Thursday, May 31, 2007

പാവം വിധി!

‘ഉദ്ധരേദാത്മനാത്മാനം’ എന്ന പോസ്റ്റിന്റെ തുടര്‍ച്ച...

“എന്റെ വിധി! അല്ലാതെന്താ പറയാ” എന്ന്‌ ഒരിയ്ക്കലെങ്കിലും വിധിയെ പഴിയ്ക്കാത്തവരുണ്ടാവില്ല. സാധാരണയായി എന്തെങ്കിലും ദുരനുഭവമുണ്ടാകുമ്പോഴാണ് ആളുകള്‍ വിധിയെ ഓര്‍ക്കുന്നതു തന്നെ. നമുക്കെന്തെങ്കിലും നേട്ടം ഉണ്ടായാല്‍, ‘അമ്പട ഞാനേ, ഞാനെന്തൊരു കേമന്‍” എന്ന്‌ കിട്ടിയ നേട്ടത്തെ തലയില്‍ ഏറ്റിപ്പിടിക്കാന്‍ നമുക്കൊരു വിഷമവുമില്ല.

അപ്പോള്‍ എന്തിനെയാണ് നമ്മള്‍ വിധി എന്നു വിളിക്കുന്നത്?

നമ്മളെ പലപല അനുഭവങ്ങളിലൂടെ തള്ളിവിടുന്ന ഒരു ‘ശക്തിവിശേഷം’ - അഥവാ, ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത - കണ്ണില്‍ച്ചോരയില്ലാത്ത - ഏകാധിപതി... എന്നൊക്കെയാണ് പൊതുവെ വിധിയെ കുറിച്ചു (‘കണ്ണുതുറക്കാത്ത ദൈവം‘ എന്നൊക്കെ കരുതുന്നതുപോലെ) സങ്കല്‍പ്പിക്കുന്നത്.

അനുഭവങ്ങള്‍ ചീത്തയാവുമ്പോള്‍ - ഇഷ്ടമല്ലാത്തതാവുമ്പോള്‍ ആ ചീത്തത്തവും അനിഷ്ടവും നാം വിധിയില്‍ ആരോപിക്കുന്നു, വിധിയെ പഴിയ്ക്കുന്നു. എന്നാല്‍ അപ്പോഴെങ്കിലും നാം തയാറാവുന്നുണ്ടോ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍?

ജീവിതം ഒരു കൊട്ടാരമാണെങ്കില്‍ നമ്മുടെ ഓരോ അനുഭവവും അതുണ്ടാക്കാനുള്ള ഇഷ്ടികകളാണ്. അനുഭവങ്ങള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതം എന്നു പറയുന്നത്. എന്താണ് ‘അനുഭവം’? ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം ആണ് ‘അനുഭവം‘.

ഏതൊരു കര്‍മ്മത്തിനും അതിന്റേതായ ഫലം ഉണ്ട്. അത്‌ അനുഭവിച്ചേ തീരൂ. കര്‍മ്മം ചെയ്യുന്നവന്, അതു നല്ലതായാലും ചീത്തയായാലും അതിന്റെ ഫലം അനുഭവിയ്ക്കണം. *ഇന്നു നാം അനുഭവിയ്ക്കുന്നത്‌ *ഇന്നലെ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ്. അതുപോലെ ഇന്നത്തെ കര്‍മ്മം അനുസരിച്ചാവണമല്ലോ നാളത്തെ അനുഭവം എന്നതു സാമാന്യയുക്തി.

