Monday, October 09, 2006

ഇതൊരു സമസ്യയാണെങ്കില്‍...പൂരണം...

"പാനേന നൂനം സ്തുതിമാവഹന്തി!" (പാനം കൊണ്ട്‌ സ്തുത്യര്‍ഹരാവുന്നുവല്ലോ) ഇതൊരു സമസ്യയാണെങ്കില്‍...
പൂരണം...

പിബന്തിപാദൈരിതികാരണേന
പാനം തു നിന്ദ്യം ഖലു പാദപാനാം
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!

പിബന്തി പാദൈരിതി കാരണേന= കാലുകള്‍ കൊണ്ടു കുടിയ്ക്കുന്നു എന്ന കാരണത്താല്‍
പാദപാനാം പാനം നിന്ദ്യം = വൃക്ഷങ്ങളുടെ (വെള്ളം)കുടിയ്ക്കല്‍ മോശമായരീതിയില്‍ തന്നെ.
സദാ ആതപസ്ഥാഃ പാദാശ്രിതാന്‍ പാന്തി= എപ്പോഴും വെയില്‍ മുഴുവന്‍ സ്വയം ഏറ്റുവാങ്ങി തന്നെ ആശ്രയിച്ചവരെ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നും രക്ഷിയ്ക്കുന്നു.
ഈ പാനം(രക്ഷിയ്ക്കല്‍) സ്തുത്യര്‍ഹം തന്നെ.

5 comments:

indiaheritage said...

നല്ല ശ്ലോകം
ഇനിയും പ്രതീക്ഷിക്കുന്നു

ജ്യോതിര്‍മയി said...

പണിക്കര്‍ജീ,

നന്ദി.

[ഓഫ്‌ ടോപിക്‌-

"അക്ഷരശാസ്ത്ര"ത്തില്‍ ഇടയ്ക്കുവന്നിട്ടുണ്ട്‌. ചിലതിനൊക്കെ പ്രതികരണം എഴുതണം എന്നു തോന്നിയിരുന്നതുമാണ്‌. പക്ഷേ ഇതുവരെ അതിനു തരപ്പെട്ടില്ല. ചില വിഷയങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയുണ്ട്‌. പക്ഷേ താങ്കളുടെ അതാതുപോസ്റ്റ്‌ തപ്പിയെടുക്കാന്‍ സമയം വേണമെന്നുള്ളതുകൊണ്ട്‌ ഇതുവരെ പ്രതികരിച്ചില്ല.

ഒരു വിഷയം ഞാനിവിടെ സൂചിപ്പിച്ചാല്‍ അങ്ങു തെറ്റിദ്ധരിയ്ക്കില്ലെന്നു കരുതുന്നു-

ഏതോ ഒരു പോസ്റ്റിലോ കമന്റിലോ "പാണിനി സംസ്കൃതവ്യാകരണം രചിച്ചതുമുതല്‍" എന്നെഴുതിയിരുന്നില്ലേ? (ഓര്‍മ്മയില്‍ നിന്നും ഞാന്‍ ഉദ്ധരിച്ചതാണേ)

സംസ്കൃതഭാഷയും വ്യാകരണവും പാണിനിയ്ക്കും എത്രയോ മുന്‍പും ഉണ്ടല്ലോ. ശാകടായനവ്യാകരണം, ആപിശലിവ്യാകരണം, സാരസ്വതവ്യാകരണം എന്നിവ ഉദാഹരണം.
കുറച്ചുകൂടികാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പോസ്റ്റിടാമോ എന്നു ഞാന്‍ നോക്കട്ടെ. എപ്പോഴാണാവോ തരാവുക:-( ]

ഒരിക്കല്‍ കൂടി നന്ദി,പ്രോത്സാഹനവാക്കുകള്‍ക്ക്‌.

indiaheritage said...

രാജാക്കന്മാരുടെ നായാട്ട്‌


തുടര്‍ച്ച---


പണ്ടൊക്കെ രാജാക്കന്മാര്‍ കാട്ടില്‍ നായാട്ടിനു പോകുമായിരുന്നു.

ഹ അറിയാം ആശാനെ, മൃഗയാവിനോദം. അല്ലേ ഈ മാനിനേയും മുയലിനേയും ഒക്കെ ഓടിച്ചിട്ട്‌ അമ്പെയ്തു കൊല്ലുന്നത്‌.

ശിവ ശിവ മാഷെന്തൊക്കെ അസംബന്ധമാണീ പറയുന്നത്‌?
ഞാന്‍ മുന്‍പു പറഞ്ഞില്ലേ ഋഷിമുതല്‍ മുകളിലേക്കുള്ളവര്‍ വനവാസപ്രിയരാണെന്ന്. അവര്‍ തങ്ങളുടെ ജീവന്‌ വിലവയ്ക്കുന്നില്ല അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പിതൃതര്‍പ്പണം ചെയ്യുന്നവരാണെന്നും മറ്റും. അപ്പോള്‍ അങ്ങിനെ വിദ്യാഭ്യാസവും, വിവരവും ഉള്ള ആളുകള്‍ കാട്ടില്‍ ജീവിക്ക്‌ഉമ്പോള്‍ ഹിംസ്രജന്തുക്കള്‍ അവരെ കൊന്നുതിന്നും. അവരാകട്ടെ രക്ഷപെടാന്‍ ശ്രമിക്കുകയുമില്ല എന്നു പാണിനിയുടെ കഥയില്‍ നിന്നറിയാമല്ലൊ അല്ലെ?

