Thursday, August 23, 2007

ഞാന്‍ നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാം

ജ്യോതീ നിനക്കു സംസ്കൃതം ശരിയ്ക്കറിയുമോ?
ചോദ്യം ഞാന്‍ കേട്ടില്ലെന്നു നടിച്ചു.

പക്ഷേ വേറേ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ കലപിലകൂട്ടാന്‍ തുടങ്ങി-
മലയാളം എനിയ്ക്കു ശരിയ്ക്കറിയുമോ?
പിന്നറിയാതെ! എന്നു പറയാനൊരുമ്പെട്ടു- വരട്ടെ- ഒന്നാലോചിച്ചുപറയാം.

ആട്ടെ- “കളിയ്ക്കുക” ഈ വാക്കിന്റെ അര്‍ഥം എന്താണ്?
ഹാവു, ഇത്രേള്ളൂ, കളിക്കുക എന്നുവെച്ചാല്‍ കളിക്കുക. എന്നുവെച്ചാല്‍ ‘റ്റു പ്ലേ’
മലയാളം ചോദിക്കുമ്പോള്‍ ഇംഗ്ലീഷുപറഞ്ഞാല്‍ പോരല്ലോ. കളിക്കുക എന്ന വാക്കിന്റെ മലയാളവിശദീകരണം-

ഉദാഹരണത്തിന്... ഒരാള്‍ ഒരു പന്തെടുത്ത്, കുറച്ചുദൂരെ ഒരു വടിനിലത്തുകുത്തിപ്പിടിച്ചുകൊണ്ട് മറ്റു മൂന്നുവടികളെ സംരക്ഷിച്ചുനില്‍ക്കുന്ന ഒരുവനെ ലക്ഷ്യമാക്കി എറിയുകയും, ആ പന്ത് അടുത്തെത്തുമ്പോള്‍ കുറ്റികളെ സംരക്ഷിച്ചുകൊണ്ടെന്നപോലെ നിന്നയാള്‍ പന്തിനെ വീശിയടിക്കുകയും ആ അടികൊണ്ടു തെറിക്കുന്ന പന്തിന്റെ പിന്നാലെ മറ്റുചിലര്‍ ഓടുകയും ......ഇതൊക്കെ കണ്ടാല്‍ അവര്‍ ‘കളിയ്ക്കുക’ ആണെന്നുമനസ്സിലാക്കണം.

അതു ക്രിക്കറ്റു കളിയാണെങ്കിലല്ലേ? വെറുതേ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം എന്താ?
ഒരു കുഞ്ഞ് ഒരു പാവക്കുട്ടിയെ എടുത്ത് അതിനോടു കൊഞ്ചിക്കൊഞ്ചി... “നോഡി..കരയണ്ടാട്ടോ...നൂഡിത്സ് ഇപ്പൊ തരാലോ...” എന്നുപറഞ്ഞ്‌ നൂഡിത്സ് വിളമ്പിയഭിനയിക്കുന്നതുകണ്ടാല്‍ ആ കുഞ്ഞും ‘കളിയ്ക്കുക’ ആണെന്നുപറയാം.

അപ്പൊ പന്തെറിയലും അടിച്ചുതെറിപ്പിക്കലും മാത്രമല്ല ‘കളിയ്ക്കുക’ എന്നുപറഞ്ഞാല്‍.
അതായത്, ലോകത്ത് എത്രതരം കളികളുണ്ടോ അതൊക്കെ എങ്ങനെ ഏതെല്ലാം ക്രിയകളിലൂടെ നടക്കുന്നു...അതൊക്കെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥമാണ്. പക്ഷേ ലോകത്തെ എല്ലാ കളികളും എനിയ്ക്കറിയില്ല. എന്നാലും ‘കളിയ്ക്കുക’ എന്നുപറാഞ്ഞാല്‍ എനിയ്ക്കറിയാം.

എന്നാല്‍ പറയൂ... അതുതന്നെയാണല്ലോ ചോദിച്ചുകൊണ്ടിരുന്നത്- വെറുതേ രസത്തിനുവേണ്ടി വിനോദത്തിനുവേണ്ടി ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നു നടത്തുന്ന ചില നിയമങ്ങള്‍ അനുസരിച്ചുനടക്കുന്ന ഒരു ഏര്‍പ്പാടിനെ ‘കളിയ്ക്കുക’ എന്നവാക്കുകൊണ്ട് സൂചിപ്പിക്കാം.
അപ്പോള്‍ കളിയ്ക്കിടെ വഴക്കും വക്കാണവും ഉണ്ടായാല്‍ അതിനെ കളി എന്നു പിന്നെ വിളിക്കാന്‍ പാടില്ലെന്നുവരില്ലേ? എല്ലാവരും വിനോദത്തിനുവേണ്ടിമാത്രമല്ല കളിയ്ക്കുന്നത്. അപ്പൊ പിന്നെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം?

