Wednesday, December 06, 2006

പൂന്തേന്മൊഴി

ശാസനാപാടവമുള്ള വമ്പന്‍ ഭാഷകള്‍ ചുറ്റും തിമിര്‍ക്കുമ്പോള്‍ കൈരളിയ്ക്‌ക്‍ കീചകന്റെ ചോദ്യത്തിനു മറുപടിപറയേണ്ടതുണ്ട്‌. സൈരന്ധ്രി (പാഞ്ചാലി) യായ കൈരളിയോട്‌‌ (ദു) സാഹസത്തിനു മുതിരുന്ന കീചക കവിയോട്‌ കൈരളിയുടെ മറുപടി

"പൂന്തേന്മൊഴീ"യെന്നു വിളിച്ചു ചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്‍
നമുക്കു നാമേ തുണയെന്നുകണ്ടാല്‍
കരുത്തുകാട്ടേണമതാണു ബുദ്ധി.

കൊള്ളലും കൊടുക്കലുമാവാം, എന്നാല്‍ വ്യക്തിത്വം പണയപ്പെടുത്തി വസ്ത്രാക്ഷേപം വരെക്കൊണ്ടെത്തിക്കാന്‍ കൈരളി നിന്നുകൊടുക്കില്ല, അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചു അവള്‍, കീചകനായാലും ശരി, വീമ്പിളക്കുന്ന ദുശ്ശാസനാദികളായാലും ശരി.

15 comments:

ജ്യോതിര്‍മയി said...
This comment has been removed by a blog administrator.
ജ്യോതിര്‍മയി said...

"പൂന്തേന്മൊഴി"

ശാസനാപാടവമുള്ള വമ്പന്‍ ഭാഷകള്‍ ചുറ്റും തിമിര്‍ക്കുമ്പോള്‍ കൈരളിയ്ക്‌ക്‍ കീചകന്റെ ചോദ്യത്തിനു മറുപടിപറയേണ്ടതുണ്ട്‌. സൈരന്ധ്രി (പാഞ്ചാലി) യായ കൈരളിയോട്‌‌ (ദു) സാഹസത്തിനു മുതിരുന്ന കീചക കവിയോട്‌ കൈരളിയുടെ മറുപടി

Sona said...

സ്ത്രി അബലയല്ല..അവളെ തൊട്ടു കളിച്ചാല്‍ അക്കളി..തീക്കളി..സൂക്ഷിച്ചോ...

ജ്യോതിര്‍മയി said...

സോനാ,

സ്വാഗതം:-)

അതെയതെ, ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍...:-) അങ്ങനെയാണോ?
ഹി ഹി ഹി

പുരുഷനല്ല സ്ത്രീയുടെ ശത്രു. സംസ്കാരമില്ലാത്ത മനസ്സും, അത്തരം മനസ്സുള്ളവരും ആണ്‌. അവര്‍ സ്ത്രീയുടെ മാത്രം ശത്രുവല്ലതാനും. മൊത്തം സമൂഹത്തിന്റേയും ശത്രുവാണ്‌.

kuttani said...

സ്ത്രീ ഒരു ജ്വാ‍ലയാണ്, സാന്ത്വനമാണ്, പുണ്ണ്യജന്മമാണ്, വിലാപകാവ്യമാണ്,തീയാണ്, പോരാ - തീപ്പന്തം തന്നെയാണ്!

വിഷ്ണു പ്രസാദ് said...

:)

Sona said...

“സ്ത്രി“ ഒരു മെഗാസീരിയലും കൂടെയാണേ..

Rajesh R Varma said...

അപ്പോ ഞാനാരാണെന്നാ പറഞ്ഞേ? കീചകനോ കവിയോ സംസ്കൃതമോ ഹിന്ദിയോ? (അടുത്തു നില്‍ക്കുന്ന തടിയനെ ചൂണ്ടി) ഇത്‌ മലയാളമോ സൈരന്ധ്രിയോ കവിതയോ? ആകെ കണ്‍ഫൂഷനായി.

