Thursday, August 27, 2009

ഓണത്തെ വരവേല്‍ക്കാന്‍

വരവേറ്റാലും ഇല്ലെങ്കിലും ഓണം വരും, വരാതെ എവിടെപ്പോവാന്‍? ഉത്സവവും ആഘോഷവും ഒക്കെ വീട്ടുകാര്‍ക്കിടയില്‍ കൂട്ടായ്മയും സഹകരണവും പുതുക്കാനുള്ള അവസരം കൂടിയാവട്ടേ. അങ്ങനെയുള്ളവര്‍ക്കുവേണ്ടി , പണി ഒരു ഭാരമല്ലാത്തവര്‍ക്കുവേണ്ടി ഒരു പാചകരസിപ്പി

മുളകാപ്പച്ചടി

പുളിയിഞ്ചിപോലത്തെ ഒരു അച്ചാറാണ് മുളകാപ്പച്ചടി.

ആവശ്യമുള്ളസാധനങ്ങള്‍
ഒരുലിറ്റര്‍ അളവില്‍ ഉണ്ടാക്കാന്‍-

  1. എള്ള് - 50 ഗ്രാം - വറുത്തുപൊടിച്ചുവെയ്ക്കണം
  2. ഉഴുന്നുപരിപ്പ് - 50 ഗ്രാം വറുത്തുപൊടിച്ചുവെയ്ക്കണം
  3. പുളി - 200 ഗ്രാം - പത്തുമിനുട്ടു ചൂടുവെള്ളത്തിലിട്ടുവെച്ചതിനുശേഷം പിഴിഞ്ഞുപിഴിഞ്ഞു സത്തെടുക്കണം.
  4. ഇഞ്ചി - 100 ഗ്രാം - ചെറുതായി അരിഞ്ഞുവെയ്ക്കണം
  5. പച്ചമുളക് - 50 ഗ്രാം - ചെറുതായി അരിഞ്ഞുവെയ്ക്കണം
  6. ശര്‍ക്കര - 4-6 ആണി (മധുരം ആവശ്യത്തിന് മതി. പൊടിച്ചുവെച്ചാല്‍ എളുപ്പമാവും. കാല്‍ക്കിലോ വരെ ശര്‍ക്കര ചേര്‍ത്താലാണു എനിയ്ക്കു തൃപ്തിയാവുന്നത്. )
  7. ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

അടി കനമുള്ള പാത്രത്തില്‍ പുളിവെള്ളമൊഴിച്ച് അടുപ്പത്തുവെയ്ക്കുക. പുളിവെള്ളം തിളക്കാന്‍ തുടങ്ങിയാല്‍ തീ ചെറുതാക്കുക. പിന്നെയും ഒരു ഇരുപതുമിനുട്ടോളം വേവിക്കണം. അതിനിടെ ശര്‍ക്കര പൊടിച്ചോ പൊടിക്കാതെയോ ചേര്‍ക്കാം. ഇളക്കിക്കൊണ്ടിരിക്കണം. അതൊന്നു പാകമായിവരുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞുവെച്ചത് ചേര്‍ത്തിളക്കുക. വറുത്തുപൊടിച്ചുവെച്ച എള്ളും ഉഴുന്നുപൊടിയും ഉപ്പും ചേര്‍ക്കുക. ചെറിയതീയില്‍ ഒരഞ്ചുമിനുട്ടുകൂടി വേവിച്ച് അടുപ്പത്തുനിന്നും വാങ്ങിവെയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാല്‍ കുപ്പിയിലോ ഭരണിയിലോ ഒഴിച്ചുവെയ്ക്കാം. ഫ്രിഡ്ജൊന്നുമില്ലെങ്കിലും ഒരാഴ്ചയൊക്കെ കേടുകൂടാതെയിരിയ്ക്കും. ഫ്രിഡ്ജിലാണെങ്കില്‍ മനോധര്‍മ്മം പോലെ അതിന്റെ എക്സ്പെയറി ഡേറ്റു തീരുമാനിയ്ക്കാം.

28/08/09

ഞാനുണ്ടാക്കിനോക്കി. തരക്കേടില്ലെന്നു തോന്നുന്നു. ശര്‍ക്കര ആദ്യം പറഞ്ഞതിനേക്കാള്‍ കുറച്ചധികം ചേര്‍ത്തു. പുളിയോടു പിടിച്ചുനില്‍ക്കാന്‍. നല്ല പുളിയായിരുന്നു. കുരുവും നാരുമൊക്കെക്കളഞ്ഞു നന്നാക്കിവെച്ച പുളിയാണേ 200 ഗ്രാം എടുത്തത്.
ഉണ്ടാക്കിയെങ്കില്‍ ഫോട്ടോ എവിടെ എന്നു ചോദിക്കരുത്, എന്റെ വരെ ഫോട്ടോ ഞാന്‍ എടുത്തിട്ടില്ല, പിന്നെയല്ലേ എന്റെ മുളകാപ്പച്ചടിയുടെ ഫോട്ടോ.

