Thursday, May 31, 2007

പാവം വിധി!

‘ഉദ്ധരേദാത്മനാത്മാനം’ എന്ന പോസ്റ്റിന്റെ തുടര്‍ച്ച...

“എന്റെ വിധി! അല്ലാതെന്താ പറയാ” എന്ന്‌ ഒരിയ്ക്കലെങ്കിലും വിധിയെ പഴിയ്ക്കാത്തവരുണ്ടാവില്ല. സാധാരണയായി എന്തെങ്കിലും ദുരനുഭവമുണ്ടാകുമ്പോഴാണ് ആളുകള്‍ വിധിയെ ഓര്‍ക്കുന്നതു തന്നെ. നമുക്കെന്തെങ്കിലും നേട്ടം ഉണ്ടായാല്‍, ‘അമ്പട ഞാനേ, ഞാനെന്തൊരു കേമന്‍” എന്ന്‌ കിട്ടിയ നേട്ടത്തെ തലയില്‍ ഏറ്റിപ്പിടിക്കാന്‍ നമുക്കൊരു വിഷമവുമില്ല.

അപ്പോള്‍ എന്തിനെയാണ് നമ്മള്‍ വിധി എന്നു വിളിക്കുന്നത്?

നമ്മളെ പലപല അനുഭവങ്ങളിലൂടെ തള്ളിവിടുന്ന ഒരു ‘ശക്തിവിശേഷം’ - അഥവാ, ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത - കണ്ണില്‍ച്ചോരയില്ലാത്ത - ഏകാധിപതി... എന്നൊക്കെയാണ് പൊതുവെ വിധിയെ കുറിച്ചു (‘കണ്ണുതുറക്കാത്ത ദൈവം‘ എന്നൊക്കെ കരുതുന്നതുപോലെ) സങ്കല്‍പ്പിക്കുന്നത്.

അനുഭവങ്ങള്‍ ചീത്തയാവുമ്പോള്‍ - ഇഷ്ടമല്ലാത്തതാവുമ്പോള്‍ ആ ചീത്തത്തവും അനിഷ്ടവും നാം വിധിയില്‍ ആരോപിക്കുന്നു, വിധിയെ പഴിയ്ക്കുന്നു. എന്നാല്‍ അപ്പോഴെങ്കിലും നാം തയാറാവുന്നുണ്ടോ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍?

ജീവിതം ഒരു കൊട്ടാരമാണെങ്കില്‍ നമ്മുടെ ഓരോ അനുഭവവും അതുണ്ടാക്കാനുള്ള ഇഷ്ടികകളാണ്. അനുഭവങ്ങള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതം എന്നു പറയുന്നത്. എന്താണ് ‘അനുഭവം’? ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം ആണ് ‘അനുഭവം‘.

ഏതൊരു കര്‍മ്മത്തിനും അതിന്റേതായ ഫലം ഉണ്ട്. അത്‌ അനുഭവിച്ചേ തീരൂ. കര്‍മ്മം ചെയ്യുന്നവന്, അതു നല്ലതായാലും ചീത്തയായാലും അതിന്റെ ഫലം അനുഭവിയ്ക്കണം. *ഇന്നു നാം അനുഭവിയ്ക്കുന്നത്‌ *ഇന്നലെ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ്. അതുപോലെ ഇന്നത്തെ കര്‍മ്മം അനുസരിച്ചാവണമല്ലോ നാളത്തെ അനുഭവം എന്നതു സാമാന്യയുക്തി.

