ങളിൽക്കുത്തിക്കുറിക്കവേ
യച്ഛൻ പഠിപ്പിച്ചതെന്തായിരിയ്ക്കണം?
ഗീർവ്വാണകൈരളീഭേദങ്ങളൊക്കെയും
വാഗ്ദേവിതന്നുടയാടകളെന്നതോ
മിന്നുമുടയാടയേതേതു വർണ്ണമോ
വർണ്ണിപ്പതിന്നായസാധ്യമാണെന്നതോ
ഉണ്മയിൽ ചേരേണമേതൊരു വാണിയും
തത്പ്രാണമന്ത്രപ്രണവനാദം പോലെ
പ്രാണപ്രയാണസമേതമാണേവനും
വാക്കുരിയാടുവാൻ ശക്തനാവുന്നതും
മദ്ധ്യമാവൈഖരീഭേദങ്ങൾ ഭൌതികം
ലക്ഷ്യമാകുന്നതനാദിപ്പരമ്പൊരുൾ;
എന്നതുമാട്ടേ- “നിനക്കമ്മ തന്നിടും
മാധുര്യമിപ്പോൾ നുണഞ്ഞുവെച്ചേക്കുക
എന്നതുമാത്രമാണന്നത്തെപ്പൈതലിൻ
നാവിൽക്കുറിച്ചതിൻസ്വാദെന്നതോർപ്പു ഞാൻ
എന്തതിന്നർഥമെന്നോർത്തതേയില്ല ഞാ-
നമ്മതന്നങ്കത്തിലാവുകകാരണം
യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ|“
അച്ഛന്റെയിച്ഛപോലമ്മ മലയാള
ഭാഷ, ഗൈർവാണിയോ യെന്നൊരു ഭേദവും
തോന്നിയതില്ലതുമെന്നല്ല, യമ്മതൻ
പ്രാണനായ്ക്കണ്ടമന്ത്രാക്ഷരസംസ്കൃതം
അമ്മതന്നങ്കത്തിലാത്മാനുഭൂതിപോ-
ലെന്തോ നുണഞ്ഞുനുണഞ്ഞിരിക്കുമ്പൊഴും
തേനിറ്റിനിയമലയാളഭാഷയും
വാസനാസമ്പുഷ്ടമായഗൈർവ്വാണിയും
വാസന്തസമ്പത്സമൃദ്ധിയിലെന്നപോ-
ലമ്മപകർന്നു, നുകർന്നുനിന്നേനിവൾ
അമ്മയാണാദിപരാശക്തി” – നിത്യവും
നിർമ്മലാനന്ദം തരുന്നതീഭാവന!
 ---
ഇന്നു വിജയദശമി 

Wednesday, May 29, 2013

Friday, September 09, 2011

ഭര്‍ത്താവും ഭാര്യയും

എന്തുപറഞ്ഞാലും അതിന്റെ വിപരീതം പറയാന്‍ ഒരു രസമുണ്ടായിരുന്ന കാലം. ഏട്ടന്മാരുടെയെല്ലാം മലയാളപാഠപുസ്തകത്തിലെ ‘വിപരീതം’ എഴുതുക എന്ന അഭ്യാസം രണ്ടാംക്ലാസുകാരിയുടെ വിനോദമായിരുന്നു.


ഇരുട്ട് - വെളിച്ചം

സത്യം - അസത്യം

സുഖം - ദുഃഖം

ശീതം - ഉഷ്ണം

ഉച്ചം - നീചം

പുരാതനം - നവീനം ഈ ഘട്ടമെല്ലാം കടന്ന്,

പണ്ഡിതന്‍ - പാ‍മരന്‍

യാഥാസ്ഥിതികന്‍ - ഉത്പതിഷ്ണു എന്നഘട്ടത്തിലേയ്ക്കു പുരോഗമിച്ചകാലം.

അങ്ങനെയിരിക്കെ ഒരുദിവസം നാലാം ക്ലാസുകാരന്‍ ചെറിയഏട്ടന്‍ ചോദിച്ചു. “എളുപ്പമുള്ള കുറച്ചുവാക്കുകള്‍ ഞാന്‍ പറഞ്ഞാല്‍ അതിന്റെ വിപരീതം പറയാമോ” എന്ന്.