‘ഞാന്‍ ഇതുവരെ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തില്ലല്ലോ, എന്നിട്ടും എനിയ്കെന്താണിങ്ങനെ?’ എന്നു നാം ചിലപ്പോഴെങ്കിലും വേവലാതിപ്പെടാറില്ലേ? നാം ചെയ്തതിന്റെ ഫലം തന്നെയാണ് നാം ഇന്നനുഭവിയ്ക്കുന്നത്. ‍ പയറിന്റെ വിത്ത്, മണ്ണിലിട്ടാല്‍ പെട്ടെന്നു മുളയ്ക്കുന്നതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം പെട്ടെന്നു തന്നെ അനുഭവിയ്ക്കാറാവും. എന്നാല്‍ ചില വൃക്ഷങ്ങളുടെ വിത്തുകള്‍ കുറേക്കാലം മണ്ണില്‍ക്കിടന്നാലേ മുളച്ചുപുറത്തുവരൂ, അതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം കുറേ കാലം കഴിഞ്ഞാലേ അനുഭവിക്കാറാകൂ. അതുകൊണ്ട്, നമ്മുടെ ഓര്‍മ്മയില്‍ നിന്നും നിശ്ശേഷം മാഞ്ഞുപോയ വല്ല കര്‍മ്മത്തിന്റേയും ഫലവും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാകും. അനുഭവിയ്ക്കുന്നതെല്ലാം അവനവന്‍ അര്‍ഹിയ്ക്കുന്നതുതന്നെ. ഇതംഗീകരിച്ചാല്‍ നമുക്കു ചുറ്റുപാടുകളെ കുറ്റം പറഞ്ഞു കാലം കഴിക്കേണ്ടിവരില്ല.

വരുന്നതെല്ലാം അതേപടി അംഗീകരിച്ച്‌ നിഷ്ക്രിയനായി അടങ്ങിയിരിയ്ക്കണമെന്നല്ല, ഇതിന്റെ അര്‍ഥം. കഴിഞ്ഞകാലത്തിന്റെ നിയന്ത്രണം നമുക്കില്ല. കഴിഞ്ഞുപോയ കര്‍മ്മങ്ങളെ തിരുത്താനും പറ്റില്ല. കഴിഞ്ഞതുകഴിഞ്ഞു. അതിന്റെ ഫലം അനുഭവിയ്ക്കാന്‍ തയ്യാറാവണം (തയ്യാറായില്ലെങ്കിലും അനുഭവിക്കണം). വരാനുള്ള കാലത്തിന്റെ നിയന്ത്രണവും നമ്മുടെ കയ്യിലല്ല. കാലം കുതിച്ചുപാഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ഭാവി ...പാഞ്ഞെത്തി...ദാ..ന്നു പറയുമ്പോഴേയ്ക്കും ഭൂതമാവുന്നു.

ഭൂതത്തിനേയും ഭാവിയേയും ഒന്നും ചെയ്യാന്‍ നമുക്കുപറ്റില്ല. “ദാ” എന്നു പറയുന്ന ‘വര്‍ത്തമാനം’ മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. ചിന്താശക്തിയും വിവേകവുമുള്ള മനുഷ്യന്‍ ബുദ്ധിപൂര്‍വം തീരുമാനിയ്ക്കണം വര്‍ത്തമാനത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന്‌. പ്രാകൃതികവാസനകള്‍(instinct) ക്കനുസരിച്ചുമാത്രം ജീവിച്ചാല്‍ മതി എന്നത്‌ ബുദ്ധിപൂര്‍വമായ തീരുമാനമാണെന്നു തോന്നുന്നില്ല.

അതായത്, ഇന്നുചെയ്യേണ്ട കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ആലോചിച്ച്‌ ദൃഢനിശ്ചയത്തോടെ ആത്മസമര്‍പ്പണത്തോടെ ചെയ്യാന്‍ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ അതിന്റെ ഫലവും നന്നാവും. അതായത് , നാളെ/ഭാവിയില്‍ എന്തനുഭവിക്കണം എന്നത് ഒരു പരിധിവരെ ഇന്നു നാം എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.

ബുദ്ധിയും വിവേകവും ഉപയോഗിയ്ക്കുന്നവര്‍ക്ക്‍ സ്വന്തം വിധിയുടെ വിധികര്‍ത്താക്കളാകാം എന്നു ചുരുക്കം. എല്ലാ മനുഷ്യര്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള കഴിവുകളുണ്ട്. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ ജീവിക്കുക എന്നത് ഓരോരുത്തരും ചെയ്യേണ്ടതാണ് എന്നു പാഠം.

