Friday, January 18, 2008

ഒന്നെവിടെ?

ഒന്നും ഒന്നും രണ്ടാണോ

രണ്ടെന്നാല്‍ രണ്ടൊന്നല്ലേ

മൂന്നെന്നാല്‍ മൂന്നൊന്നാണേ

നാലില്‍ നാലായൊന്നുണ്ടേ

അഞ്ചില്‍ത്തഞ്ചും അഞ്ചിതളും

അഞ്ചൊന്നായ് ഞാന്‍ കാണുന്നൂ

ആറും നൂറും തൊണ്ണൂറും

തൊള്ളായിരവും കൊള്ളാലോ

കൊള്ളേണ്ടതുനാമൊന്നിനെയാ-

ണെന്നാലൊന്നും തള്ളേണ്ട

രണ്ടുണ്ടായാല്‍ കൊണ്ടാടാന്‍

രണ്ടായിരവും കണ്ടീടും

കാണാം പാടാം മാളോരേ

രണ്ടെന്നാല്‍ രണ്ടൊന്നാണേ.



[കണ്ണടച്ചാല്‍ പൂജ്യം, അല്ലല്ല ശൂന്യം ശൂന്യം എന്നാണീയിടെ. ഒന്നെവിടെ? കണ്ണുതുറന്നാല്‍ ആയിരവും പതിനായിരവും തൊള്ളായിരവും കലപില കൂട്ടുന്നു. വീണ്ടും കണ്ണടച്ചു. ഒന്നെവിടെപ്പോയി? ഒന്നു മൂളിനോക്കിയതാണ്, ഇപ്പോഴിവിടെയിരിയ്ക്കട്ടെ]

10 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഒന്നുണ്ടിവിടെ മൂളിപ്പാടാന്‍
ഒന്നായൊന്നായ് വന്നോളൂ...

രാജ് said...

ഒന്നുമില്യായ്മയിലെ ഒന്ന്. അതാണ് ഒന്ന്. അങ്ങനെ വരുമ്പൊ ശൂന്യത്തിലും ഒന്നുണ്ട്.

കണ്ണൂരാന്‍ - KANNURAN said...

എല്ലാം ഒന്നാണ്, ഒന്നുമാത്രം :)

വേണു venu said...

ഒന്നായ നിന്നെ ഇഹ..
ഒന്നു തന്നെ എല്ലാം.അല്ലേ.:)

Gopan | ഗോപന്‍ said...

ഒന്നാന്തരം കവിത..
ദേ വരുണൂ ഒന്ന്..

vadavosky said...

Philosophy, Philosophy, Philosophy

നജൂസ്‌ said...

ഒന്നെയുള്ളൂ...
ഒന്ന്‌ മാത്രം. ഒന്നും ഒന്നും ചേരാത്ത ഒന്നുമില്ല. അപ്പൊ എല്ലാതിലും ഒന്നുണ്ട്‌.


നന്മകള്‍

സാക്ഷരന്‍ said...

ഒന്നും ഒന്നും രണ്ടാണോ
ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്നെന്ന് ബഷീറ് പറഞിട്ടില്ലേ …
നന്നായിരിക്കുന്നൂ അവതരണം

ഏ.ആര്‍. നജീം said...

ഒന്നും ഒന്നും രണ്ടാണെന്ന് ആ കസ്തൂരിമാന്‍ പടത്തിന് പാട്ടെഴുതിയ സാറ് സമ്മതിച്ചല്ലോ..
വണ്‍ പ്ലസ് വണ്‍ ടൂ ഈസ് മാത്‌സ്...
വണ്‍ പ്ലസ് വണ്‍ വണ്‍ ഈസ് ലൗ....

താരാപഥം said...

കഴിഞ്ഞദിവസം ബേപ്പൂര്‍ സുല്‍ത്തനെക്കുറിച്ച്‌ ചാനലില്‍ കണ്ടപ്പോള്‍ ഒന്നിനെക്കുറിച്ച്‌ ആലോചിച്ചിരുന്നു. ഇപ്പോള്‍ ഒന്നിനെക്കുറിച്ച്‌ വേറൊരുതലത്തില്‍ ടീച്ചര്‍ ചിന്തിപ്പിക്കുന്നു. എല്ലാം ഒന്നില്‍നിന്നുതന്നെ തുടങ്ങുന്നു. ഒന്ന് കൂട്ടിയാല്‍ രണ്ടും, കുറച്ചാല്‍ പൂജ്യം എന്ന ഒന്നുമില്ലായ്മയിലും ഒരു (1) സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു.

അവസാനം എല്ലാം ഒന്നിലേക്കുതന്നെ ചേരുന്നു.