ജ്യോതിര്‍മയി said...

"അപ്പോ ഞാനാരാണെന്നാ പറഞ്ഞേ? കീചകനോ കവിയോ സംസ്കൃതമോ ഹിന്ദിയോ? ആകെ കണ്‍ഫൂഷനായി".ഹാവൂ, കപി(വ)യിത്രി കൃതാര്‍ഥയായി:))


സൈരന്ധ്രിയായ കവിതയെ കീചകനെപ്പോലെ സമീപിച്ചുവോ കവി?

കൈരളിയായ സൈരന്ധ്രി കീചകോപകീചകന്മാരുടെ ഉപദ്രവം മനസ്സിലാക്കിയപ്പോള്‍, അബല എന്ന ചട്ടക്കൂടുപൊളിച്ച്‌ ആത്മബലം കൈമുതലാക്കി സ്വന്തം കാലില്‍ നില്‍ക്കുന്നു. കാണാമോ:))

സു | Su said...

"പൂന്തേന്മൊഴീ"യെന്നു വിളിച്ചു ചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്‍
നമുക്കു നാമേ തുണയെന്നുകണ്ടാല്‍
തോക്കെടുക്കേണമതാണു ബുദ്ധി”

എന്നായാലോ? ജ്യോതീ.

(ഞാന്‍ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറിക്കൊണ്ടിരിക്കുന്നു. ഹിഹിഹി)

chithrakaranചിത്രകാരന്‍ said...

സന്ദര്‍ഭം ശരിക്കു പിടികിട്ടിയില്ല. കഥകളിയാണൊ.. കഥപ്രസഗമാണോ , അതൊ പട പുറപ്പാടാണോ..??? ഈ കീചകനെയും ഒരു സ്ത്രീ ജന്മം കൊടുത്തതല്ലെ..? പുരുഷനോടു യുദ്ധം പ്രഖ്യാപിക്കാതെ മൂല്യച്യുതിക്കെതിരെ യുദ്ധം ചെയ്യു... പുരുഷനോടു യുദ്ധം ചെയ്യുന്നവര്‍ക്ക്‌ മസിലുരുട്ടുന്ന നപുംസകമാകാനാണു യോഗം..!! (ചിത്രകാരന്റെ കമന്റ്‌ സന്ദര്‍ഭത്തിനു യോജിക്കുന്നില്ലെങ്കില്‍ പൊറുക്കുക)

ഉമേഷ്::Umesh said...

ചിത്രകാരന്റെ സംശയം ന്യായം (അതിനു ശേഷം പറഞ്ഞതു് അന്യായവും :))

അക്ഷരശ്ലോകപ്രേമികളുടെ ഒരു യാഹൂഗ്രൂപ്പുണ്ടു്. അവിടെ അക്ഷരശ്ലോകക്രമത്തില്‍ ആളുകള്‍ ശ്ലോകങ്ങളയയ്ക്കും. 3500-നടുത്തു ശ്ലോകങ്ങളായി ഇപ്പോള്‍. ഇവിടെ കുറേ വിവരങ്ങളുണ്ടു്.

സ്വന്തമായി എഴുതുന്ന ശ്ലോകങ്ങളും അയയ്ക്കാം. അവിടെ രാജേഷ് വര്‍മ്മ ഈ ശ്ലോകം എഴുതിയയച്ചു:

പാഞ്ചാലിയെക്കീചകനെന്നപോലെ
പുണര്‍ന്നിടാനായണയുന്നിതാ ഞാന്‍
പൂന്തേന്‍മൊഴീ, കാവ്യമനോഹരീ, നിന്‍
പൂമേനിയെന്തിത്ര കഠോരമാവാന്‍?


അതിന്റെ മറുപടിയായാണു് ജ്യോതി ഈ ശ്ലോകം എഴുതിയതു്. (അതിനു തൊട്ടു പുറകില്‍ ബാലേന്ദുവും ഒരു സരസശ്ലോകം മറുപടിയായി അയച്ചിരുന്നു.)

