Wednesday, April 30, 2008

വൃദ്ധപുരാണം

“അറുപത്തഞ്ചുകഴിഞ്ഞ വൃദ്ധന്മാരെല്ലാം ഈ വരിയില്‍ നില്‍ക്കുക, നിങ്ങള്‍ക്കുള്ള ടിക്കറ്റ് വേഗം നല്‍കുന്നതായിരിയ്ക്കും”‍ എന്നു പറഞ്ഞാല്‍ അറുപത്തഞ്ചുകഴിഞ്ഞ ആര്‍ക്കും അത്ര രുചിയ്ക്കുമെന്നു തോന്നുന്നില്ല. ടിക്കറ്റു വേഗം കൈക്കലാക്കുന്നതില്‍ ജാള്യമൊന്നുമുണ്ടായിട്ടല്ല, മറിച്ച് ‘വൃദ്ധന്‍’ എന്നു വിളിയ്ക്കുന്നത് ഇഷ്ടമല്ല, അതാണു കാര്യം.

വൃദ്ധന്‍ എന്ന വാക്കുകേള്‍ക്കുമ്പോള്‍ ‘വയസ്സന്‍’ എന്ന മങ്ങിയ അര്‍ത്ഥം മാത്രമേ ഈയിടെയായി നാം ആലോചിയ്ക്കുന്നുള്ളൂ. എന്നാല്‍ വൃദ്ധന്‍ എന്നവാക്കിന്നു കുറച്ചുകൂടി വെളിച്ചമുണ്ട്, തെളിച്ചവും.

വര്‍ദ്ധിച്ചവന്‍, (എല്ലാനിലയിലും) വളര്‍ന്നവന്‍, വലിയവന്‍, വലുതായവന്‍, എന്നൊക്കെയാണര്‍ത്ഥം. ജീവിതയാത്രയില്‍ എല്ലാനിലയിലും വളരുകയും വലുതാവുകയും ചെയ്തവന്‍ എന്നാല്‍ വിജയിച്ചവന്‍ എന്നും സംതൃപ്തന്‍ എന്നും ഒക്കെ ആ വാക്കുകൊണ്ടു കിട്ടാവുന്ന അര്‍ഥങ്ങളാണ് എന്നു തോന്നുന്നു. സംസ്കൃതത്തില്‍ അതൊരു ബഹുമാനസൂചകമായ പദമാണു്. വൃദ്ധന്മാരും ജ്ഞാനവൃദ്ധന്മാരും ഒക്കെ ഒരു സദസ്സിന്റെ അലങ്കാരമായിട്ടാണു കരുതുക പതിവ്.

എന്നാല്‍, ‘കാലം ചെല്ലുന്തോറും പലവാക്കുകള്‍ക്കും മൂല്യം ചോര്‍ന്നുപോകുന്നില്ലേ‘ എന്ന സംശയം അസ്ഥാനത്തല്ലെന്നു തോന്നുന്നു. വൃദ്ധന്‍ എന്നാല്‍ (വെറും) വയസ്സന്‍ എന്നുമാത്രമാണു മനസ്സില്‍ വരുന്നത്. അത്രയും വയസ്സുകൊണ്ടു ആ വ്യക്തിയ്ക്കുണ്ടായ വളര്‍ച്ചയോ വിജയമോ ഒന്നും മനസ്സിലേയ്ക്കെത്തുന്നില്ല. അതൊക്കെ എവിടെയാണാവോ ചോര്‍ന്നുപോയത്?

കാലംകൊണ്ടു കോലം മാറുന്നതിനെ ചെറുക്കാന്‍ പറ്റുമോ? ഇല്ല.
ഇനി ഒരു പത്തമ്പതുകൊല്ലം കഴിഞ്ഞാല്‍ പൊതുസ്ഥലത്തു വെള്ളം കുടി നിരോധിയ്ക്കാന്‍ നിയമം പാസ്സാക്കുമോ ആവോ!

(ഈ പരമ്പരയില്‍ അടുത്തത് “അഗ്നി” )

19 comments:

Inji Pennu said...

:) ഞാ‍ന്‍ കരുതി ജ്യോതിചേച്ചിക്ക് വയസ്സായ കഥയാന്ന്. :)

ദ്രൗപദി said...