‘ഞാന്‍ ഇതുവരെ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തില്ലല്ലോ, എന്നിട്ടും എനിയ്കെന്താണിങ്ങനെ?’ എന്നു നാം ചിലപ്പോഴെങ്കിലും വേവലാതിപ്പെടാറില്ലേ? നാം ചെയ്തതിന്റെ ഫലം തന്നെയാണ് നാം ഇന്നനുഭവിയ്ക്കുന്നത്. ‍ പയറിന്റെ വിത്ത്, മണ്ണിലിട്ടാല്‍ പെട്ടെന്നു മുളയ്ക്കുന്നതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം പെട്ടെന്നു തന്നെ അനുഭവിയ്ക്കാറാവും. എന്നാല്‍ ചില വൃക്ഷങ്ങളുടെ വിത്തുകള്‍ കുറേക്കാലം മണ്ണില്‍ക്കിടന്നാലേ മുളച്ചുപുറത്തുവരൂ, അതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം കുറേ കാലം കഴിഞ്ഞാലേ അനുഭവിക്കാറാകൂ. അതുകൊണ്ട്, നമ്മുടെ ഓര്‍മ്മയില്‍ നിന്നും നിശ്ശേഷം മാഞ്ഞുപോയ വല്ല കര്‍മ്മത്തിന്റേയും ഫലവും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാകും. അനുഭവിയ്ക്കുന്നതെല്ലാം അവനവന്‍ അര്‍ഹിയ്ക്കുന്നതുതന്നെ. ഇതംഗീകരിച്ചാല്‍ നമുക്കു ചുറ്റുപാടുകളെ കുറ്റം പറഞ്ഞു കാലം കഴിക്കേണ്ടിവരില്ല.

വരുന്നതെല്ലാം അതേപടി അംഗീകരിച്ച്‌ നിഷ്ക്രിയനായി അടങ്ങിയിരിയ്ക്കണമെന്നല്ല, ഇതിന്റെ അര്‍ഥം. കഴിഞ്ഞകാലത്തിന്റെ നിയന്ത്രണം നമുക്കില്ല. കഴിഞ്ഞുപോയ കര്‍മ്മങ്ങളെ തിരുത്താനും പറ്റില്ല. കഴിഞ്ഞതുകഴിഞ്ഞു. അതിന്റെ ഫലം അനുഭവിയ്ക്കാന്‍ തയ്യാറാവണം (തയ്യാറായില്ലെങ്കിലും അനുഭവിക്കണം). വരാനുള്ള കാലത്തിന്റെ നിയന്ത്രണവും നമ്മുടെ കയ്യിലല്ല. കാലം കുതിച്ചുപാഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ഭാവി ...പാഞ്ഞെത്തി...ദാ..ന്നു പറയുമ്പോഴേയ്ക്കും ഭൂതമാവുന്നു.

ഭൂതത്തിനേയും ഭാവിയേയും ഒന്നും ചെയ്യാന്‍ നമുക്കുപറ്റില്ല. “ദാ” എന്നു പറയുന്ന ‘വര്‍ത്തമാനം’ മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. ചിന്താശക്തിയും വിവേകവുമുള്ള മനുഷ്യന്‍ ബുദ്ധിപൂര്‍വം തീരുമാനിയ്ക്കണം വര്‍ത്തമാനത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന്‌. പ്രാകൃതികവാസനകള്‍(instinct) ക്കനുസരിച്ചുമാത്രം ജീവിച്ചാല്‍ മതി എന്നത്‌ ബുദ്ധിപൂര്‍വമായ തീരുമാനമാണെന്നു തോന്നുന്നില്ല.

അതായത്, ഇന്നുചെയ്യേണ്ട കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ആലോചിച്ച്‌ ദൃഢനിശ്ചയത്തോടെ ആത്മസമര്‍പ്പണത്തോടെ ചെയ്യാന്‍ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ അതിന്റെ ഫലവും നന്നാവും. അതായത് , നാളെ/ഭാവിയില്‍ എന്തനുഭവിക്കണം എന്നത് ഒരു പരിധിവരെ ഇന്നു നാം എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.

ബുദ്ധിയും വിവേകവും ഉപയോഗിയ്ക്കുന്നവര്‍ക്ക്‍ സ്വന്തം വിധിയുടെ വിധികര്‍ത്താക്കളാകാം എന്നു ചുരുക്കം. എല്ലാ മനുഷ്യര്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള കഴിവുകളുണ്ട്. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ ജീവിക്കുക എന്നത് ഓരോരുത്തരും ചെയ്യേണ്ടതാണ് എന്നു പാഠം.