അതെന്താണാശാനേ ഈ പാണിനിയുടെ കഥ ഞാന്‍ കേട്ടിട്ടില്ലല്ലൊ.


സംസ്കൃതവ്യാകരണകര്‍ത്താവായ പാണിനി ഇങ്ങിനെ കാട്ടില്‍ വച്ചു തന്റെ ശിഷ്യന്മാരേ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കടുവ അവിടെയെത്തി. ശിഷ്യന്മാര്‍ വ്യാഘ്രഃ വ്യാഘ്രഃ എന്നു വിളിച്ചുപറഞ്ഞു കൊണ്ട്‌ ഓടി. എന്നാല്‍ പാണിനിയാകട്ടെ
'വ്യാഘ്ര' ശബ്ദം എങ്ങിനെ ഉല്‍ഭവിച്ചു എന്നു വിശദീകരിക്കാന്‍ തുടങ്ങി. കടുവയുടെ വായില്‍ കിടന്ന് അവസാനശ്വാസം വരെയും പറഞ്ഞുകൊണ്ടിരുന്നു എന്നാണ്‌ ഐതിഹ്യം

ഇപ്രകാരം അറിവുള്ള പണ്ഡിതന്മാര്‍ നാമാവശേഷമാകാതിരിക്കുവാന്‍ വേണ്ടി അവര്‍ താമസിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നും ഹിംസ്രമൃഗ്‌അങ്ങളെ ദൂരേക്ക്‌ ആട്ടിപ്പായിക്കാനാണ്‌ രജാക്കന്മാര്‍ വനത്തില്‍ വേട്ടാക്കു പോയിരുന്നത്‌. അല്ലാതെ മാഷ്‌ പറഞ്ഞതുപോലെ മുയലിനെയും മാനിനേയും കൊല്ലാനല്ല.

അങ്ങിനെ പോയ ഒരവസരത്തിലാണ്‌ വിശ്വാമിത്രമഹാരാജാവ്‌ വസിഷ്ഠമഹര്‍ഷി താമസിച്ചിരുന്ന ഇടത്തിലെത്തിയത്‌. --

തുടരും

These were my words on 9th of Sept 2006 on the topic dealing with hunting of kings
Regards
Panicker

Rajesh R Varma said...

ജ്യോതി, ഇത്‌ ജ്യോതിയുടെ തന്നെ സമസ്യയാണോ? അതോ വേറെവിടെയെങ്കിലും കേട്ടതോ?

ജ്യോതിര്‍മയി said...

പണിക്കര്‍ജീ,

അതെ, ഇതു തന്നെയാണ്‌ ഞാന്‍ വായിച്ചത്‌.

സംസ്കൃതവ്യാകരണകര്‍ത്താവാണോ പാണിനി? നിലവിലുള്ള സംസ്കൃതഭാഷയുടെ, അതുവരെ ഉണ്ടായിരുന്നതില്‍വെച്ച്‌ ഏറ്റവും സമഗ്രമായ നിയമാവലി- അഥവാ ഭാഷാവിശകലനം പാണിനി രേഖപ്പെടുത്തി എന്നതല്ലേ ശരി? പിന്നീടും കാലം കൊണ്ട്‌ ഭാഷയില്‍ വന്നമാറ്റങ്ങളും അഥവാ പാണിനി രേഖപ്പെടുത്താന്‍ വിട്ടുപോയവയും കൂട്ടിച്ചേര്‍ക്കാന്‍ കാത്യായനന്‍ വാര്‍ത്തികത്തിലൂടെ സഹായിച്ചു...
അങ്ങനെയല്ലേ എന്നൊരു ശങ്ക.

നന്ദി.


രാജേഷ്‌,

അതേയതേ, ഞാന്‍ കുഴിച്ചൊരു കുഴിയായിരുന്നു.

എന്റെ കുട്ടിക്കാലത്ത്‌ എനിയ്ക്കേറ്റവും പേടിയുള്ള ഒരാളുണ്ടായിരുന്നു. കല്ലുരുട്ടി ബാലന്‍ എന്നു പേര്‌. മഹാ കള്ളുകുടിയന്‍. സന്ധ്യമയങ്ങിയാല്‍ വായില്‍ത്തോന്നിയ രാഷ്ട്രീയം വിളമ്പിക്കൊണ്ട്‌ റോട്ടിലൂടെ 'തിക്കല്ലെ മതിലേ' എന്ന ഭാവത്തില്‍ നടക്കുന്ന ഒരാള്‍.

'പാനം' കൊണ്ടു 'കേമനാ'യ ഒരാള്‍. അങ്ങനെയങ്ങനെ

"പാനേന നൂനം സ്തുതിമാവഹന്തി"യിലെത്തിനിന്നു.

പിന്നീട്‌ ബാക്കി പൂരിപ്പിച്ചുകഴിഞ്ഞപ്പോള്‍ എനിയ്ക്കും ഇതു കൊള്ളാമല്ലോ എന്നു തോന്നി.

സ്വയം കൃതാനര്‍ഥം, അല്ലല്ല, സ്വയം കൃതാര്‍ഥത.