ഇനിയും ഒരു പന്ത്രണ്ടുത്തരവും കൂടി തലയില്‍ ക്യൂ നില്‍ക്കുന്നു...നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാന്‍ ഇത്രയും പോരേ?





19 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഈ “അവസാനത്തെ കളി” കളിക്കുന്നവര്‍ക്ക് കളി പഠിപ്പിക്കണം ..അതല്ലെ വേണ്ടെ?

Nachiketh said...

“ നിരര്‍ത്ഥകമായതിനെക്കാള്‍...... നല്ലതല്ലേ നിരവധി അര്‍ത്ഥങ്ങളുള്ളത് ”

Haree said...

എനിക്ക് കണ്‍ഫ്യുഷന്‍ ആയില്ല...
ബാക്കി പന്ത്രണ്ടണ്ണം കൂടി പോരട്ടേ, ഇങ്ങിനെയൊക്കെ ചിന്തിച്ചുകൂട്ടുന്നത് വായിക്കുന്നതും ഒരു രസം. :)

ഓണാശംസകളോടെ...
ഹരീ
--

G.MANU said...

ഇത്‌ പണ്ട്‌ ചന്തുവമ്മാവനോട്‌ "മാങ്ങ" എന്നാല്‍ എന്ത്‌ എന്ന് ചോദിച്ചപോലായല്ലോ ടീച്ചറെ...

തിന്നുന്നത്‌ എന്ന് പറഞ്ഞപ്പോള്‍ ചക്കയും തിന്നുമല്ലോ എന്നും, മാവില്‍ ഉണ്ടാവുന്നത്‌ എന്ന് പറഞ്ഞപ്പോള്‍ മാവിലയും ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞു കുഴക്കിയ കഥ..

ഓണാശംസകള്‍

മൂര്‍ത്തി said...

കിണറ്റില്‍ സൂചി പോയാല്‍ അത് കിട്ടാന്‍ എന്തു ചെയ്യണം?

Anonymous said...

കണ്‍ഫ്യൂഷ്യസ് kurippu nannayi.
Can I expect one on "consciousness"?

വല്യമ്മായി said...

കാര്യമല്ലാത്തതല്ലേ കളി
:)

Satheesh said...

ജ്യോതിടീച്ചറേ,
ദിവസവും ഞാനിവിടെ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്‍ ടീച്ചര്‍ ഇവിടെ എഴുതിയിരിക്കുന്നത്. ഓരോ വാക്ക് കേള്‍ക്കുമ്പഴും അതിന്റെ അര്‍ത്ഥം ചോദിക്കും കണ്ണന്‍. ചിലപ്പോഴൊക്കെ പ്രാന്തായിപ്പോകും! :‌)
ഇപ്പം മനസ്സിലായി ഭാഷ അറിയാത്തതിന്റെ കുഴപ്പവുമാകാം കാരണം എന്ന്! :)

വിനുവേട്ടന്‍ said...

ഇപ്പോള്‍ മൊത്തം കണ്‍ഫ്‌യൂഷനായല്ലോ റ്റീച്ചറേ ... ഇനിയും പന്ത്രണ്ട്‌ അര്‍ത്ഥങ്ങള്‍ കൂടിയുണ്ടെങ്കില്‍ അപ്പോള്‍ എന്താവും സ്ഥിതി?..

Unknown said...

ജ്യോതി, ഇതു വാക്കുകളുടെ അര്‍ത്ഥത്തെ കുറിച്ചല്ലേ, ഒരേ വാക്കു തന്നെ അനേക പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ വരുന്ന അര്‍ത്ഥമില്ലായ്മ ശ്രദ്ധിച്ചീട്ടുണ്ടോ. എന്റെയും അനിയന്റേയും കൂട്ടികാലത്തെ ഒരു വിനോദമായിരൂന്നു, ഇങ്ങനെ ആവര്‍ത്തിച്ച് വാക്കുകള്‍ പറഞ്ഞ് അതിനീപ്പോ ഒരു അര്‍ത്ഥവും തോന്നണില്ലാല്ലോ അമ്മേ എന്ന് പറഞ്ഞ് അമ്മയേ കണ്‍ഫ്യൂഷി ആക്കുന്നത്.

