Friday, August 29, 2008

പവര്‍ക്കട്ട് ഫാന്‍

ക്ലാസില്‍ വ്യാകരണാധ്യാപിക‍: ‘സ്വിച്ചിട്ടാല്‍ വെളിച്ചം കിട്ടും’ - ക്രിയ ഏതുകാലത്തിലാണ്,
സുനി പറയൂ
സുനി : ഭൂതകാലം, ടീച്ചറേ ഭൂതകാലം.

ടീച്ചര്‍: പഠിച്ചുപഠിച്ച്, ഭൂതത്തെ അറിയാതായോ?
സുനി: അതെങ്ങനെ, ടീച്ചര്‍ തന്നെയല്ലേ ഞങ്ങളെപ്പഠിപ്പിക്കുന്നത്! ടീച്ചറേ, ഞങ്ങള്‍ വീട്ടില്‍ സ്വിച്ച് ഇടാറേയില്ല. ഉമ്മറത്തുള്ള ബള്‍ബൊഴികെ മറ്റു ബള്‍ബുകളെല്ലാം ഊരിവെച്ചതാ.

ഗീത, മാതു, കിങ്, പവന്‍ എല്ലാവരും ഒരുമിച്ച്- ഞങ്ങളുടെ വീട്ടിലും അങ്ങനെതന്നെ. ടീച്ചറേ പവര്‍ക്കട്ടുകാരണം ഇപ്പൊ നല്ലരസമാ. ഹോം വര്‍ക്കൊക്കെ വൈകുന്നേരം തന്നെ തീര്‍ക്കും. രാത്രി വര്‍ത്തമാനം പറച്ചിലും പാട്ടുപാടലും കുടുംബശ്രീയുടെ ‘കുട്ടിക്കൃഷിസംഘ’ ത്തിന്റെ പരിപാടികള്‍ ചര്‍ച്ചചെയ്യുകയും ഒക്കെയാണു പരിപാടി. ഞങ്ങള്‍ അടുത്തടുത്തവീട്ടുകാര്‍ എല്ലാവരും കൂടി ഒരു പത്തുമുപ്പതുപേരുണ്ട്. പിന്നെ വേഗം കിടന്നുറങ്ങും. ടീച്ചറേ, പവര്‍ക്കട്ട് ഫാന്‍സാ ഞങ്ങള്‍. കറന്റു ബില്ലും പച്ചക്കറിവിലയും ഒന്നും ഇപ്പോള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കും ഒരു പ്രശ്നമേയല്ല. അവര്‍ പറഞ്ഞുനിര്‍ത്തി.

അപ്പൊ കുട്ട്യോളേ, ഇന്നത്തെപ്പാഠം ഇതായ്ക്കോട്ടേ.
പവര്‍ക്കട്ടും കറന്റുബില്ലും കൂടി നമ്മെ പഠിപ്പിക്കുന്ന പാഠം. നമ്മെ കുറച്ചുകൂടി സ്വയം പര്യാപ്തതയിലേയ്ക്കു നയിക്കുന്ന പാഠം. ജീവിതസൌകര്യം എന്നപേരില്‍ നാം സ്വയം പലതിന്റേയും അടിമകളാവുകയായിരുന്നു എന്ന പാഠം, ‘കറന്റില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ മറികടക്കാന്‍ പഠിച്ചപലതും തിരുത്തിപ്പഠിക്കേണ്ടിയിരിയ്ക്കുന്നു എന്ന പാഠം, ഇതാവട്ടെ ഇന്നത്തെ പാഠം.

ഇന്നത്തെപ്പാഠം ബോധ്യമാവാത്തവര്‍ ഉണ്ടെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ഗൃഹപാഠം സത്യസന്ധമായി ചെയ്തുവരിന്‍. എന്നിട്ട്, നാളെ നമുക്കു ചര്‍ച്ചചെയ്യാം.

ഗൃഹപാഠം : നിങ്ങളുടെ വീട്ടില്‍ ഏതെല്ലാം വൈദ്യുതോപകരണങ്ങളുണ്ട്? അവ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ഗുണങ്ങളാണ് നിങ്ങള്‍ അനുഭവിക്കുന്നത്? ഉത്തരമായി കിട്ടുന്നതൊക്കെ ഒരു പട്ടികയില്‍ രേഖപ്പെടുത്തുക. സമയം ലാഭിക്കുന്നുണ്ടോ? ഉണ്ടാവുന്ന സമയലാഭം നിങ്ങള്‍ എങ്ങിനെ ഉപയോഗിക്കുന്നു?

2. ഒരാഴ്ച തുടര്‍ച്ചയായി പവര്‍കട്ട് ആണെന്നു സങ്കല്‍പ്പിക്കുക. വൈദ്യുതോപകരണങ്ങള്‍ക്കുപകരം നിങ്ങള്‍/വീട്ടുകാര്‍ അതാതുപണികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു? ആ പണികളില്‍ നിങ്ങളുടെ പങ്കെന്ത്?

3. രണ്ടുരീതികളും തമ്മില്‍ ഗുണദോഷവിശകലനം ചെയ്തുനോക്കുക. സമയലാഭം, സമയനഷ്ടം എന്നുമാത്രം എഴുതിയാല്‍പ്പോരാ. സമയലാഭമുണ്ടെങ്കില്‍ ആ സമയം എങ്ങിനെ ഉപയോഗിക്കും എന്നതുകൂടി എഴുതണം. അതുപോലെ സമയനഷ്ടമാണെങ്കിലും.

2 comments:

സു | Su said...

എന്തിനും ഗുണങ്ങളുണ്ട്. ദോഷങ്ങളും. പവർക്കട്ട് ഇല്ലെങ്കിൽ കറന്റ്ബില്ലിലും കട്ട് ഉണ്ടാവില്ല. കറന്റ് ഉള്ളപ്പോൾ ശ്രദ്ധിച്ച് ഉപയോഗിക്കില്ല. കറന്റ് ഇല്ലാതിരിക്കുമ്പോൾ പാഴാക്കിക്കളഞ്ഞ (വേണംന്ന് വെച്ചിട്ടല്ലെങ്കിലും) കറന്റിനെക്കുറിച്ച് ഓർക്കും.

ടീച്ചർ, എനിക്കു പനിയാണ്. അതുകൊണ്ട് ഗൃഹപാഠം ചെയ്തില്ല.

siva // ശിവ said...

ഡി.പി.ഇ.പി. ആണല്ലേ....