Wednesday, June 10, 2009

അവനും അവളും

വീട്ടില്‍ സുഹൃത്തുക്കള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു. ഇന്നലെ വന്ന ആത്മസുഹൃത്തിന്റെ അടുത്ത് അവന്‍ ഹൃദയം തുറക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. പറയാനുള്ളതൊക്കെ അവന്‍ പറഞ്ഞുതീര്‍ക്കട്ടേയെന്നു് സുഹൃത്തും കരുതിക്കാണും.

“എനിയ്ക്കവളെ എന്തിഷ്ടമായിരുന്നെന്നോ! അവളുടെ എന്തുഗുണമാണ് എന്നെ ആകര്‍ഷിച്ചത് എന്നൊന്നും എനിയ്ക്കറിയില്ല. സുന്ദരി എന്നു പറയില്ലെങ്കിലും എന്തോ ഒരു വശ്യത അവള്‍ക്കുണ്ടായിരുന്നു. കണ്ണുകളിലോ പുഞ്ചിരിയിലോ നിഷ്കളങ്കത അധികം ഉണ്ടായിരുന്നതെന്ന് എനിയ്ക്ക് അറിയില്ല. സാമാന്യം നല്ല വിദ്യാഭ്യാസവും നല്ല ധൈര്യവും അതോടൊപ്പം അഹങ്കാരമില്ലായ്മയും. മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്നത് ഒരു വ്രതം പോലെയായിരുന്നു അവള്‍ക്ക്. എനിയ്ക്കുമാത്രമല്ല എന്റെ എല്ലാ ബന്ധുക്കള്‍ക്കും വിശേഷിച്ചും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അവളെ നല്ല കാര്യമായിരുന്നു. എന്റെത്തന്നെ ചില ബന്ധുക്കള്‍ ഞാന്‍ പോലും അറിയാതെ അവളുടെ അടുത്ത് അവരവരുടെ വിഷമം പറഞ്ഞ്, ആശ്വാസവാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒരിയ്ക്കലും ഒരു ലഹളയ്ക്കും പരദൂഷണത്തിലും തലയിടില്ലെന്നുമാത്രമല്ല, പലകാലം അല്പരസത്തില്‍ കഴിഞ്ഞിരുന്ന ചിലരെയെങ്കിലും നല്ലബന്ധുക്കളാക്കാന്‍ പോലും അവള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
കുടുംബം എന്നാല്‍ അവള്‍ക്ക് ‘അണു'അല്ല, എന്റേയും അവളുടേയും ബന്ധുക്കളെല്ലാം അടങ്ങിയതായിരുന്നു അവളെ സംബന്ധിച്ച് കുടുംബം. കുടുംബം കഴിഞ്ഞേയുള്ളൂ അവള്‍ക്കു ജോലി, എന്നുവെച്ച്, ജോലിയില്‍ ആത്മാര്‍ഥതയില്ല എന്നല്ല. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി മുഴുമിപ്പിക്കാറുണ്ട്. കൂട്ടത്തില്‍ അവള്‍ കൂടുതല്‍കൂടുതല്‍ പഠിച്ചുകൊണ്ടുമിരുന്നു.

അവള്‍ എഴുതുന്നതും പറയുന്നതും പാചകം ചെയ്യുന്നതും ഒന്നും വലിയ വലിയ ലക്ഷ്യങ്ങള്‍ മനസ്സില്‍ വെച്ചായിരുന്നില്ല, അത്ര കേമവുമായിരുന്നില്ല. അതോരോന്നും എനിയ്ക്കെത്ര പ്രിയപ്പെട്ടതായിരുന്നെന്നോ. അവള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും എനിയ്ക്ക് ഇഷ്ടമായി എന്നറിയുന്നതും നന്നായി എന്നു ഞാന്‍ പറയുന്നതും അവള്‍ക്കു കേള്‍ക്കാന്‍ ഇഷ്ടമാണെന്ന് അവള്‍ തന്നെ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ അവളോടിതുവരെ നേരിട്ടു പറഞ്ഞിട്ടില്ല.

ഇനി പറയാനുമാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...

അവള്‍ എന്നെവിട്ടു പോയിട്ട് ഇന്നേയ്ക്ക് നാല്‍പ്പത്തൊന്നു ദിവസം കഴിയുന്നു”.

അവനും ആത്മസുഹൃത്തിനും ചായയെങ്കിലും കൊടുക്കാന്‍ കൊതിച്ച്, അടുക്കളയിലെ ചായപ്പാത്രത്തില്‍ വട്ടം ചുറ്റിനിന്നിരുന്ന അവളുടെ ആത്മാവു് പുഞ്ചിരിച്ചു. നിറപുഞ്ചിരി.

7 comments:

നിഷ്ക്കളങ്കന്‍ said...

കഥ തന്നെ. മ‌നോഹരം.

shine അഥവാ കുട്ടേട്ടൻ said...

:-)

ഇട്ടിമാളു said...

"അവള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും എനിയ്ക്ക് ഇഷ്ടമായി എന്നറിയുന്നതും നന്നായി എന്നു ഞാന്‍ പറയുന്നതും അവള്‍ക്കു കേള്‍ക്കാന്‍ ഇഷ്ടമാണെന്ന് അവള്‍ തന്നെ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ അവളോടിതുവരെ നേരിട്ടു പറഞ്ഞിട്ടില്ല."


പറഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും നഷ്ടമാവുമായിരുന്നൊ.. കഷ്ടം...:(

കരീം മാഷ്‌ said...

പെണ്ണെഴുത്ത് :)
(എനിക്കു മനസ്സിലാവുന്നില്ല)

ഒ.ടോ
ഇട്ടിമാളൂന്റെ കമന്റു ചേര്‍ത്തു വായിക്കണം

Bindhu Unny said...

നാളെയെന്നൊന്നില്ലെന്ന് കരുതി സ്നേഹിക്കാം
പറയാനുള്ളതെല്ലാം ഇന്നേ പറയാം
:-)

ज्योतिर्मयी ജ്യോതിര്‍മയി said...
This comment has been removed by the author.
ज्योतिर्मयी ജ്യോതിര്‍മയി said...

നിഷ്കളങ്കന്‍ :)
കേള്‍ക്കാന്‍ സുഖം.


ഷൈന്‍ അഥവാ കുട്ടേട്ടന്‍ :) നന്ദി.

ഇട്ടിമാളു, ചിലരങ്ങനെയല്ലേ, ഉള്ളിലുള്ളതെല്ലാം പറയില്ല, മറ്റുചിലരോ, പറഞ്ഞാലേ മനസ്സിലാക്കൂ, വാക്കാല്‍ പറയാത്തതൊന്നും മനസ്സിലാവില്ലെന്നു നടിക്കുന്നവരും ഇല്ലേ...
ഒക്കെ നഷ്ടപ്പെടുന്നതിനുമുന്‍പ്, തിരിച്ചറിഞ്ഞാല്‍ എത്ര ലളിതമാവും ജീവിതം....

കരീം മാഷേ :)

‘പെണ്ണെഴുത്തെ‘ന്നതു ലേബലോ സര്‍ട്ടിഫിക്കറ്റോ? :)
നന്ദി വായനയ്ക്കും.

ബിന്ദു ഉണ്ണി, നന്ദി :)