Monday, October 14, 2013

യാ ദേവീ സർവ്വഭൂതേഷു




അമ്മയാണാദിപരാശക്തി”- നിത്യവും
നിർമ്മലാനന്ദം തരുന്നതീ ഭാവന
ആദ്യാക്ഷരം കുറിച്ചപ്പൊഴേ നാവിലെ-
ന്നോംകാരമന്ത്രത്തൊടൊപ്പം ഹരിഃശ്രീയും
സ്വർണ്ണവർണ്ണങ്ങളിൽക്കുത്തിക്കുറിക്കവേ
യച്ഛൻ പഠിപ്പിച്ചതെന്തായിരിയ്ക്കണം?
ഗീർവ്വാണകൈരളീഭേദങ്ങളൊക്കെയും
വാഗ്ദേവിതന്നുടയാടകളെന്നതോ
മിന്നുമുടയാടയേതേതു വർണ്ണമോ
വർണ്ണിപ്പതിന്നായസാധ്യമാണെന്നതോ
ഉണ്മയിൽ ചേരേണമേതൊരു വാണിയും
തത്പ്രാണമന്ത്രപ്രണവനാദം പോലെ
പ്രാണപ്രയാണസമേതമാണേവനും
വാക്കുരിയാടുവാൻ ശക്തനാവുന്നതും
മദ്ധ്യമാവൈഖരീഭേദങ്ങൾ ഭൌതികം
ലക്ഷ്യമാകുന്നതനാദിപ്പരമ്പൊരുൾ;
എന്നതുമാട്ടേ- “നിനക്കമ്മ തന്നിടും
മാധുര്യമിപ്പോൾ നുണഞ്ഞുവെച്ചേക്കുക
എന്നതുമാത്രമാണന്നത്തെപ്പൈതലിൻ
നാവിൽക്കുറിച്ചതിൻസ്വാദെന്നതോർപ്പു ഞാൻ
എന്തതിന്നർഥമെന്നോർത്തതേയില്ല ഞാ-
നമ്മതന്നങ്കത്തിലാവുകകാരണം
യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ|“
അച്ഛന്റെയിച്ഛപോലമ്മ മലയാള
ഭാഷ, ഗൈർവാണിയോ യെന്നൊരു ഭേദവും
തോന്നിയതില്ലതുമെന്നല്ല, യമ്മതൻ
പ്രാണനായ്ക്കണ്ടമന്ത്രാക്ഷരസംസ്കൃതം
അമ്മതന്നങ്കത്തിലാത്മാനുഭൂതിപോ-
ലെന്തോ നുണഞ്ഞുനുണഞ്ഞിരിക്കുമ്പൊഴും
തേനിറ്റിനിയമലയാളഭാഷയും
വാസനാസമ്പുഷ്ടമായഗൈർവ്വാണിയും
വാസന്തസമ്പത്സമൃദ്ധിയിലെന്നപോ-
ലമ്മപകർന്നു, നുകർന്നുനിന്നേനിവൾ
അമ്മയാണാദിപരാശക്തി” – നിത്യവും
നിർമ്മലാനന്ദം തരുന്നതീഭാവന!
 ---
ഇന്നു വിജയദശമി