Wednesday, April 28, 2010

മമ്മഹാമടിയന്‍

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അലസതയ്ക്കു പേരുകേട്ട ഒരു രാജാവ്. സ്വയം മടിയനായിരുന്ന അദ്ദേഹത്തിനു് എല്ലാ മടിയന്മാരേയും വലിയ ഇഷ്ടമായിരുന്നു. മഹാമടിയന്മാരെ അദ്ദേഹം നന്നായി ആദരിച്ചുപോന്നു.

ഒരുദിവസം അലസരാജാവിന്ന് ഒരാശ തോന്നി. തന്റെ രാജ്യത്തിലെ അങ്ങേയറ്റം കുഴിമടിയനായ ആളെ കണ്ടെത്തി കനത്ത ഒരു പാരിതോഷികം സമ്മാനിക്കണം എന്ന്. മന്ത്രിയുടെ ഉത്തരവാദിത്തത്തില്‍ നാടൊട്ടുക്കും വിളംബരം നടത്തി. പിറ്റേന്നുമുതല്‍ കൊട്ടാരത്തിലേക്ക് നിലക്കാത്ത ജനക്കൂട്ടം പ്രവഹിച്ചുകൊണ്ടിരുന്നു. പലരും അവരവരുടെ മടിയെപ്പറ്റി സഭയില്‍ വിസ്തരിച്ചു.

ചിലര്‍ക്കു ഉറക്കമുണരാന്‍ മടി, ചിലര്‍ക്കു കുളിക്കാന്‍ മടി, ചിലര്‍ക്കു ജോലിയെടുക്കാന്‍ മടി, ചിലര്‍ക്കു യാത്ര ചെയ്യാന്‍ മടി, ചിലര്‍ക്കു പഠിക്കാന്‍ മടി, ചിലര്‍ക്കു ബ്ലോഗെഴുതാന്‍ മടി, ചിലര്‍ക്കു കമന്റിനു മറുപടി പറയാന്‍ മടി..... എന്തിനു പറയ്ണൂ... രാജാവിനു അവരെയൊന്നും മഹാമടിയനാ‍യി അംഗീകരിക്കാന്‍ തോന്നിയില്ല. വിളംബരം കഴിഞ്ഞിട്ട് ഒരുമാസമായിട്ടും മഹാമടിയനെ കണ്ടെത്താനാവാത്തതില്‍ രാജാവു സങ്കടപ്പെട്ടു. മന്ത്രിയേയും ബുദ്ധിമാനായ വിദൂഷകനേയും അന്വേഷണത്തിനു ചുമതലപ്പെടുത്തി.

രാജ്യത്തിന്റെ മുക്കും മൂലയും പരിശോധിച്ച് അവസാനം അവര്‍ ഒരു മഹാമടിയനെ കണ്ടെത്തി. കൊട്ടാരത്തില്‍ വന്നാല്‍ മഹാമടിയനുള്ള കനത്തപാരിതോഷികം കിട്ടുമെന്നു പറഞ്ഞു... അയാള്‍ക്കു കൊട്ടാരത്തിലേക്കു വരാന്‍ മടി... രാജാവ് വേണമെങ്കില്‍ അയാളുടെ അടുത്തുവരട്ടെ എന്ന് അയാള്‍... വിദൂഷകന്‍ രാജാവിനെ കൂട്ടിക്കൊണ്ടുവന്നു.... രാജാവിനു സന്തോഷമായി എങ്കിലും മഹാമടിയനായി അംഗീകരിക്കാന്‍ തക്ക യോഗ്യത അയാള്‍ക്കില്ലെന്നു രാജാവു വിധിച്ചു.

വിദൂഷകനും മന്ത്രിയും കൂടി വീണ്ടും അന്വേഷണം തുടങ്ങി... ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ഒരാളെ കണ്ടെത്തി. രാജാവിനെ വിവരം ധരിപ്പിച്ചു.... മഹാമടിയന്റെ അടുത്തേക്കു രാജാവിനെ കൂട്ടിക്കൊണ്ടുവന്നു. രാജാവു അമ്പരന്നു.........

മഹാമടിയന്‍ ഇരിയ്ക്കുന്നതെവിടെയെന്നോ... ഒരു നീണ്ടതെങ്ങിന്റെ മുകളില്‍. രാജാവിനു അല്പം ദേഷ്യം വന്നു. വിദൂഷകനോടു കയര്‍ത്തു... ഹേയ്..ഇയാള്‍ അത്ര മടിയനാവാന്‍ തരമില്ല. ഈ തെങ്ങിനുമുകളില്‍ കയറിയില്ലേ.... തന്നെ വെറുതേ ഇത്രദൂരം കൊണ്ടുവന്ന വിദൂഷകനു തക്കതായ ശിക്ഷ കൊടുക്കാന്‍ മന്ത്രിയോടുത്തരവിട്ടു.