പ്രായം ചോദിക്കുന്നത്‌ പോലെയുള്ള
അപരാധമാണ്‌
വൃദ്ധന്മാര്‍ എന്ന വിളിയും
സമ്മാനിക്കുക...
അര്‍ത്ഥങ്ങളുടെ ലാളിത്യം
തിരിച്ചറിയാതെ പ്രതികരിക്കുന്നത്‌ കൊണ്ട്‌
തന്നെയാവാം
ഇത്‌...

നല്ല പോസ്റ്റ്‌....
ആശംസകള്‍...

ज्योतिर्मयी ജ്യോതിര്‍മയി said...

ഇഞ്ചിച്ചേച്ച്യോടു മി...ണ്ടില്ല
...
...
...എന്നാലും കളിയ്ക്കാന്‍ കൂട്ടാം, ഇത്രടം ഒന്നു വന്നൂലോ, ഈ പുരാണം വായിച്ചാലും സ്വര്‍ഗ്ഗത്തില്‍ സീറ്റുറപ്പാ :)

(കമന്റൊന്നും വരാറില്ലാത്തതുകൊണ്ട്, എന്റെ ബ്ലോഗില്‍ പോസ്റ്റിട്ടുകഴിഞ്ഞാല്‍ വന്നു നോക്കാറില്ല. ഇനി ഫോളോ അപ് ആവാം)

ശിവ said...

[വര്‍ദ്ധിച്ചവന്‍, (എല്ലാനിലയിലും) വളര്‍ന്നവന്‍, വലിയവന്‍, വലുതായവന്‍, എന്നൊക്കെയാണര്‍ത്ഥം]

ഈ അറിവിന് നന്ദി...

ശിവ said...

[വൃദ്ധന്‍ എന്ന വാക്കിന് വര്‍ദ്ധിച്ചവന്‍, (എല്ലാനിലയിലും) വളര്‍ന്നവന്‍, വലിയവന്‍, വലുതായവന്‍, എന്നൊക്കെയാണര്‍ത്ഥം]

ഈ അറിവിന് നന്ദി...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അതല്ലേ ജോതിര്‍മയി ഈ വ്രദ്ധമാരെ സുക്ഷിക്കുക
എന്നു പറയുന്നത്

ഭൂമിപുത്രി said...

‘വൃദ്ധന്‍’എന്ന വാക്ക് ‘വര്‍ദ്ധിച്ചവന്‍’എന്ന അറ്ത്ഥത്തിലുപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നോ?
ഈ പുതിയ അറിവിന് നന്ദി ജ്യോതി.ഏതെങ്കിലും
നില്യ്ക്ക വലീയ ഒരാളെ വൃദ്ധാന്നു ഒന്നു വിളിച്ചുനോക്കീട്ട് തല്ല്കിട്ടിയാല്‍ ഇവിടെവന്ന് പറയാംട്ടൊ

വല്യമ്മായി said...

:)
അപ്പോള്‍ അകാല വൃദ്ധനോ?

കരീം മാഷ്‌ said...

ബോസ്സു വന്നോ എന്നു ഞങ്ങളുടെ ഓഫീസിലെ എല്ലാ മലയാളികളും ചോദിക്കുന്നതു “കെളവന്‍ വന്നോ?” എന്നാണ്.
ഇതു പലപ്പോഴും കേട്ടു പഠിച്ച അദ്ദേഹം ഒരു ദിവസം What is the meaning of “കെളവന്‍” എന്നു ചോദിച്ചു
ഞാന്‍ ഉടനെ തന്നെ ബുദ്ധിപൂര്‍വ്വം "respected man" എന്നു മരുപടി കൊടുത്തു. അദ്ദേഹത്തിനു വളരെ സന്തോഷമായി.
പക്ഷെ അടുത്തൊരു കോണ്‍ഫറന്‍സില്‍ എന്നെ സംബോധന ചെയ്തു
“കിഴവന്‍ Chief Accountant Mr.Abdulkareem എന്നു സംബോധന ചെയ്തപ്പോള്‍ മലയാളികളായ അംഗങ്ങള്‍ ആര്‍ത്തു ചിരിച്ചത് എന്തിനാണെന്നു അദ്ദേഹത്തിനു വലിയ സംശയമായിരുന്നു.

cibu cj said...

