Wednesday, December 16, 2009

ത്രിമാനദര്‍ശനം

ഒന്നാം ദര്‍ശനം
കട്ടയും മണ്ണും ചുമന്നുകൊണ്ടും
മെയ്യിലഴുക്കുപുരണ്ടുകൊണ്ടും
കല്ലും സിമന്റും കുഴച്ചൊരുക്കി-
ത്തന്വിയാളൊന്നു പണിപ്പെടുന്നൂ
ഒക്കത്തിരിക്കുന്ന പൈതലിനെ
തൊട്ടില്‍പ്പഴന്തുണിക്കുള്ളിലാട്ടാന്‍
കെട്ടീട്ടുഞാത്തിയചേലയുമു-
ണ്ടൊട്ടുനാളായിഞാന്‍ കണ്ടിടുന്നൂ

രണ്ടാം ദര്‍ശനം
ആയയാമമ്മയുരുട്ടിനീക്കും
‘പ്രാമെ’ന്നകുട്ടിയുരുട്ടുവണ്ടി
ഉണ്ടതില്‍കെട്ടിപ്പൊതിഞ്ഞുകൊണ്ടേ
രണ്ടുനാളായൊരു കുഞ്ഞുവാവ
ഡേകെയര്‍ സെന്ററില്‍നിന്നുമായ
വീട്ടിലേയ്ക്കെന്നുമുരുട്ടിയാക്കും
ജോലികഴിഞ്ഞുതളര്‍ന്നണയു
മമ്മയ്ക്കു നേരമില്ലാത്തകുറ്റം
മൂന്നാം ദര്‍ശനം
തൊട്ടില്‍പ്പഴന്തുണിയ്ക്കുള്ളിലോലും
കുഞ്ഞിന്മുഖത്തു ഞാനെത്തിനോക്കീ
അമ്മവരുന്നതുകാത്തിരുന്നോ-
രമ്മിണിമെല്ലെച്ചിരിച്ചുകാട്ടി
പല്ലില്ലാമോണകള്‍കാട്ടി,മന്ദം
തെല്ലുകൈനീട്ടി കുതിച്ചുപൊങ്ങീ
കയ്യിലെടുത്തൊരുമുത്തമേകീ
പയ്യെനിറഞ്ഞുവെന്നന്തരംഗം
എന്തുപറയേണ്ടു! ഞാനലിഞ്ഞോ
രാനന്ദസാഗരമായിമാറീ

പിറ്റേന്നാള്‍ കുട്ടിയുരുട്ടുവണ്ടി
യ്ക്കുള്ളിലെക്കുഞ്ഞിനെക്കാത്തുനിന്നൂ
പാവമീക്കുഞ്ഞുങ്ങ, ളമ്മമാരേ
വേവുന്നതില്ലേ ഹൃദയമൊട്ടും
ചോദ്യമുപദേശരൂപമാര്‍ന്നീ
‘മാന്യ’യാമെന്നുടെയുള്ളില്‍വന്നൂ
വന്നണഞ്ഞപ്പോഴാക്കുഞ്ഞുപൈതല്‍
ചെന്നുഞാന്‍ കൈനീട്ടിമുന്നില്‍നിന്നൂ
കണ്ണില്‍ക്കുതൂഹലം ചേര്‍ത്തുവെച്ച-
ക്കണ്ണനാമുണ്ണിയും പുഞ്ചിരിച്ചൂ
രണ്ടുകൈനീട്ടി ഞാനൊന്നെടുത്തൂ
കുഞ്ഞിന്‍‌ഹൃദയംകടമെടുത്തൂ...............
ത്രിമാനദര്‍ശനം
ചിന്തതന്‍ മുള്‍വേലിക്കെട്ടുകളോ
പന്തിയില്ലാത്തപരാതികളോ
ഇല്ലാപരിഭവമാവലാതി
വല്ലായ്മയൊന്നുമിളം മനസ്സില്‍
തൊട്ടിലാട്ടാന്‍ മൃദുമെത്തയാണോ
കെട്ടീട്ടുഞാത്തിയചേലയാണോ
പ്ലാവിലകെട്ടിയതൊപ്പിയാണോ
കിന്നരിപ്പട്ടിന്‍ തലപ്പാവാണോ
ഇല്ലയീമട്ടിലെപ്പാഠഭേദം
വല്യോര്‍ക്കുമാത്രമാണാവലാതി!
കുഞ്ഞു വിശന്നാല്‍ കരഞ്ഞെന്നാലും
സന്തോഷമാണതിന്‍സ്ഥായിഭാവം.
ആനന്ദസാന്ദ്രമാണന്തരംഗ-
മാലയമാര്‍ക്കുമനുഭവിയ്ക്കാം!
കുഞ്ഞിന്‍‌ഹൃദയം നാമെന്നുമെന്നും
നെഞ്ഞോടു ചേര്‍ത്തുതാന്‍ വെച്ചിടേണം

