Saturday, August 14, 2010

ഉണര്‍ന്നപ്പോള്‍...

വിത്തിനുള്ളിലുണര്‍ന്നപ്പോള്‍
രണ്ടല്ലോ വഴികണ്ടത്
അമ്മതന്നുള്ളിലേക്കാകും
അമ്മിഞ്ഞ വഴിയെത്തുക

ആകാശത്തുള്ളൊരാള്‍ മാടി
വിളിപ്പൂ വഴികാട്ടിയായ്
അച്ഛനാണേ കണ്ടിടാനായ്
തലയൊട്ടു നിവര്‍ത്തിടാം

വീഴാതിരിക്കുവാനമ്മ
ചേര്‍ത്തു വീണ്ടും പിടിച്ചതും
അമ്മതന്നുള്ളു കാണാനാ-
യാവഴിക്കായിഴഞ്ഞതും

ചെടിയായ് മരമായ് ഞാനി
ന്നഹങ്കാരമുണര്‍ത്തിടാ
പുഷ്പം ഫലം വിത്തുവീണ്ടും
കാലചക്രനിയാമകം

തലതാഴ്ത്തി നമിക്കട്ടേ
ധരയാമമ്മയെസ്സദാ
വെളിച്ചമാം കരം നീട്ടി
കൂടെക്കൂട്ടിയ താതനെ.

ഭൂമിയെ സൂര്യനെ വിട്ടു
വിത്തെന്തു മരമായിടും
തുടക്കം വിട്ടൊടുക്കം വി-
ട്ടഹം- കാരമലിഞ്ഞുപോയ്!


4 comments:

Umesh::ഉമേഷ് said...

നന്നായിട്ടുണ്ടു്. ജി. ശങ്കരക്കുറുപ്പിന്റേതാണെന്നു തോന്നുന്നു, ഇതുപോലെ ഒരു കവിത പണ്ടു സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു.

വിത്തിന്നകത്തൊളിച്ചീ ഞാൻ
വിരിമാറത്തുറങ്ങവേ
എല്ലാർക്കുമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാദ്യമായ്

എന്നു തുടങ്ങുന്നതു്.

ജ്യോതിര്‍മയി /ज्योतिर्मयी said...

നന്ദി ഉമേഷ് ജി.

ഈ കവിതാശകലം ഓര്‍മ്മിപ്പിച്ചതിനും നന്ദി. ഇളം ചുണ്ടുകളില്‍ ഉണ്ടായിരുന്നു ഇത് എന്നാണോര്‍മ്മ.

ananthanarayanan vaidyanathan said...

there is a poem in english...
The Little Plant

In the heart of a seed,
Buried deep so deep,
A tiny plant
Lay fast asleep.
"Wake," said the sunshine,
"And creep to the light."
"Wake," said the voice
Of the raindrops bright.
The little plant heard
And it rose to see,
What the wonderful,
Outside world might be.

ഈ കവിത മനസ്സില്‍ പൊന്തിവന്നു, ജ്യോതിയുടെ ഹൃദ്യമായ വാക്കുകള്‍ കണ്ടപ്പോള്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

വായനക്കും പ്രോത്സാഹനത്തിനും നന്ദി, സര്‍.