എത്ര കൊലകൊമ്പന്‍ പ്രയോഗമുപയോഗിച്ച് മിനുക്കിയാലും ഒരു വാക്കിന്റെ അര്‍ഥം കാലക്രമത്തില്‍ റിയാലിറ്റിയിലുള്ളതായി വരും. ആ പ്രയോഗത്തിന്റെ മുനയൊടിയുകയും ചെയ്യും. ആത്യന്തികമായി, വാക്കിനല്ല മൂല്യം വാക്കുകൊണ്ട് കാണിക്കുന്ന വസ്തുവിനാണ് എന്നതുകൊണ്ടാണിങ്ങനെ.

Pramod.KM said...

അറുപത്തഞ്ചുകഴിഞ്ഞ വൃദ്ധന്മാരെല്ലാം ഈ വരിയില്‍ നില്‍ക്കുക എന്ന് പറഞ്ഞവന്മാരെല്ലാം വിരുദ്ധന്മാരാകും.:)

വെള്ളെഴുത്ത് said...

കെളവന്‍ എന്നതിന് old man എന്നു പറഞ്ഞാല്‍ പോരായിരുന്നോ? അതത്ര മോശം വാക്കാണോ ഇംഗ്ലീഷില്‍? ‘കല്‍പ്പറ്റ നാരായണന്റെ’ ഒരു ലേഖനമുണ്ട് ‘വെള്ളസോക്സിട്ട മുടിനാരുകള്‍’ ലോകം യുവക്കള്‍ക്കും യുവതികള്‍ക്കും അനുകൂലമായിരിക്കുമ്പോള്‍ പിന്തള്‍ലപ്പെട്ടു പോകുന്ന വയസ്സന്മാരെയും വയസ്സിമാരെയും കുറിച്ചാണ്, ഈ ലേഖനം +2 ക്ലാസില്‍ പഠിക്കാനുണ്ട്. അനാഥമാകുന്ന വാര്‍ദ്ധക്യം എന്നൊക്കെ പിള്ളാര് വായില്‍ തിരുകിക്കൊടുത്ത കാര്യം പറയുമെങ്കിലും ഒരു സംവാദം വന്നപ്പോള്‍ യുവാക്കള്‍ക്ക് യാതൊരു സ്ഥാനവും ഈ സമൂഹം നല്‍കുന്നില്ലെന്നും സമൂഹം പൂര്‍ന്നമായും കിളവന്മാരുടെ തന്നെയാണെന്നും അവര്‍ തീവ്രമായി തന്നെ വാദിച്ചു. രാഷ്ട്രീയം, സാമൂഹിക മന്ദത, സദാചാരം, യാഥാസ്ഥിതികത്വം. (കേരളത്തിന്റെ കാര്യമാണേ !) പറഞ്ഞുവന്നത് നോക്കുന്നവരുടെ പ്രായമാണ് ദര്‍ശനത്തിന്റെ പ്രായം, യുവാക്കള്‍ക്ക് ഇത് വൃദ്ധരുടെ ലോകം. വൃദ്ധര്‍ക്ക് ഇതു യുവാക്കളുടെ ലോകം. !!!

ज्योतिर्मयी ജ്യോതിര്‍മയി said...

വൃദ്ധന്‍ എന്ന വാക്കിന്, വയസ്സായവന്‍ എന്ന അര്‍ത്ഥം ഇല്ലെന്നു പറഞ്ഞില്ല. വാക്കിനു കുറച്ചുകൂടി സ്കോപ്പുണ്ട് - കുറച്ചുകൂടി വിശാലമായ മാനങ്ങള്‍ ഉണ്ട് എന്നതു സൂചിപ്പിക്കുകയായിരുന്നു.


ദ്രൌപദി ജി, സന്തോഷം :)

ശിവ, അറിവ് എവിടെയെങ്കിലും ഉപയോഗിച്ചോ? എന്നിട്ടെന്തായി?ശിവശിവ... :)

അനൂപ് ജി , അങ്ങനെ പറയാറുണ്ടല്ലേ? കേട്ടിട്ടുണ്ട്. വയസ്സാവുന്തോറും ജീവിച്ചതിന്റെ സംതൃപ്തി ഉണ്ടാവേണ്ടതിനുപകരം, ജീവിതസമ്മര്‍ദ്ദവും നിരാശയും രോഗവും അവശതയും മോഹങ്ങളും ആര്‍ത്തികളും ഒക്കെ കൂടിക്കൊണ്ടിരിയ്ക്കുന്ന വൃദ്ധരുടെ എണ്ണം ‘സംതൃപ്തരായ ,കൃതാര്‍ത്ഥരായ വൃദ്ധരുടെ‘ എണ്ണത്തേക്കാള്‍ എത്രയോ കൂടുതലാണ് ഇപ്പോള്‍ എന്നതുകൊണ്ടാവും, അങ്ങനെ പറയേണ്ടിവരുന്നത് എന്നു തോന്നുന്നു.