എത്രകഴിവുകളുണ്ടായിട്ടും നിരാശയോടേയും ആവലാതിയോടേയും ജീവിയ്ക്കുന്നത് പരിതാപകരമാണ്. നിരാശയും അതൃപ്തിയും ഉത്കണ്ഠയും നമ്മുടെ മനോവീര്യം കെടുത്തിക്കളയും. മനശ്ശക്തി കുറയുന്തോറും സാഹചര്യങ്ങളുടെ(ചുറ്റുപാടിന്റെ) സമ്മര്‍ദ്ദം കൂടിയതായി നമുക്കു തോന്നും. നാം വീണ്ടും ദുര്‍ബലരാവും.... നിസ്സഹായരായി സ്വയം വീഴാന്‍ തുടങ്ങും...
നാം തന്നെയാണ് നമ്മുടെ അനുഭവങ്ങളുടെ ഉത്തരവാദികള്‍ എന്നു ബോധ്യമായാല്‍ നാം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും, മറ്റുള്ളവരെ കുറ്റം പറയാതെ.

[മടിയന്മാരുടെ മടിമാറ്റാനും, വിധിയെ പേടിച്ചിരിക്കുന്നവരുടെ പേടി ഒട്ടൊന്നു കുറയ്ക്കാനും ഈ ചിന്ത സഹായിച്ചേയ്ക്കും. എന്നാല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിക്കുന്നവരും വിജയം ആഘോഷിയ്ക്കുന്നവരും ഒന്നുകൂടി ജാഗ്രത പുലര്‍ത്തണം, നേട്ടമെല്ലാം “ഞാനെന്ന വ്യക്തിയുടെ” മിടുക്കാണെന്ന്‌ കരുതി അഹംകാരം മൂത്ത്, അടിപതറിവീഴാന്‍ സാധ്യതയുണ്ട്. നേട്ടം വരുമ്പോള്‍ അതൊക്കെ ഈശ്വരാനുഗ്രഹം (ഈശ്വരവിശ്വാസമുണ്ടെങ്കില്‍) എന്നു കരുതാനായാല്‍ ഭംഗിയാവും].* ഇന്ന് = വര്‍ത്തമാനകാലം; *ഇന്നലെ = ഭൂതകാലം ; നാളെ = ഭാവികാലം.12 comments:

ജ്യോതിര്‍മയി said...

“പാവം വിധി” പുതിയപോസ്റ്റ്.

അതെ, ഉദ്ധരേദാത്മനാത്മാനം എന്ന പോസ്റ്റിന്റെ തുടര്‍ച്ച.

മടിയന്മാരുടെ മടിമാറ്റാനും, വിധിയെ പേടിച്ചിരിക്കുന്നവരുടെ പേടി ഒട്ടൊന്നു കുറയ്ക്കാനും ഈ ചിന്ത സഹായിച്ചേയ്ക്കും. എന്നാല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിക്കുന്നവരും വിജയം ആഘോഷിയ്ക്കുന്നവരും ഒന്നുകൂടി ജാഗ്രത പുലര്‍ത്തണം....

daly said...

നന്നായി ജ്യോതി. എന്നാലും ഇടിയന്‍ ചക്കേം, കൂര്‍ക്കുപ്പേരി ഇവിടെ കിട്ടില്യാലോ എന്ന് ആലോചിക്കുമ്പോ ഞാന്‍ ഇനീം പറയും എന്റെ വിധീ, ഒരു ശ്വാസമെടുക്കണ സമയം പോലും ഞാന്‍ സ്വയം തീരുമാനിച്ചല്ലേ ഇങ്ങോട്ട് വന്നത് എന്നാലോചിക്കാന്‍ മിനക്കെടില്യാ. അതും എന്റെ വിധി. ;)

Jyothi said...

അല്ല, ഞാ‍നൊരു ഇടിയന്‍ ചക്കേം കൊണ്ട്, കൂര്‍ക്കഞ്ചേരി വഴി പോയത്‌, കണ്ടൂ ല്ലേ? ഞാന്‍ കണ്ടില്ലല്ലോ, പടിവാതില്‍ക്കലൊന്നും ഡാലിയെ...

ഏതായാലും വിഷമിക്കണ്ട, ഇനിയിപ്പൊ ഇവിടേം കിട്ടില്യ ഇടിച്ചക്ക... പെരുമഴക്കാലം!

ഓ.ടോ യ്ക്കാരു മാപ്പുതരും?