ഈ ശ്ലോകങ്ങളെ സദസ്സില്‍ കാണണമെങ്കില്‍ ഇവിടെ നോക്കൂ. രാജേഷിന്റെ ശ്ലോകം #1241. ജ്യോതിയുടേതു് #1261.

ചിത്രകാരന്‍ പറഞ്ഞതു ശരിയാണു്. ജ്യോതിയുടെയും രാജേഷിന്റെയും കമന്റുകള്‍ വായിച്ചിട്ടു് സന്ദര്‍ഭമറിയാതെ ആളുകള്‍ ചുറ്റിപ്പോകും.

chithrakaranചിത്രകാരന്‍ said...

thank u Umesh....

Rajesh R Varma said...

കവിതക്കേസാണോ? സമാധാനമായി. എന്റെ വിശദീകരണം ഒന്നു കേട്ടിട്ട്‌ തോക്കെടുക്കുകയോ ചുടുകയോ ഒക്കെ ആയിക്കോളൂ.

ജ്യോതീ, ജ്യോതി വിചാരിക്കുന്നതുപോലെയൊന്നുമല്ല, ഇവളാളു മഹാ പിശകാ. കണ്ണും കയ്യും കാണിച്ച്‌ എന്നെ മയക്കി രാത്രിയില്‍ നാടകശാലയില്‍ വന്നാല്‍ സൗകര്യമായിട്ടു കാണാമല്ലോ എന്നു പറഞ്ഞു വരുത്തി. എന്നിട്ട്‌ പെണ്‍വേഷം കെട്ടിയ ഈ തടിമാടനെക്കൊണ്ട്‌ എന്റെ കഴുത്തിനു പിടിപ്പിച്ചു. ഇവള്‍ പണ്ടേ പോക്കാ. കുഞ്ചന്‍ (പാലഞ്ചും മൊഴിതന്നപാംഗവലയില്‍ ചാടീട്ടുഴന്നേന്‍), ചങ്ങമ്പുഴ (കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടൂ നീ ലളിതേ), വയലാര്‍ (പ്രാണപ്രേയസി കാവ്യകന്യ കവിളത്തൊന്നുമ്മവെച്ചീടവേ), വി.കെ.ജി (കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്നാപ്പെണ്ണിന്‍ നീലക്കടക്കണ്‍ മുനപതിയുവതിന്നാശയാലെത്തിനോക്കും) എന്നുവേണ്ട ചുള്ളിക്കാടുവരെ (കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും) ആരോടു വേണമെങ്കില്‍ ചോദിച്ചു നോക്ക്‌.

പലഭാഷകള്‍ ചേര്‍ന്ന് കൈരളിയെ പീഡിപ്പിച്ചു എന്നു പറയപ്പെടുന്ന (ഈയാരോപണത്തിന്റെ വാസ്തവത്തെപ്പറ്റി കാര്യമായ സംശയമുണ്ടെനിക്ക്‌) മറ്റേക്കേസുമായി, ഗുരുവായൂരപ്പനാണെ, എനിക്കൊരു ബന്ധവുമില്ല. ഞാന്‍ ആ ഭാഗത്തെങ്ങും പോയിരുന്നില്ല. അഞ്ചു പൊണ്ണന്മാര്‍ ഭര്‍ത്താക്കന്മാരുള്ള നിലയ്ക്ക്‌ ഇവള്‍ക്ക്‌ കരുത്തുകാണിക്കുകയോ കുരുത്തക്കേടുകാണിക്കുകയോ ഒന്നും വേണ്ടല്ലോ, അവന്മാരോടൊന്നു കണ്ണുകാണിച്ചാല്‍ മതിയാവും. എന്നെ വെറുതെ വിടണം.

Anonymous said...

"bhaarya" enna padaththinte ethiRlinggam "bharithan" ennum "bhaRththA"vintEthu "bharthRI" ennumallE? angganeyANO skULil paRanjnjuthannathu? athukoNTallE I buddhimuTTokke?
"achchhanAchArya,nammadaivam"