ഭൂമിപുത്രി, ധര്‍മ്മത്തില്‍ ഊന്നിമാത്രം അര്‍ത്ഥം (ധനം) സമ്പാദിയ്ക്കുകയും അങ്ങനെ സമ്പാദിച്ച ധനം കൊണ്ടു കാമം(ആഗ്രഹങ്ങള്‍) സഫലമാക്കുകയും ചെയ്ത്, കാലക്രമത്തില്‍ പക്വതയാര്‍ജ്ജിയ്ക്കുകയും, ‘കണ്ടതിനും കേട്ടതിനും ഒക്കെ പുറകെ ഓടിയോടി തന്റേതാക്കി അനുഭവിക്കണം‘ എന്ന ചിന്തകളില്‍നിന്നൊക്കെ ഔട്ഗ്രോ ചെയ്യുകയും ചെയ്താല്‍ വാര്‍ദ്ധക്യമാവുമ്പോഴേക്കും മനസ്സില്‍ കൃതാര്‍ഥതയും സന്തോഷവും സംതൃപ്തിയും ഉണ്ടാവില്ലേ? എനിയ്ക്ക് അടുത്തറിയുന്ന/ എന്റെ മനസ്സില്‍ ഉള്ള പ്രായമായ ഒരുവിധം എല്ലാവരും ഇത്തരക്കാരാണ്/ആയിരുന്നു.

ഉപഭോഗസംസ്കാരത്തിന്റെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയാല്‍ എത്രയായാലും തൃപ്തി എന്ന ഒരു ഭാവം ഉണ്ടാവും എന്നു തോന്നുന്നില്ല. മുഖത്തെ പ്രസന്നത, പ്രസാദഭാവം -ലാളിത്യം- അതാണു എന്നെ സംബന്ധിച്ച്, നന്നായി ജീവിച്ച /ജീവിയ്ക്കുന്ന ഒരാളുടെ ലക്ഷണം.

ഏതായാലും ഭൂമിപുത്രീ പരീക്ഷണം നടത്തിയോ? കിട്ടുന്നതില്‍ പാതി ഞാന്‍ ചോദിച്ചില്ല ട്ടോ. ഹേയ് , ഞാനേ... കിട്ടിയതുകൊണ്ടൂ തൃപ്ത :))
കിട്ടാനുള്ളതൊക്കെ ഏതു ശ്രീശാന്തിനായാലും കിട്ടും:(

ज्योतिर्मयी ജ്യോതിര്‍മയി said...

വല്യമ്മായി :)

വളര്‍ന്നവന്റെ പക്വതയും സംതൃപ്തിയും ഒട്ടും ഇല്ലാതിരിയ്ക്കുകയും, പ്രായമാവുന്നതിനും മുന്‍പേ ശരീരത്തിന്റെ സ്വാധീനം നഷ്ടപ്പെട്ട്, അവശതകള്‍ മാത്രം അനുഭവിയ്ക്കുന്നവരായിരിയ്ക്കണം ഉത്സാഹമെല്ലാം നഷ്ടപ്പെട്ട അകാലവൃദ്ധര്‍.

കരീം മാഷേ :) ചിരിച്ചു ചിരിച്ചു വയ്യാതായി.