ദേവന്‍ said...

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌" എന്നായിരുന്നു ഞാന്‍ പഠിച്ച കോളെജിന്റെ സ്ലോഗന്‍. അതൊരു ജാതിയുടെ സ്ലോഗന്‍ ആയി അവര്‍ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ അതിലെ താല്പ്പര്യം പോയി.

പരീക്ഷകള്‍ തീര്‍ന്നപ്പോള്‍ നെഞ്ചില്‍ ബാഡ്ജ് പോലെ കുത്തി തന്ന മുദ്രയില്‍ "യായേഷാ സുപ്തേഷു ജാഗ്രതി" എന്നായിരുന്നു മുദ്രാവാക്യം . കഠോപനിഷത്തിലെ ഈ വരിക്കു മുകളില്‍ ചിറകു വിരിച്ചു നില്‍ക്കുന്ന ഒരു പരുന്തിന്റെ ചിത്രവും. ഉറക്കത്തിലും ജാഗ്രതയോടെ ഇരിക്കുന്നവന്‍ ആരെന്നു തിരക്കിപ്പോയി കാമം കാമം പുരുഷോ നിര്‍മ്മിമാണ: എന്ന ബാക്കി കണ്ടെത്തി. ഉറക്കത്തിലും ഉണര്‍ന്നിരുന്ന് ആഗ്രഹങ്ങളുണ്ടാക്കി തരുന്ന ഈ പൂഷാവ് ആര്‍? വായിച്ചു പോയി..തത് ഏവാസ്കുരം തത് ബ്രഹ്മ: ലോഗോ ഇഷ്ടപ്പെട്ടു.
സംസാരം മായ- ആഗ്രഹം പാപം എന്നൊക്കെയേ അതുവരെ കേട്ടിരുന്നള്ളൂ. അവന്‍ ഉണര്‍ന്നിരുന്ന് ആഗ്രഹങ്ങളുണ്ടാക്കുന്നു, ൧൦൦ വര്‍ഷം ജീവിക്കുന്ന കുട്ടികളേയും പറന്നു നടക്കാന്‍ യന്ത്രച്ചിറകുകളേയും ഒക്കെ നമ്മളെക്കൊണ്ട് കാമിപ്പിക്കുന്നു, ശ്രമിപ്പിക്കുന്നു, നേടിക്കുന്നു. വിധിയാല്‍ വരുന്നത് തടുക്കാവതല്ല എന്ന രീതിയിലെ നിഷ്ക്രിയത അവന്റെ വൃത്തി നമ്മള്‍ തിരിച്ചറിയാത്തതുകൊണ്ട്.
(പോസ്റ്റ് കൊള്ളാം)

രജനീഷ് പറഞ്ഞതാണെന്നു തോന്നുന്നു ഒരു കഥ. ഒരാള്‍ രാപ്പകല്‍ “എനിക്കൊരു നറുക്കെടുപ്പില്‍ പണം കിട്ടണേ“ എന്ന് തലകുത്ഥി പ്രാര്‍ത്ഥിക്കുകയാണ്. അവസാനം ദൈവം ഇറങ്ങി ഇങ്ങു വന്നു പറഞ്ഞു “വൃത്തികെട്ടവനേ, ഇവിടെ ഇരിക്കാതെ പോയി കുറഞ്ഞത് ഒരു ഭാഗ്യക്കുറിയെങ്കിലും വാങ്ങിയിട്ട് വാടാ!“

daly said...

പടിവാതില്‍ വഴി അല്ല ജ്യോത്യേ ഞാന്‍ വരാ.
പണ്ട് ഈശോ പറഞ്ഞീട്ടില്ലേ, അവന്‍ ഏതു വഴി വരുമെന്നോ എപ്പോള്‍ വരുമെന്നോ‍ അറിയില്ല എന്ന്.
അതുപോലെയാ ഇത്.
ഈ മലയാളം ജ്യോതിര്‍മയി തന്നെയോ ആംഗലേയ ജ്യോതി.

madhurAj said...