ഏ.ആര്‍. നജീം said...

ഞാന്‍ ഈ നാട്ടുകാരനല്ലേ...
ഓണാശംസകളോടെ,

വേണു venu said...

ഇതുമൊരു കളിയല്ലേ ടീച്ചറേ.
കളിച്ചു കളിച്ചു് കളി കാര്യമാവുന്ന കളികളും കളി തന്നെ.
ഓണാശംസകള്‍‍.:)

സാജന്‍| SAJAN said...

ടീചറിനെ കണ്‍ഫ്യൂഷസ് ആക്കാമോന്ന് ഞാനും ഒന്ന് നോക്കട്ടെ, സൌന്ദര്യം എന്നാല്‍ എന്താണ്?
സമയം എന്നാല്‍ എന്താണ്?

ജ്യോതിര്‍മയി /ज्योतिर्मयी said...

ഈ കളിയിലെ കാര്യം ചിലരൊക്കെ കണ്ടുപിടിക്കുന്നുണ്ടെന്നു തോന്നുന്നു... കാര്യമുണ്ട്..
നചികേതസ്സേ.. ശരിയാണ്...നിരവധി അര്‍ഥങ്ങളുണ്ട്. നിഘണ്ടുവില്‍ പദങ്ങളെ ചിറകൊടിച്ചുകൂട്ടിലിട്ടിരിക്കുന്നതുപോലെയാണ്. ഓരോ പദത്തിന്റേയും അനന്തമായ അഥവാ വിശാലമായ അര്‍ഥം നമ്മുടെ ബുദ്ധിയില്‍ തെളിയുന്നുണ്ട്..പക്ഷേ അതു വെറും നിഘണ്ടുവിലെ അര്‍ഥമല്ല...

ഹരീ... അതൊക്കെ ഒരു നമ്പറല്ലേ... ഇനീം ഈ ചിന്ത വിസ്തരിക്കാമോ എന്നു ഞാന്‍ നോക്കട്ടെ...വേറൊരു പോസ്റ്റില്‍ ;)

ജി. മനു ജി :) അതെ ഏതൊരു വാക്കിന്റേയും അര്‍ഥം ഒന്നു പറയാന്‍ ശ്രമിച്ചുനോക്കു...കളിയെങ്കില്‍ കളി...ഓലപ്പന്തോണപ്പന്തൂഞ്ഞാലാട്ടം...ഏതുമായ്ക്കോട്ടെ :)


മൂര്‍ത്തി ജി - ഉം...ഉം...(എന്നു പറഞ്ഞാല്‍ സൂചി കിട്ട്വോ? :)

ഗീത ജി :) നന്ദി. നോക്കട്ടെ.

വല്യമ്മായീ - എന്നു പറഞ്ഞുകൂട, കളിയിലും കാര്യമുണ്ട്... കുട്ടികള്‍ പറയട്ടെ..:)

സതീഷ് ജി ...ഉം..അതാവും അല്ലേ പ്രശ്നം...ഇനിയിപ്പൊ എന്തുചെയ്യും?

വിനുച്ചേട്ടന്‍ :) അതെ ആലോചിക്കുമ്പോഴേ ഇത്രയ്ക്കൊക്കെയുണ്ടല്ലേ എന്നറിയൂ... അല്ലെങ്കില്‍ ഇതൊക്കെ അബോധപൂര്‍വം ബോധത്തില്‍ എത്തിച്ചേരുകയാണല്ലോ...അതാ ശ്രദ്ധിക്കാതെ പോകുന്നത്

ഡാലീ :) ഉം. അപ്പൊ ഇതു പണ്ടേ ഉണ്ടായിരുന്നൂലേ :)

ഏ.ആര്‍ നജീം ജി :) ഇന്നാട്ടുകാരനല്ലെങ്കിലും വന്നതിനു നന്ദി (അതെന്തിനാ ..എനിക്കറിയില്ല)

വേണു ജി, അതെ.. കളിയിലെ കാര്യത്തെക്കുറിച്ച് (എപ്പോഴെങ്കിലും) ഞാന്‍ പറയും :)

സാജാ‍ സാജാ ജീ :) അങ്ങനെ ചിന്തിക്കൂ...അതാണു കാര്യം...