8 comments:

ശിശു said...

ടീച്ചര്‍ വളരെ നാള്‍ കൂടി ഒരു നല്ല കവിത വായിച്ച പ്രതീതി.

വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരെന്നാണല്ലൊ കവിവാക്യം.

അതുപോലെ

സന്തോഷമാണതിന്‍സ്ഥായിഭാവം.
ആനന്ദസാന്ദ്രമാണന്തരംഗ-
മാലയമാര്‍ക്കുമനുഭവിയ്ക്കാം!

ഈ വരികളിലും അതേ ഭാവം നിറഞ്ഞുനില്‍ക്കുന്നു.
നന്ദി ഒരു നല്ല കവിത സമ്മാനിച്ചതിന്..

ആഭ മുരളീധരന്‍ said...

ടീച്ചര്‍ കവിത അസ്സലായി. സത്യം പറഞ്ഞാല്‍ ഈ കവിതകളൊക്കെ വായിക്കുമ്പോഴാണ് മലയാള ഭാഷയുടെ സൌന്ദര്യം അറിയുന്നത് തന്നെ

cALviN::കാല്‍‌വിന്‍ said...

നിങ്ങൾ ശിശുക്കളെപ്പോലെയാകുവിൻ എന്നല്ലേ :)

നന്നയിട്ടുണ്ട്. ആറ്റിക്കുറിക്കിയിരുന്നെങ്കിൽ കൂടുതൽ ഫീൽ വന്നേനെ. അവസാനത്തെ ആശയം അത്രയും പരത്തിപ്പറയേണ്ടിയിരുന്നോ?
ഒരഭിപ്രായം.

തറവാടി said...

കവിത :)

the man to walk with said...

lovely...
best wishes

സു | Su said...

എനിക്കിഷ്ടമായി വരികൾ. :)

കുഞ്ഞുങ്ങൾക്കെന്തറിയാം! അവർക്ക് ഒക്കെ ആശ്ചര്യം, സന്തോഷം, ഇടയ്ക്ക് കരച്ചിലും.

Jyothirmayi said...

ചിലര്‍ക്കൊക്കെ കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞു വളരേ സന്തോഷം. നല്ലവാക്കുകളൊക്കെ പ്രോത്സാഹനത്തിലേക്കു വരവു വെച്ചു :-)

കാല്‍‌വിന്‍ ജിയുടെ നിര്‍ദ്ദേശവും പ്രസക്തം തന്നെ. എങ്കിലും വെട്ടിച്ചുരുക്കാന്‍ തോന്നിയില്ല.
ആറ്റിക്കുറുക്കി ശ്ലോകത്തില്‍കഴിക്കാം, പക്ഷേ അപ്പൊ അതു വേറൊന്നായിത്തീരും :-)

ശിശു ജി, ആഭാ മുരളീധരന്‍ തറവാടി, ദി മാന്‍ റ്റു വാക്ക് വിത്, സു ജി.. എല്ലാര്‍ക്കും നന്ദി.

ബിലാത്തിപട്ടണം / Bilatthipattanam said...

Wish You Merry Christmas
and
Happy New Year .