"chilaRkku chillaRayAyI-
TTamaLi patee;
chilaRkku kai niRayeppon-
paNavum kiTTee;
enikkente vihithamE labhichchathuLLU
manassenthE choTikkunna-thathinechchUNTi?" ennu iTaSSEriyum

"vidhitinnaleyennekkANke
vazhimARinaTannE pOyi...
paRayAnum chOdikkAnum
pathinAyiramuNTE chOdyam..
kilichaththAl kAvyam varumO
kavi chaththAl kaNNIR varumO...
avanIvazhi varumennallI
aRivuLLOrennOTOthi...
enniTTum,
vidhiyinnalaeyennekkANke
vazhimARinaTannE pOyi.."
ennu ayyappappaNikkarum pATiyathORmippichchu, I pOst.

ജ്യോതിര്‍മയി said...

മധുരാജ് ജി :)

"ചിലര്‍ക്കു ചില്ലറയായീ-
ട്ടമളിപറ്റീ;
ചിലര്‍ക്കു കൈ നിറയെപ്പൊന്‍-
പണവും കിട്ടീ;
എനിയ്ക്കെന്റെ വിഹിതമേ
ലഭിച്ചതുള്ളൂ
മനസ്സെന്തേ ചൊടിയ്ക്കുന്ന-
തതിനെച്ചൂണ്ടി?”

എന്ന ഇടശ്ശേരിയുടെ വരികളും,“വിധിയിന്നലെയെന്നെക്കാണ്‍കെ
വഴിമാറി നടന്നേപോയി...
പറയാനും ചോദിയ്ക്കാനും
പതിനായിരമുണ്ടേ ചോദ്യം...
കിളിചത്താല്‍ കാവ്യം വരുമോ
കവിചത്താല്‍ കണ്ണീര്‍ വരുമോ
അവനീവഴി വരുമെന്നല്ലീ
അറിവുള്ളോരെന്നോടോതി
എന്നിട്ടും,
വിധിയിന്നലെ യെന്നെക്കാണ്‍കേ
വഴിമാറി നടന്നേപോയീ...


എന്ന അയ്യപ്പപ്പണിക്കരുടെ വരികളും ഇവിടെ പറഞ്ഞുതന്നതും നന്നായി. ഇതൊന്നിനി മുഴുവന്‍ തരാക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.

(മധുരാജ് ജി അയച്ച വരികള്‍ മലയാളത്തിലാക്കി, ആര്‍ക്കെങ്കിലും വായിക്കണമെങ്കില്‍ എളുപ്പമാവട്ടെ, എന്നു വെച്ച്‌)

സിബു::cibu said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

drisyadrisya said...

ബ്ലൊഗിലെ കമ്മന്ടിനു നന്ദി . സംസ്കൃതം താത്പര്യങ്ങളുടെ പട്ടികയിലു കാണുന്നു. ആ നിലക്കെന്തെങ്കിലും സംരംഭങ്ങള് ?

Jyothirmayi said...

ദൃശ്യദൃശ്യ മഹാശയ!

സാദരം വന്ദേ!
സംസ്കൃതേ കിഞ്ചിത് ലിഖിതം ദൃഷ്ടം ഇതി മഹതാ സന്തോഷേണ മയാ പ്രതികരണം ദത്തം തത്ര.

ഏകം സംസ്കൃതബ്ലോഗപി ആരംഭണീയം ഇതി മമ ഭാതി. സംസ്കൃതം പ്രേരണാം ദദാതി, തഥാപി മമ സര്‍ജ്ജനശീലതാ താവതീ നാസ്തി...
നാതിവിദൂരഭാവിനി സംസ്കൃതേ മമ ബ്ലോഗ് പ്രകാശിതം ഭവേത് ഇതി ശുഭപ്രതീക്ഷാ അസ്തി.
ധന്യവാദാഃ

ViswaPrabha said...

:)

ജ്യോതിര്‍മയി said...

ദൃശ്യദൃശ്യ മഹാശയ, വിശ്വം ജി

‘വൈഖരീ’ എന്നപേരില്‍
http://vykharee.blogspot.com സംസ്കൃതത്തില്‍ ഒരു പരീക്ഷണം. ദേവനാഗരി ലിപി പഠിച്ചുകഴിഞ്ഞില്ല, തല്‍ക്കാലം മലയാളലിപി.
നന്ദി