അഭിമാനവും അഹങ്കാരവും നിറഞ്ഞ സ്വരത്തോടെ ഞാന്‍ ഞെളിഞ്ഞുനിന്നു.

ഏട്ടന്‍ ക്വിസ് മാസ്റ്ററുടെ ഭാവത്തോടെ ചോദ്യം തുടങ്ങി-

രാത്രി

രാവിലെ (എന്തുകൊണ്ട് ഉച്ച ആയിക്കൂടാ?)

ഗുരു

ശിഷ്യന്‍

അമ്മ

അച്ഛന്‍ (എന്തുകൊണ്ട് മകന്‍ ആയിക്കൂടാ?)

കുന്ന്

കുഴി (എന്തുകൊണ്ട് സമനിലം ആയിക്കൂടാ?)

സ്ലേറ്റ്

സ്ലേറ്റ്പെന്‍സില്‍

അമ്മാവന്‍

അമ്മായി

ഒന്നുരണ്ടുതവണ വല്യേട്ടന്‍ ഞങ്ങളുടെ കളി തടസ്സപ്പെടുത്താന്‍ശ്രമിച്ചു. ഒന്നു മിണ്ടാണ്ടിരിക്ക്ണുണ്ടോ? ഇതു വിപരീതമൊന്നുമല്ല. എല്ലാത്തിനും വിപരീതം ഉണ്ടാവില്ല. അമ്മ എന്നതിന്റെ വിപരീതം അല്ല അച്ഛന്‍. അമ്മാമന്‍ എന്നതിന്റെ വിപരീതമല്ല അമ്മായി. കള്ളന്‍ - എന്നതിന്റെ വിപരീതം കള്ളത്തി എന്നല്ലല്ലോ? കള്ളന്റെ എതിര്‍ലിംഗ പദമാണു കള്ളത്തി എന്നു പറഞ്ഞു. കള്ളന്റെ കാര്യം കേട്ടപ്പോള്‍ ഏതാണ്ടു കാര്യം മനസ്സിലായി.

അപ്പൊ മടിയന്‍ - മടിച്ചി

ചിത്രകാരന്‍ - ചിത്രകാരി

തൂപ്പുകാരന്‍ - തൂപ്പുകാരി എന്നിങ്ങനെ എതിര്‍ലിംഗപദങ്ങളുടെ ലിസ്റ്റും അടുക്കിക്കൂട്ടുക എന്നതൊരു ഹരമായിത്തുടങ്ങി.

എന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നത് എന്നല്ലേ?

അന്ന്, ഉണ്ടായിരുന്ന ഒരു ചെറിയ സംശയം ഇപ്പോഴും മാറിയില്ല. അറിവുള്ളവരുടെ അഭിപ്രായം അറിയാമല്ലോ എന്നുകരുതി ബ്ലോഗിലിടുന്നു-

ഭര്‍ത്താവ് എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യ എന്നാവുന്നതെങ്ങനെ?

ഭര്‍ത്താവ് - ഭരിക്കുന്നവന്‍

ഭര്‍ത്രീ - ഭരിക്കുന്നവള്‍

കര്‍ത്താവ് - കര്‍ത്രീ

കൂട്ടിവായിക്കാന്‍ : ഭാര്യ എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യന്‍.

Saturday, August 20, 2011

ആവണിപ്പൂക്കളം

മുക്കുറ്റി. പണ്ട് താളിലക്കുമ്പിളില്‍ എത്രയെത്ര മുക്കുറ്റിപ്പൂ പറിച്ചിരുന്നെന്നോ!

തെച്ചിപ്പൂങ്കുല

ഇതു കൃഷ്ണകിരീടം.
ഇതു ഇപ്പോഴത്തെ വീട്ടുമുറ്റത്തെ തെച്ചി
ഈ പൂവിനു പേരുണ്ടോ?
ഒരു പൂ വിടരുന്നു. പറിച്ചുകാണിച്ചാല്‍ ഹൃദയമാണെന്നു പറയില്ല.. വെണ്‍ചെമ്പരുത്തി.

Tuesday, August 16, 2011

നിശാഗന്ധി

പരിമളം പൊഴിച്ചിന്ദുസമ്മുഖം

ചിരിവിടര്‍ന്നപോലങ്കണാന്തികം
സുരസുമം നിശാഗന്ധി, കാണുവാന്‍
വരിക മത്സഖേ വന്നിതാവണി!