വെള്ളെഴുത്തുമാഷേ :) ഓള്‍‌ഡ് മാന്‍ എന്നു പറഞ്ഞാലും അത്ര രസിയ്ക്കില്ലെന്നു തോന്നുന്നു. സീനിയര്‍ സിറ്റിസന്‍(സിറ്റീ സണ്‍) ആണെങ്കില്‍ ഓകേ :)

“നോക്കുന്നവരുടെ പ്രായമാണ് ദര്‍ശനത്തിന്റെ പ്രായം, യുവാക്കള്‍ക്ക് ഇതു വൃദ്ധരുടെ ലോകം, വൃദ്ധര്‍ക്ക് ഇതു യുവാക്കളുടെ ലോകം”-

ഇപ്പറഞ്ഞതില്‍ വൈരുദ്ധ്യമില്ലേ? യുവാക്കള്‍ക്ക് ഇതു യുവാക്കളുടെ ലോകം എന്നും വൃദ്ധര്‍ക്ക് ഇതു വൃദ്ധരുടെ ലോകം എന്നും തോന്നിയാല്‍ പ്രശ്നം തീരുമോ എന്നാലോചിക്കാം...

അല്ലെങ്കിലുമതേ, തേങ്ങയ്ക്കു വില കുറഞ്ഞാല്‍ തെങ്ങുകര്‍ഷകര്‍ വിലകുറഞ്ഞതിനെതിരെ സമരം നടത്തും. വില കൂടിയാല്‍ ഉപഭോക്താക്കള്‍ വിലകൂടിയതിനെതിരെ സമരം നടത്തും. അതിനുപകരം, വിലകുറയുമ്പോള്‍ ഉപഭോക്താക്കള്‍ ഒരു ആഘോഷം നടത്താത്തതെന്താ? :) അതുപോലെ വിലകൂടിയാല്‍ കര്‍ഷകര്‍ ഉത്സവം ആഘോഷിയ്ക്കെണ്ടേ? വിലകളൊക്കെ കൂടിക്കൊണ്ടിരിക്കുമ്പോഴും സന്തോഷിക്കണമെന്കില്‍ നമ്മള്‍ ഉല്പാദകര്‍ തന്നെ ആവണം.(ഓഫ് ടോപ്പിക്കായോ? സാരമില്ല)


പ്രമോദേ :) അപ്പറഞ്ഞതു പ്രമാദം :)

ज्योतिर्मयी ജ്യോതിര്‍മയി said...

സിബു

“എത്ര കൊലകൊമ്പന്‍ പ്രയോഗമുപയോഗിച്ച് മിനുക്കിയാലും ഒരു വാക്കിന്റെ അര്‍ഥം കാലക്രമത്തില്‍ റിയാലിറ്റിയിലുള്ളതായി വരും. ആ പ്രയോഗത്തിന്റെ മുനയൊടിയുകയും ചെയ്യും“.(സിബു).

ശരിയാവും. മുനയൊടിച്ചില്ലെങ്കില്‍ കൂടുതല്‍ വ്യാപ്തിയിലുള്ള ലക്ഷ്യത്തിലെത്താന്‍ പറ്റിയാലോ!


ഒരു പക്ഷിയുടെ കൊക്കിന്‍ മുനയൊടിച്ചും ചിറകൊടിച്ചും ഒക്കെ കൂട്ടിലാക്കുന്നതുപോലെയാണു വാക്കുകള്‍ ഡിക്ഷണറികളില്‍ ചുരുണ്ടിരിയ്ക്കുന്നത്, എന്നു തോന്നാറുണ്ടു പലപ്പോഴും. ഡിക്‍ഷണറികളെ, ഒരു സൂചന -ഏകദേശധാരണ- കിട്ടാന്‍ വേണ്ടിയേ ഉപയോഗിയ്ക്കാവൂ എന്നാണെന്റെ അഭിപ്രായം. (ടെക്‍നിക്കല്‍ ടേര്‍മ്സിന്റ്റെ കാര്യമല്ല ). അറിയാത്തവാക്കിന്റെ അര്‍ഥം ഒരു സൂചന കിട്ടാന്‍ ഡിക്‍ഷണറി ഉപയോഗിയ്ക്കുക, പിന്നെ ഭാഷാപ്രയോഗങ്ങള്‍ കണ്ടും കേട്ടും വായിച്ചും ആ വാക്കിന്റെ മുഴുവന്‍ (അഥവാ കൂടുതല്‍ വിശാലമായ) അര്‍ഥം അറിയാന്‍ ശ്രമിയ്ക്കുക- അങ്ങനെയാണു വേണ്ടതെന്നാണെന്റെ അഭിപ്രായം.“ആത്യന്തികമായി, വാക്കിനല്ല മൂല്യം വാക്കുകൊണ്ട് കാണിക്കുന്ന വസ്തുവിനാണ് എന്നതുകൊണ്ടാണിങ്ങനെ“.