എല്ലാവര്‍ക്കും ഓണാശംസകള്‍...
പൂമുറ്റത്തും പൂമുഖത്തും മനസ്സിലും പൂക്കളം വിരിയട്ടെ എന്നാശംസിക്കുന്നു...

ദേവന്‍ said...

കളിക്കുക എന്നു വച്ചാല്‍ അതു പറഞ്ഞ ആള്‍ പറഞ്ഞത്‌ എന്തുദേശിച്ചാണോ അതാണ്‌ അര്‍ത്ഥം.

ദത്തന്‍ "ഇഗ്ഗ്‌" എന്നു പറയുമ്പോള്‍ അര്‍ത്ഥംfood എന്നും ഡോ. വക്കാരിമഷ്ട പറയുമ്പോള്‍ "Immuno Globulin G " എന്നും അരവിന്ദ്‌ പറയുമ്പോ അത്‌ ആഫ്രിക്കയിലെ Inspector General of Government"ഉം ആയി മാറൂല്ലേ?

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവന്‍‌ ജി , ഒരു വാക്കിന് പല അര്‍ഥങ്ങളുമുണ്ടാവാം. സന്ദര്‍ഭവും വിവക്ഷയും ഒക്കെ കണക്കിലെടുത്താവും നാം അര്‍ഥം മനസ്സിലാക്കുന്നത്... അതു വിഷയം വേറേ. ഞാനുദ്ദേശിച്ചത് അതല്ല.


‘കളിയ്ക്കുക’ എന്ന ലളിതമായ പദമെടുക്കുക. എല്ലാ മലയാളിയ്ക്കും ഈ പദത്തിന്റെ അര്‍ഥം വളരെ എളുപ്പത്തില്‍ മനസ്സിലാവും. പക്ഷേ എന്തര്‍ഥമാണ് മനസ്സിലാക്കുന്നത് എന്നത്... അഥവാ കളിയ്ക്കുക എന്നാല്‍ എന്താണ് വാസ്തവത്തില്‍ അര്‍ഥം എന്നു പറയാന്‍ പറ്റുമോ എന്ന് അന്വേഷിക്കുകയായിരുന്നു.

ഫുട്ബാള്‍ കളിക്കുക, ക്രിക്കറ്റ് കളിക്കുക, ചെസ്സ് കളിക്കുക, ചോറും കൂട്ടാനും വെച്ചുകളിക്കുക, കള്ളനും പോലീസും കളിക്കുക....
ഈ ഓരോ കളിയിലേയും ‘പ്രവൃത്തികള്‍’ വ്യത്യാസമാണെങ്കിലും ‘കളിക്കുക’ എന്ന ഒരൊറ്റ വാക്കുകൊണ്ട് നമുക്ക്‌ ഒരു കണ്‍ഫ്യൂഷനുമില്ലാതെ ആശയം പിടികിട്ടുന്നുണ്ട്. അപ്പോള്‍ ആ ആശയമെന്താണ്?


[കളിയ്ക്കുക=to play
പക്ഷേ playing an instrument എന്നിടത്ത് നമ്മള്‍ ആ play ക്ക് കളിയ്ക്കുക എന്ന അര്‍ഥം എടുക്കുന്നില്ല. ഇംഗ്ലീഷുകാര്‍ കളിയ്ക്കുമ്പോള്‍ നമുക്കു വീണവായനയാണല്ലോ]

ശരണ്യ said...

കൊള്ളാം......കളി കാര്യമാവല്ലെ.

നിരസ്തന്‍ said...

മാനസികമായോ ശാരീരികമായോ ഉള്ള രസിപ്പിക്കലിനെ മുന്‍നിര്‍ത്തിയുള്ള കായികമായതോ ധീക്ഷണാപരമായതോ, ഇവ രണ്ടും ചേര്‍ന്നതോ ആയ ഒരു പ്രവൃത്തി ചെയ്യുന്നതിനെ "കളിക്കല്‍ " എന്ന് വിശേഷിപ്പിക്കാം.
എന്ന് തോന്നുന്നു...

നിരസ്തന്‍ said...

മാനസികമായോ ശാരീരികമായോ ഉള്ള രസിപ്പിക്കലിനെ മുന്‍നിര്‍ത്തിയുള്ള കായികമായതോ ധീക്ഷണാപരമായതോ, ഇവ രണ്ടും ചേര്‍ന്നതോ ആയ ഒരു പ്രവൃത്തി ചെയ്യുന്നതിനെ "കളിക്കല്‍ " എന്ന് വിശേഷിപ്പിക്കാം.. എന്ന് തോന്നുന്നു.......