എത്രകഴിവുകളുണ്ടായിട്ടും നിരാശയോടേയും ആവലാതിയോടേയും ജീവിയ്ക്കുന്നത് പരിതാപകരമാണ്. നിരാശയും അതൃപ്തിയും ഉത്കണ്ഠയും നമ്മുടെ മനോവീര്യം കെടുത്തിക്കളയും. മനശ്ശക്തി കുറയുന്തോറും സാഹചര്യങ്ങളുടെ(ചുറ്റുപാടിന്റെ) സമ്മര്‍ദ്ദം കൂടിയതായി നമുക്കു തോന്നും. നാം വീണ്ടും ദുര്‍ബലരാവും.... നിസ്സഹായരായി സ്വയം വീഴാന്‍ തുടങ്ങും...
നാം തന്നെയാണ് നമ്മുടെ അനുഭവങ്ങളുടെ ഉത്തരവാദികള്‍ എന്നു ബോധ്യമായാല്‍ നാം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും, മറ്റുള്ളവരെ കുറ്റം പറയാതെ.

[മടിയന്മാരുടെ മടിമാറ്റാനും, വിധിയെ പേടിച്ചിരിക്കുന്നവരുടെ പേടി ഒട്ടൊന്നു കുറയ്ക്കാനും ഈ ചിന്ത സഹായിച്ചേയ്ക്കും. എന്നാല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിക്കുന്നവരും വിജയം ആഘോഷിയ്ക്കുന്നവരും ഒന്നുകൂടി ജാഗ്രത പുലര്‍ത്തണം, നേട്ടമെല്ലാം “ഞാനെന്ന വ്യക്തിയുടെ” മിടുക്കാണെന്ന്‌ കരുതി അഹംകാരം മൂത്ത്, അടിപതറിവീഴാന്‍ സാധ്യതയുണ്ട്. നേട്ടം വരുമ്പോള്‍ അതൊക്കെ ഈശ്വരാനുഗ്രഹം (ഈശ്വരവിശ്വാസമുണ്ടെങ്കില്‍) എന്നു കരുതാനായാല്‍ ഭംഗിയാവും].



* ഇന്ന് = വര്‍ത്തമാനകാലം; *ഇന്നലെ = ഭൂതകാലം ; നാളെ = ഭാവികാലം.



Wednesday, May 30, 2007

"ഉദ്ധരേദാത്മനാത്മാനം"

"ഉദ്ധരേദാത്മനാത്മാനം" - ഇതായിരുന്നു ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച കോളേജിന്റെ ‘മുദ്രാവാക്യം‘. അവനവനെ ഉയര്‍ത്താന്‍ അവനവന്‍ തന്നെ വേണം എന്നു ഇതിന്റെ സാമാന്യ അര്‍ഥം. താഴ്ത്തുന്നതും അവനവന്‍ തന്നെ.

ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറയുന്നതാണ്‌-

"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ" എന്ന ശ്ലോകം.


അവനവന്റെ ബന്ധുവും ശത്രുവും വാസ്തവത്തില്‍ അവനവന്‍ തന്നെയാണ്‌. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെ ഇരിയ്ക്കണം. സ്വയം അധഃപതിയ്ക്കാതെ അവനവനെ ഉയരത്തിലേയ്ക്കു നയിക്കാനുള്ള ചുമതല അവനവനു തന്നെ. സ്വയം നിസ്സഹായതയിലേയ്ക്കു കൂപ്പുകുത്താതെ, ആത്മബലത്തെ തിരിച്ചറിഞ്ഞ് , ആ അനന്തശക്തിയിലേയ്ക്ക് - ആനന്ദത്തിന്റെ നിറവിലേയ്ക്ക് - പൂര്‍ണ്ണതയിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഹ്വാനം ഇതില്‍ കാണാം. അതെ, ആത്മബലത്തെ തിരിച്ചറിയലാണ്‌ പ്രധാനം.

ഒരു വ്യക്തി, മറ്റുള്ളവരുടേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പെട്ടിട്ടെന്നപോലെ നിസ്സഹായയാവണോ അതോ തന്റെ തന്നെ ഉള്ളിലുള്ള അനന്തശക്തിയെ തിരിച്ചറിഞ്ഞ്‌ സാഹചര്യങ്ങളുടെ അടിമയാകാതെ, ഊര്‍ജ്ജ്വസ്വലയാവണോ എന്നത് തീരുമാനിയ്ക്കുന്നത്, ഒരു പരിധിവരെ ആ വ്യക്തിതന്നെ ആണ്‌.

എന്നിട്ടുമെന്തേ എല്ലാവരും വിധിയെ പഴിക്കുന്നത്? പാവം വിധി!

(വിധിയെപ്പറ്റി ‌ അടുത്തപോസ്റ്റില്‍)