വൃദ്ധന്‍ = വയസ്സന്‍ . ശരി.

വയസ്സന്‍ എന്നാലോ? വയ്യാതായ ആള്‍ എന്നുമാത്രമാണോ? രോഗവും പരാശ്രയവും വന്ന ആള്‍ എന്നുമാത്രമാണോ? മരിയ്ക്കാറായ ആള്‍ എന്നു മാത്രമാണോ? ജീവിയ്ക്കാവുന്നിടത്തോളം ഏകദേശം ജീവിച്ചയാള്‍ എന്നാണോ? വളര്‍ന്നയാള്‍ എന്നാണോ? ജീവിതം ജീവിച്ചുതീരാറായവര്‍ എന്നാണോ?

വാക്കുകൊണ്ടു കാണിയ്ക്കുന്ന വസ്തുവിനും ഒരു നിയതരൂപമില്ലല്ലോ? നിയതഭാവമില്ലല്ലോ?

മധുരം എന്നാലെന്താണ്? അങ്ങനെ ഒരു വസ്തുവുണ്ടോ?

ചിത്രകാരന്‍chithrakaran said...

വാക്കുകളുടെ പ്രയോഗത്തിലിരിക്കുന്ന അര്‍ത്ഥം തന്നെയാണ് പ്രധാനമായിട്ടുള്ളത്.
വൃദ്ധന്‍,കിഴവന്‍ എന്നൊക്കെ പറയുന്നത് അവജ്ഞയോടുകൂടിയുള്ള വിശേഷണമായിത്തന്നെയാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. വര്‍ദ്ധിത വീര്യന്‍ എന്ന പഴയ അര്‍ത്ഥം വൃദ്ധന്‍ എന്ന വാക്കിന്റെ കുട്ടി കുട്ടിക്കാലത്തുണ്ടായിരുന്ന ആരോഗ്യം കണക്കിലെടുത്തുള്ള അര്‍ത്ഥമായിരിക്കണം. അതിപ്പോള്‍ ചിലവാകില്ല.സംസ്കൃതം തന്നെ മരിച്ച(കൊല്ലപ്പെട്ട എന്നും പറയാം)ഒരു ഭാഷയല്ലേ ടീച്ചര്‍ ?

സു | Su said...
This comment has been removed by the author.
സു | Su said...

വൃദ്ധന്‍ എന്നു പറയുമ്പോള്‍ കുറച്ചൊരു ഗമയുണ്ട്. അതു വയസ്സന്‍ എന്നാവുമ്പോള്‍ കുറച്ച് കുറയുന്നു. കിഴവന്‍ എന്നാവുമ്പോള്‍ കുറച്ചും കൂടെ കുറയുന്നു. എത്രയൊക്കെ അനുഭവങ്ങളിലൂടെ കടന്നിട്ടാവും, എത്രയൊക്കെ അറിവ് വര്‍ദ്ധിച്ചാവും ഒരാള്‍ വൃദ്ധനാവുന്നത് അല്ലേ? എന്നിട്ടും ഒരു ബഹുമാനമില്ല.

Anonymous said...