6 comments:

വികടശിരോമണി said...

ഇതു താനാ മുളഹാപ്പച്ചടി?:)
നോക്കട്ടെ,അരക്കൈ.:)

ജ്യോതിര്‍മയി /ज्योतिर्मयी said...

അതേ മഹാനേ :)
വികടശിരോമണി അരക്കൈ നോക്കിയിട്ട് (കൈനോട്ടം പഠിച്ചിട്ടുണ്ടോ?) അഭിപ്രായം പറയണേ. എന്നിട്ടുവേണം എനിയ്ക്കൊന്നുണ്ടാക്കിനോക്കാന്‍ :-)

സു | Su said...

ഒരു മുളകാക്കറി ഇവിടെ ഉണ്ടാക്കാറുണ്ട്. വ്യത്യാസമുണ്ട് കേട്ടോ. ഇഷ്ടമുള്ളൊരു കൂട്ട്. അതുകൊണ്ട് ഇതുമൊന്ന് പരീക്ഷിച്ചുനോക്കാം. :)

വികടശിരോമണി said...

ഞമ്മളു വാക്കു പറഞ്ഞാൽ പാലിക്കുന്ന കൂട്ടത്തിലാ:)
ഇന്ന് അടുക്കളയിലേക്ക്.
ഈ പറഞ്ഞ എല്ലാ സാധനങ്ങളും ശരിയാക്കിവെച്ചപ്പോഴേക്കും അമ്മ ഇടപെട്ടു.ആദ്യത്തെ ആക്രമണം പച്ചമുളക് അരിഞ്ഞുവെച്ചതിനു നേരെ ആയിരുന്നു.ഇങ്ങനെ ചെറുതായി അല്ല,മുളകാപ്പച്ചടിയ്ക്ക് നീളത്തിൽ കീറി വേണം കലാപരമായി മുളക് നുറുക്കാൻ എന്ന്.കമ്പ്യൂട്ടറിൽ ഇങ്ങനെ എന്ന നമ്പറൊന്നും വിലപ്പോയില്ല.നിന്റെ കമ്പ്യൂട്ടറിന്റെ കിടുപിടികൾ ഉണ്ടാക്കുന്നതിനും വർഷങ്ങൾക്കു മുൻപ് മുത്തശ്ശിമാർ ഇതിന്റെ പ്രിപ്പറേഷൻ എനിക്കു പകർന്നു തന്നിട്ടുണ്ടെന്നാണ് അവകാശവാദം.പിന്നെ,പച്ചമുളകും ഇഞ്ചിയും നല്ലെണ്ണയിൽ വാട്ടണം എന്നായി.അവസാനം ഞാൻ ആയുധം വെച്ചു കീഴടങ്ങി.ഇനി അമ്മ ഇവിടെ ഇല്ലാത്ത ഒരു ദിവസം കേറി നോക്കാം.
എന്തായാലും,ഒരു നല്ല മണം ഒക്കെ വരുന്നുണ്ട്…നോക്കട്ടെ:)

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ ജി :)

ഞാന്‍ വെള്ളിയാഴ്ച രാത്രിയാവാന്‍ കാത്തിരിയ്ക്കുകയായിരുന്നു, ഓണപ്പാചകങ്ങള്‍ തുടങ്ങാന്‍. മുളഹാപ്പച്ചടി തയ്യാര്‍. ചൂടാറിയില്ല. കുഴപ്പമില്ലെന്നു തോന്നുന്നു. ശര്‍ക്കര ഇവിടെപ്പറഞ്ഞ അളവിനേക്കാള്‍ മൂന്നിരട്ടി ചേര്‍ത്തു :)

വികടശിരോമണി , അരക്കൈ എന്നതുകൊണ്ട് പകുതിപ്പണി എന്നാണോ ഉദ്ദേശിച്ചത്? ഏതായാലും അമ്മയുടെ രസിപ്പി പറഞ്ഞുതന്നാല്‍ അടുത്തതവണ പരീക്ഷിക്കാമായിരുന്നു. അതും കണ്ടു പഠിക്കെന്നേ:)

Anonymous said...

Yes; true