Wednesday, June 09, 2010

ആരണ്യകം അഥവാ കാട്ടിലെ മുത്തശ്ശി

കിളിപ്പാട്ടുകളിലുണര്‍വ്വ്
അമ്പലക്കുളത്തില്‍ക്കുളി
കഞ്ഞുണ്ണിയും വെള്ളിലയും തലോടാന്‍
മുക്കുറ്റിച്ചാന്ത്
പൂവാംകുരുന്നിലക്കണ്മഷി

ഹരിതകം
ഓരോ ശ്വാസത്തിലും
മുത്തശ്ശി ശ്വസിച്ചു
ജീവന്റെ പച്ച.


കുക്കറിന്റെ വിസിലില്‍ ഇപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു
എണ്ണ തേച്ചില്ലെങ്കിലും വഴുക്കുന്ന
കുളിമുറിട്ടൈല്‍‌സില്‍
സര്‍ക്കസ്സാണു കുളി
വീഴാതെ പിടിച്ചുനടക്കാന്‍
ചുമരുകള്‍ നാലുണ്ട്...
നാലും അടുത്തടുത്ത്
പേടി വേണ്ട.

“മാധവാ വൈശാഖക്കഞ്ഞിക്ക്
ചക്കേം തേങ്ങേം കൊണ്ടുക്കൊടുക്കണേ”

“ഈ മുത്തശ്ശിക്കൊന്നു മിണ്ടാതെ നാമം ജപിച്ചിരുന്നൂടെ...
മനുഷ്യനിവിടെ ഒന്ന് ഓര്‍ക്കൂട്ടാന്‍ പോലും നേരല്ല്യാണ്ടിരിക്കുമ്പൊഴാ... ഒരു...”

മിണ്ടാതെ നാമം ജപിക്കാമായിരുന്നു.. പണ്ടും

“ഈ അമ്മക്കെപ്പോഴും ഒരു നാമജപം...
ഒന്നിങ്ങട്ടു വരുന്നുണ്ടോ.. വിശന്നിട്ടുവയ്യ”

ചട്ടുകം പിടിച്ചു ദേവീമാഹാത്മ്യം
ചൊല്ലിത്തീര്‍ത്തതിന്‍ പുണ്യം
നന്നായി ഉപദേശിക്കുന്ന
പേരക്കുട്ടികളെ കിട്ടിയല്ലൊ
അമ്മേ നാരാ‍യണ!

7 comments:

ഉപാസന || Upasana said...

ആ അടുത്തടുത്ത് നാലുചുമരുകളുള്ള കുളിമുറിയെപ്പറ്റി പറയുന്ന ഭാഗം ഇഷ്ടമായി.
പിന്നെ എന്തരോ എന്തോ അങ്ങട് ഏശിയില്ല, എന്റെ തലയിലേക്കെന്നു.
:-)

Unknown said...

“മാധവാ വൈശാഖക്കഞ്ഞിക്ക്
ചക്കേം തേങ്ങേം കൊണ്ടുക്കൊടുക്കണേ
മുത്തശ്ശീ ഞാനും ഓർക്കുന്നു.

Kalavallabhan said...

"ഈ മുത്തശ്ശിക്കൊന്നു മിണ്ടാതെ നാമം ജപിച്ചിരുന്നൂടെ"

Thabarak Rahman Saahini said...

ഗൃഹതുരത്വമുണര്‍ത്തുന്ന വരികള്‍.
കവിത നന്നായി, ആശയവും.
വീണ്ടുമെഴുതുക.
ഭാവുകങ്ങള്‍.
സ്നേഹപൂര്‍വ്വം
താബു.

സു | Su said...

അതെ. ഓർക്കൂട്ടുന്ന, ഉപദേശിക്കുന്ന പേരക്കുട്ടികളെ കിട്ടിയല്ലോ. ;)

കാലം മാറുന്നു, അമ്മമാരേ, മുത്തശ്ശിമാരേ...

Devadas said...

ജ്യോതീ, രസികന്‍ കവിത. ഭാവുകങ്ങള്‍!

Anonymous said...

SLOkaththil kOrththukUTE?