വൃദ്ധന്‍ എന്ന പദത്തിന്റെ അനേകാര്‍ഥങ്ങളിലേതുവച്ചും അതു പ്രയോഗിക്കാം. ആ‍്രാണു പറയുന്നതു, ഏതു സന്ദര്‍ഭത്തില്‍ എന്നതിനനുസരിച്ച്, സംജ്ഞാപദങ്ങളുടെ അറ്ഥം ഊഹിക്കാന്‍ നമ്മുടെ ഭാവനയെ ഉപയോഗിക്കാം.”ഉത്തരാധുനികത”യുടെ ഒരു ക്ഷേത്രം വാക്കുകളുടെ അറ്ഥവ്യതിയാനങളെ സരസതയോടെ ഉപയോഗിക്കുക എന്ന നിയോക്ളാസ്സിക്കല്‍ ശൈലിതന്നെയാണ്.
ഓരോ വാക്കിനും നിയതത്വം ഉണ്ടായിരിക്കുക എന്നതു സങ്ഗീതത്തിലെ സ്വരസ്ഥാനകല്പനപോലെ അനിഷേധ്യമാണ്. ഒരുസ്വരത്തില്‍നിന്നു വേറൊരു സ്വരത്തിലേക്കു പോകുമ്പോള്‍,ആ പോക്ക് ,അങ്ങേപ്പുറത്തിനേയും ഇങ്ങേപ്പുറത്തിനേയും ഒന്നുദ്രവിപ്പിച്ച് യോജിപ്പിക്കുന്ന ആ ഒരു “ഗമകം”-അതാണല്ലോ സങ്ഗീതത്തില്‍ രാഗവും ഭാവകാരകവും ആകുന്നതു. അതുപോലെ,ഒരു പദത്തെ അതിന്റെ നിയതാര്‍ഥത്തില്‍നിന്നു മറ്റൊന്നിലേക്കു സരസമായി സങ്ക്രമിപ്പിക്കുന്ന, സരിപ്പിക്കുന്ന, ഒഴുക്കുന്ന, ഭാഷയുടെ കഴിവിനെ, അതുപയോഗിക്കുന്നവരുടെ ശേഷിയെ, “സരസ്വതി”, എന്നു ഞാന്‍ അറിയുന്നു.
മനുഷ്യനായ “എനിക്കു”, മനുഷ്യസ്ത്രീയേ അമ്മയാകുള്ളുവെങ്കിലും,(ജൈവശാസ്ത്രപരമായി) നിയതാര്‍ഥമുള്ള മാതൃശബ്ദത്തോടു ചേര്‍ന്ന് (അപ്പുറമോ ഇപ്പുറമോ)ഭൂമി,ഭാഷ,ഗോ,ഗങ്ഗ -എന്തിനധികം- വിരല്‍ എന്നുപോലും-എന്നൊക്കെ ചേര്‍ക്കുമ്പോള്‍ പദങ്ങളുടെ നിയതാര്‍ഥത്തില്‍ വരുന്ന മാറ്റത്തെ, പ്രവാഹത്തെ, എഴുത്തുകാരന്‍ ഉദ്ദേശിച്ച അതേ സ്വാരസ്യത്തില്‍ എനിക്കു മനസ്സിലാകുമ്പോള്‍, ഞാനും എഴുത്തുകാരനും ഒരു‘കര’ക്കാരനാകുന്നു- *ഒരുനാട്ടുകാരനാകുന്നു-ഒരു ഭാഷക്കാരനാകുന്നു-ഞങ്ങള്‍ റീട്ടൈനിങ് വാള്‍ കെട്ടിനികത്താതെ, കയ്യേറാതെ, ആദരവോടെ എല്ലാവര്‍ക്കുമായി വെച്ച ആ സരസ്വതീതീരം കഴിവതും കേടുവരുത്താതെ നോക്കുന്നു- നമുക്കു ശേഷം പ്രളയം ആണോ, അല്ലല്ലോ?
ഓണ്‍ ടോപിക്: ശിശു എന്നതു പരിഹാസപൂര്‍വകമായ വിശേഷണമാണു പണ്ട്- വലിയവരെ വിളിക്കുമ്പോള്‍; അതിന്റെ ഉത്തരാധുനികമായ അവതാരത്തിലും!
അവതാരം എന്നു പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നു- ഈയിടെ മനോരമയില്‍ വന്ന തലക്കെട്ട്- ബഹിറാകാശത്ത് ‘ഇന്ത്യയുടെ ദശാവതാരം’ എന്നു; ബുദ്ധിമുട്ടി 10 ഉപഗ്രഹങ്ങളെക്കയറ്റിയ റോക്കറ്റ് ഗുരുത്വാകര്‍ഷണത്തിനെതിരെ സര്‍വശ്ക്തിയുമുപയോഗിച്ച് പൊക്കിയുയര്‍ത്തിപ്പറന്നാണ് ഇതു സാധിച്ചത്. അവതാരം എന്ന വാക്കിന്റെ അര്‍ഥമോ, താഴേക്കിറങ്ങി വരികയെന്നും!
*കൂലി എന്ന്, ഇംഗ്ലീഷില്‍ക്കൂടി ഉപയോഗിക്കുന്ന വാക്കു എങ്ങനെ ഉണ്ടായി എന്നു (ജ്യ്യോതിര്‍മയി)ടീച്ചറോ (ഉമേഷ്)മാഷോ പറഞ്ഞുതരട്ടെ.
-ചിത്രഗുപ്തന്‍