അപ്പോള്‍ വിദൂഷകന്‍... “മഹാരാജാവേ... ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ക്ഷമയുണ്ടാവണം.. ഈ തെങ്ങിനുമുകളില്‍ ഉള്ളവന്‍ തന്നെയാണു ‘മമ്മഹാമടിയന്‍’. ഇയാള്‍ തെങ്ങില്‍ കയറിതല്ല രാജാവേ.
കുഞ്ഞായിരുന്നുപ്പോള്‍ ഒരു തേങ്ങയുടെ മുകളില്‍ ഇരുന്നതായിരുന്നു.. ആ തേങ്ങയാണു വളര്‍ന്നു തെങ്ങായത്...
രാജാവിനു സന്തോഷമായി, തെങ്ങിന്മണ്ടയിലുള്ള ആളെ തന്റെ രാജ്യത്തിലെ ‘മമ്മഹാമടിയന്‍’ ആയി രാജാവു അംഗീകരിച്ചു.


[ഞാന്‍ എഴുതിയ കഥയല്ല... കഴിഞ്ഞദിവസം കേട്ട കഥയാണു്. മടി കാരണം പോസ്റ്റു വൈകി.. ഏപ്രില്‍ ഒന്നിനു പോസ്റ്റു ചെയ്യാന്‍ വിചാരിച്ചിരുന്നതാണു്... എല്ലാ വായനക്കാര്‍ക്കും ഏപ്രില്‍ ഒന്നാശംസകള്‍]

3 comments:

Umesh::ഉമേഷ് said...

ഏപ്രിൽ 1 വിഡ്ഢികളുടെ ദിവസമാണു്. ആ ദിവസത്തെ മടിയന്മാരുമായി കൂട്ടിക്കെട്ടിയ ജ്യോതിയുടെ കുടിലതയ്ക്കെതിരേ മടിയസമാജം പ്രെസിഡന്റ് എന്ന നിലയ്ക്കു പ്രതിഷേധിക്കാത്തതു മടി കൊണ്ടു മാത്രമാണു്...

ഞാൻ നേരിട്ടു കണ്ടിട്ടുള്ള ഏറ്റവും വലിയ മടിയൻ ചെയ്തിരുന്ന രണ്ടു കാര്യങ്ങൾ.

1) കമ്പ്യൂട്ടറിൽ (ഡോക്യുമെന്റ്) ടൈപ്പു ചെയ്യുമ്പോൾ തെറ്റി ഒരക്ഷരം ആവശ്യമില്ലാതെ ടൈപ്പു ചെയ്താൽ അതു ഡിലീറ്റ് ചെയ്യില്ല. അതിന്റെ ഇടത്തുവശത്തു ടൈപ്പു ചെയ്തുകൊണ്ടേ ഇരിക്കും. പിന്നെ ആ അക്ഷരം വരുമ്പോൾ അതു സ്കിപ് ചെയ്യും.

2) ലിഫ്റ്റിൽ (എലിവേറ്റർ) കയറിയാൽ പോകേണ്ട നിലയുടെ ബട്ടൻ ഞെക്കില്ല. "ആ നിലയിലുള്ള ആരെങ്കിലും ഞെക്കിക്കൊള്ളും, ഞാനെന്തിനാ വെറുതേ ഞെക്കുന്നതു്..." എന്നു പറയും...

ഓഫ്: മടിയന്മാർക്കെല്ലാം ലഗ്നത്തിൽ ശനിയാണെന്നു ഡോ. ഗോപാലകൃഷ്ണൻ പറയുന്നതു ശരിയാണോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹ ഹ ഹ...ഉമേഷ് ജീ

പ്രസിഡന്റിനു നമസ്കാരം!

വിഡ്ഢി എന്നതിനു മടിയന്‍ എന്നാണു് എന്റെ സ്വന്തം നിഘണ്ടുവില്‍ അര്‍ത്ഥം. (വേറേ നിഘണ്ടു നോക്കാന്‍ മടി സമ്മതിക്കുന്നില്ല).ബുദ്ധിയില്ലാത്തവന്‍ എന്നൊരാളില്ല. ഏല്ലാവര്‍ക്കും ഉണ്ടു ബുദ്ധി. അതു വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ മടി ഉള്ളവന്‍ വിഡ്ഢി

അപ്പോള്‍ മടിയുള്ളവന്‍ = വിഡ്ഢിഏറ്റവും വലിയ മടിയന്‍ എന്നു ഉമേഷ് ജി ‘തെറ്റിദ്ധരിച്ച‘ ആള്‍ ... അയാള്‍ ബുദ്ധിമാനാണല്ലോ... ഒരു സ്പെഷല്‍ നമസ്കാരം അങ്ങോര്‍ക്ക് :-)


ലിങ്കുകള്‍ നോക്കാനുള്ള മടികാരണം ചിലബ്ലോഗുകളിലേക്കുള്ള പോക്കുപോലും നിര്‍ത്തി...

കണ്ണനുണ്ണി said...

ശ്ശൊ നേരത്തെ മത്സരത്തെ കുറിച്ച് അറിഞ്ഞിരുന്നെ പേര് കൊടുക്കാമായിരുന്നു..
ഞാന്‍ മടി കാരണം ഈ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തിട്ട് ദിവസങ്ങളായി